ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 February 2014

കുലുക്കിത്തക തികു .....!!!!

ഉറക്കം നഷ്ടമായൊരു രാത്രിയുടെ ഹാങ്ങ്‌ ഓവറുമായാണ്
രാവിലെ കിടക്ക വിട്ടെണീറ്റത് .....

ഇന്നലെ രാത്രി ഇടയ്ക്കിടെ ചില ശബ്ദങ്ങൾക്കു കാതോർക്കുകയായിരുന്നു ....
10 മണി വരെ പ്രവർത്തിച്ചിരുന്ന ടി വിയുടെ ഒച്ചയിൽ അറിയാതിരുന്നതാവാം,
കണ്ണിൽ ഉറക്കം പിടിച്ചപ്പോൾ കേൾക്കുന്നു
ചില തട്ടു മുട്ടുകൾ !!

ശ്രദ്ധിച്ചപ്പോൾ തോന്നി,
ആരോ വാതിലിൽ ഇടിയ്ക്കുന്നു .....!
മുറിയുടെ വാതിലിലാണോ ??
എഴുന്നേറ്റു ചെന്നു കാതോർത്തു ...
അല്ല, അടുക്കള വാതിലിൽ..!

വെറുതെയങ്ങ് ഇടിയ്ക്കുകയല്ല ,
നല്ല ശക്തിയിൽ, ബലമുള്ള എന്തോ വസ്തു കൊണ്ടിടിയ്ക്കുകയാണ് !
ഇടിയുടെ ശക്തിയിൽ ജനാല ചെറുതായി കുലുങ്ങുന്നുണ്ടോ ??

കള്ളനാണെങ്കിൽ !!!!

ഉടലിലൊരു വിറയൽ പടർന്നു ...
മറ്റു മുറികളിൽ ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തണോ ??
വേണ്ട ...കുറച്ചു നേരം കൂടി കാക്കാം...

വിറച്ചു വിറച്ച് ജനലിനടുത്തു ചെന്നു ...
ചെറുതായി ഇടിക്കുന്ന ശബ്ദം കേൾക്കാനുണ്ട് !
ധൈര്യം സംഭരിച്ച് ഒച്ച കേൾപ്പിക്കാതെ ജനാലയുടെ കൊളുത്തെടുത്തു ....
ചെറിയ വിടവിലൂടെ വീണ്ടും കാതോർത്തു ...
ഉവ്വ് ...പുറത്തു ശബ്ദമുണ്ട്‌....

ഹൃദയം അതിനേക്കാൾ ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി....

ഒന്നു കൂടി ഉറപ്പു വരുത്തിയിട്ട് ആരെയെങ്കിലും വിളിക്കാമെന്ന ചിന്തയിൽ
പുറത്തേക്കു നോക്കി ...

ഇടിയ്ക്കിടയിൽ പാട്ടുമുണ്ടോ ???

കുലുക്കിത്തക  തികു ...കുലുക്കിത്തക  തികു ...

ഹൃദയമിടിപ്പിനിപ്പോൾ ഒരു സിനിമാറ്റിക് താളം...!!
പറ്റിയ മണ്ടത്തരം മറന്നു ഹൃദയം അതിനൊപ്പം തുള്ളി....

അടുത്തുള്ള ശിവക്ഷേത്രത്തിൽ ഉത്സവം .....അവസാന ദിവസം ...

അതിന്റെ ആരവമാണ് എന്റെ അടുക്കള വാതിലിൽ വന്നിടിച്ചത് !!

രാത്രി 10 മണി കഴിഞ്ഞാൽ കോളാമ്പി വയ്ക്കാൻ
നിയമം അനുവദിയ്ക്കാത്തിടത്ത്
ഓരോ മതിലിലും 5 ബോക്സ്‌ വീതം വയ്ക്കാമല്ലോ !!
പിന്നെ ഉത്സവപ്പറമ്പിലെ എണ്ണമറ്റ ബോക്സുകളും !

പക്ഷേ കുലുക്കിത്തക തികുവിനിടയിലെ
 ഡ്രം സെറ്റിന്റെ ഇടിയിൽ കിടുങ്ങി
നഷ്ടമായ ഉറക്കത്തിന് ആരു സമാധാനം പറയും??

അതോർത്തു കിടക്കുന്നതിനിടെ തുള്ളിയുറഞ്ഞു ഹൃദയം പോയത്
പഴയ ചില ഉത്സവ ഓർമ്മകളിലേക്ക് .....

എന്റെ നാട്ടിലെ ഏറ്റവും വലിയ ഉത്സവം ശാർക്കര മീന ഭരണിയാണ്.
ഓർമ്മ  വച്ച കാലം മുതൽ കാണുന്നത്....
അമ്മയുടെ കയ്യിൽത്തൂങ്ങി നടക്കുന്ന പ്രായത്തിൽ,
ഉത്സവമെന്നാൽ,
ഒന്നാം ദിവസം വാങ്ങുന്ന "അപ്പൂപ്പാ അമ്മൂമ്മാ " യിൽ തുടങ്ങി,
അവസാന ദിവസം തൂക്കം കഴിഞ്ഞു തിരികെ വരുമ്പോൾ
കയ്യിൽ മുറുക്കിപ്പിടിക്കുന്ന കരിമ്പിൻ തുണ്ടിൽ തീരുമായിരുന്നു...!

രാത്രി ഉത്സവപ്പറമ്പിൽ ഗാനമേള കേൾക്കാൻ പോണമെന്ന്
വാശി പിടിച്ചു കരഞ്ഞ ഹൃദയം ,
വീടിനടുത്തെ സ്കൂളിൽ അശ്വതി ദിവസം രാത്രിയിലരങ്ങേറുന്ന
നാടകം കണ്ടു സമാധാനിച്ചു....

മണ്‍കൂന കൂട്ടി അതിനു മുകളിലിരുന്നു നാടകം കാണുന്നതിനിടെ
കാൽമുട്ടിലരിച്ചുകയറിയ കുഞ്ഞു വണ്ടുകളെ ഞെരിച്ചമർത്തി
ഹൃദയമുറക്കെപ്പറഞ്ഞു ...

"ഞാൻ ഭർത്താവിനൊപ്പം ഉത്സവം കാണാൻ പോകും."

അന്ന്, ഭർത്താവെന്നാൽ ....
രാത്രി പുറത്തിറങ്ങാനുള്ള ലൈസൻസ് ആയിരുന്നു !!

പിന്നെ, 'സൂക്ഷിച്ചും കണ്ടും ' നടക്കേണ്ട പ്രായത്തിൽ
ഉത്സവം തന്നതൊരുൾഭയം !
സന്ധ്യയ്ക്കു ശേഷമുള്ള ഉത്സവക്കാഴ്ച്ചകളിൽ ഹൃദയത്തിനു
താല്പ്പര്യം നഷ്ടമായത് ആയിടയ്ക്കാണ്...

'മുറിപ്പാവടയിൽ ' നിന്നു 'മുഴുപ്പാവടയിലേക്ക് '
പ്രൊമോഷൻ കിട്ടിയ കാലം....
പുതിയ മഞ്ഞപ്പട്ടുപാവാടയുടെ 'അന്തസ്സിൽ '
ഉത്സവം കണ്ടു മടങ്ങുമ്പോൾ ,
ധൈര്യത്തിനു കയ്യിൽ നിവർത്തിപ്പിടിച്ച പിന്നിന്റെ
"സേഫ്റ്റി "യെ മറികടന്നൊരു നുള്ള് ....
കയ്യിലമർന്ന നഖപ്പാടിന്റെ നീറ്റലിന് അപമാനത്തിന്റെ വേദന...

അന്നു ഹൃദയം തേടിയത്
"മാനം കാക്കാനൊരാങ്ങളയെ "!

തുള്ളിത്തളർന്ന ഹൃദയം ഓർമ്മകളുപേക്ഷിച്ചു മടങ്ങുന്നു ......

ഇതും ഒരുത്സവ കാലം ...!
ഉത്സവപ്പറമ്പിൽ നിന്നു തിളയ്ക്കാൻ ഇന്നും ഹൃദയത്തിനു കൊതിയുണ്ട്....
പക്ഷേ...... ,
ഉത്സവക്കാഴ്ചകൾ കാണാൻ കണ്ണുകളും
ഉത്സവമേളങ്ങൾ കേൾക്കാൻ കാതുകളും വിസമ്മതിയ്ക്കുമ്പോൾ ,

നിരാശ മറക്കാൻ...... ഹൃദയം വീണ്ടുമുറഞ്ഞു തുള്ളുന്നു ...

കുലുക്കിത്തക തികു .....!!!!

Tuesday 11 February 2014

ചില പ്രണയ ദിനചിന്തകൾ .....



പ്രണയകാലം ജിവിതത്തിന്റെ ആഘോഷകാലമെന്നു പറഞ്ഞതാരാണ് ??

രണ്ടാം തരത്തിൽ പഠിക്കുമ്പോഴാണ്
പ്രേമം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് .....
രണ്ട് A യിലെ വിനീത് .....
ഗൾഫിൽ ജോലിയുള്ള ,അവന്റെ അച്ഛൻ കൊടുത്തയച്ച മിട്ടായിയ്ക്ക്
കൈനീട്ടിയപ്പോൾ ചോദിച്ചു.....

"നീ എന്നെ പ്രേമിക്കുമോ?"

തലകുലുക്കി സമ്മതിക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല...
ഇളം നിറമുള്ള മിട്ടായിയ്ക്കൊപ്പം അവനോടുള്ള പ്രേമവും അലിഞ്ഞിറങ്ങി.....


അഞ്ചാം ക്ലാസ്സിൽ , മുൻബെഞ്ചിലെ ,പാട്ടു പാടുന്ന സുരേഷ്....
അവന്റെ ഇടത്തേ പുരികത്തിനു മുകളിലെ കറുത്ത മറുക്.....
പ്രേമിയ്ക്കാൻ വേറെ വല്ലതും വേണോ?

ആ one way  പ്രേമം പൊട്ടിയത്..
"പ്രേമിച്ചാൽ കുട്ടിയുണ്ടാവുമെന്ന് " അടുത്ത ബെഞ്ചിലെ സൗമ്യ പറഞ്ഞപ്പോഴാണ്....!

പത്താം ക്ലാസ്സിൽ കടുത്ത പ്രേമം....
നായകൻ ഒരു സിനിമാ നടൻ...
അനിയത്തിപ്രാവിലെ "സുധി"!
എന്താ ഭംഗി !!!
കെട്ടുന്നെങ്കിൽ അതുപോലെ ഒരാളെത്തന്നെ...

അത്തവണ കൂട്ടുകാർക്കു കൈമാറിയ
ക്രിസ്മസ് കാർഡുകളിലും ഓട്ടോഗ്രാഫിന്റെ പുറം ചട്ടയിലും
നിറഞ്ഞു നിന്നത് "സുധിയും,മിനിയും..."!!

സ്കൂളിനപ്പുറം ,വിശാലമായ ഗവ :കോളേജ് .......
അവിടെ വച്ചാണ് പ്രണയത്തിന്റെ ആചാര്യന്മാരെ പരിചയപ്പെട്ടത്....

തുർഗനേവിന്റെയും മയക്കോവ്സ്കിയുടെയും
പുസ്തകങ്ങൾ തേടിയലഞ്ഞു....
നെരൂദയുടെ കവിതകൾ പകർത്തി ..തലയിണയ്ക്കടിയിൽ സൂക്ഷിച്ചു ....
ബഷീറിന്റെയും മുട്ടത്തുവർക്കിയുടെയും നോവലുകൾ
ഒറ്റയിരുപ്പിനു വായിച്ചു തീർത്തു ...
സോളമന്റെ ഉത്തമഗീതങ്ങൾ വായിക്കുവാൻ വേണ്ടി മാത്രം ,
ഒരു ക്രിസ്ത്യൻ സുഹൃത്തിന്റെ വീട്ടിൽ സ്ഥിരം സന്ദർശകയായി ...!

വാൻഗോഗിന്റെ കാൻവാസിലെ
മഞ്ഞ സൂര്യകാന്തിപ്പൂക്കളെ പ്രണയിച്ചതും ..
കാമുകിയ്ക്ക് സ്വന്തം ചെവി മുറിച്ചു കൊടുത്ത
ആ ഭ്രാന്തൻ ചിത്രകാരനെ സ്വപ്നം കണ്ടുറങ്ങിയതും
ആയിടെയാണ് ......!

അതിനിടെയൊരു ക്യാമ്പസ് പ്രേമവും...അതിന്റെ ചവർപ്പും .....
യാഥാർഥ്യവും സങ്കൽപ്പവും രണ്ടാണെന്ന തിരിച്ചറിവിൽ ,
ആ ചവർപ്പു  മധുരമായി......

