ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 December 2018

ചില്ലകൾ

കടപുഴകി വീണിട്ടും 
എന്റെ ഞരമ്പുവേരുകൾ ഭ്രാന്തമായാഴ്ന്നിറങ്ങുന്നത് ,
വിരൽമുളകൾ പൊട്ടി വെയിൽവരതൊടുന്നത് ,
നിനക്കിരിക്കാനൊരു ചില്ലനീട്ടാനാണ് !
നോക്കൂ ,
നിന്റെയൊറ്റച്ചിറക് എന്നോ മാനം നോക്കിപ്പറന്നുവെന്ന്
അവയറിയുന്നതേയില്ല 🖤

വീണ്ടെടുക്കപ്പെടുന്നവ

ഹൃദയത്തിന്റെ ലഹളകൾക്കും സ്വയം കയർക്കലുകൾക്കുമൊടുക്കം മിണ്ടാനൊന്നുമില്ലാതാവുന്ന ഒരവസ്ഥയുണ്ട്
അന്നേരം ഏതോ ബസ്സിന്റെ ജാലകക്കാഴ്ച്ചപോലെയെത്തുന്ന ഓർമ്മകളുണ്ട്
എണ്ണമയത്തൊലി എപ്പോഴും പടർത്തുന്ന കൺ മഷി നനവൂറുന്ന ഓർമ്മകൾ
ചില പാട്ടുകളുടെ അകമ്പടിയിൽ അവയങ്ങനെ മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടേയിരിക്കും
അതിൽ ഒരു പതിനഞ്ചുകാരിപ്പെൺകുട്ടി കന്യാകുമാരിക്കടപ്പുറത്തു നിന്ന് വാങ്ങിയണിഞ്ഞു കിലുക്കിയ ശംഖുവളകൾ മുതൽ ഇരുപത്തി മൂന്നുകാരിയുടെ ആദ്യ കൊച്ചിയാത്രയിലെ തട്ടുദോശ വരെയുള്ള സീനുകളുണ്ടാവും .
തികച്ചും അതിശയിപ്പിക്കുന്നതെന്തെന്നാൽ ഇരുപത്തിനാലിനിപ്പുറം എന്റെയോർമ്മകൾ പാടെ എടുത്തുകളയപ്പെട്ടിരിക്കുന്നു!
എന്നുവച്ചാൽ ഓർമ്മയില്ലായ്മകളുടെ പതിനൊന്നു വർഷം !
എന്റേതെന്ന് അവകാശപ്പെടാവുന്ന മൺനിറച്ചുമരുകളും വെളുത്തു നേർത്ത ജാലകവിരികളും
ചുമരിലെ വെളുപ്പിൽ പിങ്ക് വൃത്തമുള്ള പൂക്കൾ നിറഞ്ഞ മരവും അതിലെ കിളികളും കിളിക്കൂടുകളുമുള്ള മുറിയിൽ പഴയൊരു ചാരുകസേരയിൽ ഓർമ്മത്തൂവാല തുന്നുകയാണ് ഞാൻ !
ഓർമ്മയില്ലായ്മകളുടെ പതിനൊന്നു വർഷങ്ങളിൽ നിന്നും വീണ്ടെടുക്കപ്പെടുന്നവ അത്രയേറെ പ്രിയപ്പെട്ടതാകുന്നു .🖤

നമുക്കും മരിച്ചവരുടെ ശബ്ദങ്ങൾ കേൾക്കാം

ആശുപത്രി വരാന്തകൾ ചില തിരിച്ചറിവുകളുടെയിടങ്ങളാണെന്ന് ഒരുവൾ
ഇത്രയും കാലം ആർക്ക്,എന്തിന് വേണ്ടി ഓടി നടന്നുവെന്നതിന്റെ തിരിച്ചറിവുകൾ !
ഒരു പന്തയക്കുതിരയെപ്പോലെ ഓടിത്തളർന്നു നിങ്ങൾ അവശതയുടെ മറുപേരെന്നപോലെ ബയോപ്സി ടേബിളിന്റെ മരണത്തണുപ്പുറഞ്ഞ സ്റ്റീൽ പിടിയിൽ,
പതറിയ മനോബലക്കൈകളുറപ്പിച്ച് 
ഒരു സൂചിക്കുത്തിനു നേരെ കണ്ണടച്ചു
കിടക്കുമ്പോൾ ഇടയ്ക്കു നോവിച്ചു പിൻവാങ്ങിയ സൂചിത്തലപ്പു തുറപ്പിച്ച കണ്ണുകൾ മാത്രം കണ്ട ,
വിളറിയ ആസ്പത്രി മച്ചിൽ തെളിയുന്ന തിരിച്ചറിവുകൾ !
മച്ച് കണ്ണാടിയാവുന്ന കാഴ്ച ഭീകരമത്രെ .
നിങ്ങളും പിന്നെ നിങ്ങളും മാത്രമാകുന്ന നേരങ്ങളിൽ
കൂടെയോടുന്നുവെന്നു നടിച്ചവരും ,
ഗാലറിയിലിരുന്ന് ആർപ്പുവിളിച്ചവരും
മൂക്കത്തു വിരൽ വച്ച് മാറിനിൽക്കുമെന്നവൾ !
ചെയ്യാനുള്ളത് നിസ്സംഗതയോടെ നേരിടുക മാത്രമെന്ന് അവളാവർത്തിക്കുമ്പോൾ
കണ്ണാടിയ്ക്കിപ്പുറം മൗനമായിരിക്കുക തന്നെ !
ആശ്വസിപ്പിക്കലുകൾ പണ്ടേ അന്യമായ ഹൃദയത്തിനു വേറെന്തു ചെയ്യാനാകും !

