ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 31 January 2016

ക്രിമിനോളജി

വർഷങ്ങൾക്കു മുൻപ് ...
കൃത്യമായി പറഞ്ഞാൽ പത്തു വർഷം മുൻപ് ...
തലസ്ഥാന നഗരിയിലെ സർക്കാർ നിയമ കലാലയം .
ക്രിമിനോളജിയിൽ മനോജ്‌ കൃഷ്ണൻ സാറ്
( മാക്രി എന്ന് ശത്രുക്കൾ വിളിക്കുന്ന )
കത്തിക്കയറുമ്പോഴാണ്‌
മുണ്ടുധാരികളായ താടിക്കാരുടെ സംഘം
സിരകളിൽ വിപ്ലവവുമായി
മുദ്രാവാക്യം വിളിച്ചു കയറി വന്നത് ...
"നമ്മക്ക് വീട്ടിപ്പോവാം ...സമരമാ "
കൂട്ടുകരിപ്പേടി കാതിൽ പറഞ്ഞു !
വരാന്തയുടെ അറ്റം പറ്റി സമരക്കാരുടെ മുന്നിൽ പെടാതെ
പ്രിൻസിപ്പാളിന്റെ ക്യാബിൻ കടന്നു പോകുമ്പോൾ
അപ്രതീക്ഷിതമായി ഇരുചേരിയിൽ
മുദ്രാവാക്യം വിളിച്ചു വന്ന ഖദറും -ചുവപ്പും
പരസ്പരം "ഉപ്പു നോക്കാൻ " തുടങ്ങി
( ഉപ്പു നോക്കുക എന്നാ പ്രയോഗം - കടപ്പാട് കല്പ്പന ചേച്ചി )
ഭയന്ന് വിറച്ച ഹൃദയം കൂട്ടുകാരിക്കൈ പിടിച്ചോടി
നീളൻ വരാന്ത കടക്കാനൊരുങ്ങുമ്പോൾ
മാഫിയാ ശശി ശിഷ്യപ്പെടുന്ന വിധം
ഫൈറ്റ് സീൻ മുന്നിൽ !
കരളെടുത്തു കയ്യിൽ പിടിച്ചോടി
മുന്നിൽ കണ്ട വാതിൽ തള്ളിത്തുറന്ന് കയറി ..
പ്രിൻസിപ്പാൾ കട്ടിക്കണ്ണടയുയർത്തി നോക്കിയപ്പോഴാണ്
"സ്ഥലകാല ബോധം " വന്നത് !!
"അടി ...അവിടെ "
എന്നൊരു വിധം പറഞ്ഞൊപ്പിച്ചപ്പോൾ
ഇപ്പോഴത്തെ "നിയമപാലകരുടെ നിസ്സംഗത "
വാക്യത്തിൽ പ്രയോഗിക്കും മട്ടിൽ
അദ്ദേഹം എഴുത്തു കുത്തു തുടർന്നു ..!
പുറത്തിറങ്ങാൻ ഭയം ..അകത്തു നില്ക്കാനും വയ്യ
ആകപ്പാടെ ,
നല്ല ചൂട് പഴം പൊരി വായിലേക്കിട്ട അവസ്ഥ !
കൊതി മൂത്ത് തുപ്പാനും വയ്യ
പോള്ളീട്ടിറക്കാനും വയ്യ !
പെട്ടെന്ന് ഹാഫ് ഡോറ് തുറന്ന് ഒരുത്തൻ ചാടി വീണു
വീഴ്ചയുടെ ആയത്തിൽ റൂമിലെ സ്ക്രീനും ഞാനും
ലവ് സീൻ കളിച്ചു .
( തട്ടിയുടെ മേലേയ്ക്കു തട്ടി മറിഞ്ഞു വീണൂന്ന് )
വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന മട്ടിൽ
തട്ടിപ്പുറത്തൂന്നു തട്ടിപ്പിടഞ്ഞെണീക്കാൻ വയ്യാതെ
കിടന്ന കിടപ്പിൽ , ആദ്യമായി
"അരിപ്പയണ്ടർ വെയർ " കണ്ടു
തുള ...തുളയോ തുള ...
( കണ്ടത് പിന്നാമ്പുറം ...ഉമ്മറം കാണും മുൻപ് ചാടി എണീറ്റു )
ഹാഫ് ഡോർ തുറന്നു വന്നവൻ
മുണ്ടിന്റെ അഭാവത്തിൽ ചമ്മി നിന്നു
"ഓ യെവൻ അണ്ടർ വെയർ ഇട്ടിട്ടുണ്ടോയെന്ന
അതിശയമട്ടിൽ
കണ്ണാടിക്കിടയിലൂടെ നോക്കി
പ്രിൻസി വക ഡയലോഗ്
" ഗോ ഔട്ട്‌ "
അങ്ങനെയൊരു മനുഷ്യ ജീവി അവിടെയുണ്ടെന്ന തിരിച്ചറിവിൽ
പുറത്തേക്കു നടക്കാനൊരുങ്ങിയ ഹൃദയം
തറഞ്ഞു നിന്നു പോയി !!
വെള്ളിതിളക്കമുള്ള വടി വാളിന്റെ പിന്നിൽ
കറുത്തിരുണ്ട കയ്യും മൊട്ടത്തലയും റൂമിന് മുന്നിൽ !
"അരിപ്പയണ്ടർ വെയർ " മേശയ്ക്കു പിന്നിലൊളിച്ചു ..
ഡോർ വലിച്ചു തുറന്ന് അകത്തേയ്ക്ക് കടക്കാനൊരുങ്ങിയ
അവന്റെ പിറകെ ഘന ഗംഭീര ശബ്ദം ..
IPC സെക്ഷനുകൾ ഓരോന്നായി കീറി മുറിച്ചു പഠിപ്പിച്ച ,
Insanity യുടെ സാമൂഹ്യ തലങ്ങൾ ബോധ്യപ്പെടുത്തിയ
അശ്ലീലത്തിന്റെയും അതിശയോക്തിയുടെയും
കൂട്ടുപിടിക്കാതെ
സെക്ഷൻ 375 വിശദീകരിച്ചു തന്ന ,
മനപ്പൂർവ്വമല്ലാത്ത നരഹത്യയുടെ
വിവിധ ശിക്ഷാ വശങ്ങൾ കാട്ടിത്തന്ന
"Criminals are made, not born"
എന്ന് ആവർത്തിച്ചു പറയുന്ന
നിയമ ഗുരു ...അജയകുമാർ സാർ
അക്രമിയ്ക്ക് ഗുരുവും "ഗുരുത്വവും " ഇല്ലല്ലോ !!
എങ്കിലും അദ്ദേഹത്തിന് നേരെ തിരിഞ്ഞ മൊട്ടത്തല
ഒരു നിമിഷം ഒന്ന് നിന്നു
വടിവാൾ വിയർത്തു മുഷിഞ്ഞ ഷർട്ടിന്റെ പിന്നിൽ
മുഖമൊളിപ്പിച്ചു കയറിപ്പോയി
കൈ വീശി ,
"സോറി സാർ " എന്ന് കണ്ണ് കൊണ്ട് ക്ഷമാപണം നടത്തി
അവൻ നടന്നു പോയി !!
പേടിച്ചു നിന്ന ഞങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു
"വക്കീലാവണ്ടേടോ ..
നാളെ കൊലപാതകം വാദിക്കേണ്ടവരല്ലേ
ഇതൊക്കെ ട്രെയിനിംഗ് ന്റെ ഭാഗം ...
വീട്ടിൽ പൊയ്ക്കോ "
ഈ രംഗം ഇന്നായിരുന്നെങ്കിലെന്ന്
ചിന്തിച്ച മാത്രയിൽ ഹൃദയം ഞെട്ടി !!
പിന്നെ ,
മാധ്യമങ്ങളിൽ നിറഞ്ഞ തല്ലു രംഗങ്ങളിൽ വിലപിച്ചു ..
പ്രസ്ഥാനത്തെ വളർത്താൻ ചങ്കും ചോരയും കൊടുത്തവരെ
ഓർത്തു സഹതപിച്ചു ...
ഒരുളുപ്പുമില്ലാതെ പിന്നിൽ നിന്ന് തള്ളി
വീരനായ ,
"പിതാവിന് ജനിക്കാത്തവനേ ..."
ടി .പി ശ്രീനിവാസന്റെ യോഗ്യതയും അനുഭവ സമ്പത്തും
ഒരുപക്ഷേ ,
അദ്ദേഹം ആരെന്നു പോലും
അറിയില്ലായിരിക്കും നിനക്ക് ..
പക്ഷെ പ്രായത്തെ മാനിയ്ക്കുക തന്നെ വേണമായിരുന്നു .
പിന്നിൽ നിന്ന് അടിച്ചു വീഴ്ത്തി ആളാവുക
ക്രിമിനൽ ചിന്താഗതി ഉള്ളവർക്കും അത് പരിപോഷിപ്പിക്കുന്നവർക്കും
വല്യ കാര്യമായിരിക്കും
പക്ഷേ ,
കാണുന്നവർക്ക് അത് അറപ്പും വെറുപ്പും മാത്രമേയുണ്ടാക്കുള്ളൂ ..
കണ്ട ദൃശ്യത്തിൽ നിന്ന് ,
അതുണ്ടാക്കിയ വേദനയിലും അമർഷത്തിലും
നിന്ന് മുഖം തിരിച്ച്
ഹൃദയം പഴയ നിയമ പഠന ക്ളാസ്സിലേക്ക്‌ കയറിപ്പോയി ...
പിന്നെ പലയാവർത്തി ഇങ്ങനെ ഉരുവിട്ടു
""There are Crimes of Passion and Crimes of Logic.
The boundary between them is not clearly defined ."

