ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday, 7 August 2015

കാളി മുതൽ കമല വരെ .....

കുഞ്ഞന് കുളിക്കാൻ മടി !!
രണ്ട് ദിവസമായി കുളിക്കാൻ വിളിക്കുമ്പോ
ഇട്ടാവട്ടം മുറിയിൽ  വട്ടത്തിലോടി
അവനെന്നെ വട്ടം ചുറ്റിക്കുന്നു ....
ഒടുക്കം കഥയമ്മ മൂധേവീടെം മഹാലക്ഷ്മീടേംകഥ തുടങ്ങി !!

കഥയിൽ രസിച്ചു കളിച്ചു കുഞ്ഞപ്പൻ കുളിച്ചു ...
എന്നിട്ട് പുറം തോർത്താൻ നേരം അന്തരീക്ഷത്തിൽ
നോക്കി കൈ കാട്ടി ...
പിന്നൊരു ഡയലോഗും ...
""മൂതേവീടോട് വൈറ്റെയ്യാൻ പറഞ്ഞതാമ്മാ ..
പൊറത്തു കേറാൻ നിക്കണൂ ..."

കുളി കഴിഞ്ഞു മേല് തുടയ്ക്കുമ്പോ
ആദ്യം തുടച്ചിടത്ത് മൂധേവിയും  രണ്ടാമത്തിടത്ത്
മഹാലക്ഷ്മിയും കയറിയിരിക്കും !!
(കഥയും വിശ്വാസവും അങ്ങനെയത്രേ ...)

പുറം തുടച്ചു കുഞ്ഞുണ്ണി തിരിഞ്ഞു നിന്നു
""മൂതേവീ ...കേറിയാട്ടെ ...""
ഇനി മുഖം ...
മുഖത്ത് കയറിയ മഹാലക്ഷ്മിച്ചിരിയിൽ
കുഞ്ഞൻ പാതി മയങ്ങുമ്പോൾ
ചേർന്ന് കിടന്നു കഥയമ്മ ചില മൂധേവിക്കഥകളോർത്തു !!!

ഒന്നാം കഥ -

പതിനേഴിന്റെ പതിരില്ലാ സ്വപ്നം കണ്ടുറങ്ങുമ്പോൾ
""എണീക്കെടീ മൂധേവീന്ന് "" പുറകിൽ  കിട്ടിയോരടി നോവിൽ
കണ്ണും തിരുമ്മിയുണർന്ന് , തൂത്തു തളിച്ച്
പഴങ്കഞ്ഞിപ്പാത്രവും കൊണ്ട്
കശുവണ്ടി തല്ലാനിറങ്ങിയ പെണ്കിടാവ്  ...!!
ഒരു നട്ടുച്ച തിരിഞ്ഞ് , അടിവയറു  പുകച്ചിലിലവധി തേടി
പറങ്കിമാവിൻ  തോട്ടത്തിലൂടെ വീട്ടിലേക്കു നടന്നവൾ ....
മൂന്നാം ദിനം , അറ്റുപോയ കീഴ്ച്ചുണ്ടിനു താഴെ
ചോരപ്പൊട്ടു മറുകിട്ട് , ചെമ്പരത്തിചോപ്പു മുഖവുമായി
തോട്ടത്തിന്റെ താഴെത്തട്ടിലവൾ കിടന്നു !!

ഉറക്കത്തിൽ , ദിവസങ്ങളോളം കണ്ണും തിരുമ്മിയുണർന്നു
ചിരിച്ച മൂധേവിപ്പെണ്ണ്‍ ....
പാതിരാവിലേതോ ദുസ്വപ്ന മിഴിയിൽ
""ചിന്നമസ്തയായി "" അലറിച്ചിരിച്ചു !!

ചിന്നമസ്ത - സ്വന്തം ശിരസ്സറുത്തു കൈയ്യിലേന്തിയ നഗ്ന ദേവീരൂപം !!!

രണ്ടാം കഥ-

വേനലൊഴിവിന്റെ മൂന്നാമാഴ്ച്ച
മൊട്ടച്ചി സിന്ധുവിന്റെ വീട് ..
ചാണകത്തറയിലിരുന്ന് എളേതുങ്ങൾക്ക്
ചുട്ടചക്കക്കുരു നീട്ടുന്ന വരണ്ടു കറുത്ത കൈകൾ ...
""ഇത് വഴി പോയപ്പോ വെറുതെ കേറീതാന്നു ""
നുണ പറഞ്ഞ ഹൃദയം ,ഒരലർച്ചയിൽ ഞെട്ടി !!
""പാത്രം തേച്ചില്ലേടീ മൂധേവീ ""
ചിരി മങ്ങിയ അവളുടെ മുഖത്ത് നോക്കാതെ '
പിന്നെ വരാമെന്ന് ഹൃദയം....

അടുത്തിടെയൊരു നാൾ സിന്ധുവിനെക്കണ്ടു !!
ഓടി വന്നു കൈപിടിക്കുമ്പോൾ ഞരമ്പെഴുന്ന
കയ്യിലെ തണുപ്പ് ഹൃദയത്തെ മരവിപ്പിച്ചു ....
എന്തെങ്കിലും ചോദിക്കാനായും മുൻപ്
കുഞ്ഞന്റെ താടിയിലുമ്മ വച്ച് അവൾ പറഞ്ഞു ...
""അമ്മയ്ക്ക് ക്യാൻസറാടീ ...ഞാനേയുള്ളൂ നോക്കാൻ
അനിയനും അനിയത്തീം കല്യാണം കഴിച്ചു വേറെയാ ..""
വിവാഹിതയോ അമ്മയോ അല്ലെന്ന
നിരാശയോ സങ്കടമോ ഒന്നും മുഖത്ത് ഹൃദയം കണ്ടില്ല
പക്ഷേ , വിരൽത്തുമ്പിലെ തണുപ്പ് പലതും പറയാതെ പറഞ്ഞു !!

ഇന്നും ചില രാത്രികളിൽ ,
ഹൃദയമിടിപ്പ്കൂടുന്ന ദുസ്വപ്നങ്ങളിൽ
സിന്ധുവൊരു ""താര ""യായി പൊട്ടിച്ചിരിക്കാറുണ്ട്‌ !!

താര - സ്വന്തം ശൂന്യതയിൽ നിലനിന്നു
 മറ്റുള്ളവർക്ക്സംരക്ഷയേകുന്ന ദേവീ ഭാവം !!!

മൂന്നാം കഥ -

ചട്ടിയും കലവും ഉടഞ്ഞതിനൊപ്പം കെട്ടൊരു  നിലവിളിയിൽ
ഹൃദയം ആകാംക്ഷക്കണ്ണ് നീട്ടുമ്പോൾ കണ്ടത് ...
ചിതറിയ വെളുത്ത വറ്റുകൾക്കരികിൽ കൂടിയ കരിങ്കാക്കകളെ !!
നിലവിളിയുടെ ഉറവിടം രാധേച്ചിയായിരുന്നു ...
വെളുത്ത വയറിൽ കറുത്ത മറുകുള്ള രാധേച്ചി !!
കറുത്ത മറുക് കാട്ടി ആണുങ്ങളെ മദിപ്പിയ്ക്കുന്നുവെന്നത്
നിലവിളിക്ക്പിന്നാമ്പുറവും , പിന്നാമ്പുറത്തിനു കിട്ടിയ ചവിട്ട്
നിലവിളിക്കു പ്രചോദനവുമാകുന്നു ....
പിന്നെ ,
"എറങ്ങിപ്പോടീ മൂധേവീന്ന്" സുകുച്ചേട്ടന്റെ പഞ്ചു ഡയലോഗും !!
രണ്ടാഴ്ച കഴിഞ്ഞ് , കൃത്യമായിപ്പറഞ്ഞാൽ
പ്രണയിച്ചു കെട്ടി മൂന്ന് വർഷം തികയാൻ
മൂന്നു  ദിവസം ബാക്കിയുള്ളപ്പോൾ
ഒരു വയസ്സുകാരി കല്ലുവിനെ പാൽകുടിപ്പിച്ചുറക്കി
രാധേച്ചി കിണറ്റു വെള്ളം കുടിച്ചുണരാതുറങ്ങി !!
പായൽപ്പച്ച പുരണ്ട ചീർത്ത വയറിലപ്പോഴും
കറുത്ത മറുക് മിനുത്തു തിളങ്ങി ...

രണ്ടാം ദിവസം രാത്രി ,മൂന്നാം യാമത്തിനൊടുവിലാവണം
സ്വപ്നം മുറിച്ച ഉറക്കത്തിൽ രാധേച്ചി വന്നു ചിരിച്ചത് ....
അന്നേരമവർക്ക് ""മാതംഗീ ""രൂപമായിരുന്നു  ....

മാതംഗി - മരതകപ്പച്ച നിറമുള്ളവൾ ...ഉച്ഛിഷ്ട ചണ്ഡാലിനിയെന്നു
വിളിപ്പേരുള്ളവൾ !!

നാലാം കഥ -
പതിനാറു തികഞ്ഞ രണ്ടാംമാസം ...
കല്യാണ രാത്രി , അടുക്കളപ്പാത്രങ്ങളോട് മല്ലിട്ട്
നവ വധുവിരുന്നു മുഷിഞ്ഞു ...
നാളെപ്പോരെയെന്നക്ഷമ കാട്ടിയ വരനോട്
അമ്മ മറുപടി ...."തേയ്ക്കട്ടെ ...മൂധേവി ""
പറഞ്ഞു വച്ച പൊന്നിൽ രണ്ടു പവൻ  കുറഞ്ഞ കുറ്റത്തിന്
രണ്ടു മണിക്കൂർ പാത്രം തേച്ച പെണ്കുട്ടി ..
യൂണിവേഴ്സിടി ലൈബ്രറി വരാന്തയിലിരുന്ന്
"ഒഴിഞ്ഞ'' കഴുത്തുമായി കഥ പറയുമ്പോൾ
ഷീനയുടെ കണ്ണിലെയാശ്വാസം ഹൃദയത്തിനു നെടുവീർപ്പായി !!

അന്ന് രാത്രി ,സ്വപ്നം മണത്ത യാമങ്ങളിലെപ്പോഴോ
ഉൾക്കണ്ണിലവൾ നിറഞ്ഞു ചിരിച്ചു ...
അവൾക്കു "ത്രിപുര സുന്ദരീ രൂപം ""

ത്രിപുര സുന്ദരി - പതിനാറിന്റെ സൗന്ദര്യവും
 സോദാസിയെന്നു വിളിപ്പേരുമുള്ളവൾ !

അഞ്ചാം കഥ -
കോടതി വരാന്തയ്ക്ക് പുറത്തൊരാൾക്കൂട്ടം ....
""സെബാസ്റ്റ്യനെ കാണാനാ "" ..സഹവക്കീൽ പറഞ്ഞു ...
പേര് കേട്ടതും ഹൃദയം നടുങ്ങി ...
എട്ടാമത്തെ പെണ്കുഞ്ഞിനെ ഉയർത്തിയെറിഞ്ഞ കംസരൂപം ...
എട്ടിന് പകരം ഏഴെന്ന വ്യത്യാസം മാത്രം !!
പ്രജ്ഞയിൽ ഏഴു കുഞ്ഞുങ്ങളൊരുമിച്ചു നിലവിളിച്ചു ....
മാറ്റൊലി പോലെ , വരാന്തയുടെയങ്ങേയറ്റത്ത് മറ്റൊരലർച്ച ...
മുടിയുലച്ചോടിയടുക്കുന്നോരമ്മ ...
കടപ്പുറത്തുറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയുടെയമ്മ !!

രാത്രി മുഴുവൻ ദുസ്വപ്ന ഘോഷയാത്രയിൽ
ഹൃദയമുറക്കെ നിലവിളിച്ചു ...
അതിൽ , ഉറക്കെച്ചിരിച്ചതൊരു സ്ത്രീ രൂപം ...
അമ്മയ്ക്ക് കാളീ രൂപം ...

കാളി - സർവ്വ സംഹാരിണി !!!

ആറാം കഥ -

ഇടയ്ക്കിടെ ലീവെടുത്തു മടുത്ത മകനും കുടുംബവും
ഒടുവിലൊരു  ലോംഗ് ലീവെടുത്തു ...
അമ്മയെയും കൊണ്ടൊരു വിനോദയാത്ര ...!
യാത്രയ്ക്കൊടുവിൽ ""ആശ്രയയുടെ ""വാതിൽക്കൽ അമ്മ നിന്നു ...
""അച്ഛനില്ലാതെ ഒറ്റയ്ക്കെങ്ങനെ നിൽക്കുമമ്മ "യെന്ന് മകൻ ...
"മൂധേവിത്തള്ള കാരണം എത്രയാ ടിക്കറ്റിനു കൊടുക്കണേ""ന്നു
മരുമകൾ ഫോണിൽ ....!
തിരികെ കാറോടിക്കുമ്പോൾ റിയർവ്യൂ മിററിൽ മകൻ
കണ്ടതൊരു "കമലാ രൂപം "
പതിവ് ദുസ്വപ്നത്തിൽ ഹൃദയം കണ്ടത്
മരുമകളുടെ ""ബഗളാ മുഖീ "വേഷം ...

കമല - അനുഗ്രഹ വർഷിണി
ബഗളാമുഖി - കൊക്കിന്റെ കഴുത്തുള്ള , തിന്മയുടെ പ്രതിരൂപമായ ദേവി !!!

ഏഴാം കഥ - ഒടുക്കത്തെ കഥ

അപ്രതീക്ഷിതമായി കിട്ടിയ വയറു വേദനയ്ക്കൊടുവിൽ
സ്മിതയുടെ കണ്ണിലിരുട്ടു കയറി !!
അകമ്പടിയായി തറയിലെ ചോരപ്പാട് ...
അവളുടെ ഫോണൊച്ചയിൽ ഹൃദയം പരിഭ്രമിച്ചു ..
പിന്നെ എടുപിടീന്നു വണ്ടി വിളിച്ചോടി ...
ആശുപത്രീന്നിറങ്ങുമ്പോൾ ബെഡ്റെസ്റ്റിന്റെ ദൈന്യതയിൽ
അവളുടെ കണ്ണ് നിറഞ്ഞു ....
രാത്രിയേറെ വൈകി വന്ന ഫോണിന്റെയങ്ങേത്തലയ്ക്കൽ
അവളാർത്തു കരഞ്ഞു ...
ഭർത്താവിന്റെയമ്മൂമ്മ വക ഡയലോഗ് ..
""അവടെ ചേട്ടനും ചേച്ചിക്കും പെമ്പിള്ളാരാ ..
ഇത് പെണ്ണാണെങ്കി കലങ്ങിപ്പോണേന്നു
 ഞാൻ നേർന്നാരുന്നു...മൂധേവി  "
ഫോണ്കട്ടു ചെയ്തു തലവേദനച്ചുറ്റിലുഴറുമ്പോൾ
ഹൃദയം കണ്ടതൊരു ""ധൂമാവതീ രൂപം ""

ധൂമാവതി - മരണ ദേവത ..ചൂലേന്തിയ വൃദ്ധാ രൂപം .

