ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 24 July 2016

മരിച്ചവന്റെ ഗന്ധം !!

മണമുകുളങ്ങളെ വിടർത്തി , പാതിരാവിലെന്നെത്തേടി വന്ന ചന്ദന ഗന്ധം !
ഉറക്കം ഞെട്ടിപ്പകച്ചു കണ്ണു തിരുമ്മി ഇരുട്ടിലേയ്ക് തുറിച്ചു നോക്കുമ്പോൾ
ചന്ദനത്തിന്റെ തണുത്ത ഗന്ധം മൂക്കിൻ തുമ്പ് കുളിർപ്പിച്ചു !
കിടക്കയുടെ അങ്ങേയോരത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ മോതിര വിരൽകൊണ്ടു തോണ്ടി വിളിച്ചുണർത്തിപ്പറഞ്ഞു , ""ചന്ദനം മണക്കുന്നു ""
ഇത്തരം പതിവ് തോണ്ടി വിളികളിൽ ഒരിക്കൽപ്പോലും ഉറക്കം മുറിഞ്ഞ നീരസം 
പുറത്തു കാട്ടാത്ത എന്റെ ഭർത്താവ്
ഒച്ചയടപ്പിന്റെ മറയിൽ അലസമായി പറഞ്ഞു ,""ഇയാൾക്ക് തോന്നീതാവും "".
ഇങ്ങേ കിടക്കപ്പാതിയിൽ ഉറക്കം മുറിഞ്ഞു കിടന്ന ഹൃദയം പറഞ്ഞു ,
അല്ല ..അല്ല ...ഇത് ചന്ദന മണം തന്നെ .
വീടിന്റെ അരക്കിലോമീറ്റർ അപ്പുറത്ത് മീൻ വറുത്താൽ ,
റോഡിനപ്പുറം കപ്പലണ്ടിക്കച്ചവടക്കാരനെത്തിയാൽ ,
മതിന് പുറകിലെ വാടക വീട്ടുകാർ പശുവിൻ നെയ്യുരുക്കി
കണ്ണാടിക്കുപ്പിയിലാക്കിയാൽ ,
ഒക്കെ മണമുകുളങ്ങൾ വിടരുന്ന എന്റെ മൂക്കിനു തെറ്റുകയോ ???
ഇത് ചന്ദന ഗന്ധം തന്നെ ..പക്ഷെ എവിടുന്ന് ?
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം എന്നാ പാട്ടോർമ്മയിൽ മൂളാൻ തുടങ്ങിയപ്പോഴാണ്
കുഞ്ഞനനങ്ങിയത് .ചുരുണ്ടും നിവർന്നും കിടന്നുരുണ്ടും അവനെഴുന്നേറ്റു കിടക്കയിൽ
കുത്തിയിരുന്ന് ചിണുങ്ങി ...""അപ്പീടണം മ്മാ ""
തലവഴി മൂടിയ പുതപ്പിനകത്ത് നിന്നൊരു പൊട്ടിച്ചിരി .
ശരിയാ , ചന്ദനം മണക്കുന്നുണ്ട് !
കുളിർന്ന മൂക്കിൻ തുമ്പ് വിറച്ചു ...""ന്നാലേ വേഗം കൊണ്ടോയിക്കോ ""
പുതപ്പു വലിച്ചു തലമൂടി കിടക്കുമ്പോഴും ചന്ദന ഗന്ധം ഞരമ്പിൽ ഒഴുകി ..
അങ്ങനെയാണ് രണ്ടു ദിവസം മുൻപ് സൂപ്പർ മാർക്കറ്റിലെ സോപ്പിൻ കൂട്ടത്തിൽ നിന്ന്
മൈസൂർ സാൻഡൽ ചന്തം ഹൃദയം കണ്ടെടുത്തത് .
കവറു പൊളിച്ചു കുളിമുറിയിൽ "'ചന്ദനക്കട്ട "" കൊണ്ട് വയ്ക്കുമ്പോൾ
ഹൃദയം ദീർഘനിശ്വാസമുതിർത്തു !
കുളിമുറി നെഞ്ചിലെന്നോ വഴുക്കിയ പായൽ പച്ചയിലലിഞ്ഞിറങ്ങിയ ചന്ദനപ്പത..
തേച്ചു കുളിച്ച് വെളുത്ത മല്ലു തുണി പെറ്റിക്കോട്ടും അതിനു മീതെ പുള്ളിപ്പാവാടയും
ഒറ്റക്കളർ ജാക്കറ്റും ധരിച്ച് കുളിപ്പിന്നൽ മുടിയുമായി നാമം ജപിച്ച പെൺകുട്ടി ..
അവളുടെ ചന്ദന മണമുള്ള ഉമ്മകൾക്കു വേണ്ടി
അടുക്കു ചെമ്പരത്തിക്കാടിനു കീഴെ കാത്തുനിന്നു വിയർത്ത മീശമുളയ്ക്കാത്ത ആൺകുട്ടി !