പ്രിയ ടി എൻ ജി ...ആദരവോടെ ....വിട

ടി.എൻ .ജി ..
പ്രസ്‌ ക്ലബ്ബിലെ "fourth estate " എന്ന ഹാളിനു മുന്നിലാണ്
തിളങ്ങുന്ന കണ്ണുകൾ ആദ്യം കാണുന്നത് ..
"കടന്നു പോകുമ്പോൾ "എന്തൊരു ഗൗരവം " എന്ന് 
ഹൃദയമോർത്തു ...
കണ്ണാടിയുടെ സ്ഥിരം പ്രേക്ഷക ആയപ്പോഴും
ഹൃദയം അത് തന്നെ ചിന്തിച്ചു ...
പത്രപ്രവർത്തകയായി ചാകാൻ കൊതിച്ച്
ചങ്കു കൊടുത്തു നടന്ന കാലത്ത്
ഒരു സെമിനാറിന് ഒടുവിൽ ഒപ്പം പഠിച്ച ഷീബ വന്നു പറഞ്ഞു .
"നാളെ ടി എൻ ജി വരുന്നു ..നമുക്കൊരു orientation പ്രോഗ്രാം "
ഗൌരവക്കാരനോടുള്ള ഭയത്തിലാണ് ചെന്നിരുന്നത് ...
പക്ഷെ ഓരോ വാക്കിലും ഹൃദയം
ഗൌരവത്തെ നെഞ്ചേറ്റി ...
ഇടയ്ക്ക് internship സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോ
അദ്ദേഹം നനുത്ത ചിരിയോടെ പറഞ്ഞു
എവിടെ ജോലി ചെയ്യുന്നു എന്നതിലല്ല കാര്യം
എങ്ങനെ ചെയ്യുന്നു എന്തിനു വേണ്ടി ചെയ്യുന്നു
എന്നതിലാണ് ....
പിന്നീടൊരിക്കൽ പ്രഭാത പ്രക്ഷേപണം കഴിഞ്ഞു
ആകാശ വാണിയുടെ പടിയിറങ്ങുമ്പോൾ
ടി എൻ ജി മുന്നിൽ
പഴയ ഭയം മറന്നു ഓടിയടുത്തു ചെന്നു സംസാരിച്ചു
മുടങ്ങിയ പഠനത്തെ കുറിച്ചു പറഞ്ഞപ്പോ
തുടരണം ...സ്പാർക്ക് ഉള്ള കുട്ടികൾ ഈ രംഗത്തേക്ക് വരണം
എന്ന് കർശനമായി പറഞ്ഞു .
ഇടയ്ക്ക് ആർ ജെ പണിക്കിടയിൽ
എന്റെ പ്രഭാതം എന്ന സെഗ്മെന്റിനു വിളിച്ചപ്പോ
താൻ ഇതെവിടെയ്ക്കൊക്കെയാ പോകുന്നത് ???
ലക്‌ഷ്യം മാറിയോ എന്ന് ചിരിയോടെ ചോദിച്ചു ...
കണ്ണാടിയുടെ അനുകരണങ്ങൾ സ്റ്റേജുകളിൽ കസറിയപ്പോ
ഒരു ഭാവഭേദവുമില്ലാതെ വേദിയിൽ നോക്കിയിരുന്നു
ടി എൻ ജി ...
വേരുകൾ വായിക്കാൻ പ്രചോദനം അതിന്റെ
ദൃശ്യാവിഷ്കാരത്തിന് പിന്നിൽ അദ്ദേഹമാണെന്ന
അറിവായിരുന്നു ....
പ്രിയ ടി എൻ ജി ...
കാലത്തിന്റെ കണ്ണാടിയിൽ
അങ്ങേയ്ക്കെന്നും നന്മയുടെ മുഖം ...
എന്റെ മനസ്സിലെ ഉടയാത്ത കണ്ണാടിയിലും ...
ആദരവോടെ ....വിട

"നൻപൻ "

