ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 16 November 2016

ഓർമ്മത്താഴുകൾ

കളഞ്ഞു പോയൊരു താക്കോൽക്കൂട്ടം തേടിയാണ് ഞാനിറങ്ങി നടന്നത്
നീ സമ്മാനിച്ച കറുപ്പിൽ വെളുത്ത ചിത്രത്തുന്നലുകളുള്ള മണിപ്പേഴ്‌സിലാണ് ഞാനതു സൂക്ഷിച്ചിരുന്നത് .
എന്റെ ഓർമ്മവഴികളിൽ വെറുതെ പേഴ്‌സ് തുറന്നടച്ചു നടക്കുകയായിരുന്നു ഞാൻ
താക്കോൽപ്പിടിയിലെ ശലഭച്ചിറകു തുരുമ്പെടുത്തു തുടങ്ങിയിരുന്നു !
കാഴ്ചയുടെ വാതിലിനുമപ്പുറം നീ യാത്ര തുടങ്ങിയ നേരത്താണ് പേഴ്‌സിനുള്ളിലെ താക്കോൽക്കിലുക്കം നിലച്ചത് .
തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോഴേക്കും കടന്നു പോന്ന വഴിയിലെ എന്റെ കാൽപ്പാടുകൾ കരിയില മൂടി മാഞ്ഞുകഴിഞ്ഞിരുന്നു
എന്നിട്ടും നിനക്ക് പുറം തിരിഞ്ഞു ഞാൻ നടക്കാനാരംഭിച്ചത്
തുരുമ്പുതിന്ന ശലഭച്ചിറകു താക്കോലിൽ എന്റെയോർമ്മകൾ കുടുങ്ങിക്കിടപ്പുള്ളതു കൊണ്ടാണ് !
ഒടുക്കം ,
അത് കണ്ടു കിട്ടിയപ്പോഴേക്കും
നീ നടന്നു പോയ വഴി ഞാൻ മറന്നു പോയിക്കഴിഞ്ഞു !
ഓർമ്മിച്ചെടുക്കാൻ തക്കവണ്ണം അടയാളങ്ങളൊന്നും ബാക്കി വയ്ക്കാതെ
നീയെങ്ങോട്ടാണ് നടന്നു മറഞ്ഞത് ?
നിന്റെ പേര് കൂടി ഞാൻ മറന്നു പോയിരിക്കുന്നു .
എന്തായിരുന്നു അത് ?

രക്ഷിക്കപ്പെടാൻ പറ്റാത്തതൊന്നും ഇനിയും നഷ്ടമായിട്ടില്ല

ജലോപരിതലത്തിൽ ഒഴുകി നടക്കുകയായിരുന്നു സ്വർണ്ണമീൻ
അതിന്റെ കണ്ണുകളിൽ കടലാഴങ്ങൾ തെളിഞ്ഞു നിന്നിരുന്നു
നിലച്ചുപോയ ഹൃദയമിടിപ്പിൽ കടൽത്തിരയാർക്കുന്നുണ്ടായിരുന്നു
വിടർന്ന ചെകിളപ്പൂവുകളുടെയറ്റത്തു കടലുപ്പ് ചുവച്ചു .
രണ്ടു വിരലുകൾ കൂട്ടിപ്പിടിച്ചു വഴുക്കുന്ന വാലറ്റമുയർത്തി അതിനെയെടുക്കുമ്പോൾ
നിന്റെ കൈ വിറച്ചതെന്തിനാണ് ?
കണ്ണാടിക്കൂട്ടിനുള്ളിൽ മറ്റൊന്നു കൂടി പിടയുന്നുണ്ട്
പതിവുതെറ്റിച്ചു തലകീഴായി നീന്തി
അത് കടൽത്തട്ടു മാത്രം സ്വപ്നം കണ്ടു .
അന്നേരമാണ് നാമകപ്പെട്ടിരിക്കുന്ന കടൽച്ചുഴിച്ചുറ്റിന്റെയാഴം നമ്മൾ കണ്ടത് !
അതേ നേരത്താണ് നിന്റെ കണ്ണീരുപ്പിൽ കടലുപ്പു കലർന്നത് !

Sunday 24 July 2016

മരിച്ചവന്റെ ഗന്ധം !!

മണമുകുളങ്ങളെ വിടർത്തി , പാതിരാവിലെന്നെത്തേടി വന്ന ചന്ദന ഗന്ധം !
ഉറക്കം ഞെട്ടിപ്പകച്ചു കണ്ണു തിരുമ്മി ഇരുട്ടിലേയ്ക് തുറിച്ചു നോക്കുമ്പോൾ
ചന്ദനത്തിന്റെ തണുത്ത ഗന്ധം മൂക്കിൻ തുമ്പ് കുളിർപ്പിച്ചു !
കിടക്കയുടെ അങ്ങേയോരത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ മോതിര വിരൽകൊണ്ടു തോണ്ടി വിളിച്ചുണർത്തിപ്പറഞ്ഞു , ""ചന്ദനം മണക്കുന്നു ""
ഇത്തരം പതിവ് തോണ്ടി വിളികളിൽ ഒരിക്കൽപ്പോലും ഉറക്കം മുറിഞ്ഞ നീരസം 
പുറത്തു കാട്ടാത്ത എന്റെ ഭർത്താവ്
ഒച്ചയടപ്പിന്റെ മറയിൽ അലസമായി പറഞ്ഞു ,""ഇയാൾക്ക് തോന്നീതാവും "".
ഇങ്ങേ കിടക്കപ്പാതിയിൽ ഉറക്കം മുറിഞ്ഞു കിടന്ന ഹൃദയം പറഞ്ഞു ,
അല്ല ..അല്ല ...ഇത് ചന്ദന മണം തന്നെ .
വീടിന്റെ അരക്കിലോമീറ്റർ അപ്പുറത്ത് മീൻ വറുത്താൽ ,
റോഡിനപ്പുറം കപ്പലണ്ടിക്കച്ചവടക്കാരനെത്തിയാൽ ,
മതിന് പുറകിലെ വാടക വീട്ടുകാർ പശുവിൻ നെയ്യുരുക്കി
കണ്ണാടിക്കുപ്പിയിലാക്കിയാൽ ,
ഒക്കെ മണമുകുളങ്ങൾ വിടരുന്ന എന്റെ മൂക്കിനു തെറ്റുകയോ ???
ഇത് ചന്ദന ഗന്ധം തന്നെ ..പക്ഷെ എവിടുന്ന് ?
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം എന്നാ പാട്ടോർമ്മയിൽ മൂളാൻ തുടങ്ങിയപ്പോഴാണ്
കുഞ്ഞനനങ്ങിയത് .ചുരുണ്ടും നിവർന്നും കിടന്നുരുണ്ടും അവനെഴുന്നേറ്റു കിടക്കയിൽ
കുത്തിയിരുന്ന് ചിണുങ്ങി ...""അപ്പീടണം മ്മാ ""
തലവഴി മൂടിയ പുതപ്പിനകത്ത് നിന്നൊരു പൊട്ടിച്ചിരി .
ശരിയാ , ചന്ദനം മണക്കുന്നുണ്ട് !
കുളിർന്ന മൂക്കിൻ തുമ്പ് വിറച്ചു ...""ന്നാലേ വേഗം കൊണ്ടോയിക്കോ ""
പുതപ്പു വലിച്ചു തലമൂടി കിടക്കുമ്പോഴും ചന്ദന ഗന്ധം ഞരമ്പിൽ ഒഴുകി ..
അങ്ങനെയാണ് രണ്ടു ദിവസം മുൻപ് സൂപ്പർ മാർക്കറ്റിലെ സോപ്പിൻ കൂട്ടത്തിൽ നിന്ന്
മൈസൂർ സാൻഡൽ ചന്തം ഹൃദയം കണ്ടെടുത്തത് .
കവറു പൊളിച്ചു കുളിമുറിയിൽ "'ചന്ദനക്കട്ട "" കൊണ്ട് വയ്ക്കുമ്പോൾ
ഹൃദയം ദീർഘനിശ്വാസമുതിർത്തു !
കുളിമുറി നെഞ്ചിലെന്നോ വഴുക്കിയ പായൽ പച്ചയിലലിഞ്ഞിറങ്ങിയ ചന്ദനപ്പത..
തേച്ചു കുളിച്ച് വെളുത്ത മല്ലു തുണി പെറ്റിക്കോട്ടും അതിനു മീതെ പുള്ളിപ്പാവാടയും
ഒറ്റക്കളർ ജാക്കറ്റും ധരിച്ച് കുളിപ്പിന്നൽ മുടിയുമായി നാമം ജപിച്ച പെൺകുട്ടി ..
അവളുടെ ചന്ദന മണമുള്ള ഉമ്മകൾക്കു വേണ്ടി
അടുക്കു ചെമ്പരത്തിക്കാടിനു കീഴെ കാത്തുനിന്നു വിയർത്ത മീശമുളയ്ക്കാത്ത ആൺകുട്ടി !
""നിന്റെ തൊലിയ്ക്കെന്തു മിനുപ്പ്‌ "" എന്നതിശയം കൂറിയ കണ്ണുകൾ .
പുള്ളിപ്പാവട വഴിമാറിയൊരു ദാവണിക്കാലത്ത്
ചെമ്പരത്തിച്ചാറും നാരങ്ങാനീരും ചേർത്ത് നല്ലെണ്ണയിലെരിച്ച കരിന്തിരിക്കണ്മഷി
കണ്ണിൽ പടരുമ്പോൾ ,
ചന്ദനമണം വഴുക്കിയ ഉടലിൽ മീശപ്പാടു വീഴ്ത്തിയ സന്ധ്യകൾ .
കരിനെച്ചിയുച്ചിയിൽ കൂടുകൂട്ടിയ അടയ്ക്കാക്കുരുവിയിണകളെ നോക്കി
ചന്ദന ഗന്ധ മൂക്കിൻ തുമ്പ് വിയർത്തു പൂത്ത നാലുമണിപ്പൂക്കൾ !
പിന്നെ ,മറ്റൊരിടത്ത് ,
കുളിമുറിക്കരിന്തറ വെളു വെളുത്ത് കാൽക്കീഴിൽ
പതുപതുത്തു വഴുതിയപ്പോൾ
ഉടൽ മറന്ന ചന്ദന ഗന്ധം .
മരുഭൂമിചൂടു തിളപ്പിച്ച വെള്ളത്തിൽ തേച്ചു കുളിച്ചിറങ്ങി
വിയർത്തു കയറുമ്പോൾ നാളുകൾക്കിപ്പുറം ഉടലിൽ ചന്ദനം മണത്തു .
കുളിമുറിച്ചുവരും കടന്നു ചന്ദന മണം ജനാലയിൽ മുട്ടി നിന്നു .
തോരാതെ വാസനിച്ചു വാസനിച്ചൊടുക്കം
ഒറ്റമുറി വീടാകെ ചന്ദന മരങ്ങൾ പൂത്തു .
പാതിരാവിലേതോ യാമത്തിൽ ചന്ദനക്കാടുകളിൽ തനിയേ അലഞ്ഞ ഹൃദയത്തിന്
വെളിപാട് കിട്ടിയത് വെളുപ്പിനെയാണ് !
എത്ര മായിച്ചിട്ടും മായാതെ ഉടൽചൂഴ്ന്നു നിൽക്കുന്ന ഗന്ധം ...
എന്നോ മരിച്ചവന്റെ ഗന്ധം !!
ചന്ദന സോപ്പ് തേച്ചു കുളിച്ച് ,
ചന്ദന ഗന്ധ പൌഡറിടീച്ച് ,
ചന്ദന നിറമുള്ള ഉടുപ്പണിഞ്ഞ് ,
എന്നോ , എങ്ങോ മരിച്ചു കിടന്നവന്റെ
തലയ്ക്കൽ പുകഞ്ഞ അതേ ഗന്ധം ..
എന്റെയുടലിനിപ്പോൾ
മരിച്ചവന്റെ തണുപ്പ് കൂടുവച്ച നെഞ്ചിലെ ചന്ദന മണം !!!

ഞാനും നീയും

പരസ്പരം വെറുതേ തലോടാതെ ...
സ്നേഹിക്കുന്നുവെന്ന് വെറുതേ ധ്വനിപ്പിക്കാതെ...
പരസ്പരം മടുപ്പിക്കാതെ ..
സഹിക്കുന്നതിനെ സ്നേഹമെന്ന് തെറ്റായി വ്യാഖ്യാനിക്കാതെ ..
സ്നേഹത്തിൽ സത്യസന്ധരാകാൻ 
എത്രപേർക്ക് കഴിയും ?
അതിലൊരാളാവാൻ ഹൃദയം ആഗ്രഹിക്കുന്നു ....
കാരണം ......
ചില നേരങ്ങളിലെങ്കിലും ഞാൻ നീയും നീ ഞാനുമാകുന്നു ....
നമ്മളില്ലാതാവുന്നു ...
നമുക്കു മുൻപും പിൻപും കാലമില്ലാതാകുന്നു ...
നിന്റെ പേരുച്ചരിച്ച നിമിഷം എന്നിലെ "ഞാൻ" മരിച്ചു വീണിരിക്കുന്നു ...