""നിന്റെ തൊലിയ്ക്കെന്തു മിനുപ്പ്‌ "" എന്നതിശയം കൂറിയ കണ്ണുകൾ .
പുള്ളിപ്പാവട വഴിമാറിയൊരു ദാവണിക്കാലത്ത്
ചെമ്പരത്തിച്ചാറും നാരങ്ങാനീരും ചേർത്ത് നല്ലെണ്ണയിലെരിച്ച കരിന്തിരിക്കണ്മഷി
കണ്ണിൽ പടരുമ്പോൾ ,
ചന്ദനമണം വഴുക്കിയ ഉടലിൽ മീശപ്പാടു വീഴ്ത്തിയ സന്ധ്യകൾ .
കരിനെച്ചിയുച്ചിയിൽ കൂടുകൂട്ടിയ അടയ്ക്കാക്കുരുവിയിണകളെ നോക്കി
ചന്ദന ഗന്ധ മൂക്കിൻ തുമ്പ് വിയർത്തു പൂത്ത നാലുമണിപ്പൂക്കൾ !
പിന്നെ ,മറ്റൊരിടത്ത് ,
കുളിമുറിക്കരിന്തറ വെളു വെളുത്ത് കാൽക്കീഴിൽ
പതുപതുത്തു വഴുതിയപ്പോൾ
ഉടൽ മറന്ന ചന്ദന ഗന്ധം .
മരുഭൂമിചൂടു തിളപ്പിച്ച വെള്ളത്തിൽ തേച്ചു കുളിച്ചിറങ്ങി
വിയർത്തു കയറുമ്പോൾ നാളുകൾക്കിപ്പുറം ഉടലിൽ ചന്ദനം മണത്തു .
കുളിമുറിച്ചുവരും കടന്നു ചന്ദന മണം ജനാലയിൽ മുട്ടി നിന്നു .
തോരാതെ വാസനിച്ചു വാസനിച്ചൊടുക്കം
ഒറ്റമുറി വീടാകെ ചന്ദന മരങ്ങൾ പൂത്തു .
പാതിരാവിലേതോ യാമത്തിൽ ചന്ദനക്കാടുകളിൽ തനിയേ അലഞ്ഞ ഹൃദയത്തിന്
വെളിപാട് കിട്ടിയത് വെളുപ്പിനെയാണ് !
എത്ര മായിച്ചിട്ടും മായാതെ ഉടൽചൂഴ്ന്നു നിൽക്കുന്ന ഗന്ധം ...
എന്നോ മരിച്ചവന്റെ ഗന്ധം !!
ചന്ദന സോപ്പ് തേച്ചു കുളിച്ച് ,
ചന്ദന ഗന്ധ പൌഡറിടീച്ച് ,
ചന്ദന നിറമുള്ള ഉടുപ്പണിഞ്ഞ് ,
എന്നോ , എങ്ങോ മരിച്ചു കിടന്നവന്റെ
തലയ്ക്കൽ പുകഞ്ഞ അതേ ഗന്ധം ..
എന്റെയുടലിനിപ്പോൾ
മരിച്ചവന്റെ തണുപ്പ് കൂടുവച്ച നെഞ്ചിലെ ചന്ദന മണം !!!

ഞാനും നീയും

പരസ്പരം വെറുതേ തലോടാതെ ...
സ്നേഹിക്കുന്നുവെന്ന് വെറുതേ ധ്വനിപ്പിക്കാതെ...
പരസ്പരം മടുപ്പിക്കാതെ ..
സഹിക്കുന്നതിനെ സ്നേഹമെന്ന് തെറ്റായി വ്യാഖ്യാനിക്കാതെ ..
സ്നേഹത്തിൽ സത്യസന്ധരാകാൻ 
എത്രപേർക്ക് കഴിയും ?
അതിലൊരാളാവാൻ ഹൃദയം ആഗ്രഹിക്കുന്നു ....
കാരണം ......
ചില നേരങ്ങളിലെങ്കിലും ഞാൻ നീയും നീ ഞാനുമാകുന്നു ....
നമ്മളില്ലാതാവുന്നു ...
നമുക്കു മുൻപും പിൻപും കാലമില്ലാതാകുന്നു ...
നിന്റെ പേരുച്ചരിച്ച നിമിഷം എന്നിലെ "ഞാൻ" മരിച്ചു വീണിരിക്കുന്നു ...

ചുവപ്പിന്റെ വിഷാദസാക്ഷ്യം

പരീക്ഷാഹാളിനു പുറത്തു വെയിൽ ജ്വാലയ്‌ക്കൊപ്പം മരച്ചില്ലകളിൽ ചെന്തീ പടർന്നു.
മെയ് മുതൽക്കേ നിരത്തുകൾ ഗുൽമോഹർ പൂക്കൾ കൊണ്ടു നിറഞ്ഞിരുന്നു. അന്നേരം മുതൽ ഹൃദയം യാത്രകളിൽ രണ്ടേരണ്ടു പാട്ടുകൾ മാത്രം കേൾക്കുന്നു.
മെയ് മാസമേ.....
