ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 December 2018

എന്റെയടയാളങ്ങൾ

വാർധക്യത്തിന് ഒരു പ്രത്യേക മണമാണ്
ഇർഫാൻ ഖാൻ ലഞ്ച് ബോക്സിൽ പറഞ്ഞ പോലെ
ചില തിരിച്ചറിവുകൾ നൽകുന്ന മണം .
ഇന്നുച്ചനേരത്തു
ഇരുണ്ട ആകാശത്തിനു കീഴെ
മഴയ്ക്ക് കാതോർത്തു നിൽക്കുമ്പോൾ
അടുത്തുനിന്നു ചിരിച്ച അമ്മൂമ്മമണം .
കശുമാവുകളതിരിട്ട വഴിയിലൂടെ
കിതച്ചോടിയ ലൈൻ ബസിന്റെ പെയിന്റിളകിത്തുടങ്ങിയ സീറ്റിലിരുന്നു
ഞാനെന്നെ വീണ്ടും വീണ്ടും മണത്തു നോക്കി
നാല്പാമരാദിയിൽ മഞ്ഞച്ച ഉള്ളം കൈച്ചുളിവുകളിൽ
വിരലുകളമർത്തിത്തേച്ചു
പിന്നെയും പിന്നെയും മണത്തു .
അറ്റം പിളർന്ന് കൊഴിഞ്ഞു തുടങ്ങിയ മുടിയിഴകളിലേയ്ക്ക്
വെയിൽ കറുപ്പിച്ച മേൽച്ചുണ്ടിന്റെയരികിലെ
കുഞ്ഞു കാക്കപ്പുള്ളിയിലേയ്ക്ക്
ഇടതു കവിളിലെ തേൻ നിറ മറുകിലേയ്ക്ക്
പച്ചഞരമ്പോടിയ മെലിഞ്ഞ കൈത്തണ്ടയിലേക്ക്
മഴയ്ക്ക് മുൻപ് വീശിയ കാറ്റിൽ
വാർദ്ധക്യത്തിന്റെ മണരിച്ചിറങ്ങുന്നുവോയെന്ന്
ധൃതിപ്പെട്ടു പരിശോധിച്ചു .
നൂലിഴപൊട്ടിയ ദുപ്പട്ടത്തുമ്പുവലിച്ചു മുഖമമർത്തിത്തുടച്ചുറപ്പിച്ചു
ഇല്ല ,ഇപ്പോൾ എനിക്കതേ ഗന്ധമാണ് !
നിന്നെ മടുപ്പിച്ച ഗന്ധം .
പിന്കഴുത്തുമ്മകൾക്കിടയിലുരസിയ
നിന്റെ മീശമുള്ളുകൾ വിരസതയോടെ പറഞ്ഞ മണം
അന്ന് മുതൽക്കാണ്
വാടിയ ഇലഞ്ഞിപ്പൂക്കളെ ഞാൻ വെറുത്തത് .
അങ്ങനെയാണ് രോമകൂപങ്ങളപ്പാടെ പിഴുതു
ഞനെന്റെ ഗന്ധമെടുത്തു കളഞ്ഞത്
രാവു തോറും പടം പൊഴിച്ചു വിയർത്തത്
നോക്കൂ ഇപ്പോഴാവട്ടെ
പിൻകഴുത്തിൽ തേച്ചു പിടിപ്പിക്കപ്പെട്ട
ഉന്മാദത്തിന്റെ ചന്ദനഗന്ധം
എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു
എന്റെയടയാളങ്ങൾ വീണ്ടെടുക്കുകയാണ് ഞാൻ
നീഏൽപ്പിച്ചു പോയ
നിന്റെ അടയാളഗന്ധങ്ങൾ കയ്യേൽക്കുക
ഇനിയൊരിക്കലും മടുപ്പിന്റെ ഗന്ധമായി എന്നിലടയാളപ്പെടാതിരിക്കുക .
എന്തെന്നാൽ
പടംപൊഴിച്ചുയിർത്തു
മറ്റൊരുവളായിമണക്കുന്ന കല
എന്നേയ്ക്കുമായി ഞാൻ മറന്നു പോയിരിക്കുന്നു
വാടിയ ഇലഞ്ഞിപ്പൂക്കൾ തേടി
എന്റെ പിൻചുമൽ ശലഭം ചിറകു നീർത്തിപ്പറക്കാൻ തുടങ്ങുന്നു 🖤

No comments:

Post a Comment