ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 11 January 2015

ഒരു "വൈര"ക്കഥ

ഹൃദയത്തെക്കൊണ്ടു തോറ്റു !!!!!

അടുത്തിടെയായി പുതിയൊരു മോഹം പറഞ്ഞ്
ഹൃദയം നിരന്തരം തോണ്ടുന്നു.....!
"ഒരു മൂക്കുത്തി "
അതുമൊരു  "വൈരമൂക്കുത്തി "!!!

"അയ്യടാ ..." എന്നൊരു  മഞ്ജു വാര്യർ ഡയലോഗിൽ
മോഹത്തിന്റെ കഴുത്തു പിടിച്ചു ഞെരിക്കാൻ നോക്കി....
എവിടെ ...??.....പിന്നെയും പിന്നെയും തോണ്ടൽ തന്നെ....!!

പണ്ട് അച്ഛനൊപ്പം സായാഹ്ന സവാരിയ്ക്കിറങ്ങുമ്പോൾ
കണ്ണടച്ചു കാട്ടിയ പാവമോൾക്ക്‌ വേണ്ടി
തോണ്ടിത്തോണ്ടി തോറ്റ പോലെ ..
ഹൃദയം തോൽവി സമ്മതിക്കുമെന്നു കരുതി.

രക്ഷയില്ല , ഇത്തവണ വാശിയാണത്രേ !!
വൈരമൂക്കുത്തി വേണം...

കഴിഞ്ഞ അമാവാസിയ്ക്ക് ,
പതിവു പാതിരാകാഴ്ചയ്ക്ക് ജനൽപ്പോള തുറക്കാനായുമ്പോൾ ,
താഴെ തിളങ്ങിയ വൈരക്കല്ലുകൾ...
കറുമ്പിയുടെ വൈരക്കണ്ണുകൾ !!

അതു കണ്ട് ,
"നാൽപ്പാമരാദി"യിൽ മഞ്ഞച്ച
പഴയ മൂക്കുത്തിയുടെ വെള്ളക്കല്ലിൽ നോക്കി
ഹൃദയം നെടുവീർപ്പിട്ടു .....
"ഒരു വൈരമൂക്കുത്തി "!

തിരുവാതിര പുലർച്ചയ്ക്കു ചെമ്പകച്ചോട്ടിലെ
കറുകത്തുമ്പു ചൂടിയ "വൈരക്കല്ലുകൾ "
ഹൃദയത്തെ വീണ്ടും കൊതിപ്പിച്ചു....

അന്ന് രാത്രി മുറ്റത്തുലാത്തിയ ഹൃദയം
വെറുതെയൊന്നു മേലോട്ടു നോക്കിയപ്പോഴോ ......
മാനത്തൊരു "വൈരനക്ഷത്ര മാല "!!!

അടങ്ങിയിരിക്കാനൊക്കുമോ ??
ഹൃദയത്തിനും വേണം...
 "ഒരു വൈര മൂക്കുത്തി "!

പിന്തിരിപ്പിയ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഹൃദയം ചോദിക്കുന്നു .....
"വൈരത്തോടെന്തേ ...ഇത്ര .."വൈരം""??

അപ്പോഴുണ്ട് ,
പഴയ ചില "വൈരക്കഥകൾ "
പടിയിറങ്ങിച്ചാടി വരുന്നു ..............

ഒൻപതാം ക്ലാസ്സിൽ ,
ഒപ്പം പഠിച്ച "വൈരക്കണ്ണുള്ള " സജില ...,

ട്യൂഷൻ ക്ലാസ്സിൽ ,സിഗരറ്റു കൂടിനുള്ളിൽ വച്ച്
അവൾക്കു കൈമാറിക്കിട്ടിയ
പ്രേമലേഖനത്തിന്റെ കഥ തന്ന കയ്പ്പിൽ ,
ഗ്രന്ഥശാലയിൽ പോയി തപ്പിയെടുത്തു
ഒറ്റരാത്രിയിൽ വായിച്ചു തീർത്തത്‌
മറ്റൊരു "പ്രേമലേഖനം "!!

അന്ന് കിട്ടാതെ പോയൊരു പ്രേമലേഖനത്തിന്റെ ഓർമ്മയ്ക്ക്‌ ,
ഇന്നും പശ്ചാത്തലമൊന്ന് .....

