ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Thursday, 7 February 2019

നിനക്കുള്ള കത്തുകൾ - ഭൂമിയിൽ നിന്ന് നക്ഷത്ര ദൂരം താണ്ടുന്നൊരു വായനാനുഭവം

അന്ന  അഹ്മത്തോവ വാക്കുകളാൽ വരച്ചിട്ട മഴ ,
എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന വെട്ടുക്കിളി കൂട്ടങ്ങളെപ്പോലെയാണ് !
സന്ധ്യയുടെ തണുപ്പിൽ പവിഴമല്ലിച്ചുവട്ടിലെ ഓറഞ്ചുമുത്തുകൾക്കു മീതെ അലസമായിരുന്ന് വായിക്കാനെടുത്ത ജിജിയുടെ പുസ്തകം - നിനക്കുള്ള കത്തുകൾ - അതിലെ പ്രണയം പൊടുന്നനെ ഒരു പ്രണയപ്പെരുമഴക്കാലമോർമ്മിപ്പിച്ചുകൊണ്ട് എന്നിലാർത്തലച്ചു പെയ്യാൻ തുടങ്ങി .
ഇടയ്ക്കിടെ ,മഴത്തണുപ്പാണ്‌ പെണ്ണേ മരണത്തിനുമെന്നെന്റെ കൈത്തണ്ടയിലെഴുതി എങ്ങോ മാഞ്ഞുപോയ മറ്റൊരുവനെയോർത്തു .
വെയിലാർന്ന പകലിന്റെ ചൂടും മഴപെയ്തരാവിന്റെ തണുപ്പുമുള്ള
പ്രണയവിരൽത്തുമ്പുകളുടെ നേർമ്മ എന്റെ കൈത്തണ്ടയിൽ വീണ്ടും..

ഞാൻ എന്നിൽനിന്നൂർന്നിറങ്ങി , പഴയകൗമാരക്കാരിയായി ,
ആകാശനീലിമനെയ്ത പാട്ടുപാവാടയുടുത്തു മുടിപിന്നിയിട്ടു ചുവന്ന പൊട്ടുതൊട്ടു .

ആത്മാവിന്റെ ഭാഗമായ ഒരു പ്രണയത്തെ അടയാളപ്പെടുത്തുക എളുപ്പമല്ല .
അങ്ങനെയൊരുപ്രണയത്തിനിടയിൽ  ഏകാന്തവാസം അനുഭവിച്ച ഒരുവൾക്ക് !
ജിജി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് അവളുടെ പപ്പുവിനും
വന്നതും വരാനിരിക്കുന്നതുമായ എല്ലാ പ്രണയങ്ങൾക്കുമാണ് .
അവൾക്കു പറയാൻ പ്രണയം മാത്രമേയുള്ളൂ .

പലനിറങ്ങളിൽ ,പല ഗന്ധങ്ങളിൽ ,വിചിത്രാകൃതികളിലുള്ള
മെഴുകുതിരികൾ ശേഖരിച്ച് , രാത്രിയിൽ കിടപ്പുമുറിയുടെ ഓരം ചേർന്ന്
ജനലരികിലിട്ട മേശമേൽ കത്തിച്ചു വയ്ക്കുന്നത് ഹരമായിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക് .
ഒരു ഓജോ ബോർഡ് കഥയിൽ തുടങ്ങിയ മെഴുകുതിരി പ്രേമം .
റോസ് ,വാനില ,ലാവണ്ടർ മണങ്ങൾ അക്കാലങ്ങളിൽ എന്റെ മുറിയിലൊഴുകി നടന്നു .
പുതിയ മെഴുകുതിരി ഗന്ധങ്ങൾ തേടി ആർച്ചീസ് യാത്രകൾ പതിവായി .
മെഴുകുതിരി വെട്ടത്തിൽ ,ചില്ലു ജനലിൽ പ്രതിഫലിച്ച നിഴലുകളെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ പേരുവിളിച്ച് ഒരു കൗമാരക്കാരിയുടെ സംഘർഷഭരിതമായ ജീവിതം എത്രമാത്രംദുരിതപൂർണ്ണമാണെന്ന് ഞാൻ കണ്ണീരൊഴുക്കി പ്പറഞ്ഞു .
അടുത്തിടെ ഫോർവേഡ് ചെയ്തുകിട്ടിയ തമിഴൻ മന്ത്രവാദിയുടെ വീഡിയോയിൽ ഡോകട്ർ പറഞ്ഞതുപോലെ മെഴുകുതിരിനാളത്തിലേയ്ക്ക് കുറച്ചുനേരം ഇമയനക്കാതെ നോക്കിയിരുന്നാലുണ്ടാകുന്ന വിഭ്രമം എന്നെയും പിടികൂടിയിരുന്നിരിക്കാം .

അങ്ങനെയൊരു രാത്രിയിൽ പൊടുന്നനെ ഞാൻ ചില കഥാപാത്രങ്ങളെ മെനയാൻ തുടങ്ങി .എന്റെ മാത്രം പ്രണയത്തിനായി കാത്തിരിക്കുന്ന എന്റെ മാത്രം കാമുകന്മാർ .
നിനക്ക് ,എന്ന സംബോധനയോടെ അവർക്കായി ഞാനെന്തൊക്കെയോ ഡയറിയിൽ കുത്തിക്കുറിച്ചു . അന്ന് തലയിലുദിച്ച പൊട്ടത്തരങ്ങൾ !
ജിജിയുടെ കത്തുകൾ എന്നെ എന്നോ മറവിയിലാണ്ടുപോയ ആ രാവുകളിലേക്കെത്തിച്ചു .
ഒരു കൗമാരക്കാരിയുടെ ഉത്സാഹത്തോടെ കാൽപ്പെട്ടിക്കുള്ളിലിട്ടു പൂട്ടിയ ഡയറിയോർമ്മകൾ ഞാൻ പുറത്തെടുത്തു നോക്കിയിരുന്നു .

ജിജിയുടെ ജീവിതത്തിലെ മെഴുകുതിരി വെട്ടങ്ങൾ എന്റെ പ്രണയത്തിന്റെ പഴയചില ഏടുകളിലേക്കു കൂടിയാണ് വെളിച്ചമായത് .
ജിജിയുടെ വാക്കുകളിൽ പറഞ്ഞാൽ
"പാതിയുണർന്നും പാതിയുറങ്ങിയും ഉരുകിത്തീർന്ന മെഴുകുതിരികൾക്കിടയിൽ കാത്തിരിക്കുന്ന ഒരിക്കലും മടുക്കാത്ത ഒരു പ്രണയം നൽകുന്ന ചിലയോർമകൾ "

"നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു എന്ന " ജിജിയുടെ ചിന്തയിൽ നിന്ന് എന്റെ ഹൃദയം കണ്ടെത്തിയത് ഒരിക്കലും പൂക്കാത്ത ഒരു മരത്തിന്റെ ഓർമ്മ കൂടിയാണ് .

പുസ്തകപ്പാതിയെത്തുമ്പോഴേക്കും ഓർമ്മകളുടെ തള്ളിച്ചയിൽ എനിക്ക് ശ്വാസം മുട്ടി ! മുന്നോട്ടു വായിക്കാൻ  അശക്തയായി, പ്രണയത്തിനു പുറംതിരിഞ്ഞുനിന്ന് ഞാൻ പുസ്തകമടച്ചു . പിന്നെയതിന്റെ ഭ്രമാത്മകതയിൽ നിന്ന് മുക്തയായി പാതിരാവിൽ വീണ്ടും പുസ്തകം വായിക്കാനെടുത്തു .

"പാട്ടുകളിൽ നിന്ന് പാട്ടുകളിലേയ്ക്ക് ഊളിയിട്ട പ്രണയം " ഹൃദയത്തിലൊരു പാട്ടിന്റെ "റോസാപ്പൂ "വിരിയിച്ചു .
ഭയപ്പെടുത്തുകയും അതിശയിപ്പിക്കുകയും കഠിനമായി വേദനിപ്പിക്കുകയും ചെയ്ത ജിജിയുടെയും പപ്പുവിന്റെയും പ്രണയോന്മാദങ്ങൾ !

"നിറയെപ്പൂത്ത നാഗലിംഗമരങ്ങൾ "കണ്ണടച്ചോർക്കാൻ തുടങ്ങുമ്പോഴേയ്ക്കും നെഞ്ചിൽ അലച്ചു പെയ്യുന്ന പ്രണയം .
"അടിവയറ്റിൽ നിന്ന് തീ പാറിക്കുന്ന പ്രണയം "

ജിജി വാക്കുവരകളാൽ ചിത്രം വരച്ചിരിക്കുന്ന , നമ്മെ പ്രണയത്തിന്റെ ഇന്ദ്രജാലലോകത്തെത്തിക്കുന്ന "നിനക്കുള്ള കത്തുകളിൽ " പലതും അവസാനിക്കുന്നത് പപ്പുവിനോടുള്ള ചോദ്യങ്ങളിലാണ് .
ഒന്നിന്റെയും ഉത്തരം പ്രതീക്ഷിക്കാതെ ,
പ്രണയത്തിന്റെ ഉമ്മകളും വാത്സല്യത്തിന്റെ ഉരുളകളും
കരുതിവച്ചു കാത്തിരിക്കുന്നൊരുവൾ !

പപ്പുവിനൊപ്പം ജിജി നടന്നു തീർത്ത ദൂരങ്ങൾ ,"കടും പച്ചക്കാട്ടിൽ ഒരു ചുവന്ന പൂവെന്നപോലെ "നിറമാർന്ന അവളുടെ പ്രണയം ..അവയൊക്കെയും എന്നെ ഒരേസമയം സംഭ്രമിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു .

പാതിരകഴിഞ്ഞ ആ നേരത്ത് ,പെണ്ണേയെന്നൊരു നെടുവീർപ്പോടെ
ഞാനവളുടെ നമ്പർ ഡയൽ ചെയ്യാനെടുത്തു .എനിക്കവളെ ആ നിമിഷം കാണണമെന്നും കെട്ടിപ്പിടിച്ചു തുരുതുരെ ഉമ്മ വയ്ക്കണമെന്നും
ഉറക്കെയുറക്കെ കരയണമെന്നും തോന്നി . ഒരർദ്ധബോധത്തിലായിരുന്നു ഞാൻ ! പിന്നെ രാക്കാറ്റിലടഞ്ഞ  ചില്ലുജനാലയുടെയൊച്ചയിൽ സ്വബോധം വീണ്ടെടുത്ത് ഞാൻ വെറുതെ ചിരിച്ചു .

ഒടുക്കം " നിനക്കുള്ള കത്തുകൾ " വായിച്ചു മടക്കി ,
ഉറക്കമില്ലാത്ത മറ്റൊരു രാത്രിയ്ക്കു കാവലിരുന്നു .💜




Tuesday, 8 January 2019

മരുപ്പച്ചകൾ എരിയുമ്പോൾ - വായനാനുഭവം

ഞങ്ങളുടെ നാട്ടിൽ വലിയൊരു വീടുണ്ടായിരുന്നു .നാട്ടുകാർ പേർഷ്യക്കാരന്റെ വീട് എന്ന് വിളിച്ചുപോന്ന ഒരു വീട് .പല മേൽവിലാസങ്ങൾക്കും ലാൻഡ്‌മാർക്കായി ആ വീട് തലയുയർത്തി നിന്നു . അവിടത്തെ ഇളയമകൻ -സിനിമാനടൻ റഹ്മാന്റെ മുഖഛായയുള്ള എന്റെ ബാല്യകാല സുഹൃത്ത് -ഇടയ്ക് എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയിരുന്നു .ബ്രൗൺ നിറത്തിലുള്ള പതുപതുത്ത സിംഹപ്പാവയുടെ മേൽ ഞങ്ങൾ സവാരി ചെയ്തു ."ഒരു മധുരക്കിനാവിൻ ലഹരിയിൽ "എനിക്ക് പഠിപ്പിച്ചു തന്നത് ആ ചേട്ടനാണ് .ആൺമക്കൾ മാത്രമുള്ള ആ വീട്ടിൽ എല്ലാവരും എനിക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം തന്നിരുന്നു . പാവകൾ നിറഞ്ഞ ഷെൽഫും കയറിച്ചെല്ലുമ്പോൾ തന്നെ മൂക്കു പിടിച്ചെടുക്കുന്ന വിദേശ മണവും ഒക്കെക്കൂടി ആ വീട് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായിമാറി .പേർഷ്യ എന്നാൽ ഒരു വൻ സംഭവം തന്നെയെന്നും എനിക്കും ഒരിക്കൽ പോണമെന്നും ഞാൻ മനസ്സിൽ കുറിച്ചിട്ടത് അക്കാലത്താണ് .