എവിടെയൊക്കെയോ വായിച്ചു....
"വിവാഹം പ്രേമത്തിന്റെ ശവകുടീരമാണ് "

അങ്ങനെയാണോ???

ലവ് - അറേഞ്ച്ഡ്  വിവാഹത്തിന്റെ , ഈ cotton  anniversary കടക്കുമ്പോൾ ...
ഒന്നറിയാം.....വിവാഹശേഷവും പ്രണയമുണ്ട്......
അതു പക്ഷേ ,അതിനു മുൻപുള്ള പോലെ ,
അപക്വവും പൈങ്കിളിയുമല്ല ....!
പരസ്പരം തിരിച്ചറിഞ്ഞു കഴിഞ്ഞ ശേഷമുള്ള
പ്രണയത്തിന്റെ അനുഭവം ..അത് വ്യത്യസ്തമാണ് ......
ഒരുപക്ഷേ ,അത്തരമൊന്നു ശ്രദ്ധിക്കപ്പെടാതെ പോകുന്നതാവാം അല്ലേ ...?

തിരക്കുള്ള ബസിൽ ആരും ദേഹത്തേക്കു തിക്കിത്തിരക്കി വീഴാതെ
ഒരു കര വലയം തീർക്കുന്ന സുരക്ഷിതത്ത്വം ....

പാതിരാത്രിയിൽ, ഏതോ ദു:സ്വപ്നത്തിന്റെ ച്ചുഴിയിലലയുമ്പോൾ
"സാരമില്ല,സാരമില്ല "എന്നു കവിളത്തു തട്ടുന്ന സാന്ത്വനം ....

ധൃതിയിൽ പടികയറുന്നതിനിടെ കാലൊന്നിടറിയാൽ
കൈത്തണ്ടയിൽ മുറുകെപ്പിടിക്കുന്ന കരുതൽ ....

സങ്കടക്കടലിൽ മുങ്ങിപ്പോകുന്ന നിമിഷങ്ങളിൽ
തല ചായ്ക്കാനൊരു നെഞ്ചു നൽകുന്ന ആശ്വാസം ....

ചായയ്ക്കു ചൂടു കുറഞ്ഞാൽ ,
കറിയ്ക്കുപ്പു കൂടിയാൽ ,
ചോറുപൊതി പൊട്ടി ബാഗൊരു ചപ്പുകുട്ടയായാൽ,
"ഓ ,അതു കുഴപ്പമില്ല "എന്നു പറയാൻ കാട്ടുന്ന സന്മനസ്സ് ....

എനിക്ക് പ്രണയം ഇതൊക്കെയാണ്.....

അതങ്ങനെയല്ലെന്ന് ആരാണ് പറയുക....?

തിരക്കുപിടിച്ച ജീവിതത്തിൽ ഞാനറിയാതെ ...
ശ്രദ്ധിക്കാതെ പോയ എത്രയോ നിമിഷങ്ങളുണ്ട്‌ ....

ഇന്ന് ഈ പ്രണയദിനചിന്തകളിൽ ഞാനോർത്തെടുക്കാൻ
നോക്കുന്ന നിമിഷങ്ങൾ .....

I Luv U... എന്നു പുട്ടിനു തേങ്ങയിടുന്ന പോലെ
ഇടയ്ക്കിടെ പരസ്പരം പറയുന്നതാണ് പ്രണയമെന്ന്
എന്തു കൊണ്ടോ ഹൃദയം സമ്മതിച്ചു തരുന്നില്ല....
Luv U Too ...എന്ന ചുണ്ടനക്കങ്ങളിലും ഹൃദയത്തിനു താല്പ്പര്യമില്ല ....

ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയാതെ പറയുവാൻ കഴിഞ്ഞാൽ .....
അതല്ലേ പ്രണയം?

കാതങ്ങൾക്കിപ്പുറം ,ഫോണിന്റെ ഇങ്ങേത്തലയ്ക്കൽ
ശബ്ദമൊന്നിടറിയാൽ ....
'എന്തു  പറ്റി ' യെന്നു പരിഭ്രാന്തമാകുന്ന അങ്ങേത്തലയ്ക്കലെ ഒച്ചയിൽ,

സൂക്ഷിച്ചു ഡ്രൈവ് ചെയ്യണമെന്ന ഓർമ്മപ്പെടുത്തലിൽ ,

ഭക്ഷണം സമയത്തു കഴിക്കണമെന്ന ശാസനയിൽ ,

 ഹൃദയം കണ്ടെത്തിയത് അതേ പ്രണയത്തെയാണ് .....
പറയാതെ പറയുന്ന പ്രണയത്തെ......

അറിയാതെ  പ്രണയിച്ചു പോകുന്നു ...

പാചകത്തിനിടയിൽ ഒളികണ്ണിൽ കാണുന്ന
വാതിലിനരികിലെ നിറഞ്ഞു ചിരിച്ച  മുഖത്തെ ...

ഷർട്ട്‌ ഇസ്തിരിയിടുന്നതെങ്ങനെയെന്ന ശാസ്ത്രീയ പാഠങ്ങൾക്കിടയിൽ
വിയർക്കുന്നൊരു മൂക്കിൻ തുമ്പിനെ  ....

കണ്മഷി പുരണ്ട വിരലിനിടയിലൂടെ കണ്ണാടിക്കു പുറകിൽ
കണ്ട കൗതുകക്കണ്ണുകളെ  .....

സാരിയുടെ അഞ്ചുമുഴം കുഴപ്പിക്കുന്ന നിമിഷങ്ങളിൽ
വിദഗ്ധമായി പ്ലീറ്റ്സ് പിടിക്കുന്ന വെളുത്തു നീണ്ട വിരലുകളെ  ....

പ്രണയദിന ചിന്തകൾക്കു വിരാമമിട്ട് ...
ഇന്ന് പറയാൻ ഇത്രമാത്രം....

"ഒരിക്കൽ നിന്നോടതു പറയാനാശിച്ചു ഞാൻ....
ഒരിക്കൽപ്പോലും പക്ഷേ പറയാനായില്ലല്ലോ ...!
ഇന്നൊരു പനീർപുഷ്പ്പം - എൻ ഹൃദയം പോല -
തിനെന്തൊരു ചുവപ്പാണ് !- നിനക്കു തരുന്നൂ  ഞാൻ
വാക്കുകൾക്കാവാത്തതീ പുഷ്പത്തിനായെങ്കിലോ
കേൾക്കൂ ,നീയതിലെന്റെ ഹൃദയം വായിച്ചുവോ?"

            -"ഒരിക്കൽ ", O N V -

Saturday 8 February 2014

നന്ദി ...വീണ്ടും വരിക...

3 വർഷങ്ങൾക്കു ശേഷമുള്ള ഒരു തിരുവനന്തപുരം യാത്ര.....
ഞാനൊരു തനി തിരോന്തരംകാരിയായി മാറിയിരുന്നു .....

ചില നേരങ്ങളിലെങ്കിലും അതങ്ങനെയാണ് .....
കടന്നു വന്ന വഴികൾ നമ്മിലവശേഷിപ്പിക്കുന്ന ചിലതുണ്ടാവില്ലേ ?

എന്തായാലും , വർഷങ്ങൾക്കു ശേഷം ...
ksrtc ബസിന്റെ പിൻസീറ്റിൽ ഇരിപ്പുറപ്പിക്കുമ്പോൾ 
മനസ് നിറയെ തിരുവനന്തപുരത്തിന്റെ ഓർമ്മകളായിരുന്നു ...

ബസ്‌ ആദ്യത്തെ വളവു കഴിഞ്ഞപ്പോൾ തന്നെ ഒരു കാര്യം പിടികിട്ടി .....
പണ്ട് തൂങ്ങിപ്പിടിച്ചു കിടന്നു യാത്ര ചെയ്ത പോലെയല്ല .....
യാത്രക്കാർ നന്നേ കുറവായിരുന്ന ബസിന്റെ പിൻസീറ്റിൽ നിന്ന്
ഓരോട്ടത്തിനാണ് മുൻസീറ്റിലെത്തിയത് !!!
അടുത്ത സീറ്റിലെ വല്യപ്പനൊരു ചമ്മിയ ചിരി സമ്മാനിച്ച് തിരികെ പഴയ സീറ്റിൽ വന്നിരിക്കുമ്പോൾ
കണ്ടക്ടർ കുപ്പായത്തിലെ തരുണീമണി ആ ചിരി പങ്കു വച്ചു .....

ബസ്‌ ഹൈവേയിലെത്തിയപ്പോൾ തോന്നി ,
വന്ന ദിവസം ശെരിയായില്ല.....
ഒടുക്കത്തെ ബ്ലോക്ക് .....
എന്തോ "സംഗമം" നടക്കുന്നുവത്രെ....

ബ്ലോക്കിൽ അകപ്പെട്ട എന്റെ പഴഞ്ചൻ "ആന വണ്ടി" യുടെ തൊട്ടടുത്ത്‌ 'സംഗമ'ക്കാരുടെ വലിയ ബസ്‌ ...
നേർക്ക്‌ നേരെ വന്നപ്പോ ...അതിനകത്തൊരു യുവത്വത്തിന് "തിളപ്പ് "...
മൊബൈൽ നമ്പർ കിട്ടണം എന്നതാണ് ആവശ്യം....
ജോലി ചെയ്ത പത്രമോഫീസിൽ വന്നാൽ മൊബൈൽ നമ്പർ മാത്രമല്ല
സൈബർ സെൽ നമ്പറും തരാമെന്ന വാഗ്ദാനത്തിൽ
'തിളച്ച " യുവത്വം തണുത്തുറഞ്ഞു ......

പൊള്ളിക്കുന്ന ഉച്ച വെയിലിൽ, ബൈ പാസ്സ് റോഡിലെ ബ്ലോക്കിൽ വച്ച്
പിന്നെ കണ്ടു മുട്ടിയത്‌ ഉള്ളു തണുത്തൊരു "സ്വിഫ്റ്റ് ഡിസയറിനെ ..."
പിൻസീറ്റിൽ ഒരു തടിമാടനും കയ്യിലൊരു തടിയൻ കുപ്പിയും...!!!
"Valentines day " അടുത്തെത്തിയെന്ന് കുപ്പി പറഞ്ഞു.....
ലഹരി മൂത്ത് അക്ഷരം മാറിയതാണോ ...സംഗതി .."Ballentine " ആണ്

Medical College നടയ്ക്കലെ പൊതിച്ചോറു കാരി ചേച്ചിയുടെ കാലി ബക്കറ്റ്‌ ഓർമ്മിപ്പിച്ചു ....
"വിശക്കുന്നു ..."
ബ്ലോക്ക് കൊണ്ടുപോയത് ഉച്ചയൂണിന്റെ നേരമാണ് ....
സാരമില്ല, "പപ്പനാവന്റെ "നടയ്ക്കലെ "ദേവൻസ് " ഉണ്ടല്ലോ ....

ബസ്‌ നഗരത്തിലേക്കു പ്രവേശിക്കുമ്പോൾ ...ഹൃദയം പെരുമ്പറയാകുന്നു .....
എന്റെ തിരുവനന്തപുരം....
എല്ലാ നഗരങ്ങളെയും പോലെ 3 വർഷം കൊണ്ട് മാറ്റങ്ങൾ ഒത്തിരി.....
എന്നാലും മാറിയിട്ടും മാറാതെ ചിലത് .....
അതിന്നും എന്റെ പ്രിയ നഗരത്തിനു മാത്രം സ്വന്തം....!

തിരുവനന്തപുരത്തെ ഞാൻ പ്രണയിക്കുന്നു.....
നഗരത്തിരക്കിൽ ഒറ്റയ്ക്കു നടന്നു പോയ വഴികളെ ഞാൻ സ്നേഹിക്കുന്നു....
എന്നെങ്കിലും ഒരിക്കൽ ഈ നഗരത്തിന്റെ ഭാഗമാകുന്നത് എന്നും സ്വപ്നം കാണുന്നു.....

മറക്കാനാവാത്ത എത്രയോ നിമിഷങ്ങൾ ...സ്ഥലങ്ങൾ .....
പാളയം പള്ളിയിലെ പിൻബെഞ്ചിനു വീഴാൻ മടിച്ചൊരു കണ്ണീർത്തുള്ളിയുടെ കഥ പറയാനുണ്ടാവും ....
ശംഖുമുഖത്തെ കൽമണ്ഡപത്തിനു ചില നഖക്ഷതങ്ങളുടെ ഓർമ്മയുണ്ടാവും .....
ആകാശവാണി കാന്റീനിലെ ആവി പറക്കുന്ന കട്ടൻ ചായ
ഇപ്പോഴും ചില ശബ്ദങ്ങൾക്കുന്മേഷം പകരുകയാവും.....
വേളി ലേയ്ക്ക് പാർക്കിലെ വെളു വെളുത്ത വാത്തകൾ
കോർത്തു പിടിച്ച കൈകളിലേക്ക് അതിശയത്തോടെ നോക്കി നിൽപ്പുണ്ടാവും .....
പബ്ലിക്‌ ലൈബ്രറിയ്ക്കുള്ളിലെ കനത്ത നിശബ്ദത ..
ആരുടെയൊക്കെയോ ഹൃദയങ്ങളെ വാചാലമാക്കുന്നുണ്ടാവും ....
മ്യൂസിയത്തിലെ കിളിമരത്തിനു കീഴിലെ ചതഞ്ഞ പുൽനാമ്പുകൾ
പുതിയ വിരുന്നുകാരെ കാത്തിരിക്കുകയാവും ....

