ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 15 February 2015

സ്ത്രീയേ പഞ്ചഭൂതങ്ങൾ നീയാകുന്നു ....!!

ചിലപ്പോഴൊക്കെ ഹൃദയം പറയുന്നു ....
സ്ത്രീയേ നിന്നിലുണ്ട് പഞ്ചഭൂതങ്ങൾ ...!!
(ഭർത്താവിനും മക്കൾക്കുമിടയിൽപ്പെട്ടു
"പഞ്ചഭൂതമിളകി "-----അങ്ങനെയൊരു ശൈലിയുണ്ട്തിരുവനന്തപുരത്ത് ----നിൽക്കുന്ന സ്ത്രീ ഹൃദയങ്ങൾ ക്ഷമിക്കുക )
അതെ , ഹൃദയം ആവർത്തിയ്ക്കുന്നു ...
നീ പഞ്ചഭൂതങ്ങളിൽ ഒന്നാകുന്നു ...
അതുമല്ലെങ്കിൽ അവ നീയാകുന്നു ...
ഹൃദയത്തിനെ തെറ്റ് പറയാനൊക്കുമോ??
ഒരേസമയം അഗ്നിയും ജലവുമാകാൻ ..
ഒരേസമയം ആകാശവും ഭൂമിയുമാകാൻ ...
ഒരു കാറ്റിന്റെ ചിറകിലേറിപ്പറക്കാൻ ...
സ്ത്രീ ഹൃദയത്തിനു കഴിയുന്ന പോലെ
മറ്റാർക്ക് കഴിയും???
അനിലനും അനലനും അന്തരം
ഒരു പെണ്ണിമ ചിമ്മൽ നേരം മാത്രമെന്നു
വേറെയാർക്കു പറയാനാവും??
ഹൃദയമൊഴുകുന്നു ....
എന്നും പ്രിയം നീരിനോടെന്ന പോലെ ....
ഞാൻ ജലമാകുന്നു ...
സാർവ്വ ലായകമായ ജലം...
സ്ഥാനത്തിനൊത്തു രൂപം മാറുന്ന ജലം...
നിന്റെയുള്ളിലൊരു കുളിരാകാനും
നിന്റെ നെഞ്ചിലെ ലാവയായുരുകാനും
ഉതകുന്ന ജലം ....
ചിലപ്പോൾ ,ഞാനെല്ലാം ഏറ്റു വാങ്ങുന്നൊരു തുള്ളി !
നിന്റെ പ്രണയപ്രഹരങ്ങൾ ,
നിന്റെ രാഗദ്വേഷങ്ങൾ ,
നിന്റെ കണ്ണിലെ സ്വപ്‌നങ്ങൾ ...മോഹഭംഗങ്ങൾ ...
ഒക്കെയുമൊഴുകിപ്പടർന്നലിയുന്നതെന്നിൽ ...!!
നിന്റെ കൈക്കുമ്പിളിലൊരു കുടമാകാനും
നിന്റെ നെഞ്ചിലൊരു കടലാകാനും
ഞാൻ മതി !!
നിന്റെ കണ്‍ കോണിലെ നീർത്തുള്ളി ഞാൻ
നിന്റെ മേൽച്ചുണ്ടിലെ സ്വേദ കണവും ഞാൻ തന്നെ !!
ഞാൻ ജലമാകുന്നു ....
ചില നേരങ്ങളിൽ ഉരുകിത്തിളച്ചുയർന്ന് ആവിയായലയാനും
ചിലനേരങ്ങളിൽ ഉരുകിയുറഞ്ഞൊരു മഞ്ഞുമലയായിത്തറ യാനും
വിധിക്കപ്പെട്ട ജലം !!!
ഹൃദയം ജ്വലിക്കുന്നു ...
സർവ്വവും ഭസ്മമാക്കാൻ ...
സർവ്വവും ശുദ്ധീകരിക്കാൻ ...
അഗ്നയേ ഇദം നമമ :
അതെ , ഞാൻ അഗ്നിയാകുന്നു ...