ഉറക്കത്തിലൊന്നു ചുമച്ചു കുഞ്ഞൻ തിരിഞ്ഞു കിടന്നു ...
കാളി മുതൽ കമല വരെയെണ്ണം പറഞ്ഞ ഹൃദയം
""ജ്യേഷ്ഠ ""യെന്ന മൂധേവിയെ സ്നേഹിയ്ക്കുന്നുവത്രേ ...!!
ഒരിക്കൽ എല്ലാവരാലുമാരാധിക്കപ്പെട്ട്
മറ്റൊരിക്കൽ ഏവരാലുമധിക്ഷേപിക്കപ്പെട്ട ദേവി ....!
അന്തിത്തിരിവയ്ക്കുമ്പോൾ തീപ്പട്ടിക്കൊള്ളിവെട്ടത്തിൽ
കബളിപ്പിയ്ക്കപ്പെട്ടു പുറത്തു നില്ക്കാൻ വിധിക്കപ്പെട്ടവൾ ..
ചിങ്ങത്തലേന്ന് മുറത്തിലാവാഹിക്കപ്പെട്ടു
പറമ്പിന്റെ മൂലയിലെറിയപ്പെടുന്നവൾ ....
ചേട്ടയെന്നും പൊട്ടിയെന്നും വിളിപ്പേര് ...

ഇന്നലെ സന്ധ്യയ്ക്കു കുളിച്ചു തുവർത്തുമ്പോൾ
പതിവിനു വിപരീതമായി ആദ്യം
മുഖമമർത്തിത്തുടച്ചു ....
പിന്നെ , ഹൃദയം ഉറക്കെച്ചിരിച്ചു പറഞ്ഞു ...

""കാണാമറയത്തെ ജ്യേഷ്ഠാ ഭഗവതീ ...

സ്വാഗതമീ "ശ്രീ "മുഖത്തേയ്ക്ക് ....!!

Sunday, 2 August 2015

സൗഹൃദത്തിന്റെ ആണ്‍ രുചികൾ

മുഖ പുസ്തകം തുറന്നപ്പോൾ കണ്ട സന്ദേശങ്ങളാണ് പറഞ്ഞത് ....
ഇന്ന് സൗഹൃദ ദിനമത്രേ ....!!
അച്ഛനും അമ്മയ്ക്കും വരെ ദിനങ്ങൾ പതിച്ചു കൊടുത്തിരിക്കുന്ന
കാലമാണ് ...
അപ്പൊപ്പിന്നെ ചങ്കു പറിച്ചു തരുന്ന സുഹൃത്തുക്കൾക്കും വേണ്ടേ ഒരു ദിനം ....
ഇത്തരം ദിനങ്ങളെ ധാർമ്മികക്കണ്ണോടെ നോക്കുന്ന
ഹൃദയം സ്വയം ആശ്വസിച്ചു ...
ചായക്കടച്ചായ (വീട്ടുചായ കടുപ്പം കൂട്ടിയിട്ടത് )
ഊതിയാറ്റിക്കുടിക്കുന്നതിനിടയിൽ
സൗഹൃദക്കണക്കെടുക്കാൻ പോയ ഹൃദയം മടങ്ങി വന്നത്
ചായച്ചൂടിൽ പൊള്ളിയ നാവിനു ചില പഴയ രുചികളുമായാണ് !!!
ജീവിതത്തിലെന്നുമോർക്കാനുതകുന്ന ചില കൂട്ടു രുചികൾ ...
ആണ്‍ ചങ്ങാത്തങ്ങൾ ....
( പണ്ടെഴുതിയ സൗഹൃദത്തിന്റെ പെണ്‍ ഗന്ധം റീ പോസ്റ്റിയാൽ
മതിയായിരുന്നു ....പക്ഷ ഭേദമാവില്ലേ ...)
രണ്ടാം ക്ലാസ്സോർമ്മയിൽ , പടനിലം l p s ലെ പുളിമരം പടർന്നു പന്തലിച്ചു .....
ചില്ല നിറഞ്ഞു തൂങ്ങുന്ന വാളൻ പുളിക്കൂടുകൾ ...
താഴെക്കിടന്നു കിട്ടുന്ന പുളിരുചികൾ
നേരത്തെയെത്തുന്ന ചേച്ചിമാർ ബാക്കി വച്ചതു മാത്രം !!
ഒരിക്കൽ വായും പൊളിച്ചു മരച്ചില്ലയിൽ നോക്കി നിൽക്കുമ്പോൾ
പുറകിൽ നിന്ന് വന്നൊരു കല്ലേറു കൊണ്ട്
നാലഞ്ചെണ്ണം പടപടേന്ന് താഴെ ....
ബബ്ബാബ്ബാ ന്നു പൊട്ടിച്ചിരിച്ച് സന്തോഷ്‌ !
എടുത്തോന്ന് കൈ മുദ്ര കാട്ടി അവൻ നടന്നു പോയി ...
എപ്പോഴും ഓണത്തിന് വരുന്ന പിറന്നാളിനെ പഴിച്ച ഹൃദയം
അക്കുറി സന്തോഷിച്ചു ...
ചതയത്തിന്റന്നു രാവിലെ തുറക്കാത്ത റേഷൻ കടയ്ക്കു മുന്നിൽ
പ്രതീക്ഷയോടെ നിന്ന സന്തോഷിനോട്
കടയവധിയെന്നു കൈയ്യാംഗ്യം കാട്ടുമ്പോൾ
വാടിയ ചിരിയോടെ അവൻ നടന്നകന്നു
ഉച്ചയ്ക്ക് അമ്മയോട് പറഞ്ഞു ചോറും കറികളും പായസവും
പാത്രത്തിലാക്കി ,
എരുമക്കാവിന്റടുത്തുള്ള അവന്റെ വീട്ടിൽ ചെല്ലുമ്പോൾ
കപ്പയും കാന്താരി മുളകുമായി മല്ലിടുന്ന സന്തോഷ്‌ !
പിറന്നാളിന്റെ കൈമുദ്രയറിയാതെ
പാത്രം അവന്റെയമ്മയ്ക്കു കൈമാറുമ്പോൾ
"സന്തോഷക്കണ്ണുകൾ " പറഞ്ഞ ആശംസ ഇന്നും നെഞ്ചിലുണ്ട് !!!
പുളിയേറും പുളിങ്കുരു വറുക്കലുമായി പങ്കുവച്ച സൗഹൃദം ....
നാലാം ക്ലാസ്സിൽ പഠിത്തം നിർത്തിപ്പോയ
വാളൻ പുളിയോർമ്മ !!
ഓട്ടോഗ്രാഫിലെ ചേരൻ സ്റ്റൈലിൽ പഴയ കൂട്ടുകാരെയെല്ലാം
കല്യാണം ക്ഷണിക്കാൻ ഹൃദയം കരുതിയിരുന്നു ....
കല്യാണക്കത്തു വാങ്ങി മടങ്ങും വഴി പ്രെസ്സിനരികിലെ കടയിൽ
അരിച്ചാക്കു ചുമന്നിറക്കിയ പുഞ്ചിരി മുഖം !!
വിയർത്ത നെറ്റി തുടച്ച്‌ അടുത്ത് വരാതെ അവൻ മാറി നിന്നു !
ചെന്നു കയ്യിൽ പിടിക്കുമ്പോൾ കൈ വിടുവിച്ചു
പകച്ചു ചുറ്റും നോക്കി ....
അറിയാത്ത കൈ മുദ്രയിൽ ആദ്യത്തെ കത്ത് നിനക്കാണെന്നു
പറയുമ്പോൾ
പണ്ട് കണ്ട അതെ സന്തോഷക്കണ്ണുകൾ !!
നാവിൽ തുടിച്ച വാളൻപുളി രുചിയിൽ കവിൾത്തടം ചുളിഞ്ഞു !!!
അഞ്ചാം ക്ലാസ്സോർമ്മയിൽ വേനലവധിയിലെ സൈക്കിൾ ചക്രമുരുണ്ടു !!
കട്ടെടുത്ത രണ്ടു രൂപയിൽ സൈക്കിൾ പഠിത്തം ..
പഠിപ്പിച്ച കൂട്ടുകാരൻ മനോജ്‌ ....
അവനു പല്ലിമുട്ടായി രുചി !!
ഉരുണ്ടു വീണു മുട്ടു മുറിഞ്ഞപ്പോഴൊക്കെയും
നിക്കറിന്റെ പോക്കറ്റിൽ പരതി
അവൻ നീട്ടിയ പല്ലിമുട്ടായി ....
പ്രൈസ് മുട്ടായി വാങ്ങുമ്പോഴെല്ലം ഭാഗ്യദേവത കടാക്ഷിച്ചത്
അവനെ മാത്രം !
ഉള്ളിലൊളിഞ്ഞിരുന്ന 10 പൈസ 20 പൈസ തുട്ടുകൾ
നാവിൻ തുമ്പിൽ വച്ച് അവൻ കൊതിപ്പിച്ചു ...
ഒടുക്കം , ഹൃദയമൊരു പിണക്കക്കാരിക്കുട്ടിയായപ്പോൾ
നാവിൽ പൈസ രുചി വരുമ്പോഴേ
"ഇതിനു നല്ല രുചി നീയെടുത്തോ"ന്നു നീട്ടപ്പെട്ട മുട്ടായിബാക്കി !
യാതോരുളുപ്പുമില്ലാതെ അത് വാങ്ങി നുണയുമ്പോൾ
പകരാനിടയുള്ള മഹാ രോഗത്തെക്കുറിച്ചോ
കീടാണു വെന്ന കൊലകൊമ്പൻ രാക്ഷസനെക്കുറിച്ചോ
ഹൃദയമോർത്തില്ല ,
പകരം , കിട്ടിയ പത്തു പൈസയ്ക്ക് വീണ്ടും മുട്ടായി
വാങ്ങി നുണഞ്ഞു ...!!
ആറാം ക്ലാസ്സിൽ സ്കൂളു മാറിപ്പോയി പല്ലി മുട്ടായി മധുരം !!!
എട്ടിലും ഒമ്പതിലും ഹൃദയത്തിനു മേൽ
ചാര പ്രവൃത്തിക്കുറ്റമാരോപിക്കപ്പെട്ടു !!
കാരണം ഒപ്പം പഠിച്ചത് അമ്മയുടെ ശിഷ്യന്മാർ !
ഒരു വ്യവസ്ഥയില്ലാ സൌഹൃദത്തിനാരും മുതിർന്നില്ല !!!
പത്തിൽ ,
ന്യൂട്ടന് ആപ്പിൾ മരത്തിന്റെ കീഴിൽ പോയിരിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ
അങ്ങേരു തെങ്ങിൻ ചോട്ടിലെങ്ങാനും ഇരുന്നിരുന്നിരുന്നെങ്കിൽൽ ൽ ......
ഈക്കണ്ട സമവാക്യ കുന്ത്രാണ്ടങ്ങൾ പഠിക്കേണ്ടായിരുന്നൂന്ന്
ജയൻ സ്റ്റൈലിൽ പറഞ്ഞു നടന്ന കാലത്ത്
അമ്മയേർപ്പാടാക്കിയ ഫിസിക്സ്‌ ട്യൂഷൻ ....
ആകെയുള്ള രസം ,
ബോയ്സിലെ വിനീത്‌ കൊണ്ടു വരുന്ന പാവയ്ക്കാ കൊണ്ടാട്ടം ..
പിന്നെ ടീച്ചറുടെ വീട്ടിലെ പേരയ്ക്കാ പൊട്ടിക്കൽ ...
ആ നേരത്താണ് ,
ഗേൾസിലെ ധന്യയോടുള്ള ഇഷ്ടം അവൻ പറഞ്ഞത് ...
നീ ലെറ്റർ കൊടുക്കെടാ ഞാൻ റെക്കമെന്റ് ചെയ്യാംന്നു
തിരിച്ചു ഉറപ്പു കൊടുത്തത് ,
ധന്യേടപ്രത്തിരിക്കുന്ന ഉണ്ടക്കണ്ണി ഷൈനിയും കൊള്ളാമെന്നു
നിർദ്ദേശിച്ചത് ..
അവള് വേണ്ട അവളെ രതീഷ്‌ നോട്ടമിട്ടെന്നു അവൻ ചിരിച്ചത്
ചോപ്പു കുറിയിട്ട രതീഷിനെയും അവളെയും ചേർത്ത് നിർത്തി
കല്യാണ ഫോട്ടോയെടുത്തു ഹൃദയം അസൂയിച്ചത് ....
അങ്ങനെയൊരുച്ച നേരത്താണ്
പേരയ്ക്കാ പൊട്ടിക്കാനെടുത്ത തോട്ട പൊട്ടി കൈ മുറിഞ്ഞത്
വിനീതിന്റെ ഉമിനീരിനു പാവയ്ക്കാകയ്പ്പാണെന്ന്
വിരൽത്തുമ്പ് തിരിച്ചറിഞ്ഞത് !!
ഇന്നും അവനൊരു കയ്പ്പോർമ്മ ....
അവനില്ലാത്ത ലോകത്ത് അവനെയോർക്കുമ്പോൾ
നാവിൽ എണ്ണയിൽ മൊരിഞ്ഞ
പാവയ്ക്കാത്തുണ്ടിന്റെ ചവർപ്പ് !!
പ്രീ -ഡിഗ്രി , ഡിഗ്രി ....
പ്രണയപ്പനിപകർന്നാൽ സൗഹൃദ ക്കാഴ്ച മങ്ങുമെന്ന്
അനുഭവം പഠിപ്പിച്ചു !!
പത്രപവർത്തനം തലയ്ക്കു പിടിച്ച കാലത്ത് ...
പ്രസ്സ് ക്ലബിലെ ചങ്ങാതിമാർ ...
മനോരമയിലെ ജയിംസ്
അമൃതയിലെ കൃഷ്ണകുമാർ ..
സന്ദീപ്‌ ....രൂപേഷ്‌ ....
അതിൽ സന്ദീപിന് കട്ടൻചായ രുചി ...!
തിരോന്തരം നഗരത്തിൽ വാർത്ത‍ തേടി അലഞ്ഞു നടന്നതിനൊടുവിലൊക്കെയും
സെക്രട്ടറിയെറ്റിനടുത്തെ ചായക്കടബെഞ്ചിൽ ഞങ്ങളിരുന്നു ...
കട്ടൻ ചായ ഗ്ലാസു കൈമാറുമ്പോളെല്ലാം അവനോർമ്മിപ്പിച്ചു
ചൂടുണ്ട് .....
ചൂടൻ ചർച്ചകൾക്കൊടുവിൽ
നീയാര് ജ്വലിക്കുന്ന സ്ത്രീ മുഖമോ എന്ന് കളിയാക്കി
നെറ്റിയിൽ വീണു കിടന്ന മുടിയൊതുക്കിച്ചിരിച്ചു അവൻ ..
ഇരുപത്തിമൂന്നാം വയസ്സിൽ , വിധവയായ പെണ്‍കുട്ടിയെ
ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യം പറഞ്ഞപ്പോഴും
അവനതേ ചിരി ചിരിച്ചു ...
ഒരാഴ്ച കഴിഞ്ഞു കാലം തെറ്റി വന്ന നെഞ്ചുവേദനയിൽ
ഉണരാതുറങ്ങിക്കിടക്കുമ്പോഴും അവന്റെ ചുണ്ടിലെ ചിരി
ഹൃദയം കണ്ടു ....
ഇന്നും ചൂടു കട്ടൻ ചായ കയ്യിലെടുക്കുമ്പോൾ
അവൻ പറയുന്നത് ഹൃദയം കേൾക്കാറുണ്ട് ....
""ചൂടുണ്ട് ""!!!
പിന്നീടിങ്ങോട്ട്‌ ,
കുറച്ചേറെ സൗഹൃദ രുചികൾ ഹൃദയമറിഞ്ഞു ..
എന്നാലും
നെഞ്ചിൽ തങ്ങിയ സൗഹൃദ വറ്റുകളെക്കുറിച്ചെഴുതാൻ
തോന്നിയതുകൊണ്ടിത്രയും .. ...
ഈ സൗഹൃദ ദിനത്തിൽ ,
എന്റെ പ്രിയ ആണ്‍ ചങ്ങാത്തങ്ങളോട് പറയുവാനിത്ര മാത്രം ....
നന്ദി ,
സൂക്ഷിച്ചു വയ്ക്കപ്പെട്ട രഹസ്യങ്ങൾക്ക് ....
പാലിക്കപ്പെട്ട വാഗ്ദാനങ്ങൾക്ക് ....
കൈമാറിയ പുസ്തക ശേഖരങ്ങൾക്ക്‌ ....
ഓർത്തുവച്ചയക്കപ്പെട്ട പിറന്നാൾ സന്ദേശങ്ങൾക്ക് ...
പകർന്നു തന്ന ചില തിരിച്ചറിവുകൾക്ക്‌ ....
പ്രതിസന്ധിയിലോതിയ നല്ല വാക്കുകൾക്ക് ....
നീട്ടപ്പെട്ട സഹായ ഹസ്തങ്ങൾക്ക് ...
സൌഹൃദപ്പച്ചപ്പിൽ , അരുതാത്തോന്നലുകളുടെ
ഉണക്കനാരുകളുണ്ടാകാതിരുന്നതിന് ..
ഇങ്ങനെയും പുരുഷന്മാരുണ്ടെന്ന ഓർമ്മപ്പെടുത്തലിന് ....
ഹൃദയം നിറഞ്ഞ നന്ദി .....