ചുവപ്പിന്റെ വിഷാദസാക്ഷ്യം

പരീക്ഷാഹാളിനു പുറത്തു വെയിൽ ജ്വാലയ്‌ക്കൊപ്പം മരച്ചില്ലകളിൽ ചെന്തീ പടർന്നു.
മെയ് മുതൽക്കേ നിരത്തുകൾ ഗുൽമോഹർ പൂക്കൾ കൊണ്ടു നിറഞ്ഞിരുന്നു. അന്നേരം മുതൽ ഹൃദയം യാത്രകളിൽ രണ്ടേരണ്ടു പാട്ടുകൾ മാത്രം കേൾക്കുന്നു.
മെയ് മാസമേ.....
വാക പൂമരം ചൂടും......
ഗുൽമോഹർ കൊമ്പിലെ കനൽപ്പൂക്കളുടെ ചോപ്പു വെട്ടം ഹൃദയത്തെ ഇത്ര മേൽ വിഷാദാർദ്രമാക്കുന്നതെന്താണ്??
പറയാതെ വയ്യ,
ചുവപ്പ് എന്നും വിഷാദം മാത്രം തന്നു!
വർണ്ണശാസ്ത്രങ്ങളും നിറവിദഗ്ദ്ധരും പറയുന്നു ചുവപ്പിനെന്നും ഒന്നാം സ്ഥാനം.
കാരണം, ചുവപ്പ് ഊർജ്ജദായകം!
ഇഷ്ടനിറം ചോദിച്ചാൽ കുഞ്ഞന്റെ ഉത്തരം ചുവപ്പ്,
കാരണം ,റെഡ് നല്ല കളറാ.
ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇൻബോക്സ് സന്ദേശങ്ങളുടെ ആരംഭം,
''ചുവപ്പനഭിവാദ്യങ്ങൾ''!
ജീവിതത്തിലാദ്യമായി നീട്ടപ്പെട്ട റോസാപ്പൂവും ആശംസാകാർഡും ചുവപ്പ്!
ഒരു സന്ധ്യക്ക്‌ കരഞ്ഞു ചുവന്ന കണ്ണുകളിറുക്കിച്ചിമ്മി നോക്കി നിൽക്കുമ്പോൾ കണ്ടതും
അകന്നു പോയ തീവണ്ടിയുടെ ചുവന്ന വെട്ടം!
''സാക്ഷികൾ'' ജനിച്ചതും മുദ്രാവാക്യം വിളിച്ചതും മരണനക്ഷത്രങ്ങളായതും 'ചോര'ച്ചോപ്പിൽ!
അങ്ങനെയങ്ങനെ ചുവപ്പില്ലാതെ
എന്തു ജീവിതമെന്നു ചിലർ!
എങ്കിലും പറയാതെ വയ്യ,
ചുവപ്പെന്നും ഹൃദയത്തിന് വിഷാദം മാത്രം തന്നു!
ചുവപ്പിന്റെ ഒന്നാം വിഷാദസാക്ഷ്യം
---------------------------------------------------------
കാരമണമുള്ള കുമ്മായമടർന്ന നരച്ച ചുവരുകൾക്കുള്ളിൽ ഏഴര വെളുപ്പിന് പെൺപല്ലുകൾക്കിടയിൽ ഞെരിച്ചമർത്തപ്പെട്ടൊരമറൽ. അകമ്പടിയായി ''കുംഭീപാകനരകം'' താണ്ടിയെത്തിയ ചോരച്ചുവപ്പു ചായക്കൂട്ടിൽ മുങ്ങിയ പെൺകുഞ്ഞിക്കരച്ചിൽ. ചുവപ്പിന്റെ ആദ്യ വിഷാദ ഗാനം!
ചുവപ്പിന്റെ രണ്ടാം വിഷാദസാക്ഷ്യം
--------------------------------------------------------
വേനലവധിക്ക് ചോയിപ്പറമ്പിലെ കട്ടക്കാരയ്‌ക്കച്ചെടികൾക്കിടയിൽ നൂണ്ടിറങ്ങുമ്പോൾ കാലുതട്ടിയൊരു വഴുവഴുപ്പ്! ഭയന്നു പിന്നോട്ടു മാറുമ്പോൾ കണ്ടത് ചെമ്പൻ ശല്ക്കങ്ങൾക്കിടയിൽ പാറിയ ചെന്തീ! ഉച്ചവെയിലിനേക്കാൾ തീക്ഷ്ണതയുള്ള വിഷച്ചൂട് തട്ടി കരിഞ്ഞ കട്ടക്കാരയ്ക്കായിലക്കൂട്ടങ്ങൾ. രണ്ടും രണ്ടും നാലോ മറ്റൊരു രണ്ടോ എന്നു തോന്നിപ്പിച്ച കറുത്ത പളുങ്കുഗോട്ടിക്കണ്ണുകൾ. ഹൃദയത്തെ മയക്കിയൊരു സീൽക്കാരത്തോടെ അവ ചുറ്റിപ്പിണഞ്ഞു. പെരുവിരൽത്തരിപ്പിൽ തറഞ്ഞുപോയ കാലുകൾ വലിച്ചൂരിയോടി. കട്ടക്കാരയ്ക്കാമുള്ളുകൊണ്ടു ഉടലാകെ നീറി. കടുംചോപ്പുവിഷാദം മുറിവായിൽ നിന്നൊഴുകി. കിണറ്റുവക്കിൽ കാൽമുറിവുകൾ കഴുകുംനേരം കണ്ടു, പുള്ളിപ്പാവാടയിൽ ചോപ്പുവൃത്തങ്ങൾ! കാൽവണ്ണയിലെ ചുവന്ന കല്ലുകൾ നിലയ്ക്കാത്തൊരുറവയായി ചാലിടുന്നു. ഭയം കഠിനവിഷാദത്തിനു കീഴടങ്ങി. പെണ്ണുടൽ മാനംകാണാമയിൽപ്പീലിയായ ഏഴു ദിനരാത്രങ്ങൾ! വിഷാദഭരിത ഡയറിക്കുറിപ്പുകൾ!
ചുവപ്പിന്റെ മൂന്നാം വിഷാദസാക്ഷ്യം
-------------------------------------------------------------
അനിവാര്യമെന്നു പറയപ്പെടുന്ന അപഹരണത്തിന്റെ പ്രതീകാത്മക സിന്ദൂരത്തിനും ചോപ്പുനിറം! ആകാശനീലിമയിൽ പൂക്കൾ തുന്നിച്ചേർത്ത കിടക്കവിരിയിലെ വെളുത്ത ലില്ലിപ്പൂക്കൾ രാവുവെളുത്തപ്പോൾ ചുവന്ന വാകപ്പൂക്കളായി പരിവർത്തനം ചെയ്യപ്പെട്ടു. എന്നേയ്‌ക്കുമായി നഷ്ടപെട്ട ''കർണകവച''ത്തെയോർത്തു ഹൃദയം വിഷാദച്ചുഴിയിലമർന്നു!
വിഷാദസാക്ഷ്യങ്ങൾ ആവർത്തിക്കപ്പെടുന്നു.
ഒടുക്കത്തെ സാക്ഷ്യം
---------------------------------
നെഞ്ചത്തു കൈവച്ച്‌ തലയ്ക്കൽ തിരിവച്ച് വിളറിവെളുത്തു വെറുംനിലത്ത് നീണ്ടുനിവർന്ന് മരവിച്ചു കിടക്കുമ്പോൾ , മൂടപ്പെട്ടേയ്ക്കാവുന്ന മന്ത്രകോടി ശവക്കച്ചയ്ക്കും ചോപ്പുനിറം.
മരിച്ചവളുടെ രക്തംവലിഞ്ഞ സിരകളിൽ എന്നേയ്ക്കുമായി പതിയ്ക്കപ്പെട്ടേക്കാവുന്ന വിഷാദമുദ്ര!
ഒടുവിലെ സാക്ഷ്യമെങ്കിലും ഹൃദയത്തിനു തിരുത്തിക്കുറിയ്ക്കണമത്രെ!
അമാവാസിരാത്രിക്കറുപ്പിൽ വെള്ളിനക്ഷത്രങ്ങൾ മിന്നുന്നൊരു ചേല തിരയുകയാണു ഞാൻ.
അതിൽ ,
മരിച്ചവളുടെ കാഴ്ചകളുണ്ട്,
വെള്ളിത്തിളക്കമാർന്ന ചിന്തകളുണ്ട് ,
കറുത്തിരുണ്ടുപെയ്ത മഴകളിൽ
ഒറ്റപ്പെട്ടുപോയ ചില ഭീതികളുണ്ട്,
കീൽക്കറുപ്പുള്ള ചില ഓർമ്മകളുണ്ട് ,
അവൾ, നക്ഷത്ര'ക്കണ്മണി'യ്ക്കുള്ളിലാക്കി സൂക്ഷിച്ച കിനാക്കളുണ്ട് ,
ചുരുളൻമുടിക്കറുപ്പിലൊളിച്ച അനുരാഗമുഖമുണ്ട്,
നിലാവുവറ്റിക്കറുത്ത അനുഭവക്കയ്പ്പുകളിലും
കണ്ണുചിമ്മിക്കത്തിയ കൈയ്യെത്താദൂരത്തെ സ്നേഹതാരങ്ങളുണ്ട്!
അമാവാസിരാത്രിക്കറുപ്പിൽ മിന്നുന്ന വെള്ളിനക്ഷത്രങ്ങളുള്ള ചേല തിരയുകയാണു ഞാൻ!
തിരുത്തിക്കുറിക്കണം, ഒടുവിലെ സാക്ഷ്യമെങ്കിലും!

കപ്പലിനെക്കുറിച്ചുള്ള വിചിത്ര പുസ്തകം- ഒരുവളുടെ വായനാനുഭവം ..

കേളേശ്വരം ശിവക്ഷേത്രത്തിലൊരു വാരസ്യാരുണ്ടായിരുന്നു ...
എരിക്കിൻ പൂക്കൾ കൊണ്ടു മാലകെട്ടുമ്പോൾ അവരുടെ കൈവേഗം എന്നെ അമ്പരപ്പിച്ചിരുന്നു !
അടുക്കും ചിട്ടയുമില്ലാതെ ഞാൻ കോർത്തു വച്ച ചെമ്പരത്തി മാല കണ്ടു ശിവൻ ചെമ്പരത്തിക്കണ്ണു കൊണ്ട് എന്നെ നോക്കുമോയെന്നു പേടിച്ച് ഒരിക്കൽ മാല കെട്ടാൻ പഠിക്കാൻ തീരുമാനിച്ചു .
പൂവിറുക്കുമ്പോൾ ചെടിയുടെ സമ്മതം ചോദിക്കണമെന്നും
തുളസിയിലയെങ്കിൽ തുളസീ മന്ത്രം ജപിക്കണമെന്നും
പൂവിനേക്കാൾ മൃദുലമായി അവയെ കൈകാര്യം ചെയ്യണമെന്നും വാരസ്യാരമ്മ പറഞ്ഞു .
രണ്ടും നാലും ആറും പൂക്കൾ ഒന്നിച്ചു കൊരുത്തു മാല കെട്ടാൻ ഞാൻ പഠിച്ചതെങ്ങനെയാണ് !
ബന്ധുവീടുകളിൽ കല്യാണത്തലേന്ന്‌ എന്റെ മുന്നിൽ മുല്ലപ്പൂക്കൂമ്പാരങ്ങൾ നിറയാൻ തുടങ്ങിയതും അങ്ങനെയാണ് .
പക്ഷേ മാലകോർക്കുന്ന പാടവം എഴുത്തിലും വായനയിലും പ്രതിഫലിച്ചില്ല ..
അതെന്നും പഴയ ചെമ്പരത്തി മാല പോലെ ഒറ്റച്ചരടിൽ
പലയിടങ്ങളിലായി ചിതറിക്കിടന്നു !
പക്ഷെ കപ്പലിനെക്കുറിച്ചുള്ള പുസ്തകത്തിൽ ഇന്ദ്വേച്ചി
മനോഹരമായൊരു മാല കോർക്കുന്നതെങ്ങനെയെന്നു കാട്ടിത്തന്നു ...
പൂക്കളും മുത്തുകളും പവിഴമണികളും ചിലസ്വർണ്ണ മണൽത്തരികളും ഇടകലർത്തി കോർത്തെടുത്ത ഒരു സുന്ദര മാല !
ഓരോ അദ്ധ്യായത്തിന്റെയും അവസാനം അടുത്ത കഥ കോർക്കലിന്റെ ആദ്യപടിയാണ് ."സരസ്വതി 'യെന്ന ചരടിൽ കടൽ മണമുള്ള "കൃഷ്ണചന്ദ്രനെന്ന "ശംഖു ലോക്കറ്റാക്കി "ആന്റനീറ്റയെ " ശംഖിൽ നിറഞ്ഞ കടലാക്കി , "സൈദാനീയത്തെന്ന" പാരിജാതപ്പൂവിനെയും
ഏത്തലയെന്ന ജപമാല മുത്തിനെയും ഭാഗ്യലക്ഷ്മിയെന്ന പവിഴമണിയേയും കോർത്തെടുത്ത വിചിത്രവും മനോഹരവുമായ ഒരു കഥമാല !
"കപ്പൽ " ഒരു പ്രതീകമാണ് ...
ആധിപത്യത്തിന്റെ , താൻപോരിമയുടെ ,
സ്വാതന്ത്ര്യത്തിന്റെ , അടിമത്തത്തിന്റെ ,
പ്രണയത്തിന്റെ , വിരഹത്തിന്റെ ...
താദാത്മ്യം പ്രാപിക്കലിന്റെ ...
ഒക്കെയൊരു പ്രതീകം ..
അനന്ത വിശാല വിഹായസ്സിനു കീഴെ സമുദ്രാഴങ്ങൾക്കു മേൽ അതങ്ങനെ തലയുയർത്തിക്കുതിക്കുമ്പോൾ
ഗർവ്വിന്റെ വിവിധ മാനങ്ങൾ കണ്ടെത്തപ്പെടുന്നു .
ആത്മാവുള്ളൊരു കപ്പൽ ..
കടലാഴങ്ങൾ കീഴടക്കി ,
രതിയും പ്രണയവും പ്രതീക്ഷയും വിരഹവും ആഗ്രഹങ്ങളും ആവേശവും സാഹസികതയും നെഞ്ചിൽ നിറച്ച് കീഴ്പ്പെടുത്തലുകളുടെ പുതിയ പാഠങ്ങൾ രചിച്ച് , അതങ്ങനെ മുന്നേറുമ്പോൾ ഹൃദയവും മറ്റൊരു "മോബിഡിക്കായി " അതിനുമുന്നിൽ കുതിച്ചു നീന്തിപ്പായുന്നു .
മേപ്പാങ്കുന്നിനു താഴെ , സരസ്വതിയുടെ വെളുത്ത പെറ്റിക്കോട്ടു പടർത്തിയ ചോരമണം നോവൽ അവസാനിക്കും വരെ മൂക്കിനെ പിന്തുടർന്നു !
"ഭയങ്കാവ്" മുതൽ , "മൃതപ്രേമങ്ങളുടെ വസന്തകാലം" വരെയുള്ള മുപ്പത്തിയാറ് അദ്ധ്യായങ്ങൾ രാപ്പകൽ ഭേദമെന്യേ വായിച്ചു തീർക്കുമ്പോൾ ഹൃദയത്തിന് ഭയത്തുടിപ്പുകൾ ഉണ്ടായിരുന്നതേയില്ല .
മുപ്പത്തിയേഴാം അദ്ധ്യായം , "ഏകാന്തയെഴുത്തുകൾ "
ഹൃദയത്തെ പഴയ ചില കത്തെഴുത്തോർമ്മിപ്പിച്ചു .
മരിച്ചു പോയ ചില പ്രിയപ്പെട്ടവർക്ക് വേണ്ടി എഴുതി സൂക്ഷിക്കപ്പെട്ട ചില കത്തുകൾ !
ഇത്തവണ നാട്ടിൽപോകുമ്പോൾ പഴയ കാൽപ്പെട്ടി തുറന്നു അവയെല്ലാം കടലാസ് വഞ്ചികളാക്കി ഒഴുക്കിക്കളയണമെന്നും അല്ലെങ്കിൽ മാതേര്‌ കുന്നിന്റെ ഉച്ചിയിൽ നിന്നു കുനുകുനാ കീറി കാറ്റിൽ പറത്തണമെന്നും ഹൃദയമോർത്തു !
മുപ്പത്തിയെട്ടാം അദ്ധ്യായം വായിച്ചത് പാതിരാവിലാണ് .
അന്നേരം മുതൽ ഭയം ഹൃദയത്തെ മൂടാൻ തുടങ്ങി .
"മരിച്ചവർ സംസാരിക്കുന്ന ഇരുട്ടിന്റെ രഹസ്യ ഭാഷയിൽ" എന്നെ വിട്ടുപോയ പ്രിയപ്പെട്ടവരെല്ലാം എന്നോട് സംവദിക്കാൻ തുടങ്ങി !!
"ഓർമ്മകൾ ഒന്നിന് പിറകെ ഒന്നായി നിശബ്ദമാകാൻ തുടങ്ങി "
അതിൽനിന്നു രക്ഷപ്പെടാൻ
ജനറൽ ആൽബർട്ടോ മേയറിന്റെ രണ്ടാം കപ്പിത്താനായ രവിരാമവർമ്മൻ കടലിനോടു സംസാരിച്ച ഭാഷയിൽ ഞാനെന്റെ ജനവാതിൽ തുറന്നു മരുക്കാറ്റിനോട് സംസാരിച്ചു തുടങ്ങി !
ഒടുവിലെ അദ്ധ്യായം - നാല്പത്തിയൊന്നാം അദ്ധ്യായം വായിക്കുമ്പോൾ ,
ജനറൽ ആൽബർട്ടോ മേയറെന്ന പ്രേതക്കപ്പലോ
രവിരാമവർമ്മനോ ആന്റനീറ്റയെന്ന സ്വർണ്ണത്തലമുടിക്കാരിയോ കൃഷ്ണചന്ദ്രനെന്ന കപ്പലന്വേഷിയോ ഹൃദയത്തിലുണ്ടായില്ല ...
ഒന്നേയൊന്ന് മാത്രം ...കടൽ ....
"കാഴ്ചകളുടെ കരിങ്കടൽ
അത്ഭുതങ്ങളുടെ വിചിത്രക്കടൽ
സ്വപ്നങ്ങളുടെ സ്വർണ്ണക്കടൽ ..."
കടൽ ..മാത്രം ...!
കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം
കടലിനെക്കുറിച്ചുള്ള വിചിത്രപുസ്തകമായി മാറിയതെങ്ങനെയാണ് .
ഇന്ദ്വേച്ചീ ....
ഇതു വായിച്ചു തീർക്കാൻ ഞാൻ ബദ്ധപ്പെട്ടു ...ഇതെഴുതാനും ...
സ്ത്രീകൾ രതിയിലും പ്രേമത്തിലും എന്തുമാതിരി തരക്കാരികളാണെന്ന് ഒരുപക്ഷേ പുരുഷൻമാർ അതിശയിച്ചേക്കാം .
ഇതെന്തുമാതിരി സങ്കല്പങ്ങളെന്ന് പരസ്പരം സംസാരിച്ചേക്കാം ...
അതിരുകടന്ന വന്യതയെന്നു കുറ്റപ്പെടുത്തിയേക്കാം ...
ധൈര്യവതികളായ ആധുനിക സ്ത്രീപ്രതീകങ്ങൾ
ഇതിലില്ലെന്ന് ആവർത്തിക്കപ്പെട്ടേക്കാം ..
പക്ഷേ , സ്ത്രീയെന്ന നിലയിൽ ഹൃദയം പറയുന്നു ...
സരസ്വതിയെപ്പോലെ ശക്തയാകുവാൻ മറ്റാർക്കു കഴിയും ?
മൗനത്തിന്റെ ശക്തി ചിലനേരങ്ങളിൽ
അട്ടഹാസത്തിനുണ്ടാവില്ലെന്നതു പോലെ !
പിൻ കുറിപ്പ് :
ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചുള്ള വിചിത്ര പുസ്തകം വായിച്ച ഒരു സാധാരണക്കാരിയുടെ അഭിപ്രായമാണിത് ...കഥയിലെയും നോവലിലെയും എഴുത്തിന്റെ ശൈലികളെക്കുറിച്ചു ശാസ്ത്രീയമായി പറയാൻ അറിവില്ലാത്ത ഒരുവളുടെ വായനാനുഭവം ..
അതുകൊണ്ടു തന്നെ സാഹിത്യക്കണ്ണോടെ ഇതു കാണാതിരിക്കുക ..