"സതീദേവിയും ഒരമ്മയാണ് - കുടിയിറക്കപ്പെട്ടവന്റെ നിലവിളികൾ വായനാനുഭവം

സ്വകാര്യ ബസ് സമരം ഒരു ഉച്ച ,ഉച്ചര,ഉച്ചമുക്കാലോടു കൂടി പിൻവലിക്കും മുൻപ്, തിരുവനന്തപുരം നഗരത്തിലേക്കുള്ള യാത്രയ്ക്കായി ആനവണ്ടി പിടിക്കാനിറങ്ങുമ്പോൾ
ഒച്ചിനെക്കാൾ പതിയെ പോകുന്ന ഒരു സമാന്തര സർവീസിൽ കണ്ടത് -
വളരെക്കുറച്ചു മാത്രം സീറ്റിംഗ്‌ കപ്പാസിറ്റി ഉള്ള ടി വാനിൽ
വാഗൺ ട്രാജഡിയാകുമോ എന്ന് തോന്നിക്കുമാറ് ആളുകളെ കയറ്റാൻ ബദ്ധപ്പെടുന്ന കിളി .
ആദ്യമേ തന്നെ സീറ്റു പിടിച്ച അഹങ്കാരത്തിൽ
ഞാനടക്കമുള്ള ചിലർ .
അക്കൂട്ടത്തിൽ ഇടയ്ക്കു വന്നു കയറിയ ഒരമ്മയും മോളും.
കണ്ടാൽ തോന്നില്ല .രണ്ടുപേരും ഏകദേശം ഒരേ പൊക്കം ഒരേ വണ്ണം .അമ്മയുടെ നെറ്റിയിലെ ഹെഡ് ലൈറ്റും കുട്ടീടെ അമ്മേന്നുള്ള വിളിയും കൊണ്ടേ കാര്യം പിടികിട്ടൂ .
സൈഡിൽ ചരിഞ്ഞിരിക്കുന്ന നീളൻ ഒറ്റസീറ്റിൽ ഇരുന്ന സ്ത്രീയിറങ്ങുമ്പോൾ അവിടെയിരുന്നോളൂ എന്ന് കിളി .തൊട്ടടുത്ത് ഇരുന്നതൊരു പുരുഷനാകയാൽ
അമ്മയുടെ മുഖത്ത് വിഷണ്ണഭാവം.
അവിടെയിരിക്കെന്റെ ചേച്ചീന്ന് നമ്മുടെ കിളിപ്പയ്യൻ!
ഒടുക്കം അമ്മയിരുന്നു .
കയറി വന്നപ്പോ ഒഴിഞ്ഞു കിടന്ന ഒരേയൊരു സീറ്റിന്റെ മറുപാതിയിൽ പുരുഷനെക്കണ്ടു ഒരു വിഷണ്ണതയും കൂടാതെ ഇരുന്ന എന്റെ ഭാവശുദ്ധി !
എന്റെയാ ഇരിപ്പു കണ്ടു കലിപ്പീരു നോട്ടം നോക്കിയ
അമ്മച്ചി ഈ സീൻ എത്തും മുൻപ് ഇറങ്ങിയല്ലോന്ന്
കടുത്ത ഇച്ഛാഭംഗം !
എന്തായാലും മകൾ അമ്മയുടെ അടുത്ത് തന്നെ തൂണും ചാരി നിൽപ്പുണ്ട് .
പെട്ടെന്നാണ് എന്നെ ഞെട്ടിച്ചു കൊണ്ടുള്ള
അമ്മയുടെ മൂവ്മെന്റ് .
ചുമ്മാ ഞൊട്ടയും വിട്ടു നിന്ന മകളെപ്പിടിച്ചു
പുരുഷകേസരിയുടേം അവരുടെയും നടുക്ക് തിരുകിക്കയറ്റി 🙄
(ഒരെലിക്കുഞ്ഞിനിരിക്കാനുള്ള സ്ഥലം പോലുമില്ലെന്നോർക്കണം )
പതിനാലു പതിനഞ്ചു വയസ്സ് വരുന്ന പെൺകുട്ടി അവളുടെ ഇഷ്ടക്കേട് "എന്തോന്നമ്മാ "എന്ന ഒറ്റ ഡയലോഗിൽ പ്രകടിപ്പിച്ചതും അമ്മ കത്തുന്ന നോട്ടം നോക്കിയതും ഒന്നിച്ച് !
അവിടുന്നങ്ങോട്ട് സകല വളവും തിരിവും ബ്രേക്കിടീലുകളും ആ കുട്ടി അയാളുടെ കക്ഷത്തിനിടയിൽപ്പെട്ട തലയിൽ അനുഭവിച്ചറിഞ്ഞു .
(വീണുപോകാതിരിക്കാൻ പുള്ളി മ്മടെ മലമ്പുഴ യക്ഷി മോഡൽ തലയ്ക്കു പിന്നിലൊരു പിടിത്തം പിടിച്ചിരുന്നു )
അയാളുടെ ഷർട്ടിൽ പടർന്ന വിയർപ്പു കറയും
അവളുടെ ഇടയ്ക്കിടെയുള്ള മൂക്ക് ചുളിക്കലും എന്നിലെ അമ്മയെ പൊള്ളിച്ചു .
ഇറങ്ങും മുൻപ് നിങ്ങൾ ഒരമ്മയാണോ എന്നെങ്കിലും ചോദിക്കണമെന്ന് കരുതിയിരുന്നു .പക്ഷെ പാതി വഴിക്ക് അവരിറങ്ങി .ഇറങ്ങുമ്പോൾ തിങ്ങി നിന്ന പുരുഷകേസരികളുടെ ദേഹത്ത് തട്ടി അവരുടെ ചാരിത്ര്യ മുത്തുകൾ പൊഴിഞ്ഞു വീഴുന്നുണ്ടോ എന്ന് നോക്കിയിരുന്നു .😏
ഭാഗ്യം ഒന്നും സംഭവിച്ചില്ല .
ഒരു പുരുഷന്റെയടുത്തിരിക്കണോ വേണ്ടയോ എന്നത് അവരുടെ സ്വാതന്ത്ര്യമാണ്.സമ്മതിക്കുന്നു .
പ്രായപൂർത്തിയാകാത്ത മകൾ അമ്മയ്ക്ക് കൊച്ചുകുട്ടിയാണെങ്കിലും അവൾക്കും അതേ സ്വാതന്ത്ര്യമുണ്ടെന്നു തന്നെയാണ് എന്റെ പക്ഷം .
ഒരുപക്ഷെ അയാളെപ്പോലൊരു മാന്യന്റെ അടുത്തല്ല അവളിരുന്നതെങ്കിൽ
അവൾക്കു നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്കെതിരെ അവൾ പ്രതികരിക്കുമോ ?
പ്രതികരിക്കാൻ അമ്മയുടെ കത്തുന്ന നോട്ടം അനുവദിക്കുമോ ?.
അങ്ങനെ ദേഷ്യവും സങ്കടവും നിറച്ചു ആനവണ്ടിയിൽ കയറിയിരിക്കുമ്പോൾ വായിക്കാനെടുത്തത്
"സതീദേവിയും ഒരമ്മയാണ് " എന്ന പേജാണ് .
അതുവായിച്ചു തീരുമ്പോൾ തലകുനിച്ച് അന്യനായൊരുവന്റെ വിയർപ്പു നാറ്റം സഹിച്ചു വീർപ്പുമുട്ടിയിരുന്ന കൗമാരക്കാരിയെ വീണ്ടുമോർത്തു .
സങ്കടം കൊണ്ടു തലപെരുത്തു 