ചെറിയപെരുന്നാളിന്‌ നെയ്ച്ചോറും ഇറച്ചിക്കറിയും കൊഴുക്കട്ട പെരുന്നാളിന് (മുഹറം ആണെന്നാണോർമ്മ ) കൈവിരലുകൾ പതിഞ്ഞ കുഞ്ഞു മധുരക്കൊഴുക്കട്ടകളും വലിയ പെരുന്നാളിന് അരിപ്പത്തിരിയും മട്ടൺ കറിയും പായസവും പൂപ്പാത്രങ്ങളിലേറി വർഷങ്ങളോളം മുടങ്ങാതെ എന്റെ വീട്ടിലെത്തി . ഞങ്ങളുടെ നാട്ടിൽ നിന്ന് ആദ്യമായി പേർഷ്യയിൽ പോയ ആളാണ് എന്റെ ബാല്യകാലസുഹൃത്തിന്റെ അച്ഛൻ എന്ന് കേട്ടിരുന്നു .ആളൊരു സംഭവം തന്നെയെന്ന് ഞാൻ ആരാധനാപൂർവ്വം ഓർത്തിരുന്നു . ക്ലാസ്സിൽ എന്നോടൊപ്പം ഇതുപോലെ പേർഷ്യാക്കാരുടെ മക്കൾ ഒരുപാടുണ്ടായിരുന്നു .അധ്യാപകനായിരുന്ന അച്ഛനമ്മമാർക്ക് ശിഷ്യരായും പേർഷ്യാക്കാരുടെ മക്കൾ ധാരാളം . അവരുടെയൊക്കെ അച്ഛന്മാർ വരുമ്പോൾ കിട്ടിയിരുന്ന ചെറിയ പൊതിയിലെ പേനയും പെൻസിലും സോപ്പും ഒരു പിടി ഡ്രൈ ഫ്രൂട്സും ചോക്ലേറ്റുകളും പേർഷ്യ എന്ന സ്വപ്നം എത്താക്കൊമ്പത്തെ മുന്തിരിയാണെന്ന് എന്നെ നിരാശപ്പെടുത്തിക്കൊണ്ടേയിരുന്നു . കൂട്ടുകാർ തലയിൽ അണിഞ്ഞു വന്നിരുന്ന പാവക്ലിപ്പുകളും പൂ സ്ലൈഡുകളും എന്നെ അതിഭയങ്കര നിരാശയിലാഴ്ത്തി .എന്റെ എണ്ണ മെഴുക്കു നിറഞ്ഞ ചുരുണ്ട മുടിയൊതുക്കാൻ പാടുപെട്ട ചുവന്ന റിബ്ബണും തുരുമ്പെടുത്ത സ്ലൈഡും എന്നെ ലജ്‌ജിപ്പിച്ചു .
അങ്ങനെയിരിക്കെ  കേട്ടൊരു പരദൂഷണ വർത്തമാനത്തിലാണ് പേർഷ്യ എന്റെ മനസ്സിൽ ഭയം വിതച്ചത്  . പേർഷ്യയിൽ ജയിലിൽ കിടക്കേണ്ടി വന്ന അച്ഛന്റെ ഒരു സുഹൃത്തിന്റെ അവസ്ഥ എന്നെ അമ്പരപ്പിച്ചു .ഒന്നിന് പിന്നാലെ ഒന്നെന്നവണ്ണം വീണ്ടും സുഖകരമല്ലാത്ത പേർഷ്യൻ കഥകൾ കേൾക്കാൻ തുടങ്ങി . ഒരു പേർഷ്യക്കാരന്റെ ഭാര്യ ഒളിച്ചോടിപ്പോയതുൾപ്പെടെ കഥകൾ നീണ്ടു .അങ്ങനെ വർഷങ്ങൾക്കു ശേഷം ഭർത്താവിനൊപ്പം പ്രവാസ ജീവിതം തുടങ്ങുമ്പോൾ എന്താണ് ശരിക്കും പ്രവാസം എന്നത് പിടികിട്ടുകയും ചെയ്തു .പക്ഷെ ഇന്നും ആ പഴയ പേർഷ്യൻ മണം എന്നെ മത്തുപിടിപ്പിക്കാറുണ്ട് .പ്രവാസം തുടങ്ങിയശേഷം ഒരിക്കൽപ്പോലും എന്റെ മൂക്കിൻതുമ്പിന് ആ മണം പിടിച്ചെടുക്കാനായില്ലെന്നത് അമ്പരപ്പിക്കുന്ന സത്യം  .നാട്ടിലേയ്ക്കുള്ള പെട്ടി കെട്ടുമ്പോഴൊക്കെ പോലീസ് നായയെപ്പോലെ ഞാനാ മണം തെരഞ്ഞു നടക്കാറുണ്ട് .ഒരുപക്ഷേ ഇനിയൊരിക്കലും അതെന്നെ തേടിയെത്തില്ലായിരിക്കാം .

ശ്രീ പ്രവീൺ പാലക്കീലിന്റെ മരുപ്പച്ചകൾ എരിയുമ്പോൾ എന്ന നോവൽ വായിക്കുമ്പോൾ ഈ പഴയ കഥകൾ ഞാൻ വീണ്ടുമോർത്തു .എൺപതുകളിലെ ഗൾഫ് നാടുകളിലെത്തിയ മലയാളിയും രണ്ടായിരത്തിൽ പ്രവാസം തുടങ്ങുന്നവനും തമ്മിൽ അജഗജാന്തരമുണ്ട് . കാരണം പത്തേമാരിയിൽ മമ്മൂട്ടി പറയുന്ന പോലെ നമുക്കൊക്കെ നടക്കാൻ വേണ്ട വഴി മുൻപേ പോയവർ തെളിച്ചിട്ടിട്ടുണ്ട് . മാമ്പഴക്കാലം സിനിമയിൽ മോഹൻലാൽ പറഞ്ഞതും ഇതിൽ ചേർത്ത് വായിക്കേണ്ടി വരും .പണ്ടൊക്കെ പതിനെട്ടും ഇരുപതും വയസ്സിൽ പ്രവാസം തുടങ്ങി വീടും വീട്ടുകാരുമൊക്കെ നന്നായി അൻപതാം വയസ്സിൽ ഷുഗറും കൊളസ്ട്രോളും പിടിച്ചു നാട്ടിലെത്തുമ്പോ ഇരിക്കാൻ ഉമ്മറത്തൊരു ചാരുകസേരയിട്ടു തരും .അതില് ബാക്കി ജീവിതം തീരും .ഇപ്പോഴത്തെ കുട്ടികൾ കുറച്ചുകൂടി പ്രാക്ടിക്കൽ ആണ്. വിസയെടുത്തു ഭാര്യേം മക്കളേം കൊണ്ടു പോകും .പിന്നെ പേരക്കുട്ടികളെ ഒരുനോക്കു കാണാൻ അച്ഛനും അമ്മയ്ക്കും ഫോട്ടോ അയച്ചു കൊടുക്കും . ഏതു രീതിയിൽ നോക്കിയാലും പ്രവാസം സങ്കടകരമാണ് .അങ്ങനെ കാച്ചിക്കുറുക്കിയ കുറെ സങ്കടങ്ങൾ പ്രവീൺ നോവലിൽ വരച്ചിട്ടിട്ടുണ്ട് .

ഒരു മനുഷ്യന്റെ ജീവിതത്തിൻെറ തുടക്കം മുതൽ ഒടുക്കം വരെ, അയാളുടെ പ്രണയവും പ്രതീക്ഷകളും അനുഭവങ്ങളും സൗഹൃദങ്ങളും അയാളുടെ വാർദ്ധക്യ ചിന്തകളും വരെ
ലളിതമായൊരു കഥയായി   സാഹിത്യത്തിന്റെ വളച്ചുകെട്ടലുകൾ ഏതുമില്ലാത്ത ഭാഷയിൽ പ്രവീൺ നമുക്ക് പറഞ്ഞു തരുന്നു . ഈ നോവൽ വായിച്ചു പോകുമ്പോൾ അമ്പരന്നത്  ഇപ്പോഴും ഗ്രാമത്തിന്റെ ഗൃഹാതുരതയാർന്ന ഓർമ്മകൾ മനസ്സിൽ പേറുന്ന പ്രവാസികളുണ്ടല്ലോയെന്നാണ് .നാട്ടിൽ വരുമ്പോഴൊക്കെയും നാടു മാറിപ്പോയി എന്ന് അതിശയം പറയുന്ന ഭർത്താവിനെ അന്നേരമോർത്തു.ഇതേ ഗൃഹാതുരത തന്നെയല്ലേ ഓരോ വരവിനും ഒരേ ഡയലോഗ് പറയിക്കുന്നതെന്ന് ചിന്തിച്ചു .

നോവൽ വായിച്ചു പോകുമ്പോൾ രാധാകൃഷ്ണൻ എന്ന മനുഷ്യൻ ചില നേരങ്ങളിൽ പ്രവീൺ തന്നെയാണോ എന്ന് തോന്നിപ്പോകും .ഒരൽപം ആത്മകഥാംശം നോവലിന്റെ ആദ്യ പകുതിയിൽ കടന്നു വന്നിട്ടില്ലേ എന്നൊരു സംശയം . വർഷങ്ങൾക്കു മുൻപേ മനസ്സിൽ രൂപപ്പെട്ട ഒരു കഥ പ്രവാസത്തിന്റെ ശ്വാസം മുട്ടലുകൾക്കിടയിൽ നിന്നുകൊണ്ട് അത് ഒരു നോവലായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കാൻ പ്രവീൺ അനുഭവിച്ച സംഘർഷങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതു കൊണ്ട് തന്നെ എഴുത്തുകാരനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു .ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എഴുത്തും വായനയും കൈമോശം വരാതെ   സൂക്ഷിക്കുവാൻ എന്റെ പ്രിയ സുഹൃത്തിനു കഴിയട്ടെ . മരുപ്പച്ചകൾ വീണ്ടും തളിർക്കട്ടെ .😍


