ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 28 December 2020

ആസാദി

 ചില പ്രതിഷേധ കാഴ്ചകൾ തരുന്ന തിരിച്ചറിവിലൊന്ന് പാർവതി തിരുവോത്തിന്റെ വാചകമാണ് .

ഇന്ത്യയിൽ ജീവിക്കുന്ന ഓരോ സ്ത്രീയും (ഓരോ മനുഷ്യനും )ഉള്ളിൽ പേറി നടക്കുന്നത്
"നട്ടെല്ലിലൂടെ ഭയം അരിച്ചിറങ്ങുന്നു " എന്നതാണ് ...
ഇന്ത്യൻ സ്ത്രീ എന്ന വാചകത്തിൽ നിന്ന് കേരളത്തിലെ സ്ത്രീകൾ അല്ലെങ്കിൽ മലയാളി മങ്ക എന്ന ക്ളീഷേയിലേയ്ക് വന്നാൽ "അഭ്യസ്ത വിദ്യ " എന്ന മറ്റൊരു വാക്കിന്റെ ബലത്തിൽ ആ ഭയം ഒന്നുകൂടി ഉറയ്ക്കുകയാണ് ."ഗതികേട് "എന്ന മറ്റൊരു വാക്കിൽ പലപ്പോഴും തളച്ചിടപ്പെടുന്ന നല്ലൊരു ശതമാനം സ്ത്രീകളെക്കുറിച്ചും പരിഹാസരൂപേണ പലരും പറയുന്നതു കേൾക്കാറുണ്ട് - " എല്ലാം വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഇറങ്ങിപ്പോന്നൂടെ ? എന്തിനിങ്ങനെ ഗതികെട്ട് ജീവിക്കുന്നു . സ്വന്തം അഭിപ്രായം പോലും മര്യാദയ്ക്ക് പറയാൻ പറ്റാത്ത ജീവിതം എന്തിനാണ് ?"
അങ്ങനെ വലിച്ചെറിഞ്ഞു കളഞ്ഞിറങ്ങിപ്പോരുവാൻ ധൈര്യം കാണിച്ചവരോടും ഇനിയും അതിനുള്ളിൽ നിന്നിറങ്ങുവാൻ കഴിയാതെ വൃഥാ അതിനുവേണ്ടി ആഹ്വാനം ചെയ്യുന്നവരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ ," നമ്മൾ കാണുന്നതിനുമപ്പുറമാണ് ഈ നാട് ".
പൗരത്വ ബില്ലോ ? എന്താത് സാധനം ? എന്ന് അന്തം വിടുന്ന പെണ്ണുങ്ങൾ മുതൽ ( അതിൽ അടുക്കളപ്പെണ്ണുങ്ങളെ വെറുതെ വിടാം അവർക്ക് പലപ്പോഴും സ്വന്തം മുഖം നോക്കാൻ കൂടി നേരം കിട്ടിയെന്നു വരില്ല ! പക്ഷേ ചില ടിക്ടോക് യുവതികളെ ഒരു പുച്ഛച്ചിരിയുടെ അകമ്പടിയെങ്കിലുമില്ലാതെ ഒരിക്കലും വെറുതെ വിടാൻ കഴിയില്ല !) "നാളെ ജോലിക്കു പോണ സമയത്തു ഞാനും പോയൊരു മുദ്രാവാക്യം വിളിക്കും എന്ന് തീപ്പൊരിക്കണ്ണോടെ പറയുന്ന പെണ്ണുങ്ങൾ വരെയുണ്ടിവിടെ .
"എഴുതാനൊന്നും അറിഞ്ഞൂടാ ചേച്ചീ എന്നാലും ഫേസ് ബുക്കില് രണ്ടു വരിയെഴുതിയിട്ടില്ലേൽ ഒരു സമാധാനവുമില്ല "എന്ന് പറയുന്നവൾ മുതൽ "നാലരയ്ക്കെഴുന്നേറ്റതാ പതിനൊന്നു മണിക്കെങ്കിലും കിടക്കണം എഴുത്തിലെ തീപ്പൊരി കൊണ്ട് അടുപ്പു കത്തിക്കാൻ പറ്റൂല്ലല്ലോ" എന്ന് ആത്മഗതം നടത്തുന്നവൾ വരെയുണ്ട് !