Wednesday, 22 July 2015

""Miss How Old Are You ??""

മുപ്പതു വയസ്സു കഴിഞ്ഞാൽ പിന്നെ
""ഫീലിംഗ് മദ്ധ്യ വയസ്സെന്നു "" ഹൃദയം .....!!!
ആണോ ????
ഇടയ്ക്കിടെ നെറുകയുടെ ഓരത്തു മിന്നുന്ന വെള്ളിയിഴകൾ
അത് മുദ്ര വച്ചുറപ്പിക്കുന്നു ...
""കുട്ടി നരയെന്ന് "" ആശ്വസിച്ചാലും
ഹൃദയത്തിനു തോന്നുന്ന ചില ""ആറിയ കഞ്ഞി "ച്ചി ന്തകൾ
ഓൾഡ്‌ ജെനെറേ ഷനിലേക്കുള്ള മാറ്റത്തിന്റെ തുടക്കമാണോ ????
എന്തായാലും
പത്തിലെ ജോർജ് ചോദിച്ച
""Miss... How Old Are You ?"" എന്ന ചോദ്യത്തിന്
മഞ്ജുവും ജോയും പറഞ്ഞപോലെ
""It doesn't matter "" എന്ന് പറയാൻ തോന്നിയില്ല ..
പകരം ഹൃദയം അവനെ നോക്കിയൊരു
പുച്ഛച്ചിരി ചിരിച്ചു !!!
ചില നേരങ്ങളിൽ ....""It Matters "" എന്ന് തോന്നിയിട്ടാണോ ???
അല്ലെങ്കിൽ പിന്നെ
ബോർഡിൽ തെളിയുന്ന ഗ്രാഫിൽ sex ratio എന്ന് കാണുമ്പോൾ
മിഴികൂമ്പി ചിരിച്ച പെണ്‍കുട്ടിയോട് ഈർഷ്യ തോന്നിയതെന്തേ ???
LPG എന്നത് LBGT എന്ന് തിരുത്തിപ്പറഞ്ഞ പത്താംക്ലാസ്സുകാരനെ
കണ്മുനകൊണ്ടടക്കിയിരുത്തി യതെന്തേ ???
ചില നേരങ്ങളിൽ ......It Matters .......
അതല്ലെങ്കിൽ ,
ആദ്യം വിടുന്ന പെണ്‍കുട്ടികളുടെ സംഘത്തെയും പ്രതീക്ഷിച്ചു
ക്ലാസ്സിനിടയിൽ കളി മട്ടിൽ തല ചൊറിഞ്ഞ്
കണ്ണാടി ജനലിലൂടെ പുറത്തേക്കു നോക്കുന്ന ആണ്‍ തലകളെ
ബലമായി ""Hitler rule "" പഠിപ്പിച്ചു തിരിച്ചിരുത്തിയതെന്തിനാണ് ????
പാന്റ് ശെരിയാക്കാനെന്നോണം എണീറ്റ്‌ നിന്നു നോക്കിയ
അജയ്യുടെ ചന്തിക്കു നുള്ളുമെന്നു പേടിപ്പിച്ചു സീറ്റിലിരുത്തിയ തെന്തിനാണ് ????
ചില നേരങ്ങളിൽ ....It Matters ......
അങ്ങനെയല്ലേൽ ,
സ്കൂൾ ബസ്സിൽ ...
"ഞങ്ങളൊരു പാട്ട് പാടിക്കോട്ടെ മിസ്സെയെന്നു ചോദിച്ച പെണ്‍കിടാങ്ങളോട്
""ഇതു വിനോദ യാത്രയല്ലെന്നു "" കയർത്തതെന്തേ ???
ബസ്സിനുള്ളിൽ ആണും പെണ്ണും സംസാരിക്കാൻ പാടില്ലെന്ന്
നിബന്ധന വച്ച ടീച്ചറോട്
"സംസാരിച്ചാൽ ഗർഭോണ്ടാവോ "" എന്നു തിരിച്ചു ചോദിക്കാത്തതെന്തേ ???
ചില നേരങ്ങളിൽ ...It Matters .....
അതങ്ങനെയല്ലെങ്കിൽ ,
""മിസ്സിന്റെത് പ്രണയ വിവാഹമായിരുന്നോന്ന""കൗമാര സംശയത്തിന്
നണ്‍ ഓഫ് യുവർ ബിസിനെസ്സ് എന്നലറിയതെന്തിനാണ് ???
കട്ടിയിൽ ലിപ്സ്റ്റിക് അണിഞ്ഞു വന്നൊരു ടീച്ചർ
കണ്ണെഴുതി പൊട്ടു തൊട്ടു വന്ന സുന്ദരിക്കുട്ടിയോടു
മേക്കപ്പിനെച്ചൊല്ലി കയർത്തപ്പോൾ
ഒന്നും മിണ്ടാതെ കേട്ടു നിന്നതെന്തിനാണ് ????
ഏതു നേരവും കപട ഗൌരവ മുഖംമൂടിയണിഞ്ഞു നടക്കുന്നതെന്തിനാണ് ????
ചില നേരങ്ങളിൽ ...It Matters .....എന്നതാണോ ??
ഒടുക്കം ,
അതങ്ങനാണ് ഭായ് , ഇവിടിങ്ങനാണ് ഭായ് എന്നൊക്കെ
ഹൃദയത്തിന്റെ ഒരുപാതി ആശ്വസിക്കുമ്പോൾ
മറുപാതി പറഞ്ഞു ....
പതിനേഴു വർഷം പിന്നിലേക്ക്‌ ഒന്ന് വെറുതെ നോക്കാൻ ....!!
എട്ടിൽ ,
ലവ് ലെറ്റർ കൈമാറിയ കുറ്റത്തിന്
ഹെഡ് മാസ്റ്റർ അച്ഛനെ വിളിച്ചോണ്ടു വരാൻ പറഞ്ഞയച്ച
വിനോദും രെശ്മിയും ....
സ്റ്റാഫ്‌ റൂമിന് പുറത്തു നിന്ന് കരഞ്ഞ അവരെ
നൈസായി ഊരിയെടുത്ത ബാബു സാർ ....!!
ഒൻപതിൽ ,
തനിക്കു വലിയ പൊട്ടിട്ടാൽ ഭംഗിയാണെന്നു
തലകുലുക്കിപ്പറഞ്ഞ ഗീത ടീച്ചർ !
പെണ്‍ കുട്ടികൾ വാ പൊത്തിച്ചിരിക്കണമെന്ന്
വഴക്കിട്ട ലത്തീഫ ടീച്ചർ !
പത്തിൽ,
അടുത്തിരുന്നു തമാശ പറഞ്ഞു ചിരിച്ച
രാജിന്റെയപ്പനു വിളിച്ച ഡ്രില്ലു സാർ !
വിളർത്തു വിയർത്ത അവന്റെ മുഖം കണ്ടു
താനവിടിരുന്നോടോഎന്ന് പൊട്ടിച്ചിരിച്ച ഷംസു സാർ !
ബയോളജി ക്ലാസ്സിൽ,
സംശയം തീരാത്ത ചെക്കന്മാർക്കും
നാണം മാറാത്ത പെമ്പിള്ളാർക്കുമായി
ശനിയാഴ്ച പോഷൻ തീരാനുണ്ടെന്നു കളവു പറഞ്ഞു
എക്സ്ട്രാ ക്ലാസ്സെടുത്ത ....
സംശയവും നാണവും ചിരിപ്പിച്ചു തീർത്ത ബാബു സാർ !
പിന്നെ , കുറെയേറെ പിന്നിലൊരു ഓർമ്മത്തുണ്ടിൽ
മൂന്നാം ക്ലാസ്സിൽ ,
ഉമ്മ വച്ചാൽ കുട്ടിയുണ്ടാവോന്നു ചോദിച്ചതിനു
മിനി ടീച്ചർ പുറത്താക്കിയ സുമേഷിനെ
സ്കൂളിനു പിന്നിലെ പുളിമരത്തിന്റെ
കനത്ത വേരിലിരുന്ന്
ഉമ്മ വച്ചു പരീക്ഷിച്ചു പഠിപ്പിച്ച റസാനയുടെ ധൈര്യം ...!!!
ചുംബന വാർത്ത ചൂടോടെ മിനി ടീച്ചറെ അറിയിക്കാൻ
സ്റ്റാഫ്‌ റൂമിലേക്കോടിയ സൽമയെ
""മിട്ടായി കട്ട "" തെളിവ് കാട്ടി പേടിപ്പിച്ചോടിച്ച
മറ്റൊരു മൂന്നാം ക്ലാസ്സുകാരി !!
അങ്ങനെയങ്ങനെ കറങ്ങിത്തിരിഞ്ഞോടി
കിതച്ചു പാഞ്ഞു ഹൃദയം വന്നു നിന്നത്
ഒരു മരച്ചോട്ടിൽ ....
നട്ടുച്ച വെയിലത്ത്‌ പച്ചക്കൂടാരം തീർത്തു
സ്കൂൾ മുറ്റത്തു വരിയിട്ടു നിന്ന വേപ്പിൻ ചോട്ടിൽ
രഹസ്യം പറഞ്ഞു ചിരിച്ച
പതിനൊന്നാം ക്ലാസ്സുകാരനും
പത്താം ക്ലാസ്സുകാരിയും ..!!
പിന്നിൽ നടന്നു വരുന്ന ടീച്ചർ വക
പാരന്റ്സ് മീറ്റിംഗ് ഒഴിവാക്കാൻ ....
ഹൃദയം ആഞ്ഞു നടന്നു ....
അപ്രതീക്ഷിതമായി ""മിസ്സിനെ"" കണ്ടു
""പകച്ചു പോയ കൗമാരം !!!!""
ചെറു ചിരിയിൽ തോളത്തു തട്ടി ബസിനുള്ളിലേക്ക് ചൂണ്ടുമ്പോൾ
അവരുടെ കണ്ണിൽ നിഴലിച്ച അവിശ്വസനീയത .....
അത് ഹൃദയത്തെ പഴയൊരു ചോദ്യത്തിൽ എത്തിച്ചു ....
""Miss How Old Are You ??""

Monday, 20 July 2015

ഒരു പാഠപുസ്തകക്കഥ ....