എന്റെ വായന -2018

രണ്ടായിരത്തിപ്പതിനെട്ട് പൊതുവെ വായന കുറഞ്ഞ വർഷമായിരുന്നു .
ആഴത്തിലുള്ള വായന കുറവായിരുന്നു .മാത്രമല്ല ഞാൻ വരികൾക്കിടയിലെ വായന ഇടയ്ക്കു മറന്നു പോയി  ചില പുസ്തകങ്ങളാവട്ടെ  വരികൾക്കിടയിൽ വായിക്കാനല്ല ,വരികൾ തന്നെ വിട്ടു വായിക്കേണ്ടി വന്നുവെന്ന് പറയേണ്ടി വരും . വായനയിൽ മടുപ്പു തോന്നിയ ഒരു വർഷം എന്ന് തോന്നിപ്പോവുകയും ചെയ്തു .പിടിച്ചിരുത്തി വായിപ്പിച്ച പുസ്തകങ്ങൾ കുറവായിരുന്നു .എന്തായാലും എന്റെ വായനയിൽ ഇടം പിടിച്ചത് ദാ താഴെയുണ്ട് :(പുസ്തകം , എഴുത്തുകാരൻ / എഴുത്തുകാരി - പബ്ലിഷർ എന്ന ക്രമത്തിൽ )

1 . A Taste  of Well being - Isha Yoga Centre -(Harper Collins publishers )
2 . ആവിലായിലെ സൂര്യോദയം - എം മുകുന്ദൻ (DC ) (പുനർവായന )
3 . ചാവേറുകളുടെ പാട്ട് - ബാബു കുഴിമറ്റം (DC )
4 . മൗണ്ട് ഫ്യൂജിയിലെ ഒച്ച് - ഹണി ഭാസ്കരൻ (സൈകതം )
5 . ആലാഹയുടെ പെണ്മക്കൾ - സാറാ ജോസഫ് (കറന്റ് ബുക്സ് )
6 .ആത്മകഥ - ഓഷോ (DC )
7 . I Too Had a Love Story - രവീന്ദർ സിങ് (പെൻഗ്വിൻ )(പുനർവായന )
8 . ഒരു കടംകഥ പോലെ ഭരതൻ -ജോൺ പോൾ (ഗ്രീൻ ബുക്സ് )
9 . നിഴൽത്തുരുത്ത് - യു എ ഖാദർ (ന്യൂ ബുക്സ് )
10 . അപസർപ്പകം -പ്രശാന്ത് നമ്പ്യാർ (ഗ്രീൻ )
11 . പഴയ പാത ,വെളുത്ത മേഘങ്ങൾ - തിച് നത് ഹാൻ - വിവ:കെ അരവിന്ദാക്ഷൻ (കറന്റ് )
12 . ജെ കൃഷ്ണമൂർത്തി - എം ടി എൻ നായർ (മാതൃഭൂമി ബുക്സ് )
13 . എപ്പോഴാണ് മകൾ മടങ്ങിയെത്തുക - അഷ്ടമൂർത്തി (സൈകതം )
14 . വെളിച്ചപ്പാടിന്റെ ഭാര്യ - രവിചന്ദ്രൻ സി (DC )
15 . നിർവ്വചനങ്ങളില്ലാത്ത പ്രണയം - കാർത്തിക (ഗ്രീൻ )
16 . അനന്തരം - കൈലാസ് നാരായൺ (ഗ്രീൻ )
17 . ലേഡീസ് കൂപ്പെ - അനിത നായർ (DC )(പുനർവായന )
18 .കോഴി -വി കെ എൻ (മാതൃഭൂമി )
19 .മൂന്നാമിടങ്ങൾ - കെ വി മണികണ്ഠൻ (DC )
20 . Adiyogi -The Source of Yoga (സദ്ഗുരു &അരുന്ധതി സുബ്രമണ്യൻ )- Harper collins
21 . വിശുദ്ധ ലിഖിതങ്ങൾ - ജോണി മിറാൻഡ (സീഡ് ബുക്സ് )
22 . നടവഴിയിലെ നേരുകൾ -ഷെമി (DC )
23 . മരുഭൂമിയിലെ ഒട്ടകജീവിതം - പുന്നയൂർക്കുളം സൈനുദീൻ (ഒലിവ് )
24 . റൂമി പറഞ്ഞ കഥകൾ (ഗുരു നിത്യചൈതന്യ യതി - അഷിത ) -ബോധി ബുക്സ്
25 . മാനാഞ്ചിറ - കെ രേഖ (കറന്റ് )
26 . ഉറവ -രമ പൂങ്കുന്നത്ത് (കൈരളി )
27 . സൂര്യകാന്തം - വി എസ് കുമാരൻ (ഗ്രീൻ )
28 . നിരീശ്വരൻ - വി ജെ ജയിംസ് (DC )(പുനർവായന )
29 .പേടിസ്വപ്നങ്ങൾ - സേതു (മാതൃഭൂമി )
30 . The Monk Who Sold HIs Ferrari - റോബിൻ ശർമ്മ ( Harper Collins )
31 . രാത്രികളുടെ രാത്രി - മുട്ടത്തു വർക്കി (Litmus  )
32 . ഫിലോമിനയുടെ പന്നികൾ - മായാ ബാനർജി (ഗ്രീൻ )
33 . When I Hit You - മീന കന്ദസാമി (juggernaut )
34 .നഷ്ടപ്പെട്ടനീലാംബരി - മാധവിക്കുട്ടി (DC )
35 .ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി രാമകൃഷ്ണൻ (DC )
36 . The Wedding - Nicholas Spark (Hachette )
37 . The Zahir - Paulo Coelho (Harper Collins )
38 . മരുപ്പച്ചകൾ എരിയുമ്പോൾ - പ്രവീൺ പാലക്കീൽ (ചിരന്തന )
39 . അസൂറ- കെ ആർ വിശ്വനാഥൻ (ഗ്രീൻ )
40 . നിങ്ങൾ ഞങ്ങൾക്ക് ഭൂമി വിറ്റാൽ (സിയാറ്റിൽ മൂപ്പൻ )- വിവ :സക്കറിയ (DC )
41 . നിനക്കുള്ള കത്തുകൾ -ജിജി ജോഗി (ഗ്രീൻ പെപ്പർ പബ്ലിക്ക )
42 . പൂക്കാതിരിക്കാൻ എനിക്കാവതില്ലേ - പ്രിയ .കെ എസ് ( സൈകതം )
43 . കാറ്റ് പോലെ ചിലത് - പോൾ സെബാസ്റ്റ്യൻ (കറന്റ് )
44 . മീരാമാധവം - ആതിര സന്ദീപ് (സാപ്പിയൻസ് )
45 . ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുവഴികൾ -പി .സുരേന്ദ്രൻ

             വായിച്ചു മടക്കിയവയിൽ ചിലത് അടുത്ത സുഹൃത്തുക്കളുടെ പുസ്തകങ്ങളാണ് .വായനനാനുഭവം എഴുതിയേ മതിയാവൂ .ഈ ലിസ്റ്റ് വായിക്കുന്ന ഗമണ്ടൻ വായനക്കാർക്ക് ചിലപ്പോ പുച്ഛം തോന്നിയേക്കാം കാരണം ചിലപ്പോഴൊക്കെ എന്റെ വായനയുടെ പരിമിതികളിൽ ഞാൻ തന്നെ ചൂളിപ്പോകാറുണ്ട് . എന്നിരുന്നാലും വായന ചില നേരങ്ങളിൽ ജീവശ്വാസമാണ് .  ഉറക്കമില്ലായ്മയുടെ പാതിരാവുകളിൽ കിടപ്പുമുറിയിലെ മെഴുകുതിരിവെട്ടത്തിൽ , കുഞ്ഞിന്റെ നേർക്ക് തിരിച്ചു വച്ച ടേബിൾ ഫാൻ മുരൾച്ചയിൽ , പുറത്തെ ചീവീടൊച്ചയിൽ ഇല്ലാതാക്കപ്പെട്ട നിശബ്ദതയിൽ വായിച്ചു മരിക്കുന്നൊരുവൾക്ക് അതങ്ങനെയാകാതെ വയ്യ ! വായന മരിക്കാതിരിക്കട്ടെ





Friday, 14 December 2018

ചില്ലകൾ

കടപുഴകി വീണിട്ടും 
എന്റെ ഞരമ്പുവേരുകൾ ഭ്രാന്തമായാഴ്ന്നിറങ്ങുന്നത് ,
വിരൽമുളകൾ പൊട്ടി വെയിൽവരതൊടുന്നത് ,
നിനക്കിരിക്കാനൊരു ചില്ലനീട്ടാനാണ് !
നോക്കൂ ,
നിന്റെയൊറ്റച്ചിറക് എന്നോ മാനം നോക്കിപ്പറന്നുവെന്ന്
അവയറിയുന്നതേയില്ല 🖤

വീണ്ടെടുക്കപ്പെടുന്നവ

ഹൃദയത്തിന്റെ ലഹളകൾക്കും സ്വയം കയർക്കലുകൾക്കുമൊടുക്കം മിണ്ടാനൊന്നുമില്ലാതാവുന്ന ഒരവസ്ഥയുണ്ട്
അന്നേരം ഏതോ ബസ്സിന്റെ ജാലകക്കാഴ്ച്ചപോലെയെത്തുന്ന ഓർമ്മകളുണ്ട്
എണ്ണമയത്തൊലി എപ്പോഴും പടർത്തുന്ന കൺ മഷി നനവൂറുന്ന ഓർമ്മകൾ
ചില പാട്ടുകളുടെ അകമ്പടിയിൽ അവയങ്ങനെ മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടേയിരിക്കും
അതിൽ ഒരു പതിനഞ്ചുകാരിപ്പെൺകുട്ടി കന്യാകുമാരിക്കടപ്പുറത്തു നിന്ന് വാങ്ങിയണിഞ്ഞു കിലുക്കിയ ശംഖുവളകൾ മുതൽ ഇരുപത്തി മൂന്നുകാരിയുടെ ആദ്യ കൊച്ചിയാത്രയിലെ തട്ടുദോശ വരെയുള്ള സീനുകളുണ്ടാവും .
തികച്ചും അതിശയിപ്പിക്കുന്നതെന്തെന്നാൽ ഇരുപത്തിനാലിനിപ്പുറം എന്റെയോർമ്മകൾ പാടെ എടുത്തുകളയപ്പെട്ടിരിക്കുന്നു!
എന്നുവച്ചാൽ ഓർമ്മയില്ലായ്മകളുടെ പതിനൊന്നു വർഷം !
എന്റേതെന്ന് അവകാശപ്പെടാവുന്ന മൺനിറച്ചുമരുകളും വെളുത്തു നേർത്ത ജാലകവിരികളും
ചുമരിലെ വെളുപ്പിൽ പിങ്ക് വൃത്തമുള്ള പൂക്കൾ നിറഞ്ഞ മരവും അതിലെ കിളികളും കിളിക്കൂടുകളുമുള്ള മുറിയിൽ പഴയൊരു ചാരുകസേരയിൽ ഓർമ്മത്തൂവാല തുന്നുകയാണ് ഞാൻ !
ഓർമ്മയില്ലായ്മകളുടെ പതിനൊന്നു വർഷങ്ങളിൽ നിന്നും വീണ്ടെടുക്കപ്പെടുന്നവ അത്രയേറെ പ്രിയപ്പെട്ടതാകുന്നു .🖤

നമുക്കും മരിച്ചവരുടെ ശബ്ദങ്ങൾ കേൾക്കാം

ആശുപത്രി വരാന്തകൾ ചില തിരിച്ചറിവുകളുടെയിടങ്ങളാണെന്ന് ഒരുവൾ
ഇത്രയും കാലം ആർക്ക്,എന്തിന് വേണ്ടി ഓടി നടന്നുവെന്നതിന്റെ തിരിച്ചറിവുകൾ !
ഒരു പന്തയക്കുതിരയെപ്പോലെ ഓടിത്തളർന്നു നിങ്ങൾ അവശതയുടെ മറുപേരെന്നപോലെ ബയോപ്സി ടേബിളിന്റെ മരണത്തണുപ്പുറഞ്ഞ സ്റ്റീൽ പിടിയിൽ,
പതറിയ മനോബലക്കൈകളുറപ്പിച്ച് 
ഒരു സൂചിക്കുത്തിനു നേരെ കണ്ണടച്ചു
കിടക്കുമ്പോൾ ഇടയ്ക്കു നോവിച്ചു പിൻവാങ്ങിയ സൂചിത്തലപ്പു തുറപ്പിച്ച കണ്ണുകൾ മാത്രം കണ്ട ,
വിളറിയ ആസ്പത്രി മച്ചിൽ തെളിയുന്ന തിരിച്ചറിവുകൾ !
മച്ച് കണ്ണാടിയാവുന്ന കാഴ്ച ഭീകരമത്രെ .
നിങ്ങളും പിന്നെ നിങ്ങളും മാത്രമാകുന്ന നേരങ്ങളിൽ
കൂടെയോടുന്നുവെന്നു നടിച്ചവരും ,
ഗാലറിയിലിരുന്ന് ആർപ്പുവിളിച്ചവരും
മൂക്കത്തു വിരൽ വച്ച് മാറിനിൽക്കുമെന്നവൾ !
ചെയ്യാനുള്ളത് നിസ്സംഗതയോടെ നേരിടുക മാത്രമെന്ന് അവളാവർത്തിക്കുമ്പോൾ
കണ്ണാടിയ്ക്കിപ്പുറം മൗനമായിരിക്കുക തന്നെ !
ആശ്വസിപ്പിക്കലുകൾ പണ്ടേ അന്യമായ ഹൃദയത്തിനു വേറെന്തു ചെയ്യാനാകും !