തിരികെ ബസ്‌ കയറുമ്പോൾ ,...
എന്നത്തേയും പോലെ, ഹൃദയം ഒപ്പം കയറാൻ മടിച്ചു നിന്നു ....

തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ പ്രിയ നഗരത്തെ നോക്കി ഹൃദയം വിതുമ്പുന്നു....
അതങ്ങനെയാണ് ....
ഈ നഗരവുമായി ഹൃദയത്തെ ബന്ധിപ്പിച്ചിരിക്കുന്ന ഒരു കാണാച്ചങ്ങലയുണ്ട് ...
അത് വലിയുമ്പോൾ വേദനിക്കാതെ തരമില്ലല്ലോ ...!

ദൂരെ നിന്ന് കാണുന്നവർക്ക് തിരുവനന്തപുരം ഏതൊരു നഗരത്തെയും പോലെ തന്നെ......
"സ്വന്തം കാര്യം സിന്ദാബാദ്"...
ആർക്കും ആരോടും പ്രത്യേക മമതയില്ല ....
കൊച്ചു കൊച്ചു പൊങ്ങച്ചങ്ങൾ ...പരദൂഷണങ്ങൾ.....
ആഘോഷങ്ങൾ...അങ്ങനെ കടന്നു പോകുന്ന ദിവസങ്ങൾ ....
"തലസ്ഥാന"മായതു കൊണ്ടു വാർത്തകൾക്കു പഞ്ഞമില്ല ...
തിരുവനന്തപുരത്തുകാർക്ക് അത് പുത്തരിയുമല്ല ...
മ്യൂസിയം റൗണ്ടിലെ നടത്തയ്ക്കിടയിൽ കുടിക്കുന്ന,
ഒരു ഗ്ലാസ്‌ പച്ചക്കറി ജ്യൂസിൽ തുടങ്ങി...രാത്രി 3 ചപ്പാത്തിയിൽ തീരുന്നു
ഒരു ശരാശരിക്കാരന്റെ ദിവസം ...(അങ്ങനെ അല്ലാത്തവരും ഇവിടെയുണ്ട് കേട്ടോ...)

പക്ഷേ ,ഹൃദയത്തിന് അതങ്ങനെയല്ലല്ലോ .....അതാണ്‌ പ്രശനവും ....

ബസ്‌ നഗരാതിർത്തി കടക്കുമ്പോൾ ,മനസ്സിൽ കുടിയേറുന്നതൊരു നഷ്ടബോധം ...
ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾക്കു സാക്ഷിയായ നഗരം....
ഇവിടെ കടന്നു പോയ,
എന്റെ ചിരിയുടെ ദിനങ്ങൾ ....
കണ്ണീരിൽ കുതിർന്ന നിമിഷങ്ങൾ ....
വെറുപ്പിന്റെ,നിസ്സഹായതയുടെ ,നിസ്സംഗതയുടെ പകലുകൾ....
ആവേശത്തിമിർപ്പാർന്ന ആഘോഷവേളകൾ .....
എല്ലാറ്റിനും ഈ നഗരം സാക്ഷി....

മടക്കയാത്രയിൽ,...നഗരാതിർത്തിയിലെ ബോർഡിനെപ്പോലെ നന്ദി പറയുന്നില്ല....
കാരണം ...വീണ്ടും വരാൻ വേണ്ടി ...ഹൃദയം ഇവിടം വിട്ടു പോകുന്നില്ല....
തന്നതെല്ലാം..ഉള്ളിൽ സൂക്ഷിച്ച് ..അതിവിടെത്തന്നെയുണ്ട്‌ .....

എനിക്കൊരു സമ്മതപത്രം വേണം ....

സർക്കാരുദ്യോഗം ആനകേറാമലയാണെങ്കിൽ ഒന്നു കേറി നോക്കിയാലോ എന്ന ചിന്തയോടെ
"ചിരപുരാതന സാമ്രാജ്യങ്ങളിലൂടെ " അലയുമ്പോഴാണ് ..അതു സംഭവിച്ചത് ....

"ഒരു നെഞ്ചു വേദന "...!

അതങ്ങനെ ആമാശയത്തിനും കരളിനുമിടയിലൂടെ ഉരുണ്ടുരുണ്ടു ഹൃദയത്തിലേക്ക് ....
പേറ്റുനോവറിഞ്ഞ ഉടലിനെയാണോ നെഞ്ചുവേദന നോവിക്കാൻ നോക്കുന്നതെന്നൊരു 
"ഗർവ്വിന്റെ " മുള്ളൊടിഞ്ഞു .....
വേദന ...വേദന തന്നെയാണല്ലോ .....

അത് വീണ്ടും ഹൃദയത്തിനരികിൽ സ്ഥാനം പിടിക്കുന്നു....
തലയിലൂടൊരു കൊള്ളിയാൻ പാഞ്ഞു...

ദൈവമേ ...ഇതാണോ അറ്റാക്ക് ...???

കഴിഞ്ഞ മാസം പഞ്ചാരയും കൊഴുപ്പുമളന്ന നേഴ്സമ്മയുടെ പുഞ്ചിരി ഓർമ്മയിൽ മിന്നി....
ഏയ്‌ ...ഇല്ല....അതിനു സാധ്യതയില്ല....

പക്ഷെ ഹൃദയം പറയുന്നതു തലച്ചോറു കേൾക്കണ്ടേ ...?
ഇതതു തന്നെ....നിശബ്ദനായ കൊലയാളി...

എന്നും മുടങ്ങാതെ നോക്കുന്ന, പത്രത്തിലെ "ചരമക്കോളം " ഊറിച്ചിരിച്ചു ....
ഫോട്ടോയിലെ 'റോസാപ്പൂ' മുകളിലോ ..താഴെയോ?
ഹൃദയത്തിൽ അനേകായിരം പുളിയുറുമ്പുകൾ കടിച്ചു തൂങ്ങുന്നു....

വേദനയുടെ കാണാപ്പുറങ്ങളിലലയുമ്പോൾ ..മനസിലെന്തെന്നു ചികഞ്ഞു നോക്കി....

ഇല്ല...ഒന്നുമില്ല...ശൂന്യത മാത്രം....

എന്നെങ്കിലും കിട്ടിയേക്കാവുന്ന "സർവീസ് ബുക്കിലെ "
കിട്ടുമായിരുന്ന 'ഗുഡ് എൻട്രികൾ '....
മാസാമാസം കയ്യിലെത്തുന്ന, ചിട്ടി ...ലോണ്‍....എന്നിങ്ങനെ പകുത്തു പോയേക്കാവുന്ന
ശമ്പളം എന്ന വ്യാമോഹം ....
വർഷങ്ങൾക്കപ്പുറം ഒരു സെന്റ്‌ ഓഫ്‌ പാർട്ടിക്കു പിന്നാലെ ,
അക്കൌണ്ടിൽ കയറിയേക്കാവുന്ന 'നല്ലൊരു സംഖ്യ '...
മരുന്നിനുതകുമെന്നു കരുതുന്ന പെൻഷൻ ....
'റിട്ടയർമെന്റ് ' നൽകുമെന്ന് പറയപ്പെടുന്ന "സ്വൈരജീവിതം "...
ഒന്നും ഉള്ളിൽ തെളിഞ്ഞില്ല ....

വേദന കടിച്ചമർത്തി ഒന്ന് കൂടി ഉള്ളിലേക്കെത്തിനോക്കി .....
ഒന്നും കാണാൻ കഴിയുന്നില്ല....

പിച്ചവച്ചു തുടങ്ങിയ മകന്റെ മുഖമോ ...
വിദേശത്തൊരു 'ബെഡ് സ്പേസിൽ ' കഴിയുന്ന ,
ഭർത്താവിന്റെ ഉറക്കച്ചടവുള്ള കണ്ണുകളോ ...
കണ്ണാടിയിൽ എന്നെങ്കിലും കണ്ടേക്കാവുന്ന ,
രൂപം മാറിയോരുടലിന്റെ മാംസളത്വമോ ....
ഒന്നുമില്ല ...ഒരു ശൂന്യത മാത്രം....

നെഞ്ചുവേദനയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് എങ്ങനെയാണൊന്നു രക്ഷപ്പെടുക?
പഴുതുകളില്ല....ഒടുക്കത്തെ വേദനയാണിത് ...

പൊടുന്നനെ, ഉള്ളിലെ ശൂന്യതയിലൊരു വെള്ളി വെളിച്ചം ...
വെളിച്ചത്തിന്റെ ഉച്ചിയിലൊരു തലേക്കെട്ട് ....
"മരണത്തിലും മരിക്കാത്തവൾ "...
നെഞ്ചിലെ വേദനയിറങ്ങുന്നുവോ ???

ഈ അവസാന നിമിഷം ...ആരോടാണൊന്നു പറയുക?
"എനിക്കൊരു സമ്മത പത്രം വേണം...."

അന്ധതയൊഴിഞ്ഞ കുഞ്ഞിന്റെ 'കൗതുകക്കണ്ണുകളിലൂടെ' ഒന്നു കൂടി ലോകം കാണണം...
ഒരു കൗമാരക്കാരിയുടെ 'ഹൃദയമായി ' ആദ്യ പ്രണയമറിയണം .....
ഒരു യുവതിയുടെ നെഞ്ചിലിരുന്നു 'എന്റെ കരളേ 'എന്ന വിളിയ്ക്കു കാതോർക്കണം ....
ജീവിതം അരിച്ചു തളർന്നോരമ്മയുടെ ഉള്ളിലൊരു 'പയർ വിത്താവണം '....

നെഞ്ചിലെ വേദന കണ്‍കോണിൽ പൊടിയുന്നു....

ഒരു കവിൾ വെള്ളം വിഴുങ്ങി,
"വായു കോപത്തിന്റെ " അനന്ത സാധ്യതകളെക്കുറിച്ച് ഇൻറർനെറ്റിൽ തിരയുമ്പോൾ ....
നോവുതിന്ന ഹൃദയം പറഞ്ഞു....

"എനിക്കൊരു സമ്മത പത്രം വേണം..."

ചില അപ്രിയ സത്യങ്ങൾ

അപ്രിയങ്ങളെങ്കിലും ചില നേരുകൾ ...പറയാതെ വയ്യ..!

എനിക്ക് നിന്നെ മടുത്തു തുടങ്ങിയിരിക്കുന്നു ....

അതങ്ങനെയാണ് .....
ഒരിക്കൽ നെഞ്ചോടു ചേർത്തു പിടിച്ചതിനെയാണ്
പിന്നീടൊരിക്കൽ കണ്‍വെട്ടത്തു നിന്നു പോലും അകറ്റി നിർത്താനാശിക്കുന്നത് .....
ഒരിക്കൽ പുകഴ്ത്തിയ നാവുകൊണ്ടുതന്നെയാണ്
വേറൊരിക്കൽ ശപിക്കുവാനാഗ്രഹിക്കുന്നത് ....
ഒരിക്കൽ സ്നേഹിച്ച ഹൃദയം തന്നെയാണ് 
മറ്റൊരിക്കൽ വെറുക്കാനുമാശിക്കുന്നത് ...!

അപ്രിയമെങ്കിലും ...പറയാതെ വയ്യ...

എനിക്കു ചിലതു മടുത്തു തുടങ്ങിയിരിക്കുന്നു....

വെളുപ്പിനെയുള്ള ചില ദുസ്വപ്നങ്ങളെ ...
മുറ്റത്തെ അയയിലുണക്കാനിട്ട കുട്ടിയുടുപ്പിലെ കാക്കക്കാഷ്ഠത്തെ ....
അരകല്ലിൽ അരഞ്ഞു തീരുന്ന ദിവസങ്ങളെ ....
രാത്രികളിൽ , ചപ്പാത്തിക്കല്ലിൽ പരന്നു പൊള്ളുന്ന ജീവിതത്തെ ...!

അപ്രിയമെങ്കിലും ...നേര് പറയാതെ വയ്യ...

എനിക്കു ചിലരെ മടുത്തു തുടങ്ങിയിരിക്കുന്നു....