വാക പൂമരം ചൂടും......
ഗുൽമോഹർ കൊമ്പിലെ കനൽപ്പൂക്കളുടെ ചോപ്പു വെട്ടം ഹൃദയത്തെ ഇത്ര മേൽ വിഷാദാർദ്രമാക്കുന്നതെന്താണ്??
പറയാതെ വയ്യ,
ചുവപ്പ് എന്നും വിഷാദം മാത്രം തന്നു!
വർണ്ണശാസ്ത്രങ്ങളും നിറവിദഗ്ദ്ധരും പറയുന്നു ചുവപ്പിനെന്നും ഒന്നാം സ്ഥാനം.
കാരണം, ചുവപ്പ് ഊർജ്ജദായകം!
ഇഷ്ടനിറം ചോദിച്ചാൽ കുഞ്ഞന്റെ ഉത്തരം ചുവപ്പ്,
കാരണം ,റെഡ് നല്ല കളറാ.
ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇൻബോക്സ് സന്ദേശങ്ങളുടെ ആരംഭം,
''ചുവപ്പനഭിവാദ്യങ്ങൾ''!
ജീവിതത്തിലാദ്യമായി നീട്ടപ്പെട്ട റോസാപ്പൂവും ആശംസാകാർഡും ചുവപ്പ്!
ഒരു സന്ധ്യക്ക്‌ കരഞ്ഞു ചുവന്ന കണ്ണുകളിറുക്കിച്ചിമ്മി നോക്കി നിൽക്കുമ്പോൾ കണ്ടതും
അകന്നു പോയ തീവണ്ടിയുടെ ചുവന്ന വെട്ടം!
''സാക്ഷികൾ'' ജനിച്ചതും മുദ്രാവാക്യം വിളിച്ചതും മരണനക്ഷത്രങ്ങളായതും 'ചോര'ച്ചോപ്പിൽ!
അങ്ങനെയങ്ങനെ ചുവപ്പില്ലാതെ
എന്തു ജീവിതമെന്നു ചിലർ!
എങ്കിലും പറയാതെ വയ്യ,
ചുവപ്പെന്നും ഹൃദയത്തിന് വിഷാദം മാത്രം തന്നു!
ചുവപ്പിന്റെ ഒന്നാം വിഷാദസാക്ഷ്യം
---------------------------------------------------------
കാരമണമുള്ള കുമ്മായമടർന്ന നരച്ച ചുവരുകൾക്കുള്ളിൽ ഏഴര വെളുപ്പിന് പെൺപല്ലുകൾക്കിടയിൽ ഞെരിച്ചമർത്തപ്പെട്ടൊരമറൽ. അകമ്പടിയായി ''കുംഭീപാകനരകം'' താണ്ടിയെത്തിയ ചോരച്ചുവപ്പു ചായക്കൂട്ടിൽ മുങ്ങിയ പെൺകുഞ്ഞിക്കരച്ചിൽ. ചുവപ്പിന്റെ ആദ്യ വിഷാദ ഗാനം!
ചുവപ്പിന്റെ രണ്ടാം വിഷാദസാക്ഷ്യം
--------------------------------------------------------
വേനലവധിക്ക് ചോയിപ്പറമ്പിലെ കട്ടക്കാരയ്‌ക്കച്ചെടികൾക്കിടയിൽ നൂണ്ടിറങ്ങുമ്പോൾ കാലുതട്ടിയൊരു വഴുവഴുപ്പ്! ഭയന്നു പിന്നോട്ടു മാറുമ്പോൾ കണ്ടത് ചെമ്പൻ ശല്ക്കങ്ങൾക്കിടയിൽ പാറിയ ചെന്തീ! ഉച്ചവെയിലിനേക്കാൾ തീക്ഷ്ണതയുള്ള വിഷച്ചൂട് തട്ടി കരിഞ്ഞ കട്ടക്കാരയ്ക്കായിലക്കൂട്ടങ്ങൾ. രണ്ടും രണ്ടും നാലോ മറ്റൊരു രണ്ടോ എന്നു തോന്നിപ്പിച്ച കറുത്ത പളുങ്കുഗോട്ടിക്കണ്ണുകൾ. ഹൃദയത്തെ മയക്കിയൊരു സീൽക്കാരത്തോടെ അവ ചുറ്റിപ്പിണഞ്ഞു. പെരുവിരൽത്തരിപ്പിൽ തറഞ്ഞുപോയ കാലുകൾ വലിച്ചൂരിയോടി. കട്ടക്കാരയ്ക്കാമുള്ളുകൊണ്ടു ഉടലാകെ നീറി. കടുംചോപ്പുവിഷാദം മുറിവായിൽ നിന്നൊഴുകി. കിണറ്റുവക്കിൽ കാൽമുറിവുകൾ കഴുകുംനേരം കണ്ടു, പുള്ളിപ്പാവാടയിൽ ചോപ്പുവൃത്തങ്ങൾ! കാൽവണ്ണയിലെ ചുവന്ന കല്ലുകൾ നിലയ്ക്കാത്തൊരുറവയായി ചാലിടുന്നു. ഭയം കഠിനവിഷാദത്തിനു കീഴടങ്ങി. പെണ്ണുടൽ മാനംകാണാമയിൽപ്പീലിയായ ഏഴു ദിനരാത്രങ്ങൾ! വിഷാദഭരിത ഡയറിക്കുറിപ്പുകൾ!