എനിക്കഭിമാനമുണ്ട് . സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രതിഷേധജ്വാലകളിൽ സജീവസാന്നിധ്യമാകുവാൻ കഴിയുന്ന എന്റെ ചങ്ങാതിമാരെക്കുറിച്ചോർത്ത് .
എനിക്ക് നിസ്സഹായതയുണ്ട് . പ്രതിഷേധത്തിൽ നാട് കത്തുമ്പോഴും ഒന്നിലും ഭാഗമാകാൻ കഴിയാതെ എന്നേയ്ക്കുമായി നിശ്ശബ്ദരാക്കപ്പെട്ടു പോയവരെക്കുറിച്ചോർത്ത് .
ചില സീനുകളിൽ വരച്ചു വയ്ക്കപ്പെടുന്ന തൊണ്ണൂറു ശതമാനം അവസ്ഥകൾ ഇങ്ങനെയൊക്കെയാണ് :
സീൻ -1
വൈകുന്നേരം തയ്ച്ചു കൊടുക്കേണ്ട തുണിയിൽ ഘടിപ്പിക്കുവാൻ തൊങ്ങലുകൾ വാങ്ങുവാൻ സ്റ്റാച്യൂ ജംഗ്ഷൻ വഴി നടന്നു പോയ ഭാര്യ പൊടുന്നനെ പ്രതിഷേധ മുദ്രാവാക്യങ്ങൾക്കിടയിൽ പെട്ടുപോകുന്നു .
ഒടുവിൽ എങ്ങനെയൊക്കെയോ അവിടുന്ന് തലയൂരി അടുത്ത ബസ്സുപിടിച്ച് വീട്ടിലെത്തുന്നു . ക്ലൈമാക്സ് രാത്രിയിലാണ് .... നാലുകാലിൽ ആടിത്തുള്ളി വന്നുകയറിയ സോ കാൾഡ് കെട്ട്യോൻ " ഭ ...കൂ .....മോളെ ...ആരെ തുണി പൊക്കിക്കാണിക്കാനാഡീ നീ കച്ചേരീടെ മുന്നില് പോയത് ? നിനക്കെന്നേം കൊച്ചിനേം കളഞ്ഞിട്ട് ഏതു മേത്തൻറെ കൂടാഡീ പോണ്ടത് ? അവടെയൊരു ചമരം ...ത്ഫൂ " ( എഴുതിയ ഭാഷയിലെ തെറിയിൽ കുറച്ചു മയം വരുത്തിയിട്ടുണ്ട് എങ്കിലും ക്ഷമിക്കുക .)
ഒന്നും മനസ്സിലാവാതെ അമ്പരന്നു നിൽക്കുന്ന ഭാര്യ ...."ഗർഭം കലക്കി സീരിയൽ കണ്ടോണ്ടിരിക്കുന്ന അമ്മായിയമ്മ - ചുമ്മാതല്ല ഇവള് വന്നപ്പോ താമസിച്ചത് !"
പ്രതിഷേധം പോയിട്ട് കണ്ണീരുപോലും വരാത്ത അവസ്ഥ !