കാണുമ്പോൾ ചിരിച്ചും, കാണാമറയത്ത് പഴി പറഞ്ഞും
കണ്ണിൽ നോക്കി പറയെപ്പെടുന്ന ചില കളവുകളെ ....
"പൊങ്ങച്ച സഞ്ചിയുടെ "നീളം ...എന്റേതോ ,
നിന്റേതോ കൂടുതലെന്ന ആശങ്കകളെ....
അപ്പുറത്തെ അടുപ്പിൽ "വെറും കലമോ "
"കലം നിറയെ ചോറോ "എന്ന വ്യാകുലതകളെ ...
അന്യരുടെ തീൻ മേശമേൽ "ദുസ്വാദാകുന്ന "
ചില താരതമ്യങ്ങളെ .....!

അപ്രിയമെങ്കിലും ...പറയാതെ വയ്യ.....

എനിക്കീ വീട് മടുത്തു തുടങ്ങിയിരിക്കുന്നു ....

എണ്ണ മെഴുക്കു പുരണ്ട ഇതിന്റെ വെളുത്ത ചുവരുകളെ ...
മങ്ങിയ പനിവെളിച്ചമുള്ള ഇടുങ്ങിയ മുറികളെ....
അലമാരയ്ക്കുള്ളിൽ അട്ടിയിട്ട പത്ര മാസികകളെ ...
കൂറക്കുഞ്ഞുങ്ങൾ തിന്നു തുളയിട്ട ജനാലവിരികളെ ...
മനസ്സ് വെറുക്കുന്ന ,മച്ചിലെ എട്ടുകാലിക്കൂട്ടങ്ങളെ ...!

അപ്രിയമെങ്കിലും ...ഒന്ന് പറയാതെ വയ്യ....

എനിക്ക് എന്നെ മടുത്തു തുടങ്ങിയിരിക്കുന്നു....

കാഴ്ച നശിച്ചിട്ടും...വെറുതെ കൗതുകം നിറയ്ക്കുന്ന കണ്ണുകളെ...
നഷ്ടമായ കേൾവിയിലും ....
ഉച്ചത്തിലുള്ള ശബ്ദങ്ങൾ തിരയുന്ന കാതുകളെ ....
ഉള്ളിലെ അഹിതം പുറത്തു ഹിതമാക്കുന്ന നാവിനെ....
വറ്റി വരണ്ടൊരു ചിരിയുടെ ഭാരം പേറുന്ന ചുണ്ടുകളെ ...
നെറ്റിയിലെ കപടശാന്തിയുടെ വിഭൂതിയെ....
അതിനുള്ളിൽ അലറുന്ന അശാന്തിയുടെ കടലിനെ ...
ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുമ്പോഴും ...
"എനിക്ക് ഞാൻ മതിയെന്ന " ധാർഷ്ട്യത്തെ ....

ഇത് പറയാതെ വയ്യ.....
അപ്രിയങ്ങളെങ്കിലും ..."ചില നേരുകൾ " ...നേരു തന്നെയാണ് .....
 

കേൾക്കുന്നുവോ ....

കാതോർത്താൽ മാത്രം കേൾക്കാവുന്ന ചില ശബ്ദങ്ങളുണ്ട് .......

അതിരാവിലെ ..പാലുകാരനും മീൻകാരനും നീട്ടിയടിക്കുന്ന ഹോണുകൾക്കിടയിൽ ..
ദൂരെയെവിടെയോ കൂവുന്ന കുയിൽപ്പെണ്ണിന്റെ തൊണ്ടയടപ്പ് ....
കൂവാൻ മറന്ന പൂവൻകോഴിയുടെ ദീർഘനിശ്വാസം പറപറത്തിയ കരിയിലയുടെ ചിണുങ്ങൽ ....

ഉച്ചയ്ക്ക് നേരമല്ലാ നേരത്തൊരു മൂങ്ങചേട്ടത്തി കൈതക്കാട്ടിലെ ഉപ്പൻ കുഞ്ഞിനോടു പറഞ്ഞ പായാരം.....

നേരമേറെ വൈകിയിട്ടും കൂട് പറ്റാൻ മറന്നൊരു കാക്കയുടെ ചിറകടിയൊച്ച ....

പാതിരാ കഴിഞ്ഞ നേരത്ത് ...
സീലിംഗ് ഫാനിന്റെ "കര കര"യ്ക്കും ...ചീവീടുകളുടെ ചിലമ്പിച്ച ഒച്ചയ്ക്കും ഇടയിൽ ...
മേശപ്പുറത്തെ കുഞ്ഞു ക്ലോക്കിന്റെ നെഞ്ചിടിപ്പ് ......

കാതോർത്താൽ കേൾക്കാം ....

കണ്ണീരില പൊഴിച്ച്‌ മുറ്റത്തെ ഇലവു മരം ചില്ല തലോടിയ കാറ്റിനോടു പറഞ്ഞ സങ്കടം ......
ഇതളുകളിൽ പുഴുക്കുത്തേറ്റു പുളഞ്ഞൊരു റോസാപ്പൂവ് തൊട്ടടുത്തെ മുല്ലത്തൈയ്യോടു പങ്കിട്ട നോവ്‌ ...
ആകാശത്തേക്കു സാകൂതം നോക്കിയ തവളക്കുഞ്ഞന്റെ ആത്മഗതം....

പക്ഷെ എത്ര കാതോർത്തിട്ടും കേൾക്കാൻ പറ്റാതെ പോയ ഒന്നുണ്ട് ......

എന്റെ..... ഹൃദയതാളം ....

തൈപ്പൂയം....

കാണാക്കാഴ്ചകളിലൂടെ അലയാൻ കൊതിച്ച മനസ്സുമായാണ്
ഇന്ന് വീട്ടിൽ നിന്നിറങ്ങി പുറപ്പെട്ടത്‌ ...
പറഞ്ഞും കേട്ടും ഉള്ളിൽ കയറിപ്പറ്റിയ മോഹം....

അടഞ്ഞ ക്ഷേത്ര വാതിലിനു മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ 
മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല .....

തന്നെക്കാൾ പത്തിരട്ടി വലിപ്പമുള്ള വേലുമായി എത്രയോ പേർ ....
ചിലരുടെ കയ്യിൽ ത്രിശൂലം ......
മറ്റു ചിലർ ഭസ്മപ്പൊതികൾ പരസ്പരം കൈമാറിക്കൊണ്ടിരുന്നു .....
ആരൊക്കെയോ ആരുടെയൊക്കെയോ നെറുകയിൽ ഭസ്മം വിതറുന്നു....
കാവിയുടുത്ത കുട്ടികൾ ആവേശത്തിമിർപ്പിലാണ് ....

ജീവിതത്തിൽ ആദ്യമായി കാണാൻ പോകുന്ന കാഴ്ച.....
പറഞ്ഞറിയിക്കാനാവാത്ത ഉൾഭയത്തോടെ നോക്കി നിന്നു .....

അസുരവാദ്യത്തിന്റെ താളം മുറുകുമ്പോൾ ....
ഭക്തിയോ ...വിഭ്രാന്തിയോ .....
കണ്ണുകളിൽ നിന്നും എല്ലാം മാഞ്ഞു ....
പകരം തെളിഞ്ഞത് പളനിമല......

ഒരിക്കൽ ഒരു വിനോദയാത്രയ്ക്കിടയിൽ , കൂട്ടുകാരിക്കൊപ്പം പളനി മലയുടെ പടികൾ
ആവേശത്തോടെ ചവിട്ടിക്കയറുമ്പോൾ കണ്ട "കരളുലച്ച " കാഴ്ച.....
അരയ്ക്കു താഴെ ചലനമറ്റു കിടന്ന പെണ്‍ കുഞ്ഞിനെയും കൊണ്ട് ഒരച്ഛൻ ....
ചാണകവെള്ളം വീണ പടികളിൽ ,മുട്ടുകാലിൽ തൊഴുകയ്യോടെ അമ്മ.....

പടികയറിയ "ചങ്കൂറ്റം " പടി കടന്നു മറഞ്ഞു.....
തിരികെ വാടിയ മനസും മുഖവുമായി ഇറങ്ങുമ്പോൾ ...
പാതിവഴിയിൽ അവർ.....
ഇത്തവണ അച്ഛന്റെ ഊഴം....
മഞ്ഞസാരിയിലെ ചോരക്കറ അസ്തമയ സൂര്യനെ ഓർമ്മിപ്പിച്ചു ...(എന്തു കൊണ്ട് ഉദയ സൂര്യൻ മനസ്സിൽ വന്നില്ല എന്നത് ഇന്നും അതിശയിപ്പിക്കുന്നു....)

അസുരവാദ്യതിന്റെ ദ്രുത താളം...
പളനിമലയ്ക്കിപ്പുറം ...കുമാര കോവിൽ ....
പത്നീസമേതനായ ഭഗവാൻ ......
നടയ്ക്കു പുറത്തു പടിയിൽ ഒരമ്മ....
കുഞ്ഞന്റെ വെളുത്തു മിനുത്ത തലയിൽ തടവിയ ..വാത്സല്യം ....
ഒപ്പം "ചങ്കിൽ കുത്തിയ" ആത്മഗതം ..."എന്റെ മകന്റെ കുഞ്ഞ് ...ഇത് പോലെയായിരുന്നു .."
എപ്പോഴോ കുമാരകോവിൽ സന്ദർശനത്തിനിടയിൽ അമ്മയെ "ഭഗവാനെ ഏല്പ്പിച്ചു "
സമാധാനത്തോടെ മടങ്ങിയ മകൻ .....
ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ കണ്ടത്....മരിച്ചു മരവിച്ച കണ്ണുകളിലെ നിർവികാരത ......

കാതുകളിൽ അസുരവാദ്യത്തിന്റെ മേളം മുറുകുന്നു....
ഹൃദയമിടിപ്പു പെരുമ്പറയാകുന്നു ....
കണ്ണുകൾ പരസ്പരം "വർത്തമാനം "പറഞ്ഞു തുടങ്ങിയപ്പോൾ കണ്ടു...
ഒരൊറ്റ വേലിൽ 9 പേർ ....
ദേഹം നിറയെ കുഞ്ഞു കുഞ്ഞു ശൂലങ്ങൾ ....
കാവടിയെടുത്ത കുരുന്നുകൾ.....
പറവക്കാവടിയെന്ന മറ്റൊന്ന് .....

ഭക്തി മെനഞ്ഞൊരു ഉന്മാദം ...വിഭ്രാന്തി....
പറഞ്ഞറിഞ്ഞതും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതിനു മുന്നിൽ ഒന്നുമല്ലെന്ന തിരിച്ചറിവിൽ ....മടങ്ങി.....
മനസ്സു കണ്ട കാഴ്ചകളുടെ കയ്പ്പുമായി......

ഇന്ന് തൈപ്പൂയം .....

നിങ്ങളോർക്കുക ,നിങ്ങളെങ്ങനെ നിങ്ങളായെന്ന് !!!

എന്റെ പ്രിയ സുഹൃത്ത് ചക്കി അടുത്തിടെ എനിക്കെഴുതിയ ഒരു സന്ദേശത്തിൽ പറഞ്ഞു...
"നമ്മുടെയുള്ളിൽ നാമറിയാതെഒരു നാമുണ്ടോയെന്ന് ..."

പലരും അതെന്നോട് പറയാതെ പറഞ്ഞു....

ഇന്നലെക്കണ്ട പകൽക്കിനാവ് ....
വെറുതെ ഒരു ഉച്ച സന്ദർശനത്തിനെത്തിയ പൂവാലനണ്ണാൻ ....
വാഴക്കുടപ്പനിലെ അവശേഷിച്ച തേൻ തുള്ളിയും ധൃതിയിലകത്താക്കിയ വാവൽക്കുഞ്ഞ് .....
മുറ്റത്തു തുള്ളിക്കളിച്ച തള്ളയില്ലാ പൂച്ചക്കുഞ്ഞുങ്ങളിൽ ഒന്നിനെ കണ്ണുവച്ചു പറന്ന ചെമ്പൻ പ്രാപ്പിടിയൻ ....
പേരമരത്തിൽ എന്നും വൈകിട്ടു കലപിലകൂട്ടുന്ന കരീലക്കുരുവികൾ ....
പിന്നെ ...പകലുറക്കത്തിൽ ....പാതിതുറന്ന കുഞ്ഞിച്ചുണ്ടുമായി എന്റെ കുഞ്ഞൻ ......

അതങ്ങനെയാണ് ...
പലതും നിനച്ചിരിക്കാത്ത നേരത്താണ് നമ്മുടെയുള്ളിലേക്ക് കടന്നു വരുന്നത്....
പ്രത്യേകിച്ചും ചില ചിന്തകൾ .....
അത്തരമൊരു ചിന്തയുടെ ചുഴിയിൽപ്പെട്ടിരിക്കയാണ് ഞാനിപ്പോൾ ....
ചിന്ത... എന്റെയുള്ളിൽ ഞാനറിയാതെയുള്ള എന്നെപ്പറ്റിയാണെന്നതാണ് രസം ....