ചുവപ്പിന്റെ മൂന്നാം വിഷാദസാക്ഷ്യം
-------------------------------------------------------------
അനിവാര്യമെന്നു പറയപ്പെടുന്ന അപഹരണത്തിന്റെ പ്രതീകാത്മക സിന്ദൂരത്തിനും ചോപ്പുനിറം! ആകാശനീലിമയിൽ പൂക്കൾ തുന്നിച്ചേർത്ത കിടക്കവിരിയിലെ വെളുത്ത ലില്ലിപ്പൂക്കൾ രാവുവെളുത്തപ്പോൾ ചുവന്ന വാകപ്പൂക്കളായി പരിവർത്തനം ചെയ്യപ്പെട്ടു. എന്നേയ്‌ക്കുമായി നഷ്ടപെട്ട ''കർണകവച''ത്തെയോർത്തു ഹൃദയം വിഷാദച്ചുഴിയിലമർന്നു!
വിഷാദസാക്ഷ്യങ്ങൾ ആവർത്തിക്കപ്പെടുന്നു.
ഒടുക്കത്തെ സാക്ഷ്യം
---------------------------------
നെഞ്ചത്തു കൈവച്ച്‌ തലയ്ക്കൽ തിരിവച്ച് വിളറിവെളുത്തു വെറുംനിലത്ത് നീണ്ടുനിവർന്ന് മരവിച്ചു കിടക്കുമ്പോൾ , മൂടപ്പെട്ടേയ്ക്കാവുന്ന മന്ത്രകോടി ശവക്കച്ചയ്ക്കും ചോപ്പുനിറം.
മരിച്ചവളുടെ രക്തംവലിഞ്ഞ സിരകളിൽ എന്നേയ്ക്കുമായി പതിയ്ക്കപ്പെട്ടേക്കാവുന്ന വിഷാദമുദ്ര!
ഒടുവിലെ സാക്ഷ്യമെങ്കിലും ഹൃദയത്തിനു തിരുത്തിക്കുറിയ്ക്കണമത്രെ!
അമാവാസിരാത്രിക്കറുപ്പിൽ വെള്ളിനക്ഷത്രങ്ങൾ മിന്നുന്നൊരു ചേല തിരയുകയാണു ഞാൻ.
അതിൽ ,
മരിച്ചവളുടെ കാഴ്ചകളുണ്ട്,
വെള്ളിത്തിളക്കമാർന്ന ചിന്തകളുണ്ട് ,
കറുത്തിരുണ്ടുപെയ്ത മഴകളിൽ
ഒറ്റപ്പെട്ടുപോയ ചില ഭീതികളുണ്ട്,
കീൽക്കറുപ്പുള്ള ചില ഓർമ്മകളുണ്ട് ,
അവൾ, നക്ഷത്ര'ക്കണ്മണി'യ്ക്കുള്ളിലാക്കി സൂക്ഷിച്ച കിനാക്കളുണ്ട് ,
ചുരുളൻമുടിക്കറുപ്പിലൊളിച്ച അനുരാഗമുഖമുണ്ട്,
നിലാവുവറ്റിക്കറുത്ത അനുഭവക്കയ്പ്പുകളിലും
കണ്ണുചിമ്മിക്കത്തിയ കൈയ്യെത്താദൂരത്തെ സ്നേഹതാരങ്ങളുണ്ട്!
അമാവാസിരാത്രിക്കറുപ്പിൽ മിന്നുന്ന വെള്ളിനക്ഷത്രങ്ങളുള്ള ചേല തിരയുകയാണു ഞാൻ!
തിരുത്തിക്കുറിക്കണം, ഒടുവിലെ സാക്ഷ്യമെങ്കിലും!

കപ്പലിനെക്കുറിച്ചുള്ള വിചിത്ര പുസ്തകം- ഒരുവളുടെ വായനാനുഭവം ..

കേളേശ്വരം ശിവക്ഷേത്രത്തിലൊരു വാരസ്യാരുണ്ടായിരുന്നു ...
എരിക്കിൻ പൂക്കൾ കൊണ്ടു മാലകെട്ടുമ്പോൾ അവരുടെ കൈവേഗം എന്നെ അമ്പരപ്പിച്ചിരുന്നു !
അടുക്കും ചിട്ടയുമില്ലാതെ ഞാൻ കോർത്തു വച്ച ചെമ്പരത്തി മാല കണ്ടു ശിവൻ ചെമ്പരത്തിക്കണ്ണു കൊണ്ട് എന്നെ നോക്കുമോയെന്നു പേടിച്ച് ഒരിക്കൽ മാല കെട്ടാൻ പഠിക്കാൻ തീരുമാനിച്ചു .