എപ്പോഴും വിയർക്കുന്ന മേൽച്ചുണ്ടിലെ
നനുത്ത നീല രോമങ്ങൾ പ്രതിഫലിച്ചിരുന്ന
സജിലയുടെ "ഇന്ദ്രനീല - വൈരക്കണ്ണുകൾ "!!!

ഉള്ളിലെ "വൈരം " ഒരു പടി കൂടിച്ചാടി ....

പതിനെട്ടാം പിറന്നാളിന് കാമുകനോടു കെഞ്ചി
അവന്റെ ട്യൂഷൻ ഫീസു മറിച്ച്
"വൈര " ലോക്കറ്റു (ഡ്യൂക്ക്ലി ) സമ്മാനമായി വാങ്ങിയ ജീന .....

ഇരുപതാം പിറന്നാളിന് കൃത്യം പത്തു ദിവസം മുൻപ് ,
കടും നീലയിൽ "വൈര " നക്ഷത്രങ്ങൾ മിന്നുന്ന പട്ടുസാരിയണിഞ്ഞു
മണവാളനോടു ചേർന്നു ചിരിച്ചു കൊഞ്ചി ....!

കെഞ്ചലിനും കൊഞ്ചലിനുമിടയിലെ ദൂരം കണ്ണീരു കൊണ്ടളന്ന്
സപ്ലിയോടു മല്ലിട്ടു പഴയ കാമുകൻ ...!!

പടികളിടവിട്ടു ചാടി "വൈര"മൊന്നു നിന്നു ....
ഒരു മരണ വീടിനു മുന്നിൽ ...!!

ചലനമറ്റു കിടന്ന ഒരേയൊരു ജ്യേഷ്ഠന്റെ
മരവിച്ച നെഞ്ചിൽ വീണ്
തലയറഞ്ഞു കരഞ്ഞൊരു അനുജത്തി ...
പഴയൊരു ട്രെയിൻ ചങ്ങാത്തം ...

കരച്ചിൽ നെഞ്ചത്തടിയായി മാറുമ്പോൾ
അതിന്റെ താളത്തിൽ കണ്ണുകളുടക്കി !!
മാറിലെ "ഒറ്റ വൈരപ്പതക്കത്തിൽ " മുഷ്ടി തട്ടാതെ
ചാഞ്ഞും ചരിഞ്ഞുമൊരു നെഞ്ചത്തടി !!!

പിന്നെയെപ്പോഴോ പുറം കൈ കൊണ്ടു കണ്ണീരു തുടച്ചു
വിശേഷങ്ങൾക്കിടയിൽ
ചെവിയിലൊ'രതിവിശേഷം'.....

"നീ കണ്ടോ ...എന്റെ  മാല ....വൈരമാ "

മൂക്കത്തു വിരൽ  വച്ച് പടിയിറങ്ങിയ ഹൃദയം
ധൃതിയിൽ നടന്നകലുമ്പോൾ .....നിലവിളി പിറകേ ....
"അയ്യോ ...ചേട്ടനെ കൊണ്ട് പോകല്ലേ......"!!!!

പടിയിറക്കത്തിന്റെ വേഗം കൂട്ടവേ ,
ഇടയ്ക്കു കേട്ടൊരു "ഊർധ്വനു " കാതോർത്തു
"വൈരം " നിന്നു ....!

ചില കുശുകുശുക്കലുകൾ .....

പരിചയക്കാരന്റെ അമ്മൂമ്മയ്ക്ക് അന്ത്യകൂദാശ ..
കൂദാശ കൊടുത്ത് അച്ഛൻ പോയ പിറകെ
ആശ മൂത്ത ചാർച്ചക്കാർ വക ചർച്ച ....

വിഷയം --- "അമ്മച്ചിയുടെ വൈരക്കമ്മൽ "!!!

രണ്ടാമത്തവന്റെ കെട്ടിക്കാറായ പെങ്കൊച്ചിനെന്ന് .....
മൂത്തവളുടെ മൂത്ത മോന്റെ കൊച്ചിനെന് ....
ഇളയവന്റെ ഇരട്ടക്കുട്ടികളിലെ
കാതുകുത്താനുള്ള പെങ്കൊച്ചിനെന്ന് .......

വെള്ളെഴുത്തു പടർന്ന അമ്മൂമ്മയുടെ "വജ്രക്കണ്ണുകൾ"
തലയിലെഴുത്തോർത്തു നിറഞ്ഞു കാണണം .....!!