"സതീദേവിയും ഒരമ്മയാണ് - കുടിയിറക്കപ്പെട്ടവന്റെ നിലവിളികൾ വായനാനുഭവം

സ്വകാര്യ ബസ് സമരം ഒരു ഉച്ച ,ഉച്ചര,ഉച്ചമുക്കാലോടു കൂടി പിൻവലിക്കും മുൻപ്, തിരുവനന്തപുരം നഗരത്തിലേക്കുള്ള യാത്രയ്ക്കായി ആനവണ്ടി പിടിക്കാനിറങ്ങുമ്പോൾ
ഒച്ചിനെക്കാൾ പതിയെ പോകുന്ന ഒരു സമാന്തര സർവീസിൽ കണ്ടത് -
വളരെക്കുറച്ചു മാത്രം സീറ്റിംഗ്‌ കപ്പാസിറ്റി ഉള്ള ടി വാനിൽ
വാഗൺ ട്രാജഡിയാകുമോ എന്ന് തോന്നിക്കുമാറ് ആളുകളെ കയറ്റാൻ ബദ്ധപ്പെടുന്ന കിളി .
ആദ്യമേ തന്നെ സീറ്റു പിടിച്ച അഹങ്കാരത്തിൽ
ഞാനടക്കമുള്ള ചിലർ .
അക്കൂട്ടത്തിൽ ഇടയ്ക്കു വന്നു കയറിയ ഒരമ്മയും മോളും.
കണ്ടാൽ തോന്നില്ല .രണ്ടുപേരും ഏകദേശം ഒരേ പൊക്കം ഒരേ വണ്ണം .അമ്മയുടെ നെറ്റിയിലെ ഹെഡ് ലൈറ്റും കുട്ടീടെ അമ്മേന്നുള്ള വിളിയും കൊണ്ടേ കാര്യം പിടികിട്ടൂ .
സൈഡിൽ ചരിഞ്ഞിരിക്കുന്ന നീളൻ ഒറ്റസീറ്റിൽ ഇരുന്ന സ്ത്രീയിറങ്ങുമ്പോൾ അവിടെയിരുന്നോളൂ എന്ന് കിളി .തൊട്ടടുത്ത് ഇരുന്നതൊരു പുരുഷനാകയാൽ
അമ്മയുടെ മുഖത്ത് വിഷണ്ണഭാവം.
അവിടെയിരിക്കെന്റെ ചേച്ചീന്ന് നമ്മുടെ കിളിപ്പയ്യൻ!
ഒടുക്കം അമ്മയിരുന്നു .
കയറി വന്നപ്പോ ഒഴിഞ്ഞു കിടന്ന ഒരേയൊരു സീറ്റിന്റെ മറുപാതിയിൽ പുരുഷനെക്കണ്ടു ഒരു വിഷണ്ണതയും കൂടാതെ ഇരുന്ന എന്റെ ഭാവശുദ്ധി !
എന്റെയാ ഇരിപ്പു കണ്ടു കലിപ്പീരു നോട്ടം നോക്കിയ
അമ്മച്ചി ഈ സീൻ എത്തും മുൻപ് ഇറങ്ങിയല്ലോന്ന്
കടുത്ത ഇച്ഛാഭംഗം !
എന്തായാലും മകൾ അമ്മയുടെ അടുത്ത് തന്നെ തൂണും ചാരി നിൽപ്പുണ്ട് .
പെട്ടെന്നാണ് എന്നെ ഞെട്ടിച്ചു കൊണ്ടുള്ള
അമ്മയുടെ മൂവ്മെന്റ് .
ചുമ്മാ ഞൊട്ടയും വിട്ടു നിന്ന മകളെപ്പിടിച്ചു
പുരുഷകേസരിയുടേം അവരുടെയും നടുക്ക് തിരുകിക്കയറ്റി 🙄
(ഒരെലിക്കുഞ്ഞിനിരിക്കാനുള്ള സ്ഥലം പോലുമില്ലെന്നോർക്കണം )
പതിനാലു പതിനഞ്ചു വയസ്സ് വരുന്ന പെൺകുട്ടി അവളുടെ ഇഷ്ടക്കേട് "എന്തോന്നമ്മാ "എന്ന ഒറ്റ ഡയലോഗിൽ പ്രകടിപ്പിച്ചതും അമ്മ കത്തുന്ന നോട്ടം നോക്കിയതും ഒന്നിച്ച് !
അവിടുന്നങ്ങോട്ട് സകല വളവും തിരിവും ബ്രേക്കിടീലുകളും ആ കുട്ടി അയാളുടെ കക്ഷത്തിനിടയിൽപ്പെട്ട തലയിൽ അനുഭവിച്ചറിഞ്ഞു .
(വീണുപോകാതിരിക്കാൻ പുള്ളി മ്മടെ മലമ്പുഴ യക്ഷി മോഡൽ തലയ്ക്കു പിന്നിലൊരു പിടിത്തം പിടിച്ചിരുന്നു )
അയാളുടെ ഷർട്ടിൽ പടർന്ന വിയർപ്പു കറയും
അവളുടെ ഇടയ്ക്കിടെയുള്ള മൂക്ക് ചുളിക്കലും എന്നിലെ അമ്മയെ പൊള്ളിച്ചു .
ഇറങ്ങും മുൻപ് നിങ്ങൾ ഒരമ്മയാണോ എന്നെങ്കിലും ചോദിക്കണമെന്ന് കരുതിയിരുന്നു .പക്ഷെ പാതി വഴിക്ക് അവരിറങ്ങി .ഇറങ്ങുമ്പോൾ തിങ്ങി നിന്ന പുരുഷകേസരികളുടെ ദേഹത്ത് തട്ടി അവരുടെ ചാരിത്ര്യ മുത്തുകൾ പൊഴിഞ്ഞു വീഴുന്നുണ്ടോ എന്ന് നോക്കിയിരുന്നു .😏
ഭാഗ്യം ഒന്നും സംഭവിച്ചില്ല .
ഒരു പുരുഷന്റെയടുത്തിരിക്കണോ വേണ്ടയോ എന്നത് അവരുടെ സ്വാതന്ത്ര്യമാണ്.സമ്മതിക്കുന്നു .
പ്രായപൂർത്തിയാകാത്ത മകൾ അമ്മയ്ക്ക് കൊച്ചുകുട്ടിയാണെങ്കിലും അവൾക്കും അതേ സ്വാതന്ത്ര്യമുണ്ടെന്നു തന്നെയാണ് എന്റെ പക്ഷം .
ഒരുപക്ഷെ അയാളെപ്പോലൊരു മാന്യന്റെ അടുത്തല്ല അവളിരുന്നതെങ്കിൽ
അവൾക്കു നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്കെതിരെ അവൾ പ്രതികരിക്കുമോ ?
പ്രതികരിക്കാൻ അമ്മയുടെ കത്തുന്ന നോട്ടം അനുവദിക്കുമോ ?.
അങ്ങനെ ദേഷ്യവും സങ്കടവും നിറച്ചു ആനവണ്ടിയിൽ കയറിയിരിക്കുമ്പോൾ വായിക്കാനെടുത്തത്
"സതീദേവിയും ഒരമ്മയാണ് " എന്ന പേജാണ് .
അതുവായിച്ചു തീരുമ്പോൾ തലകുനിച്ച് അന്യനായൊരുവന്റെ വിയർപ്പു നാറ്റം സഹിച്ചു വീർപ്പുമുട്ടിയിരുന്ന കൗമാരക്കാരിയെ വീണ്ടുമോർത്തു .
സങ്കടം കൊണ്ടു തലപെരുത്തു 

ആർക്കറിയാം 🤐

ആത്മഹത്യകളെക്കുറിച്ചു വാചാലരാവുന്നവരോട് ....
നിങ്ങളുടെ എഴുത്തുകുത്തുകൾ കുത്തിയിരുന്ന് വായിച്ച് നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് ലൈക്കും സ്നേഹവും വിതറിപ്പോകുന്ന ചിലരുണ്ട് !
പുസ്തകങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വാതോരാതെ വർത്തമാനം പറഞ്ഞിരുന്നവർ !
തികച്ചും അനൗചിത്യമെങ്കിലും നിങ്ങളുടെ ഇരുന്നും കിടന്നുമുള്ള സെൽഫികളിൽ ടാഗ് ചെയ്യപ്പെട്ട് ഹൈഡ് ഫ്രം ടൈംലൈൻ ഓപ്ഷൻ അമർത്തി നിങ്ങളെ മുഷിപ്പിക്കാതെ ഒഴിഞ്ഞുമാറുന്നവർ..
അത്രമേലിഷ്ടമാകുന്ന നിങ്ങളുടെ എഴുത്തുകളിലലിഞ്ഞു മെസ്സേജ് ബോക്സിൽ എഴുത്തു നന്നായെന്ന് മറുപടി പ്രതീക്ഷിക്കാതെ കത്തെഴുതുന്നവർ...
നിങ്ങളുടെ മുഖപുസ്തക സ്റ്റാർഡം തിരിച്ചറിയാതെ അയ്യോ ഇത് നമ്മുടെ ****ല്ലേ എന്ന് പബ്ലിക് ആയി നിങ്ങളെ “ഇൻസൾട് “ചെയ്യുന്നവർ...
നിങ്ങളുടെ ചുവരെഴുത്തുപാടവത്തിൽ മനസ്സുനിറഞ്ഞുമിണ്ടുമ്പോൾ ,
ഓ ...ഞാനങ്ങനെ എല്ലാരോടും മിണ്ടാറില്ലെന്ന മറുവാക്കിൽ ചൂളിചുരുങ്ങി മടങ്ങുന്നവർ .
പിന്നെ പതിയെ ഓ ഇതൊക്കെ ഇത്രേയുള്ളൂ എന്ന് പിൻവാങ്ങുന്നവർ.
ഒരു സുപ്രഭാതത്തിൽ സ്വന്തം ചുവരിൽ നിന്ന് ഉൾവലിയുന്നവർ !
തിരഞ്ഞുതിരഞ്ഞൊടുക്കം ഒന്നുമില്ലായ്മയിലേയ്ക്ക് തിരികെപ്പോകുന്നവർ!
ആത്മഹത്യ എന്ന വാക്കിൽ വഴുതി "എന്നോടൊപ്പമുള്ളവരെന്ന പൊള്ളത്തരത്തിൽ കാലുതെന്നി വീണുമുറിഞ്ഞു ഹൃദയം നീറ്റുന്നവർ !
മരിച്ചുപോയവർക്കിടയിൽ ജീവിച്ചിരിക്കുന്ന അങ്ങനെയും ചിലരുണ്ട് ....
ഉണർവ്വിനും ഉറക്കത്തിനുമിടയിലെ ഇടവേളകളിൽ പലകുറി മരിക്കുന്നവർ .
പലപ്പോഴും "സുഖമല്ലേ " എന്ന ചോദ്യത്തിൽ "സുഖമല്ല"എന്നുത്തരം പറയാൻ നാവു പൊങ്ങാത്ത ചിലർ.
ഉറങ്ങാരാവുകളിലൊന്നിൽ വഴിയേതെന്നു മാത്രം ചിന്തിച്ചു കിടക്കുന്നവരുടെ അടുത്തേയ്ക്കു ഏതുവാക്കുവഴിയാണ് നിങ്ങൾക്കു നടന്നെത്താനാവുക !
ആർക്കറിയാം 🤐

