ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday, 26 July 2017

നുണകളുണ്ടാവുന്നത്

നമ്മളിലൊരാൾ പറയുന്നത് കളവാണ് .
എന്റെ നുണ നിനക്ക് നേരും - തിരിച്ചും - ആയിരിക്കുന്നിടത്തോളം കാലം
നമ്മളീ നുണ നുണയും .
പാതിരാപ്പേക്കിനാവിലലറിയെണീറ്റു നീയുച്ചരിച്ചതെന്റെ 
പേരല്ലെന്നു നീയും
പകൽപ്പാതിയുറക്കത്തിൽ പിറുപിറുത്ത് വെറുത്തതു നിന്റെ പേരല്ലെന്നു ഞാനും
നമ്മൾ നേരു പറയുന്നു
ജാലകവക്കിൽ വാക്കുമുറിഞ്ഞു പുറംതിരിഞ്ഞത്
അവഗണനയുടെ ജനൽക്കാഴ്ചയല്ലെന്നു ഞാനും
കാഴ്ചകൾ മടുത്തിട്ടല്ല കേൾവിപ്പടിയടച്ചതെന്നു നീയും
നമ്മൾ നേരു മാത്രം പറയുന്നു .
വിളർത്ത പകലുകളിൽ കനവുകണ്ടടിയുന്ന
തീരങ്ങൾ കണ്ടെടുത്തത്
നിന്റെ ശംഖുമനസ്സെന്നു ഞാനും
ശംഖിനുള്ളിൽ അലയടിച്ചാർത്ത കടലൊച്ച
എന്റെ ഹൃദയതാളമെന്നു നീയും
നമ്മൾ പറയുന്നത് നേരാണ് .
നെഞ്ചു നീറ്റുന്ന നേരിന്റെ നുണനോവുകൾ

No comments:

Post a Comment