അത് കാണാൻ നിൽക്കാതെയോടിയ "വൈരം"
ഇപ്പോഴുണ്ട്  ...ദേ ....ഹൃദയത്തിൽ കയറി
കുത്തിയിരിക്കുന്നു ....!!!!

എന്തു  ചെയ്യാൻ???
മുൻപെന്നോ പറഞ്ഞ പോലെ .....
"സ്ത്രൈണ ഹൃദയത്തിന്റെ ദൗർബല്യങ്ങൾ "!!!


വാൽക്കഷണം -:

"ആകാശത്തോളം മോഹിക്കൂ ....
ഒരു കുന്നോളം കിട്ടും "------- ഇത് പണ്ടേതോ ചങ്ങാതി
എന്റെ ഓട്ടോഗ്രാഫിൽ കുറിച്ചതോർമ്മയുണ്ട് ...

അത് തെറ്റി.....
കുന്നോളം കിട്ടിയില്ലെന്ന് മാത്രമല്ല ,
കുന്നിമണിയോളം പോയിക്കിട്ടുകയും ചെയ്തു !!

ഇന്നു വൈകുന്നേരം മുതൽ , ഒരു കുഞ്ഞു തുളസിക്കമ്പ്
 മൂക്കിന്റെയറ്റത്ത്‌ സ്ഥാനം പിടിച്ചു....
അതിനടുത്ത നിമിഷം ...
ചില്ലിട്ടു വച്ച "വൈര" മോഹം ..
ഹൃദയം  താഴെയിട്ടുടച്ചു കളഞ്ഞു ........

Thursday 8 January 2015

ചില്ലു ഹൃദയം പറഞ്ഞത്

 ഹൃദയം ചില്ലു പാളികളെ സ്നേഹിക്കുന്നു....
സ്വയം തീർത്ത കാരിരുമ്പു കൂട്ടിൽ കിടന്നു കൊണ്ട് !!!!!

ചില്ലു മറയിട്ട ജാലകങ്ങളെ ....
അവയുടെ കണ്ണീരായൊഴുകിപ്പരന്ന്,
വിറയാർന്ന വിരൽത്തുമ്പ് തൊട്ടെടുത്ത,
മരവിച്ച മഞ്ഞുകണങ്ങളെ .....

വർണ്ണച്ചില്ലുകൾ കൊണ്ടു തീർത്ത പടിവാതിലുകളെ ....
അവയ്ക്കപ്പുറമൊന്നും ഇപ്പുറം മറ്റൊന്നുമായി
പ്രത്യക്ഷപ്പെടുന്ന ചില്ലു മനസ്സുകളെ !!

ചില്ലലമാരകൾക്കുള്ളിലിരുന്നു സാകൂതം നോക്കുന്ന
പാവക്കുഞ്ഞുങ്ങളെ .....
ചില്ലിൽ തീർത്ത കുഞ്ഞു കുഞ്ഞു രൂപങ്ങളെ ....

ഒരു കണ്ണു കൊണ്ടു ചിരിച്ചും
മറുകണ്ണു കൊണ്ടു ചതിച്ചും
മനസ്സിനെ ഞെരിച്ചുടച്ച "പളുങ്കു" ഹൃദയങ്ങളെ ...!!

വിളമ്പിയതിൽ പാതിയും എച്ചിലായവശേഷിച്ചിട്ടും
വെളുക്കെച്ചിരിക്കുന്ന വെണ്മച്ചില്ലു പാത്രങ്ങളെ !!

കണ്ണീരുറഞ്ഞൊരു ചില്ലുതടാകം നെഞ്ചിനുള്ളിലൊളിപ്പിച്ച് ,
കണ്ണിലെ പളുങ്കു ഗോട്ടികളുടെ
പൂപ്പുഞ്ചിരികാട്ടിത്തരുന്ന നിലക്കണ്ണാടികളെ ...!!

കണ്ടതു ചെറുതാക്കാനും
കാണാത്തതു വലുതാക്കാനും കഴിവുള്ള
ചില കട്ടിച്ചില്ലു കണ്ണടകളെ ....!!

കണ്ണാടിച്ചുവരുകളുള്ള കുളിമുറികളെ ,
അവയ്ക്കുള്ളിലെ,
മനസ്സു ശുചിയാക്കാനുതകാത്ത
പളുങ്കു ജലത്തെ ...!!