എല്ലാവർക്കും സ്വാർഥതയാണ് ...
ഹൃദയം പൊട്ടിത്തെറിച്ചു !!
കുഞ്ഞനോടൊപ്പം മിന്നാമിന്നിയിൽ
ഉറുമ്പിനു വഴി കാണിച്ചു കൊടുത്തുകൊണ്ടിരുന്ന നല്ലപാതി
അമ്പരന്നു നോക്കി !
പിന്നെ ,ഇതിടയ്ക്കിടെ കേൾക്കുന്നതല്ലേയെന്ന മട്ടിൽ
വഴി വളവുകളിൽ കണ്ണ് നട്ടു .
റൂം നടുങ്ങുമാറ് നരേഷ് അയ്യരും അസ്ലമും പാടിത്തുടങ്ങി
"ലൂസ് കൺട്രോൾ ...."
ഇന്നെന്താ ഡിപ്രഷൻ എന്ന നല്ലപാതിയുടെ സംശയത്തിന്
ഹൃദയത്തെ വേദനിപ്പിച്ച സ്വാർത്ഥതക്കഥ വച്ചു കാച്ചി
ഇടയ്ക്കിടെ കെട്ട്യോന്റെ പോക്കറ്റീന്ന്
ഹൃദയം കാശടിച്ചു മാറ്റും
അങ്ങനെയടിച്ചു മാറ്റിയ ഒരു അമ്പതു ദിർഹം
ഷോപ്പിൽ പോകാനിറങ്ങുമ്പോൾ നഷ്ടമായി !
അതിന്റെ ആലോചനയിൽ നടന്നു നടന്നു ബസ് മാറിക്കേറി
വേറെവിടെയോ എത്തി
"പറ്റി " എന്ന് പിടികിട്ടിയപ്പോ
അടുത്ത് കണ്ട സ്റ്റോപ്പിൽ ചാടിയിറങ്ങി .
ഇപ്പൊ ഇവിടെ വേഗം ഇരുട്ടാവും
ഇറങ്ങിയ പാടെ ആകാശത്തേക്ക് നോക്കിയപ്പോ
മേഘ പടത്തിൽ "സാത്താൻ " ചിരിക്കുന്നു .
(ഇതെന്ന് നിർത്തുന്നോ അന്നേ ഞാൻ നന്നാവുള്ളൂ )
കെട്ട്യോനെ വിളിച്ചു പറഞ്ഞാൽ ടെൻഷൻ അടിച്ചു
ജീവൻ കളയുമെന്ന് കരുതി
"കാർ മുതലാളിയായ " ഒരു സുഹൃത്തിനെ വിളിച്ചു .
അദ്ദേഹം വല്യ തെരക്കുള്ള പുള്ളി ആയിരുന്നൂന്ന്
തിരിച്ചറിയാത്തത് ഹൃദയത്തിന്റെ കുറ്റം
വഴിതെറ്റി നില്ക്കുകയാണെന്ന് പറഞ്ഞിട്ടും വല്യ ചിന്തയൊന്നും
മറുവശത്ത് കാണാനില്ല .
ഒടുക്കം -ഞാൻ മാനേജ് ചെയ്തോളാമെന്നു പറഞ്ഞ്
ഫോൺ വച്ചു .
ഹല്ല പിന്നെ !!
നേരം നന്നായിരുട്ടി ..ദോഹയിൽ വച്ച് കേട്ട ചില ദുബായ്
കഥകളോർമ്മ വന്നു ...
കാറുണ്ടായിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ആദ്യമായി
ആത്മാർഥമായി ആഗ്രഹിച്ചു പോയി !
ഒന്നു രണ്ടു ബലൂച്ചികൾ അവിടെ കൂടി നിന്നിരുന്നു
അവരുടെ നില്പ്പ് പന്തിയല്ലെന്ന് കണ്ട്
എങ്ങോട്ടെന്നില്ലാതെ നടന്നു
അടുത്ത ബസ് സ്റ്റോപ്പിൽ ( RTA ക്ക് നന്ദി )
ഒരു ആഫ്രിക്കൻ പൗരൻ ഇരുന്നിരുന്നിരുന്നു
(ദോഹയിലെ "സുഡാൻ" അനുഭവം കൊണ്ട്
വഴി ചോദിക്കാൻ ധൈര്യം വന്നില്ല)
മുഖത്തെ ടെൻഷൻ കണ്ടാവണം
അയളിങ്ങോട്ടു ചോദിച്ചു
എവിടെയ്ക്കാണെന്ന് !
പരിശുദ്ധാത്മാവിനെ മനസ്സില് ധ്യാനിച്ച്
കാര്യം പറഞ്ഞു .
ആദ്യം പുള്ളി മെട്രോ ബസ് സ്റ്റേഷനിലെക്കുള്ള
ബസ് നമ്പർ പറഞ്ഞു തന്നു .
ബസ് വന്നപ്പോൾ ആൾ ഒപ്പം കയറി
(ഈശോ ..മറിയം ...ഔസേപ്പേ )
എന്തായാലും പാം ദെയ്റ മെട്രോ സ്റ്റേഷനിൽ ഒപ്പമിറങ്ങി
കൈവീശി അയാൾ നടന്നു പോയി ..
കണ്ണിൽ നിന്ന് മായാത്ത ആ "മഞ്ഞച്ചിരി" വെട്ടത്തിൽ
ഗ്രീൻ ലൈൻ പിടിച്ചു വീടെത്തുമ്പോൾ
ഹൃദയം പറഞ്ഞു
"ദൈവമുണ്ട് "
വന്നു കയറിയ ഉടനെയാണ് സ്വാർത്ഥത പൊട്ടിത്തെറി
ഹൃദയം നടത്തിയത് !!
എന്തായാലും നല്ലപാതിക്ക് നന്ദി ,
"കുമ്പസാരം കേട്ട് കൂമ്പിനിട്ടിടിക്കാത്തതിന് ".
(പുള്ളി ക്ഷമയുടെ നിറകുടമാകുന്നു
ഹൃദയം അത് തട്ടിപ്പൊട്ടിക്കാൻ നടക്കുന്ന കള്ളിപ്പൂച്ചയും )
എല്ലാം കേട്ടു കഴിഞ്ഞു ഒരു കൂർത്ത നോട്ടം നോക്കി
അദ്ദേഹം ക്ലൈമാക്സ്‌ ഡയലോഗ് കാച്ചി
"സ്വാർത്ഥത കാട്ടുന്നതിന്
എല്ലാവര്ക്കും അവരവരുടേതായ
കാരണങ്ങളുണ്ട് അഞ്ജൂ
ഈ എനിക്കും ഇയാൾക്കും അതുണ്ട് "
പുതിയ വെളിപ്പെടുത്തലിൽ അന്തം വിട്ടു ഹൃദയം
ആ ഗൗരവ മുഖത്ത് നോക്കി നിന്നു .
പിന്നെ ചോദിച്ചു .
"എന്നാ പറ എന്താ താങ്കളുടെ സ്വാർത്ഥത ??"
ഉടൻ വന്നു റെഡി മണി ഉത്തരം
"ഇയാൾടെ പേരിനു പുറകിലുള്ള
"രജീഷ് "
അതാണ്‌ എന്റെ സ്വാർത്ഥത "
ഇങ്ങേരെന്നെക്കൊണ്ട് വീണ്ടും പ്രേമിപ്പിക്കും
എന്ന് പറഞ്ഞ ഹൃദയം
നരേഷ് അയ്യരുടെ വായടച്ചു പൊട്ടിച്ചിരിച്ചു .....
വാൽക്കുത്ത് :
അന്യദേശത്തു വഴി തെറ്റി നിന്ന കുഞ്ഞാട്
വീട്ടിലെത്തിയോന്നു പോലും ഒന്ന് വിളിച്ചു ചോദിക്കാത്ത
സൌഹൃദത്തിന് ,
"നൻപൻ " എന്നാൽ നമ്പാവുന്നവനാവണം എന്ന
തിരിച്ചറിവുണ്ടാക്കിത്തന്നതിന് ,
റൊമ്പ നൻട്രി 

Friday 15 January 2016

മുഖപുസ്തകച്ചുമരുകൾ പറയിപ്പിച്ചത് .......