പുതുമണം മാറാത്ത പാഠപുസ്തകത്തിനുള്ളിൽ
മയിൽ‌പ്പീലിക്കണ്ണ്‍ നിറഞ്ഞു .....
പെറ്റു പെരുകി വംശവർദ്ധനവിന്റെ പുതിയ പാഠങ്ങൾ
പഠിപ്പിക്കാനിറങ്ങിത്തിരിച്ചൊരു മയിൽ‌പ്പീലിത്തുണ്ട് !
മാനം കാണാതെ കാത്തു കാത്തൊരുനാൾ
"വംശമറ്റു " പാഠാവലിയ്ക്കുള്ളിലിടം കിട്ടാതെ
പീലിക്കണ്ണടഞ്ഞു !!
ഓർക്കാതെ പെയ്ത "പുസ്തകക്കീറു" മഴയിൽ
ചുവടു മറന്നു നിന്നത് മറ്റൊരു പീലിപ്പെണ്ണ്‍ !!
അച്ചടിക്കലും കീറിപ്പറത്തലുമായി ""അങ്കം "" മുന്നേറുമ്പോൾ ,
ഹൃദയം പോയതൊരു ഫ്ലാഷ് ബാക്കിലേയ്ക്ക് .....
ഈറൻ മാറാതെയിരുവശവും മെടഞ്ഞിട്ട
മുടിത്തുമ്പു ചുരുട്ടിപ്പിടിച്ച്
രണ്ടാം നിലയിലെ സ്റ്റോറിനു മുന്നിൽ പരുങ്ങി നിന്ന ഏഴാം ക്ലാസ്സുകാരി ... ....
""പുതിയ പുസ്തകം വന്നിട്ടില്ല " എന്ന പതിവ് പല്ലവി കേട്ടു
തിരിയുമ്പോൾ , എട്ടിലെ ചെക്കൻ മുന്നിൽ ....
""ബുക്ക്‌ ടീച്ചർക്കു കൊടുത്തിട്ടുണ്ട്‌ "" എന്ന ഇളിഞ്ഞ ചിരിയിൽ
പുസ്തകപ്പുതുമണം എണ്ണ മെഴുക്കു പുരണ്ട
പഴയൊരു ബുക്കിന്റെ പുറം ചട്ടയിലൊളിച്ചു !!
പുറകേ ""സ്റ്റോർ സാറിന്റെ "" കൂർത്ത നോട്ടം ....
( എട്ടിന്റെ പണിയെന്ന പ്രയോഗം അന്ന് കണ്ടുപിടിച്ചിട്ടില്ല ....)
""നിനക്കെന്തിനാ പുതിയ ബുക്ക്
നിന്റമ്മയ്ക്കു പഴേതിഷ്ടം പോലെ കിട്ടുമല്ലോ ""
എന്ന സുനിതയുടെ വാചകത്തിൽ
അമ്മയ്ക്കൊരു ""താടകാ "" പരിവേഷം ചാർത്തിക്കൊടുത്തു ഹൃദയം !!
പുസ്തകം വാങ്ങാനല്ല , സ്റ്റോറിലെ മേശപ്പുറത്തെ
അടുക്കിവച്ച പുസ്തകപ്പുതുമണം തേടിയാണ്
പതിമൂന്നുകാരിയുടെ പോക്കെന്ന് പറയാൻ തോന്നിയില്ല ....
പിന്നെയും പുറകോട്ട് ....ഒന്നാം ക്ലാസ്സിൽ
""കഷായം കുടിച്ച സുഷമയ്ക്കൊപ്പം ""
പാഠപുസ്തകത്തിലെ പിന്നിപ്പോയ മുല്ലച്ചെടിയെ നോക്കി
അതേ മട്ടിൽ നിന്ന പെണ്‍കുഞ്ഞ് ....
അനുവിന്റെ
മെറൂണ്‍ നിറത്തിൽ വെള്ളി വരകളുള്ള ബയന്റിട്ട പുസ്തകത്തിൽ വിരിഞ്ഞു ചിരിച്ച മുല്ലയ്ക്കൊപ്പം
ഹൃദയം വെറുതേ ചിരിക്കാൻ നോക്കി !!
കുറച്ചു മുന്നോട്ട് ,,,ഫാസ്റ്റ് ഫോർവേഡടിക്കുമ്പോൾ
അഞ്ചാം ക്ലാസ്സിൽ ,തന്ന പുസ്തകം മടക്കി വാങ്ങാൻ വന്ന
അയൽവക്കത്തെ ചേച്ചി .....
ഓണപ്പരീക്ഷ പുസ്തകമില്ലാതെ എഴുതിയതിന്റെ വെട്ടത്തിൽ
അടുത്ത കൊല്ലം അടുക്കി വയ്ക്കപ്പെട്ട
" പ്രീ -ഓണ്‍ഡ് " പുസ്തകക്കെട്ടുകൾ ....
( ഒന്നിൽ കീറിയ പാഠം മറ്റേതിൽ കിട്ടും .....കിട്ടാതിരിക്കില്ല....)
വീണ്ടും മുന്നോട്ടു പോയി ഹൃദയം ചെന്നു നിന്നതൊരു
കണ്ണീർത്താളിൽ ...!
ഒൻപതാം ക്ലാസ്സിൽ നന്നായി പഠിച്ച സൈനബ ...
കുശുമ്പു നോട്ടം മാത്രം നോക്കിയ അവളുടെ
ബ്രൌണ്‍ പേപ്പർ ടെക്സ്റ്റു കൾ ...
അതിലെ റോസാപ്പൂ ചിരിച്ച ഒട്ടിപ്പോ നെയിം സ്ലിപ്പുകൾ ...
ആമുഖത്തിനാമുഖം പോലെ അവൾ കോറിയിട്ട
മഹദ് വചനങ്ങൾ ...
ഇന്ത്യാ ചരിത്രം പേജിൽ വടിയും കുത്തി പുറം തിരിഞ്ഞു നിന്ന
ഗാന്ധിയപ്പൂപ്പൻ...!!
കുശുമ്പത്തിപ്പാറു ഹൃദയത്തിനു വേറെ വല്ലതും വേണോ !!!
ഒടുക്കം , ഗാന്ധിയപ്പൂപ്പനെ കോപ്പിയടിച്ചു വരച്ചത്
""പാറപ്പുറത്തെ ഒണക്കത്തേങ്ങ"" പോലെയായി ..
അങ്ങനെ സൈനബയോടു തോറ്റു തുല്ലിട്ടു നില്ക്കുമ്പോഴാണ്
സൈനബ ""അതുക്കും മേലെയൊരു "" തോൽവിത്തൊപ്പിയിട്ടു വന്നത് !
ഗൾഫിലെ ജോലി പോയി വന്ന ഉപ്പ
കിട്ടിയ തരത്തിന് അവളെയങ്ങു കെട്ടിച്ചു വിട്ടു ....
സൈനബേടെ മൈലാഞ്ചിക്കല്ല്യാണത്തിന് കണ്ണിൽ പടർന്ന
മൈലാഞ്ചിചോപ്പുമായി അവൾ കൈമാറിയ പുസ്തകക്കെട്ടുകൾ ....
ചിരിക്കണോ കരയണോന്നറിയാതെ
കുശുമ്പിന്റെ മുനയോടിഞ്ഞു ഹൃദയം നിന്നു .... !!
ഒരിക്കലും അവസാനിക്കാത്ത ഭക്ഷ്യ ശൃംഖല പോലെ
എന്റെ പാഠപുസ്തകച്ചങ്ങല നീണ്ടു ....
അവരോഹണ ക്രമത്തിൽ പറഞ്ഞാൽ ,
സന്തോഷേട്ടൻ / ദർശനച്ചേച്ചി -->ഞാൻ ---->അബു ---->വീണ --->ആന്റോ .........
അങ്ങനെ ""പ്രീ -ഓണ്‍ഡ് / റീ - യൂസ്ഡ് " പുസ്തകക്കെട്ടുകൾ
ജാതി മത ഭേദമെന്യേ വീടുവീടാന്തരം യാത്ര ചെയ്തു !!
ആ യാത്രയ്ക്കിടയിൽ സംഭവ ബഹുലമായ ചില
കഥകളുമുണ്ടായി ....
അതിലൊന്ന് .....
കൈമാറിയ മലയാളം ടെക്സ്റ്റ്‌ ബുക്കിന്റെ പുറം ചട്ടയിലെ വരികൾ ...
""ഇന്നു മുഴുവൻ ഞാനേകനായാ കുന്നിൻ ചെരിവിലിരുന്നു പാടും
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും ""
ഇതു നസീർ ഷീലയെ നോക്കി പ്രേമ പരവശനായി പാടിയതാണെന്നോ ,
ചങ്ങമ്പുഴയുടെ രമണൻ ആയിരുന്നു നസീറെന്നോ ,
പാട്ടു പ്രാന്തിയായൊരു അമ്മക്കുന്തം പണ്ടു ഹൃദയത്തിനു പാടിത്തന്ന
താരാട്ടു പാട്ടാണിതെന്നോ
അറിയാതെ .....
വീണാ ഹൃദയം അബുവിന്റെ ""കവിതയെ "" ആരാധിച്ചു ..!!!
( ബൈ ദ വേ .....അമ്മയുടെ താരാട്ടു പാട്ടുകളിലെ പ്രധാന ഇനം ...മറ്റൊന്ന് ....
""മുൾക്കിരീടമിതെന്തിനു നല്കി സ്വർഗസ്ഥനായ പിതാവേ ...!!!
അതിനു പിന്നിലെ ചേതോ വികാരം ""ഭാര്യ"യെന്ന സിനിമ
മൂന്നു വട്ടം കണ്ടു കരഞ്ഞതു മാത്രമാണെന്ന് പില്ക്കാലത്ത്
അമ്മയാണയിട്ടു ......)
എന്തായാലും , ആരാധികയെക്കാത്ത് സകലമാന പുസ്തകങ്ങളിലും
കുറച്ചേറെ സമാന വരികൾ ഒളിച്ചിരുന്നു ....
""ഹമുക്കനായ "" അബു , ഇതൊക്കെയെന്തിരിക്കുന്നുവെന്ന മട്ടിൽ
"എഴുത്ത്" നിർബാധം തുടർന്നു ...!!
മോഡ"റേഷൻ" കിട്ടി പത്തു പാസ്സായി ഗൾഫിലേക്ക് മുങ്ങിയ അബു
പിന്നെ ഒരു തവണ കൂടി മുങ്ങി ....കൂടെ വീണയും ....
നാളുകൾക്കു ശേഷം ഒക്കത്തൊരു കുഞ്ഞബുവിനെയും കൊണ്ടു
നടത്തിയൊരു വിസിറ്റിനാണ്‌
ഈ ഭയാനക സത്യങ്ങളുടെ വെളിപ്പെടുത്തലുണ്ടായത് !!
അതിൽ പിന്നെ ,
ഹൃദയം ഉറക്കത്തിൽ പോലും തലയ്ക്കടിക്കാൻ തുടങ്ങി ...
""എന്റെ പിഴ ...എന്റെ പിഴ ...എന്റെ വലിയ പിഴ ...""
അങ്ങനെ
അശാസ്ത്രീയ അച്ചടിയ്ക്കും
ശാസ്ത്രീയ കീറലിനുമിടയിൽ
ഫാസ്റ്റ് ഫോർവേഡും സ്ലോ റീവൈൻഡുമായി
ഹൃദയം ഫ്ലാഷ്ബാക്കു തിരയുമ്പോൾ
കണ്ണു തടഞ്ഞതൊരു തലക്കെട്ടിൽ .....!!
"" അച്ചടി പൂർത്തിയായി ---ഇനി വിതരണം ചെയ്യാൻ 30 ലക്ഷം പാഠ പുസ്തകങ്ങൾ ..!!"
പതിവു പോലെ ആത്മഗതം ഹൃദയം ബ്രാക്കറ്റിട്ടു പറഞ്ഞു ......
( ക്രിസ്മസ് പരീക്ഷയ്ക്കു മുൻപ് ഇവരെങ്ങാനും ""ടാബ് "' വിതരണം
ചെയ്തു കളയുമോന്റെ റബ്ബേ ...!!)

ഇന്ത്യൻ മിസ്സിന്റെയൊരു ദിനം ......

ഇന്നലെ വൈകിട്ട് കേട്ടൊരു ചോദ്യത്തിൽ ഹൃദയം മലക്കം മറിഞ്ഞു !!!
അവിചാരിതമായി ക്ലാസ്സിനിടയിൽ ഒരു പതിനാലുകാരൻ
പാക് കുമാരൻ ചോദിച്ചു ,
""miss why should we study Indian Constitution ?"
ഇന്ത്യൻ ഭരണഘടനയും പാക്കിസ്ഥാനും തമ്മിലെ
രാഷ്ട്രീയ ബന്ധമെന്തെന്ന് ഹൃദയം ചികഞ്ഞില്ല ....
പകരം
അവന്റെയാ ചോദ്യത്തിനുത്തരം തേടി ....
പിന്നെ പറഞ്ഞു
""becoz you have selected an Indian School to study""
പിന്നെച്ചില പരസ്പര വിരുദ്ധ കാര്യകാരണങ്ങൾക്കു പിറകെ
ഹൃദയം പാഞ്ഞു ....
ഒൻപതാം തരത്തിലെ പാക് , അഫ്ഗാൻ ,ഇറാൻ ,നേപ്പാൾ ,
ഭൂട്ടാൻ ,ബംഗ്ലാ കുട്ടികൾ
പഠിക്കുവാൻ കേരളാ സിലബസ് തെരഞ്ഞെടുക്കുന്നു !!!
എന്തുകൊണ്ട് ????
ഉത്തരം അവർ തന്നെ പറഞ്ഞു ....പഠിക്കാൻ എളുപ്പം !!!
സ്വന്തം മണ്ണിനെക്കുറിച്ചറിയാത്ത കുഞ്ഞുങ്ങൾ
ഇന്ത്യൻ മണ്ണിനെ തരം തിരിച്ചു പഠിക്കുന്നു ...
ഭരണ ഘടനയും തെരഞ്ഞെടുപ്പും ഇന്ത്യൻ പൗരന്റെ
അവകാശങ്ങളും തലകുത്തിപ്പഠിക്കുന്നു ....
ജന ഗണ മന താളത്തിൽ പാടുന്നു .....
സ്വന്തം നാടിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയാത്തവർ ....
ജന്മ നാടിനെക്കുറിച്ചറിയാൻ അവിടേയ്ക്കു പോയിട്ടില്ലെന്ന
അവരുടെ മറുപടിയിൽ ഹൃദയമൊന്നു വിറച്ചു ....!!
കുട്ടനാടും തിരുവിതാംകൂറും അവർക്കറിയാമെന്ന സത്യം
നെഞ്ചു പൊള്ളിച്ചു !!
വികലമായിട്ടെങ്കിലും വാഗണ്‍ ട്രാജഡിയിലെ ""പോത്തന്നൂർ ""
അവർ ഉറക്കെയുച്ചരിച്ചത് അത്ഭുതപ്പെടുത്തി !!
ഒടുവിൽ ,
പാക് മണ്ണിനെക്കുറിച്ച് ,
നേപ്പാളിലെ രാജവാഴ്ച്ചയെക്കുറിച്ച് ,
ഭൂട്ടാനിലെ മരക്കാലുകളിലുയർന്ന വീടുകളെക്കുറിച്ച് ,
ബംഗ്ലാദേശിലൊഴുകുന്ന പദ്മയുടെ ഓളങ്ങളെക്കുറിച്ച് ,
ഇറാനിലെ കുങ്കുമപ്പാടചുവപ്പിനെക്കുറിച്ച് ,
ഒരു ""ഇന്ത്യൻ മിസ്സ്‌ ""പറഞ്ഞതു കേട്ട്
അവരൊന്നിച്ചു പറഞ്ഞു .....
ഞങ്ങൾക്കിതെഴുതിയെടുക്കണം .....
""അമർ ഷോനാ ബംഗ്ലായും ക്വാമി തരാനയും ""
ഞങ്ങളൊന്നിച്ചു പാടി .....
ഒടുക്കം ...വകതിരിവില്ലാത്ത ഈ പഠനത്തിന്റെ
പൊരുൾ തേടിയിറങ്ങിയ ഹൃദയത്തിന് കിട്ടിയ മറുപടിയിങ്ങനെ ......
മറ്റു രാജ്യക്കാർക്കു വേണ്ടത് പന്ത്രണ്ടു പാസായ സർട്ടിഫിക്കറ്റ്
ജോലിക്കുള്ള ലൈസൻസ് !!
ഇന്ത്യൻ കുട്ടികൾക്ക് ലൈസ്സൻസും അറിവും !!
ഒക്കെയ്ക്കും ഉപരി സ്കൂളുകളുടെ ദൗർലഭ്യം ...
പിന്നെ ഇന്ത്യൻ സ്കൂളിലെ കുറഞ്ഞ ഫീസ്‌ !!!
എന്തായാലും നടക്കുന്നത് പഠനമാണോ പതനമാണോയെന്ന്
ഹൃദയം വീണതൊരു ചിന്താച്ചുഴിയിൽ !!!

""Let your mercy , O Lord , be on them ...""