ആവി പൊന്തുന്ന കടും ചായ "ഗ്ലാസ്സുകളെ ",
അവയെ മോന്തുന്ന അശ്ലീലച്ചുണ്ടുകളെ ...!!

എന്റെ കാൽ വെള്ളയിൽ ചോരപ്പൂ വിരിയിച്ച
കുപ്പിച്ചീളിനെ .....
തറഞ്ഞു കയറുന്നതിനേക്കാൾ വേദന ,
പറിച്ചു മാറ്റപ്പെടുമ്പോഴാണെന്ന പാഠത്തെ ...!!

സ്ഫടികക്കണ്ണുകളിൽക്കണ്ട പറയാ മോഹത്തെ....
നീണ്ട വിരലുകൾക്കും മെലിഞ്ഞ കൈത്തണ്ടയ്ക്കുമിടയിൽ
ഞെരിഞ്ഞമർന്നു വീണ കുപ്പിവളത്തുണ്ടുകളെ ....!!

ഹൃദയം ചില്ലു പാളികളെ സ്നേഹിക്കുന്നു ....!!

കാരണം.... അതിലളിതം .....

എല്ലാം തകർക്കാനൊരു ഞൊടി മതി !!

ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം
എറിഞ്ഞുടയ്ക്കാനെളുപ്പം ....

അതിലോർക്കേണ്ടതൊന്നു മാത്രം ...
"ഉടഞ്ഞ ചില്ലുകൾ കൊണ്ട്
ഹൃദയത്തിലൊരു പോറൽ പോലുമവശേഷിക്കരുത്....
എന്തെന്നാൽ ,
കാലമെത്ര താണ്ടിയാലും
അതിൽ നിന്നു ചോര പൊടിഞ്ഞു കൊണ്ടേയിരിക്കും ....!"

Saturday 3 January 2015

സ്വപ്ന പർവ്വം

സ്വപ്‌നങ്ങൾ കാണാതിരിക്കുക ദുഷ്ക്കരം ....
പകൽ പലതും ചിന്തിച്ചു കൂട്ടി
രാത്രി, ഉറക്കമില്ലായ്മയുടെ ഇടവേളകളിൽ
ഒക്കെയും നെഞ്ചിലേറ്റിക്കിടക്കുന്ന ഹൃദയം ,
എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോഴാവും
(ദു:)സ്വപ്നങ്ങളുടെ ഘോഷയാത്ര തുടങ്ങുക.....!!
അതിന്റെയുന്മാദത്തിലാടിയുലഞ്ഞുണരുമ്പോൾ കാണുന്നതോ ,
മങ്ങിയ വെളിച്ചത്തിൽ ക്ലോക്കിന്റെ സൂചി
"പ്രഭാത സവാരി"യ്ക്കിറങ്ങാൻ തുടങ്ങുന്നു !!
കഴിഞ്ഞില്ലേ എല്ലാം.....
വെളുപ്പാൻ കാലത്തെ സ്വപ്നം ഫലിക്കുമത്രേ !!
പിന്നൊരു പകലും രാവും കണ്ട കിനാവിന്റെ "ഫ്ലാഷ്ബാക്കി"ൽ
വെറുതേ കൊഴിഞ്ഞു വീഴുന്നു ...
സ്വപ്നം കണ്ടു നടന്ന പ്രായത്തിൽ
കണ്ടൊരു സിനിമയിലെ "തിലകൻ ഡയലോഗ് " ഓർമ്മ വരുന്നു.....
"കണ്ട സ്വപ്നം നിറമില്ലാത്തതെങ്കിൽ
സംശയിക്കണ്ട , നടന്നു കഴിഞ്ഞിരിക്കുന്നു ...
നിറമുള്ളതെങ്കിൽ.........
ഫലം പറയുക അസാധ്യം ...."
ഹൃദയമൊന്നു ഞെട്ടിയോ ?????
കണ്ട കിനാവിലെ നിറങ്ങളത്രയും
സുപരിചിതങ്ങളായിരുന്നല്ലോ !!!
ഫലം എന്താവും .....?? ...ആർക്കറിയാം ......
ഹൃദയം ആദ്യമായി ആഗ്രഹിച്ചു .....
"നിറമുള്ള സ്വപ്‌നങ്ങൾ കാണാതെ പോകട്ടെ ...."