മുഖപുസ്തകച്ചുമരുകൾ പറയിപ്പിച്ചത് .......
രണ്ടു മൂന്നു ദിവസങ്ങളായി മുഖപുസ്തകം തുറന്നാൽ
ആർത്തവം ...മാസമുറ ....അശുദ്ധം ...ശുദ്ധം ...
ഇത്യാദി "അമ്മൂമ്മ " വിലക്കലുകൾ ഉണ്ടായിരുന്ന പദങ്ങൾ
ഘോരഘോരം ഹൃദയത്തെ നോക്കി പല്ലിളിക്കുന്നു !!
മല ചവിട്ടണോ വേണ്ടയോ എന്നതിനെക്കുറിച്ച്
പറയാൻ ഹൃദയം കൂട്ടാക്കുന്നില്ല .
ഭഗവാനെ കാണാൻ അമ്പലത്തിൽ പോയി തൊഴണം
എന്ന വിചാര വിശ്വാസവും ഹൃദയത്തിനില്ല !
"ദൈവമുണ്ട് " എന്ന പഴയൊരു പോസ്റ്റിൽ
അതിന്റെ കാര്യ കാരണ സഹിതം പറയപ്പെട്ടിട്ടുള്ളതിനാൽ
വീണ്ടും പറഞ്ഞു ബോറാക്കാനും ഹൃദയം ഒരുങ്ങുന്നില്ല !!
(ഹൃദയത്തിന്റെയൊരു കാര്യം !!)
സമത്വം ..ശാക്തീകരണം ഇത്തരം കഠിന പദങ്ങൾ
അവയുടെ പാട്ടിനു പൊയ്ക്കോട്ടെ .
ഇന്നലെ ഹൃദയം ഓർമ്മപ്പെട്ടി തുറന്നത്
പഴയൊരു ചിത്രം നോക്കാനാണ് ..
എട്ടാം ക്ലാസ്സിൽ അടുത്തിരുന്നു നുണ പറഞ്ഞ സുനിത
അച്ഛനുപേക്ഷിച്ചു അമ്മയും രണ്ടനിയത്തിമാരുമുള്ളവൾ ,
ഓലമെടയാനും കൂലിപ്പണിക്കും പോകുന്ന അമ്മ !
കുറച്ചു ദിവസത്തെ അവധിയെടുക്കലിനു ശേഷം
അവൾ ക്ലാസ്സിൽ വന്നു , തുടുത്ത മുഖത്തോടെ !
കാരണം ചോദിച്ച "എട്ടും പൊട്ടും " തിരിയാത്ത ഹൃദയത്തോട്
നാണം മാത്രം നിറച്ചു അവൾ പറഞ്ഞു ..
"അതേ ...വയസ്സറിയിച്ചു "
"അപ്പൊ ഇവൾക്കിതുവരെ ഇവൾടെ വയസ്സറിയില്ലാരുന്നോ " എന്ന ഹൃദയത്തിന്റെ മണ്ടൻ സംശയത്തിന്
പോടീ പട്ടീ ...പൊട്ടീന്നു അവൾ ചിരിച്ചു മറിഞ്ഞു !
അടുത്ത മാസം ഒന്നു രണ്ടു ദിവസങ്ങളിൽ
ഓടിത്തൊട്ടു കളിയ്ക്കോ
എന്തിന് അസംബ്ളിയിൽ മാർച്ചു ചെയ്തു വരാനോ
സുനിതയ്ക്ക് വയ്യ ...
കാരണം ..."തുടയിലെ നീറ്റൽ "
നനച്ചു നനച്ചു വടി പോലെയായ തുണി
അരയിലെ ചരടിൽ ഉറപ്പിച്ച് അവൾ പാട് പെട്ടു ..
സങ്കടം പറയുമ്പോ അവൾടെ അമ്മ പറഞ്ഞു ,
പെണ്ണായി ജനിച്ചില്ലേ അനുഭവിക്ക് !!
എപ്പോഴോ മാസമുറ സംശയങ്ങൾ അമ്മയോട് ചോദിയ്ക്കാൻ ചെന്ന ഹൃദയം സുനിതക്കഥ പറഞ്ഞു ...
പിറ്റേന്ന് അമ്മ വകയൊരു പൊതി ..
"ഇത് സുനിതയ്ക്ക് കൊടുക്ക് "
ഉള്ളിൽ എന്താന്നറിയാൻ ഹൃദയത്തിന് ആകാംക്ഷ
സുനിതയോടൊപ്പം മൂത്രപ്പുരയുടെ വാതിൽപ്പിറകിൽ
അത് തുറന്നു നോക്കുമ്പോ
"ഭംഗിയുള്ള നീല പായ്ക്കറ്റ് കെയർ ഫ്രീ "
പേടിച്ചു വിറച്ച സുനിത അത് തിരികെത്തന്നു ,
പിറ്റേന്ന് വൈകിട്ട് ഒപ്പം അവളെക്കൂട്ടി ചെല്ലാൻ അമ്മ !
കൂടെ മടിച്ചു മടിച്ചു വന്ന അവളോട്‌
അമ്മ വക നിർദ്ദേശങ്ങൾ ..
പിന്നെ അവളുടെ കയ്യിലേൽപ്പിക്കപ്പെട്ട
അച്ഛന്റെ അലക്കിത്തേച്ച രണ്ടു വെളുത്തമുണ്ട് !
പിറ്റേന്ന് സ്കൂളിൽ വച്ച് അവൾ ചെവിയിൽ പറഞ്ഞു
"അത് നിന്റെയമ്മയല്ല ...എന്റെയാ ..."
ഒൻപതിൽ അമ്മയെനിക്കും തന്നു ചില നിർദ്ദേശങ്ങൾ
അപ്പോ ഹൃദയം സുനിത പറഞ്ഞതിന്റെ പൊരുൾ ഓർത്തെടുത്തു !
വർഷങ്ങൾക്കു ശേഷം
നവീന റ്റെക്സ്റ്റയിൽസിൽ ജോലിക്ക് കയറിയ സുനിത
അമ്മയെ കാണാൻ വന്നു ...
പുതിയ ഒരു MCR മുണ്ടും കൊണ്ട് !
പിന്നെ കണ്ണു നിറയെ സ്നേഹവും .
പഴയ ഓർമ്മചിത്രം തിരികെ ഭദ്രമായി വച്ച് പൂട്ടി
ഹൃദയം മറ്റൊരു വാർത്ത പൊടിതട്ടിയെടുത്തു
ഒരു ഫീച്ചർ ..
തമിഴ്നാട്ടിലെ ഒരു മനുഷ്യൻ
മാസമുറ നേരങ്ങളിൽ ഭാര്യയും അമ്മയും അനുഭവിക്കുന്ന
പെടാപ്പാടുകൾ കണ്ട്
കുറഞ്ഞ ചെലവിൽ സാനിട്ടറിപ്പാഡ്
കണ്ടു പിടിക്കാൻ തീരുമാനിച്ചു
അതിന് ആദ്യം വേണ്ടിയിരുന്നത്
ഉപയോഗിക്കപ്പെട്ട ഒരു പാഡ് ആയിരുന്നു .
അതിനു പുറകേ പോയി വീട്ടുകാരിൽ നിന്നും
നാട്ടുകാരിൽ നിന്നും അയാളനുഭവിച്ച പീഡനങ്ങൾ !!
ഇന്ന് സൗത്ത് ഇന്ത്യയിലെ പല ഉൾനാടൻ ഗ്രാമങ്ങളിലും
അയാൾ നിർമ്മിച്ച ചെലവു കുറഞ്ഞ പാഡുകൾ
എത്രയോ സ്ത്രീകൾക്ക് ഉപയോഗപ്പെടുന്നു !
വെള്ളം കിട്ടാൻ കിലോ മീറ്ററുകൾ നടക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിൽ
ശരിയായ ശൗചാലയങ്ങൾ ഇല്ലാത്ത ഗ്രാമങ്ങളിൽ
മാസമുറ സമയത്ത് സ്ത്രീകൾ
എങ്ങനെ കഴിഞ്ഞു കൂടുന്നു വെന്ന് ,
അവർക്ക് എന്ത് സൗകര്യം ചെയ്തു കൊടുക്കാമെന്ന്
ആരെങ്കിലും "ചർച്ചിച്ചിരുന്നെങ്കിൽ "...
,
ശരീരം ശുദ്ധിയാക്കാനുള്ള അവകാശവും അടിസ്ഥാന അവകാശമാണെന്ന്
ആയിരവും പതിനായിരവും ഫോളോവേഴ്സുള്ള സുഹൃത്തുക്കൾ
വാദിച്ചിരുന്നെങ്കിൽ ... ,
മാസമുറ നേരത്തെ ശുചിയില്ലായ്മ കൊണ്ട് അണുബാധയിൽ
വലയുന്ന സ്ത്രീകൾ ജീവിക്കുന്ന "ആർഷ ഭാരതമാണ് "
നമ്മുടേതെന്നു ചിന്തിച്ചിരുന്നെങ്കിൽ ...
സമത്വവും ശാക്തീകരണവും ഒക്കെ നല്ലത് ..
അതിനിറങ്ങും മുൻപ് ,
സ്ത്രീയാവാൻ സ്ത്രീയ്ക്കു മാത്രമേ കഴിയൂ എന്നും
സമത്വം എന്ന ചിന്ത ആദ്യം ഓരോ സ്ത്രീയുടെയും മനസ്സിൽ ഉദിക്കണമെന്നും
ഹൃദയത്തിനു തോന്നുന്നു !!
വാൽക്കഷണം - (മാസമുറ സമയത്ത് ചാക്കിൽ
വെറും നിലത്തു പലകപ്പുറത്ത്‌
തല വച്ചു കിടന്ന് മൂന്നു നാലു ദിവസം മാറിക്കിടന്നുറക്കമിളയ്ക്കേണ്ടി വന്ന
സ്ത്രീകൾ ഇന്നും കേരളത്തിലുണ്ട് ...
അത്രയും ഇല്ലെങ്കിലും ഇന്നും "തീണ്ടാരി " ഒരാചാരമായി
നിലനില്ക്കുന്ന കുടുംബങ്ങളും ഉണ്ട് ..
പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ
വരുത്തിയ മാറ്റങ്ങളും ഉണ്ട് ..
ഒക്കെക്കൊള്ളാം ..
പക്ഷേ ഏതോ ഒരു മുഖപുസ്തക കമന്റിൽ
ഒരു പെൺ കുട്ടി സ്വന്തം "കാലിന്റെടേല് "വച്ചൊരു പ്ളക്കാർഡ് കണ്ട് ഹൃദയം ഞെട്ടി ...
(പഴഞ്ചൻ ഹൃദയമല്ലേ ഷെമി ...)
അതിലെ വാചകം ...
"ദൈവമേ എന്റെ കാലിന്റെടേലേയ്ക്ക് നോക്കണ്ട "
അയ്യപ്പന്റെ വിഷണ്ണ മുഖം ഹൃദയത്തിലേയ്ക്ക് വന്നു ..
ഹൃദയം വാശിയിൽ പറഞ്ഞു
അങ്ങനെ തന്നെ വേണം ...ആ പാവം മാളികപ്പുറത്തിന് ആശ കൊടുത്തു പറ്റിച്ചില്ലേ )