കാര്യം കേട്ട് അമ്മയുടെ മറുചോദ്യം ...."കൊള്ളാം ,നിനക്ക് നിന്നെപ്പറ്റി ചിന്തിക്കാൻ സമയം കിട്ടുന്നുണ്ടോ?"
അറുപതാം വയസ്സിലും അക്കങ്ങളോടു മല്ലിടുന്ന അമ്മയുടെയാ മറുചോദ്യത്തിൽ മനസ്സുലഞ്ഞു .....

ഒന്നാം ക്ലാസ്സിലെ കൂട്ടുകാരി രാജിയോട് എന്നും പറഞ്ഞു നടന്നിരുന്നൊരു മോഹമുണ്ടായിരുന്നു ....
"എനിക്കൊരു ടീച്ചർ ആവണം...സീത ടീച്ചറിനെ പോലെ സാരിയുടുക്കണം ..."

അഞ്ചാം ക്ലാസ്സിൽ, പുതിയ സ്കൂളിൽ ഡാൻസ് പഠിപ്പിക്കാൻ വന്ന "സുന്ദരി" ടീച്ചറെ കണ്ടപ്പോ തോന്നി...
"എനിക്ക് ഒരുപാടു പേരെ ഡാൻസ് പഠിപ്പിക്കണം"

പത്തിൽ, സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോ ഹെഡ് മാഷു ചോദിച്ചു "ഇനിയെന്താ പരിപാടി"
മനസിലുറപ്പിച്ച റെഡി മെയ്ഡ് ഉത്തരം..." എനിക്കു ടി ടി സി യ്ക്ക് പോണം സാർ "

പതിനഞ്ചു കാരിയ്ക്ക് വഴികാട്ടികൾ ഒത്തിരി....

ഒരു നൃത്തത്തിൽ എന്റെ പാദങ്ങൾ നോവുന്നു....

ആർട്സ് ക്ലബ് ഡേയ്ക്ക് കിട്ടിയ, ഇന്നും നിധി പോലെ കാത്തു വച്ചിരിക്കുന്ന
മധുസൂദനൻ മാഷുടെ ഓട്ടോഗ്രാഫ് ... "പാദ മുദ്ര കാല ഹൃദയത്തിൽ പതിപ്പിയ്ക്കുക "

കവിതയുടെ രസച്ചരടു മുറിയുന്നു ...

കഥകളി സംഗീതക്കമ്പമുണ്ടായിരുന്ന ,മലയാളം പ്രൊഫെസ്സറുടെ ആശംസ....
"മുൻപേ പറക്കുന്ന പക്ഷിയാവുക"

നോട്ടുബുക്കുകളിൽ വെറുതെ കുറിച്ച നോവുകൾ കണ്ട പ്രിയ കൂട്ടുകാരന്റെ തമാശ..
"തള്ളേ ...കൊള്ളാം "

പക്ഷേ ബിരുദം കയ്യിൽ കിട്ടുമ്പോൾ ...ഇനിയെന്ത് ? എന്നാണ് ആദ്യം ആലോചിച്ചത് ....

അഭിഭാഷകനാകാൻ മോഹിച്ച മകൻ ...
ഒരു വനിതാ കോളേജിനു മുന്നിലെ റെയിൽപ്പാളത്തിൽ
തിരിച്ചറിയാത്ത രൂപമായതു കണ്ടു തകർന്ന വല്യച്ഛന്റെ വൃദ്ധമനസുപറഞ്ഞു .."നീയെങ്കിലും ..."

വെളുത്ത സാരിയും കറുത്ത ഗൌണും .....
എന്തൊരു വൈചിത്ര്യമെന്നു മനസ്സ് പറഞ്ഞിട്ടും ...
മുറുക്കിക്കെട്ടിയ "വക്കീൽ ബാൻഡ് " കഴുത്തിനൊപ്പം ഞെരിച്ചമർത്തിയത് കരളിനെയാണെന്നറിഞ്ഞിട്ടും ...
വെറുതെ വേഷം കെട്ടി.....

പിന്നെയിങ്ങോട്ട് ...വേഷങ്ങൾ പലത് .....

ഇപ്പോൾ വൈകിക്കിട്ടിയ ഈ അമ്മ വേഷത്തിനുള്ളിൽ ....
ഈ നിമിഷം... ഞാൻ സന്തുഷ്ടയാണ്....

കുഞ്ഞന് ഏറെയിഷ്ടമുള്ള "കുഞ്ഞേടത്തി " ചൊല്ലിക്കേൾപ്പിക്കുമ്പോൾ ....
അവനെ പുറത്തിരുത്തി ആനകളിക്കുമ്പോൾ .....
കാക്കയേയും പൂച്ചയെയും കാട്ടി മാമു കൊടുക്കുമ്പോൾ ....
ഒരു മൂളിപ്പാട്ടിന്റെ അകമ്പടിയിൽ ..എണ്ണ തേച്ചു കുളിപ്പിക്കുമ്പോൾ ...
രാത്രി പകലാക്കി കുഞ്ഞനൊപ്പം പന്തു കളിക്കുമ്പോൾ ....
ഒടുവിൽ ..ഏതോ യാമത്തിൽ ...
"ബോംബെ ജയശ്രീയ്ക്കൊപ്പം " ഓമനത്തിങ്കൾക്കിടാവോ പാടി
കുഞ്ഞനോടു ചേർന്ന് കിടക്കുമ്പോൾ......

ഞാൻ അതിശയത്തോടെ തിരിച്ചറിയുന്നു....എന്റെയുള്ളിൽ ഞാനറിയാതിരുന്നൊരെന്നെ ......

കാലം പുതിയ തിരിച്ചറിവുകളുമായി എന്നെ കാത്തിരിക്കുകയാണ് ....
അതിന്റെ വെള്ളിവെളിച്ചത്തിൽ ...എനിക്കറിയാം....എന്റെയുള്ളിൽനിന്നും ഇനിയും ആരൊക്കെയോ വരാനുണ്ട്.......

പഴയൊരു പാട്ടു പുസ്തകം പറഞ്ഞ കഥ

വീട് വൃത്തിയാക്കൽ ഒരു ഗമണ്ടൻ ജോലിയാണ് ...
പ്രത്യേകിച്ചും ഞറുങ്ങിണി പിറുങ്ങിണി പിള്ളേരുള്ളപ്പോൾ ....

പക്ഷെ അതിനിടയിൽ രസകരമായ ചിലത് സംഭവിക്കാറുണ്ട് .....
അതൊരു ഓർമ്മ പുതുക്കൽ കൂടിയാണ്....

.ഇന്നു വെറുതെ അലമാരയിലെ പൊടിയൊക്കെ തട്ടിതൂത്തു നിൽക്കുമ്പോൾ ,
പഴയ ചില പുസ്തകങ്ങൾക്കിടയിൽ നിന്നാണത് കണ്ടെത്തിയത് ....
ഗാനഗന്ധർവന്റെ പടമുള്ള ചുവന്ന പുറം ചട്ടയുള്ള പുസ്തകം....

വ്യക്തമായി പറഞ്ഞാൽ ...പണ്ടത്തെ പാട്ടു പുസ്തകം.....

പ്രിയഗായകന്റെ മുഖത്തെ "ഭസ്മം "തുടച്ചു മാറ്റി പുസ്തകം മറിച്ചു നോക്കി......
എന്നോ പാടി നടന്ന....എപ്പൊഴൊക്കെയൊ പ്രിയപ്പെട്ടതായി നെഞ്ചോടു ചേർത്തു നടന്ന പാട്ടുകൾ.....

ഹൃദയത്തിലൊരു രോമാഞ്ചം ....(ഹൃദയം അങ്ങനെ ഇടയ്ക്കിടെ രോമാഞ്ചം കൊള്ളാറുണ്ട്‌ ....അതിന്റെ ഉടമ ഞാനായതു കൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

മേശമേൽ അലസമായി കൂട്ടിയിട്ട സി ഡി കളിലേക്ക് നോക്കിയത് അതിശയത്തോടെയാണ് ...
എത്രയോ നാളുകളായി അവയെ തിരിച്ചും മറിച്ചും കൈകാര്യം ചെയ്യുന്നു....
ഇന്നുവരെ ഇതേപോലൊരു അനുഭവം ഒരു സി ഡി കയ്യിലെടുക്കുമ്പോൾ ഹൃദയത്തിനുണ്ടായിട്ടില്ല ....

ചുവന്ന പുറം ചട്ടയുള്ള പാട്ട് പുസ്തകത്തിലെ പാട്ടുകൾ വെറുതെ മൂളി....
പുസ്തകത്തിന്റെ പഴക്കത്തെക്കാൾ ..പഴക്കമുള്ള ചില ഓർമ്മകൾ.....

"എല്ലാം ഒടുവിൽ ഓർമ്മകൾ മാത്രമാകുന്നു"വെന്ന് .....എം ടി ഓർമ്മിപ്പിച്ചു ..

സ്കൂളിനടുത്തെ കടയിൽ മാസത്തിൽ രണ്ടു തവണ പാട്ടു പുസ്തകം എത്തുമായിരുന്നു ..
ഇപ്പോൾ തീവണ്ടിയാത്രയ്ക്കിടയിൽ ചിലർ കൊണ്ട് വരുന്ന "മമ്മൂട്ടിയുടെ പാട്ടുകൾ"..."മോഹൻലാലിൻറെ പാട്ടുകൾ"....അതൊന്നുമല്ല....
യേശുദാസിന്റെയോ ജാനകിയുടെയോ ചിത്രയുടെയോ മുഖചിത്രമുള്ള
ചുവപ്പും നീലയും പുറം ചട്ടയുള്ള ,"ചലച്ചിത്ര ഗാനങ്ങൾ "....

അമ്മയുടെ കുടുക്കയിൽ നിന്ന് കട്ടെടുത്ത രണ്ടര രൂപ കൊടുത്ത് ഒരു പാട്ട് ബുക്കും
ബാക്കിയ്ക്ക് ശർക്കര മുട്ടായിയും ....
പുസ്തകം കയ്യിൽ കിട്ടിയാൽ സ്കൂളിലേക്കൊരു ഓട്ടമാണ് ...
മനസ്സിൽ സകല ദൈവങ്ങളേയും വിളിക്കും...."ഇന്ന് ഒരു പീരീഡ്‌ സാറ് വരല്ലേ....."

ചുവന്ന ചട്ടയുള്ള പാട്ടു പുസ്തകത്തിൽ ഭയത്തിന്റെ വിയർപ്പു പടർന്നു ......

ഒരിക്കൽ പിൻബെഞ്ചിലെ സ്വാതി പാട്ടു പുസ്തകത്തിനൊപ്പം
കടയിലെ മാമൻ തന്നുവെന്നു പറഞ്ഞ്
കൊണ്ടു വന്ന .."ചെറിയ പുസ്തകം"....

ക്ലാസ്സിലെ "എല്ലാമറിയാവുന്ന " മിനിയും ദിവ്യയും ....പറഞ്ഞു കേട്ട "പുസ്തക ക്കഥകൾ "
സ്വാതിയുടെ കയ്യിലെ പുസ്തകം കണ്ടുപിടിച്ച തയ്യൽ ടീച്ചർ പഠിപ്പിച്ച പുതിയ വാക്ക് "അശ്ലീലം "....

ആ പുകിലുകൾക്കൊടുവിൽ ..ഇനിയൊരിക്കലും പാട്ടു പുസ്തകം വാങ്ങാൻ പോവില്ലെന്ന ശപഥം .....

"അശ്ലീലം " കാണുന്നവന്റെ കണ്ണിലും കേൾക്കുന്നവന്റെ കാതിലുമാണെന്നറിയാൻ
പിന്നെയും കാലമെത്രയോ താണ്ടി.....

പാട്ടു പുസ്തകത്തിനു പഴങ്കഥപറഞ്ഞു മതിയായില്ല......
കഥ കേൾക്കാൻ സമയമൊട്ടില്ല താനും ...

അതറിഞ്ഞു കഥ നിർത്തി പുസ്തകം പഴയൊരീണം മൂളി....
അതിൽ ..
എ എം രാജയുടെയും എസ് പി ബി യുടെയും യേശുദാസിന്റെയും ജാനകിയുടെയും സുശീലയുടെയുമൊക്കെ ഒറിജിനൽ റെക്കോർഡ്സിൽ തൊട്ട്
പകച്ചു നിന്ന ഒരു പെണ്‍കുട്ടിയലിഞ്ഞു .....
രവീന്ദ്രൻ മാഷും എം ജി രാധാകൃഷ്ണനും എല്ലാം മറന്നു പാടിയ റെക്കോർഡിങ് റൂമിനു മുന്നിൽ
അവൾ അമ്പരപ്പോടെ നിന്നു ...