നിഴൽയുദ്ധങ്ങൾ - വായനാനുഭവം .

claustrophobia എന്ന എന്റെ അസുഖത്തിന്
ഏകദേശം പതിനെട്ടു കൊല്ലം പഴക്കം വരും !
YMCA യുടെ ഒരു പരിപാടിക്ക് ആദ്യമായി തിരുവനന്തപുരത്തു പോകുമ്പോൾ
ആ നാലുനില കെട്ടിടത്തിലെ ലിഫ്റ്റിൽ ഒരരമണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷമാവണം
ഈ ഭയം ബോധ- അബോധ തലങ്ങളിൽ ഇരിപ്പുറപ്പിച്ചതെന്നായിരുന്നു
നഗരഹൃദയത്തിലെ കൗൺസിലറുടെ കണ്ടെത്തൽ !
എന്തായാലും കഴിഞ്ഞ രണ്ടുമൂന്നാഴ്ച്ചകളായി
ഹൃദയം വീണ്ടും അസ്വസ്ഥമാവുന്നു .
ഇവിടത്തെ അടച്ചിട്ട ബസ്‌സ്റ്റോപ്പുകളിൽ , കണ്ണാടി ലിഫ്റ്റുകളിൽ , ചൂട് നിറഞ്ഞ ബാത്റൂമുകളിൽ , എന്തിന് പാഞ്ഞുപോകുന്ന മെട്രോയ്ക്കകത്തു പോലും ഹൃദയത്തിനു ശ്വാസം മുട്ടുന്നു .
എന്റെ ഭർത്താവ് , കഴുത്തു കയറിയ ടീഷർട്ടിട്ടാൽ ,
കുഞ്ഞൻ ഇറുക്കമുള്ള ട്രൗസർ ധരിച്ചാൽ
ഹൃദയത്തിനു വിമ്മിഷ്ടം !
രാത്രികളിൽ ആരോ മുഖത്തു തലയിണ വച്ചമർത്തിയെന്നപോലെ
ശ്വാസം കിട്ടാതെ ഞെട്ടിയുണരുന്നു .
ഒക്കെയ്ക്കും കാരണമൊരു വാക്വം അറ !
പോളേട്ടന്റെ പുസ്തകത്തിലെ വാക്വം അറ .
മനുഷ്യരെ ശ്വാസം മുട്ടിച്ചു കൊന്ന് ,
അവരുടെ ജീവ വായു തന്നിലേക്കാവാഹിച്ചു നിർത്തുന്ന ,
ചിന്തകൾ പോലും പുറത്തേയ്ക്കു പോവാത്ത അറ !
കുറ്റാന്വേഷണ കഥകളോ സയൻസ് ഫിക്ഷനുകളോ മാന്ത്രിക നോവലുകളോ
അധികം വായിക്കാൻ സാധിച്ചിട്ടില്ല .
ഈ പറഞ്ഞ മൂന്നും ഒരൊറ്റ നോവലിൽ ഒന്നിച്ചാൽ എങ്ങനെയാവും ?
അതാണ് ശ്രീ .പോൾ സെബാസ്ററ്യന്റെ ""നിഴൽ യുദ്ധങ്ങൾ "".
ഹൃദയത്തെ ഏറെ ആകർഷിച്ചത് അതിലെ കഥാപാത്രങ്ങളാണ് .
പ്രത്യേകിച്ചും പ്രധാന കഥാപാത്രം .
കുറ്റാന്വേഷണമെന്നു കേൾക്കുമ്പോൾ കോട്ടും തൊപ്പിയും ചുരുട്ടും
വലിച്ചിറങ്ങുന്ന നായകനെയാണ് ഇന്നുവരെ ഹൃദയം സങ്കല്പിച്ചിരുന്നത് .
പോളേട്ടന്റെ ""ദീപ "" ആ ധാരണ തിരുത്തിക്കുറിച്ചു .
എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു .
ചോര കണ്ടാൽ തല കറങ്ങുന്ന ,
സന്ധ്യക്ക്‌ പുറത്തിറങ്ങാത്ത ,
എപ്പോഴും തലകുനിച്ചു നടന്ന ദീപ.
നിഴൽ യുദ്ധങ്ങളിലെ ദീപയെ വായിച്ച ശേഷം
എന്റെ ദീപയ്ക്കു അവളുടെ ധൈര്യം ചാർത്തിക്കൊടുത്തു ഹൃദയം !
ദീപയെന്ന പേരും ഹൃദയത്തെ അതിശയിപ്പിച്ചു .
സാധാരണമട്ടിൽ ജീവിക്കുന്ന അസാധാരണ പെൺകുട്ടി !!
നോവൽ ആരംഭിക്കുമ്പോഴേ ഒപ്പം തുടങ്ങിയ ഉത്കണ്ഠ
ഒടുവിൽ അവസാന പുറം മറിയ്ക്കുമ്പോൾ ആശ്വാസമായി പരിണമിച്ചു .
കുറ്റാന്വേഷക ഒരു സ്ത്രീയാണ് എന്നതുകൊണ്ട് തന്നെ അവളുടെ ഓരോ ചലനങ്ങളിലും
എന്റെ ""സ്ത്രീ "ഹൃദയം ജാഗരൂകമായിരുന്നു .
വിഷസർപ്പങ്ങൾ നിറഞ്ഞ മുറിയിൽ ദീപയ്ക്കു വേണ്ടി ഹൃദയം ഗരുഢ മന്ത്രം ജപിച്ചു .
ജലം നിറഞ്ഞ അറയ്ക്കുള്ളിലെങ്ങാനും അവൾ പെട്ടു പോയാൽ
വരുണ ഗായത്രി ഓർമ്മിച്ചുവയ്ക്കണമെന്നുറച്ചു .
ഓരോ നിമിഷത്തിലും ദീപ ഞാനായിക്കൊണ്ടിരുന്നു .
ചില നേരങ്ങളിൽ ഹൃദയം ടിപ്പിക്കൽ പുരുഷ ""പക്ഷ "" വാദിയായി ,
ഒരു പെണ്ണിനെക്കൊണ്ട് ഇതൊക്കെ ചെയ്യാനാവുമോ എന്നു ചോദിച്ചു !!
മറ്റു ചിലപ്പോൾ തീർത്തും സ്ത്രീ പക്ഷം പിടിച്ചു
പെണ്ണിനെക്കൊണ്ടേ ഇതു പറ്റൂ എന്നുറപ്പിച്ചു .
കാടും കാടിനടിയിലെ കൊട്ടാരവും വാക്വം ബ്രിക്സുമെല്ലാം
ഹൃദയത്തെ മറ്റൊരു ലോകത്തെത്തിച്ചു .
എഴുത്തുകാരന്റെ സങ്കൽപ്പജാല വിദ്യകൾ
നിഴൽയുദ്ധങ്ങളിൽ ഉടനീളം കാണപ്പെട്ടു .
മഴയും പുഴയും മണ്ണും മനസ്സുമല്ലാതെ നിനക്കെന്തെഴുതാനറിയാമെന്ന്
ഹൃദയം സ്വയം കുറ്റം പറഞ്ഞു .
നിനക്കു പഴഞ്ചൻ ഓർമ്മകളല്ലാതെ സങ്കല്പങ്ങളില്ലെന്നു
പോളേട്ടൻ വാക്കുകൾ കൊണ്ടു വരച്ചിട്ട വഴി നോക്കി അസൂയപ്പെട്ടു നെടുവീർപ്പിട്ടു .
പോളേട്ടാ ,
എന്റെ ഫോബിയയെ വീണ്ടും ഉണർത്തിവിട്ടെങ്കിലും
നിഴൽയുദ്ധങ്ങൾ സമ്മാനിച്ച വായനാനുഭവം വളരെ വലുതാണ് .
( ആ ശ്വാസം മുട്ടലിന്റെ ധാർമ്മിക ഉത്തരവാദിത്തം എഴുത്തുകാരന്റെവർണ്ണനകൾക്കുള്ളതാകുന്നു )
പുസ്തകങ്ങളെ മുൻവിധിയോടെ സമീപിക്കരുതെന്ന് ഞാൻ പഠിച്ചു ...
ദീപയുടെ അന്വേഷണങ്ങൾ ഇനിയും തുടരട്ടെ ...
ഹൃദയപൂർവ്വം ആശംസകൾ ...
വാൽക്കഷണം - നാഗരഹസ്യം
പൊതുവെ ഹൃദയം സർപ്പങ്ങളെ സ്നേഹിക്കുന്നു .അതുകൊണ്ടുതന്നെ
മുല്ലപ്പടർപ്പിലെ ആ കുഞ്ഞൻ സർപ്പത്തെ ഞാൻ നെഞ്ചേറ്റുന്നു .
എന്റെ ശ്വാസതാളത്തിനൊപ്പം നെഞ്ചിലിഴഞ്ഞു അവൻ ഇരട്ട നാവുകൊണ്ട് തൊട്ട്
എന്നെ ഭ്രമിപ്പിക്കുന്നു . പ്രകൃതി രഹസ്യങ്ങൾ അവന്റെ പളുങ്കുഗോട്ടി കണ്ണുകളിലൂടെ
മിനുത്ത ഉടൽ ശല്ക്കങ്ങളിലൂടെ എന്റെ ഉള്ളറകളിലേയ്ക്ക് പ്രവേശിക്കുന്നു .
എന്നിലെ അഹന്ത പടം പൊഴിക്കുന്നു !

Monday 30 May 2016

""ഞാനൊരു ലെസ്ബിയനല്ല ""

പെൺ തലച്ചോറുകളിലെ വാത്സ്യായന സ്വപ്‌നങ്ങൾ എന്നോ മറ്റോ
പേരിടേണ്ട ഒരു കുറിപ്പ് , കുറെക്കാലമായി മനസ്സിലുണ്ട് !
നാളേറെയായി പഴയോരോർമ്മയിൽ ഉറക്കത്തിലും പിന്തുടരുന്ന
രണ്ടു കണ്ണുകൾ അത് പറയുന്നു ...
കരിമഷിയിട്ട , പാതി മയങ്ങിയ മട്ടിലുള്ള കണ്ണുകൾ
ചെമ്പൻ നിറത്തിലുള്ള കൃഷ്ണമണികൾ !
സാഹസച്ചോര ഞരമ്പിൽ തിളച്ച കാലത്താണ്
പത്രപ്രവർത്തനം പഠിക്കാനിറങ്ങിയത് ..
അന്ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ
pk രാജശേഖരൻ സാറിന്റെ ക്ലാസ്സിലിരിക്കുമ്പോൾ
തൊട്ടടുത്ത്‌ വൈകി വന്നിരുന്നൊരു പെൺകൊടി .
അവളുടെ വിയർപ്പിലെ കാട്ടുനെല്ലിക്കാ മണം ...
ചരിഞ്ഞു നോക്കുമ്പോൾ കണ്ടത് ആജാനുബാഹുവായൊരു പെണ്ണുടൽ !
കൈത്തണ്ടയിലെ രണ്ടു കുപ്പിവളകൾ
നെറ്റിയിലെ കരിപ്പൊട്ടും പടർന്ന കണ്മഷിയും .
വിയർപ്പു പൊടിഞ്ഞ മേൽച്ചുണ്ട് ,
കവിളിലെ നുണക്കുഴി വര !
ക്ലാസ്സിനിടയിലേതോ തമാശയിൽ ഉന്മത്തയായി
എന്റെ കൈത്തണ്ടയിൽ അവളാഞ്ഞു നുള്ളി .
തമാശയിൽ എനിക്ക് പിടികിട്ടാതെ പോയ അശ്ലീലം
കാതിൽ പകർന്നിക്കിളി കൂട്ടി .
കണ്ണൂർക്കാരി ...(പേര് സ്വകാര്യതയ്ക്കു വേണ്ടി ..വെളിപ്പെടുത്തുന്നില്ല )
പുതുതായി ജോയിൻ ചെയ്ത കൊച്ചിക്കാരന്റെ
ആണുടൽ നോക്കി
ഹോട്ട് എന്ന കമന്റു പാസ്സാക്കിയാണ് അവളാദ്യം അമ്പരപ്പിച്ചത് .
പിന്നെ ക്ലാസ്സിനിടയിൽ മുന്നിലെ സീറ്റിൽ അമർന്നിരുന്ന
തൃപ്പൂണിത്തുറ നമ്പൂരിചെക്കന്റെ ആസനം നോക്കി ,
"അതൊരു ടൂത്ത് ബ്രഷ് താങ്ങി നിർത്താനും മാത്രമുണ്ട് ""
എന്ന് അരുന്ധതീ റോയ്യുടെ വരികൾ കടമെടുത്തു കമന്റി !!
ആദ്യമായി സാരിയുടുത്തു വന്നു കുനിഞ്ഞു നിന്നേതോ പുസ്തകം തപ്പിയ അനശ്വരയ്ക്ക്
ഒരു ""തീപ്പൊള്ളൽ പിന്നാമ്പുറപ്പിടിത്തം ""
സമ്മാനിച്ചതു വഴി ..""ഇവൾ ആണോ പെണ്ണോ "" എന്ന ചോദ്യം കുട്ടികൾക്കിടയിൽ
കുരുക്കായി മാറി !
മഴനനഞ്ഞു കയറിച്ചെന്ന ദിവസം
എന്റെ കവിളിലെ മഴത്തുള്ളി നനവിലൊട്ടിയ മുടിയിഴ
അവൾ ചെവിപ്പിന്നിൽ മാടിയൊതുക്കുമ്പോൾ
ആദ്യമായി പുരുഷ സ്പർശമേറ്റെന്ന പോലെ ഉള്ളു കിടുകിടുത്തു !!
പാതിമയങ്ങിക്കണ്ണിറുക്കി അവൾ ചിരിച്ചു ..
തിരക്കേറിയ ചില ദിവസങ്ങൾക്കൊടുവിൽ
തിരുവനന്തപുരം നഗത്തിലെ തെരുവുകളിൽ
ഒപ്പം നടക്കാൻ അവൾ ക്ഷണിച്ചു ..
നടക്കുമ്പോഴൊക്കെയും എന്റെ കൈത്തണ്ട
ചൂടുള്ള വലിയൊരു കൈപ്പത്തിയ്ക്കുള്ളിൽ ഒരു കുഞ്ഞിന്റേതു പോലെ
ചേർന്നിരുന്നു !
പബ്ലിക് ലൈബ്രറിയ്ക്കു മുന്നിലെ ചായക്കടയിൽ നിന്ന്
ഒരാണിന്റെ ധാർഷ്ട്യത്തിൽ ,
"'ഡേയ് ..ചായ സ്ട്രോങ്ങ്‌ ഒന്ന് ..മീഡിയം ഒന്ന് ""
എന്നവൾ ഉറക്കെ പറയുമ്പോഴെല്ലാം
ഞാൻ ചൂളി വിറച്ചു മാറി നിന്നു !
ഒരിക്കലൊരു ബൈക്ക്കാരൻ പയ്യൻ പറഞ്ഞ കമന്റിൽ
നിലതെറ്റി നിന്ന ഹൃദയം കണ്ടത് ,
മറിഞ്ഞു വീണ ബൈക്കും കവിൾ പൊത്തി നിന്ന ചെക്കനും !
അതായിരുന്നു അവൾ ...പെണ്ണുടലിലെ ആൺ ചന്തം
മ്യൂസിയം പാർക്കിനുള്ളിലെ റൌണ്ടിലും
ഫൈൻ ആർട്സിന് പിന്നിലെ വീതികുറഞ്ഞ റോഡിലും
ഉടലുരുമ്മി നടന്ന ഇണക്കിളികളുടെ ശരീര ശാസ്ത്രമല്ല , മന:ശാസ്ത്രം കൂടി പറഞ്ഞു കേൾപ്പിച്ചു അവൾ !
എതിരെ കണ്ടുമുട്ടിയിരുന്ന ദമ്പതിമാരുടെ കിടപ്പറക്കിടപ്പുകൾ
അനായാസമായി അവൾ കേൾവിയുടെ ഫ്രെയിമിൽ ഒതുക്കി !
പെണ്ണുടൽ കാറ്റിലൊഴുകി നടക്കുന്ന അപ്പൂപ്പൻ താടിത്തുണ്ടാകുന്നുവെന്ന്
അവൾ നിസ്സന്ദേഹം പ്രഖ്യാപിച്ചു ...
ഒക്കെയും കേട്ടു വിറച്ച ചുണ്ടോരത്തെ കാക്കപ്പുള്ളിമേൽ
അവൾ വെറുതെ നുള്ളി നോവിച്ചു പൊട്ടിച്ചിരിച്ചു !
മ്യൂസിയം പാർക്കിൽ അടുത്തിരുന്ന കാമുകിയുടെ
ഉത്തരീയത്തിനടിയിൽ ""കാമുകഹസ്തം "" അവൾ കണ്ടെത്തിയത്
ഒരു സന്ധ്യയ്ക്ക് ചില സിനിമാ സ്വപ്‌നങ്ങൾ പങ്കുവയ്കുന്നതിനിടയിൽ !
മുഖം കോട്ടിച്ചിരിച്ച് അവൾ ചോദിച്ചു :
""ഓനാ കയ്യിപ്പം എട്ക്കും ..അനക്ക്‌ കാണണാ ?""
അവന്റെ മുഖത്തേയ്ക്കു ചെമ്പുനിറക്കണ്ണുകൾ തറപ്പിച്ചു
അവളിരുന്നു ...കൂസലില്ലാതെ ...
അസ്വസ്ഥതയോടെ അയാൾ കൈവലിച്ചു മുഖം തിരിക്കുന്നത് ഹൃദയം കണ്ടു !
ഏറണാകുളത്ത് നിന്ന് മാധവിക്കുട്ടിയെ കണ്ടു മടങ്ങുമ്പോൾ
അവളെനിക്കായി രണ്ടു സെറ്റ് കുപ്പിവളകൾ കരുതി .
തീവണ്ടിയാത്രകളിൽ , രാത്രികളിൽ ജെനറൽ കമ്പാർട്ട്മെന്റിൽ
ലഗ്ഗേജ് സ്റ്റാൻഡിൽ അവളുറങ്ങി ...
ആരും അവളെ തൊട്ടില്ല ..തിരിച്ചും ...!
""ഞാനൊരു ലെസ്ബിയനല്ല ,
പക്ഷേ ..
പെണ്ണേ നിന്നോടെനിക്ക് പ്രേമമാണ്
പരിശുദ്ധ പ്രേമം ""
എന്നവൾ പറഞ്ഞത്
ജവഹർ നഗറിലെ അവളുടെ ഷെയറിംഗ് ഫ്ലാറ്റിന്റെ
ബാൽക്കണിയിൽ പായ വിരിച്ച് ആകാശം നോക്കിക്കിടക്കുമ്പോഴാണ് !
കൈത്തണ്ടയിലെ നീല രോമങ്ങളിൽ വെറുതെ നുള്ളി ഇടയ്ക്കവൾ പറഞ്ഞു ,
""നീയൊരു ബല്ലാത്ത ജാതിപ്പെണ്ണ് ""
തമാശ കേട്ട മട്ടിൽ അവളെ നോക്കുമ്പോൾ,
""അമ്മയെ ( മാധവിക്കുട്ടിയെ ) മാത്രമേ ഉമ്മ വയ്ക്കാൻ തോന്നീട്ടുള്ളൂ
ഇപ്പൊ നിന്റെ കൈത്തണ്ട എന്നെ പ്രലോഭിപ്പിക്കുന്നു പെണ്ണേ ""
എന്നു ചിരിയോടെ പറഞ്ഞു
വിളർത്തു മെലിഞ്ഞ എന്റെ കൈത്തണ്ട അവൾ
ചുണ്ടോടു ചേർത്തു വച്ചു !!
അതായിരുന്നു അവൾ ...പെണ്ണുടലിലെ ആൺഗർവ്വം !
ഒടുവിൽ ""ഫോർത്ത് എസ്റ്റേറ്റ്‌ "" ഹാളിൽ വച്ച്
പിരിയാൻ നേരം
ചെമ്പൻ കണ്ണുകൾ നിറച്ച് അവൾ ചിരിച്ചു ..
പിന്നെ ,
""ഇനി കാണലുണ്ടാവില്ല "" എന്ന് കൈവീശി പടിയിറങ്ങി മറഞ്ഞു ..
മാസങ്ങൾ -യുഗങ്ങളാക്കിയ ചങ്ങാത്തം
അതങ്ങനെ തീരുമെന്നാരറിഞ്ഞു !!
ഏതോ ചലച്ചിത്രകാരന്റെയൊപ്പമുണ്ടെന്നു പിന്നെ കേട്ടു ..കാണാൻ തോന്നിയില്ല ..
വിവാഹമടുപ്പിച്ചൊരാശംസാകാർഡു വന്നു ...
നീണ്ടു ചുരുണ്ടൊരു ചെമ്പൻ മുടിയിഴ അതിനുള്ളിലിരുന്നു വിറച്ചു ..
നക്ഷത്രം നോക്കിക്കിടന്ന രാവുവെളുത്തപ്പോൾ
തലമുടി ചീകാനെടുത്തു തന്ന ആനക്കൊമ്പുചീപ്പ് ...
അതിൽക്കുരുങ്ങിയ മുടിയിഴ ...ഞാനെടുത്തു കളഞ്ഞോളാം ...എന്ന വാക്ക് !
""പെണ്ണേ നിന്നോടെനിക്ക് പ്രേമമാണ് "" എന്ന് കാറ്റിലാരോ പറഞ്ഞുവോ ?
മുടിയിഴയ്ക്ക് താഴെ കുത്തിക്കുറിച്ച ,
എങ്ങോ വായിച്ചു മറന്ന വരികൾ ...
""പെണ്ണേ , നിന്നെ ഞാൻ തൊടും ..
മനസ്സിനാൽ ..തെരുതെരെ തൊടും ..
അനന്തമായ കരുതലോടെ ...
ഞാനെഴുതാതെ വച്ച കവിത പോലെ ...""
കാർഡിന് പുറത്തെ റോസാപ്പൂവ് വീണ്ടും വീണ്ടും
കാതിൽ മുൾച്ചുണ്ടുരസ്സിപ്പറഞ്ഞു ...
""ഞാനൊരു ലെസ്ബിയനല്ല ""
ദൂരെയെവിടെയോ ....കാറ്റിൽ ...കാട്ടുനെല്ലിക്കാമണമൊഴുകിപ്പരന്നു ...!!!