--------ജമന്തികൾ ,സുഗന്ധികൾ ------

മരുഭൂമി മഴക്കാറിൽ ഹൃദയം പറഞ്ഞത് ...
--------------------------------------------------------------------------
ഇന്നലെ സ്കൂൾ ബസ്സിലിരുന്നു വായിക്കാൻ
ഇറങ്ങാൻ നേരത്തെ പതിവ് വെപ്രാളത്തിനിടയിലും
ഒരു പുസ്തകം ബാഗിലെടുത്തു വച്ചിരുന്നു ..!
പക്ഷെ മാനത്തെ മഴക്കാറ് കണ്ടു മോഹിച്ച ഹൃദയം
വായനയെ മാറ്റി വയ്ക്കാൻ തീരുമാനിച്ചു .
പുറത്തെ ജാലകക്കാഴ്ച്ചകളിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ
ഹൃദയം മൂളിയതൊരു പഴയ പാട്ട് ...
""ജമന്തിപ്പൂക്കൾ ...ജനുവരിയുടെ മുടി നിറയെ ...""
നായകൻ വിൻസെന്റൊ നസീറോ ??-ഓർമ്മയില്ല !
നോക്കുന്നിടത്തെല്ലാം ജമന്തി വിരിപ്പുകൾ ..
(ജമന്തീന്നു തന്നെയല്ലേ ??
അതോ ചെണ്ടുമല്ലിയോ ???
ഐറിഷ് വ്യക്തമാക്കുക ..@Irish Valsamma
മണ്ണുകാണാതെ അടുങ്ങിയടുങ്ങി
അവയങ്ങനെ മഴച്ചാറ്റലേറ്റു തിളങ്ങുന്നു ..!!
ജനുവരിയും ജമന്തിപ്പൂക്കളും പ്രണയികളാണോ ??
എന്തായാലും ,
ഇവിടത്തെ ചെടികൾ ---ചെടി നടലുകൾ
അമ്പരപ്പിക്കുന്നതാണ് !
ഇടയ്ക്കിടെ നിറം മാറുന്ന നിരത്തുകൾ !
തണുപ്പിന്റെയും ചൂടിന്റെയും ആവർത്തന വിരസത
ഹൃദയം അറിയാത്തത്
ഒരുപക്ഷേ , നിറങ്ങൾ തീർക്കുന്ന
ഈ വിസ്മയം കൊണ്ടാവാം !
ഇടയ്ക്ക് കോളാമ്പിപ്പൂക്കളായിരുന്നു നിരത്തുകളിൽ ..
ഇളം വയലറ്റ് നിറമുള്ള കോളാമ്പിപ്പൂക്കൾ
പിന്നെ പല നിറ ബോഗൈൻ വില്ലക്കുഞ്ഞന്മാർ ..
പിങ്ക് -വെള്ള സീനിയപ്പൂച്ചിരികൾ !
എന്റെ വിദ്യാലയത്തിൽ ഞാനാദ്യം പോയത്
ഷാബുച്ചേട്ടന്റെ പുസ്തകത്തിന്റെ
രണ്ടാം എഡിഷൻ പ്രകാശനച്ചടങ്ങിന് !
അന്നേ ആ അന്തരീക്ഷം ഹൃദയത്തിനു ""ക്ഷ "'പിടിച്ചു .
നിറയെ മരങ്ങൾ ,
വിശാലമായ സ്കൂൾ മുറ്റം
വരിയിട്ട വേപ്പുമരങ്ങളിൽ തട്ടി മുടി തലോടുന്ന കാറ്റ് !
ഒരറ്റത്ത് നിറയെ പൂക്കളുള്ള വെള്ള മന്ദാരം ..
അസംബ്ളി ഗ്രൌണ്ടിന്റെ അതിരുകളിൽ
വളഞ്ഞു പുളഞ്ഞു നില്ക്കുന്ന ചെമ്പക ഭംഗികൾ ..
ഇളം നാമ്പു നീട്ടുന്ന മാവ് ..
ചോന്ന കായ്കൾ കാട്ടിക്കൊതിപ്പിച്ച പേരാൽ
മാതള നാരകക്കൊമ്പുകൾ നീട്ടിയ ,
ഓറഞ്ച് നിറപ്പൂചില്ലകൾ !!
ഇടയ്ക്കിടെ വള്ളി നീട്ടിച്ചിരിക്കുന്ന നക്ഷത്രവല്ലികൾ ..
കരിയിലകൾ വീണ വഴികൾ ..
മുകളിലെ വിശാലമായ നീലാകാശം ..
അങ്ങനെയങ്ങനെ മരുഭൂമിയെന്നതു മറന്നു
ഹൃദയത്തെ മോഹിപ്പിച്ച സ്ഥലം !!
ടീച്ചർ ജോലിക്കിറങ്ങുമ്പോ
കുട്ട്യോളും ആ സ്കൂളുമായിരുന്നു കിനാവിൽ ...
മികച്ച പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനമുള്ള
രാജ്യമാണെങ്കിൽ ,
പരമാവധി അതുപയോഗപ്പെടുത്തി ,
പാർക്കിംഗിനു വേണ്ടിയുള്ള ഓട്ടപ്പാച്ചിൽ
കുറയ്ക്കണമെന്നാണ് ഹൃദയത്തിന്റെ പക്ഷം !
(അല്ലാണ്ട് കാറെടുക്കാൻ കാശില്ലാന്നു പറയാമ്പറ്റുമോ ...
അഭിമാനം ...നം ..നം )
അങ്ങനെ ബസ് യാത്രകളിൽ ഹൃദയം കണ്ട ,
നട്ടു പിടിപ്പിക്കുകയും പറിച്ചു മാറ്റപ്പെടുകയും
ചെയ്യപ്പെടുന്ന ചെടികൾ ..
--------സന്തോഷങ്ങൾ ,സങ്കടങ്ങൾ ---
പിഴുതു മാറ്റപ്പെടാൻ അവയാഗ്രഹിച്ചില്ലെങ്കിലും
ഇവിടെയത് പതിവാണ് !
പലതും പലർക്കും പലപ്പോഴും
മാനസികോല്ലാസത്തിനു മാത്രം
ഉതകുന്നവയത്രെ !!!
ചെടികളുടെ ആത്മാവ് ,
വേരുപിടിക്കുന്നയാഴങ്ങളിലെ
തണുതണുപ്പിനോടുള്ള അനുരാഗം ,
മാനം നോക്കിയ പ്രതീക്ഷച്ചില്ലകൾ ,
ഇനിയും പൂക്കാനുള്ള ദാഹം,
ഇവയൊക്കെയാരറിയുന്നു !!!
വയലറ്റ് നിറ കോളാമ്പിപ്പൂക്കൾ
ജമന്തിച്ചിരിയ്ക്ക് വഴി മാറുന്നു .
ഈ ചിരിയും മായും .
ജീവിത തത്ത്വമെന്ന പോലെ !
ഒന്ന് പോകുമ്പോൾ മറ്റൊന്ന് !
(പക്ഷേ ഒന്ന് പറയാതെ വയ്യ ,
ഇത്രയും ഭംഗിയായി ഇവ ഈ മരുഭൂമിയിൽ
നട്ട് പിടിപ്പിക്കുന്നത് ...)
കാഴ്ചകളിൽ നിന്ന് മുഖം തിരിച്ച്
വായിക്കാനെടുത്തു വച്ച പുസ്തകം തപ്പി
പിന്നെ ,
തലക്കെട്ടു കണ്ട് തലകറങ്ങി
ഹൃദയം അന്തം വിട്ടു കുത്തിയിരുന്നു !!!!
--------ജമന്തികൾ ,സുഗന്ധികൾ ------
സന്തോഷ്‌ ഏച്ചിക്കാനം

ഓർമ്മപ്പെട്ടിയിലിട്ടു പൂട്ടിയ സാഹിത്യ സായാഹ്നം .....