സീൻ -2
പുരികത്തിന്റെ വളവൊപ്പിച്ചു നൂലു പിടിച്ച് ഓരോ രോമങ്ങളും സൂക്ഷ്മതയോടെ പിഴുതെടുക്കുന്ന ബ്യൂട്ടിപാർലർ തൊഴിലാളി . ആസാമീസ്പെൺകുട്ടി . ഇടയ്ക്കൊരു ഫോൺ . അനുവാദം ചോദിച്ചിട്ട് അവളതെടുത്തു സംസാരിക്കുന്നു . ....അവളുടെ ഭാഷയിൽ .ദേഷ്യവും സങ്കടവും നിരാശയും മനസ്സിലാക്കാൻ ഭാഷയറിയണമെന്നില്ലെന്ന് അന്നേരമെനിക്ക് പിടികിട്ടി . ഫോൺ വച്ച ശേഷം കുറച്ചു നേരം അവളെന്തോ ആലോചിച്ചു നിന്നു . പിന്നെ നിസ്സംഗതയോടെ ജോലി തുടർന്നു . എന്തേലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് അറിയാവുന്ന ഹിന്ദിയിൽ അവൾ പറഞ്ഞു " നിങ്ങൾക്കറിയില്ല ദീദി ,ഞങ്ങളുടെ കാൽക്കീഴിൽ നിന്ന് ഭൂമി ഇല്ലാതാവുകയാണ് . ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമൊന്നുമല്ല ,ജീവിക്കുവാനൊരിടം തന്നെ ഇല്ലാതാക്കുകയാണവർ . കുടിയേറ്റക്കാർ ഒഴിയുമെന്നു പറയുന്നു ....വീണ്ടും വീണ്ടും കുടിയേറ്റങ്ങൾ നടക്കുമെന്ന് പറയുന്നു . ഞങ്ങൾക്ക് സ്വന്തം നാട്ടിൽ ജീവിക്കുവാൻ പറ്റാത്ത അവസ്ഥയാണ് . തൊഴിലില്ല ,വിദ്യാഭ്യാസമില്ല , ഇനി കിടക്കാനുമിടമില്ലാതാവും .ഇപ്പൊ സമരം ചെയ്തില്ലെങ്കിൽ പിന്നെപ്പോൾ ചെയ്യാനാണ് " ( അവളുടെ വാക്കുകളിൽ നിന്ന് മനസ്സിലായത് ഇത്രയുമാണ് .ഏതൊക്കെയോ വർഷക്കണക്കുകൾ പറഞ്ഞുവെങ്കിലും ഒന്നും പിടികിട്ടിയില്ല )
എന്തായാലും എനിക്ക് കയറിക്കിടക്കുവാൻ ഒരിടമുണ്ടല്ലോ ...നന്ദി ദൈവമേ നന്ദി ...എന്ന ശരാശരി മലയാളി മനഃശാസ്ത്രത്തിൽ ഞാനിറങ്ങി നടന്നു !
സീൻ -3
കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ് - നേരം ഒൻപതു മണിയോടടുത്തു ( ഓഫ്കോഴ്സ് രാത്രി !!!) ഒരു മൊബൈൽ ഫോണിന്റെ പിൻബലത്തിൽ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും നീണ്ടു വരുന്ന നോട്ടങ്ങളെ രൂക്ഷമായി നേരിട്ട് നിൽക്കുന്ന പെൺപുലി ! തൊട്ടപ്പുറത്ത് വട്ടിയൂർക്കാവ് -തൊഴുവൻകോട് റൂട്ട് ബസ്സ് കാത്തു നിൽക്കുന്ന നഗരത്തിലെ തുണിക്കടയിലോ മറ്റോ ജോലി ചെയ്യുന്ന യുവതികൾ .( യൂണിഫോമിൽ നിന്നും കാലുവേദനപ്പറച്ചിലിൽ നിന്നും പിടികിട്ടിയതാണ് ) .
ഒരുത്തി മറ്റവളോട് - ചേച്ചീ നാളെ വഞ്ചിയൂര് മറ്റേ ബില്ലിനെതിരെ സമരമുണ്ട് . നമുക്ക് പോയി മുദ്രാവാക്യം വിളിച്ചാലോ ? ചോദിച്ചിട്ട് നേരത്തെ എറങ്ങാം ?
മറ്റവൾ - നിനക്ക് പ്രാന്താണാ ? നേരത്തെ എറങ്ങിയാ അയ്യാള് നൂറു രൂപവെട്ടും . എനിക്കെങ്ങും വയ്യ .കഴിഞ്ഞ മാസം കൊച്ചിന് വയ്യാഞ്ഞിട്ട് ഉച്ചയ്ക്കിറങ്ങിയെന്നും പറഞ്ഞു ഒരു ദെവസത്തെ പൈസ പിടിച്ച കാലനാ .