ആർക്കറിയാം 🤐

ആത്മഹത്യകളെക്കുറിച്ചു വാചാലരാവുന്നവരോട് ....
നിങ്ങളുടെ എഴുത്തുകുത്തുകൾ കുത്തിയിരുന്ന് വായിച്ച് നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് ലൈക്കും സ്നേഹവും വിതറിപ്പോകുന്ന ചിലരുണ്ട് !
പുസ്തകങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വാതോരാതെ വർത്തമാനം പറഞ്ഞിരുന്നവർ !
തികച്ചും അനൗചിത്യമെങ്കിലും നിങ്ങളുടെ ഇരുന്നും കിടന്നുമുള്ള സെൽഫികളിൽ ടാഗ് ചെയ്യപ്പെട്ട് ഹൈഡ് ഫ്രം ടൈംലൈൻ ഓപ്ഷൻ അമർത്തി നിങ്ങളെ മുഷിപ്പിക്കാതെ ഒഴിഞ്ഞുമാറുന്നവർ..
അത്രമേലിഷ്ടമാകുന്ന നിങ്ങളുടെ എഴുത്തുകളിലലിഞ്ഞു മെസ്സേജ് ബോക്സിൽ എഴുത്തു നന്നായെന്ന് മറുപടി പ്രതീക്ഷിക്കാതെ കത്തെഴുതുന്നവർ...
നിങ്ങളുടെ മുഖപുസ്തക സ്റ്റാർഡം തിരിച്ചറിയാതെ അയ്യോ ഇത് നമ്മുടെ ****ല്ലേ എന്ന് പബ്ലിക് ആയി നിങ്ങളെ “ഇൻസൾട് “ചെയ്യുന്നവർ...
നിങ്ങളുടെ ചുവരെഴുത്തുപാടവത്തിൽ മനസ്സുനിറഞ്ഞുമിണ്ടുമ്പോൾ ,
ഓ ...ഞാനങ്ങനെ എല്ലാരോടും മിണ്ടാറില്ലെന്ന മറുവാക്കിൽ ചൂളിചുരുങ്ങി മടങ്ങുന്നവർ .
പിന്നെ പതിയെ ഓ ഇതൊക്കെ ഇത്രേയുള്ളൂ എന്ന് പിൻവാങ്ങുന്നവർ.
ഒരു സുപ്രഭാതത്തിൽ സ്വന്തം ചുവരിൽ നിന്ന് ഉൾവലിയുന്നവർ !
തിരഞ്ഞുതിരഞ്ഞൊടുക്കം ഒന്നുമില്ലായ്മയിലേയ്ക്ക് തിരികെപ്പോകുന്നവർ!
ആത്മഹത്യ എന്ന വാക്കിൽ വഴുതി "എന്നോടൊപ്പമുള്ളവരെന്ന പൊള്ളത്തരത്തിൽ കാലുതെന്നി വീണുമുറിഞ്ഞു ഹൃദയം നീറ്റുന്നവർ !
മരിച്ചുപോയവർക്കിടയിൽ ജീവിച്ചിരിക്കുന്ന അങ്ങനെയും ചിലരുണ്ട് ....
ഉണർവ്വിനും ഉറക്കത്തിനുമിടയിലെ ഇടവേളകളിൽ പലകുറി മരിക്കുന്നവർ .
പലപ്പോഴും "സുഖമല്ലേ " എന്ന ചോദ്യത്തിൽ "സുഖമല്ല"എന്നുത്തരം പറയാൻ നാവു പൊങ്ങാത്ത ചിലർ.
ഉറങ്ങാരാവുകളിലൊന്നിൽ വഴിയേതെന്നു മാത്രം ചിന്തിച്ചു കിടക്കുന്നവരുടെ അടുത്തേയ്ക്കു ഏതുവാക്കുവഴിയാണ് നിങ്ങൾക്കു നടന്നെത്താനാവുക !
ആർക്കറിയാം 🤐