ഓർമ്മപ്പെട്ടിയിലിട്ടു പൂട്ടിയ സാഹിത്യ സായാഹ്നം .....
പഴയ ചില കലോത്സവ വേദികൾ ഓർമ്മ വരുന്നു .....
ഒരു വേദിയിൽ ..മോഹിനിയാട്ടം അഷ്ടപദി ....
""പ്രഥമ സമാഗമ ലജ്ജിതയാ .....
മദന മനോഹര ഭാവിതയാ സവികാരം ...."
ഇടയ്ക്കെപ്പോഴോ പൊട്ടി വീണ ചിലങ്ക മുത്തു കൊണ്ട്
ആൾട്ടയിട്ട് ചോപ്പിച്ച കാലടികൾ നീറുന്നുണ്ടായിരുന്നു ....
വിയർത്തു കുളിച്ച് , ഉടലിലുടയാടയൊട്ടി ..
വേദി വിട്ടിറങ്ങുമ്പോൾ...
യുവജനോത്സവ വേദിയിൽ മുന്നില്
എന്റെ ക്ഷീണം വക വയ്ക്കാതെ
അടുത്ത കുട്ടി നന്നായി കളിച്ചോന്ന്
അന്വേഷിച്ചു നടക്കുന്ന അമ്മക്കുന്തം !!!
അമ്മയെ കാക്കാതെ മുടിപ്പിന്നിൽ കുരുങ്ങിയ കാശ് മാല
അഴിച്ചു മാറ്റാൻ പണിപ്പെടുമ്പോൾ ....
ഏതോ ചെസ്റ്റ് നമ്പറിന്റെ പിന്നിൽ
എഴുതിക്കിട്ടിയ വരികൾ ....
"ഒരിക്കലും തിരിച്ചെത്താനാവാത്ത വിധം
എന്റെ ഹൃദയം
അതിന്റെ താവളം ഉപേക്ഷിച്ചിരിക്കുന്നു ....."
യുവജനോത്സവത്തിന്റെ നാലാം ദിനം
കേളികൊട്ടടങ്ങുമ്പോൾ ...
രണ്ടാം സമ്മാനത്തിന്റെ "ട്രോഫി "
മുഖത്ത് പടർത്തിയ നിരാശയിൽ
മറ്റൊരു കുറിപ്പ് ....
"ഇനിയുള്ള ഉത്സവങ്ങൾ നമുക്ക് വേണ്ടി ...."
പിന്നെ ,
S P C A നടത്തിയ പ്രസംഗ മത്സര വേദിക്കു പിന്നിൽ
വീണ്ടും ആ മുഖം .....
മറവിയിൽ എന്നോ ആണ്ടു പോയ ,
എവിടെ , എങ്ങനെ എന്നറിയാത്ത
ആ പഴയ മുഖം ഇന്ന് വീണ്ടും ഓർത്തു .....
ഒരു ചങ്ങാതി അയച്ചു തന്ന ഫോട്ടോയിൽ നോക്കിയിരിക്കുമ്പോൾ .....
മനസ്സ് പഴയ വേദികളിലേക്ക് ....
സന്തോഷം ...സ്നേഹം .....

.മഴയോ ..മഴ ..

ന്റെ ഉസ്കൂള് ഇന്നാ തുറക്കണേ ....
ന്നാലും ഇത്രേം കരുതീല്ല ....
പുതുവർഷം മൂന്നാം ദിനം , ഒരു ഗൃഹാതുരതാത്തോന്നൽ ...
( അങ്ങനെയൊരു തോന്നൽ ..ഉണ്ടോ ആവോ ...???)
കാര്യംണ്ട് ...
മഴ ...ദുഫായില് ..മഴയോ ..മഴ ..
അങ്ങനെ കോരിച്ചൊരിയുന്ന മഴയൊന്നുമല്ലെങ്കിലും ....
മൊത്തത്തിൽ ഒരു മഴ ഫീൽ ....!!!
റോഡിൽ അവിടവിടെ മഴവെള്ളം കെട്ടിക്കിടക്കുന്നു ....
കുഞ്ഞൻ നേഴ്സറീല് പോണ വഴി
കാലു കൊണ്ട് ഒക്കെ ചവിട്ടിത്തെറിപ്പിച്ചു ...
ന്താന്നറിയില്ല ...ഹൃദയം പഴയ പതിനഞ്ചുകാരിയായി !!
പഴയ നീളൻ യൂണിഫോം പാവാട ഓർമ്മ വന്നു ...
അറ്റത്തെ ചെളിവെള്ളത്തുള്ളികൾ ...
ചെക്കന്മാരുടെ "വൃത്തികെട്ട " കമന്റ് പേടിച്ച്
മാറോടുപ്പിക്കാതെ ദൂരേയ്ക്ക് മാറ്റിപ്പിടിച്ച
പുസ്തകക്കെട്ട് .....
( അതത്ര വല്യ വൃത്തികേടൊന്നും അല്ലെന്നു മനസ്സിലായത്‌
അമ്മയായ ശേഷമാണ് ....)
മുടിതുമ്പ് നനച്ച വെള്ള ഉടുപ്പിന്റെ പിൻഭാഗം ...
മഴത്തുള്ളി തിളങ്ങിയ ചോന്ന ചാന്ത് ...
പടർന്ന പൊട്ടിലും കണ്മഷിയിലും
കളിയാക്കിച്ചിരിച്ച കൂട്ടുകാരിക്കുറുമ്പുകൾ ....
ക്ളാസ്സിൽ പിന്നിൽ നിരന്ന പല വർണ്ണക്കുടകൾ ...
വലിച്ചിറുക്കിയ നനഞ്ഞ പെറ്റിക്കോട്ടു വിറപ്പിച്ച ചുണ്ടുകൾ ...
( അന്നേരം ട്യൂഷൻ ക്ലാസ്സിൽ വരുന്ന ഗേൾസിലെ
രശ്മിയോടസൂയ ...മഴയത്ത് അവരെല്ലാം പാവാടയൂരി
പുറകിലെ ഡെസ്കിൽ ഉണക്കാനിടുമത്രേ ...ഹും ...
പെണ്ണുങ്ങൾ മാത്രമുള്ള സ്കൂളിൽ എന്തുമാവാല്ലോ ...)
അടുത്ത നിമിഷം അസ്സൂയയെ കള്ളക്കണ്ണാൽ
നുള്ളിയെടുത്ത് പറയാ പ്രണയവുമായി
മുൻബെഞ്ചിലെ പൊടിമീശക്കാരൻ ....
പുറകിൽ നിവർത്തി വച്ച കുടക്കമ്പിക്കുള്ളിൽ
പ്രണയ മഴയിൽ കുതിർന്നൊരു പേപ്പർ മടക്ക്‌ ...
അതിൽ ഇടത്തോട്ട് ചരിഞ്ഞ അക്ഷരത്തിൽ
ആദ്യത്തേതും അവസാനത്തേതുമായ
ആൺവരികൾ ...
"അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനി -
ക്കേതു സ്വർഗ്ഗം വിളിച്ചാലും ...
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു
പൊലിയുമ്പോഴാണെന്റെ സ്വർഗ്ഗം ....""...
കയ്യക്ഷരത്തിൽ നിന്ന് ആളെ ഹൃദയം കണ്ടെത്തി ...
പറയാ പ്രണയത്തിന്റെ ഓർമ്മയ്ക്ക്‌ ...
അതിന്നും കൗമാര രഹസ്യമായി തുടരുന്നു ...
എന്റെ പെണ്മഴക്കാലങ്ങൾ
എനിക്കു വേണ്ടി പെയ്തുനിറച്ച
പല സ്വകാര്യങ്ങളിൽ ഒന്ന്.. ...!!

ആശംസകൾ ..