""മത്തി സിന്ദാബാദ് ""

അയല ..മത്തി... ചൂര ...കാരി ."
യൂ ട്യൂബിൽ തൈക്കുടം ബ്രിഡ്ജ് തകർക്കുമ്പോഴാണ്
പതിവ് ബഡ്ജറ്റിംഗിനു നല്ല പാതി തുടക്കമിട്ടത് .
കമ്പോള വിലനിലവാരം എക്സെൽ ഷീറ്റിൽ
പല ടാബുകളിലായി തെളിഞ്ഞു .!
""തലാൽ ,മദീന ,ലുലു ,മനാമ ,നെസ്റ്റൊ "
ഇങ്ങനെ കാൽ നടയായി സഞ്ചരിച്ചെത്താവുന്ന
പല സൂപ്പർ മാർക്കറ്റുകളിൽ നിന്ന്
പരീക്ഷണാടിസ്ഥാനത്തിൽ ഓരോ മാസവും വാങ്ങിയ
പഴം -പച്ചക്കറി -പലചരക്ക് -മത്സ്യയിനങ്ങളുടെ
വിലയുടെ താരതമ്യ പഠനമാണ് നടക്കുന്നത് .
ഓർക്കണം ,
1 ദിർഹം = 18 ഇന്ത്യൻ രൂപ
അങ്ങനെ കൂട്ടലും കിഴിക്കലും കഴിഞ്ഞു
ബാക്കിയായ നിഗമനത്തിൽ
കുഞ്ഞന്റെ entertainment നിർദ്ദയം കട്ട്‌ ചെയ്യപ്പെട്ടു .
സൂപ്പർ മാർക്കറ്റുകൾക്കു പുറത്തെ
ഒരു ദിർഹമിട്ടാൽ കറങ്ങുന്ന സീലും
പറക്കുന്ന പ്ളെയിനും ചാടുന്ന മുയലുമൊക്കെ
ഒരൊറ്റതവണയിൽ ചുരുക്കപ്പെട്ടു !!
ആഴ്ചയിലിടയ്ക്ക് ,
അഞ്ചര ദിർഹത്തിനു വാങ്ങണ ഗോതമ്പ് പറാത്ത
ഒന്നര ദിർഹത്തിന്റെ ഖുബ്ബൂസ്സിനു വഴി മാറി .
അയക്കൂറ ഇനി മുതൽ പടം നോക്കിയാൽ മതിയെന്ന് തീരുമാനിക്കപ്പെട്ടു
പകരം ,""പാവപ്പെട്ടവന്റെ നെയ്മീൻ ""ആയ
മത്തി അഥവാ ചാള
ആജീവനാന്ത ലക്ഷ്യവും അന്നവുമായി പ്രഖ്യാപിക്കപ്പെട്ടു .
ആഴ്ചയിലൊരിക്കലെ ഹോട്ടൽ ഭക്ഷണം
""സല്ക്കാര ""യിൽ നിന്ന്
""മദ്രാസ്‌ വെജിറ്റെറിയൻ"" ലേയ്ക്ക് കൂറ് മാറി .
സാമ്പത്തിക മുന്നേറ്റം പ്രഖ്യാപിക്കുന്ന വരെ
സിനിമകൾ ""നെറ്റിൽ വരുമ്പം കാണാം "" എന്ന വാചകത്തിൽ ഒതുക്കപ്പെട്ടു .
മെട്രോയിൽ എത്താവുന്ന സ്ഥലത്തേയ്ക്ക് മാത്രം ""ഔട്ടിംഗ് "" എന്ന് നിജപ്പെടുത്തി .
അങ്ങനെ പുതിയ ബഡ്ജറ്റ് പ്രഖ്യാപനം നടന്നു
ഒരാഴ്ചത്തെയ്ക്കുള്ള മീനും പച്ചക്കറിയും
വാങ്ങി സ്റ്റോർ ചെയ്യപ്പെട്ടു .
ഫ്രീസറിൽ നിറയെ നെത്തോലിയും മത്തിയും !
ഒമേഗാ -3 ഫാറ്റി ആസിഡിന്റെ മേന്മ പറഞ്ഞു
ആദ്യത്തെ ഒരാഴ്ച ""മത്തിയമൃത് ""നുകർന്നു
"'നെത്തോലി ഒരു ചെറിയ മീനല്ല ""
എന്ന ആത്മഗതത്തിൽ
അത് വറുത്തും പരപരാന്ന് അരച്ച് വറ്റിച്ചു വച്ചും കഴിച്ചു .!
ഫിഷ്‌ സെക്ഷനിൽ ചെലുമ്പോ കാണുന്ന
ബാച്ചിലർ പയ്യന്മാരാണ്‌ ആകെയൊരാശ്വാസം ...
അവര് അയല മത്തി പാടി തുള്ളിക്കളിക്കും .
ആവോലി ,അയക്കൂറ ,കരിമീൻ
ആ ഭാഗത്തേക്ക് നോക്കീട്ടു
""ഏയ്‌ ഞങ്ങൾ ആ ടൈപ്പല്ലാന്നു"" പുച്ഛത്തോടെ പറയും .
ഫാമിലിയായി വരുന്നവരെ ഹൃദയം വെറുത്തു .
പ്രത്യേകിച്ച് ,
കഴുത്തില് ഉരുണ്ടു തടിച്ച മാലയിട്ട്
""അയക്കൂറയ്ക്കെങ്ങനാ വില ?""
എന്നുറക്കെ ചോദിക്കണ
ചേട്ടനേം കൂടെയുള്ള സ്വർണ്ണക്കൊലുസിട്ട ഫാമിലിയേം
ഹൃദയം പുച്ഛത്തോടെ നോക്കി !
നാലാമത്തെ ആഴ്ചയിലെത്തിയപ്പോ മത്തി
ഹൃദയത്തിനു മടുത്തു .
""ഓ ..എന്തോന്ന് ഒമേഗാ 3 "" എന്നായി ആത്മഗതം .
അങ്ങനെയൊരു മീങ്കറിയ്ക്കിടയിലാണ്
മത്തി മടുത്ത ചില ചങ്ങായിമാരുടെ പറച്ചിൽ കേട്ട്
ഹൃദയത്തിനു ഐഡിയ മുളച്ചത് !
മത്തി -വറുത്തത്
മത്തി -പുളീം മുളകും
എന്നീ രണ്ടു മടുത്ത സ്ഥിരം ഐറ്റങ്ങളിൽ നിന്ന്
കളം മാറ്റി ചവിട്ടാൻ ഹൃദയം തീരുമാനിച്ചു ..
അങ്ങനെ ഹൃദയം കണ്ടെത്തിയ ചില മത്തി രുചികൾ
മത്തി ബോൾസ് , മത്തിത്തോരൻ ,പൊള്ളിച്ച മത്തി വറ്റിച്ചു വച്ചത് ,sardine-tomato symphony , മത്തിക്കട്ലറ്റ് , മത്തി മുളക് കറി ,മത്തി പൊതിഞ്ഞു പൊള്ളിച്ചത്
ഒടുക്കം ,തിരോന്തരം ശൈലിയിൽ
ചാള തേങ്ങയരച്ചു വറ്റിച്ചത്
മത്തിയ്ക്ക് മതിയായോ
അനുഭവിച്ചവർക്കു മതിയായോ എന്തോ
കഴിഞ്ഞ സൂപ്പർ മാർക്കറ്റ് വിസിറ്റിനു മത്തി ഔട്ട്‌ അയക്കൂറ ഇൻ !!
മത്തി ഒരു കിലോ എന്ന് പറയാനാഞ്ഞ ഹൃദയത്തെ
ചാടിക്കടന്നു തടഞ്ഞ് കെട്ട്യോൻ വക ചോദ്യം
""അയക്കൂറയ്ക്കെങ്ങനാ വില ?""
മുണ്ടയ്ക്കൽ ശേഖരൻ
മംഗലശേരി നീലാണ്ടനെ നോക്കുമ്പോലെ
ഹൃദയം മൂപ്പരെ നോക്കി നിന്നു .
പിന്നെ ,
കിലോ ഇരുപത്തെട്ടെന്ന മീഞ്ചെക്കന്റെ മറുപടിയിൽ
പൂത്തു തളിർത്ത്‌ ,
ബ്ളെയ്ഡിനെക്കാൾ നേർത്ത കഷണങ്ങളാക്കിക്കോന്നു
ആഹ്വാനം ചെയ്തു !
ഒടുക്കം ,ഈ വെള്ള്യാഴ്ച അയക്കൂറ ബിരിയാണി എന്ന്
ഗമണ്ടൻ പ്രസ്താവനയിറക്കി!!
(അതിഥികളെ സ്വീകരിക്കുന്നതല്ല )
വേരുകളിലെയ്ക്ക് മടങ്ങുകയെന്നത്
ഓർമ്മയുള്ളത് കൊണ്ട്
അയക്കൂറ തീരുമ്പോൾ ഹൃദയം മുദ്രാവാക്യം വിളിച്ചു
മടങ്ങിപ്പോകും
""മത്തി സിന്ദാബാദ് ""
വാലറ്റം :
പ്രവാസ ലോകത്തിന്റെ ഈ ""എപ്പിഡോസ്""
മത്തി പുരാണം വഴി പറഞ്ഞു വരുന്നത് ,
ദുബായിലെ പ്രതിസന്ധിയുടെ ചില സൂചനകളാണ് .
പലരും ജോലി നഷ്ടപ്പെട്ടു ഫാമിലിയെ തിരിച്ചു നാട്ടിലേയ്ക്ക് വിട്ടു .
പല കമ്പനികളും സമയത്തിന് ശമ്പളം കൊടുക്കുന്നില്ല .ബാങ്കിംഗ് സെക്ടർ അവതാളത്തിൽ ആകുന്നുവെന്നു റിപ്പോർട്ട്‌ .
പുതിയ പ്രൊജെക്ടുകൾ കിട്ടാനില്ല .
ചിലരൊക്കെ പിരിച്ചു വിടൽ ഭീഷണിയിൽ .
നാട്ടിൽ നിന്ന് വരുന്ന ഭാഗ്യാന്വേഷികൾ വളരെ ആലോചിച്ചു വിമാനമിറങ്ങുകയെന്ന്
സാമ്പത്തിക വിദഗ്ദ്ധർ .
എണ്ണ വില ഉയർന്നാൽ പിടിച്ചു നിൽക്കാനായേക്കുമത്രേ !
അതോണ്ട് ,
ചെലവു ചുരുക്കിയും ലളിത ജീവിതം നയിച്ചും
രണ്ടു കാശ് ബാങ്കിൽ ഇട്ടാൽ .....
""സമ്പത്ത് കാലത്ത് റബ്ബർ തൈ വച്ചാൽ
ആപത്തു കാലത്ത് വലിച്ചോണ്ടിരിക്കാം ""ന്നു കേട്ടിട്ടില്ലേ ?????
അങ്ങനെയ്ക്കെയങ്ങു പോവാം ...
""എപ്പിഡോസിന്റെ "" സമയം അതിക്രമിച്ചതിനാൽ
പ്രസവ ...ഛീ ...പ്രവാസ പ്രശ്നങ്ങളുമായി അടുത്ത
പ്രവാസ ലോകത്തിൽ കാണാം ...
നന്ദി ...നമസ്കാരം ...