ജീവിതമേ ...നീയെന്തൊക്കെയാണ് എന്നെക്കൊണ്ട് ചെയ്യിക്കുന്നത് 😌


മുപ്പത്താറാം വയസ്സില് കോളേജിൽ ചേർന്ന് പഠിക്കാനും ധൈര്യം വേണമെന്ന് മനസ്സിലഹങ്കരിച്ചതിന്റെ അടുത്ത ദിവസം എൺപത്തിമൂന്നാം വയസ്സിൽ പഠിക്കാൻ തീരുമാനിച്ച അമ്മയുടെ മുഖം പേപ്പറിൽ കണ്ടു ഞെട്ടി !
ഇതൊക്കെയൊരു ധൈര്യമേയല്ല എന്ന് സ്വയം നാണിച്ച് ,അഹങ്കാരത്തിന്റെ പത്തിമടക്കി പോക്കറ്റിലിട്ടു ബാഗുമെടുത്തു കോളേജിലേക്കിറങ്ങി.
(ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ആ അമ്മയുടെ മുഖമാണ് മനസ്സിൽ ) .
ആദ്യത്തെ ദിവസം .പത്തുവർഷം മുൻപ് ഇരുന്നു പഠിച്ച ലോ കോളേജ് ക്ലാസ്സ്മുറിയെ ഓർമ്മിപ്പിച്ചു .
എപ്പോഴും കാറ്റുവീശുന്ന നിറയെ വെളിച്ചമുള്ള ബിഎഡ് കോളേജ് ക്ലാസ്സ്മുറിയോട് വല്ലാത്ത സ്നേഹം
അടുത്തിടെയായി തുടങ്ങിയിരിക്കുന്ന ഓർമ്മക്കുറവ് വില്ലനാകുമോയെന്നു പേടിച്ചു സംവിധായകൻ റോഷൻ ആൻഡ്രൂസിന് നന്ദി പറഞ്ഞു പുസ്തകത്തിൽ ഹരിശ്രീയെഴുതി 😜
സീനിയേഴ്സ് ടീച്ചിങ് പ്രാക്ടിസിനു പോയത് കൊണ്ട് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല .
പതിവ് സെല്ഫ് ഇൻട്രൊഡക്ഷൻ ,ടീച്ചർമാരുടെ വക പരിചയപ്പെടുത്തലുകൾ ,പാട്ടുപാടിക്കൽ ... അങ്ങനെ നല്ലൊരു ദിവസം .
കയറിച്ചെന്ന ഓരോ ക്ലാസ്റൂമുകളും അവിടെ നടന്ന ഓരോ സംഭവങ്ങളും വീണ്ടുംവീണ്ടുമോർത്തു .
എത്ര അപക്വമായാണ് പണ്ടൊക്കെ പ്രശ്നങ്ങളെ നേരിട്ടതെന്ന് മധ്യവയസ്സിന്റെ "മാരക" പക്വതയ്ക്കുള്ളിൽ നിന്നുകൊണ്ട് വെറുതെ അതിശയിച്ചു 😂
ബിഎഡ് ഇന്റഗ്രേറ്റഡ് കോഴ്സ് ആകും മുൻപ് പഠിക്കാനിറങ്ങാൻ തോന്നിയല്ലോ എന്നാശ്വസിച്ചു .
അറബിയോട് മല്ലിട്ട് എന്റെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കുന്ന ,
വർഷങ്ങൾക്കു ശേഷം കിട്ടിയ ക്യാംപസ് ലൈഫ് എൻജോയ് ചെയ്യെടോന്ന് ഫോണിലൂടെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന കെട്ട്യോനെയോർത്ത്
"ദൈവമേ അങ്ങേരൊറ്റയ്ക്ക് ഖുബ്ബൂസും തിന്നു കിടക്കുവാണല്ലോ "ന്ന് സങ്കടപ്പെട്ടു .
അച്ഛന്റടുത്തു പോണ്ടേയമ്മാ ന്നു ഇടയ്ക്കിടെ പരാതിപ്പെടുന്ന കുഞ്ഞിനെ "അമ്മേടെ പഠിത്തം തീരട്ടെ "യെന്നു സമാധാനിപ്പിച്ചു .
അങ്ങനെ 'അമ്മ "പഠിക്കുകയാണ് .
നിറയെ കൗതുകങ്ങളുമായി ,ഒരൊറ്റ ലക്ഷ്യവുമായി
എപ്പോഴും കാറ്റുവീശുന്ന കുന്നിൻമുകളിൽ ക്ലാസ്സ്മുറിയിലിരുന്ന് ..
ജീവിതമേ ...നീയെന്തൊക്കെയാണ് എന്നെക്കൊണ്ട് ചെയ്യിക്കുന്നത് 😌