മനോഹരമായൊരു പുതുവർഷ സന്ധ്യ !!
റോളാ പാർക്കിന് ഞങ്ങൾ ( ഞാൻ വിത്ത്‌ കുടുംബം )
മൂന്നാമത്തെ പ്രദക്ഷിണം വച്ചു കഴിഞ്ഞു !!
ലക്ഷ്യം ...""കൈരളി ബുക്സ് "
ദുബായ് - ഷാർജ E 307 A ബസ്സിൽ
""വെറും അരമണിക്കൂർ "" കൊണ്ട്
ഷാർജയിലെത്തി റോളാ പാർക്കിനു മുന്നില് നിൽക്കുമ്പോൾ
പാർക്കിനുള്ളിലെ ജലധാരയും മറ്റും
പഴയ ""ദോഹയോർമ്മകളെ "" പൊടിതട്ടിയെടുപ്പിച്ചു ...!
ഞങ്ങൾ - ഇരു മെയ്യും ഒരാത്മാവും ( ആത്മാവും പറിങ്കാവും എന്ന് തിരോന്തരം സ്റ്റൈൽ )
ഒന്നിച്ചു പറഞ്ഞു ....
ദോഹ - കോർണിഷ് ഓർമ്മ വരണൂ ....!
കൃത്യം ഇരുപതു മിനിട്ട് കഴിഞ്ഞ്
ആ: പ :- വീണ്ടും ഒന്നിച്ചു പറഞ്ഞു ...
എത്തിയത് പാകിസ്ഥാനിലെങ്ങാനുമാണോയീശ്വരാ .....
( പച്ച ....സർവ്വം ...പച്ച മയം )
എന്തായാലും മൂന്നാം പാർക്ക് പ്രദക്ഷിണം
വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞ്
ഹൃദയം ഉറപ്പിച്ചു ....
""മ്മക്ക് ജ്യൂസ്‌ വേൾഡിൽ കേറി
ഓരോ ജ്യൂസടിച്ചു തിരിച്ചു പോവ്വാം ""!!
അങ്ങനെ ഒന്നാം തീയതി പണി കിട്ടിയോ ശിവനേന്നു
സെന്റിയടിച്ചു നിന്നപ്പോഴാണ്
അനിയച്ചാരുടെ രംഗപ്രവേശം Manavan Mayyanad Manu!!
ദുഫായിലെവിടെ നിന്നാലും ബുർജ് ഖലീഫ
കാണാംന്ന് പറഞ്ഞ പോലെ
റോഡിൽ എവിടെ നിന്നാലും കാണാവുന്ന
അവന്റെ ഗമണ്ടൻ മഞ്ഞ വണ്ടി !!
അതെവിടെയോ ഇടിച്ചു കേറ്റി പാർക്ക് ചെയ്ത്
അനിയൻ വഴികാട്ടിയായി ...
കൈരളി ബുക്സിന്റെ മുന്നില്
കാണാൻ കൊതിച്ചവരെല്ലാം സന്നിഹിതർ ...
നീല ഷർട്ടിൽ വെളുക്കെച്ചിരിച്ച്‌ ഷാബു ചേട്ടൻ ....
ചന്ദന നിറ സാരിയിൽ താടിയിൽ ചൂണ്ടു വിരൽ കൊടുത്ത്
സിൽമേലെടുത്ത പോലെ ദീപ ....
ഒരാലിംഗനത്തിൽ ചുറ്റുമുള്ള പെണ്ണസൂയകൾ
ഹൃദയമറിഞ്ഞു .....!!
മുഖ്യാതിഥി ""ശിഹാബ് ഗാനിം "" എത്തി
ചടങ്ങുകൾ ഗംഭീരമായി നടന്നു ....
പുറത്തെ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോഴും
പതിവുപോലെ
ചില്ലുവാതിലിനിടയിലൂടെ
കണ്ണുകൾ അലമാരപ്പുസ്തകങ്ങളിൽ !!!
ആദ്യം കണ്ണിൽപ്പെട്ടത് ""ചോഖർ ബാലി "
ഋതു പർണോഘോഷിന്റെ ചിത്രം കണ്ടതു മുതൽ
""ബിനോദിനി "" ഹൃദയത്തിലുണ്ട് !!
വാങ്ങണമെന്നുറപ്പിച്ചു കെട്ട്യോനെ
""ദയനീയമായി "" നോക്കി ...
പതിവ് "സമ്മതച്ചിരി "...
മുഖപുസ്തകച്ചങ്ങാതിമാരിൽ പരിചിതരും അല്ലാത്തവരുമൊക്കെ ചുറ്റിലും !
അതിലൊരു "കള്ളത്താടി " സ്വാമീടെയല്ലേ ന്നു തോന്നി ...
സ്വാമി ജലദോഷത്തിന്റെ
അസ്ക്യതയിലാണെന്നും തോന്നി !!
( ഒന്ന് കണ്ടു ...ആളല്ലേന്നു ചോയ്ച്ചു ...
തിരക്കിൽ പരിചയം നീട്ടാനായില്ല ...
ഇനിയും കാണാം സ്വാമീ )@Jayaram Swami
ഫോട്ടം പിടിച്ചേ പോവുള്ളൂന്നു
ഹൃദയം വാശിക്കാരിക്കുട്ടിയായി കാത്തു നിന്നു ...
കുറച്ചു നേരം ദീപയോടൊപ്പം ..
( ടീ പെണ്ണേ ...പൊന്നേ ..നിന്റെ കാര്യോം പറഞ്ഞൂട്ടാ Aarsha Abhilash)
ആണ്മഴയോർമ്മകളെപ്പറ്റി പറഞ്ഞപ്പോൾ
""പെണ്മഴയോർമ്മകളുംണ്ട് ..
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും
മഴ വേറെ വേറെയാണല്ലോ ന്ന് "" ദീപ ...
മഴ നനയലും നനഞ്ഞ കാഴ്ചകളും ന്ന്
ഹൃദയം കൂട്ടിച്ചേർത്തു ...!!
എന്തായാലും ഫോട്ടോ സെഷനും
പുസ്തോം വാങ്ങലും ഒക്കെയായി
ഒരു മധുര മനോഹര സായാഹ്നം ...
ഓർമ്മപ്പെട്ടിയിൽ അതിട്ടു പൂട്ടി
തിരികെ കുടിയിലേക്ക് ....!
ആശംസകൾ ...കൈരളി ബുക്സിനും ...
വായിക്കാൻ തുടിക്കുന്ന ഹൃദയങ്ങൾക്കും ...!!

വായന മരിക്കാതിരിക്കട്ടെ ....