രാത്രി മുഴുവൻ ഹൃദയമൊരു കടൽച്ചൊരുക്കിന്റെ
നീലവലയ്ക്കുള്ളിൽ പിടഞ്ഞു മരിച്ചു ....
കണ്ടു മതിമറന്നിരുന്നൊരു സിനിമയിലെ
കടലിന്റെ നീല വെളിച്ചം കണ്ണിൽ കെട്ടടങ്ങും മുൻപേ 
ഒരു ""റോഹിങ്ക്യ ""യുവതിയുടെ കണ്ണിലെ കനൽ വെട്ടം
കണ്‍പീലി ചുട്ടെരിച്ചു കളഞ്ഞു !!!
നടുക്കടലിൽ രാവും പകലും അഭയത്തിനു നീളുന്ന കൈകൾ
മനുഷ്യരുടേതു തന്നെയെന്ന തിരിച്ചറിവിൽ
ഹൃദയമിടയ്ക്കിടെ ഉറക്കം ഞെട്ടിപ്പിടഞ്ഞു .....!
ഭയത്തിന്റെ ,സങ്കടത്തിന്റെ നിസ്സഹായതയുടെ മുഖങ്ങൾ .....
പട്ടിണി കിടന്നു ജീവിതത്തോടു തോറ്റു മരിച്ചു മരവിച്ച
അമ്മയുടെ നെഞ്ചിൽ
പാല് തേടിയലഞ്ഞു മുട്ടിലിഴഞ്ഞ കുഞ്ഞ്
എന്റെ നെഞ്ചിലവശേഷിച്ച കയ്പ്പും
വലിച്ചൂറ്റിയെടുത്തു കരഞ്ഞു !
കടലിലൊഴുകിയ പ്രിയപ്പെട്ടവരെക്കണ്ട്
കടലുപ്പിൽ കണ്ണീരുപ്പു ചേർത്തു കുടിച്ച പതിനാലുകാരി ....!
ഒടുക്കത്തെ റൊട്ടിക്കഷണവും മകനു കൊടുത്ത്
കൈക്കുമ്പിൾക്കടൽ തൊണ്ട തൊടാതെയിറക്കിക്കിടന്നൊരമ്മ ...!
രാത്രി മുഴുവനുമൊരു ഉപ്പുകാറ്റിന്റെയൊച്ചയിൽ
ഹൃദയം മരവിച്ചു .....
ഉറ്റവരെയൂട്ടാൻ ഉടുതുണി വലയാക്കി
ഒന്നിനു പിറകെയൊന്നായി കടലിൽ മുങ്ങുന്ന
റോഹിങ്ക്യ യുവത്വം ....
മുങ്ങിപ്പൊങ്ങിയൊടുവിൽ
കിട്ടിയത് കൊണ്ടൊരു ""പച്ചമീനൂട്ട്‌ ""
രാത്രി മുഴുവനുമൊരു പച്ചമീൻ ഗന്ധത്തിൽ
ഹൃദയം മൂക്കു പിഴിഞ്ഞു .....
ജീവിതമൊരു കരയ്ക്കടുപ്പിയ്ക്കാൻ നെട്ടോട്ടമോടുന്ന
ഇവിടത്തെ ചില ജീവിതങ്ങൾ കണ്ട അന്തം വിടലിനും മേലെ ,
കരയ്ക്കടുക്കാനാവാതെ കരകാണാക്കടലിൽ
കൈ നീട്ടി നിലവിളിക്കുന്ന ജീവിതങ്ങൾ
ഹൃദയത്തെ ശ്വാസം മുട്ടിയ്ക്കുന്നു ....!!
ഇതിലാർക്കും ഒന്നും ചെയ്യാനാവില്ലേ ????
മ്യാന്മാറിന്റെ രാഷ്ട്രീയ ഭൂപടമോ
അഭയം നല്കി അഭയാർഥികളായ
പാലസ്തീനികളുടെ ദൈന്യതയോ
അന്താരാഷ്‌ട്ര സിദ്ധാന്ത ചതുരംഗമോ
ഹൃദയത്തിനറിയില്ല ......
സ്വന്തം മണ്ണിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവന്റെ നിസ്സഹായത ....
ജനിച്ചു പോയതൊരു കുറ്റമറ്റ വംശത്തിലല്ലെന്നയപരാധം .....
സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമടക്കം
പോകാനിടമില്ലാതെ കടലിലാടിയുലയുന്ന
ജന്മങ്ങളുടെ ദൈന്യത !!!
അത് മാത്രമാണ് ഹൃദയത്തെ അസ്വസ്ഥമാക്കുന്നത് ....
ക്ലാസ്സിൽ വാടിയ മുഖത്തോടെ കയറിച്ചെല്ലുമ്പോൾ
ചോദ്യ ശരങ്ങൾ .....
""miss .....is there any problem ??""
""ഉൾക്കടൽ ""ദൈന്യങ്ങളെക്കുറിച്ചു പറയുമ്പോൾ
പലരും കുനിഞ്ഞിരുന്നു ....
നിങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങളോട് ദയവായി
അവർക്കു വേണ്ടി പ്രാർഥിക്കൂഎന്ന് ഒടുവിൽ
ആവശ്യപ്പെടുമ്പോൾ കണ്ടു ....
വെളുത്ത് തുടുത്ത പാക് വിദ്യാർഥി സൽമാന്റെ
ചുവന്ന ചുണ്ടുകൾ വിറയ്ക്കുന്നു ...
ബംഗ്ലായിലെ നിഖിലേഷ് പേന തെരുപ്പിടിച്ചു
മുഖമുയർത്താതെയിരിക്കുന്നു ...
ഷേഖ് സാഹിദ് എന്ന് ഞാനോമനപ്പേരിട്ടു വിളിക്കുന്ന
വലിയ വിടർന്ന കണ്ണുകളുള്ള സാഹിദ്
മുഖം തിരിച്ചിരിക്കുന്നു ....
ഒടുവിൽ ,
മ്യാന്മാറിൽ നിന്ന് വന്ന കായേഷ്
നിശബ്ദത ഭേദിച്ചു പറഞ്ഞു ....
""miss ..yesterday night my father was crying over the phone ....""
ഇറാൻകാരൻ മിർ ചുരുണ്ട മുടി
അസ്വസ്ഥതയോടെ പിടിച്ചു വലിച്ചു ....
മണി മുഴങ്ങിയപ്പോൾ സൽമാൻ ഖുറാനിലെ ചില വരികൾ ചൊല്ലി ....
ഒടുവിൽ അവരൊന്നിച്ചു പറഞ്ഞു .....
""അള്ളാഹ് , യാ റഹംഹും ബീ റഹമത്തിഹി ""
അതിന്റെ അർത്ഥമറിയാതെ ""ഇന്ത്യൻ മിസ്സും ""
ഒപ്പം പറഞ്ഞു .....
""Let your mercy , O Lord , be on them ...""

""ആരാമ്മാ ദൈവം ....എവിട്യാമ്മാ ദൈവം ????""

മരുഭൂമിയിലെ പൊള്ളുന്ന വെയിൽ ജ്വാലയെ വെല്ലുവിളിച്ച്
ഗുൽമോഹറിന്റെ ചില്ലകൾ ചുവന്ന തീജ്വാല പോലെ തിളങ്ങി .....
കരിയാനനുവദിക്കില്ലെന്നു ശഠിച്ചു അതിന്റെ ചുവട്ടിൽ
നനഞ്ഞു നനഞ്ഞു കിടന്ന മണ്ണിൽ കുഞ്ഞൻ കാൽ വെള്ള പുതച്ചു ...!
കൊഴിഞ്ഞു വീണ ഇതൾ മെത്തയിലിരുന്ന് കഥയമ്മ
നോഹയുടെ പെട്ടകം തുറന്നു .....
പറഞ്ഞു തീർത്ത ഏദൻ തോട്ടത്തിൽ ഓടിക്കളിക്കുകയായിരുന്നു
കുഞ്ഞുണ്ണിയപ്പോഴും ....!!
ആദ്യത്തെ മൃഗജോഡി പെട്ടകം കയറുമ്പോൾ
പൊടുന്നനെയവൻ ചോദിച്ചു .....
""ആരാമ്മാ ദൈവം ?""
എവിട്യാമ്മാ ദൈവം ?""
ലക്ഷ്യത്തിൽ തൊട്ടൊരു അമ്പിന്റെ മൂർച്ചയിൽ
കഥയമ്മ ഞെട്ടി ...!!!
അച്ഛനിപ്പം വരുമെന്ന ഓർമ്മപ്പെടുത്തലോടെ
അവന്റെ കൈ പിടിച്ചു വീട്ടിലേയ്ക്ക് ....
വന്നു കയറുമ്പോൾ വീണ്ടും അതേ ചോദ്യം ....
ചന്ദനത്തിരിയുടെ പരസ്യത്തിലെ അശരീരി പോലെ
""ദൈവമുണ്ട് "" എന്ന് പറഞ്ഞ്
ഉണ്ണിക്കണ്ണന്റെ കാൽ വണ്ണയിൽ നീലച്ചായം
തേയ്ക്കാനെടുത്തു കുഞ്ഞുവമ്മ !!
നനഞ്ഞൊലിച്ചു മുറ്റമേത് മുറിയേതെന്നറിയാതെ
ഉറക്കമൊഴിഞ്ഞു കുത്തിയിരുന്നൊരു വെളുപ്പാൻകാലത്ത്‌
അമ്മയുടെ മുഖത്തു കണ്ട നിസ്സഹായത ....
പിറ്റേന്ന് രാവിലെ യാദൃശ്ചികമായി
പഴയ അധ്യാപികയെ കാണാനെത്തിയ പ്രവാസി ശിഷ്യന്റെ കയ്യിൽ
ചുരുട്ടിപ്പിടിച്ച നോട്ടുകൾ ....
നിറഞ്ഞ ചിരിയായി മാറിയ നിസ്സഹായതയ്ക്കു പശ്ചാത്തല സംഗീതം ....
""ദൈവമുണ്ട് ....""
ആകാശവാണിയിലെ അന്നത്തെ മലയാള
പ്രക്ഷേപണത്തിനൊടുവിൽ
""ഔദ്യോഗിക വണ്ടിയുടെ "" കൃത്യതയുടെ ഫലം ...
11.15 നുള്ള ഗുരുവായൂർ എക്സ്പ്രസിന്റെ അകന്നു പോകുന്ന
ചുവന്ന വെളിച്ചം .....
പാതിരാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ
ഒറ്റപ്പെട്ടു പോയൊരു ഇരുപത്തൊന്നുകാരി .....
ധൈര്യമെന്ന ജന്മവാസനയെ മാത്രം കൂട്ടുപിടിച്ച്
എതിർ വശത്തെ കുപ്രസിദ്ധമായ ബസ്‌ സ്റ്റാൻഡിലേയ്ക്ക് നടക്കുമ്പോൾ
ഒപ്പം നടന്ന ചെറുപ്പക്കാരൻ .....
""താടി സാറിന്റെ മോളല്ലേ ""യെന്ന ചോദ്യത്തിൽ
കയ്യിൽ പിടിച്ച ഹൃദയം വഴുതിമാറി പൂർവ്വസ്ഥാനത്തു ചെന്നിരുന്നു ..!!
11.30 ന്റെ ഒടുവിലത്തെ സർവ്വീസ് .....
പാലക്കാട് സൂപ്പർ ഫാസ്റ്റ് ..
സ്ത്രീകളുടെ സീറ്റിലിരുന്ന യുവാവിനെയെഴുന്നേൽപ്പിച്ചു
ഒറ്റപ്പെട്ടു പോയ പെണ്‍കിടാവിനെയിരുത്തി
ആറ്റിങ്ങൽ ബസ്‌ സ്റ്റാൻഡിൽ ഒപ്പമിറങ്ങി
ഓട്ടോയിൽ കയറ്റി വിട്ട സന്മനസ്സ് ....
നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം കേട്ടു ...
""ദൈവമുണ്ട് ...""
കാടാറു മാസം നാടാറുമാസം നടന്ന്
ഏതോ വാടകമുറിയിൽ
സ്ട്രോക്കിന്റെ തളർച്ചയിലൊറ്റപ്പെട്ടു പോയൊരാൾ ....!
താലിയുടെ കടമയിൽ ...അതോ സ്നേഹത്തിലോ ....
പേഴ്സിലവശേഷിച്ച തുട്ടും പെറുക്കിയെടുത്തു
വണ്ടി പിടിച്ചോടിച്ചെന്ന് ആശുപത്രിയിലാക്കിയ സഹ ....
ഐ സി യു വിൽ അടയ്ക്കേണ്ട അഡ്വാൻസ് രസീതും
ആദ്യ ദിനം കയ്യിൽ കിട്ടിയ മരുന്ന് ബില്ലും മുറുകെപ്പിടിച്ച്‌
മിടിയ്ക്കാൻ മറന്നിരുന്ന ഹൃദയം .....
പൈസ നമുക്കുണ്ടാക്കാമെന്നേറ്റു
ഒഴിഞ്ഞ വയറിന്റെ എരിച്ചിലിൽ
ഉച്ചവെയിൽചൂടിലേയ്ക്കിറങ്ങിയ പെണ്‍ കുട്ടി ....
എന്തു ചെയ്യേണ്ടുവെന്നറിയാതെ പകച്ചു നിന്ന അവളുടെ കയ്യിലേയ്ക്കു
കഴുത്തിലെ മാലയൂരിവച്ച ബന്ധുത്വ മുഖം !!
പണയം വയ്ക്കുകയോ വില്ക്കുകയോ ചെയ്യുവെന്നു പറഞ്ഞ മനുഷ്യത്വം !!
കിട്ടിയ നാല്പ്പതിനായിരം ആശുപത്രിയിലടയ്ക്കുമ്പോൾ
മരുന്നു മണമുള്ള കരച്ചിലിനൊപ്പം നേർത്ത അശരീരി ....
""ദൈവമുണ്ട് .....""
കടന്നു വന്ന വഴികളിൽ പലയിടങ്ങളിലും ദൈവങ്ങളൊളിഞ്ഞിരുന്നു ....
കണ്ണ് കണ്ട പല കഥകളിലും ദൈവ സാമീപ്യമുണ്ടായിരുന്നു ....
പത്രത്താളുകളിൽ ....കേട്ടു കേഴ്വികളിൽ ....
ദൈവം കൈവിട്ടവരെന്നു മുദ്രകുത്തപ്പെട്ടവരെ നോക്കി
ചില നേരങ്ങളിലെങ്കിലും യുക്തി വാദിയാകുന്ന ഹൃദയം പറഞ്ഞു ...
""ദൈവമുണ്ട് ""
നീലച്ചായം പടർന്ന കുഞ്ഞു വിരലുകൾ നോക്കിയിരിക്കുമ്പോൾ
കുഞ്ഞപ്പൻ തനിയെ പറഞ്ഞു ....
ഇത് ഉണ്ണിക്കിച്ചനല്ലമ്മാ ....ഉണ്ണീശോയാ .....
അന്നേരം ,
ഹൃദയം ചിരിച്ച ചിരിയ്ക്കൊപ്പം
ഒരു കുഞ്ഞിച്ചോദ്യം വീണ്ടുമുയർന്നു കേട്ടു ....
""ആരാമ്മാ ദൈവം ....എവിട്യാമ്മാ ദൈവം ????""

Monday, 11 May 2015

പ്രൊ ...ട്രാ...ക്ടർ ....

ഇന്നലെ ഹൃദയമൊരു ജ്യോമെട്രിപ്പെട്ടിയ്ക്കുള്ളിൽ
തലയും കുത്തി വീണു പോയി ....
ഫിസിക്സ് പരീക്ഷയ്ക്കിടയിൽ ഒരു വിദ്വാൻ പുറത്തെടുത്ത
ഭംഗിയുള്ളൊരു വിദേശ നിർമ്മിത ""കണക്കു പെട്ടി ""!!!

അതോർമ്മിപ്പിച്ചത് പണ്ട് സ്കൂളിനടുത്തെ മാമന്റെ കടയിൽ
അലമാരയ്ക്കുള്ളിൽ നിരന്നിരുന്ന ,
ഓറഞ്ചും കറുപ്പും നിറം കലർന്ന ക്യാമൽ ,കാമ്ലിൻ
ഓക്സ്ഫോർഡ്‌ പെട്ടികളെ ...!