പെണ്ണിനുമാത്രം വശമുള്ള കല

ഡയറിക്കുറിപ്പ് :
നിങ്ങൾക്കറിയുമോ ?ഓരോ രാത്രിയിലും മരിച്ചുയിർക്കുന്ന ,പെണ്ണിനുമാത്രം വശമുള്ള കലയെക്കുറിച്ച് ?
തികച്ചും അന്യനായൊരുവന്റെ ഉടൽച്ചൂടിൽ പൊള്ളിപ്പിടഞ്ഞ് ,
അവന്റെയുമിനീർഗന്ധങ്ങളിൽ ,അവന്റെയുന്മാദനീരുകളിൽ നീറിക്കഴിയുമ്പോഴും
കൂടുമ്പോൾ ഇമ്പമുള്ളതാക്കിത്തീർക്കേണ്ടുന്ന കലാരൂപത്തിന്റെ ബാധ്യതയും ചുമന്നു അവൾക്കു നേരെ നീട്ടപ്പെട്ട ഭിക്ഷയിൽ ജീവിക്കുന്നവളുടെ മരണം!
കല്യാണരാത്രിമുതലിങ്ങോട്ട് നീണ്ട പന്ത്രണ്ടു വർഷക്കാലമായി താലികെട്ടിയവനാൽ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവളുടെ മരണം !
മരിക്കുവാനല്ല , ഭൂമിയിൽ ജീവിക്കുവാനാണ് ധൈര്യം വേണ്ടതെന്നൊരുവൾ !
------------------------------------------------------------
ചാലയുടെ തെരുവോരങ്ങളിലെ സന്ധ്യാഗന്ധം എനിക്കേറെ പ്രിയപ്പെട്ടതാണ് .
തീർത്തും ഒറ്റയ്ക്കാവണമെന്നു ഹൃദയം ശഠിക്കുന്ന ചിലനേരങ്ങളിൽ കോട്ടയുടെ മറുവശത്ത് എന്റെ ശകടമൊതുക്കി ,താക്കോൽ ചൂണ്ടുവിരലിൽ കോർത്ത് ഞാനിറങ്ങി നടക്കാറുണ്ട് .
അങ്ങനെയിന്നലെ പിച്ചിയും ജമന്തിയും മുല്ലയും മണത്ത തെരുവുപിന്നിട്ട് ,
പിച്ചളപ്പാത്രത്തെരുവ് കടന്ന് ,നെയ്മണമുള്ള മധുരത്തെരുവിലൂടെ ഇപ്പുറം കൊത്തുവാൾ തെരുവിന്റെ എരിവ് ഗന്ധത്തിലേയ്ക്ക് കയറുമ്പോൾ
മുളകുമണവുമായി എതിരേവന്നവളെത്തട്ടി എന്റെ മൂക്കിൻതുമ്പ്‌ നീറി !
പഴയ സഹപാഠികളിൽ പലരും എന്നെതിരിച്ചറിയാറുണ്ടെന്നത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് .
"വല്യ മാറ്റമൊന്നുമില്ലെന്നു "തുടങ്ങുന്ന അവരുടെ സംഭാഷണങ്ങളിൽ "എന്റെ മാറ്റങ്ങൾ "എനിക്ക് മാത്രം കാണാനാകുന്നതെങ്ങനെയെന്ന് ഞാനതിശയിക്കാറുണ്ട് !
കഴുത്തിൽ നിറംമാറിയ മഞ്ഞച്ചരടും പൊന്നിന്റെ തടിച്ചൊരു മാലയും താങ്ങാച്ചുമടായി പേറിയവൾ -മുളകുമണമുള്ളവൾ -പെട്ടെന്ന് തിരിഞ്ഞു നിന്ന്
"അഞ്ജലി "എന്നമ്പരന്നു .
എത്രകൊല്ലായി എന്ന് നെടുവീർപ്പിട്ടു .
ഇന്നലെയുടെ ഏതുവഴിയിലുണ്ടായിരുന്നിവൾ ?എന്നോർത്തെടുത്തപ്പോൾ പിറ്റ്മാൻസിന്റെ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിട്യൂട്ടിൽ കളഞ്ഞിട്ടു പോന്ന മൂന്നുമാസമോർമ്മവന്നു .കൂടെയവളെയും .
ചുരുണ്ടമുടിയും ,മുല്ലപ്പൂവും ,ചൊന്നപൊട്ടും തിളങ്ങുന്ന കുഞ്ഞു മൂക്കുത്തിയും ഓർമ്മവന്നു.അവളുടെചുരുണ്ടമുടിചകിരിമുടിയായതെങ്ങനെയെന്നും എന്റെമുടിയ്ക്കുള്ളിലും പിഴുതുമാറ്റാൻ കഴിയാത്തവണ്ണം ഇത്രയേറെ വെള്ളിമുടിയിഴകളുണ്ടാകുമോയെന്നും ഞാനത്ഭുതപ്പെട്ടു .അവളുടെ നെറ്റിയ്ക്കുമുകളിൽ മുടി വട്ടത്തിൽ കൊഴിഞ്ഞതിനു മുകളിൽ ഒട്ടും ഭംഗിയില്ലാതെ തൊട്ട നെടുനീളൻ സിന്ദൂരം.
അരയിലുറയ്ക്കാതെ തൂക്കിയിട്ട സാരി അവൾക്കൊട്ടും ചേരില്ലെന്നു തോന്നി .പണ്ട് കൃഷ്ണന്റമ്പത്തില് വച്ച് സാരിയുടുത്ത അവളെക്കണ്ടു അസൂയപ്പെട്ടു നിന്നതോർത്തെടുത്തു .(മറ്റുള്ളവരുടെ കുറവുകളിൽ നിന്ന് കണ്ണെടുക്കാൻ എന്നാണ് പഠിക്കുകയെന്ന് അടുത്തനിമിഷം ഞാനെന്നെ ശകാരിച്ചു ).
നീ വാ എത്രനാളുകൂടി കണ്ടതാ .നമുക്കൊരു ചായ കുടിക്കാമെന്നവൾ .ഇല്ലാത്ത തിരക്കഭിനയിക്കാൻ വായിനോക്കി നടക്കുന്ന ഞാൻ പണ്ടേ മിടുക്കിയാണ് .
പക്ഷേ പറഞ്ഞു തീരും മുൻപ് കൈപിടിച്ച് വലിച്ചു കഴിഞ്ഞു . വിനായക ടീസ്റ്റാളിന്റെ എണ്ണമെഴുക്കു പുരണ്ട മേശയിൽ എന്റെ കൈപ്പത്തിമേൽ കൈവച്ചു അവൾ വിശേഷങ്ങൾ ചോദിച്ചു .പിന്നെ ആരെയോ ഫോണിൽ വിളിച്ച് "മില്ലിൽ നല്ല തിരക്കാണ് .താമസിക്കും "എന്ന് ബോധ്യപ്പെടുത്തി .
കാപ്പിയും വടയും വന്നു .നീയിപ്പോൾ ഡാൻസൊക്കെ നിർത്തിയോ എന്നു ചോദിച്ചു ,
പണ്ട് അവൾകാണിച്ചുതന്ന ആൽബത്തിലെ ചിത്രങ്ങളോർത്തെടുത്തു അതേ ചോദ്യം തിരിച്ചു ചോദിച്ചു .ചിരിച്ചുകൊണ്ടവൾ പറഞ്ഞു
"എനിക്കെന്നും ഡാൻസ് തന്നെ ,പാതിരാത്രി പഴയ ഭരതനാട്യചുവടുകൾ ഓർത്തെടുത്തു ഏതോ സ്റ്റേജിൽ ആണെന്ന് കരുതാൻ രസമാണ് .ഭരതനാട്യം നടക്കുന്നത് എന്റെ മേത്താണെന്നു മാത്രം "
പിന്നെ ഇഴപൊട്ടാറായ ചരടിൽ മുറുകെപ്പിടിച്ചു പറഞ്ഞു "ഇത് വീണപ്പോ തുടങ്ങിയതാടീ ".
പിന്നെയവൾ റേഡിയോയായി ,ഞാൻ ശ്രോതാവും .
പറഞ്ഞതിനൊക്കെയും ചോദിച്ചതിനൊക്കെയും മറുപടിയില്ലാഞ്ഞ് തണുത്ത കാപ്പിയിൽ ഈച്ച വീണേക്കുമോയെന്നു ഭയന്ന് ഞാനിരുന്നു .
ഒടുക്കം അവൾ ബാക്കിവച്ചിറങ്ങിപ്പോയ പാടകെട്ടിയ കാപ്പിക്കപ്പു നോക്കി ,അപ്പോൾ തുടങ്ങിയ തലവേദനയ്ക്കുള്ള മരുന്ന് വണ്ടിയിലെ ബോക്സിലുണ്ടാവുമോയെന്ന്‌ ആശങ്കപ്പെട്ടു രാത്രീയിലേക്കിറങ്ങി നടന്നു 😶

