ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 December 2018

വിശ്വസനൂലിഴകൾ

ഹൃദയമൊരു ഹെലിക്കോപ്ടറാകുന്നു ...
ചില നിരീക്ഷണപ്പറക്കലുകളുടെ തലകറക്കത്തിൽ നിന്നൊഴിയാൻ ദിവസങ്ങളെടുക്കും !
അങ്ങനെയൊരു പറക്കലിൽ കണ്ട ദുബായ് മെട്രോക്കാഴ്ച ബ്രേയ്ക്കില്ലാഹൃദയത്തെ സഡൻ ബ്രേക്കിട്ടു നിർത്തിച്ചു .
സ്കൂളടപ്പിന് ശേഷമുള്ള വിരസവിഷാദദിനങ്ങളുടെയൊടുക്കത്തെ ഒറ്റവെള്ളി !
ദുബായ് തെണ്ടലിനിറങ്ങിയ മൂവർ സംഘം ഇബ്ൻ ബത്തൂത്ത മാൾ ലക്ഷ്യമാക്കി മെട്രോ പിടിച്ചു .
തലതിരിഞ്ഞ സ്റ്റേഷനെന്നു കുഞ്ഞൻ വിശേഷിപ്പിക്കുന്ന ADCB കഴിഞ്ഞപ്പോൾ മുതൽ ഹൃദയം പാടാൻ തുടങ്ങി ...
"പൊന്നണിഞ്ഞു മുന്നിൽ വന്ന ദേവകന്യ പോലൊരുങ്ങിയോ ദുബായ് "
പാട്ടൊക്കെപ്പാടി മാളും കണ്ടു മക്‌ഡൊണാൾഡ്‌സ് ബജറ്റ് ഐസ് ക്രീമും നുണഞ്ഞു സന്തുഷ്ട കുടുംബം റെഡ് ലൈൻ പിടിച്ചു വീട്ടിലേക്ക് .
എതിരെയിരുന്ന ഇണക്കിളികളെ നോക്കി ചൈനയോ കൊറിയയോന്നു നരവംശശാസ്ത്രം നൂലിഴ കീറി പരിശോധിക്കുന്നതിനിടയിലാണ് ഒരു മാസ്സ് എൻട്രി -
നാലുപേർ - രണ്ടാണും രണ്ടു പെണ്ണും .
രംഗം വിശകലനം ചെയ്യാൻ കമാൻഡ് കിട്ടിയ ഉടൻ ചൈന -കൊറിയ തർക്കം വിട്ടു ഹൃദയക്കോപ്ടർ പറന്നു തുടങ്ങി !
എക്സിബിറ്റ് A- സ്വർണാഭരണ വിഭൂഷിതൻ
പ്രായം അമ്പതിനോടടുക്കുമെന്നു കാഴ്ച പറഞ്ഞു
എക്സിബിറ്റ് B - എനിയ്ക്കിതിൽ റോളില്ലെന്ന മട്ടിലൊരു മണകൊണാഞ്ചൻ സിംപ്ലൻ
എക്സിബിറ്റ് C -സ്വ :വിഭൂഷിതയായ ഒരു സ്ത്രീ രത്നം
നാൽപ്പതു കഴിഞ്ഞുവെന്ന് കണ്ണ് പറഞ്ഞു
എന്തുകൊണ്ടോ എന്റെ കഴുത്തിന് താഴോട്ടുള്ള അവരുടെ നോട്ടം ഹൃദയത്തിനു പിടിച്ചില്ല .ആ ചേഷ്ടകളും .(സൂത്രധാരനിലെ ബിന്ദുപണിക്കരുടെ സന്ദർഭോചിത ചിത്രം )
എക്സിബിറ്റ് D - നേർത്ത ചുണ്ടുകളും വലിയ കണ്ണുകളുമുള്ള ഗോതമ്പു നിറമുള്ള
കതിരുപോലൊരു പെൺകുട്ടി
അവളുടെ കയ്യിലെ ഒറ്റകുപ്പിവളകൊണ്ട് ഹൃദയത്തിലൊരു നെടുനീളൻ പോറൽ വീണു .
ചുവന്ന ചുരിദാറിന്റെ നരച്ച ദുപ്പട്ടയിൽ വിരൽ ചുറ്റി ഒരു പതർച്ചയോടെ നിന്ന അവളുടെ നോട്ടം എന്റെ കണ്ണുകളിലുടക്കി .
ഒരു നിമിഷം ഞങ്ങൾ പരസ്പരം കണ്ടു .
അവളെന്റെ സാരിയിലേയ്ക്കും നെറ്റിയിലെ പൊട്ടിലേയ്ക്കും കൗതുകത്തോടെ നോക്കി .
വീണ്ടും എന്റെ കണ്ണുകളിലേയ്ക്ക് .
പെട്ടെന്നവൾ പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചു .
സ്വ: വിഭൂഷിതൻ ഇടതടവില്ലാതെ തമാശ പറഞ്ഞു അവളെ ചിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു .
അവൾക്കു പകരം