ആകാശവാണിയിൽ ..എത്രയോ തവണ ..."രചന -ഗിരീഷ് പുത്തഞ്ചേരി " എന്ന് അനൌണ്‍സ് ചെയ്ത നാവു കൊണ്ട്" ഗിരീഷേട്ടാ സുഖം?" എന്ന് ചോദിച്ചതും ....
"ചേച്ചിയെന്നു വിളിക്കൂ കുട്ടീയെന്നു " ചിത്ര ചേച്ചി നിറഞ്ഞ ചിരിയോടെ പറഞ്ഞതും .....
ഈ ജന്മത്തിലായിരുന്നുവെന്നത് ..പാട്ടു പുസ്തകം പറഞ്ഞ സത്യം......

ചുവന്ന ചട്ടയുള്ള പുസ്തകം പിന്നെയും പതിഞ്ഞു പാടിക്കൊണ്ടേയിരുന്നു ......
അതിനും മേലേ ....ടി വി ഉച്ചത്തിൽ പാടി.....
"ജോണീ ..മോനേ ..ജോണീ ..."
 

ന്നാലും ....ഇങ്ങനീണ്ടോ മനുഷമ്മാര് !!!

കേട്ടത് കൂട്ടിപ്പെറുക്കി മനസിലടുക്കിവച്ചു തുടങ്ങിയ നാൾ മുതൽ
കരളിലുള്ളൊരു വാചകം....
സിനിമയിലെ സൂപ്പർ താരങ്ങളുടെ മാസ്റ്റർ പീസ്‌ ഡയലോഗ് പോലെ
അമ്മയുടെ മാസ്റ്റർ പീസ്‌...."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "

പെണ്മക്കൾ അമ്മമാരെക്കണ്ടു പഠിക്കുമെന്ന് പറയുന്നത് ശെരിയാണേലും അല്ലേലും
ഈ വാചകം മുലപ്പാലിലൂടെ (അതോ പൊക്കിൾ ക്കൊടിയിലൂടെയോ?) നേരെയങ്ങ് നെഞ്ചിൽ കയറി കുത്തിയിരിപ്പായി......
സ്ഥാനത്തും അസ്ഥാനത്തുമെല്ലാം തികട്ടി വരാനും തുടങ്ങി.....

ജീവിതത്തിൽ അമ്മയഭിനയിച്ചു തകർത്ത (അതോ അനുഭവിച്ചു തകർത്തതോ ) ഏകാംഗനാടകത്തിൽ
ഈ വാചകത്തിന് ഒരുപാട് പ്രസക്തിയുണ്ടായിരുന്നിരിക്കാം ...

ചിലത് കാണുമ്പോൾ ...കേൾക്കുമ്പോൾ...വായിക്കുമ്പോൾ...
കരളിലൊരു "പുച്ഛ രസം " പറയുന്നു....
"ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "

നാലാം ക്ലാസ്സിൽ നാലുകൊല്ലം തോറ്റ, അപ്പുറത്തെ വിനോദിന്റെ അച്ഛൻ,
അണ്ടിയാപ്പീസിൽ നിന്ന് അന്നത്തെക്കൂലിയുമായി വന്ന
അവന്റെ അമ്മയെ മുടിക്ക് കുത്തിപ്പിടിച്ചു നിലത്തിഴയ്ക്കുന്ന കണ്ടപ്പോ .....
"ന്നാലും ഇങ്ങനീണ്ടോ......."

മെഴുക്കു പിടിച്ച ചായ ഗ്ലാസ്സൊരെണ്ണം അറിയാതെ താഴെ വീണു പൊട്ടിയതിനൊപ്പം
ചന്ദ്രൻ മാമന്റെ ചായക്കടയിലെ എട്ടുവയസുകാരൻ കുട്ടന്റെ കവിളത്തും ഒന്നു പൊട്ടി....
കുട്ടന്റെ കവിളും എന്റെ കരളും ഒന്നിച്ചു പറഞ്ഞു...."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "

ആദർശധീരനായ മലയാളം മാഷിന്റെ വലതു കാലിലെ പെരുവിരൽ ...
മുൻബെഞ്ചിലെ വെളുത്ത പെണ്ണിന്റെ തുടുത്ത കാലിൽ വരച്ച ചിത്രം കണ്ട്
പുകഞ്ഞ കരൾ പതിഞ്ഞു പറഞ്ഞു...."ന്നാലും...."

തുരുമ്പിച്ച ബസിലെ തണുത്ത കമ്പിക്കിടയിലൂടെ
കൈത്തണ്ടയിൽ കിട്ടിയ നഖപ്പാട് അതേറ്റു പറഞ്ഞു....

റെയിൽവേ പാലത്തിനരികിലെ എച്ചിലിലകൾക്കിടയിൽ
പരതി നടന്ന മനുഷ്യക്കോലം
നേരെ മുന്നിൽ വന്നു പെട്ടപ്പോൾ ... ദാ വരുന്നു ..
ഒപ്പം നടന്നയാളുടെ വായിൽ നിന്നും അതേ വാചകം....

ബാഗിലെ പൊതിച്ചോറു നീട്ടുമ്പോൾ തട്ടിപ്പറിച്ചെടുത്ത പരുക്കൻ കൈകൾ പറയാതെ പറഞ്ഞു ..."ന്നാലും..."

ആകാശവാണിയിലെ നൈറ്റ്‌ ഷിഫ്ടുകൾ സമ്മാനിച്ച തനിച്ചുള്ള രാത്രിയാത്രകൾക്കിടയിൽ ,
പതിനൊന്നേകാലിന്റെ ഗുരുവായൂരിനെ നോക്കി ഉറക്കച്ചടവോടെയിരിക്കുമ്പോൾ ....
പതിനൊന്നരയുടെ പാലക്കാട് സൂപ്പർ ഫാസ്റ്റിൽ സ്ത്രീകളുടെ സീറ്റിൽ കൂർക്കം വലിക്കുന്ന സഹോദരന്മാരെ ഉണർത്താൻ ശ്രമിക്കുമ്പോൾ ....
ഒരു നെഞ്ചെരിച്ചിൽ ..."ന്നാലും ഇങ്ങനീണ്ടോ..."

ഇപ്പൊ ദാ ....രാവിലെ പത്രം നോക്കാൻ വയ്യ....
കുടിച്ച ചായയ്ക്കൊപ്പം തികട്ടി വരുന്നത് അതേ വാചകം .....
അച്ഛൻ മകളെ...മകൻ അമ്മയെ....ചേട്ടൻ കുഞ്ഞു പെങ്ങളെ .....
ശീർഷകങ്ങൾക്കൊപ്പം ഒരു "മൃഗീയം" കൂടി.....

എന്ത് "മൃഗീയം"....?
വിശപ്പു മാറ്റാനാണ് അവർ ഭക്ഷണം തേടുന്നത് ....
വംശം നിലനിർത്താനാണ് ഇണ ചേരുന്നത് .....
നമ്മുടെ ക്രൂരത അവയോടല്ലേ ....

കരളിലെ ചവർപ്പ് നാവിൻ തുമ്പത്ത്....."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "

പിൻകുറിപ്പ് :- ഇന്നത്തെ മാതൃഭുമിയിൽ ഒരു വാർത്ത‍ ....
"കശാപ്പു ശാലയിലേക്ക് കൊണ്ട് പോകും വഴി പശു പ്രസവിച്ചു"

വാർത്തയുടെ ആഴത്തിലേക്ക് ....

തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ
കശാപ്പിനായി കൊണ്ട് വന്നപശുവിന്
വഴിക്ക് വച്ചൊരു വേദന ....ഉള്ളിലെ ജീവനു പുറത്തു വരണം ....

ലോറിക്കാർക്ക് തലവേദന....

പ്രസവ വേദനയോടെ നിന്ന പശുവിനെ ചവിട്ടി താഴെയിട്ടു ...
അമ്മയനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയെക്കാൾ വലുതല്ലല്ലോ താഴെ വീണ വേദന...
അത് പ്രസവിച്ചു...നാട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ ലോറിക്കാർ അമ്മയെയും കുഞ്ഞിനെയും
കൊണ്ട് പോയി...(കശാപ്പു ചെയ്യാൻ....എണ്ണത്തിൽ ഒന്നു കൂടിയായില്ലേ..)
 

ഒരു പെണ്ണാടുണ്ടാക്കിയ പുകില് ....


നന്തനാരുടെ "ഉണ്ണിക്കുട്ടന്റെ" സംഭവബഹുലമായ ദിവസങ്ങൾ പോലെ
എന്റെ ചില ദിവസങ്ങളും ചിന്താബഹുലങ്ങളാകുന്നു ....

ഇന്നത്തെ സംശയം ഒരു ബന്ധുവിന്റെ പെണ്ണാടിനെ കണ്ട ശേഷം തുടങ്ങിയതാണ് .....
തവിട്ടു നിറമുള്ള ഒരു പെണ്ണാടാണ് നായിക ...
അതിനു മൂന്നു മക്കൾ ...ഒരാണും രണ്ടു പെണ്ണും ...
അവറ്റയെ കണ്ട ശേഷം വല്ലാത്തൊരു വിഷമം ...

വിഷമഹേതു അമ്മയായ പെണ്ണാട് ...

അവൾ രണ്ടു മക്കൾക്കു മാത്രം പാലു കൊടുക്കുന്നു ...
മൂന്നാമൻ ..അതായത് കൂട്ടത്തിലെ ഒരേയൊരു പുരുഷപ്രജ പാല് കിട്ടാതെ വലയുന്നു....
എന്താണ് കാരണം?
സക്കറിയയുടെ പുസ്തകം പറഞ്ഞ പോലെ...."ആർക്കറിയാം"

എന്നാലും..അത് ശെരിയാണോ ...അങ്ങനെ ചെയ്യാമോ ...
മൂന്നു പേരും ഒരമ്മയുടെ കുഞ്ഞുങ്ങളല്ലേ....?
അത് മാത്രമോ , പാല് കിട്ടാത്ത കുഞ്ഞാണ് അമ്മയുടെ തനിപ്പകർപ്പ് ....

കാര്യമറിഞ്ഞവർ മൂക്കത്ത് വിരൽ വച്ചു പറഞ്ഞു ..."പാവം"
ചിലർ കണ്ടെത്തി ..."അതിന് മൂന്നും സ്വന്തം കുഞ്ഞുങ്ങളാണെന്ന് അറിയില്ല"
മറ്റു ചിലർ പറഞ്ഞു "അവൾക്കു വെളുത്ത കുഞ്ഞുങ്ങളെയാണ് ഇഷ്ടം "

കാര്യമെന്തായാലും തവിട്ടു കുഞ്ഞനു പാലില്ല....
ബന്ധുവിന്റെ സന്ദർശകരുടെ തള്ളവിരലൂറി കുഞ്ഞൻ സങ്കടം പറയുന്നു....

ബന്ധുവീട്ടിൽ നിന്നുള്ള മടക്കയാത്രയിൽ പലതും മനസ്സിൽ തിക്കിത്തിരക്കി ...

"എന്റെ ചേട്ടനോട് പറഞ്ഞു കൊടുക്കും" എന്നു ചുണ്ടു കൂർപ്പിച്ചു
പഴയ കൂട്ടുകാരി തട്ടിയെടുത്ത നാരങ്ങാ മിട്ടായിയും പുളിങ്കുരുവും ..
പണ്ടത്തെ കൊതിക്കെറുവ് ...

വെള്ളച്ചോറും വെളുത്ത ചമ്മന്തിയും മടുപ്പിച്ച
നാവും മനസ്സുമായി
അയൽവക്കത്തെ കളിക്കൂട്ടുകാരി വീണ്ടും കൊതിപറഞ്ഞു...
"അമ്മ ഏട്ടനു വേണ്ടി മീൻ വറുക്കുന്നു.."

തോടയിട്ടു ഞാത്തിയ കാതുമായി അലക്കമ്മൂമ്മ അമ്മയോട് ..."രണ്ടും പെങ്കുട്ടികളായല്ലോ ...കഷ്ടം തന്നെ "
മറ്റൊരു പൊതുജനാഭിപ്രായം ..."അമ്മമാർക്ക് ആണ്കുട്ടികളോടാണ് കൂടുതലിഷ്ടം "

കണ്ടതും കേട്ടതും വായിച്ചതുമെല്ലാം ...തവിട്ടു നിറമുള്ളൊരു പെണ്ണാട് തിരുത്തിയിരിക്കുന്നു ......

എന്നാലും അതെന്താണ് അങ്ങനെ?

ഇനി അമ്മയാടിന്റെ മനസ്സിൽ മറ്റൊന്നാണോ?

പാലു കുടിച്ചു ...വേഗം തടിച്ചു കൊഴുത്താൽ
കുഞ്ഞന്റെ കഴുത്തിൽ വീഴുന്ന അറവുകത്തിയുടെ മൂർച്ച ......
 