""മൂടുള്ള "" ചില ""മൂടില്ലാക്കഥകൾ

ചില സമയങ്ങളിൽ "നിലവാരം ""കുറഞ്ഞ സാഹിത്യം
ഹൃദയത്തിന്റെ പല ദുശ്ശീലങ്ങളിൽ ഒന്നാകുന്നു .....
അശ്ളീലം കാണുന്നവന്റെ കണ്ണിലും
കേൾക്കുന്നവന്റെ കാതിലും
പറയുന്നവന്റെ നാവിലും
വായിക്കുന്നവന്റെ മനസിലും
ആണെന്ന ചിന്തയിൽ
ചില ""ചന്തി ചിന്തകൾ ""....ഹൃദയം പങ്കു വയ്ക്കുന്നു ....
ഹൈപ്പർ മാർക്കറ്റിന്റെ clothing section ..
""വല്ലാണ്ട് ലൂസ്സായ "" മുട്ടൊപ്പം ഇറക്കമുള്ള
ടീ ഷർട്ട് എടുത്തു ട്രയൽ റൂമിൽ കയറിയ ഹൃദയം
അതുപോലെ തിരിച്ചിറങ്ങി !!
മുന്നും പിന്നും വശങ്ങളുമൊക്കെ കാണാവുന്ന
ട്രയൽ റൂമിലെ കണ്ണാടികളിൽ
""വല്ലാണ്ട് ഇറുകിയ "ടോപ്‌ ഉണ്ടാക്കിയ
അപകർഷതാ ബോധത്തിൽ
ഹൃദയത്തിന് നൊന്തു !
""ജീവിതത്തിലൊരിക്കലും ടി ഷർട്ട് ഇടാനുള്ള
യോഗമില്ലേ കർത്താവേ ""എന്ന് ആത്മഗതം നടത്തി
ടോപ്‌ തിരികെ സ്റ്റാൻഡിൽ വച്ച് ഹൃദയം
കെട്ട്യോനു വേണ്ടി ""ലുങ്കി "" സെക്ഷനിലേക്ക് നടന്നു .
പോണ പോക്കിൽ പഴയൊരു ഡാൻസ് കഥയോർത്തു .
(ലുങ്കി ഡാൻസ് അല്ല ....)
ഭരതനാട്യം അരങ്ങേറ്റം
ഡാൻസ് മാസ്റ്റർ സുരേഷ് സാർ
അവസാന മിനുക്കുപണികളിൽ ഓടിനടക്കുന്നു
തീക്കനൽ നിറത്തിൽ ചുവന്ന ബോർഡറുള്ള
അരങ്ങേറ്റ വേഷമണിഞ്ഞു ചിലങ്ക കെട്ടി നിന്ന
ആറു വയസ്സുകാരി ....
സാറ് വന്ന് ഓരോരുത്തരെയും ഒന്നിരുത്തി നോക്കി .
പിന്നെ മേക്കപ്പ് മാനോട് പറഞ്ഞു ...
""അഞ്ജലീടെ ബാക്കില് കൈലി വേണം ...""
അന്തം വിട്ട കുട്ടി ദൈന്യതയോടെ എല്ലാരേയും നോക്കി .
ഈ മനോഹര വേഷത്തിനു പുറത്തു കൈലി(ലുങ്കി ) ഉടുത്തു
നടക്കുന്നതോർത്ത്‌ ഉള്ളിൽ പൊട്ടിക്കരഞ്ഞു !!
മേക്കപ്പ്മാന്റെ മുന്നിലേയ്ക്ക് ആനയിക്കപ്പെട്ട കുട്ടിയെ
""വസ്ത്രാക്ഷേപം ""ചെയ്ത് ,
ഒരു ചരടിൽ കോർത്ത്‌ ഞൊറിവെടുത്ത ലുങ്കി
അരയിൽ കെട്ടി .
ഒന്നും മനസ്സിലാവാതെ നിന്ന കുട്ടിയെ വീണ്ടും വസ്ത്രം
ധരിപ്പിച്ചു കണ്ണാടിയ്ക്ക് മുന്നിൽ നിർത്തി ..
ആഹാ ...ആഹ ഹാ ....
മ്മടെ ലാലേട്ടൻ പിന്നീട് പറഞ്ഞ പോലെ
""എന്തൊരു സ്ട്രക്ച്ചറ് ...എന്റമ്മച്ചീ ""
വിധുബാലയോക്കെ നടക്കണ പോലെ വേദിയിലേക്ക്
നിതംബം കുലുക്കി ഒറ്റ നടത്തം വച്ച് കൊടുത്തു കുട്ടി !
ലുങ്കിക്കഥ വിട്ടു ഹൃദയം പാട്ടു പാടി
""ഉടുരാജ മുഖീ ,മൃഗ രാജ കടി ""
പണ്ടിങ്ങനെ പാടി നടന്നേന് അമ്മമ്മ വക ചീത്ത
""പെണ്ണിന് പാടാൻ കണ്ട പാട്ട് ""
(അന്ന് മൃഗരാജനെന്നാൽ സിംഹവും
കടിയെന്നാൽ ഒറിജിനൽ കടിയുമാകുന്നു
എന്താ അതിലെ അശ്ളീലം എന്ന്
ഒരു പിടിയും കിട്ടിയില്ല )
എന്തായാലും ഇപ്പൊ ഇടയ്ക്ക്
മെട്രോ യാത്രയിൽ കണ്ടു മുട്ടാറുള്ള
ആഫ്രിക്കൻ സുന്ദരിമാരെ നോക്കി
ഹൃദയം പാടിപ്പോകാറുണ്ട്
""ഗജരാജ വിരാജിത മന്ദഗതി ""
(ഇങ്ങനെ സൺ‌ഡേ മൺഡേന്നു നടക്കാൻ
ഇവറ്റൊൾക്കെങ്ങനെ കഴിയണൂ !!!)
ചില എത്യോപ്യൻ -എറിത്രിയൻ ""ചരുവങ്ങൾ ""കണ്ട്
അന്തം വിട്ടിരുന്നിട്ടുണ്ട് ..
(സ്ത്രീ സുഹൃത്തുക്കൾ ക്ഷമിക്കുക
സ്ത്രീകളെ അപമാനിക്കുകയല്ല ഉദ്ദേശം
തിരോന്തരം ഭാഗത്തെ പയലുകൾ പ്രത്യേകിച്ച്
പ്രൈവറ്റ് ബസ് കിളികുമാരന്മാർ ഇങ്ങനെ പറയാറുണ്ട്‌ )
പാർക്കിൽ വായനയിൽ മുഴുകിയിരിക്കുമ്പോൾ
""വാത്ത് യൂ റീദിംഗ് ""
എന്ന് ചോദിച്ചു വന്ന ഫിലിപ്പീൻകാരി ജെയ്ൻ .
തായ് മസ്സാജ് സെന്റർ ജീവനക്കാരി .
ജോലിക്കഥകൾ പറഞ്ഞുപറഞ്ഞൊടുക്കം അവൾ പറഞ്ഞു ,
""യൂ നോ വീ വിൽ ഗെത്ത് എക്സ്ത്രാ ബക്സ് ""
ചോദ്യമായി മാറിയ നോട്ടത്തിനൊടുവിൽ
ടിപ്പു വരുന്ന വഴി അവൾ പറഞ്ഞു
""ആസനം തലോടൽ കഥകൾ ""
നാട്ടിലെ മകന്റെയും മാതാപിതാക്കളുടെയും
ഫോട്ടോ കാട്ടിത്തന്ന് കണ്ണുതുടച്ച്‌
അവളെണീറ്റ് നടന്നു പോകുമ്പോൾ
കണ്ണുകൾ അറിയാതെ പിൻഭാഗത്തുടക്കി !
എത്ര പേർ എത്ര പേരെന്ന ചിന്തയിൽ ഉള്ളു പൊള്ളി .
ഒരു MLA (മൌത്ത് ലുക്കിംഗ് ഏജന്റ് ) സുഹൃത്ത്‌
പല തരത്തിലുള്ള അന്ന നടകൾ കാണാൻ
എല്ലാ വ്യാഴാഴ്ചയും സിറ്റി സെന്ററിൽ പോകും .
ഈജിപ്ഷ്യൻ - യൂറോപ്യൻ സുന്ദരിമാരുടെ
""ഇറുകി പ്പിടിച്ചുള്ള "" നടത്തം ആണത്രേ ലക്‌ഷ്യം !!
അടുത്തിടെ സന്ദർശിച്ച മറ്റൊരു സുഹൃത്ത്‌ ..
ആനയായില്ലേലും ആനക്കുട്ടിയെങ്കിലും ആകണം
എന്നുറപ്പിച്ചു നടക്കുന്ന ഭാര്യയെ ചൂണ്ടി പറഞ്ഞു
""എവള് വന്നപ്പം പ്രസവിക്കണേനു മുമ്പൊള്ള ഐശ്വര്യാ റായി
ഇപ്പം കണ്ടില്ലേ പെറ്റെണീറ്റ ശ്വേതാ മേനോനെക്കാൾ കഷ്ടം !!""
അടുക്കള സ്വകാര്യത്തിൽ ഭാര്യ വക അടക്കം പറച്ചിൽ
""കഴിക്കണതെല്ലാം അങ്ങോട്ടാ പോണെന്ന് തോന്നുന്നു ..
പുറത്തിറങ്ങി നടക്കാൻ നാണക്കേടായി ""
വീട്ടിലുമുണ്ട് ചില ""മൂല ചിന്തകൾ ""
ഇടയ്ക്കിടെ മൂലം ചൊറിയണൂ ന്ന്
ബെറുക്കനെ പറയണ കുഞ്ഞനെ നോക്കി
""ഇതെന്നെ ഉദ്ദേശിച്ചാണ് ..എന്നെത്തന്നെ ഉദ്ദേശിച്ചാണെന്ന് ""
മൂലം നക്ഷത്ര ജാതനായ നല്ലപാതി .
ഇനി ഇപ്പോഴത്തെ ചങ്ക് ബ്രോസിന്റെ കാര്യം :
പരീക്ഷയ്ക്ക് ഇൻവിജിലേറ്ററായി നില്ക്കുമ്പോ
പാതി ആസനം വെളിയിലിട്ട്‌ ഒരുത്തനിരുന്നെഴുതുന്നു !!
അവന്റെ നിക്കറിന്റെ വീതിയുള്ള ബെൽറ്റ്‌
""ADIDAS "" എന്ന് അഭിമാന പൂര്വ്വം ഞെളിഞ്ഞു നില്ക്കുന്നു .
മറ്റൊരു ടീച്ചർ ആ ഭാഗത്തേയ്ക്ക് പോകാത്തത്
എന്താണെന്ന് അപ്പോഴാണ്‌ പിടികിട്ടിയത് .
അവനെ തട്ടി വിളിച്ചു പറഞ്ഞു
"if you don't know how to tuck-in , I will do it for you"
No mam, sorry എന്ന് ചമ്മിയ ചിരിയോടെ പറഞ്ഞ്
അവൻ പാന്റു വലിച്ചിട്ടു .
ഇടയ്ക്ക് ആസന വിചാരത്താൽ വിഷമിക്കുന്ന
ഒരു കൂട്ടുകാരി വക ഡയലോഗ് ,
""ഒള്ളവന് ഒള്ളേന്റെ വെഷമം
ഇല്ലാത്തോന് ഇല്ലാത്തേന്റേം
ഇപ്പം വച്ച് പിടിയ്ക്കാനും മുറിച്ചു മാറ്റാനും
സർജറി ഒണ്ടെന്ന് ""
ഇതിനിടയിൽ ""യോഗാസനം "" പഠിക്കാൻ പോയ കഥ വേറെ .
""ആസനങ്ങളൊക്കെ "" ചെയ്ത്
ആസാമിയായി തിരികെ വന്ന ഹൃദയം
പ്രാണായാമത്തിൽ ഒതുങ്ങി !
ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു ഹൃദയം കയറിപ്പോയത്
നമ്മുടെ ദേശീയ പതാക കത്തിച്ച ചെക്കന്റെ ചുമരിൽ !
അവിടെ ഒരു ഫോട്ടോയിൽ കണ്ട
തെരുവിലുറങ്ങിയ ""നിക്കറില്ലാക്കുഞ്ഞ് ""
പഴയൊരു പത്രതലക്കെട്ടിൽ ഹൃദയം നീറി ...
പിൻവശത്ത് തലങ്ങും വിലങ്ങും ആശുപത്രിക്കെട്ടുകളുമായി
കരച്ചിലടക്കി , വിരലൂറി ചെരിഞ്ഞു കിടന്ന പെൺകുഞ്ഞ് !
ഉടുതുണിയ്ക്ക് മറുതുണിയില്ലാത്തവന്റെ ഓർമ്മയിൽ
ഹൃദയത്തിനു പൊള്ളി ..
പൊള്ളൽപ്പാട് മറച്ചു ചിന്തകൾ പലവഴിക്ക് പറന്നു പോയി !
വാല് -
ഓർമ്മയിലൊരു പെൺകുട്ടിക്കാലം ..
അവധികളിൽ ചക്കേം മാങ്ങേം പുളീം വലിച്ചു കേറ്റി
ഒടുക്കം , വ്ളാത്ത് ( പറമ്പിന്റെ തിരോന്തരം ശൈലി )
കീഴ്പ്പോട്ടുള്ള തുണി പറിച്ചെറിഞ്ഞു
നിരന്നിരുന്ന ചേച്ചിമാർക്കും അനിയന്മാർക്കുമൊപ്പം
കുത്തിയിരുന്ന് വരച്ച
""പൂവും പൂമ്പാറ്റയും """"മരവും മേഘവും ""
പിന്നെ ,
അവർ പറഞ്ഞ ""മൂടുള്ള "" ചില ""മൂടില്ലാക്കഥകളും ""!!!

പ്രകാശ ദളങ്ങൾ

ചിലപ്പോഴെല്ലാം ...അതങ്ങനെയാണ് ....
ചില വേർപാടുകൾ ...
ഹൃദയം ചിറകറ്റ പക്ഷിക്കുഞ്ഞായിരിക്കുന്നു ....
പണ്ട് ഓരോ മാസങ്ങളെയും ഓരോരോ പേരിൽ
വിശേഷിപ്പിച്ചിരുന്ന ശീലമുണ്ടായിരുന്നു
ഫെബ്രുവരിയുടെ താളിൽ ഹൃദയം
പുതിയൊരു വിശേഷണം എഴുതിച്ചേർക്കുന്നു
"നഷ്ടപ്പെടലുകളുടെ മാസം "
"പിതാവിനെ "പുത്"നരകത്തിൽ നിന്നു ത്രാണനം ചെയ്യുന്നവൻ
പുത്രൻ ...എനിക്ക് നരക ഭയമില്ല ...നീ തന്നെ എന്റെ പുത്രനും പുത്രിയും "
എന്ന് നരച്ച താടി തടവി പൊട്ടിച്ചിരിച്ചു പറഞ്ഞു നിർത്തി പലവട്ടം ...
നൂറ്റിയൊന്ന് ദളങ്ങൾ എഴുതി പൂർത്തിയാക്കുക എന്ന മോഹം ബാക്കി വച്ച്
ഒൻപതാം ദളത്തിൽ എഴുതി നിർത്തി ഹൃദയത്തിന്റെ "പ്രകാശം " കെട്ടു പോയി ...
വർഷങ്ങൾക്കപ്പുറം സന്ധ്യാനേരങ്ങളിൽ ഒരാൾക്ക്‌ വേണ്ടി മാത്രം
ഹൃദയം ആലപിച്ച മീരാഭജൻ
വീണ്ടും കാതുകളിൽ മുഴങ്ങുന്നു ...
അവസാന ദിവസം വായിച്ചു മടക്കിയ "ഗീതാഞ്ജലി "
ചാരുകസേരയിൽ കമിഴ്ന്നു കിടന്നു ...
നിർബന്ധിച്ചു കയ്യിൽ പിടിപ്പിച്ചു ഹൃദയം വായിച്ചു തീർത്തതിശയിച്ച
"യോഗിയുടെ ആത്മകഥ " ദശാംഗ മണം പരത്തി ഷെൽഫിൽ ചേർന്നിരുന്നു ..
ഇടയ്ക്കൊരു ഫോൺ വിളിയിൽ സന്തോഷപൂർവ്വം പറഞ്ഞ പുസ്തകം
"ശ്രീ എമ്മിന്റെ ആത്മകഥ " ..
അവൾ വരുമ്പോൾ കൊടുക്കാനാണ് എന്ന് പലതവണ പറയപ്പെട്ട്
മേശപ്പുറത്തു വിശ്രമിച്ചു ...
ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കിയില്ല ..
കണ്ണടയ്ക്കിടയിലൂ

ടെ കണ്ണു നിറഞ്ഞു ചിരിച്ചില്ല ...
വായിക്കണം ...എഴുതണം ...പാടണം ..പാട്ട് കേൾക്കണം
എന്നോർമ്മപ്പെടുത്തിയില്ല ..
മോനെ കഥ പറഞ്ഞുറക്കണം ..മണ്ണിലെഴുതി പഠിപ്പിക്കണം ..
മലയാളകവിതകൾ കേൾപ്പിക്കണം
എന്നുപദേശിച്ചില്ല ....
അപ്പൂപ്പാ എന്ന കുഞ്ഞു വിളിക്ക് ,
"അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടീ
അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടീ ..."
എന്ന് പാടി ചിരിച്ചില്ല ....
വെറുതെ ചിരിച്ചു കണ്ണടച്ച് കിടന്നു ....
താടിയിലെ വെൺമേഘങ്ങൾ മാനത്ത് ചെന്ന് തീർത്ത
കണ്ണീർമുഖത്ത് ഹൃദയം അച്ഛനെ തേടി ...
"പടിയിറങ്ങി നടന്നകലുമ്പോൾ
ഒരു കെടാത്തീ ഹൃദയത്തിലുണ്ടാം ..
ഒരു കുറി കൂടി :യല്ലല്ലിനിയും
നിരവധി ജന്മം കാണാൻ കൊതിക്കും
പ്രിയമെഴുന്നൊരാളെക്കണ്ടു യാത്ര പറയുവാനാവാതെ
പോവതിൻ ദുഃഖം ..."
ഇനിയൊരു മോഹം മാത്രം ബാക്കി ...
പ്രകാശ ദളങ്ങളുടെ പ്രകാശനം ....കാലമതിനൊരു വേദിയൊരുക്കട്ടെ .