കണക്കിൽ വട്ടപ്പൂജ്യമായിരുന്ന ഹൃദയം
ആകെയൊന്നുണർന്നത് ആ പെട്ടികളുടെ ദൃശ്യഭംഗിയിൽ ..!

അതിനകത്തടുക്കി വച്ചിരുന്ന ഉപകരണങ്ങളുടെ അടുക്കിലും ചിട്ടയിലും
ഒപ്പം കിട്ടിയിരുന്ന ഇംഗ്ലീഷ് അക്ഷരമാലാ സ്കെയിലിലും
മനം മയങ്ങി ഒരിക്കൽ പുതിയൊരെണ്ണം
അമ്മയോടാവശ്യപ്പെട്ടു ...
അതുവരെ കണക്കധ്യാപികയ്ക്ക് ""ഫ്രീ "" യായി കിട്ടിയിരുന്ന
പഴയ കോമ്പസ്സും സ്കെയിലും
പെൻസിൽ പെട്ടിയിലടുക്കിയുപയോഗിച്ചതിന്റെ
അധികാരത്തിൽ ...!!(അവകാശത്തിലും )

45 രൂപയെന്നത് ""കൂട്ടിയാൽ കൂടാത്ത "" കാര്യമായത് കൊണ്ടോ ...
പഴയ ഉപകരണങ്ങൾ സുലഭമായി കിട്ടിയിരുന്നത് കൊണ്ടോ ...
പുതിയ ആവശ്യത്തെ കട്ടിക്കണ്ണടചില്ലിനിടയിലൂടെ
കണ്ണുരുട്ടി നോക്കി ടീച്ചറമ്മ പേടിപ്പിച്ചോടിച്ചു !!!
എന്നിട്ടു പോറലുകൾ കൊണ്ടു പടം വരച്ചലങ്കരിച്ച
ഒരു പ്രൊ ...ട്രാ...ക്ടർ ....എടുത്തു കയ്യിൽ പിടിപ്പിച്ചു ...!!

വാശിയുടെ പത്താം തരം കഴിയും വരെ
പഴയ ചുമരിലെ കുമ്മായമടർത്തിയിളക്കി
അതു നെടുവീർപ്പിട്ടു ....!!

അങ്ങനെ ആശ മൂത്ത ഹൃദയം
ചില ജ്യോമെട്രിക്കഥകളയവിറക്കി ആശ്വസിച്ചു ....
അതിലൊരു കഥയിങ്ങനെ ,

കട്ടി മീശയും കറുത്ത കണ്ണുകളുമുള്ള പുതിയ അദ്ധ്യാപകൻ ...
കമ്പ്യൂട്ടർ ക്ലാസ്സിൽ കീ ബോർഡിൽ അതി വേഗം ചലിക്കുന്ന
വെളുത്തു നീണ്ട വിരലുകൾ ...ചെറു വിരലിൽ ഭംഗിയിൽ
നീട്ടി വളർത്തിയ നഖമുന ...!!
പ്രേമം സഹിക്ക വയ്യാതെ
ജ്യോമെട്രിപ്പെട്ടിയ്ക്കുള്ളിൽ വച്ച
സിഗരറ്റു കൂടിനുള്ളിലൊളിപ്പിച്ച പ്രേമലേഖനം
അദ്ധ്യാപകനു കൈമാറിയ പെണ്‍കുട്ടി ...
പിറ്റേന്ന് അധ്യാപകനൊപ്പം വന്ന 5 വയസ്സുകാരിയെക്കണ്ട്
വെളുത്ത യൂണിഫോമിന്റെ ചെറിയ കൈ
മൂക്കുതുടച്ചു  കറുപ്പിച്ചു  ...!!
പ്രണയിനി ഇപ്പോഴൊരു ബിസ്സിനസ്സുകാരന്റെ
തിരക്കുള്ള ഭാര്യയായി തിക്കിത്തിരക്കി ജീവിക്കുന്നു ....!

മറ്റൊന്ന് ,
ആറാം വയസ്സിൽ അച്ഛൻ തള്ളിപ്പറഞ്ഞ മകൻ
അതുവരെ കേട്ട കളിയാക്കലുകൾക്കും കരച്ചിലിനും,
ഒൻപതാം തരത്തിൽ കോമ്പസ്സ് കൊണ്ട് കൊടുത്ത മറുപടിയിൽ
ചോരവാർന്നൊഴുകിയ ചെറുവിരൽ തുന്നിക്കെട്ടിക്കരഞ്ഞ  സഹപാഠി !!

ഇനിയൊന്ന് ,
കൂട്ടുകാരന്റെ ജ്യോമെട്രിപ്പെട്ടിയ്ക്കുള്ളിലെ
സ്റ്റാമ്പ്‌ ഫീസുകൊണ്ട് ഒരുനേരം വയറുനിറച്ച
""മിണ്ടാപ്രാണി  ""സന്തോഷ്‌ ....
ഫീസ് തിരഞ്ഞു കരഞ്ഞ കൂട്ടുകാരനോട്
പറയാൻ വയ്യാതെ അവൻ തൊട്ടു കാട്ടിയ ""വീർത്ത"" വയറ് !!!

വേറൊന്ന് ,
പത്താം തരത്തിന്റെയൊടുക്കത്തെ ദിവസം
വരാന്തയിൽ പാറിനടന്ന കണ്ണീരുമ്മകളെത്തൊടാതെ
പിന്നിലെ പുളിമരച്ചോട്ടിൽ
മെലിഞ്ഞു വെളുത്തൊരു കൈയ്യും
കറുത്തു മോരിഞ്ഞൊരു കൈയ്യും
കോമ്പസ്സ് കൊണ്ട് കോറി വരച്ചൊരു ഹൃദയ ചിഹ്നം !!

ചോരപ്പാടു മാറും മുമ്പേ മൈലാഞ്ചി മൊഞ്ചണിഞ്ഞ വെളുത്ത കൈ
ഇപ്പോ എവിടെയാണാവോ ????

കണക്കു പെട്ടി പകർന്ന ചില ചിരി നേരങ്ങളും.....

""പ്രോടാക്ടർ "" സെറ്റ്സ്ക്വയർ "" എന്നു
കണക്കു ക്ലാസ്സിൽ പറഞ്ഞു പറഞ്ഞു വലഞ്ഞ സുധീർ ....
""പൊട്ടാക്ടർ "" എന്ന സംഭാവനയ്ക്കു കിട്ടിയ
""പൊട്ട ""നെന്നവന്റെ ഓമനപ്പേര് ...

ഒരു ""ഡിവൈഡർ കടം"" ഡിവൈഡ് ചെയ്ത
ഒന്നിച്ചുണ്ടായിരുന്നൊരു ബസ് യാത്ര !!
ഒടുവിൽ ,
ഓട്ടോഗ്രാഫിൽ ഡിവൈഡർ പടം കോറിയിട്ട്
ഒടുക്കത്തെ ബസ് യാത്ര !!

അങ്ങനെയെന്തൊക്കെ ജ്യോമെട്രിക്കഥകൾ !!!
അതിനിടയിൽ ജ്യോമെട്രി കൈമാറി
ഹൃദയം കൈമാറി ജീവിതവും കൈമാറിയ
രണ്ടു കൂട്ടുകാരുമുണ്ട്‌ !!

ഉത്തരപ്പേപ്പറുകൾ വാങ്ങാൻ നേരമായെന്ന മണിമുഴക്കത്തിൽ
വെപ്രാളപ്പെട്ട് പെട്ടി തുറന്നു ഹൃദയം പുറത്തെത്തി ....
പുതിയ കണക്കു പെട്ടിയുടെ ""മണം "".....!!
അതിന്റെയുന്മാദത്തിൽ ,
തിരികെ യാത്രയിൽ പുറത്തെ
പൊടിക്കാറ്റിലിരുണ്ട സൂര്യനെ നോക്കിയിരിക്കുമ്പോഴും
ഉയർന്ന കെട്ടിടങ്ങളെ നോക്കി
ഹൃദയം ചില ജ്യാമിതീയ രൂപങ്ങൾ വരച്ചു ....!

അക്കൂട്ടത്തിൽ ചില വേറിട്ട വരകളുമുണ്ടായിരുന്നു ,
തുടക്കവും ഒടുക്കവുമില്ലാത്ത വരകൾ ..........!!!!


Thursday, 7 May 2015

""ജീവിത സമരം --------എന്റെയും നിന്റെയും ""!!!

ചില നേരങ്ങളിൽ ഹൃദയമങ്ങനെയാണ് ....
കാണേണ്ടതെന്നു കരുതപ്പെടുന്നവ കാണാൻ താൽപ്പര്യപ്പെടാറില്ല ...!
കേൾക്കേണ്ടതെന്നു പറയപ്പെടുന്നവ കേൾക്കാൻ ഉത്സാഹിക്കാറുമില്ല !
പകരം ,
ചില കാഴ്ചകൾക്കും കേൾവികൾക്കുമിടയിൽ ചുറ്റിക്കറങ്ങി
മറ്റു ചിലത് കണ്ടെത്തുന്നു ....!!

ഈ വിദേശ നഗരത്തിൽ വിമാനമിറങ്ങുന്നവർ
പോകാൻ കൊതിക്കുന്ന സ്ഥലങ്ങളിൽ ചിലത്
ഒരു തവണ കണ്ടു കഴിഞ്ഞപ്പോഴേ ഹൃദയത്തിനു മടുത്തു !!
മാളുകൾ നടന്നു തീർക്കാൻ ഇനി വയ്യത്രേ !!!

കണ്ടു കൊതിക്കുമെന്നു കരുതപ്പെടുന്ന
ചില ജീവിതങ്ങൾ കണ്ട് ഹൃദയം പുച്ഛച്ചിറി കോട്ടി
കാണാനാഗ്രഹിക്കാത്ത ചില ജീവിതങ്ങൾ  കണ്ട്
വ്യസനച്ചുണ്ടു നീട്ടി !!

കുഞ്ഞനൊപ്പം പാർക്കിൽ പോകുന്ന ദിവസങ്ങളിൽ
വഴിവക്കിലൊരു വില്ലയ്ക്കു മുന്നില് തറഞ്ഞു നിൽക്കാറുണ്ട് ...
നിറയെ കോഴികളും താറാവുകളും കൊത്തിപ്പെറുക്കി നടക്കുന്നത് കാണാൻ
കുഞ്ഞനിഷ്ടം !
അവറ്റകൾക്കു തീറ്റ കൊടുക്കുന്ന ചേട്ടൻ മലയാളിയാണെന്നു  കണ്ടാലറിയാം .
പക്ഷേ , ആളുടെ മരവിച്ച മുഖത്ത്
ഒരു ചിരിയിതുവരെ കണ്ടിട്ടില്ല !

ഇടയ്ക്കെപ്പോഴോ കൂറ്റൻ ഗേറ്റിന്റെ ഗ്രില്ലിനിടയിലൂടെ
മക്കനയിട്ടൊരു തല കണ്ടു .
സൂക്ഷിച്ചു നോക്കിയപ്പോൾ തിളങ്ങുന്ന കറുത്ത കണ്ണുകളും !
കൊടുത്താൽ തിരിച്ചു കിട്ടുന്നത് ചിരി മാത്രമെന്ന പാഠത്തിൽ
ഹൃദയം നിറഞ്ഞു ചിരിച്ചു ...
മക്കനയിട്ട തല ആവിയായി !!

പിന്നെ ദിവസവും കാണാതെ കണ്ടു
ആ തല കുഞ്ഞനെത്തന്നെ നോക്കുന്നുവെന്ന് !
ഒരു വ്യാഴാഴ്ച ഗേറ്റിന്റെ ചെറിയ വിടവിലൂടെ
 അവർ തല പുറത്തേക്കിട്ടു കൈകാട്ടി വിളിച്ചു ...
അടുത്ത് ചെന്നപ്പോൾ നല്ല കോഴിക്കോടൻ ഭാഷയിൽ
കുഞ്ഞനെക്കുറിച്ചു തിരക്കി ...
നാട്ടിൽ മകളും കുട്ടിയുമുണ്ടത്രേ ...
ഇങ്ങോട്ടു പോരുമ്പോൾ കുട്ടിക്ക് കുഞ്ഞന്റെ പ്രായം .
ഇപ്പൊ 5 വർഷം കഴിഞ്ഞു ..!!
നാട്ടിൽ പോകാനൊത്തിട്ടില്ല ...
മാസത്തിൽ രണ്ടോ മൂന്നോ തവണ ഫോണ്‍ ചെയ്യും
ഇത്തവണ സ്പോണ്‍സർ വിടാമെന്നേറ്റിട്ടുണ്ടത്രേ !!!
കഴിഞ്ഞ കൊല്ലം ഭർത്താവു കിടപ്പിലായി
അതിനു മുമ്പത്തെക്കൊല്ലം മകളുടെ കല്യാണം ...

പറഞ്ഞു പറഞ്ഞ് അവർ ചേർത്തു പിടിച്ച
കുഞ്ഞന്റെ കൈവിരൽത്തുമ്പ് നനഞ്ഞു ...
എന്തു പറയാൻ ?? എന്തു ചെയ്യാൻ ??

പാർക്കിനടുത്തെ മറ്റൊരു കൂറ്റൻ ഗേറ്റ് ...
പുറത്തു ട്രൌസറും ടീ ഷർട്ടും മിനി സ്കർട്ടുമിട്ട്
ഉറക്കച്ചടവുള്ള മുഖത്തോടെ ചില പെണ്‍കുട്ടികൾ
ചിലർ ""പുകഞ്ഞു "" മരിക്കുന്നു ...
പുകയടങ്ങും മുൻപേ വന്നെത്തിയൊരു നീണ്ട വാനിൽ
എന്തൊക്കെയോ പരസ്പരം പറഞ്ഞ്
നിസ്സംഗമായ മുഖത്തോടെ ഒട്ടും തിരക്കില്ലാതെ കയറുന്നവർ ...
വാനിലെ പേരിൽ ""ഹൈഡ് പാർക്ക് "" എന്നോ മറ്റോ കണ്ടു ..
പുറപ്പെടാൻ നേരം ചിലർ  കുഞ്ഞനെ നോക്കി കൈ വീശി  !

രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു ബർദുബായ് സന്ദർശനത്തിൽ
നടപ്പാതയുടെയോരത്ത്  അതേ പേരു കണ്ടു ....
""ഹോട്ടൽ ഹൈഡ് പാർക്ക് ""
തിരികെ വരും വഴി പാതയോരത്ത് പഴയ വാൻ ...
അതിൽ നിന്നും ഇറങ്ങിയവരെക്കണ്ട് ഹൃദയമതിശയിച്ചു !!
മിനുമിനുത്ത ഉടലും ഉയർത്തിച്ചീകിയലങ്കരിച്ച മുടിയും ..
വിളറി വെളുത്ത മുഖത്തിനു പകരം
ചുവന്നു തുടുത്ത ചുണ്ടും കവിൾത്തടങ്ങളും !
ഒരു മുക്കാൽ മണിക്കൂർ വാൻ യാത്രയ്ക്കിടയിൽ
ഉറക്കച്ചടവിൽ ചീർത്ത മുഖങ്ങൾ മാറിപ്പോയതോർത്ത്‌
ഹൃദയം പിന്നെയും ഞെട്ടി !!