ഇന്നു വെളുപ്പിനെ സംഭവിച്ചത് .....

ഇന്ന് വെളുപ്പിനെയാണ് അത് സംഭവിച്ചത്....
കൃത്യമായി പറഞ്ഞാൽ ക്ലോക്കിൽ 6 മണി കഴിഞ്ഞ് 10 മിനിട്ടുള്ളപ്പോൾ ....

ആദ്യം തോന്നി , പെട്ടെന്ന് കത്തിയ ട്യൂബ് ലൈറ്റ് ഒപ്പിച്ച പണിയാണെന്ന് .....
പിന്നെ കരുതി, ഉറക്കച്ചടവ് പറ്റിച്ചതാവുമെന്ന് ....
വാഷ് ബേസിനു മുകളിലെ കണ്ണാടിയ്ക്കു കുഴപ്പമുണ്ടോയെന്നായി പിന്നെ സംശയം ....
ഇതൊന്നുമല്ല സംഭവം സത്യമാണെന്ന് മനസിലായപ്പോഴല്ലേ ...

ഒരു കുഞ്ഞു കരിന്തേൾ കരളിലൊരു കുത്ത് .....

ഉടനെ കൈ പോയത് ഷെൽഫിലെ കുപ്പിയിൽ....
അമ്മ തന്ന ശീലം...ചെമ്പരുത്യാദി ...
ചതിച്ചോ .....ഭഗവാനേ
കുപ്പിയ്ക്ക് പുറത്തെ ലേബൽ സമാധാനിപ്പിച്ചു.. ഇല്ല ..ഇനിയും 2 വർഷമുണ്ട് .....
അപ്പൊ ഇതുവരെയുള്ളതോ .....എല്ലാം കൂടി തപ്പിപ്പെറുക്കി നോക്കി ...കുഴപ്പമില്ല....

പുതിയതായി വാങ്ങിയ "പതയുന്ന പൂവിന്റെ" കുപ്പി തപ്പി നോക്കി ...ഇല്ല ....അതും കുഴപ്പമില്ല ..
പിന്നെ എന്താ .ഇങ്ങനെ...

ഇനി ഉത്സവപ്പറമ്പിൽ നിന്ന് വാങ്ങിയ ലോക്കൽ സിന്ദൂരം പറ്റിച്ച പണിയാണോ
ഏയ് ,അതൊരിക്കലുമാവില്ല ....

പെണ്ണിന്റെ മനസല്ലേ ....
അമ്മ പറഞ്ഞ് അറിയാവുന്ന അമ്മൂമ്മമാരെയും അവരുടെ പെണ്‍മക്കളെയും ധ്യാനിക്കാൻ തുടങ്ങി .....

ഉണ്ട് ...പ്രശ്നമുണ്ട് .....
ഗുരുതര പ്രശ്നം !!!
സംഭവം പാരമ്പര്യമാണ് ....
തലമുറ തലമുറയായി പകർന്നു കിട്ടിയത് ...
ഇനി വരുന്ന തലമുറയ്ക്ക് വച്ചു കൈമാറേണ്ടത് .....

എന്നാലും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ....
ഒരു പോംവഴി വേണ്ടേ ......
അങ്ങനെ ക്ലോക്കിൽ കൃത്യം 7 അടിച്ചപ്പോൾ
കയ്യിൽ കിട്ടിയ കത്രികയും പ്ലക്കെറും കൊണ്ട് കഥാ നായകൻറെ
കഥ കഴിച്ചു...

അത് പോരല്ലോ ....ഇനിയും ആശാന്മാർ വന്നാലോ ...
ചിന്തയുടെ അഗാധതയിൽ നിന്നൊരു ഉത്തരം കിട്ടി...
നടൻ ജയറാമിനെയോ ,നടി സംയുക്തയേയോ ആശ്രയിക്കേണ്ടി വരും....
അതോ "തളത്തിൽ ദിനേശന്റെ "വഴിയേ ഏതെങ്കിലും "മ"പ്രസിദ്ധീകരണത്തിലേക്ക് "ഇതൊരു രോഗമാണോ ഡോക്ടർ " എന്ന ചോദ്യമെഴുതണോ ?

പക്ഷേ അത് കൊണ്ട് മാറുമോ ....സംഭവം പാരമ്പര്യമല്ലേ !

അപ്പൊപ്പിന്നെ വഴി ഒന്നേയുള്ളൂ....
രണ്ടു കയ്യും നീട്ടി പരമ്പരാഗത സ്വത്തു സ്വീകരിക്കുക....

കരിന്തേളിനെ കുടഞ്ഞെറിഞ്ഞു കരൾ പറഞ്ഞു..
'അതിനും വേണം ഒരു ഭാഗ്യം'....

കുറിപ്പ് -

തലയിൽ ആദ്യമായി ഒരു വെള്ളിയിഴ കണ്ടത് എന്റെ പതിനേഴാം വയസ്സിലാണ്...
അന്ന് അമ്മമ്മ പറഞ്ഞു..." കുട്ടി നര കുടുംബം കെടുത്തും"
എന്റെയാ കുട്ടി നരയാണോ കാരണമെന്നറിയില്ല , കയ്പ്പുകൾ കുറച്ചേറെ കിട്ടിയിട്ടുണ്ട് ....

ഇന്ന് രാവിലെ സീമന്ത രേഖയ്ക്ക് തൊട്ടു മുകളിൽ വെള്ളിത്തിളക്കത്തിൽ ...ഒരു മുടിയിഴ ...
ഒരു സമാധാനം മാത്രം...
ഇനി കുട്ടിനര വരില്ലല്ലോ...

ഒരു ഓർമ്മച്ചിത്രം ...

രാവിലെ പത്രം വായിച്ചു മടക്കിയ കൈ തന്നെയാണ് കണ്‍പീലിയി ൽ തങ്ങിയ നീർത്തുള്ളി തുടച്ചതും .....

ഇപ്പോഴും മനസിലൊരു നീർത്തുള്ളിയുണ്ട് ....

ഉദയഭാനു മാഷ് .....

ആദ്യമായി കാണുന്നത് പത്രപ്രവർത്തന പഠനത്തിനിടയിൽ .. സ്റ്റാച്യുവിലെ ആൾത്തിരക്കിൽ മെല്ലെ നടന്നു നീങ്ങുന്ന ...നല്ല പരിചയം തോന്നിച്ച മുഖം ....
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട്‌ ആ പരിചയം പറഞ്ഞപ്പോ പകരം കേട്ടതൊരു പാട്ടാണ്...."ഇന്നു മുഴുവൻ ഞാൻ ഏകനായാ കുന്നിൻ ചെരുവിലിരുന്നു പാടും..."

അതിശയത്തോടെയാണ്‌ ഒട്ടും തിടുക്കമില്ലാതെ നടന്നു നീങ്ങുന്ന ആ രൂപത്തെ നോക്കിയത് ...

പിന്നെ ക്ലബ്ബിൽ റേഡിയോ ജോക്കി ആയിരുന്ന ജന്മത്തിൽ .....
അവിടുന്നു കിട്ടിയ ഒരുപാട് നല്ല സൗഹൃദങ്ങളുടെയൊപ്പം ....ബന്ധങ്ങളുടെയൊപ്പം ...ചില ഭാഗ്യങ്ങളും ....

അതിലൊന്ന് ഉദയഭാനു മാഷെ പരിചയപ്പെട്ടതാണ് ...

പരിചയപ്പെടുത്തിയതിന് രവി മേനോൻ സാറിന് മനസിലൊരു നൂറു വട്ടം നന്ദി പറഞ്ഞിട്ടുണ്ട് ....ഒപ്പമിരിക്കാനും ഒത്തിരി സംസാരിക്കാനും അവസരം തന്നതിനും . ...

കുഞ്ഞായിരുന്നപ്പോൾ അമ്മ പാടിതന്നിരുന്ന ആ പാട്ട് ...താരമേ താരമേ നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ ......
അതൊന്നു പാടാൻ ഒരു ഇന്റർവ്യൂവിനിടയിൽ ആവശ്യപ്പെട്ടപ്പോൾ ,
ഒരു കുഞ്ഞിനു മാത്രം കഴിയുന്ന നിഷ്കളങ്കതയോടെ അദ്ദേഹം ചിരിച്ചു ...പിന്നെ സ്റ്റുഡിയോയിൽ വാർദ്ധക്യത്തിലും വാടാത്ത ആ ശബ്ദം മാത്രം....

ഞാൻ തങ്കക്കിനാവുകൾ മാത്രം കണ്ടിരുന്ന ആ പഴയ കുഞ്ഞായി.. ....
അമ്മയുടെ താരാട്ട് ഓർമ്മ വരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും നിറഞ്ഞു ചിരിച്ചു....

പിന്നെ എപ്പോ വഴിയിൽ വച്ച് കണ്ടാലും ഓടി അടുത്ത് ചെന്നു സംസാരിക്കാൻ ഉത്സാഹമായിരുന്നു .....

എളിമ എന്നാൽ എന്തെന്ന് കാട്ടിത്തന്ന മലയാളത്തിന്റെ പ്രിയ ഗായകന് ...മനസിലെ നീർത്തുള്ളി സമർപ്പിക്കുന്നു ...
 

ഹൃദയത്തിനു കിട്ടിയ കുത്ത്....അല്ല ...കത്ത്

ഇന്ന് ജനുവരി 2...
ഒരു കുഞ്ഞു നോവ്‌ ഇടയ്ക്കിടെ ഹൃദയത്തിനിട്ടൊരു കുത്ത് കുത്തുന്നുണ്ടായിരുന്നു ....
ഇന്ന് ഉച്ച തിരിഞ്ഞൊരു 3 മണി നേരത്ത് ...അതിനിട്ടു ഹൃദയം തിരിച്ചൊരു കുത്തു കുത്തി ....

ഇന്ന് ജനുവരി 2 ആണെന്നോർക്കണം ...
എങ്ങനെ നോവാതിരിക്കും ?
ഇരുന്നിരുന്നൊരു ക്രിസ്മസ് വന്നു പോയി...
ഇപ്പൊ ഒരു പുതുവർഷവും .....

എന്നിട്ടും വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു സമ്മാനമോ ,ഒരു പുത്തനുടുപ്പോ കിട്ടിയില്ല ....
സമ്മാനവും ഉടുപ്പും ഹൃദയം പ്രതീക്ഷിക്കുന്നില്ല .....
അതൊക്കെ എന്നോ കഴിഞ്ഞ ജന്മത്തിലായിരുന്നുവെന്ന് ഹൃദയത്തിനറിയാം ...

പക്ഷേ ,എത്രയോ കാലമായി ഒരു ആശംസാകാർഡ്‌ കിട്ടാൻ പാവം ഹൃദയം കാത്തിരിക്കുന്നു...
ആ കാത്തിരിപ്പൊരു ഈനാമ്പേച്ചി നോവായാൽപ്പിന്നെ ഹൃദയം കുത്ത് കൊള്ളുകയല്ലാതെ എന്ത് ചെയ്യും?

wats app ,face book ,sms ..എന്നൊക്കെപ്പറഞ്ഞാൽ ഹൃദയത്തിനു മനസ്സിലാവണ്ടേ ?

എന്തു ചെയ്യാൻ ഈ ഹൃദയം ഒരു പഴഞ്ചനായിപ്പോയി ..

ഇന്ന് ജനുവരി 2 ആണേ ...

ഇക്കഴിഞ്ഞ ഡിസംബർ 30 ന് ഹൃദയം ഒരു പണി ചെയ്തു...
അത് ഹൃദയമല്ലാതെ മറ്റാരുമറിഞ്ഞില്ല ...
ഇഷ്ടനിറമായ വെള്ളയിൽ കുഞ്ഞു ചുവന്ന പൂക്കളുള്ള ഒരു കവർ ഹൃദയമങ്ങു പോസ്റ്റ്‌ ചെയ്തു ....

അതാണ്‌ ഇന്നുച്ച കഴിഞ്ഞു 3 മണി നേരത്ത് ...ഹൃദയം കുത്തിയ കുത്ത്...അല്ല...ഹൃദയത്തിനു കിട്ടിയ കത്ത് ....

കുത്തു കൊണ്ട ഈനാമ്പേച്ചി നോവ്‌ ...ചെറുവിരൽ കടിച്ചു പിണങ്ങിപ്പോയി ....
പക്ഷേ ....കിട്ടിയ കവർ തുറന്നപ്പോഴോ ...
റോസാമുള്ളിന് ഇങ്ങനെ നുള്ളാനറിയുമെന്നു ഹൃദയത്തിനു പിടികിട്ടി ....അത്ര തന്നെ !

ചുരുക്കെഴുത്ത് :-

കൃത്യമായി പറഞ്ഞാൽ ഒരു ന്യൂ ഇയർ കാർഡ്‌ കിട്ടിയിട്ട് 9 വർഷമായി ...