നല്ലതു ചെയ്ത് ..നല്ലവരായി .... വളരട്ടെ

രക്ഷാകർതൃ സംഗമം - അഥവാ ഓപ്പൺ ഹൗസ് ....
പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകാരുടെ
മോഡൽ പരീക്ഷാ റിസൾട്ടും റിപ്പോര്ട്ട് കാർഡും
പിന്നെ കെട്ടുകണക്കിന് പരീക്ഷാ പേപ്പറുകളും സുരക്ഷിതമായി അടുക്കി
തങ്ങൾക്കു നിശ്ചയിച്ച മേശയ്ക്കരികിൽ ഇരിക്കുന്ന
അധ്യാപക -പികമാർ ....
ആൺകുട്ടികളെ കൈകാര്യം ചെയ്യുന്ന
"ഹൃദയ " മുൾപ്പെടെയുള്ള അദ്ധ്യാപികമാർക്ക്
പൊതുവെ ഇത്തരം സംഗമങ്ങൾ നിരാശ സമ്മാനിക്കാറുണ്ട് !
കാരണം , എതിർവശത്ത് പെൺപിള്ളാരുടെ ചുമതലയുള്ള
സഹപ്രവർത്തകർക്ക് തിരക്ക് ...തിരക്കോട് തിരക്ക് ...
"ക്ലാസ്സ് ടീച്ചറെ "കാണാൻ വരി വരിയായി നില്ക്കുന്ന
പെൺകിടാങ്ങളും രക്ഷാ കർത്താക്കളും ..
ഞങ്ങൾ ചിലർ മുഖത്തോട് മുഖം നോക്കി ..
ഹൃദയമൊടുക്കം ഇങ്ങനെ പ്രാർത്ഥിച്ചു ...
"ഇന്നെങ്കിലും 32 പേരിൽ ഒരു 20 പേരെങ്കിലും വരണേ കർത്താവേ "
ഏതായാലും പ്രാർത്ഥന ഫലിച്ചു .
കുറേശ്ശേയായി എന്റെ "മക്കൾ " എത്തിത്തുടങ്ങി !!
തലമുടിയ്ക്കിടയിൽ വന്യ ജീവികൾ വിഹരിക്കുന്നുവോ എന്ന്
സംശയം തോന്നത്തക്ക വിധം ഇടതൂർന്ന തലമുടിക്കാരൻ ആദ്യം .
അവന്റെ മാതാശ്രീയോട് പറഞ്ഞു :
"ഈ ഹെയർ സ്റ്റൈൽ ഇവിടെ പറ്റില്ല . മുടി വെട്ടണം "
പറഞ്ഞാ കേക്കണ്ടേ ടീച്ചറേ ന്ന് അമ്മ .
എന്നിലെ കർക്കശക്കാരി ടീച്ചർ ഉണർന്നു ,
"നാളെ നീയിങ്ങനെ വന്നാൽ
ഉറപ്പായും ക്ലിനിക്കീന്നു കത്രിക മേടിച്ചു
നിന്നെ ഞാൻ ക്ലിയറാക്കും .
അത് വേണോ ?"
മിസ്സിന്റെ ചിരിയും ഭീകരതയും കണ്ടിട്ടുള്ള അവൻ
വേണ്ടെന്നു തലകുലുക്കിപ്പോയി !!
മുട്ടനാടിനെ വെല്ലുന്ന വിധം താടിയും കൊണ്ട് അടുത്തയാൾ .
താടി പറ്റില്ലെന്ന നിയമത്തിൽ ,
കണ്ണ് മാത്രം വെളിയിൽ കാണിച്ച ഉമ്മയുടെ മുഖഭാവം
ഹൃദയത്തിനു പിടികിട്ടിയില്ല !!
പതിനൊന്നാം ക്ലാസ്സിന്റെ ഡിസിപ്ലിൻ എന്റെയുത്തരവാദിത്തമെന്ന
ആംഗലേയ മൊഴി കേട്ട്
ഒന്നും മനസ്സിലാവാതെ അവർ മകനെ നോക്കി .
ശുദ്ധമായ ഉറുദുവിൽ ഒരുളുപ്പുമില്ലാതെ
"താടിക്കാര്യം " അവൻ അവരെയറിയിച്ചു .
അറിയാവുന്ന ഹിന്ദിയിൽ കാര്യം വീണ്ടും പറഞ്ഞപ്പോൾ
അവർ പറഞ്ഞതിങ്ങനെ :
"താടി വടിപ്പിക്കാം , എങ്ങനെയെങ്കിലും തോറ്റ വിഷയത്തിനു
ജയിപ്പിക്കണം ".
അവരുടെ ഭർത്താവിനു രണ്ടു ഭാര്യമാരിലായി പതിനഞ്ചു മക്കൾ !!
(പുള്ളിക്കിതാണോ പണിയെന്നു
ഉറുദുവിൽ ചോദിക്കാൻ അറിയാത്തോണ്ട് ചോദിച്ചില്ല )
അതിൽ , അവരുടെ ഏഴു മക്കളിൽ
ആറാമനാണ് മുന്നില് നില്ക്കണ താരം !
പത്തിരുപത്തിരണ്ടു അംഗങ്ങളുള്ള വില്ലയിൽ
താടീം മുടീം നോക്കാൻ ആർക്കു നേരം ???
താടിക്കാരൻ വടിക്കാമെന്നേറ്റ് പോയി ..
ഇല്ലേൽ നാളെ അസംബ്ലിയിൽ ഞാൻ വടിക്കുമെന്ന്
ടീച്ചർ ഹൃദയം ...
(ഭാവിയിൽ ബാർബർ ഷോപ്പിട്ടേലും ജീവിക്കാല്ലോ )
പേപ്പറുകൾ അടുക്കി വയ്ക്കുന്നതിനിടയിൽ
അടുത്ത മേശയ്ക്കരികിൽ നിന്ന് ഉച്ചത്തിലുള്ള ശകാരം ...
" അവനു വേണ്ടിയാണ് ഞങ്ങൾ രാപ്പകൽ കഷ്ടപ്പെടുന്നത്
അവനതൊന്നുമറിയണ്ട ..തീറ്റ ..ഉറക്കം ..മൊബൈൽ "
മിഴിച്ചു നോക്കിയ ഹൃദയം കണ്ടു ..
ഒരു "കുമാരൻ" തല താഴ്ത്തിയിരിക്കുന്നു .
ഒന്നു രണ്ടു ടീച്ചർമാരും കാത്തുനില്ക്കുന്ന രക്ഷിതാക്കളും
ചിരിയടക്കി ""തമാശ "" കാണുന്നു
അവൻ കുനിഞ്ഞു തന്നെയിരുന്നു ..
അച്ഛൻ പണ്ട് ""സാറായി പഠിപ്പിച്ച കാലത്തെ ""
വീര കൃത്യങ്ങളൊക്കെ എട്ടു ദിക്ക് പൊട്ടുമാറുച്ചത്തിൽ
വിവരിച്ചു !
ബഹളമാക്കണ്ട അവൻ പഠിച്ചോളും എന്ന ടീച്ചർ വാക്കിനോട്
കയർത്ത് , അയാൾ സംസാരം തുടർന്നു .
(അദ്ദേഹത്തിന്റെ ഭാഗത്തും ന്യായമുണ്ടാവും
""പ്രതീക്ഷകൾ " നഷ്ടപ്പെടുമ്പോഴുള്ള നിരാശ
അനുഭവിച്ചവനല്ലേ അറിയൂ )
പക്ഷേ ,
ഹൃദയത്തിന് അയാളോട് നീരസം തോന്നി ..
പതിനെട്ടുകാരൻ പയ്യൻ കുനിഞ്ഞിരുന്നു കണ്ണ് തുടയ്ക്കുന്നത് കണ്ടു ഹൃദയം ആവർത്തിച്ചു ...
അവന്റെ മാനാപമാനങ്ങൾ പിതാവിന്റേതു കൂടിയാണെന്ന് ,
ലളിതമായി ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് ,
ഉച്ചത്തിലുള്ള അട്ടഹാസത്തെക്കാൾ കരുത്ത്
ചിലനേരങ്ങളിൽ മൌനത്തിനുണ്ടെന്ന്
ആരാണ് ഒന്ന് പറഞ്ഞു കൊടുക്കുക ???
എഞ്ചിനീയറിങ്ങ് കോളേജിൽ സീറ്റ് ഉറപ്പാക്കുവാൻ
ടിക്കറ്റ് ബുക്ക് ചെയ്ത കഥ കൂടി അദ്ദേഹം വിവരിച്ചപ്പോൾ
നീരസം ...അലോസരമായി മാറി !
( പിറ്റേന്ന് സ്കൂളിൽ അവനെ കണ്ടപ്പോൾ
അറിയാതെ ചോദിച്ചു പോയി ,
എന്തിനാ അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് ?
വോട്ടവകാശം നേടിയ ,പ്രായപൂർത്തിയായ ആ മകൻ
കൂസലില്ലാതെ പറഞ്ഞു ,
""അച്ഛൻ എന്റെ വിഷമം കാണാത്തത് കൊണ്ട് ..
മിസ്സ് ഐ ഡോണ്ട് ലൈക് സയൻസ് ..
ഐ വാണ്ടഡ് ടു സ്റ്റഡി ആർട്സ് ""
അതോടെ ചിത്രം വ്യക്തമായി !!!)
അവിടെ കൊട്ടിക്കലാശം നടക്കുമ്പോഴാണ്
അത്യാവശ്യം പഠിക്കുന്ന പയ്യന്റെ
അച്ഛനും അമ്മയും മുന്നില് വന്നിരുന്നത് ..
എല്ലാ വിഷയത്തിനും പാസ്സായി ക്ലാസ്സിൽ ഒന്നാമതെന്നു പറഞ്ഞപ്പോൾ
അവരുടെ വക ചോദ്യം ...
""എത്ര ശതമാനം ???""
അമ്പരന്ന ഹൃദയം പേപ്പറിൽ ശതമാനക്കണക്ക് നോക്കി ...
75 %.....
അത് കേട്ടപ്പോൾ അച്ഛന്റെ മുഖം വാടി !!
""ഇത്ര കുറച്ചു മാർക്കാണ് ബോർഡ് എക്സാമിനും വാങ്ങണതെങ്കിൽ
ഞങ്ങളെന്തിനാ ജീവിച്ചിരിക്കണേ ???"
നെറ്റിയിലെ വിയർപ്പൊപ്പി അമ്മയത് ശരി വച്ചു .
അവൻ പഠിത്തത്തേക്കാൾ ക്രിയാത്മക കാര്യങ്ങളിൽ ഒന്നാമനാണെന്ന
എന്റെ സമാശ്വാസം കേട്ട് അച്ഛൻ കയർത്തു
""പഠിക്കാതെ ഇതിനൊക്കെ നടക്കണതെന്തിനാ ?
ഇനി ടീച്ചർ അവനെ സ്റ്റേജിലൊന്നും കേറ്റണ്ട ..""
വേദിയിൽ മിടുക്കനായ ,
ആര്ട്സ് വിഷയത്തിൽ ഉപരിപഠനം നടത്തണം എന്ന് പറഞ്ഞ ,
എന്തേൽപ്പിച്ചാലും ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കുന്ന ,
അവന്റെ മുഖം കണ്ണിൽ തെളിഞ്ഞു !!
അച്ഛൻ തുടർന്നു ...
""ഞാൻ എഞ്ചിനീയറാ ..അവന്റെ ചേച്ചീം അതെ ..
അവനും അങ്ങനെയാവണം ""
"അവൻ"" എന്നത് ഒരു വ്യക്തിആണെന്നും
തെരഞ്ഞെടുക്കുന്ന വഴി അവന്റെ സ്വാതന്ത്ര്യമാണെന്നും
ദയവു ചെയ്തു നിങ്ങളുടെ ജീവിതം അവനെക്കൊണ്ട്
ജീവിപ്പിക്കരുതെന്നും
അലറിപ്പറയാൻ ഹൃദയമാഗ്രഹിച്ചു ..
കഴിയില്ലെന്ന ധർമ്മ സങ്കടത്തിൽ
അവരുടെ തീരുമാനങ്ങൾ വെറുതെ കേട്ടിരുന്നു !!
മറ്റൊരു രക്ഷിതാവ് ,അക്ഷമനായി കാത്തു നിന്നു .
ഊഴമെത്തിയപ്പോൾ ഒന്നിരിക്കാൻ പോലും
ആൾക്ക് നേരമില്ല !
റിപ്പോർട്ട് കാർഡ് ഒരു കൈ കൊണ്ട് വാങ്ങി
മറ്റെക്കൈയ്യിൽ ഫോൺ സംഭാഷണം തുടർന്നു ...
പഠന പുരോഗതി പറയുന്നതിൽ അർത്ഥമില്ലെന്നു
മനസ്സിലാക്കിയ ഹൃദയം
ചെറുചിരിയോടെ മൗനമവലംബിച്ചു .
""ടീച്ചറെ ഓനെ നോക്കിക്കോണേ ന്നു പറഞ്ഞു
കക്ഷി സ്ഥലം കാലിയാക്കി ""
അതിനിടെ മറ്റൊരു അമ്മ ഓടിപ്പാഞ്ഞെത്തി .
രണ്ടു വിഷയത്തിനു മകൻ തോറ്റെന്നു പറഞ്ഞപ്പോ ...
""പൊട്ടിയാ ...ഞാമ്പറഞ്ഞേക്കണേണ് ...
മൊബീലും കൊണ്ട് നടക്കണേന് ...ഇപ്പ കിട്ടിയല്ലാ ...
വേറെ ആരേലും പൊട്ടിയാ ടീച്ചറേ ???""
ചിരിയടക്കി തോറ്റവർ ഉണ്ടെന്നു പറഞ്ഞപ്പോ
ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു അവർ പറഞ്ഞു ...
""ഹോ ...പൊട്ടിയവരുണ്ടല്ലാ ...ഇപ്പ ആശ്വാസായി ""
എന്തായാലും 70 ശതമാനം ഹാജർ രേഖപ്പെടുത്തി
"സംഗമം "" അവസാനിപ്പിക്കുമ്പോൾ ഹൃദയം ചിലരെയോർത്തു ..
അത്യാവശ്യം നന്നായി കഴിയാനുള്ള വരുമാനമുള്ള ,
മക്കളെ കനത്ത ഫീസ് കൊടുത്തു സമ്പന്നർ പഠിക്കുന്ന
സ്കൂളിൽ പഠിപ്പിയ്ക്കുന്ന ,
ദമ്പതിമാർ വക പറച്ചിൽ ..
""ഞങ്ങളോ ഇങ്ങനെയായി (എങ്ങനെയായി എന്ന് ഹൃദയം ചോദിച്ചില്ല )
ഞങ്ങൾക്ക് കിട്ടാത്തത് അവര്ക്ക് കിട്ടണം ""
"മകൻ പഠിച്ചില്ലേൽ കാശ് കൊടുത്തു സീറ്റ് വാങ്ങും
ഞാൻ എൻജിനീയർ,എന്റെ മോനും അതാവണം
എന്ന് അഭിമാന പൂർവ്വം പറയുന്ന അച്ഛനമ്മമാർ ...
സ്മാർട്ട് ഫോൺ ഉൾപ്പെടെ മക്കളാവശ്യപ്പെടുന്നതെല്ലാം കൊടുത്ത്
ഒടുക്കം അവർ അതുപയോഗിക്കുന്നുവെന്നു
വിലപിക്കുന്ന രക്ഷിതാക്കൾ ...
""ഓ എന്റെ ബുദ്ധിമുട്ട് മക്കളറിയരുത് .
അവരെയെന്തിനു വിഷമിപ്പിക്കണം ""
എന്ന് കരുതി ,കടം വാങ്ങി മക്കളുടെ ആഗ്രഹങ്ങൾ
നിറവേറ്റുന്ന ""മഹാ മനസ്കർ ""
ഇവരോട് ഹൃദയത്തിനു പറയാനുള്ളത് ഇത്ര മാത്രം
മക്കൾ വേറിട്ട വ്യക്തികളാണ്
ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളുള്ളവർ
അവരെ ആ സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കാൻ അനുവദിക്കുക
വഴിതെറ്റിയാൽ നേർവഴി കാട്ടിക്കൊടുക്കുക
ഒരു സങ്കടം വന്നാൽ ഞാനുണ്ടെന്ന് താങ്ങാവുക
കുറ്റപ്പെടുത്തലുകൾക്ക് പകരം
തിരുത്തലുകൾ നടത്തുക
നമ്മുടെ ജീവിത പ്രാരബ്ധങ്ങൾ അവരും അറിഞ്ഞോട്ടെ
ചെലവാക്കുന്ന ഓരോ തുട്ടും
വിയർപ്പിന്റെ വിലയാണെന്ന് അവരറിയട്ടെ
നാളെയൊരു പക്ഷെ ,സമ്പന്നന്മാരായില്ലെങ്കിലും
മനുഷ്യത്വമാണ് സമ്പത്തെന്ന് അവരെ പഠിപ്പിക്കുക .
അവർ വളരട്ടെ ..
സാഹചര്യങ്ങളോട് സമരസപ്പെട്ട് ,
നന്മതിന്മകൾ തിരിച്ചറിഞ്ഞ് ,
പ്രതിസന്ധികളുടെ വാൾത്തലപ്പിനെ അതിജീവിച്ച് ,
സങ്കട വേലിയേറ്റങ്ങൾ തരണം ചെയ്ത് ,
അഹന്തക്കൊടുമുടി കയറാതെ ...
നല്ലതു ചെയ്ത് ..നല്ലവരായി .... വളരട്ടെ