പൂവിറുക്കുമ്പോൾ ചെടിയുടെ സമ്മതം ചോദിക്കണമെന്നും
തുളസിയിലയെങ്കിൽ തുളസീ മന്ത്രം ജപിക്കണമെന്നും
പൂവിനേക്കാൾ മൃദുലമായി അവയെ കൈകാര്യം ചെയ്യണമെന്നും വാരസ്യാരമ്മ പറഞ്ഞു .
രണ്ടും നാലും ആറും പൂക്കൾ ഒന്നിച്ചു കൊരുത്തു മാല കെട്ടാൻ ഞാൻ പഠിച്ചതെങ്ങനെയാണ് !
ബന്ധുവീടുകളിൽ കല്യാണത്തലേന്ന്‌ എന്റെ മുന്നിൽ മുല്ലപ്പൂക്കൂമ്പാരങ്ങൾ നിറയാൻ തുടങ്ങിയതും അങ്ങനെയാണ് .
പക്ഷേ മാലകോർക്കുന്ന പാടവം എഴുത്തിലും വായനയിലും പ്രതിഫലിച്ചില്ല ..
അതെന്നും പഴയ ചെമ്പരത്തി മാല പോലെ ഒറ്റച്ചരടിൽ
പലയിടങ്ങളിലായി ചിതറിക്കിടന്നു !
പക്ഷെ കപ്പലിനെക്കുറിച്ചുള്ള പുസ്തകത്തിൽ ഇന്ദ്വേച്ചി
മനോഹരമായൊരു മാല കോർക്കുന്നതെങ്ങനെയെന്നു കാട്ടിത്തന്നു ...
പൂക്കളും മുത്തുകളും പവിഴമണികളും ചിലസ്വർണ്ണ മണൽത്തരികളും ഇടകലർത്തി കോർത്തെടുത്ത ഒരു സുന്ദര മാല !
ഓരോ അദ്ധ്യായത്തിന്റെയും അവസാനം അടുത്ത കഥ കോർക്കലിന്റെ ആദ്യപടിയാണ് ."സരസ്വതി 'യെന്ന ചരടിൽ കടൽ മണമുള്ള "കൃഷ്ണചന്ദ്രനെന്ന "ശംഖു ലോക്കറ്റാക്കി "ആന്റനീറ്റയെ " ശംഖിൽ നിറഞ്ഞ കടലാക്കി , "സൈദാനീയത്തെന്ന" പാരിജാതപ്പൂവിനെയും
ഏത്തലയെന്ന ജപമാല മുത്തിനെയും ഭാഗ്യലക്ഷ്മിയെന്ന പവിഴമണിയേയും കോർത്തെടുത്ത വിചിത്രവും മനോഹരവുമായ ഒരു കഥമാല !
"കപ്പൽ " ഒരു പ്രതീകമാണ് ...
ആധിപത്യത്തിന്റെ , താൻപോരിമയുടെ ,
സ്വാതന്ത്ര്യത്തിന്റെ , അടിമത്തത്തിന്റെ ,
പ്രണയത്തിന്റെ , വിരഹത്തിന്റെ ...
താദാത്മ്യം പ്രാപിക്കലിന്റെ ...
ഒക്കെയൊരു പ്രതീകം ..
അനന്ത വിശാല വിഹായസ്സിനു കീഴെ സമുദ്രാഴങ്ങൾക്കു മേൽ അതങ്ങനെ തലയുയർത്തിക്കുതിക്കുമ്പോൾ
ഗർവ്വിന്റെ വിവിധ മാനങ്ങൾ കണ്ടെത്തപ്പെടുന്നു .
ആത്മാവുള്ളൊരു കപ്പൽ ..
കടലാഴങ്ങൾ കീഴടക്കി ,
രതിയും പ്രണയവും പ്രതീക്ഷയും വിരഹവും ആഗ്രഹങ്ങളും ആവേശവും സാഹസികതയും നെഞ്ചിൽ നിറച്ച് കീഴ്പ്പെടുത്തലുകളുടെ പുതിയ പാഠങ്ങൾ രചിച്ച് , അതങ്ങനെ മുന്നേറുമ്പോൾ ഹൃദയവും മറ്റൊരു "മോബിഡിക്കായി " അതിനുമുന്നിൽ കുതിച്ചു നീന്തിപ്പായുന്നു .
മേപ്പാങ്കുന്നിനു താഴെ , സരസ്വതിയുടെ വെളുത്ത പെറ്റിക്കോട്ടു പടർത്തിയ ചോരമണം നോവൽ അവസാനിക്കും വരെ മൂക്കിനെ പിന്തുടർന്നു !
"ഭയങ്കാവ്" മുതൽ , "മൃതപ്രേമങ്ങളുടെ വസന്തകാലം" വരെയുള്ള മുപ്പത്തിയാറ് അദ്ധ്യായങ്ങൾ രാപ്പകൽ ഭേദമെന്യേ വായിച്ചു തീർക്കുമ്പോൾ ഹൃദയത്തിന് ഭയത്തുടിപ്പുകൾ ഉണ്ടായിരുന്നതേയില്ല .