പക്ഷേ , മാറ്റമില്ലാതെ തുടർന്നതെന്തെന്നു പിന്നീടു കണ്ടെത്തി ...
കരിമഷിയെഴുതിക്കറുപ്പിച്ച കണ്ണുകളിലെ ശൂന്യത !!!
അന്നേരം ,
ഇരുപതാം വയസ്സിലും അമ്മ ചോറു വാരിക്കൊടുത്തുണ്ടു നിറഞ്ഞ
ചില പെണ്‍ കുട്ടികളെ ഹൃദയമോർമ്മിപ്പിച്ചു ...!!
എന്തു പറയാൻ?? എന്തു ചെയ്യാൻ ??

പറയാതെ പറഞ്ഞാൽ ,
ഇവിടത്തെ ആഡംബരങ്ങളും വിസ്മയങ്ങളും ഹൃദയത്തിനു മടുത്തു !!
കാരണം ഈയിടെയായി ഹൃദയം നെഞ്ചേറ്റുന്നതു ഇങ്ങനെ ചില ജീവിതങ്ങളെ ....
ഒറ്റമുറിയുടെ ഇട്ടാവട്ടത്തിലും
ഒറ്റ മേശയടുക്കളയിലും വട്ടം ചുറ്റി
നാട്ടിൽ ""ലോണിൽ "" കൊട്ടാരം പണിയുന്നവർ ....
ഉടലിനെക്കാൾ ഉയിരു പൊള്ളിക്കുന്ന ചൂടിൽ
മരുഭൂമിയുടെ നെഞ്ചിൽ നെട്ടോട്ടമോടുന്ന ""തൊഴിലാളികൾ ""
എച്ചിൽ പാത്രങ്ങൾ ട്രോളിയിലാക്കി
കറുത്ത ഡയറിക്കുള്ളിലെ ""പ്രതീക്ഷ "" തേടുന്ന ചിലർ ....
ചായം വാരിപ്പൂശി ഒന്നു മൂത്രമൊഴിക്കാൻ പോലും നേരം കിട്ടാതെ
""ഹൈപ്പർ ""മാർക്കറ്റുകളിൽ ദ്രുതഗതിയിൽ ചലിക്കുന്ന ചിലർ ....

അതിനോക്കെയുപരി ശമ്പളം സമയത്തു കിട്ടാതെ
ഫോണിലെ ആവശ്യങ്ങൾക്കു മറുവാക്കില്ലാതെയുഴറുന്നവർ ...!!

അങ്ങനെ ജീവിത നിരയുടെ നീണ്ട ലിസ്റ്റെടുത്തു നിവർത്തുമ്പോൾ
അതിൽ നിന്നു വീണൊരു കടലാസു ചുരുളിൽ
ഹൃദയം കണ്ടെത്തിയതൊരൊറ്റ വാക്യം -------
""ജീവിത സമരം --------എന്റെയും നിന്റെയും ""!!!

""ദൈവം നമ്മോടു കൂടെ ...."!!

പരശ്ശതം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാലയത്തിൽ ,
ഹൃദയമെടുത്തിട്ട ടീച്ചർ മുഖപടം
ഇടയ്ക്ക് തെന്നി മാറുമ്പോൾ ഓർക്കാറുണ്ട് ,
ഒരു ഇന്റർവ്യൂക്കഥ !!
ആദ്യമേ തന്നെ കടപ്പാട് രേഖപ്പെടുത്തുന്നത് മൂന്നു വ്യക്തികൾക്ക് .....
ഇമ്മാനുവൽ ....ലാൽജോസ് ....പിന്നെ എന്റെ നല്ലപാതി !!
രംഗം -----ഒരു ഇറ്റാലിയൻ കമ്പനി
പശ്ചാത്തലം --ടീ കോമിന്റെ ബഹുനിലക്കെട്ടിടം
ലക്ഷ്യം ---ഒരു ജോലി
ഐറിഷ് പുരുഷന്മാരുടെ പൂച്ചക്കണ്ണുകൾ
ഹൃദയത്തിനു പണ്ടേയിഷ്ടം !!
പിന്നെയവരുടെ സംഗീത ബോധവും ...
ഇറ്റലിക്കാരൻ ""മാർക്കോ "" ഹൃദയത്തെ ഓർമ്മിപ്പിച്ചത്
പണ്ട് കണ്ടൊരു സിനിമയിലെ ഐറിഷ് നായകൻ
ജെറിയെ .....(p .s .I Luv U )
രണ്ടു മൂന്നു തവണ കൂടുതൽ മിടിച്ചു തളർന്ന ഹൃദയം
വിജനമായ ഇടനാഴിയിലൂടെയുള്ള നടപ്പിനിടയിലും
ലിഫ്റ്റിലെ കണ്ണാടിക്കൂട്ടങ്ങൾക്കിടയിലും
വെറുതെ മുഖം മിനുക്കിക്കൊണ്ടിരുന്നു !!
വിദേശി കുറ്റം പറയരുതല്ലോ !!
പറഞ്ഞിരുന്ന സ്ഥലത്തെത്തുമ്പോൾ
മലർക്കെത്തുറന്ന വാതിലിനപ്പുറംനോക്കി
ഹൃദയം പൂത്തുലഞ്ഞു ....
കണ്ടു ""മരിച്ച "" ചില ഇംഗ്ലീഷ് ചിത്രങ്ങളിലെ
അതേ പശ്ചാത്തലം !
പനി വെളിച്ചം പടർത്തുന്ന ക്രിസ്റ്റൽ വിളക്കുകൾ ..
തടിച്ച പുസ്തകങ്ങൾ ..
വളഞ്ഞ ടേബിൾ ലാമ്പ് ...!
അവിടെയൊരു മേശയ്ക്കപ്പുറവുമിപ്പുറവുമായി
അവർ ഇരുന്നിരുന്നു ....
മാർക്കോയും എനിക്ക് മുൻപേയെത്തിയ ഭാഗ്യാന്വേഷിയും !
കയറിച്ചെന്നപാടെ ഹൃദയ രൂപത്തിലുള്ളൊരു
മിട്ടായി നീട്ടി മാർക്കോ ഹൃദയം കവർന്നു ...
വിരലിൽ തെരുപ്പിടിപ്പിച്ചിരുന്നു വിയർത്ത പെണ്കുട്ടിയോട്
ചോദിക്കുന്നതെന്തൊക്കെയെന്ന് ""ഒളിഞ്ഞു കേൾക്കാൻ ""
താല്പ്പര്യമുള്ള ഹൃദയം കാതോർത്തു ....!!
ഒടുക്കം , ""ഓ ..ഇതൊക്കെ നിസ്സാരമല്ലേ "" എന്ന മട്ടിൽ
അലസമായി ചുറ്റും പൊങ്ങിപ്പറന്നു ....
അതിനിടയിൽ വന്നൊരു ചോദ്യം കേട്ട്
പൊത്തോന്നു താഴെ വീഴുകയും ചെയ്തു !
മാർക്കോ കയ്യിലുള്ള പേന പെണ്‍കുട്ടിയ്ക്ക് കൊടുത്തിട്ട്
അത് വിൽക്കാനാവശ്യപ്പെട്ടു ...
ദൈവമേ ...കച്ചോടമോ .....
എഴുന്നേറ്റോടിയാലോന്ന് പിന്തിരിപ്പൻ ഹൃദയം
അവിടെയിരിക്കെന്ന് മരവിച്ച കാലുകൾ ....
ആകെ മൊത്തമൊരു വെപ്രാളം ....
എന്തായാലും പെണ്‍കുട്ടി തോൽവി സമ്മതിച്ചു ചിരിച്ചു ...
ഇരുന്നയിരുപ്പിൽ ഹൃദയമോർത്തെടുത്തത്‌
നല്ലപാതിയുടെ മുഖം ....
അയച്ച സന്ദേശത്തിനു വന്ന മറുപടി....
""ഇയാൾ ഇമ്മാനുവൽ കണ്ടില്ലേ????""
ഹൃദയത്തിൽ കത്തിയത് 100 വാട്ട് ബൾബ് !!!
മറുവാക്കെന്ന പോലെ പറഞ്ഞു ....
""ദൈവം നമ്മോടു കൂടെ ""
മാർക്കോ പച്ചക്കണ്ണുകളടച്ചു ചിരിച്ചു
ഹൃദയമെഴുന്നേറ്റു ചെന്നു ....
വായിലലിഞ്ഞ മിട്ടായി മധുരത്തിനൊപ്പം
വായും തുറന്നിരുന്ന മാർക്കോയ്ക്കറിയില്ലല്ലോ
മലയാള സിനിമയുടെ അനന്ത സാധ്യതകൾ !!!!
പിറ്റേ ദിവസം വൈകിട്ട് മാർക്കോ വിളിച്ചു
പക്ഷേ അതിനു മുൻപ് ഹൃദയം ആയുധം വച്ച്
കീഴടങ്ങിയിരുന്നു ....
""സ്വയം കച്ചവടം"" ചെയ്യാനറിയാത്തവൾ
എങ്ങനെ മറ്റുള്ളവർക്കു വേണ്ടി കച്ചോടം ചെയ്യും ????
എന്തായാലും ഈ വൈകിയ വേളയിലും നന്ദിയുടെ കാര്യത്തിൽ
പിശുക്കിയാവുന്നില്ല .....
വായാടി ഹൃദയത്തിന്റെ വായടഞ്ഞു പോകാതിരുന്നതിന് ...
നന്ദി .....
ഇമ്മാനുവലിന് .....ലാൽജോസിന് ....
ഒക്കെയുമുപരി നല്ലപാതിയ്ക്ക് ....
പിന്നെ നല്ല സമയത്ത് നല്ല ബുദ്ധി തോന്നിച്ച ദൈവത്തിന് ...
""ദൈവം നമ്മോടു കൂടെ ...."!!

Sunday, 26 April 2015

അദൃശ്യമായ ചില ""അനാവശ്യങ്ങൾ "' ...

നെറ്റിയിലേയ്ക്കൂർന്നു വീണ നീണ്ട മുടിയിഴകളിലൊന്നിനെ
ചെവിപ്പിന്നിലൊളിപ്പിച്ച് ,
മുപ്പതുകളിലെത്തിയ "യുവ ഹൃദയം "( അങ്ങനെ പറയാമോ എന്തോ ????)
ദീർഘ നിശ്വാസമുതിർത്തു ....
ഈയിടെയായി അദൃശ്യമായി ചില ""അനാവശ്യങ്ങൾ "'
ഹൃദയത്തെ പിന്തുടരുന്നുണ്ട്  ...
രാവിലെ ഒരു 6 മണി കഴിഞ്ഞ നേരത്ത് ,
മൊളി പിടിച്ചു തുടങ്ങിയ കാലുകളിൽ വാറു തേഞ്ഞ
തുകൽച്ചെരിപ്പു ബദ്ധപ്പെട്ടു കയറ്റി പുറത്തിറങ്ങുമ്പോൾ
അദൃശ്യമായൊരു ഭയത്തിന്റെ മുൾമുനയിൽ ഹൃദയം നൊന്തു !!

""അപരിചിതമായൊരു കാലൊച്ച പുറകിലുണ്ടോ ???""!!

പായൽ പച്ചയുടെ നെഞ്ചിൽ ചവിട്ടി ധൃതിയിൽ മേലുകഴുകുമ്പോൾ
വീണ്ടുമൊരു പേടി മുള്ളു തറച്ചു !!!

""ഈ തലവേദന ....ഇതെന്തിന്റെ ലക്ഷണമാണ്??"!!!

ഇളം വെയിൽച്ചില്ലത്തുമ്പത്തെ ഓറഞ്ചു സൂര്യൻ
പഴയ മട്ടിൽ പച്ചയും ചുവപ്പും മഞ്ഞയും കലർന്ന
ചില്ലുകൾ  പതിച്ച  കണ്ണാടി ജനവാതിലിലൂടെ
എന്റെ കൈത്തണ്ടയിലെ പച്ച ഞരമ്പുകളിലൊരു നീല സൂര്യനാകുമ്പോൾ
ഹൃദയം അനാവശ്യമായൊരു സങ്കടത്തൂവൽ ചൂടുന്നു !!!

""ഇന്നലെ പത്രത്താളിൽ കണ്ട പൊള്ളിയടർന്ന കുഞ്ഞു മുഖം !!"

ഒരു കാറ്റിന്റെ കുടക്കീഴിലതിനെ പറത്തിയകറ്റിത്തിരിയുമ്പോൾ ,
പത്രത്താൾ മറിഞ്ഞു കടന്നു വന്നതൊരു ""അജ്ഞാത മൃത ദേഹം ""...

തെല്ലുന്തിയ പല്ലുകൾ നിറഞ്ഞു ചിരിച്ചു വീണ്ടും കണ്മുന്നിൽ !!!

കയ്യിലെ ചോറുപൊതി തട്ടിപ്പറിക്കുന്ന ചെളി പിടിച്ച നഖങ്ങൾ ...
തീവണ്ടി മുറിയിൽ കഴിക്കാതെ കാത്തു വച്ച
പലഹാരപ്പൊതി കൂടി നീട്ടുമ്പോൾ ,
എച്ചിലില പരതിത്തഴമ്പിച്ച കൈകൾക്കു വിറയൽ ....!!

ആരോ കടിച്ചു വലിച്ചെറിഞ്ഞ എല്ലിൻ കഷണം വീണ്ടും വീണ്ടും നോക്കി
എച്ചിലിലയിലെ ശേഷിച്ച വറ്റും നുള്ളിപ്പെറുക്കിത്തിന്ന മനുഷ്യക്കോലം
പത്രത്താളിൽ കണ്ണടച്ചു കിടന്ന്
തൊണ്ടയിലവശേഷിച്ച ഗദ്ഗദത്തുണ്ടിൽ തടഞ്ഞു നിന്നു !!

വെള്ളയിൽ കുഞ്ഞു ചുവന്ന റോസാപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച
എന്റെ മെത്താരണയുടെ മറുവശത്ത്
മൈലാഞ്ചിച്ചോപ്പിട്ട നഖങ്ങളാഴ്ത്തിയടക്കിയ
നേരവും കാലവും നോക്കാതെ കയറി വരുന്ന ദേഷ്യച്ചെമ്പൻ ,
ചില താരതമ്യ പഠനങ്ങളിൽ നിന്ന് വിറച്ചു ...!!

""അവരു വച്ച വീടും
അവരു വാങ്ങിയ കാറും
അവരുടെ കുട്ടിയുടെ കിന്റർഗാർട്ടൻ റാങ്കും !!!!""

അങ്ങനെ അവരുടെതായ ....""എന്റേതാകാത്തതെല്ലാം ""
നഖമുനയിൽ കീറിപ്പറിഞ്ഞു നിലത്തു വീണു !

ചില നേരങ്ങളിൽ ദേഷ്യച്ചെമ്പനൊരു പോരു കോഴിയായി ...
നെഞ്ചിൻ കൂട്ടിനുള്ളിൽ സ്വന്തം തൂവൽ
കൊത്തിപ്പറിച്ചു പിടഞ്ഞു ....
ചിലപ്പോൾ ചെമ്പൂ വിറപ്പിച്ചു ചിറകു കുടഞ്ഞു പറന്നു ചാടി
കൊക്കു കുഴഞ്ഞു തളർന്നിരുന്നു ....!