വായ നിറയെ പല്ലുള്ള എക്സിബിറ്റ് ബിയും കണ്ണിൽ ചൂണ്ടയുള്ള എക്സിബിറ്റ് സിയും ചിരിച്ചുകൊണ്ടേയിരുന്നു .
തമാശക്കാരൻ പോക്കറ്റിൽ നിന്നൊരു ഗമണ്ടൻ ഫോണെടുത്തു എന്തോ തിരയാൻ തുടങ്ങി .
മാറി നിന്ന പെൺകുട്ടിയെ അടുത്തേയ്ക്കു വിളിച്ചു .
വേണ്ടെന്നാംഗ്യം കാട്ടി അവളെന്നെ പരിഭ്രമത്തോടെ നോക്കി .
അയാളുച്ചത്തിൽ എന്തോ പറഞ്ഞു .മധ്യവസ്കയൊരു ശൃംഗാരച്ചിരിയിൽ അവളെ കണ്ണുകൊണ്ടു ശാസിച്ചു .
അറച്ചറച്ച് അവൾ ചെന്നു .അയാളെന്തൊക്കെയോ മൊബൈലിൽ കാട്ടിക്കൊടുത്തു .
ഇടയ്ക്കയാളുടെ തടിച്ച കൈപ്പത്തി അവളുടെ പിന്നിലേയ്ക്ക് പോകുന്നത് കണ്ടു ഹൃദയം നിരീക്ഷണമവസാനിപ്പിച്ചു .
പക്ഷെ പുറംകാഴ്ചയിലേയ്ക്ക് കണ്ണ് മാറ്റാനാവാത്തവിധം അവളെന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞു .
കാരണം മെട്രോയുടെ കറുത്ത ജനാലയിലൂടെ അവളെന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു !
അവരുടെ സംസാരഭാഷയ്ക്കു ഹിന്ദിയോടു സാമ്യമുണ്ടായിരുന്നു .
"നീ വിശ്വസിക്കാത്തതെന്താ "എന്ന നാല്പതുകാരിയുടെ ചോദ്യത്തിനു
"വിശ്വാസങ്ങളാണിങ്ങനെയാക്കിയതെന്നു "അവളെന്റെ ജനാലക്കണ്ണിൽ നോക്കിപ്പറഞ്ഞു .
എന്റെ അസ്വസ്ഥതയിൽ അവൾ പുഞ്ചരിച്ചു .
കൈ പുറകിൽ കെട്ടി പിന്നോട്ട് ചാരിനിന്ന അവളോട് ചേർന്ന് നിൽക്കൂ പെണ്ണേയെന്നയാൾ !
അതിനവൾ പറഞ്ഞ തർക്കുത്തരത്തിനു നിറയെ മോതിരമിട്ട വിരലുകൾ മടക്കി അയാളെണ്ണി ....
പിന്നെയേതോ കണക്കുകൾ പറഞ്ഞു .
നിസ്സഹായതയിൽ മരിച്ചു മരവിച്ച കണ്ണുകളോടെ അവളെന്നെ പാളി നോക്കി .പിന്നെയയാളുടെ തടിച്ച ദേഹത്ത് ചേർന്ന് നിന്നു .
എന്റെ കണ്ണ് നിറഞ്ഞു .
ഇടയ്ക്കൊരു സ്റ്റേഷനിൽ അവരിറങ്ങാനൊരുങ്ങുമ്പോൾ അയാളുടെ തടിച്ച കൈപ്പത്തി അവളുടെ അരക്കെട്ടിൽ . .
ഇത്തവണ ഹൃദയം മരിച്ചവളുടെ കണ്ണിലെ മരവിപ്പെന്തെന്നറിഞ്ഞു !
ഇറങ്ങിപ്പോകുമ്പോൾ ഒടുക്കത്തെ നോട്ടത്തിൽ അവളെന്റെ സമാധാനം കട്ടെടുത്തു .
ഈ നഗരത്തിലെവിടെയോ അവളുണ്ടെന്ന ഓർമ്മ
എന്നിലെ പെണ്ണിനെ പൊള്ളിക്കുന്നു .
ചതിക്കപ്പെടലുകളുടെ മഹാസാക്ഷ്യങ്ങൾക്കൊപ്പം ഒന്നുകൂടി ചേർക്കപ്പെടുകയാവാം .
മരുഭൂമിച്ചൂടിൽ ഉടല് പൊള്ളി ,ജീവിതചൂടിലുയിരു പൊള്ളി
ഏതോ അഡ്ഡയിൽ അവളുണ്ടാവുമോ ?
ചുരുണ്ട രോമങ്ങളും നിറയെ മോതിരങ്ങളുമുള്ള തടിച്ചൊരു കൈപ്പത്തി പാതിരാവുകളിലെന്നെ ശ്വാസം മുട്ടിയ്ക്കുന്നു !
ഉറക്കം വെടിഞ്ഞ രാത്രിജാലകക്കാഴ്ചകളിൽ
തീവണ്ടിജാലകക്കറുപ്പിൽ തെളിഞ്ഞു കണ്ട മുഖം വീണ്ടുമെന്നോട് പറയുന്നു ,
"വിശ്വാസങ്ങളാണിങ്ങനെയാക്കിയത് "!!

No comments:

Post a Comment