മുപ്പത്തിയേഴാം അദ്ധ്യായം , "ഏകാന്തയെഴുത്തുകൾ "
ഹൃദയത്തെ പഴയ ചില കത്തെഴുത്തോർമ്മിപ്പിച്ചു .
മരിച്ചു പോയ ചില പ്രിയപ്പെട്ടവർക്ക് വേണ്ടി എഴുതി സൂക്ഷിക്കപ്പെട്ട ചില കത്തുകൾ !
ഇത്തവണ നാട്ടിൽപോകുമ്പോൾ പഴയ കാൽപ്പെട്ടി തുറന്നു അവയെല്ലാം കടലാസ് വഞ്ചികളാക്കി ഒഴുക്കിക്കളയണമെന്നും അല്ലെങ്കിൽ മാതേര്‌ കുന്നിന്റെ ഉച്ചിയിൽ നിന്നു കുനുകുനാ കീറി കാറ്റിൽ പറത്തണമെന്നും ഹൃദയമോർത്തു !
മുപ്പത്തിയെട്ടാം അദ്ധ്യായം വായിച്ചത് പാതിരാവിലാണ് .
അന്നേരം മുതൽ ഭയം ഹൃദയത്തെ മൂടാൻ തുടങ്ങി .
"മരിച്ചവർ സംസാരിക്കുന്ന ഇരുട്ടിന്റെ രഹസ്യ ഭാഷയിൽ" എന്നെ വിട്ടുപോയ പ്രിയപ്പെട്ടവരെല്ലാം എന്നോട് സംവദിക്കാൻ തുടങ്ങി !!
"ഓർമ്മകൾ ഒന്നിന് പിറകെ ഒന്നായി നിശബ്ദമാകാൻ തുടങ്ങി "
അതിൽനിന്നു രക്ഷപ്പെടാൻ
ജനറൽ ആൽബർട്ടോ മേയറിന്റെ രണ്ടാം കപ്പിത്താനായ രവിരാമവർമ്മൻ കടലിനോടു സംസാരിച്ച ഭാഷയിൽ ഞാനെന്റെ ജനവാതിൽ തുറന്നു മരുക്കാറ്റിനോട് സംസാരിച്ചു തുടങ്ങി !
ഒടുവിലെ അദ്ധ്യായം - നാല്പത്തിയൊന്നാം അദ്ധ്യായം വായിക്കുമ്പോൾ ,
ജനറൽ ആൽബർട്ടോ മേയറെന്ന പ്രേതക്കപ്പലോ
രവിരാമവർമ്മനോ ആന്റനീറ്റയെന്ന സ്വർണ്ണത്തലമുടിക്കാരിയോ കൃഷ്ണചന്ദ്രനെന്ന കപ്പലന്വേഷിയോ ഹൃദയത്തിലുണ്ടായില്ല ...
ഒന്നേയൊന്ന് മാത്രം ...കടൽ ....
"കാഴ്ചകളുടെ കരിങ്കടൽ
അത്ഭുതങ്ങളുടെ വിചിത്രക്കടൽ
സ്വപ്നങ്ങളുടെ സ്വർണ്ണക്കടൽ ..."
കടൽ ..മാത്രം ...!
കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം
കടലിനെക്കുറിച്ചുള്ള വിചിത്രപുസ്തകമായി മാറിയതെങ്ങനെയാണ് .
ഇന്ദ്വേച്ചീ ....
ഇതു വായിച്ചു തീർക്കാൻ ഞാൻ ബദ്ധപ്പെട്ടു ...ഇതെഴുതാനും ...
സ്ത്രീകൾ രതിയിലും പ്രേമത്തിലും എന്തുമാതിരി തരക്കാരികളാണെന്ന് ഒരുപക്ഷേ പുരുഷൻമാർ അതിശയിച്ചേക്കാം .
ഇതെന്തുമാതിരി സങ്കല്പങ്ങളെന്ന് പരസ്പരം സംസാരിച്ചേക്കാം ...
അതിരുകടന്ന വന്യതയെന്നു കുറ്റപ്പെടുത്തിയേക്കാം ...
ധൈര്യവതികളായ ആധുനിക സ്ത്രീപ്രതീകങ്ങൾ
ഇതിലില്ലെന്ന് ആവർത്തിക്കപ്പെട്ടേക്കാം ..
പക്ഷേ , സ്ത്രീയെന്ന നിലയിൽ ഹൃദയം പറയുന്നു ...
സരസ്വതിയെപ്പോലെ ശക്തയാകുവാൻ മറ്റാർക്കു കഴിയും ?
മൗനത്തിന്റെ ശക്തി ചിലനേരങ്ങളിൽ
അട്ടഹാസത്തിനുണ്ടാവില്ലെന്നതു പോലെ !