എന്റെ ഹൃദയം നിറയെ നിന്റെ വെറുപ്പിന്റെ ചാരം
ചാമ്പലാക്കപ്പെട്ട ചില ശെരിതെറ്റുകൾ !
എരിച്ചു കളയാൻ വേണ്ടി മാത്രം കണ്ട ചില കനവുകൾ !
ഹോമിക്കപ്പെടാൻ കാത്തുവെച്ച
വിരസവിഷാദ ജീവിത നിമിഷങ്ങൾ !!
ഞാൻ അഗ്നിയാകുന്നു ...
തീയിലുരുക്കിയുടച്ചു വാർത്ത നിന്റെ മനസ്സിന്റെ കാവലാൾ !
നിന്റെ ചങ്കിലെ അശാന്തിത്തിരികളെ
ഒന്നായേറ്റു വാങ്ങിയെരിച്ചു തീർക്കാൻ ഞാൻ മതി !!
ചില നേരങ്ങളിൽ കാടെരിക്കാനും
ചില നേരങ്ങളിൽ കരളെരിക്കാനും
പ്രാപ്തയായ അഗ്നി !!
ഹൃദയമുയരുന്നു ....
നിന്റെ കണ്ണിലെ ആകാശനീലിമയിലേക്ക് ...
ഞാനാകുന്നു നിന്റെ നഭസ്സ് ..
നിന്റെ സ്വപ്നത്തുണ്ടു മേഘങ്ങളെയേന്തുന്നവൾ !!
നിനക്കു ചിറകുവിരിച്ചു പറന്നുയരാൻ
പടർന്നു പന്തലിച്ച നിന്റെയാകാശം !!
നിന്നിലെ സൂര്യജ്വാലയ്ക്കു കുടപിടിച്ച്
ചാന്ദ്രശീതളിമയ്ക്ക് കമ്പളമൊരുക്കി
നിനക്ക് വേണ്ടി മാത്രം ഉദിച്ചസ്തമിക്കുന്ന ആകാശവിശാലത !!
ഹൃദയം താഴുന്നു....
നിന്റെ കാൽപ്പാടുകളേറ്റു വാങ്ങിയ ഭൂമിയോളം !!
ഞാനാകുന്നു നിന്റെ ഭൂമി ..
നിന്റെ വേരുകൾക്കാഴ്ന്നിറങ്ങാൻ ,
നിന്റെ പ്രതീക്ഷച്ചില്ലകൾക്കു പൂവിടാൻ ,
വിതയ്ക്കും കൊയ്ത്തിനുമിടയിലെ
ജീവിതോന്മാദം നിന്നെ പഠിപ്പിയ്ക്കാൻ ,
ദൂരവും സമയവും തമ്മിലെ അനുപാതകൃത്യത പാലിച്ചു
സ്വയം തിരിയുന്ന ഭൂമി ...!!
ഹൃദയമലയുന്നു ....
ഒരു കാറ്റിന്റെ ചൂളം വിളിയ്ക്കൊത്ത് ..
ചില നേരങ്ങളിൽ നിന്റെ നെഞ്ചിൽ രൗദ്ര താണ്ടവമാടുന്ന കൊടുങ്കാറ്റ് !!
മറ്റു ചിലപ്പോൾ നിന്റെ വിയർപ്പു കണങ്ങളൊപ്പുന്ന ശീതക്കാറ്റ് !!
ചിലനേരങ്ങളിൽ നിന്റെ മുടിയിഴകളെ തലോടുന്ന ഇളംകാറ്റ് !
മറ്റു ചിലപ്പോൾ നിന്റെ വേരുലയ്ക്കുന്ന ചുഴലിഭീമൻ !
അതെ...നിന്റെ ഗന്ധം മാത്രം പരത്തുന്ന
കാറ്റാണ് ഞാൻ ...!
ഹൃദയം പിന്നെയും ആണയിട്ടു പറയുന്നു ...
സ്ത്രീയേ പഞ്ചഭൂതങ്ങൾ നീയാകുന്നു ....!!