ജീവിതമേ ...നീയെന്തൊക്കെയാണ് എന്നെക്കൊണ്ട് ചെയ്യിക്കുന്നത് 😌


മുപ്പത്താറാം വയസ്സില് കോളേജിൽ ചേർന്ന് പഠിക്കാനും ധൈര്യം വേണമെന്ന് മനസ്സിലഹങ്കരിച്ചതിന്റെ അടുത്ത ദിവസം എൺപത്തിമൂന്നാം വയസ്സിൽ പഠിക്കാൻ തീരുമാനിച്ച അമ്മയുടെ മുഖം പേപ്പറിൽ കണ്ടു ഞെട്ടി !
ഇതൊക്കെയൊരു ധൈര്യമേയല്ല എന്ന് സ്വയം നാണിച്ച് ,അഹങ്കാരത്തിന്റെ പത്തിമടക്കി പോക്കറ്റിലിട്ടു ബാഗുമെടുത്തു കോളേജിലേക്കിറങ്ങി.
(ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ആ അമ്മയുടെ മുഖമാണ് മനസ്സിൽ ) .
ആദ്യത്തെ ദിവസം .പത്തുവർഷം മുൻപ് ഇരുന്നു പഠിച്ച ലോ കോളേജ് ക്ലാസ്സ്മുറിയെ ഓർമ്മിപ്പിച്ചു .
എപ്പോഴും കാറ്റുവീശുന്ന നിറയെ വെളിച്ചമുള്ള ബിഎഡ് കോളേജ് ക്ലാസ്സ്മുറിയോട് വല്ലാത്ത സ്നേഹം
അടുത്തിടെയായി തുടങ്ങിയിരിക്കുന്ന ഓർമ്മക്കുറവ് വില്ലനാകുമോയെന്നു പേടിച്ചു സംവിധായകൻ റോഷൻ ആൻഡ്രൂസിന് നന്ദി പറഞ്ഞു പുസ്തകത്തിൽ ഹരിശ്രീയെഴുതി 😜
സീനിയേഴ്സ് ടീച്ചിങ് പ്രാക്ടിസിനു പോയത് കൊണ്ട് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല .
പതിവ് സെല്ഫ് ഇൻട്രൊഡക്ഷൻ ,ടീച്ചർമാരുടെ വക പരിചയപ്പെടുത്തലുകൾ ,പാട്ടുപാടിക്കൽ ... അങ്ങനെ നല്ലൊരു ദിവസം .
കയറിച്ചെന്ന ഓരോ ക്ലാസ്റൂമുകളും അവിടെ നടന്ന ഓരോ സംഭവങ്ങളും വീണ്ടുംവീണ്ടുമോർത്തു .
എത്ര അപക്വമായാണ് പണ്ടൊക്കെ പ്രശ്നങ്ങളെ നേരിട്ടതെന്ന് മധ്യവയസ്സിന്റെ "മാരക" പക്വതയ്ക്കുള്ളിൽ നിന്നുകൊണ്ട് വെറുതെ അതിശയിച്ചു 😂
ബിഎഡ് ഇന്റഗ്രേറ്റഡ് കോഴ്സ് ആകും മുൻപ് പഠിക്കാനിറങ്ങാൻ തോന്നിയല്ലോ എന്നാശ്വസിച്ചു .
അറബിയോട് മല്ലിട്ട് എന്റെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കുന്ന ,
വർഷങ്ങൾക്കു ശേഷം കിട്ടിയ ക്യാംപസ് ലൈഫ് എൻജോയ് ചെയ്യെടോന്ന് ഫോണിലൂടെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന കെട്ട്യോനെയോർത്ത്
"ദൈവമേ അങ്ങേരൊറ്റയ്ക്ക് ഖുബ്ബൂസും തിന്നു കിടക്കുവാണല്ലോ "ന്ന് സങ്കടപ്പെട്ടു .
അച്ഛന്റടുത്തു പോണ്ടേയമ്മാ ന്നു ഇടയ്ക്കിടെ പരാതിപ്പെടുന്ന കുഞ്ഞിനെ "അമ്മേടെ പഠിത്തം തീരട്ടെ "യെന്നു സമാധാനിപ്പിച്ചു .
അങ്ങനെ 'അമ്മ "പഠിക്കുകയാണ് .
നിറയെ കൗതുകങ്ങളുമായി ,ഒരൊറ്റ ലക്ഷ്യവുമായി
എപ്പോഴും കാറ്റുവീശുന്ന കുന്നിൻമുകളിൽ ക്ലാസ്സ്മുറിയിലിരുന്ന് ..
ജീവിതമേ ...നീയെന്തൊക്കെയാണ് എന്നെക്കൊണ്ട് ചെയ്യിക്കുന്നത് 😌

പെണ്ണിനുമാത്രം വശമുള്ള കല

ഡയറിക്കുറിപ്പ് :
നിങ്ങൾക്കറിയുമോ ?ഓരോ രാത്രിയിലും മരിച്ചുയിർക്കുന്ന ,പെണ്ണിനുമാത്രം വശമുള്ള കലയെക്കുറിച്ച് ?
തികച്ചും അന്യനായൊരുവന്റെ ഉടൽച്ചൂടിൽ പൊള്ളിപ്പിടഞ്ഞ് ,
അവന്റെയുമിനീർഗന്ധങ്ങളിൽ ,അവന്റെയുന്മാദനീരുകളിൽ നീറിക്കഴിയുമ്പോഴും
കൂടുമ്പോൾ ഇമ്പമുള്ളതാക്കിത്തീർക്കേണ്ടുന്ന കലാരൂപത്തിന്റെ ബാധ്യതയും ചുമന്നു അവൾക്കു നേരെ നീട്ടപ്പെട്ട ഭിക്ഷയിൽ ജീവിക്കുന്നവളുടെ മരണം!
കല്യാണരാത്രിമുതലിങ്ങോട്ട് നീണ്ട പന്ത്രണ്ടു വർഷക്കാലമായി താലികെട്ടിയവനാൽ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവളുടെ മരണം !
മരിക്കുവാനല്ല , ഭൂമിയിൽ ജീവിക്കുവാനാണ് ധൈര്യം വേണ്ടതെന്നൊരുവൾ !
------------------------------------------------------------
ചാലയുടെ തെരുവോരങ്ങളിലെ സന്ധ്യാഗന്ധം എനിക്കേറെ പ്രിയപ്പെട്ടതാണ് .
തീർത്തും ഒറ്റയ്ക്കാവണമെന്നു ഹൃദയം ശഠിക്കുന്ന ചിലനേരങ്ങളിൽ കോട്ടയുടെ മറുവശത്ത് എന്റെ ശകടമൊതുക്കി ,താക്കോൽ ചൂണ്ടുവിരലിൽ കോർത്ത് ഞാനിറങ്ങി നടക്കാറുണ്ട് .
അങ്ങനെയിന്നലെ പിച്ചിയും ജമന്തിയും മുല്ലയും മണത്ത തെരുവുപിന്നിട്ട് ,
പിച്ചളപ്പാത്രത്തെരുവ് കടന്ന് ,നെയ്മണമുള്ള മധുരത്തെരുവിലൂടെ ഇപ്പുറം കൊത്തുവാൾ തെരുവിന്റെ എരിവ് ഗന്ധത്തിലേയ്ക്ക് കയറുമ്പോൾ
മുളകുമണവുമായി എതിരേവന്നവളെത്തട്ടി എന്റെ മൂക്കിൻതുമ്പ്‌ നീറി !
പഴയ സഹപാഠികളിൽ പലരും എന്നെതിരിച്ചറിയാറുണ്ടെന്നത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് .
"വല്യ മാറ്റമൊന്നുമില്ലെന്നു "തുടങ്ങുന്ന അവരുടെ സംഭാഷണങ്ങളിൽ "എന്റെ മാറ്റങ്ങൾ "എനിക്ക് മാത്രം കാണാനാകുന്നതെങ്ങനെയെന്ന് ഞാനതിശയിക്കാറുണ്ട് !
കഴുത്തിൽ നിറംമാറിയ മഞ്ഞച്ചരടും പൊന്നിന്റെ തടിച്ചൊരു മാലയും താങ്ങാച്ചുമടായി പേറിയവൾ -മുളകുമണമുള്ളവൾ -പെട്ടെന്ന് തിരിഞ്ഞു നിന്ന്
"അഞ്ജലി "എന്നമ്പരന്നു .
എത്രകൊല്ലായി എന്ന് നെടുവീർപ്പിട്ടു .
ഇന്നലെയുടെ ഏതുവഴിയിലുണ്ടായിരുന്നിവൾ ?എന്നോർത്തെടുത്തപ്പോൾ പിറ്റ്മാൻസിന്റെ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിട്യൂട്ടിൽ കളഞ്ഞിട്ടു പോന്ന മൂന്നുമാസമോർമ്മവന്നു .കൂടെയവളെയും .
ചുരുണ്ടമുടിയും ,മുല്ലപ്പൂവും ,ചൊന്നപൊട്ടും തിളങ്ങുന്ന കുഞ്ഞു മൂക്കുത്തിയും ഓർമ്മവന്നു.അവളുടെചുരുണ്ടമുടിചകിരിമുടിയായതെങ്ങനെയെന്നും എന്റെമുടിയ്ക്കുള്ളിലും പിഴുതുമാറ്റാൻ കഴിയാത്തവണ്ണം ഇത്രയേറെ വെള്ളിമുടിയിഴകളുണ്ടാകുമോയെന്നും ഞാനത്ഭുതപ്പെട്ടു .അവളുടെ നെറ്റിയ്ക്കുമുകളിൽ മുടി വട്ടത്തിൽ കൊഴിഞ്ഞതിനു മുകളിൽ ഒട്ടും ഭംഗിയില്ലാതെ തൊട്ട നെടുനീളൻ സിന്ദൂരം.
അരയിലുറയ്ക്കാതെ തൂക്കിയിട്ട സാരി അവൾക്കൊട്ടും ചേരില്ലെന്നു തോന്നി .പണ്ട് കൃഷ്ണന്റമ്പത്തില് വച്ച് സാരിയുടുത്ത അവളെക്കണ്ടു അസൂയപ്പെട്ടു നിന്നതോർത്തെടുത്തു .(മറ്റുള്ളവരുടെ കുറവുകളിൽ നിന്ന് കണ്ണെടുക്കാൻ എന്നാണ് പഠിക്കുകയെന്ന് അടുത്തനിമിഷം ഞാനെന്നെ ശകാരിച്ചു ).
നീ വാ എത്രനാളുകൂടി കണ്ടതാ .നമുക്കൊരു ചായ കുടിക്കാമെന്നവൾ .ഇല്ലാത്ത തിരക്കഭിനയിക്കാൻ വായിനോക്കി നടക്കുന്ന ഞാൻ പണ്ടേ മിടുക്കിയാണ് .
പക്ഷേ പറഞ്ഞു തീരും മുൻപ് കൈപിടിച്ച് വലിച്ചു കഴിഞ്ഞു . വിനായക ടീസ്റ്റാളിന്റെ എണ്ണമെഴുക്കു പുരണ്ട മേശയിൽ എന്റെ കൈപ്പത്തിമേൽ കൈവച്ചു അവൾ വിശേഷങ്ങൾ ചോദിച്ചു .പിന്നെ ആരെയോ ഫോണിൽ വിളിച്ച് "മില്ലിൽ നല്ല തിരക്കാണ് .താമസിക്കും "എന്ന് ബോധ്യപ്പെടുത്തി .
കാപ്പിയും വടയും വന്നു .നീയിപ്പോൾ ഡാൻസൊക്കെ നിർത്തിയോ എന്നു ചോദിച്ചു ,
പണ്ട് അവൾകാണിച്ചുതന്ന ആൽബത്തിലെ ചിത്രങ്ങളോർത്തെടുത്തു അതേ ചോദ്യം തിരിച്ചു ചോദിച്ചു .ചിരിച്ചുകൊണ്ടവൾ പറഞ്ഞു
"എനിക്കെന്നും ഡാൻസ് തന്നെ ,പാതിരാത്രി പഴയ ഭരതനാട്യചുവടുകൾ ഓർത്തെടുത്തു ഏതോ സ്റ്റേജിൽ ആണെന്ന് കരുതാൻ രസമാണ് .ഭരതനാട്യം നടക്കുന്നത് എന്റെ മേത്താണെന്നു മാത്രം "
പിന്നെ ഇഴപൊട്ടാറായ ചരടിൽ മുറുകെപ്പിടിച്ചു പറഞ്ഞു "ഇത് വീണപ്പോ തുടങ്ങിയതാടീ ".
പിന്നെയവൾ റേഡിയോയായി ,ഞാൻ ശ്രോതാവും .
പറഞ്ഞതിനൊക്കെയും ചോദിച്ചതിനൊക്കെയും മറുപടിയില്ലാഞ്ഞ് തണുത്ത കാപ്പിയിൽ ഈച്ച വീണേക്കുമോയെന്നു ഭയന്ന് ഞാനിരുന്നു .
ഒടുക്കം അവൾ ബാക്കിവച്ചിറങ്ങിപ്പോയ പാടകെട്ടിയ കാപ്പിക്കപ്പു നോക്കി ,അപ്പോൾ തുടങ്ങിയ തലവേദനയ്ക്കുള്ള മരുന്ന് വണ്ടിയിലെ ബോക്സിലുണ്ടാവുമോയെന്ന്‌ ആശങ്കപ്പെട്ടു രാത്രീയിലേക്കിറങ്ങി നടന്നു 😶