പിൻ കുറിപ്പ് :
ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചുള്ള വിചിത്ര പുസ്തകം വായിച്ച ഒരു സാധാരണക്കാരിയുടെ അഭിപ്രായമാണിത് ...കഥയിലെയും നോവലിലെയും എഴുത്തിന്റെ ശൈലികളെക്കുറിച്ചു ശാസ്ത്രീയമായി പറയാൻ അറിവില്ലാത്ത ഒരുവളുടെ വായനാനുഭവം ..
അതുകൊണ്ടു തന്നെ സാഹിത്യക്കണ്ണോടെ ഇതു കാണാതിരിക്കുക ..

നിഴൽയുദ്ധങ്ങൾ - വായനാനുഭവം .

claustrophobia എന്ന എന്റെ അസുഖത്തിന്
ഏകദേശം പതിനെട്ടു കൊല്ലം പഴക്കം വരും !
YMCA യുടെ ഒരു പരിപാടിക്ക് ആദ്യമായി തിരുവനന്തപുരത്തു പോകുമ്പോൾ
ആ നാലുനില കെട്ടിടത്തിലെ ലിഫ്റ്റിൽ ഒരരമണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷമാവണം
ഈ ഭയം ബോധ- അബോധ തലങ്ങളിൽ ഇരിപ്പുറപ്പിച്ചതെന്നായിരുന്നു
നഗരഹൃദയത്തിലെ കൗൺസിലറുടെ കണ്ടെത്തൽ !
എന്തായാലും കഴിഞ്ഞ രണ്ടുമൂന്നാഴ്ച്ചകളായി
ഹൃദയം വീണ്ടും അസ്വസ്ഥമാവുന്നു .
ഇവിടത്തെ അടച്ചിട്ട ബസ്‌സ്റ്റോപ്പുകളിൽ , കണ്ണാടി ലിഫ്റ്റുകളിൽ , ചൂട് നിറഞ്ഞ ബാത്റൂമുകളിൽ , എന്തിന് പാഞ്ഞുപോകുന്ന മെട്രോയ്ക്കകത്തു പോലും ഹൃദയത്തിനു ശ്വാസം മുട്ടുന്നു .
എന്റെ ഭർത്താവ് , കഴുത്തു കയറിയ ടീഷർട്ടിട്ടാൽ ,
കുഞ്ഞൻ ഇറുക്കമുള്ള ട്രൗസർ ധരിച്ചാൽ
ഹൃദയത്തിനു വിമ്മിഷ്ടം !
രാത്രികളിൽ ആരോ മുഖത്തു തലയിണ വച്ചമർത്തിയെന്നപോലെ
ശ്വാസം കിട്ടാതെ ഞെട്ടിയുണരുന്നു .
ഒക്കെയ്ക്കും കാരണമൊരു വാക്വം അറ !
പോളേട്ടന്റെ പുസ്തകത്തിലെ വാക്വം അറ .
മനുഷ്യരെ ശ്വാസം മുട്ടിച്ചു കൊന്ന് ,
അവരുടെ ജീവ വായു തന്നിലേക്കാവാഹിച്ചു നിർത്തുന്ന ,
ചിന്തകൾ പോലും പുറത്തേയ്ക്കു പോവാത്ത അറ !
കുറ്റാന്വേഷണ കഥകളോ സയൻസ് ഫിക്ഷനുകളോ മാന്ത്രിക നോവലുകളോ
അധികം വായിക്കാൻ സാധിച്ചിട്ടില്ല .
ഈ പറഞ്ഞ മൂന്നും ഒരൊറ്റ നോവലിൽ ഒന്നിച്ചാൽ എങ്ങനെയാവും ?
അതാണ് ശ്രീ .പോൾ സെബാസ്ററ്യന്റെ ""നിഴൽ യുദ്ധങ്ങൾ "".
ഹൃദയത്തെ ഏറെ ആകർഷിച്ചത് അതിലെ കഥാപാത്രങ്ങളാണ് .
പ്രത്യേകിച്ചും പ്രധാന കഥാപാത്രം .
കുറ്റാന്വേഷണമെന്നു കേൾക്കുമ്പോൾ കോട്ടും തൊപ്പിയും ചുരുട്ടും
വലിച്ചിറങ്ങുന്ന നായകനെയാണ് ഇന്നുവരെ ഹൃദയം സങ്കല്പിച്ചിരുന്നത് .
പോളേട്ടന്റെ ""ദീപ "" ആ ധാരണ തിരുത്തിക്കുറിച്ചു .
എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു .
ചോര കണ്ടാൽ തല കറങ്ങുന്ന ,
സന്ധ്യക്ക്‌ പുറത്തിറങ്ങാത്ത ,
എപ്പോഴും തലകുനിച്ചു നടന്ന ദീപ.
നിഴൽ യുദ്ധങ്ങളിലെ ദീപയെ വായിച്ച ശേഷം
എന്റെ ദീപയ്ക്കു അവളുടെ ധൈര്യം ചാർത്തിക്കൊടുത്തു ഹൃദയം !
ദീപയെന്ന പേരും ഹൃദയത്തെ അതിശയിപ്പിച്ചു .