ഒരു കാഴ്ചയുടെ അനുഭവം-മശ്‌ഹദ്

സ്വപ്നത്തിൽ അമ്മയുടെ പൊക്കിൾക്കൊടിത്തുമ്പു പിടിച്ച് അവൾ നീന്തുകയായിരുന്നു .പിങ്ക് നിറ വിരലുകൾ ചുരുട്ടിപ്പിടിച്ച കൈപ്പത്തിയോളം മാത്രം വലിപ്പമുള്ള അവളുടെ ഹൃദയം സമാധാനതാളത്തിൽ മിടിച്ചുകൊണ്ടേയിരുന്നു . ഉത്‌സവരാത്രികൾ പോലെ വർണ്ണശബളിമയുടെ അകമ്പടിയില്ലാതെ ഇരുട്ടിലവിടവിടെ ഒച്ചകൾ മുഴങ്ങിക്കേട്ടു.ഒടുവിലൊരൊറ്റയൊച്ചയിൽ വീണ അമ്മയ്‌ക്കൊപ്പം ഗര്ഭപാത്രത്തിലെയിരുട്ടിൽ അവൾക്കു വെളിച്ചം നഷ്ടമായി ...എന്നേയ്ക്കുമായി .
വെളുത്ത കാൻവാസിൽ അവളുടെ നീണ്ടവിരലുകൾ തീർത്ത നൂറുനിറങ്ങളാണ് എന്നെയാ സ്വപ്നത്തിൽ നിന്നുണർത്തിയത് .
അപ്പോഴേയ്ക്കും കടത്തിരകളിൽ നനഞ്ഞു മരവിച്ച കാലുകളിൽ മണൽത്തരികൾ കിരുകിരുത്തു .
കൈത്തണ്ടയിൽ നനുത്ത നീലരോമങ്ങളുള്ള, ഒരമ്മയും ചോന്ന പാദങ്ങളുള്ള ചെമ്പന്മുടിക്കാരിപ്പെൺകുഞ്ഞും
ബലിഷ്ഠമായ കൈകളിൽ അവളെയിടയ്ക്കു കോരിയെടുക്കുന്ന ചാരനിരക്കണ്ണുകളുള്ള ഒരച്ഛനും
ഇളംപച്ച നിറമുള്ള കടൽത്തീരത്ത് ശംഖുകൾ തേടി നടന്നു .
ചില സ്വപ്‌നങ്ങൾ കാഴ്ചകളുടെ ബാക്കിപത്രമാണ് .
ദോഹയിലെ എന്റെ ഈജിപ്ത്യൻ കൂട്ടുകാരി ഇമാൻ മഞ്ഞനിറമുള്ള വലിയ കാപ്സിക്കം ആസ്വദിച്ചു കഴിച്ചു ഡ്രൈവ് ചെയ്യുന്നതിനിടെ പങ്കുവച്ച ചില "മുല്ലപ്പൂ "ക്കഥകളുണ്ട് .അത് കേട്ടു കഴിഞ്ഞപ്പോഴേക്കും എന്റെ അടിവയറിനുള്ളിൽ നിന്നൊരു തണുപ്പ് സിരകളിലേയ്ക്കു പാഞ്ഞു താടിയ്ക്കു കീഴെ വന്നു കിടുകിടുത്തു .
വയറിനുള്ളിൽ ഏഴുമാസക്കാരൻ കുഞ്ഞൻ അസ്വസ്ഥതയുണ്ടാക്കി കൈമുട്ടുകളുന്തി .
എന്റെ ഭാവമാറ്റത്തിൽ ചകിതയായ അവൾ
"യാ അള്ളാ ,ഞാനിതെന്താണ് പറഞ്ഞത്" എന്ന് തലയ്ക്കടിച്ചു . രാത്രിയിൽ കോർണിഷിലേയ്ക്ക് തുറക്കുന്ന ബാൽക്കണിയിൽ കാലിൽ തുളയുന്ന സൂചിമുനത്തണുപ്പിനെ അവഗണിച്ചു ഞാനുറക്കം വരാതെയിരുന്നു .മനസ്സിലപ്പോഴും ജനാലയിലൂടെ പുറത്തേക്ക് വീണ പന്തെടുക്കാൻ ഓടിയ നാലുവയസ്സുകാൻ അഹമ്മദും അവനെ തടയാനായി ജനാലയിലൂടെ നോക്കി വെടിയേറ്റ് വീണ അവന്റെ അമ്മയും അവരുടെ വയറിനുള്ളിൽ എന്നേക്കുമായുറങ്ങിയ കുഞ്ഞു ജീവനുമായിരുന്നു .
ഷാബുച്ചേട്ടന്റെ "മശ്‌ഹദ് "നാട്ടിൽ പ്രദർശിപ്പിക്കുന്നുവെന്ന് അറിഞ്ഞ നിമിഷം മുതൽ ആലോചിക്കുന്നതാണ് ഞാനുമുണ്ടെന്ന് ഷാബുച്ചേട്ടനെ വിളിച്ചു പറയണം എന്ന് . എത്ര ആഗ്രഹിച്ചാലും സാധിക്കാതെ പോകുന്ന ചിലതിനെക്കുറിച്ചുള്ള ഓർമ്മ എന്നെ അതിൽ നിന്ന് തടഞ്ഞു .തീർച്ചയായും എത്തുമെന്ന് വാക്കു പറഞ്ഞ പലതും അവസാനനിമിഷം മാറ്റിവയ്‌ക്കേണ്ടി വന്ന അവസ്ഥകളോർത്തു .പോകുമ്പോൾ അവിടെ വച്ച് കാണാമല്ലോ എന്നു സമാധാനിച്ചു .പോകാനുള്ള തീരുമാനത്തിൽ ആണിയടിച്ചുറപ്പിച്ചത് പ്രീതയുടെ വിളിയാണ് .അങ്ങനെ കുഞ്ഞനെയും കൂട്ടി ആറ്റിങ്ങലെത്തി .സ്ഥിരമായി സിനിമകൾ കാണുന്ന ആളേയല്ലാത്തതിനാൽ സാങ്കേതികതയൊന്നും വശമില്ല .പണ്ടേ സിനിമകാണൽ ഹൃദയം കൊണ്ടാണ്
പല സാങ്കേതിക വശങ്ങളും മറ്റുള്ളവർ പറയുന്നത് കേട്ട് അന്തംവിട്ടിരിക്കുകയാണ് പതിവ് .
എന്തായാലും മശ്‌ഹദിന്റെ തുടക്കത്തിൽ കണ്ണിലലയടിച്ച കടൽത്തിരകൾ ഒടുക്കം കണ്ണീരായൊഴുകി .മശ്‌ഹദ് ഒരോർമ്മപ്പെടുത്തലായിരുന്നു .സിറിയയുടെ അവസ്ഥ ,ഇമാൻറെ വാക്കുകളിലെ അതിഭീകരമായ നിസ്സംഗത ഒക്കെയോർത്ത് ഉറങ്ങാതെ കിടന്ന എന്റെ ഗർഭകാല രാത്രികളുടെ സങ്കടകരമായ ഓർമ്മപ്പെടുത്തൽ !
പ്രിവിലേജുകളുടെ ലോകത്തു ജീവിക്കുന്നവർ തിരിച്ചറിയേണ്ട ജീവിതാവസ്ഥകൾ .
സിനിമയുടെ തിരശീല വീഴുമ്പോൾ കുഞ്ഞൻ വിടർന്ന കണ്ണുകളോടെ ചോദിച്ചു ,
"ആ ചേച്ചി എങ്ങന്യാമ്മാ ആ ചേച്ചീടമ്മേ വരച്ചേ ?"
മറുപടിയായി അവന്റെ കഥയമ്മ പാടി
"കണ്ണിനുള്ളിൽ കത്തിജ്വലിക്കും
ഉൾക്കണ്ണു വേണം അണയാത്ത കണ്ണ് "
കൈവിരൽത്തുമ്പുകളിൽ തൊട്ടറിഞ്ഞു തീർത്ത ഒരമ്മച്ചിത്രം അനാവരണം ചെയ്യപ്പെടുമ്പോൾ
മനസ്സ് വീണ്ടും മശ്‌ഹദിലെ അമ്മയുടെ വാക്കുകൾ ഓർത്തെടുത്തു
കാഴ്ചയില്ലായ്മ്മയ്ക്കുള്ളിലൊളിപ്പിച്ച ഉൾക്കാഴ്ചയുടെ നക്ഷത്രത്തിളക്കങ്ങളിൽ ഹൃദയം നിറഞ്ഞു .
സ്നേഹം ഷാബുച്ചേട്ടാ. Shabu Kilithattil
മനോഹരമായ ഒരു കാഴ്ചയുടെ അനുഭവം ,അതിനൊടുവിൽ കിട്ടിയൊരു ഉള്ളുനോവ് ,ഇങ്ങനെയും ചിലരെന്ന ഓർമ്മപ്പെടുത്തൽ ,അനുഭവിച്ചു പോരുന്ന സൗകര്യങ്ങളുടെ വില , ഒക്കെ ഹൃദയത്തിൽ സൂക്ഷിക്കുന്നു .
സ്നേഹത്തിന്റെ വയലറ്റുമ്മകൾ 💜💜😘
ആ പെൺകുട്ടിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ,അവളുടെ വിടർന്ന ചിരി വാടാതെയിരിക്കട്ടെ 😍