ഒരു കാഴ്ചയുടെ അനുഭവം-മശ്‌ഹദ്

സ്വപ്നത്തിൽ അമ്മയുടെ പൊക്കിൾക്കൊടിത്തുമ്പു പിടിച്ച് അവൾ നീന്തുകയായിരുന്നു .പിങ്ക് നിറ വിരലുകൾ ചുരുട്ടിപ്പിടിച്ച കൈപ്പത്തിയോളം മാത്രം വലിപ്പമുള്ള അവളുടെ ഹൃദയം സമാധാനതാളത്തിൽ മിടിച്ചുകൊണ്ടേയിരുന്നു . ഉത്‌സവരാത്രികൾ പോലെ വർണ്ണശബളിമയുടെ അകമ്പടിയില്ലാതെ ഇരുട്ടിലവിടവിടെ ഒച്ചകൾ മുഴങ്ങിക്കേട്ടു.ഒടുവിലൊരൊറ്റയൊച്ചയിൽ വീണ അമ്മയ്‌ക്കൊപ്പം ഗര്ഭപാത്രത്തിലെയിരുട്ടിൽ അവൾക്കു വെളിച്ചം നഷ്ടമായി ...എന്നേയ്ക്കുമായി .
വെളുത്ത കാൻവാസിൽ അവളുടെ നീണ്ടവിരലുകൾ തീർത്ത നൂറുനിറങ്ങളാണ് എന്നെയാ സ്വപ്നത്തിൽ നിന്നുണർത്തിയത് .
അപ്പോഴേയ്ക്കും കടത്തിരകളിൽ നനഞ്ഞു മരവിച്ച കാലുകളിൽ മണൽത്തരികൾ കിരുകിരുത്തു .
കൈത്തണ്ടയിൽ നനുത്ത നീലരോമങ്ങളുള്ള, ഒരമ്മയും ചോന്ന പാദങ്ങളുള്ള ചെമ്പന്മുടിക്കാരിപ്പെൺകുഞ്ഞും
ബലിഷ്ഠമായ കൈകളിൽ അവളെയിടയ്ക്കു കോരിയെടുക്കുന്ന ചാരനിരക്കണ്ണുകളുള്ള ഒരച്ഛനും
ഇളംപച്ച നിറമുള്ള കടൽത്തീരത്ത് ശംഖുകൾ തേടി നടന്നു .
ചില സ്വപ്‌നങ്ങൾ കാഴ്ചകളുടെ ബാക്കിപത്രമാണ് .
ദോഹയിലെ എന്റെ ഈജിപ്ത്യൻ കൂട്ടുകാരി ഇമാൻ മഞ്ഞനിറമുള്ള വലിയ കാപ്സിക്കം ആസ്വദിച്ചു കഴിച്ചു ഡ്രൈവ് ചെയ്യുന്നതിനിടെ പങ്കുവച്ച ചില "മുല്ലപ്പൂ "ക്കഥകളുണ്ട് .അത് കേട്ടു കഴിഞ്ഞപ്പോഴേക്കും എന്റെ അടിവയറിനുള്ളിൽ നിന്നൊരു തണുപ്പ് സിരകളിലേയ്ക്കു പാഞ്ഞു താടിയ്ക്കു കീഴെ വന്നു കിടുകിടുത്തു .
വയറിനുള്ളിൽ ഏഴുമാസക്കാരൻ കുഞ്ഞൻ അസ്വസ്ഥതയുണ്ടാക്കി കൈമുട്ടുകളുന്തി .
എന്റെ ഭാവമാറ്റത്തിൽ ചകിതയായ അവൾ
"യാ അള്ളാ ,ഞാനിതെന്താണ് പറഞ്ഞത്" എന്ന് തലയ്ക്കടിച്ചു . രാത്രിയിൽ കോർണിഷിലേയ്ക്ക് തുറക്കുന്ന ബാൽക്കണിയിൽ കാലിൽ തുളയുന്ന സൂചിമുനത്തണുപ്പിനെ അവഗണിച്ചു ഞാനുറക്കം വരാതെയിരുന്നു .മനസ്സിലപ്പോഴും ജനാലയിലൂടെ പുറത്തേക്ക് വീണ പന്തെടുക്കാൻ ഓടിയ നാലുവയസ്സുകാൻ അഹമ്മദും അവനെ തടയാനായി ജനാലയിലൂടെ നോക്കി വെടിയേറ്റ് വീണ അവന്റെ അമ്മയും അവരുടെ വയറിനുള്ളിൽ എന്നേക്കുമായുറങ്ങിയ കുഞ്ഞു ജീവനുമായിരുന്നു .
ഷാബുച്ചേട്ടന്റെ "മശ്‌ഹദ് "നാട്ടിൽ പ്രദർശിപ്പിക്കുന്നുവെന്ന് അറിഞ്ഞ നിമിഷം മുതൽ ആലോചിക്കുന്നതാണ് ഞാനുമുണ്ടെന്ന് ഷാബുച്ചേട്ടനെ വിളിച്ചു പറയണം എന്ന് . എത്ര ആഗ്രഹിച്ചാലും സാധിക്കാതെ പോകുന്ന ചിലതിനെക്കുറിച്ചുള്ള ഓർമ്മ എന്നെ അതിൽ നിന്ന് തടഞ്ഞു .തീർച്ചയായും എത്തുമെന്ന് വാക്കു പറഞ്ഞ പലതും അവസാനനിമിഷം മാറ്റിവയ്‌ക്കേണ്ടി വന്ന അവസ്ഥകളോർത്തു .പോകുമ്പോൾ അവിടെ വച്ച് കാണാമല്ലോ എന്നു സമാധാനിച്ചു .പോകാനുള്ള തീരുമാനത്തിൽ ആണിയടിച്ചുറപ്പിച്ചത് പ്രീതയുടെ വിളിയാണ് .അങ്ങനെ കുഞ്ഞനെയും കൂട്ടി ആറ്റിങ്ങലെത്തി .സ്ഥിരമായി സിനിമകൾ കാണുന്ന ആളേയല്ലാത്തതിനാൽ സാങ്കേതികതയൊന്നും വശമില്ല .പണ്ടേ സിനിമകാണൽ ഹൃദയം കൊണ്ടാണ്
പല സാങ്കേതിക വശങ്ങളും മറ്റുള്ളവർ പറയുന്നത് കേട്ട് അന്തംവിട്ടിരിക്കുകയാണ് പതിവ് .
എന്തായാലും മശ്‌ഹദിന്റെ തുടക്കത്തിൽ കണ്ണിലലയടിച്ച കടൽത്തിരകൾ ഒടുക്കം കണ്ണീരായൊഴുകി .മശ്‌ഹദ് ഒരോർമ്മപ്പെടുത്തലായിരുന്നു .സിറിയയുടെ അവസ്ഥ ,ഇമാൻറെ വാക്കുകളിലെ അതിഭീകരമായ നിസ്സംഗത ഒക്കെയോർത്ത് ഉറങ്ങാതെ കിടന്ന എന്റെ ഗർഭകാല രാത്രികളുടെ സങ്കടകരമായ ഓർമ്മപ്പെടുത്തൽ !
പ്രിവിലേജുകളുടെ ലോകത്തു ജീവിക്കുന്നവർ തിരിച്ചറിയേണ്ട ജീവിതാവസ്ഥകൾ .
സിനിമയുടെ തിരശീല വീഴുമ്പോൾ കുഞ്ഞൻ വിടർന്ന കണ്ണുകളോടെ ചോദിച്ചു ,
"ആ ചേച്ചി എങ്ങന്യാമ്മാ ആ ചേച്ചീടമ്മേ വരച്ചേ ?"
മറുപടിയായി അവന്റെ കഥയമ്മ പാടി
"കണ്ണിനുള്ളിൽ കത്തിജ്വലിക്കും
ഉൾക്കണ്ണു വേണം അണയാത്ത കണ്ണ് "
കൈവിരൽത്തുമ്പുകളിൽ തൊട്ടറിഞ്ഞു തീർത്ത ഒരമ്മച്ചിത്രം അനാവരണം ചെയ്യപ്പെടുമ്പോൾ
മനസ്സ് വീണ്ടും മശ്‌ഹദിലെ അമ്മയുടെ വാക്കുകൾ ഓർത്തെടുത്തു
കാഴ്ചയില്ലായ്മ്മയ്ക്കുള്ളിലൊളിപ്പിച്ച ഉൾക്കാഴ്ചയുടെ നക്ഷത്രത്തിളക്കങ്ങളിൽ ഹൃദയം നിറഞ്ഞു .
സ്നേഹം ഷാബുച്ചേട്ടാ. Shabu Kilithattil
മനോഹരമായ ഒരു കാഴ്ചയുടെ അനുഭവം ,അതിനൊടുവിൽ കിട്ടിയൊരു ഉള്ളുനോവ് ,ഇങ്ങനെയും ചിലരെന്ന ഓർമ്മപ്പെടുത്തൽ ,അനുഭവിച്ചു പോരുന്ന സൗകര്യങ്ങളുടെ വില , ഒക്കെ ഹൃദയത്തിൽ സൂക്ഷിക്കുന്നു .
സ്നേഹത്തിന്റെ വയലറ്റുമ്മകൾ 💜💜😘
ആ പെൺകുട്ടിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ,അവളുടെ വിടർന്ന ചിരി വാടാതെയിരിക്കട്ടെ 😍