പ്രിയപ്പെട്ടവർ നമുക്ക് വേണ്ടി ഒരു കാർഡ്‌ തെരഞ്ഞെടുത്ത് ,ഒരാശംസയെഴുതി ,മെനക്കെട്ട് പോസ്റ്റ്‌ ഓഫീസിൽ പോയി ,സ്റ്റാമ്പ്‌ ഒട്ടിച്ചു വിലാസം കൃത്യമായെഴുതി അയച്ചു തന്നിരുന്നു ...

അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു ..എന്നോർക്കുമ്പോൾ അഭിമാനവും..ഒപ്പം സങ്കടവും തോന്നുന്നു...
ഇന്ന് ആർക്കും ആർക്കുവേണ്ടിയും നീക്കി വയ്ക്കാൻ സമയമില്ല...
ഒരു sms അയയ്ക്കാൻ തന്നെ മറന്നു പോകുന്നു...മറക്കാതിരിക്കാൻ moblile alert .....

നീണ്ട 9 വർഷത്തെ നിരാശ ഇന്ന് അവസാനിച്ചു ....

ഒരുപക്ഷേ വട്ടാണെന്ന് കേൾക്കുന്നവർക്ക് തോന്നും ...
എനിക്ക് ഒരു ന്യൂ ഇയർ കാർഡ്‌ ഞാൻ തന്നെ അയച്ചു....
അത് ആകാംക്ഷയോടെ ഞാൻ തന്നെ തുറന്നു ......
പ്രിയ സുഹൃത്തുക്കൾ അയച്ചു തന്ന കാർഡുകളുടെ ശേഖരത്തിൽ പുതിയ ഒരു ആശംസ കൂടി....
കണ്ടു മടുത്ത എന്റെ സ്വന്തം കൈപ്പടയിൽ ......
 

ആരെന്നുമെന്തെന്നും ...ആർക്കറിയാം !

ഓർമ്മയിൽ ഒരു പോറലുണ്ടായ പോലെ....

മനസിലുള്ള ചില ചിത്രങ്ങൾ ...അവ മാഞ്ഞു പോയിരിക്കുന്നു ....

മാറ്റം അനിവാര്യമാണെങ്കിലും ....പഴയ ചിലത്...അതങ്ങനെ തന്നെ നിലനിന്നുവെങ്കിൽ എത്ര നന്നായിരുന്നു....

ചില യാത്രകൾ ...നമ്മെ ചിലത് ബോധ്യപ്പെടുത്തും....

ഓർമ്മക്കൂട്ടിലെ പക്ഷി പാടുന്നത് ഒരേയൊരീണം.....

പണ്ട് പാരലൽ കോളേജിലെ ഉളുത്ത ബെഞ്ചിലിരുന്ന്
ബി എ മലയാളത്തിലെ വെള്ളാരങ്കണ്ണും നനുത്ത മീശയുമുള്ള ചേട്ടൻ
ഒരു പ്രീഡിഗ്രിക്കാരിയുടെ ഓട്ടോഗ്രാഫിലെഴുതിയ വരികളുടെ ഈണം....

ഏതൊക്കെയോ ഭ്രാന്തുകൾക്കു വേണ്ടി തർക്കിച്ചു മരിച്ച നീണ്ട ഇടനാഴിയുടെ ഇങ്ങേയറ്റത്ത്
നിറഞ്ഞ കണ്ണുകളോടെ നിന്നപ്പോൾ കാതിൽ മുഴങ്ങിയ വരികളുടെ ഈണം ....

നിയമപുസ്തകങ്ങൾക്കിടയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയ സൗഹൃദവിരൽത്തുമ്പ്
കൈ വെള്ളയിൽ കോറിയിട്ടതും ..അതേയീണം ....

ഒരു തലവേദനയുടെ കാണാച്ചുഴിയിലേക്ക് കൊണ്ടുപോകുമ്പോഴും ...ഞാൻ കേൾക്കാൻ കൊതിക്കുന്നു ...
ആ വരികൾ ...ആ ഈണം ...ഒരിക്കൽക്കൂടി ...
 
സഫലമീയാത്ര.......

പ്രിയ ഡിസംബർ ...നിനക്കായി ...

ഡിസംബറിന്റെ തണുപ്പിനൊപ്പം ഞാനൊരു പനിക്കുളിരിലാണ് ....

പുതുവർഷം എത്തുന്നത്‌ ഒരു പനിക്കാലത്തിന്റെ അകമ്പടിയോടെ ......

ഒരു കുഞ്ഞു സങ്കടം ...ഡിസംബറിന്റെ ഏടുകൾക്കൊപ്പം അകന്നു പോകുന്നത് ചില സുഗന്ധങ്ങൾ കൂടിയാണെ ന്നോർക്കുമ്പോൾ ...

ഡിസംബറിനൊത്തിരി ഗന്ധങ്ങളുണ്ട് ....

കേക്കുകൾ ബോർമ്മയിൽ മൊരിയുന്ന മണം ...
പാളയംകോടനിട്ടു വാറ്റിയ വെള്ള വീഞ്ഞിന്റെ വീര്യമുള്ള മണം ....
കുരുമുളകിട്ടുലർത്തിയ പോത്തിറച്ചിയുടെ എരിവിന്റെ മണം ...

തേങ്ങാപ്പാൽ കഞ്ഞിയുടെയും
'അയ്യപ്പൻ കൂട്ടാൻ ' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കൂട്ടുകറിയുടെയും ചൂടൻ മണം...

ഭക്ഷണപ്രിയയായതു കൊണ്ടാവാം, ആദ്യം മനസ്സിൽ വരുന്നത്
ഏതു പാതിരായ്ക്കും മൂക്ക് വിടർത്താൻ തോന്നിപ്പിക്കുന്ന
അത്തരം ചില ഗന്ധങ്ങളാണ് .....

ഡിസംബറിനൊപ്പം മാഞ്ഞു പോകുന്ന ചില ഗന്ധങ്ങൾ കൂടിയുണ്ട് ...

പഴങ്കഥകൾ പറഞ്ഞു പേടിപ്പിച്ച പാല മരങ്ങൾ ....
പാലപ്പൂ മണവുമായി വരുന്ന രാക്കാറ്റുകളെ പ്രണയിക്കാൻ തുടങ്ങിയത്
"നിതീഷ് ഭരദ്വാജിന്റെ" ഗന്ധർവനെ കണ്ട ശേഷമാണ്...
കൂടെ ഗന്ധർവ ശബ്ദമായ പദ്മരാജനോടുള്ള ഇഷ്ടം....

ഇരുമുടിക്കെട്ടിനുള്ളിൽ ഉരുകിയിറങ്ങുന്ന നെയ്മണം...
"അത് നീയാകുന്നു" എന്ന കണ്ടെത്തലിൽ ... ആത്മസായൂജ്യത്തിനുമുന്നിൽ
പുകയുന്ന ചന്ദനത്തിരിമണം...
അതും ഡിസംബറിനു സ്വന്തം...

പ്രിയ ഡിസംബർ ,
നിന്നെ ഞാൻ യാത്രയാക്കുന്നു ...
നിനക്ക് മാത്രം സ്വന്തമായുള്ള ,മനസു നിറയ്ക്കുന്ന ഗന്ധങ്ങളുമായി വീണ്ടും വരിക.....
 

Dear I Always Remember You....(DIARY)

1998 ലാണത് ...
പട്ടാളക്കാർ പറയുന്നപോലൊരു കഥയാണെന്ന് തോന്നാം ..പക്ഷെ അല്ല...

ഇത് അത്രയ്ക്ക് സംഭവബഹുലമൊന്നുമല്ല ..എന്തിനു കഥ പോലും അല്ല...
ചില പുതുവർഷ ചിന്തകൾ ..
അതിനുമപ്പുറം... പോയ വർഷങ്ങളിലേക്കൊരു ഒളികണ്ണ്‍ .....അത്ര മാത്രം ..

നേരത്തെ സൂചിപ്പിച്ച വർഷം ....
അതുമുതലാണ് ഒരു ശീലം തുടങ്ങിയത് ... ഡയറി എഴുത്ത് ..
കിറു കൃത്യമായി പറഞ്ഞാൽ ഈ കുശുമ്പ് ,കുന്നായ്മ ,പരദൂഷണം ..പിന്നെ ചെറിയ ചില പ്രേമങ്ങൾ ..
ഇതൊക്കെ ആരംഭിക്കുന്ന പാവാട പ്രായത്തിൽ....

ആദ്യമായൊരു ഡയറി സമ്മാനിച്ചത്‌ അച്ഛന്റെ ഒരു സുഹൃത്താണ് ...
ആദ്യം കുഞ്ഞു കുഞ്ഞു കുറിപ്പുകൾ ...പിന്നെ അന്നത്തെ മാനസിക വ്യാപാരങ്ങൾ ....
ഇതൊക്കെയായിരുന്നു വിഷയം...

എപ്പോഴോ അച്ഛൻ അതിലൊളിപ്പിച്ച കുറിപ്പ് കണ്ട ശേഷമാണ് ഡയറിക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് തിരിച്ചറിഞ്ഞത് ....
അച്ഛന്റെ ആ കുറിപ്പിൽ നിന്നാണ് "ശ്ലാഘനീയം "എന്ന വാക്ക് പഠിക്കുന്നത് .....

ഒരു കൊച്ചു പ്രേമം മുളപൊട്ടിയതും അച്ഛൻ കണ്ടെത്തിയെന്ന തിരിച്ചറിവ്, ഒരു ജാള്യതയായി പിറ്റേന്ന് മുഖത്തുണ്ടായിരുന്നു ...
പക്ഷേ .. അച്ഛന്റെ കൈപ്പടയിലുള്ള ഒരു തുണ്ട് പേപ്പർ തന്ന ആത്മവിശ്വാസം അതിനെക്കാൾ വലുതായിരുന്നു...

ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു ...
നീണ്ട 15 വർഷം....ഒരു കെട്ട് ഡയറികൾ ....

ഈ പുതുവർഷത്തിന്റെ ആദ്യത്തെ മണിക്കൂറുകൾ ഉറക്കമൊഴിഞ്ഞ് അവയുടെ താളുകൾ മറിച്ചു നോക്കി...

ചിലത് ചിരിപ്പിക്കുന്നു ...ചിലത് ചിന്തിപ്പിക്കുന്നു ...
ചില കുറിപ്പുകൾക്കൊടുവിൽ കണ്ണു നിറയുന്നു ....

മറന്നു പോയ (ഒരിക്കലും മറക്കില്ലെന്ന് കരുതിയിട്ടും) ചില ആഗ്രഹങ്ങൾ...
വിസ്മൃതിയിലാണ്ട ചില പ്രിയപ്പെട്ട സ്വപ്‌നങ്ങൾ ....
കാലം ഇനിയും മായ്ക്കാത്ത(മായ്ക്കുമെന്നു വിശ്വസിക്കപ്പെടുന്ന) ചില മുറിവുകൾ ....
നടക്കാതെ പോയ കുഞ്ഞു വാഗ്ദാനങ്ങൾ .....
പഴയ താളുകളിലൂടെ ...എന്റെ കണ്മുന്നിൽ........

അന്ന് എന്തായിരുന്നു എന്നും ..ഇന്ന് ഈ നിമിഷം എന്താണെന്നും മനസിലാകുമ്പോൾ ....
15 വയസ്സുകാരിയിൽ നിന്ന് 30 വയസ്സുകാരിയിലേക്കുള്ള ദൂരം എത്ര വലുതാണെന്ന തിരിച്ചറിവ് ......

പുതുവര്ഷത്തിന്റെ കടന്നു പോകുന്ന ഈ മണിക്കൂറുകളിൽ ..ആ തിരിച്ചറിവ് എന്നെ മുന്നോട്ടു നയിക്കുന്ന ശക്തിയാവട്ടെ .....
30 വയസ്സുകാരിയിൽ നിന്ന് ഇനിയും താണ്ടേണ്ട ദൂരത്തിൽ ..അങ്ങനെ താണ്ടിയാൽ ... അതേ തിരിച്ചറിവ് കൈത്താങ്ങാകട്ടെ ....

2014 ലെ അനുഭവങ്ങളുടെ പുസ്തകത്തിന്റെ ആദ്യതാളിൽ...ഞാൻ കുറിക്കുന്നു....എന്റെ പ്രിയ കവിയുടെ വരികൾ...

"ഇന്നലെ ഇന്നത്തെ ദിവസത്തിന്റെ ഓർമ്മയാണ് ...
നാളെ ഇന്നിന്റെ സ്വപ്നമാണ്....
സ്വപ്നങ്ങളെ വിശ്വസിക്കുക ..കാരണം...
അനശ്വരതയിലേക്കുള്ള വാതിൽ അവയിലൊളിഞ്ഞിരിക്കുന്നു .."
- ഖലീൽ ജിബ്രാൻ
 —