ഇറങ്ങിപ്പോരലുകൾ

ഇറങ്ങിപ്പോരുകയെന്നത് എളുപ്പമേയല്ല,
പ്രത്യേകിച്ചും അത്രമേൽ പ്രിയമുള്ള ചിലയിടങ്ങളിൽ നിന്ന് !
"തിരിഞ്ഞു നോക്കി നെടുവീർപ്പിടാൻ ഇത് നമ്മുടേതാണോ ?"
"വെറുതെ സെന്റിമെൻസ് പറയാതിരിക്കാമോ ?"
""ജീവിക്കാൻ മറന്നു പോയിട്ടല്ലേ ?"
എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തൽ ചോദ്യങ്ങൾ വെറുതെയാണെന്നു അത് ചോദിക്കുന്ന നിമിഷം തന്നെ ബോധ്യപ്പെടും .
പുറമേയ്ക്ക് ശക്തയാണെന്നു കാട്ടാനുള്ള മനസ്സിന്റെ ചിലയടവുകൾ മാത്രമാണത് !
ശക്തി ചോരും കാലമത്രേ വാർദ്ധക്യം ,
ശരീരത്തിന്റെയും മനസ്സിന്റെയും .
നരവീണ മുടിയിഴകളൊതുക്കി ,
കണ്ണട തുടച്ചു നേരെ വച്ച് ,
"ഒക്കെ പഴയതു തന്നെ ,ഞാനും നീയുമെല്ലാം
ഒന്നും മാറിയിട്ടില്ല "എന്ന് നടിക്കാൻ എഴുപതിനടുത്തു , പ്രായമുള്ളൊരുവൾക്ക് എങ്ങനെ കഴിയുന്നുവെന്ന് അത്ഭുതപ്പെടാറുണ്ട് !
അപ്പോഴെല്ലാം "'അമ്മ ,മകൾ തന്നെയാണ് "എന്ന് ഹൃദയം ആവർത്തിക്കാറുണ്ട് .
അത് നീ തന്നെയെന്ന ചൂണ്ടലുത്തരം !
അല്ലെങ്കിലും പലർക്കും നിസ്സാരമെന്നു തോന്നുന്നവയിൽ വാടിവീണും
അതിജീവിക്കില്ലെന്നു വിധിയെഴുതപ്പെട്ട അനുഭവങ്ങളിൽ കാരിരുമ്പായുയിർത്തെണീറ്റുമാണ് ശീലം .
എന്നിരുന്നാലും
ഇറങ്ങിപ്പോരലുകൾ തീരെ എളുപ്പമേയല്ല .
പ്രത്യേകിച്ചും ഓർമ്മകളിൽ നിന്ന് .
"പപ്പി നട്ട തേക്കിന്റെ അടുത്തുള്ള ഞല്ലി പ്ലാവില്ലേ ?
അത് കായ്ച്ചു .അതിനു താങ്ങാൻ പറ്റോ ആവോ ?
വെള്ളം കിട്ടാതെ അത് അതിജീവിക്കുമോ എന്ന് വ്യാകുലപ്പെട്ട് ,
നേരെയായാൽ മതിയായിരുന്നു പാവം എന്ന് പ്രാർത്ഥിച്ച് ,
ഇറങ്ങിപ്പോന്ന ഓർമ്മകളിലേക്ക് ഒരുവൾ നീരുവന്ന കാലുകളുമായി നടന്നു കയറുകയാണ് .
"അച്ഛനുള്ളിടത്ത് നട്ട അഗ്‌ളോണിമ വൈറ്റും റെഡും പിരിച്ചു വച്ചാൽ നന്നായിരുന്നു .
ക്രിസാന്തിമം പോയെന്നു തോന്നുന്നു .
ആ വെള്ള കടലാസു ചെടി ഉണങ്ങിത്തുടങ്ങി .
ഞാനുണ്ടായിരുന്നെങ്കിൽ നേരെയായിരുന്നേനെ "
എന്നിങ്ങനെ അച്ഛനില്ലാത്ത മുപ്പത്തേഴാം വിവാഹവാര്ഷിക ദിനത്തിൽ
അറ്റം പൊട്ടിയ പല്ലുകളും ഞരമ്പെഴുന്നു നിൽക്കുന്ന കൈത്തണ്ടയുമായി ഒരുവൾ പിറുപിറുക്കുന്നു .
തികച്ചും ശരിയാണ് ,
ഇറങ്ങിപ്പോരലുകൾ എളുപ്പമേയല്ല .
പ്രത്യേകിച്ചും നിങ്ങളെ നിങ്ങളാക്കുന്ന ഇടങ്ങളിൽ നിന്ന് !
നിങ്ങളിൽ നിന്ന് !