ഇറങ്ങിപ്പോരലുകൾ

ഇറങ്ങിപ്പോരുകയെന്നത് എളുപ്പമേയല്ല,
പ്രത്യേകിച്ചും അത്രമേൽ പ്രിയമുള്ള ചിലയിടങ്ങളിൽ നിന്ന് !
"തിരിഞ്ഞു നോക്കി നെടുവീർപ്പിടാൻ ഇത് നമ്മുടേതാണോ ?"
"വെറുതെ സെന്റിമെൻസ് പറയാതിരിക്കാമോ ?"
""ജീവിക്കാൻ മറന്നു പോയിട്ടല്ലേ ?"
എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തൽ ചോദ്യങ്ങൾ വെറുതെയാണെന്നു അത് ചോദിക്കുന്ന നിമിഷം തന്നെ ബോധ്യപ്പെടും .
പുറമേയ്ക്ക് ശക്തയാണെന്നു കാട്ടാനുള്ള മനസ്സിന്റെ ചിലയടവുകൾ മാത്രമാണത് !
ശക്തി ചോരും കാലമത്രേ വാർദ്ധക്യം ,
ശരീരത്തിന്റെയും മനസ്സിന്റെയും .
നരവീണ മുടിയിഴകളൊതുക്കി ,
കണ്ണട തുടച്ചു നേരെ വച്ച് ,
"ഒക്കെ പഴയതു തന്നെ ,ഞാനും നീയുമെല്ലാം
ഒന്നും മാറിയിട്ടില്ല "എന്ന് നടിക്കാൻ എഴുപതിനടുത്തു , പ്രായമുള്ളൊരുവൾക്ക് എങ്ങനെ കഴിയുന്നുവെന്ന് അത്ഭുതപ്പെടാറുണ്ട് !
അപ്പോഴെല്ലാം "'അമ്മ ,മകൾ തന്നെയാണ് "എന്ന് ഹൃദയം ആവർത്തിക്കാറുണ്ട് .
അത് നീ തന്നെയെന്ന ചൂണ്ടലുത്തരം !
അല്ലെങ്കിലും പലർക്കും നിസ്സാരമെന്നു തോന്നുന്നവയിൽ വാടിവീണും
അതിജീവിക്കില്ലെന്നു വിധിയെഴുതപ്പെട്ട അനുഭവങ്ങളിൽ കാരിരുമ്പായുയിർത്തെണീറ്റുമാണ് ശീലം .
എന്നിരുന്നാലും
ഇറങ്ങിപ്പോരലുകൾ തീരെ എളുപ്പമേയല്ല .
പ്രത്യേകിച്ചും ഓർമ്മകളിൽ നിന്ന് .
"പപ്പി നട്ട തേക്കിന്റെ അടുത്തുള്ള ഞല്ലി പ്ലാവില്ലേ ?
അത് കായ്ച്ചു .അതിനു താങ്ങാൻ പറ്റോ ആവോ ?
വെള്ളം കിട്ടാതെ അത് അതിജീവിക്കുമോ എന്ന് വ്യാകുലപ്പെട്ട് ,
നേരെയായാൽ മതിയായിരുന്നു പാവം എന്ന് പ്രാർത്ഥിച്ച് ,
ഇറങ്ങിപ്പോന്ന ഓർമ്മകളിലേക്ക് ഒരുവൾ നീരുവന്ന കാലുകളുമായി നടന്നു കയറുകയാണ് .
"അച്ഛനുള്ളിടത്ത് നട്ട അഗ്‌ളോണിമ വൈറ്റും റെഡും പിരിച്ചു വച്ചാൽ നന്നായിരുന്നു .
ക്രിസാന്തിമം പോയെന്നു തോന്നുന്നു .
ആ വെള്ള കടലാസു ചെടി ഉണങ്ങിത്തുടങ്ങി .
ഞാനുണ്ടായിരുന്നെങ്കിൽ നേരെയായിരുന്നേനെ "
എന്നിങ്ങനെ അച്ഛനില്ലാത്ത മുപ്പത്തേഴാം വിവാഹവാര്ഷിക ദിനത്തിൽ
അറ്റം പൊട്ടിയ പല്ലുകളും ഞരമ്പെഴുന്നു നിൽക്കുന്ന കൈത്തണ്ടയുമായി ഒരുവൾ പിറുപിറുക്കുന്നു .
തികച്ചും ശരിയാണ് ,
ഇറങ്ങിപ്പോരലുകൾ എളുപ്പമേയല്ല .
പ്രത്യേകിച്ചും നിങ്ങളെ നിങ്ങളാക്കുന്ന ഇടങ്ങളിൽ നിന്ന് !
നിങ്ങളിൽ നിന്ന് !

വിശ്വസനൂലിഴകൾ

ഹൃദയമൊരു ഹെലിക്കോപ്ടറാകുന്നു ...
ചില നിരീക്ഷണപ്പറക്കലുകളുടെ തലകറക്കത്തിൽ നിന്നൊഴിയാൻ ദിവസങ്ങളെടുക്കും !
അങ്ങനെയൊരു പറക്കലിൽ കണ്ട ദുബായ് മെട്രോക്കാഴ്ച ബ്രേയ്ക്കില്ലാഹൃദയത്തെ സഡൻ ബ്രേക്കിട്ടു നിർത്തിച്ചു .
സ്കൂളടപ്പിന് ശേഷമുള്ള വിരസവിഷാദദിനങ്ങളുടെയൊടുക്കത്തെ ഒറ്റവെള്ളി !
ദുബായ് തെണ്ടലിനിറങ്ങിയ മൂവർ സംഘം ഇബ്ൻ ബത്തൂത്ത മാൾ ലക്ഷ്യമാക്കി മെട്രോ പിടിച്ചു .
തലതിരിഞ്ഞ സ്റ്റേഷനെന്നു കുഞ്ഞൻ വിശേഷിപ്പിക്കുന്ന ADCB കഴിഞ്ഞപ്പോൾ മുതൽ ഹൃദയം പാടാൻ തുടങ്ങി ...
"പൊന്നണിഞ്ഞു മുന്നിൽ വന്ന ദേവകന്യ പോലൊരുങ്ങിയോ ദുബായ് "
പാട്ടൊക്കെപ്പാടി മാളും കണ്ടു മക്‌ഡൊണാൾഡ്‌സ് ബജറ്റ് ഐസ് ക്രീമും നുണഞ്ഞു സന്തുഷ്ട കുടുംബം റെഡ് ലൈൻ പിടിച്ചു വീട്ടിലേക്ക് .
എതിരെയിരുന്ന ഇണക്കിളികളെ നോക്കി ചൈനയോ കൊറിയയോന്നു നരവംശശാസ്ത്രം നൂലിഴ കീറി പരിശോധിക്കുന്നതിനിടയിലാണ് ഒരു മാസ്സ് എൻട്രി -
നാലുപേർ - രണ്ടാണും രണ്ടു പെണ്ണും .
രംഗം വിശകലനം ചെയ്യാൻ കമാൻഡ് കിട്ടിയ ഉടൻ ചൈന -കൊറിയ തർക്കം വിട്ടു ഹൃദയക്കോപ്ടർ പറന്നു തുടങ്ങി !
എക്സിബിറ്റ് A- സ്വർണാഭരണ വിഭൂഷിതൻ
പ്രായം അമ്പതിനോടടുക്കുമെന്നു കാഴ്ച പറഞ്ഞു
എക്സിബിറ്റ് B - എനിയ്ക്കിതിൽ റോളില്ലെന്ന മട്ടിലൊരു മണകൊണാഞ്ചൻ സിംപ്ലൻ
എക്സിബിറ്റ് C -സ്വ :വിഭൂഷിതയായ ഒരു സ്ത്രീ രത്നം
നാൽപ്പതു കഴിഞ്ഞുവെന്ന് കണ്ണ് പറഞ്ഞു
എന്തുകൊണ്ടോ എന്റെ കഴുത്തിന് താഴോട്ടുള്ള അവരുടെ നോട്ടം ഹൃദയത്തിനു പിടിച്ചില്ല .ആ ചേഷ്ടകളും .(സൂത്രധാരനിലെ ബിന്ദുപണിക്കരുടെ സന്ദർഭോചിത ചിത്രം )
എക്സിബിറ്റ് D - നേർത്ത ചുണ്ടുകളും വലിയ കണ്ണുകളുമുള്ള ഗോതമ്പു നിറമുള്ള
കതിരുപോലൊരു പെൺകുട്ടി
അവളുടെ കയ്യിലെ ഒറ്റകുപ്പിവളകൊണ്ട് ഹൃദയത്തിലൊരു നെടുനീളൻ പോറൽ വീണു .
ചുവന്ന ചുരിദാറിന്റെ നരച്ച ദുപ്പട്ടയിൽ വിരൽ ചുറ്റി ഒരു പതർച്ചയോടെ നിന്ന അവളുടെ നോട്ടം എന്റെ കണ്ണുകളിലുടക്കി .
ഒരു നിമിഷം ഞങ്ങൾ പരസ്പരം കണ്ടു .
അവളെന്റെ സാരിയിലേയ്ക്കും നെറ്റിയിലെ പൊട്ടിലേയ്ക്കും കൗതുകത്തോടെ നോക്കി .
വീണ്ടും എന്റെ കണ്ണുകളിലേയ്ക്ക് .
പെട്ടെന്നവൾ പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചു .
സ്വ: വിഭൂഷിതൻ ഇടതടവില്ലാതെ തമാശ പറഞ്ഞു അവളെ ചിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു .
അവൾക്കു പകരം
വായ നിറയെ പല്ലുള്ള എക്സിബിറ്റ് ബിയും കണ്ണിൽ ചൂണ്ടയുള്ള എക്സിബിറ്റ് സിയും ചിരിച്ചുകൊണ്ടേയിരുന്നു .
തമാശക്കാരൻ പോക്കറ്റിൽ നിന്നൊരു ഗമണ്ടൻ ഫോണെടുത്തു എന്തോ തിരയാൻ തുടങ്ങി .
മാറി നിന്ന പെൺകുട്ടിയെ അടുത്തേയ്ക്കു വിളിച്ചു .
വേണ്ടെന്നാംഗ്യം കാട്ടി അവളെന്നെ പരിഭ്രമത്തോടെ നോക്കി .
അയാളുച്ചത്തിൽ എന്തോ പറഞ്ഞു .മധ്യവസ്കയൊരു ശൃംഗാരച്ചിരിയിൽ അവളെ കണ്ണുകൊണ്ടു ശാസിച്ചു .
അറച്ചറച്ച് അവൾ ചെന്നു .അയാളെന്തൊക്കെയോ മൊബൈലിൽ കാട്ടിക്കൊടുത്തു .
ഇടയ്ക്കയാളുടെ തടിച്ച കൈപ്പത്തി അവളുടെ പിന്നിലേയ്ക്ക് പോകുന്നത് കണ്ടു ഹൃദയം നിരീക്ഷണമവസാനിപ്പിച്ചു .
പക്ഷെ പുറംകാഴ്ചയിലേയ്ക്ക് കണ്ണ് മാറ്റാനാവാത്തവിധം അവളെന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞു .
കാരണം മെട്രോയുടെ കറുത്ത ജനാലയിലൂടെ അവളെന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു !
അവരുടെ സംസാരഭാഷയ്ക്കു ഹിന്ദിയോടു സാമ്യമുണ്ടായിരുന്നു .
"നീ വിശ്വസിക്കാത്തതെന്താ "എന്ന നാല്പതുകാരിയുടെ ചോദ്യത്തിനു
"വിശ്വാസങ്ങളാണിങ്ങനെയാക്കിയതെന്നു "അവളെന്റെ ജനാലക്കണ്ണിൽ നോക്കിപ്പറഞ്ഞു .
എന്റെ അസ്വസ്ഥതയിൽ അവൾ പുഞ്ചരിച്ചു .
കൈ പുറകിൽ കെട്ടി പിന്നോട്ട് ചാരിനിന്ന അവളോട് ചേർന്ന് നിൽക്കൂ പെണ്ണേയെന്നയാൾ !
അതിനവൾ പറഞ്ഞ തർക്കുത്തരത്തിനു നിറയെ മോതിരമിട്ട വിരലുകൾ മടക്കി അയാളെണ്ണി ....
പിന്നെയേതോ കണക്കുകൾ പറഞ്ഞു .
നിസ്സഹായതയിൽ മരിച്ചു മരവിച്ച കണ്ണുകളോടെ അവളെന്നെ പാളി നോക്കി .പിന്നെയയാളുടെ തടിച്ച ദേഹത്ത് ചേർന്ന് നിന്നു .
എന്റെ കണ്ണ് നിറഞ്ഞു .
ഇടയ്ക്കൊരു സ്റ്റേഷനിൽ അവരിറങ്ങാനൊരുങ്ങുമ്പോൾ അയാളുടെ തടിച്ച കൈപ്പത്തി അവളുടെ അരക്കെട്ടിൽ . .
ഇത്തവണ ഹൃദയം മരിച്ചവളുടെ കണ്ണിലെ മരവിപ്പെന്തെന്നറിഞ്ഞു !
ഇറങ്ങിപ്പോകുമ്പോൾ ഒടുക്കത്തെ നോട്ടത്തിൽ അവളെന്റെ സമാധാനം കട്ടെടുത്തു .
ഈ നഗരത്തിലെവിടെയോ അവളുണ്ടെന്ന ഓർമ്മ
എന്നിലെ പെണ്ണിനെ പൊള്ളിക്കുന്നു .
ചതിക്കപ്പെടലുകളുടെ മഹാസാക്ഷ്യങ്ങൾക്കൊപ്പം ഒന്നുകൂടി ചേർക്കപ്പെടുകയാവാം .
മരുഭൂമിച്ചൂടിൽ ഉടല് പൊള്ളി ,ജീവിതചൂടിലുയിരു പൊള്ളി
ഏതോ അഡ്ഡയിൽ അവളുണ്ടാവുമോ ?
ചുരുണ്ട രോമങ്ങളും നിറയെ മോതിരങ്ങളുമുള്ള തടിച്ചൊരു കൈപ്പത്തി പാതിരാവുകളിലെന്നെ ശ്വാസം മുട്ടിയ്ക്കുന്നു !
ഉറക്കം വെടിഞ്ഞ രാത്രിജാലകക്കാഴ്ചകളിൽ
തീവണ്ടിജാലകക്കറുപ്പിൽ തെളിഞ്ഞു കണ്ട മുഖം വീണ്ടുമെന്നോട് പറയുന്നു ,
"വിശ്വാസങ്ങളാണിങ്ങനെയാക്കിയത് "!!