ആദ്യത്തവൾ - എന്നാലും നമ്മളും പങ്കെടുക്കണ്ടേ ചേച്ചീ ? ഇന്നലേം കൂടെ അനിയൻ വാട്ട്സ്ആപ്പില് ഇട്ടാരുന്നു .നിനക്കൊക്കെ പോയി ചത്തൂടെ എന്ന് ചോദിച്ചപ്പം ഞാനങ്ങു ചമ്മിപ്പോയി .അവരക്ക് കൊച്ചീല് പരിപാടിയുണ്ടെന്ന് . പെൺപിള്ളേരൊക്കെ ഒരുപാടൊണ്ടെന്ന് .
കൊലമാസ്സ് മറ്റവൾ - അവന് എന്തരോ ഡിപ്ലോമാ ഒണ്ടാക്കാൻ ഈ മാസത്തെ പീച്ച് അയച്ചു കൊടുത്താരുന്നോ ? അവന്റടുത്ത് അതാദ്യം ഒണ്ടാക്കി നെന്റെ ഈ നിപ്പൊന്ന് തീർത്തു തരാൻ പറ . നനഞ്ഞടം കുഴിച്ചോണ്ടിരിക്കും കൊച്ചേ .ആദ്യം നീ നെന്റെ കാര്യംനോക്ക് .
ആദ്യത്തവൾ - എന്നാലും നമ്മക്കും പോവാരുന്നു ...
വട്ടിയൂർക്കാവ് ബസ് പിടിച്ചപ്പോൾ "ഒറ്റയ്ക്കായിപ്പോയല്ലോ ദൈവമേ" ഇരുന്നൂറെങ്കിൽ ഇരുന്നൂറ് ഇവിടിങ്ങനെ നിക്കണതിലും ഭേദം ഓട്ടോ പിടിക്കണതാണെന്നു ചിന്തിച്ച ,
അവളുടെയുള്ളിലെ അണഞ്ഞു പോയ പ്രതിഷേധജ്വാലയിൽ നിസ്സഹായയായ ഞാൻ !
സീൻ -4
അത്താഴമേശ .....
ചൂടുള്ള വഴുതനങ്ങാ വിന്താലുവിൽ ചപ്പാത്തിമുക്കി ..."ചപ്പാത്തിയ്ക്കിന്നു കട്ടി കൂടിപ്പോയില്ലേ ? വഴുതനങ്ങാ കുറച്ചധികം വെന്തുപോയില്ലേ ?" എന്ന സംശയവിരൽ നക്കുന്ന കണക്കു മാഷ് ഭർത്താവ് .
കറിയായിപ്പോയ വഴുതനങ്ങ നോക്കി നെടുവീർപ്പിടുന്ന സോഷ്യലധ്യാപിക ഭാര്യ .
സോ -"ചേട്ടാ ,ഞാനേ നാളെയൊരു ഹാഫ് ഡേ എടുത്താലോ എന്നാലോചിക്കുവാ "
ക -"ഉം ?"
സോ -അല്ല ...ഒരു സോഷ്യൽ സയൻസ് അധ്യാപികയായ എനിക്ക് ചില സാമൂഹികപ്രതിബദ്ധതയൊക്കെയില്ലേ ?
ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ നമ്മടെ നാട്ടിൽ നടക്കുമ്പോ നമ്മളെക്കൊണ്ട് കഴിയുന്ന പോലെ പ്രതിഷേധിക്കണ്ടേ ? ഇന്ന് എട്ടാം ക്‌ളാസ്സില് പാര്ലമെന്റ് പഠിപ്പിച്ചപ്പോ ഞാൻ പിള്ളേരോട് ചോദിച്ചു ഇപ്പൊ നമ്മുടെ നാട്ടിൽ നടക്കണതെന്തന്നറിയാവോ എന്ന് ? പിള്ളേർക്ക് ബില്ലെന്നു വച്ചാ മൊബൈൽ ബില്ലും സൂപ്പർമാർക്കറ്റ് ബില്ലുമേ അറിയത്തൊള്ളൂ .ഞാൻ പറഞ്ഞപ്പോ അവരന്തംവിട്ടിരിക്കുന്നു !
ക - "ഞാൻ പ്രവർത്തിക്കുന്ന സംഘടന മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ നിനക്കറിയാവോ ?"
സോ - ഉം .