ജനാലപ്പടിയിൽ പടർന്നു മൊട്ടിട്ട
കടലാസു ചെടിയുടെ കൂർത്ത മുള്ളിൽ
എന്റെ ചെറുവിരൽ കുടുങ്ങിപ്പിടഞ്ഞതിനൊപ്പം
കേട്ടതൊരു നിസ്സഹായ നിലവിളി ....!

തലേന്നു രാത്രി കണ്ട കിച്ചുവിന്റെ ""Burn My Body ""എഫക്റ്റ് !

സങ്കടവും ദേഷ്യവും കൂടിക്കലരുന്ന നേരങ്ങളിൽ
"'ചത്താൽ മതിയെന്ന ""ഒറ്റവാക്ക് ഇനിയുണ്ടാവില്ലെന്ന നിസ്സഹായത ...
""ചത്താലും രക്ഷയില്ലെന്ന് "" അവൻ പകർന്ന തിരിച്ചറിവിന്റെ മരവിപ്പ് !!

ഇവിടെയീ വിദേശ നഗരത്തിൽ
പുറത്തുണക്കാനിടുന്ന വസ്ത്രങ്ങളിൽ അടിവസ്ത്രങ്ങൾ ഉണ്ടാവരുതെന്ന
സുഹൃത്തിന്റെ മുന്നറിയിപ്പ് തന്നത് അതേ  നിസ്സഹായത ...
വിഷു ദിനം പുലർച്ചെ കുളിക്കാൻ കയറവേ
അവളുടെ മൂക്ക് പിടിച്ചെടുത്തത്
അടിവസ്ത്രത്തിൽ പുരണ്ട അപരിചിതമായ ""പുരുഷ ഗന്ധം ""!!

പല രാജ്യക്കാർ തങ്ങുന്ന കെട്ടിടത്തിന്റെ ഇടനാഴിയിലിറങ്ങവേ
പലപ്പോഴും അവളുടെ മൂക്കിനെ അലോസരപ്പെടുത്തിയിരുന്ന
ഏതോ പെർഫ്യൂമിന്റെ രൂക്ഷ ഗന്ധം !!

ചത്ത എലിയെ തൂക്കിയെടുക്കും പോലെ
അടി വസ്ത്രത്തെ തോണ്ടി ദൂരെയെറിഞ്ഞ കഥ കേട്ട്
അവൾക്കൊപ്പം ഹൃദയമൊന്നോക്കാനിച്ചു ....

നിസ്സഹായതയുടെ മനം പിരട്ടൽ !!!

ഒടുക്കം... ഒക്കെയൊരു കോണിൽ മാറ്റി വച്ച്
ഹൃദയമൊരു കുംഭകർണ്ണനായി....
നടിച്ചു മടുത്തൊരുറക്കത്തിൽ
എന്നോ കൂട്ടി വച്ച ചില മോഹവളത്തുണ്ടുകൾ
പ്രതീക്ഷയുടെ വളക്കിലുക്കങ്ങളായി മാറുന്നത്
സ്വപ്നം കണ്ടു ....
പേടിയ്ക്കും സങ്കടത്തിനും ദേഷ്യത്തിനും നിസ്സഹായതയ്ക്കുമപ്പുറം
ചില സ്നേഹ-സമാധാന  നിമിഷങ്ങൾ വന്നേയ്ക്കുമെന്ന് .....!!

അദൃശ്യങ്ങളായി കൂടെ നില്ക്കുന്ന
എപ്പോഴും , ഏതു നേരത്തും കയറി വന്നേയ്ക്കാവുന്ന
ചില "അനാവശ്യങ്ങൾക്കൊപ്പം"
അങ്ങനെയൊരു തോന്നൽ കൂടിയില്ലെങ്കിൽ

ഹൃദയം എന്നേ മരിച്ചു മരവിച്ചു മണ്ണടിഞ്ഞേനെ !!!

Wednesday, 8 April 2015

വിശദീകരണ ഖണ്ഡികകൾ !!

ഈയിടെയായി ഹൃദയം ആവർത്തിയ്ക്കുന്നതൊന്നു മാത്രം ...
വിശദീകരണങ്ങളെ  സ്നേഹിക്കുവാൻ പഠിയ്ക്കുക ...!!
വിശദീകരണങ്ങൾ കൊണ്ട് സംതൃപ്തയാവുക ...!!

എന്തു കൊണ്ടെന്നാൽ ,
ജീവിതം പലപ്പോഴും വിശദീകരണങ്ങളുടെ അഴിയാക്കുടുക്കുകളിൽ മാത്രം
ഉടക്കി നിന്ന് സന്തോഷം തേടുന്നു ....!!

പക്ഷേ , എത്രയാവർത്തിച്ചാലും
വിശദീകരണങ്ങളുടെ പിൻബലത്തിൽ ജീവിക്കാൻ
ഹൃദയം പരാജയപ്പെട്ടു പോകുന്നു...

നിറവേറ്റപ്പെടാത്ത കടമകളെപ്പറ്റി ...
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെപ്പറ്റി ..
പിൻവലിക്കപ്പെട്ട കരാറുകളെപ്പറ്റി ..
കൂറു മാറിയ സ്നേഹത്തെപ്പറ്റി ..
പാതി വഴിയിലുപേക്ഷിക്കപ്പെട്ട യാത്രകളെപ്പറ്റി ...
പിന്നെ പറഞ്ഞും കേട്ടും മടുത്ത ചിരപുരാതന വിഷയങ്ങളെപ്പറ്റി
ഒക്കെ....വിശദീകരണ ഖണ്ഡികകൾ !!

ഹൃദയത്തിനു മടുത്തു പോലും !!
പഴയ പ്രഖ്യാപനം തിരുത്തിക്കുറിച്ച്
ഹൃദയത്തിന്റെ പുതു മൊഴി ...

തിരിച്ചറിയലും പേരിടലും ഇനി വേണ്ട ...
ഉപാധികളില്ലാതെ ,
ഉപരിപ്ലവമായല്ലാതെ ,
ഒന്നും ...ഏതും ...വിശദീകരിക്കപ്പെടാതെ
ജീവിയ്ക്കുവാൻ പഠിക്കുക ..

വാക്കുകളിൽ മനസ്സു കുടുങ്ങാതിരിക്കട്ടെ !!!

Thursday, 2 April 2015

അമ്മ ..അമ്മയെന്നെന്റെയുള്ളിലെപ്പൈതൽ .....

ഇന്നലെ വൈകിട്ടാണത്  സംഭവിച്ചത് ....
എന്റെയടുക്കളയുടെ മറുപാതിയിൽ
ഒരു വെള്ളപ്പിഞ്ഞാണത്തിൽ തുടുത്തൊരു മാമ്പഴം !!!
എന്റെ മാമ്പഴമഞ്ഞപ്പട്ടുസാരിയേക്കാൾ തിളക്കത്തിൽ
അതങ്ങനെ ഹൃദയത്തിന്റെ മാമ്പഴക്കൊതിയെ
വെല്ലുവിളിച്ചു ചിരിക്കുന്നു ....!

ഹൃദയമൊരു പുച്ഛക്കണ്ണെറിഞ്ഞു തിരിഞ്ഞു നിന്ന് ദോശ ചുട്ടു .

പെട്ടെന്ന് തള്ളിത്തുറക്കപ്പെട്ട അടുക്കള വാതിലിനിപ്പുറം
നിറഞ്ഞു ചിരിച്ചോടി വന്ന കുഞ്ഞൻ ....
""മാമ്പഴം "' കണ്ടതും ഓടിച്ചെന്നു ചാടിപ്പിടിച്ചു വിളിച്ചു കൂവി ...
""മ്മാ ...മാഞ്ഞ ""( ങ്ങ യാണോ ഞ്ഞ യാണോന്ന് ഇതേവരെ അവനു പിടികിട്ടിയിട്ടില്ല ,
അവൻ പറയുന്നത് കേട്ടാലെനിക്കും )

ദോശത്തവയിൽ തട്ടി ഹൃദയത്തിനു പൊള്ളി !!
എന്തു പറയും ?
ഗോവക്കാരിയുടെ മടമ്പുയർന്ന ചെരിപ്പിന്റെ ശബ്ദം കേട്ടു ....
അവരെന്തു കരുതും ??

കുഞ്ഞനു നേരെ കണ്ണുരുട്ടി ഹൃദയം രക്ഷപ്പെടാനൊരു പാഴ്ശ്രമം
നടത്താനൊരുങ്ങി ...
പക്ഷെ ഹൃദയത്തെ തോല്പ്പിച്ചു കുഞ്ഞുണ്ണി പറഞ്ഞു ....
""സായല്ലമ്മാ ....നിക്ക് വേണ്ട ...കിമീടതല്ലേ ...""
(കിമി - ഗോവക്കാരിയുടെ കുഞ്ഞിപ്പെണ്ണ്‍ )

മാമ്പഴം തിരികെ വച്ച് അവൻ ഉടുപ്പിൽ കുഞ്ഞിക്കൈ തുടച്ചപ്പോൾ
ഹൃദയത്തിന് ദോശത്തവച്ചൂട് !!
വൈലോപ്പിള്ളിയുടെ മാമ്പഴം ആദ്യമായി വായിച്ചു കരഞ്ഞ
പെണ്‍കുട്ടിയായി ഹൃദയം !

ഇന്നുച്ചയ്ക്ക് സൂപ്പർ മാർക്കറ്റിൽ നിന്ന് രണ്ടു മാങ്ങ വാങ്ങി
(ഇവിടെ പഴങ്ങൾ എണ്ണി വാങ്ങാം ..സാമ്പത്തികത്തിനും ആരോഗ്യത്തിനും നല്ലത് ...)
റൂമിലെത്തി മുറിച്ചു കൊടുക്കുമ്പോൾ
കുഞ്ഞന്റെ കണ്ണുകൾ തെളിഞ്ഞു ചിരിച്ചു ...
മാമ്പഴക്കൊതിച്ചിയമ്മക്കണ്ണുകൾ നിറഞ്ഞു ...
പഴയ ചില അമ്മക്കഥകളോർത്ത്‌ !!

ട്യൂഷനെടുത്തു ട്യൂഷനെടുത്ത് (ലോകത്തെവിടെ ചെന്നാലും മലയാളികൾ കാണുമെന്നു പറഞ്ഞ പോലെ )
എവിടെച്ചെന്നാലും ഏതെങ്കിലും ശിഷ്യരുണ്ടാവുന്ന
എന്റെ അമ്മയെന്ന കണക്കു ടീച്ചർ ...

അന്നത്തെക്കാലത്ത്‌ കിട്ടാക്കനിയായ ഗൾഫ്‌ മുട്ടായികൾ
ശിഷ്യർ സമ്മാനിക്കുമ്പോൾ
പത്രക്കടലാസിൽ പൊതിഞ്ഞു ഞങ്ങൾക്കു  വേണ്ടി
മാറ്റി വയ്ക്കുന്ന അമ്മ .
ഞങ്ങൾ മുട്ടായി നുണയുമ്പോൾ ""ഇത് അമ്മയ്ക്ക് "' എന്ന പങ്കു വയ്ക്കലിന്
""വേണ്ട , എനിക്കിത്ര മധുരം ഇഷ്ടമല്ലെന്ന "" മറുമൊഴി ....

പഴയ ശിഷ്യർ കാണാനെത്തുമ്പോൾ സമ്മാനിക്കുന്ന
പഴങ്ങൾ കഴുകി മുറിച്ച് ഞങ്ങൾക്കു വേണ്ടി മാറ്റി വയ്ക്കപ്പെട്ടു ...
സന്തോഷത്തോടെ കഴിക്കുമ്പോൾ ""അമ്മയ്ക്കോ "" എന്ന ചോദ്യത്തിന്
""എനിക്കിതൊന്നും അത്ര ഇഷ്ടമല്ലെന്ന ""മറുപടി ....

വല്ലപ്പോഴും വാങ്ങുന്ന ""നല്ല മീൻ ""ഒന്നിച്ചു കഴിക്കാനിരിക്കുമ്പോൾ
കഷണങ്ങളെല്ലാം  ഞങ്ങളുടെ പ്ലേറ്റിലിട്ട്
""എനിക്ക് തലയാണിഷ്ടം "" എന്ന് ചിരിക്കുന്ന അമ്മ ....

കൊതി പറഞ്ഞു പറഞ്ഞ് ഇടയ്ക്കു വാങ്ങപ്പെടുന്ന ബേക്കറി പലഹാരങ്ങൾ .....
പലപ്പോഴും ""എനിക്കു വേണ്ട നിങ്ങളെടുത്തോ "" എന്ന വാക്കിൽ
വയറു നിറഞ്ഞിരുന്നു ....!!

അങ്ങനെയെത്രയോ മാറ്റി വയ്ക്കലുകൾ .....

അടുത്തിടെ നല്ല പാതി കൊടുത്തയച്ച ""ഗൾഫു മുട്ടായി ""
ഇറങ്ങിയും കയറിയും നുണയുന്ന അമ്മക്കാര്യം പറഞ്ഞു അനിയത്തി ....
പിടികൂടിയേക്കാവുന്ന ""ഷുഗറിനെ ""ച്ചൊല്ലി
ഫോണിൽ അമ്മയെ ശാസിച്ചപ്പോൾ
ഹൃദയം തിരിച്ചറിഞ്ഞില്ല , അമ്മയ്ക്കു ""മുട്ടായി "" ഇഷ്ടമെന്ന് !!!

""വയറു കാണാൻ "" വന്ന ബന്ധുക്കൾ കൊണ്ട് വന്ന
ബേക്കറിപ്പലഹാരങ്ങളിൽ നിന്ന്
മധുരം , എണ്ണമയം ( ഷുഗർ , കൊളസ്ട്രോൾ )എന്നൊക്കെ തരം തിരിച്ച്
അമ്മക്കയ്യിൽ നിന്ന് ചിലതു വാങ്ങിത്തിരികെ വച്ചപ്പോഴും
ഹൃദയമോർത്തില്ല... അമ്മയ്ക്കു ചില പലഹാരങ്ങൾ  പ്രിയമെന്ന് !!!

കഴിക്കേണ്ട , കഴിക്കണ്ടാത്ത പഴങ്ങളുടെ എണ്ണം
അക്കമിട്ടു പറഞ്ഞു പഠിപ്പിക്കുമ്പോഴും
പഴയ ചില മാറ്റിവയ്ക്കലുകളോർത്തില്ല !!!

ഒക്കെയോർത്തെടുത്തതിന്നാണ് ...!
മാമ്പഴക്കൊതി മറന്ന ഹൃദയം
കുഞ്ഞൂട്ടനെ മാമ്പഴം മുഴുവൻ കഴിപ്പിയ്ക്കുമ്പോൾ !!!

നെഞ്ചിലൊരു പഴയ ദോശത്തവച്ചൂടു തണുത്തുറഞ്ഞു  കണ്‍കോണിൽ പൊടിഞ്ഞു ....
പിന്നെയതു ചാലിട്ടൊഴുകി നിന്നത്
വലത്തോട്ടു ചരിഞ്ഞിടറിത്തുടങ്ങിയ അമ്മപ്പാദങ്ങളിൽ !!!