പിടിയിൽ നാഗമുദ്രയുള്ള കള്ളത്താക്കോലാവുക നീ

ഇലവുമരം കാറ്റിലുലഞ്ഞ സന്ധ്യയിലാണ്
മെലിഞ്ഞ കൈത്തണ്ടയിലെ വിഷസ്പർശമാകുവാൻ നീയെന്നെമോഹിച്ചത് !
മരം പെയ്യുന്നതു കാത്തു
മണ്ണോടുടൽ ചേർത്തുറങ്ങുകയായിരുന്നു ഞാൻ .
കാത്തിരിപ്പിന്റെ ധ്യാനത്തിനിടയിൽ
തുറക്കപ്പെട്ട പളുങ്കു കണ്ണുകളിൽ
നിന്റെ കണ്ണീരുപ്പ് നീറ്റലിറ്റിച്ച നേരത്താണ്
കാട് പൂത്ത ഗന്ധത്തിലെനിക്കുടൽ പെരുത്തത് !
നിന്റെ കൈത്തണ്ടയിലെന്നെ-
യടയാളപ്പെടുത്തണമെന്നോർത്തു
നിന്നിലേക്കിഴയുമ്പോഴാണ്
പറിച്ചെടുക്കപ്പെട്ടവയുടെ വേദനയിലുയിരു പൊള്ളിയത് !
ഇനിയെങ്ങനെ നിന്നിൽ ഞാനടയാളപ്പെടും ?
നിന്റെ കൈത്തണ്ടയിലെ പച്ചഞരമ്പിൽ
എന്റെ കടും നീലപ്രണയം കലർത്തും ?

കാഴ്ചകൾ

ഒരു പകലിന്റെയിരുതലയ്ക്കൽ 
നമ്മുടെ കാഴ്ചകൾ മാറുന്നു ...
നീയവളുടേതും 
ഞാൻഎന്റേതുമാകുന്നു 💜

ആകാശക്കനവുകൾ

ഒറ്റച്ചിറകുള്ള ഹൃദയമാണെന്റേത് !
പറക്കാനാവില്ല ...പിടയ്ക്കുക മാത്രം .
നീ നീട്ടുന്നയാകാശത്തെ എങ്ങനെയാണത് കൈയ്യേൽക്കുക ?
നീയിവിടം വിട്ടേക്കുക ...
പറക്കാച്ചിറകു പിടഞ്ഞു തീരട്ടെ 💜

തൊടലുകൾ

നീയെന്നെത്തൊട്ടുവെന്നു നിന്റെ വാക്കുവരകളെന്നോട് പറയുന്നു .
തൊടലുകൾ തോന്നലുകളെന്നു ഞാൻ !
ഇവിടെയാരും ആരെയും തൊടുന്നില്ല.
ബോധ്യപ്പെടുത്തലുകളുടെ ആയുസ്സ് 
ബോധ്യമാകുന്ന നേരം വരെമാത്രം .
അതിനപ്പുറം നീയില്ല ....ഞാനും 💜

മൗനം

ഒച്ചപ്പാടുകളുടെ ലോകത്തു
മൗനമായൊഴുകുകയെന്നു നീ ....
ഒഴുക്കിലൊറ്റപ്പെട്ടവളുടെ
സംശയമിത്രമാത്രം 
ആരുടേതായിരുന്നു മൗനം ?
എന്റേതോ ? നിന്റേതോ ?💜

ഉടഞ്ഞ കണ്ണാടിക്കഷണങ്ങൾ

നെറ്റിയിലെ ചോന്ന പൊട്ടിനോട് അച്ഛന് വെറുപ്പായിരുന്നു ...
കണ്മഷി പടർത്തിയ നനവിനോട് മകനും .
അങ്ങനെയാണമ്മ ഉടഞ്ഞ കണ്ണാടിക്കഷണങ്ങൾ
തൂത്തുവാരിയെറിഞ്ഞു കളഞ്ഞത് !😑

അമ്മയോർമ്മകൾ

ച്ചവെയിൽസൂര്യനൊപ്പം ജനലരികിൽ
ഉരുകിയുരുകിത്തീരുമ്പോൾ ഉള്ളു തൊടാനൊരു തണുപ്പ് വേണം .
ജീവിതവെയിൽ കൊണ്ടുരുകുമ്പോഴും
രണ്ടു പെൺകുട്ടികൾ കരിഞ്ഞു വാടി വീണു പോകാതെ
എന്നും ചേർത്ത് പിടിച്ചു നടന്നൊരു തണുപ്പ്
മഴയെന്നാൽ സങ്കടക്കാലങ്ങളെന്നു ചോരുന്ന മുറികൾ പറഞ്ഞപ്പോഴും
പാത്രങ്ങൾ ചോറുവയ്ക്കാൻ മാത്രമല്ലെന്ന് 'അമ്മ .
ഇടിഞ്ഞു വീണ പഴയ മതിലരികിൽ താടിയ്ക്കു
കൈ കൊടുത്തു നിൽക്കുമ്പോഴും
ഇനിയിപ്പോ കതകു പൂട്ടാൻ മറന്നാലും സാരമില്ലല്ലോ എന്ന് 'അമ്മ
പതിനാറും എട്ടും വയസ്സുള്ള പെൺകുട്ടികളുടെ കൈയ്ക്ക് പിടിച്ചു
പെരുവഴിയറ്റത്തു തലയുയർത്തി നിന്ന 'അമ്മ
പാതിരാവിൽ അടച്ചുറപ്പില്ലാത്ത കതകിനു വെളിയിൽ
താളത്തിൽ തട്ടിയ വിരലുകളോട്
പെണ്ണിന് കൊടുങ്കാറ്റെന്നു പേരുണ്ടെന്ന്
അലറിപ്പറഞ്ഞ 'അമ്മ
പെൺകുട്ടികൾ വെള്ളം പോലെയായാൽ പോരാ
തീ പോലെ സ്വയം ജ്വലിക്കണമെന്നു ജീവിച്ചു കാണിച്ച 'അമ്മ
'അമ്മയ്ക്ക് അമ്മയാവാൻ മാത്രമല്ല
അച്ഛനാകാനും കഴിയുമെന്ന് കാട്ടിയ സ്കൂൾ റെക്കോർഡുകൾ .
മൂന്നു പെണ്ണുങ്ങൾ മാത്രമായിരിക്കുമ്പോഴുള്ള
അരക്ഷിതാവസ്ഥയെ മാത്രമേ സമൂഹത്തിനറിയൂ .
അങ്ങനെയായിരിക്കുന്നതിലുള്ള സ്വാതന്ത്ര്യത്തെ അറിയില്ല .
വിടാതെ കണ്ട മോഹൻലാൽ സിനിമകൾ..
കടൽത്തീരയാത്രകൾ..
ഉത്‌സവപ്പറമ്പുകൾ ..
ഞായർക്കടലകൾ ...
ടൈഗർ ബിസ്കറ്റോർമ്മകൾ
തട്ടുദോശരാവുകൾ ..
ഒരിക്കലും ഉമ്മ വച്ചിട്ടില്ലാത്ത
കെട്ടിപ്പിടിച്ചിട്ടില്ലാത്ത
മോളേ വിളിയുണ്ടാകാത്ത
അമ്മയോർമ്മകൾ
ഉമ്മയും ആലിംഗനവും വാക്കുസ്നേഹവും ഒന്നുമല്ല 'അമ്മ
'ഈ ഞാനല്ലാതെ മറ്റാരുമല്ല 'അമ്മ
ഓർക്കേണ്ട നേരത്തു മാത്രം
ജീവിതക്കയ്പ്പുകളോർക്കുകയെന്ന്
കയ്പ്പും മധുരമാക്കുന്നതെങ്ങനെയെന്ന്
നേരമല്ലാ നേരത്തു ഓരോന്നോർത്തിരിക്കുമ്പോൾ
അമ്മക്കുന്തം .