ക - നമ്മുടെ നാടിന്റെ അവസ്ഥ ഭയാനകമാണ് . ഞങ്ങൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നാളെ വൈകിട്ട് മീറ്റിങ് വച്ചിട്ടുണ്ട് .എനിക്ക് ഒരു പീരീഡ് നേരത്തെ സ്കൂളീന്നിറങ്ങണം .അപ്പോപ്പിന്നെ നീ ഹാഫ് ഡേ എടുത്താ ആ എച്ച് എമ്മിന്റെ വായിലിരിക്കണത് കേക്കണ്ടേ ?
സോ - ഉം .
ക - പിന്നെ പ്രതിഷേധമൊക്കെ എപ്പഴാ കഴിയണതെന്നാർക്കറിയാം ! മക്കളു വരുമ്പം ഇവിടാള് വേണ്ടേ ? വിളക്ക് കത്തിയ്ക്കണ്ടേ ? അത്താഴത്തിന് എനിക്കിടിയപ്പം മതി .അതിന് ടൈമെടുക്കും . നീ താമസിച്ചാ ഒന്നും നടക്കൂല്ല .നെനക്കും കൂടി വേണ്ടിയല്ലേ ഞാൻ പ്രതിഷേധിക്കണത് ?
സോ -ഉം
ക - പിന്നെ ഈ സാമൂഹ്യപ്രതിബദ്ധത പറഞ്ഞാണ് എസ് പി സിയുടെ ഡ്യൂട്ടി നീ വലിച്ചു തലേല് വച്ചത് .അന്ന് എച്ച് എം പറഞ്ഞപ്പോഴേ ഞാൻ കണ്ണുകാണിച്ചതാണ് .നീ കേട്ടില്ല .അതോണ്ടിപ്പോ ശനിയാഴ്ചപോലും വീട്ടില് നിക്കാൻ പറ്റാതായി . നാട്ടുകാരുടെ പിള്ളേരെ ഉദ്ധരിക്കാൻ നടക്കുമ്പം സ്വന്തം പിള്ളേരെക്കൂടി ഗൗനിക്കണം . ഒന്നും പോരാഞ്ഞ് പോലീസ് ക്യാമ്പും ട്രെയിനിങ്ങും .
സോ - നിശബ്ദത .
ക - നാളെ രാവിലത്തേയ്ക്ക് അരിയിട്ട് ചാക്‌സണിൽ വെച്ചേക്ക് ഇന്നത്തെ ചോറ് വെന്തില്ലാരുന്നു .വെണ്ടയ്ക്കാ മെഴുക്കുപുരട്ടി ഉണ്ടാക്കണം .പാവയ്ക്കാ കിച്ചടീം .ഷുഗറിന് നല്ലതാ .
സോ - അതിന് എനിക്ക് ഷുഗറില്ലല്ലോ !
ക - എനിക്കൊണ്ടല്ലോ .പിന്നെ നിനക്ക് വരമ്പാടില്ല എന്നൊന്നുമില്ലല്ലോ .ഇപ്പഴേ ശീലിക്കണം .
ചാക്‌സണിൽ വേവുന്ന പ്രതിബദ്ധതയും വെണ്ടയ്ക്കയോടൊപ്പം മൊരിയുന്ന പ്രതിഷേധവും മറ്റാരേക്കാളും മനസ്സിലാവുന്നത് എനിക്കത്രേ !!
ഇനിയുമുണ്ട് സീനുകളേറെ .....
അതിൽ അരിവില അടുത്തമാസം കൂടുമെന്ന് കേട്ട് ഞെട്ടുന്നവരും ,റേഷൻകടയിലെ ഒഴിഞ്ഞ അരിച്ചാക്കു നോക്കി നെടുവീർപ്പിടുന്നവരും ,മീഞ്ചന്തയിൽ പോയി "ഫോർമാലിനിൽ പെടയ്ക്കണ " മീൻ കണ്ടു "അങ്ങേർക്ക് മീൻ വറുത്തതില്ലേൽ ചോറെറങ്ങൂല്ലല്ലോ" എന്ന് പരിതപിക്കുന്നവരും സീരിയലിലെ മിണ്ടാപ്പൂച്ചപ്പെണ്ണിനോടു ചെയ്യുന്ന ദ്രോഹങ്ങളെല്ലാം മനസ്സലിവിന്റെ തുള്ളിതൊടാതെ വിഴുങ്ങുന്നവരും ടിക് ടോക് പൊളിയാണ് ...ഈ ട്രോള് പൊളിയായിട്ടുണ്ട് ...."നീയെന്റെ ഫോട്ടോ ലൈക്കെയ്യണെ ഞാൻ നിന്റെ ലൈക്കാം" എന്ന് മെസ്സേജ് ചെയ്യുന്നവരും എന്റെ തല എന്റെ ഫുൾഫിഗർ വാദക്കാരും ഒക്കെയുൾപ്പെടും .