2014 അവസാനിച്ചത്‌ ഒരു പുസ്തകത്തിലാണ് ...
""എന്റെ പ്രണയ കഥകൾ - V .Rസുധീഷ്‌ "
2015 പ്രവാസ ജീവിതത്തിലേക്കുള്ള ചവിട്ടു പടി ആയതിനാൽ
പുസ്തകങ്ങളെ കൂടെക്കൂട്ടാമെന്നുള്ള
പ്രതീക്ഷയുണ്ടായിരുന്നില്ല !!
മാസാദ്യം , ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചു
കരാമയിലെ ഡി സി ബുക്സിൽ എത്താറുണ്ട് ....
കൌണ്ടറിലെ മെലിഞ്ഞ പയ്യൻ പാക്ക് ചെയ്യുന്ന
ഒന്നോ രണ്ടോ പുസ്തകങ്ങളിലേക്ക്
ഉത്സാഹത്തോടെ നോക്കുമ്പോഴും
ഷെൽഫിലെ വായിക്കാത്ത പരശതം
പുസ്തകങ്ങളിലായിരുന്നു ഹൃദയം !
പിന്നെ ""ഷാർജാ ബുക്ക് ഫെസ്റ്റ് "" ഒന്ന് വന്നു കിട്ടാൻ
നാളുകളെണ്ണിയിരുന്നു ഹൃദയം ....
പുസ്തകങ്ങൾ സൂക്ഷിക്കാൻ
നിവൃത്തിയില്ലാത്തത് കൊണ്ടും,
നാട്ടിലേക്ക് അവ പാക്ക് ചെയ്യുന്നതിലുള്ള
ചെലവോർത്തും ,
ബുക്ക്‌ ഫെസ്റ്റ് സ്റ്റാളുകളിൽ അധികം മേഞ്ഞു നടക്കാനായില്ല !!!
( കൊല്ലം ഡി സി യിൽ നിന്ന് ഇങ്ങോട്ട് പോരും മുൻപ്
ആയിരത്തഞ്ഞൂറു രൂപയ്ക്ക്
പന്ത്രണ്ടു പുസ്തകങ്ങൾ വാങ്ങിയ കണക്ക്
ഇവിടത്തെ പുസ്തക വിലയുമായി താരതമ്യം ചെയ്ത് ,
ചിലപ്പോൾ ഹൃദയമൊരു ശരാശരി വീട്ടമ്മയായി
എന്നത് സത്യം !!!)
അങ്ങനെയിരുന്നപ്പോഴാണത് സംഭവിച്ചത് ....!!
മുഖപുസ്തകച്ചങ്ങാതിമാരെല്ലാം
വർഷാന്ത്യ വായനാക്കണക്കെടുപ്പ് നടത്തുന്നു !!
കൌതുകത്തോടെ നോക്കുമ്പോൾ അന്തം വിട്ടു
കുന്തം വിഴുങ്ങിപ്പോയി !!!
60 - 300 റേഞ്ചിൽ ...വായനാ നിര !!
അസൂയ ..അസൂയ ...പെരുത്തസൂയ ....
ഹൃദയമൊരു പുച്ഛസ്ത്രീയായി .....
""നാണമില്ലേ നിനക്കെന്നു ചോദിച്ചു ...""
അലമാരയിൽ സ്ഥലമൊപ്പിച്ച് അടുക്കി വച്ച
പുസ്തകങ്ങളിലേക്ക് നോക്കി
നെടുവീർപ്പിട്ടു ....
പിന്നെ രണ്ടും കല്പ്പിച്ചു കണക്കെടുത്തു ....
"ദേ ...ഇങ്ങട്ട് നോക്ക്യേ ....""
1. അനുരാഗത്തിന്റെ പുസ്തകം -""പ്രണയം ...പ്രണയംമാത്രം ""
ഇന്ദു മേനോൻ - രൂപേഷ് പോൾ ( ഒലിവ് )
2. പാണ്ഡവപുരം - വിഭ്രമാത്മകമായ നോവൽ
സേതു ( ഡി സി )
3. മാധവിക്കുട്ടിയുടെ പ്രേമകഥകൾ - ""പ്രേമവും വിപ്ളവവും""
മാധവിക്കുട്ടി ( ഡി സി )
4. ചന്ദന മരങ്ങൾ - മാധവിക്കുട്ടി ( ഡി സി )
5. ലോകോത്തര കഥകൾ - രണ്ടു തവണ വായിക്കേണ്ടി വന്നു ചില കഥകൾ - വിവ :
വിർജിനിയ വൂൾഫ് -( ഡി സി )
6. സ്പെഷ്യൽ ന്യൂസ്‌ - ""കാലിക പ്രാധാന്യമുള്ള കുറിപ്പുകൾ ""
ഷാബു കിളിത്തട്ടിൽ - (കൈരളി )
7.ദി ഗൈഡ് - വിവർത്തനം -1960 സാഹിത്യ അക്കാഡമി പുരസ്കാരം
R .K നാരായൺ - (ഡി സി )
8. കഥകൾ - ""വിറപ്പിക്കുന്ന കഥകൾ ""
ഇന്ദു മേനോൻ ( ഡി സി )
9. സീതി ഹാജി കഥകൾ - "ചിരി ...ചിരിയോ ചിരി ..."
സമ്പാ :ഉമ്മർ തറമേൽ ( ലിറ്റ്മസ് )
10. ലേഡീസ് കൂപ്പെ - "അഞ്ചു സ്ത്രീകളുടെ അനുഭവ കഥകൾ "
അനിതാ നായർ (ഡി സി ) വിവ :
11. മഞ്ഞ മരങ്ങൾ ചുറ്റിലും - ആറ് കഥകളുടെ സമാഹാരം
പ്രിയ എഎസ് - (ഡി സി )
12. കൊടകര പുരാണം - ""തൃശൂരിന്റെ സ്വന്തം കഥകൾ"
സജീവ്‌ എടത്താടൻ (ലിറ്റ്മസ് )
13. ആരാച്ചാർ - വയലാർ , ഓടക്കുഴൽ , സാഹിത്യ അക്കാഡമി
പുരസ്കാരങ്ങൾ ...
കെ .ആർ .മീര - ( ഡി സി )
14. ടോട്ടോ -ചാൻ - "" മാതൃകാ വിദ്യാലയ പാഠങ്ങൾ ""
തെത്സുകോ കുറോയാനഗി
പരിഭാഷ : അൻവർ അലി ( N B T - India )
15. മലയാളത്തിന്റെ നൂറു കഥകൾ - പ്രമുഖരുടെ പ്രിയ കഥകൾ
(ഒലിവ് )
16. മാനസി - മാധവിക്കുട്ടി ( ഡി സി )
17. ആട് ജീവിതം - ""പുനർവായന "" - ബെന്യാമിൻ ( ഗ്രീൻ )
18. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - "" അനുഭവങ്ങളുടെ മനോഹര വിവരണം ""
ദീപാ നിശാന്ത്( കൈരളി )
19. നിലാച്ചോറ് - ""ജീവചരിത്ര പരമായ നോവൽ ..""
ഷാബു കിളിത്തട്ടിൽ ( കൈരളി ബുക്സ് )
20. കുടിയിറക്കപ്പെട്ടവ്ന്റെ നിലവിളികൾ - ""പ്രവാസ ജീവിതക്കാഴ്ചകൾ ""
വിജു.സി. പരവൂർ - ( പാം പബ്ളി smile emoticon
21. കന്നഡ പെൺ കഥകൾ - "12 കന്നഡ പെണ്ണെഴുത്തുകൾ"
(ഒലിവ് )
22. രണ്ടു സങ്കടങ്ങൾ കണ്ടുമുട്ടുമ്പോൾ - കഥകൾ
പെരുമ്പടവം -(സങ്കീർത്തനം പബ്ളി smile emoticon
23. ശ്വാസം - ആറു കഥകളുടെ സമാഹാരം
സന്തോഷ്‌ എച്ചിക്കാനം (ഡി സി )
24. നിലവിളി -" കാലിക ചരിത്രം അടയാളപ്പെടുത്തുന്ന കഥകൾ "
N .S . മാധവൻ ( ഡി സി )
25. രതി നിർവ്വേദം - പി .പദ്മരാജൻ (ഡി സി )
26. ജന്മാന്തര വാഗ്ദാനങ്ങൾ - "മനസ്സിൽ തട്ടുന്ന നോവൽ ""
ജയശ്രീ മിശ്ര - വിവ : പ്രിയ . A .S ( ഡി സി )
27. കഥകൾ - ""നെഞ്ചുരുകുന്ന കഥകളുടെ സമാഹാരം ""
K .R മീര - (ഡി സി )
28. കൃഷ്ണമൂർത്തിയെ അറിയുക - "" കൃഷ്ണമൂർത്തിയുടെ
പ്രഭാഷണങ്ങൾ ""
J .കൃഷ്ണമൂർത്തി വിവ : ഇ .കെ പുരുഷോത്തമൻ ( ഡി സി )
29. മീരയുടെ നോവെല്ലകൾ - K .R മീര ( ഡി സി )
30. Adultery - Paulo Koelho - ( vintage )
31. ചിലപ്പതികാരം - ഇളങ്കോ അടികൾ
എഡി : അയ്യപ്പപ്പണിക്കർ (ഡി സി )
32. മഞ്ഞ് - എം ടി ( ഡി സി )
33. രണ്ട് അമ്മക്കഥകൾ - "ലളിതമായ വിവരണം കൊണ്ട് ഹൃദ്യമായ കഥകൾ "
സുധാ മൂർത്തി
( ഒരു സുഹൃത്തിന്റെ കയ്യിൽ )
-----------------------------------------------
സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ,
ഫ്രീ അവറുകളിൽ ,
ഉറക്കം ഞെട്ടിയ പാതിരാ നേരങ്ങളിൽ ,
ഒക്കെയായി വായിച്ചു തീർത്തവ .....
ചില കൂട്ടുകാരുടെ വായനാശീലം വച്ച് നോക്കിയാൽ
ഇതൊരു ചെറിയ ലിസ്റ്റ് ആണ് ...
ന്നാലും ....
ഒരാഗ്രഹം മാത്രം ..
2016 -ൽ എന്റെ വായന മരിക്കാതിരിക്കട്ടെ .....
"പുതുവത്സരാശംസകൾ ..."