ചില കാത്തുനിൽപ്പുകൾ ...നമ്മളെ ധ്യാനത്തിലാഴ്ത്തും ...

ബർദുബായ് ....
ഫാൽക്കൻ ഇന്റർസെക്ഷനിൽ സിഗ്നൽ കാത്തു നില്ക്കുന്ന അമ്മയും കുഞ്ഞനും ....
pedestrian പച്ച കാത്തു നിന്നു കുഞ്ഞൻ മടുത്തു
( ആ സിഗ്നൽ അത്ര പെട്ടെന്നൊന്നും കാൽ നടയാത്രക്കാരോട് കനിയില്ല ..)
ബോറടി മാറ്റാൻ മുൻപ് പഠിപ്പിച്ച "നടരാജന്മാരുടെ "
റോഡ്‌ നിയമം വീണ്ടും കുഞ്ഞനെ പറഞ്ഞു കേൾപ്പിച്ചു .
കുറെയധികം പേർ സിഗ്നൽ കാത്തു നില്പ്പുണ്ട് ..
കുഞ്ഞൻ : ""അപ്പം ..ആ ചോപ്പ് മാറി പച്ചയാവനം ല്ലേ മ്മാ ??""
""അതെല്ലോ ""
""അല്ലാതെ പൊക്കൂടെ മ്മക്ക് ?""
""പാടില്ല""
ഉം ...ന്നു തലകുലുക്കി കുഞ്ഞൻ നില്ക്കുമ്പോ
അതാ ഒപ്പം നിന്ന ചില പാക് പൗരന്മാർ
കൂളായി റോഡ്‌ മുറിച്ചു നടന്നു കടന്നു പോകുന്നു ..
അടുത്ത് നിന്ന ഒരു മലയാളി കൊച്ചൻ ഹൃദയത്തെ നോക്കി ആക്കിച്ചിരിച്ചു !!!
കുഞ്ഞന്റെ നോട്ടം ...
""മ്മ കള്ളം പറയാണ് ...ദോ ...അവര് പോയല്ലോ ""
ചിരിച്ചോണ്ട് പിന്നാലെ റോഡ്‌ മുറിച്ചു നടക്കാൻ പോയ മലയാളി കൊച്ചനെ ഇരുത്തി നോക്കി ഹൃദയം മറുപടി പറഞ്ഞു ...
""ഇങ്ങനെ ചില ആളുകളാ നമ്മുടെ നാട്ടിലെ നിയമങ്ങളൊക്കെ തെറ്റിക്കണേ ...
നമ്മള് താമസിക്കണ സ്ഥലം ഏതായാലും
അവിടത്തെ നിയമങ്ങള് നമ്മള് അനുസരിക്കണ്ടേ ???""
മലയാളി മുന്നോട്ടു വച്ച കാലു പിറകോട്ടാക്കി ..
ടീച്ചറമ്മ (ഇനിയും പച്ചയാകാത്ത സിഗ്നലിനെ പ്രാകി )
ടീച്ചിംഗ് തുടർന്നു ..
എല്ലാർക്കും എല്ലാ നിയമങ്ങളും ബാധകാണ് ...
ഗുഡ് ബോയ്സ് അനുസരിക്കും ...ബാഡ് ബോയ്സ് അത് ചെയ്യില്ല ..
കുഞ്ഞു ഗുഡ് ബോയ്‌ ...ല്ലേ ...
ഗുഡ് ബോയ്‌ തലകുലുക്കി സമ്മതിച്ചു ..
ന്നിട്ട് അടുത്ത് നിന്ന മ്മടെ കൊച്ചനെ നോക്കി പറഞ്ഞു ..
ഈ അങ്കിളേ ഇച്ചിരി ബാഡ് ബോയാ ...
പോവ്വാൻ നോക്കീല്ലേ ...
ആക്കിചിരിച്ച അങ്കിളിന്റെ ചമ്മൽ മുഖം !!
തൊട്ടു പിന്നിൽ വന്നു നിന്ന ഒന്ന് രണ്ടു ബംഗാളികൾ
ചട പടേന്ന് റോഡ്‌ മുറിച്ചു കടന്നു പോയി ...
കുഞ്ഞന്റെ ചോദ്യം വീണ്ടും ...
""എല്ലാരും ബാഡ് ബോയ്സാ ല്ലേ മ്മാ ...""
waiting ബട്ടൺ അമർത്തി ഹൃദയം സ്വയം പറഞ്ഞു ...
കാത്തു നില്പ്പ് ഒരുതരം വിരസതയാണ് ...
ഫോട്ടോ അപ്‌ലോഡ്‌ ചെയ്തു കിട്ടാനുള്ള കാത്തിരിപ്പ്‌ ..
നെറ്റ് കണക്ഷൻ വീണ്ടെടുക്കാനുള്ള കാത്തിരിപ്പ്‌
പുതിയ സെൽഫി അയച്ചു മറുപടി കിട്ടാനുള്ള കാത്തിരിപ്പ്‌ ,
ലേറ്റസ്റ്റ് മൊബൈൽ വിപണിയിൽ ഇറങ്ങുന്നത് നോക്കിയുള്ള കാത്തിരിപ്പ്‌ ...
അങ്ങനെയങ്ങനെ വിരസമായ കാത്തിരിപ്പുകൾ ...
ഇതിനിടയിൽ വേറെ ചിലരുണ്ട് ..
കാത്തു നില്പ്പും പ്രാർഥനയാക്കുന്നവർ ...
കിട്ടാനുള്ള സ്നേഹത്തിനു വേണ്ടിയുള്ള കാത്തുനിൽപ്പ് ..
എന്നെങ്കിലും നീട്ടിയേക്കാവുന്ന കൈകൾക്കു വേണ്ടിയുള കാത്തിരിപ്പ്‌ ...
ഫോണിന്റെ മറുതലയ്ക്കൽ കേൾക്കുന്ന ഹലോ യ്ക്ക് വേണ്ടിയുള്ള കാത്തുനിൽപ്പ് ...
ശമ്പള ബാക്കിയിൽ ചെലവു കഴിഞ്ഞുള്ള മിച്ചം അയച്ചു കിട്ടാനുള്ള കാത്തിരിപ്പ്‌ ...
ചോരയ്ക്ക് വേണ്ടി , കരളിനു വേണ്ടി ,വൃക്കയ്ക്ക് വേണ്ടി
ജീവൻ നിലനിർത്തിക്കിട്ടാനുള്ള കാത്തിരിപ്പ്‌ ....
ഒരു കുഞ്ഞിക്കാൽ ചവിട്ടേറ്റു പുളകം കൊള്ളാനുള്ള
കാത്തിരിപ്പ്‌ ...
ഫ്രീസറിൽ മരിച്ചു മരവിച്ച് മക്കൾക്കായുള്ള കാത്തിരിപ്പ്‌ ...
ഒടുക്കത്തെ കാത്തിരിപ്പ്‌ ...
ഒരമ്മയെ ഓർമ്മ വരുന്നു ...
വലിയ ചോന്ന പൊട്ടു തൊട്ടു മയ്യനാട് സേവാ സമിതിയിൽ ചെന്ന ദിവസം ..
ഇറങ്ങാൻ നേരം കേട്ട ആ അമ്മചോദ്യം ...
ഈ പൊട്ട് എനിക്ക് തരുമോ ???
അമ്മയ്ക്കെന്തിനാ ഈ പൊട്ട് ? എന്ന മറുചോദ്യത്തിനു
ഹൃദയം തകർത്ത മറുപടി ...
""ന്റെ മോൾക്ക്‌ ചോന്ന പൊട്ടിഷ്ടാ ...
എന്നെ വിളിച്ചോണ്ട് പോവ്വാൻ വരുമ്പം കൊടുക്കാനാ ..""
ഒരിക്കലും വരാത്ത മകൾക്കു വേണ്ടി ആ പൊട്ട്
അമ്മക്കയ്യിൽ ഭദ്രം ...
ആ കാത്തിരിപ്പ്‌ ....
ഇന്നും ചോന്ന പൊട്ടു തൊടുമ്പോൾ ആ അമ്മയുടെ
സന്തോഷക്കണ്ണുകൾ ...കണ്ണു നിറയ്ക്കുന്നു ...
കുഞ്ഞനുള്ള മറുപടി ...
എല്ലാരും ഗുഡ് ബോയ്സാവുന്ന ഒരു കാലം വരും കുഞ്ഞേ ...
അങ്ങനെയൊരു കാലത്തിനു വേണ്ടിയാണു
ഹൃദയം ഉള്ളിലെ waiting ബട്ടൺ അമർത്തി കാത്തു നില്ക്കുന്നത്
....
ചില കാത്തുനിൽപ്പുകൾ ...നമ്മളെ ധ്യാനത്തിലാഴ്ത്തും ...
അത്തരമൊരു കാത്തു നില്പ്പിലാണ് ഞാൻ ....

ഒന്നുമെഴുതാനില്ല ...ഓരോർമ്മയല്ലാതെ

ജിഷ്ണൂ ....അല്ല ജിഷ്ണുവേട്ടൻ ....
മൈക്കിനു മുന്നില് പ്രിയഗാനങ്ങൾ പറഞ്ഞു കഴിഞ്ഞു
രാക്ഷസീ .....എന്ന് വിളിച്ചു ചിരിച്ചു ഞെട്ടിച്ച ..
അല്ല ശരിക്കും താൻ രാക്ഷസിയാണോ എന്ന് കള്ളനോട്ടം നോക്കി ചോദിച്ച
തന്നെക്കാൾ പ്രായം എനിക്ക് കൂടും എന്ന് നിറഞ്ഞ ചിരിയിൽ പറഞ്ഞ ..
പ്രിയ മുഖം ....
മാധ്യമ ജീവിതം തന്ന മറക്കാനാവാത്ത അനുഭവം ...
ഒന്നുമെഴുതാനില്ല ...ഓരോർമ്മയൊഴികെ
ഒരിക്കൽ സോഷ്യൽ മീഡിയ ചരമക്കുറിപ്പെഴുതിയല്ലേ
എന്ന ഇൻബൊക്സ് ചോദ്യത്തിന്,
ജീവിച്ചു കാട്ടിക്കൊടുക്കുകയാണ് ഞാൻ
എന്നെഴുതി തമാശ സ്മൈലി അയച്ചതു മാത്രം ഹൃദയം ഓർക്കുന്നു ...
എന്നും നെഞ്ചിനുള്ളിൽ ആ ചിരി മാത്രം സൂക്ഷിക്കട്ടെ ...
പിന്നെ അന്നത്തെയാ കൂടിക്കാഴ്ചയിൽ
രാഘവൻ സാറിന്റെ സുമുഖത അതുപോലെ കിട്ടീട്ടില്ലല്ലോ എന്ന
കുശുമ്പ് ചോദ്യത്തിന് ,
ഉവ്വോ ....താൻ കൊള്ളാലോ ...അപ്പൊ ഞാൻ സുന്ദരനല്ല അല്ലെ ..
എന്ന മറുചോദ്യവും ...
പ്രോഗ്രാമിനൊടുക്കം
ഇതുവരെ കണ്ടതിൽ വച്ചേറ്റവും സുന്ദരനായ സിനിമാതാരം
എന്ന് കൂട്ടിച്ചേർത്തപ്പോൾ
കണ്ണിലെ നക്ഷത്രത്തിളക്കവും ...
മുട്ടായി വേണം എന്ന ഡിമാന്റിനു
ഇനി കാണുമ്പോഴാവട്ടെയെന്ന വാക്കും ....
ഓർമ്മപ്പെട്ടിയിൽ ഏറ്റവും അടിയിലെ തട്ടിൽ വച്ച് മറക്കുന്നു ...
ആ ചിരിയും ..വാക്കുകളും ....
മറക്കാതെ കൂടെ കൂട്ടുന്നതൊന്നു മാത്രം ...
ആ മനോധൈര്യം ...
പകരം വയ്ക്കാൻ മറ്റൊന്നുമില്ലാത്ത ആത്മധൈര്യം ....