അതിനൊക്കെയിടയിലും അണയാതെ കത്തുന്ന ഒരു തീപ്പൊരിയായി നിലനിൽക്കുന്ന ക്യാംപസുകളിലാണ് പ്രതീക്ഷ .
തിളച്ചുമറിയുന്ന എണ്ണയിൽ പൊട്ടിത്തെറിച്ച കടുകുമണികളിലും , കുളിമുറിക്കണ്ണാടിയിൽ പ്രതിഫലിക്കുന്ന ചുരുട്ടിയ മുഷ്ടികളും സാരിവിടർത്തിക്കാട്ടുന്ന മസിലു കയറിയ കാൽവണ്ണകളിലും റോഡുവക്കിലെ കരിയിലകളടിച്ചു കൂട്ടുന്ന ചൂലിൻതുമ്പത്തും മീൻപ്നാലുകൾ ഒട്ടിപ്പിടിച്ച നെറ്റിവരകളിലും " ആസാദി " എന്നൊരൊറ്റയൊച്ച മുഴങ്ങുന്നുവെന്ന് ആർക്കു മനസിലാകും !
നോക്കൂ ,നിങ്ങൾ പരിഹസിക്കും പോലെ ഗതികെട്ട് ജീവിക്കുന്ന ജീവിതങ്ങൾക്ക് വേണ്ടി മാത്രമാണ് ഇതെഴുതുന്നത് .മാമൂലുകൾ അടിച്ചേൽപ്പിച്ച ഗതികേടിനോട് പൊരുത്തപ്പെടുന്നതും ഒരുതരം പ്രതിഷേധമാണ് .
അതിനിടയിലും സമൂഹത്തിലേക്ക് തുറക്കുന്ന കണ്ണുകൾക്ക് വേണ്ടി , പല്ലിറുമ്മുന്ന നിസ്സഹായതയ്ക്കു വേണ്ടിയാണ് എഴുതുന്നത് .
"ആസാദി എന്നാലെന്തെന്നറിയാമോ ? മുദ്രാവാക്യം വിളിക്കാനൊക്കെ ഗട്സ് വേണം ! പോയിച്ചത്തൂടെ?" എന്നു പലരും ചോദിക്കുന്നത് കേട്ട് നിരാശരാകുന്ന ആ എഴുപത്തഞ്ചു ശതമാനത്തിൽ ( കണക്ക് ശരിയല്ല .യാഥാർഥ്യം അതുക്കും മേലെയാണ് ! ) ചിലപ്പോഴെങ്കിലും ഞാനും ഉൾപ്പെടുന്നത് കൊണ്ട് മാത്രമാണ് എഴുതുന്നത് .
ആ പറഞ്ഞ" ശതമാനം "പെണ്ണുങ്ങളിൽ നല്ലൊരു വിഭാഗം നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചു വിവരമുള്ളവരും മനസ്സുകൊണ്ട് പ്രതിഷേധിക്കുന്നവരും ആണെന്ന് പറയുവാൻ കൂടിയാണ് ഇതെഴുതുന്നത് .
നോക്കൂ ,
നമ്മൾ കാണുന്നതിനുമപ്പുറമാണ് ഈ നാട് !
ഇവിടെ ഓരോ വീടുകളും തടങ്കൽപ്പാളയങ്ങളാണ് !
അപ്പോഴെല്ലാം ....ആസാദി എന്നു ചുരുട്ടിയെറിയപ്പെടുന്ന മുഷ്ടികളിലാണ് പ്രതീക്ഷ !
Helen Susil, Malu Hazeena and 15 others
3 Comments
Like
Comment
Share

No comments:

Post a Comment