സാധാരണമട്ടിൽ ജീവിക്കുന്ന അസാധാരണ പെൺകുട്ടി !!
നോവൽ ആരംഭിക്കുമ്പോഴേ ഒപ്പം തുടങ്ങിയ ഉത്കണ്ഠ
ഒടുവിൽ അവസാന പുറം മറിയ്ക്കുമ്പോൾ ആശ്വാസമായി പരിണമിച്ചു .
കുറ്റാന്വേഷക ഒരു സ്ത്രീയാണ് എന്നതുകൊണ്ട് തന്നെ അവളുടെ ഓരോ ചലനങ്ങളിലും
എന്റെ ""സ്ത്രീ "ഹൃദയം ജാഗരൂകമായിരുന്നു .
വിഷസർപ്പങ്ങൾ നിറഞ്ഞ മുറിയിൽ ദീപയ്ക്കു വേണ്ടി ഹൃദയം ഗരുഢ മന്ത്രം ജപിച്ചു .
ജലം നിറഞ്ഞ അറയ്ക്കുള്ളിലെങ്ങാനും അവൾ പെട്ടു പോയാൽ
വരുണ ഗായത്രി ഓർമ്മിച്ചുവയ്ക്കണമെന്നുറച്ചു .
ഓരോ നിമിഷത്തിലും ദീപ ഞാനായിക്കൊണ്ടിരുന്നു .
ചില നേരങ്ങളിൽ ഹൃദയം ടിപ്പിക്കൽ പുരുഷ ""പക്ഷ "" വാദിയായി ,
ഒരു പെണ്ണിനെക്കൊണ്ട് ഇതൊക്കെ ചെയ്യാനാവുമോ എന്നു ചോദിച്ചു !!
മറ്റു ചിലപ്പോൾ തീർത്തും സ്ത്രീ പക്ഷം പിടിച്ചു
പെണ്ണിനെക്കൊണ്ടേ ഇതു പറ്റൂ എന്നുറപ്പിച്ചു .
കാടും കാടിനടിയിലെ കൊട്ടാരവും വാക്വം ബ്രിക്സുമെല്ലാം
ഹൃദയത്തെ മറ്റൊരു ലോകത്തെത്തിച്ചു .
എഴുത്തുകാരന്റെ സങ്കൽപ്പജാല വിദ്യകൾ
നിഴൽയുദ്ധങ്ങളിൽ ഉടനീളം കാണപ്പെട്ടു .
മഴയും പുഴയും മണ്ണും മനസ്സുമല്ലാതെ നിനക്കെന്തെഴുതാനറിയാമെന്ന്
ഹൃദയം സ്വയം കുറ്റം പറഞ്ഞു .
നിനക്കു പഴഞ്ചൻ ഓർമ്മകളല്ലാതെ സങ്കല്പങ്ങളില്ലെന്നു
പോളേട്ടൻ വാക്കുകൾ കൊണ്ടു വരച്ചിട്ട വഴി നോക്കി അസൂയപ്പെട്ടു നെടുവീർപ്പിട്ടു .
പോളേട്ടാ ,
എന്റെ ഫോബിയയെ വീണ്ടും ഉണർത്തിവിട്ടെങ്കിലും
നിഴൽയുദ്ധങ്ങൾ സമ്മാനിച്ച വായനാനുഭവം വളരെ വലുതാണ് .
( ആ ശ്വാസം മുട്ടലിന്റെ ധാർമ്മിക ഉത്തരവാദിത്തം എഴുത്തുകാരന്റെവർണ്ണനകൾക്കുള്ളതാകുന്നു )
പുസ്തകങ്ങളെ മുൻവിധിയോടെ സമീപിക്കരുതെന്ന് ഞാൻ പഠിച്ചു ...
ദീപയുടെ അന്വേഷണങ്ങൾ ഇനിയും തുടരട്ടെ ...
ഹൃദയപൂർവ്വം ആശംസകൾ ...
വാൽക്കഷണം - നാഗരഹസ്യം
പൊതുവെ ഹൃദയം സർപ്പങ്ങളെ സ്നേഹിക്കുന്നു .അതുകൊണ്ടുതന്നെ
മുല്ലപ്പടർപ്പിലെ ആ കുഞ്ഞൻ സർപ്പത്തെ ഞാൻ നെഞ്ചേറ്റുന്നു .
എന്റെ ശ്വാസതാളത്തിനൊപ്പം നെഞ്ചിലിഴഞ്ഞു അവൻ ഇരട്ട നാവുകൊണ്ട് തൊട്ട്
എന്നെ ഭ്രമിപ്പിക്കുന്നു . പ്രകൃതി രഹസ്യങ്ങൾ അവന്റെ പളുങ്കുഗോട്ടി കണ്ണുകളിലൂടെ
മിനുത്ത ഉടൽ ശല്ക്കങ്ങളിലൂടെ എന്റെ ഉള്ളറകളിലേയ്ക്ക് പ്രവേശിക്കുന്നു .
എന്നിലെ അഹന്ത പടം പൊഴിക്കുന്നു !