"മടിപിടിച്ചു മാറിയിരിക്കുക .. ചിലനേരങ്ങളിലെങ്കിലും "

എഴുതാൻ വേണ്ടി എഴുതേണ്ടി വരുമ്പോഴാണ് ,
എഴുത്തൊരു ബാധ്യതയാവുക !!
മനസ്സിൽ പലവട്ടം ഉരുവിട്ട ചിന്തകളെ
വാക്കുകളായി പുറത്തേക്കൊഴുക്കുക ...
വെട്ടലും തിരുത്തലും കൂട്ടലും കുറയ്ക്കലുമായി
പലതരം വാചകങ്ങൾ ...
അതിൽ ചിലത് ,
ജനിച്ചയുടനെ നിലത്തടിച്ചു കൊല്ലപ്പെടുന്നു
മറ്റു ചിലത് ,
വസ്ത്രമുരിഞ്ഞെറിയപ്പെട്ട പ്രതിജ്ഞകളാവുന്നു
വേറെ ചിലത് ,
ഛേദിക്കപ്പെട്ടു ദാനം ചെയ്യപ്പെട്ട കവചങ്ങളാകുന്നു
ഇനി ചിലത് ,
പത്മവ്യൂഹത്തിൽപെട്ട് തിരിച്ചിറങ്ങാനാവാതെ
പോരാടി മരിയ്ക്കുന്നു ..
ചിലവ ,
ഉടലോടെ സ്വർഗാരോഹണം ചെയ്യുന്നു
ചിലവ ,
കള്ളങ്ങളുടെ മേമ്പൊടികളോടെ
കുരിശേറ്റപ്പെടുന്നു
ചിലവ ,
കല്ലേറും കമ്പേറും കൊണ്ട്
പലായനത്തിന്റെ ചരിത്രം രചിക്കുന്നു ..
എഴുതാൻ വേണ്ടി എഴുതുമ്പോഴാണ്
എഴുത്തൊരു ബാധ്യതയാവുക !!!
ബാധ്യതകൾ ഒരു ചുമടാണ് ,
അസ്വാതന്ത്ര്യത്തിന്റെ ചുമട് ...
അങ്ങനെയാണ് ഹൃദയം തീരുമാനിച്ചത് ,
"മടിപിടിച്ചു മാറിയിരിക്കുക ..
ചിലനേരങ്ങളിലെങ്കിലും "

ന്റെ കുട്ട്യോൾക്ക് ,

ന്റെ കുട്ട്യോൾക്ക് ,
ഒരോട്ടോഗ്രാഫ് ഇപ്പോഴും ബാഗിനകത്തുണ്ട് ..
നിങ്ങൾടെയോരോരുത്തരുടെയും "മലയാളം "
വായിച്ചു ചിരിക്കാൻ
കരുതി വച്ചൊരു ഓട്ടോഗ്രാഫ് !
ടീച്ചർമാരുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി
സൂക്ഷിച്ച കാലത്ത് ഹൃദയമാഗ്രഹിച്ചിരുന്നു ,
എന്നെങ്കിലും ടീച്ചറായാൽ കുട്ട്യോൾടെ വരികൾ എഴുതി വാങ്ങുമെന്ന് !
ഇവിടെ മലയാളികളെങ്കിലും മലയാളം വ്യക്തമായി എഴുതുന്നവർ ചുരുക്കം .
കുട്ട്യോൾടെ ഓട്ടോഗ്രാഫ് എന്ന സ്വപ്നം തല്ക്കാലം ബാഗിനുള്ളിൽ സൂക്ഷിച്ച്
ഹൃദയം ചില പഴയ ഓട്ടോഗ്രാഫ് കഥകളോർത്തു ..
നാലാം ക്ലാസ്സിൽ അച്ചാറുമാമന്റെ കടയിലാണ്
ഓട്ടോഗ്രാഫ് ആദ്യമായി കണ്ടത് .
സ്കൂളിനു പിന്നിലെ ഇലുമ്പൻ പുളിമരച്ചോട്ടിൽ
കൊത്തങ്കല്ല് കളിക്കുമ്പോൾ
താഴെ തോട്ടുവക്കത്ത് കൈമാറപ്പെട്ട ചില നിശ്വാസങ്ങൾക്കൊപ്പം
ഓട്ടോഗ്രാഫ് കൗതുകമലിഞ്ഞു ..
ആറാം ക്ലാസ്സിൽ കൌതുകം മൂത്ത്
വറ്റൽ മുളക് ടിന്നിനടിയിൽ അമ്മയിട്ടു വച്ച ഏഴു രൂപ
കട്ടെടുത്തു വാങ്ങിയ ചിത്രശലഭയോട്ടോഗ്രാഫ് .
അതിന്റെ പിങ്ക് നിറത്താളുകളിൽ
ഏതൊക്കെയോ പേരുകളിൽ
അന്ന് പ്രിയങ്കരമായി തോന്നിയ വരികൾ കഴിയുന്നത്ര
കൈയ്യക്ഷര വ്യതിയാനം വരുത്തി എഴുതി .
"പുഞ്ചിരിയുടെ പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ഛന "
"v വാഹനാളിൽ
v ളിക്കുമെങ്കിൽ
v രുന്നുവരാം
vളിക്കുമോ ?"
ആരെയെങ്കിലും അതൊന്നു കാട്ടണമെന്ന മോഹം
"അയ്യടീ പുളുവത്തീ " എന്ന ചങ്ങാതിക്കളിയാക്കലുകൾ ഭയന്ന്
വേണ്ടെന്നു വച്ചു .
ഓട്ടോഗ്രാഫ് എന്നാൽ ഡയറി എന്നൊരു അർഥം കൂടിയുണ്ടെന്ന്
ഹൃദയം കരുതിയത്‌ എട്ടിൽ പഠിക്കുമ്പോൾ .
പത്തിലെ ചേച്ചി ഡയറിയുടെ ആദ്യതാളുകൾ
"അവനായി " മാറ്റി വച്ചത് കണ്ടു തുടങ്ങിയ ഡയറി എഴുത്ത് !
ആദ്യമാദ്യം പ്രിയപ്പെട്ടവളെ എന്ന് തുടങ്ങി ഒടുവിലത്
ഹൃദയം പറഞ്ഞ കഥകളായി !
ഒൻപതാം ക്ലാസ്സിൽ , സ്കൂൾ വിട്ടു വന്നൊരു വൈകുന്നേരം
അപ്പുറത്തെ പ്രിയേച്ചിയുടെ വീട്ടില് നിന്ന് കേട്ട അലർച്ച !
പിറ്റേന്ന് വെളുപ്പിന് പറമ്പിന്റെ മൂലയിലെ കശുമാവിൽ
തൂങ്ങി നിന്നാടിയ പ്രിയേച്ചിയുടെ അമ്മയുടെ
ജീവിതം വെടിപ്പിച്ച കാൽപ്പാദങ്ങൾ ..
അറുത്തിട്ട് ആംബുലൻസിൽ കയറ്റവേ
പിന്നിൽ കേട്ട പെൺകുട്ടിക്കരച്ചിൽ ..
ഒരോട്ടോഗ്രാഫ് ഡയറിയിൽ നിന്നും ചീന്തിയെടുക്കപ്പെട്ട
പേജിലെ രണ്ടു വരികൾ ..
കയർ കുരുക്കിയ കഴുത്തിലെ കശേരു കുരുക്കിട്ട ജീവിതവുമായി
ആ അമ്മ ഇന്നുമുണ്ട് ..
അന്ന് ഹൃദയം ഓട്ടോഗ്രാഫിനു ജീവിതം എന്ന് പേരിട്ടു !
പത്താം ക്ലാസ്സിൽ അച്ചാറു മാമന്റെ കടയിലേയ്ക്ക് നടന്നു പോകുമ്പോൾ
നെഞ്ചിനുള്ളിലൊരു കുരുവിക്കുഞ്ഞ് തണുത്തു വിറച്ചു .
അപ്പോഴേക്കും ഓട്ടോഗ്രാഫിനു സിനിമാ പ്രാന്ത് പിടിച്ചിരുന്നു .
അനിയത്തിപ്രാവിലെ സുധിയും മിനിയും
സൂര്യകാന്തിപ്പാടത്ത് നിന്ന് നൃത്തം ചെയ്തു .
അന്ന് പ്രേമമെന്നാൽ
താരയോടു സണ്ണിയ്ക്കുള്ള പ്രേമം ..
ക്ലാരയോട്‌ ജയകൃഷ്ണനുള്ള പ്രേമം ..
അതുകൊണ്ട് തന്നെ സുധി-മിനിമാരെ അവഗണിച്ച്
നിറയെ മഴത്തുള്ളി വീണു നനഞ്ഞ മട്ടിലുള്ള
നീലക്കടലാസുകൾ നിറഞ്ഞ ഓട്ടോഗ്രാഫ് ഹൃദയം തെരഞ്ഞെടുത്തു .
അതിൽ ചില പ്രത്യേക പേജുകളിൽ പതിവുപോലെ കുറിച്ചു :
പ്രിയപ്പെട്ടവളെ ....
ഇത്തവണ പ്രായത്തിന്റെ പക്വത വരികളിൽ ;
ആരോ എന്നോ എഴുതുമെന്നു കരുതിയ വരികൾ
ഇതാ എഴുതിയിരിക്കുന്നുവെന്ന മട്ടിൽ കുറിച്ചതിങ്ങനെ ..
"നിന്റെ പേനയ്ക്കെഴുതാനുള്ള ഒരു താളാണ്‌ ഞാൻ
ഞാനെല്ലാം സ്വീകരിക്കുന്ന ഒരൊഴിഞ്ഞ പേജ്
എനിക്ക് നീ വെളിച്ചമാണ് ,മഴയുടെ ഈറനാണ് "
പതിവ് പള്ളി സന്ദർശനത്തിൽ
സെമിത്തേരിയ്ക്ക് പിന്നിലെ റീത്തു പൂക്കൾ പെറുക്കി
അതിലെ വയലറ്റ് പൂവിതൾ വരികള്ക്ക് താഴെ പതിച്ചു വച്ചു !
പ്രണയത്തിന്റെ ഈറൻ വയലറ്റ് പൂക്കൾ !
മഴത്തുള്ളി വീണു നനഞ്ഞ നീലപ്പേജുകളുള്ള
അതേ ഓട്ടോഗ്രാഫിനു പിന്നിലാണ്
പേരറിയാത്ത ,ഇനിയും തിരിച്ചറിയാത്ത ആരോ എഴുതിയത് ;
"ആരോ വരാനായ്തുറന്നു വയ്ക്കാറുണ്ട് വാതിൽ ;
വരികില്ലൊരിക്കലുമെങ്കിലും "
അവസാന വരിയിൽ മഴത്തുള്ളികൾക്കൊപ്പം
മിഴിത്തുള്ളികൾ പരന്നുവോ ???
അതേ ഓട്ടോഗ്രാഫിന്റെ അവസാന പേജാണ്‌
ഉമേച്ചിയ്ക്ക് യാതൊരു ദാക്ഷിണ്യവുമില്ലാതെ
കീറിക്കൊടുത്തത് !
ഉമേച്ചിയുടെ വയലറ്റ് മഷിപ്പേനയെഴുതിയ
പ്രണയാക്ഷരങ്ങളെ നെഞ്ചോട്‌ ചേർത്ത് കാവിനടുത്തുള്ള
വലിയവേരിൽ ആഞ്ഞുചവിട്ടി ഓടിയത് നിസാമിനെക്കാണാൻ .
നിസാമിന്റെ വാപ്പയുടെ ചായക്കടയ്ക്ക് പിന്നിൽ
അട്ടിയിട്ട ചായക്കൊത്തിന്റെയും അഴുകിയ മിൽമാക്കവറിന്റെയും
ദുർഗന്ധം സഹിച്ചു കാത്തു നിന്നത് അത് കൈമാറുമ്പോഴുള്ള
അയാളുടെ കൺ തിളക്കത്തിന് !
വെളുത്ത് മെലിഞ്ഞു നീണ്ട രോമങ്ങളുള്ള കൈത്തണ്ടയിൽ
ഉമേച്ചിയുടെ അനുസരണയില്ലാത്ത മുടി പരന്നു കിടക്കുന്നത് ,
അയാളുടെ മൂക്കും ഉമേച്ചിയുടെ മുടിയുമുള്ള പെങ്കുഞ്ഞുമായി
അവരിരുവരും നടന്നു പോകുന്നത് ,
സങ്കല്പ്പിച്ചതൊക്കെയും ഹൃദയ വ്യഥ മാത്രം തന്നു ..
ആ പ്രേമത്തിലല്ല ..അതുപോലൊരു കൈത്തണ്ട നീളാത്തതിൽ !!
ഒരു വേനലവധിയ്ക്കൊടുവിൽ ഗൾഫിലേയ്ക്കു പറന്ന
നിസാമിനെക്കാത്ത് ഉമേച്ചിയിരുന്നു ..
ഗൾഫ് ജീവിതം സ്പോൻസർ ചെയ്ത മാമായുടെ മോളെ
നിസാം കൈ പിടിക്കും വരെ ആ കാത്തിരിപ്പ്‌ തുടർന്നു !
"പുയ്യാപ്ല " പെൺവീട്ടിൽ ആദ്യരാത്രി ആഘോഷിച്ച്
രാവിലെ "സുലൈമാനി"ആസ്വദിക്കുമ്പോൾ
കാവിനു പിന്നിലെ വലിയ വേരിനടുത്ത്
"സുലൈമാനിക്കൊത്തിന്റെ " നിറമുള്ള ചുണ്ടുമായി
ഉമേച്ചി പിടഞ്ഞു ..
മുടിച്ചുരുൾ സർപ്പങ്ങൾ വേരിലിഴഞ്ഞു നടന്നു ..
ഭയന്ന് പകച്ച മറ്റൊരു പെൺകുട്ടി തലേന്ന്
ഉമേച്ചിയെല്പ്പിച്ച പൊതിക്കെട്ട് പഴയ ട്രങ്കിന്റെ അടിയിലിട്ടു .
ഒരാഴ്ച കഴിഞ്ഞൊരു പാതിരാവിൽ
ഒച്ചയുണ്ടാക്കാതെ പുറത്തെടുത്ത പൊതി അഴിച്ചു നോക്കി
ഹൃദയം നിലവിളിച്ചു മരിച്ചു വീണു !!
നിസാമിന്റെ ആൺ ചൂരുള്ള പ്രണയ ലേഖനങ്ങൾ !
തോട്ടുവക്കിൽ അവർ കെട്ടിയ വീടും അവരുടെ പൂന്തോട്ടവും
ഓടിക്കളിച്ച കുഞ്ഞുങ്ങളും ..
കാവിനു പിന്നിൽ പൊട്ടി വീണ കുപ്പിവളകളും
മുറിഞ്ഞ കീഴ്ച്ചുണ്ടകവും ..
ചുരുണ്ടിടതൂർന്ന മുടിയിഴകൾ താലോലിച്ച
വെളുത്ത കൈപ്പത്തികൾ ..
ഒരു കത്തിൽ ഒടുക്കം പിന് ചെയ്തു വച്ച
മഴ നനഞ്ഞ ഓട്ടോഗ്രാഫിൻ തുണ്ട് ..
അതിൽ ചാന്തു പുരട്ടിയ ചുണ്ടുകൾക്ക് മീതെയമർന്ന
കരിച്ചുണ്ടുകൾ !!
പിറ്റേന്ന് കരിയിലക്കൂട്ടത്തിൽ എരിഞ്ഞമർന്ന പൊതിക്കെട്ടു കണ്ട് അമ്മചോദ്യം
"എന്താടീ അത് ? ആവശ്യമുള്ളതാണോ ?"
ഹൃദയം ഉള്ളിൽ പറഞ്ഞു ..
ഓ ..ഒന്നുമില്ല ..എരിയിച്ചു കളയാൻ വേണ്ടിക്കണ്ട കിനാവുകൾ "
പുറമേയ്ക്ക് തിടുക്കപ്പെട്ടു വന്ന വാക്കുകളിങ്ങനെ ;
"ആവശ്യം കഴിഞ്ഞതാമ്മാ "
അന്ന് ഓട്ടോഗ്രാഫ് എന്നാൽ ...മരണം !
പ്രീ ഡിഗ്രിക്കാലത്തെ ഓട്ടോഗ്രാഫ് ,
ചക്രവാളത്തെ ലക്ഷ്യമാക്കിപ്പറന്നകന്ന പക്ഷിയുടെ പടമുള്ള
നവംബർ രണ്ടിന്റെ പേജിൽ എഴുതപ്പെട്ട വരികൾ ...
അഞ്ചു വർഷങ്ങൾക്കിപ്പുറം പക്ഷിതൂവൽ കുന്നു കുനെ ചീന്തിയെറിയപ്പെട്ടു ..
കട്ടിയുള്ള ഡയറിയുടെ പുറം ചട്ട
എരിച്ചിട്ടും എരിയാതെ ബാക്കിയായി !
അതിലുരുകിച്ചേർന്നത് സൌഹൃദച്ചിറകുകൾ മാത്രമല്ല ,
പ്രണയത്തൂവലുകളും .
അവിടുന്നിങ്ങോട്ട് എന്നും ഒരോട്ടോഗ്രാഫ് സൂക്ഷിക്കാൻ ഹൃദയം ആഗ്രഹിച്ചു .
ജീവിത വഴിയിൽ അൽപനേരമെങ്കിലും
ഹൃദയത്തിൽ കയറി കുത്തിയിരിക്കുന്നവർക്ക് വേണ്ടി ..
എഴുതപ്പെടാത്ത പിങ്ക് നിറ - വയലറ്റ് നിറത്താളുകൾ ബാക്കിയാക്കി
അവയിൽപ്പലതും ട്രങ്കിന്റെ അടിയിലുണ്ട് ..
എഴുതപ്പെട്ട വെള്ള നിറ - നീല നിറതാളുകളുമുണ്ട് .
ഈ നിമിഷം രണ്ടു ചിത്രങ്ങൾ മാത്രമൊട്ടിച്ചു വച്ച്
ഒരു ഓട്ടോഗ്രാഫ് കൂടി ഹൃദയം മാറ്റി വയ്ക്കുന്നു ..
എന്റെ കുട്ട്യോൾടെ ചിത്രങ്ങൾ ..
കടന്നു പോയ ഈ ഒരു വർഷം അവർ സമ്മാനിച്ച
നോവിന്റെ , ആഹ്ലാദത്തിന്റെ ,ഉല്ലാസത്തിന്റെ നിമിഷങ്ങൾ !
ഒരധ്യാപികയെന്ന നിലയിൽ ഇപ്പോൾ ഈ നിമിഷം സന്തോഷം തോന്നുന്നു ,
നല്ല കുറെ മക്കളെ കിട്ടിയതിൽ .
“Guys you were Awesome ...
May he give you the desire of your heart
And make all your plans succeed