വിശ്വസനൂലിഴകൾ

ഹൃദയമൊരു ഹെലിക്കോപ്ടറാകുന്നു ...
ചില നിരീക്ഷണപ്പറക്കലുകളുടെ തലകറക്കത്തിൽ നിന്നൊഴിയാൻ ദിവസങ്ങളെടുക്കും !
അങ്ങനെയൊരു പറക്കലിൽ കണ്ട ദുബായ് മെട്രോക്കാഴ്ച ബ്രേയ്ക്കില്ലാഹൃദയത്തെ സഡൻ ബ്രേക്കിട്ടു നിർത്തിച്ചു .
സ്കൂളടപ്പിന് ശേഷമുള്ള വിരസവിഷാദദിനങ്ങളുടെയൊടുക്കത്തെ ഒറ്റവെള്ളി !
ദുബായ് തെണ്ടലിനിറങ്ങിയ മൂവർ സംഘം ഇബ്ൻ ബത്തൂത്ത മാൾ ലക്ഷ്യമാക്കി മെട്രോ പിടിച്ചു .
തലതിരിഞ്ഞ സ്റ്റേഷനെന്നു കുഞ്ഞൻ വിശേഷിപ്പിക്കുന്ന ADCB കഴിഞ്ഞപ്പോൾ മുതൽ ഹൃദയം പാടാൻ തുടങ്ങി ...
"പൊന്നണിഞ്ഞു മുന്നിൽ വന്ന ദേവകന്യ പോലൊരുങ്ങിയോ ദുബായ് "
പാട്ടൊക്കെപ്പാടി മാളും കണ്ടു മക്‌ഡൊണാൾഡ്‌സ് ബജറ്റ് ഐസ് ക്രീമും നുണഞ്ഞു സന്തുഷ്ട കുടുംബം റെഡ് ലൈൻ പിടിച്ചു വീട്ടിലേക്ക് .
എതിരെയിരുന്ന ഇണക്കിളികളെ നോക്കി ചൈനയോ കൊറിയയോന്നു നരവംശശാസ്ത്രം നൂലിഴ കീറി പരിശോധിക്കുന്നതിനിടയിലാണ് ഒരു മാസ്സ് എൻട്രി -
നാലുപേർ - രണ്ടാണും രണ്ടു പെണ്ണും .
രംഗം വിശകലനം ചെയ്യാൻ കമാൻഡ് കിട്ടിയ ഉടൻ ചൈന -കൊറിയ തർക്കം വിട്ടു ഹൃദയക്കോപ്ടർ പറന്നു തുടങ്ങി !
എക്സിബിറ്റ് A- സ്വർണാഭരണ വിഭൂഷിതൻ
പ്രായം അമ്പതിനോടടുക്കുമെന്നു കാഴ്ച പറഞ്ഞു
എക്സിബിറ്റ് B - എനിയ്ക്കിതിൽ റോളില്ലെന്ന മട്ടിലൊരു മണകൊണാഞ്ചൻ സിംപ്ലൻ
എക്സിബിറ്റ് C -സ്വ :വിഭൂഷിതയായ ഒരു സ്ത്രീ രത്നം
നാൽപ്പതു കഴിഞ്ഞുവെന്ന് കണ്ണ് പറഞ്ഞു
എന്തുകൊണ്ടോ എന്റെ കഴുത്തിന് താഴോട്ടുള്ള അവരുടെ നോട്ടം ഹൃദയത്തിനു പിടിച്ചില്ല .ആ ചേഷ്ടകളും .(സൂത്രധാരനിലെ ബിന്ദുപണിക്കരുടെ സന്ദർഭോചിത ചിത്രം )
എക്സിബിറ്റ് D - നേർത്ത ചുണ്ടുകളും വലിയ കണ്ണുകളുമുള്ള ഗോതമ്പു നിറമുള്ള
കതിരുപോലൊരു പെൺകുട്ടി
അവളുടെ കയ്യിലെ ഒറ്റകുപ്പിവളകൊണ്ട് ഹൃദയത്തിലൊരു നെടുനീളൻ പോറൽ വീണു .
ചുവന്ന ചുരിദാറിന്റെ നരച്ച ദുപ്പട്ടയിൽ വിരൽ ചുറ്റി ഒരു പതർച്ചയോടെ നിന്ന അവളുടെ നോട്ടം എന്റെ കണ്ണുകളിലുടക്കി .
ഒരു നിമിഷം ഞങ്ങൾ പരസ്പരം കണ്ടു .
അവളെന്റെ സാരിയിലേയ്ക്കും നെറ്റിയിലെ പൊട്ടിലേയ്ക്കും കൗതുകത്തോടെ നോക്കി .
വീണ്ടും എന്റെ കണ്ണുകളിലേയ്ക്ക് .
പെട്ടെന്നവൾ പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചു .
സ്വ: വിഭൂഷിതൻ ഇടതടവില്ലാതെ തമാശ പറഞ്ഞു അവളെ ചിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു .
അവൾക്കു പകരം
വായ നിറയെ പല്ലുള്ള എക്സിബിറ്റ് ബിയും കണ്ണിൽ ചൂണ്ടയുള്ള എക്സിബിറ്റ് സിയും ചിരിച്ചുകൊണ്ടേയിരുന്നു .
തമാശക്കാരൻ പോക്കറ്റിൽ നിന്നൊരു ഗമണ്ടൻ ഫോണെടുത്തു എന്തോ തിരയാൻ തുടങ്ങി .
മാറി നിന്ന പെൺകുട്ടിയെ അടുത്തേയ്ക്കു വിളിച്ചു .
വേണ്ടെന്നാംഗ്യം കാട്ടി അവളെന്നെ പരിഭ്രമത്തോടെ നോക്കി .
അയാളുച്ചത്തിൽ എന്തോ പറഞ്ഞു .മധ്യവസ്കയൊരു ശൃംഗാരച്ചിരിയിൽ അവളെ കണ്ണുകൊണ്ടു ശാസിച്ചു .
അറച്ചറച്ച് അവൾ ചെന്നു .അയാളെന്തൊക്കെയോ മൊബൈലിൽ കാട്ടിക്കൊടുത്തു .
ഇടയ്ക്കയാളുടെ തടിച്ച കൈപ്പത്തി അവളുടെ പിന്നിലേയ്ക്ക് പോകുന്നത് കണ്ടു ഹൃദയം നിരീക്ഷണമവസാനിപ്പിച്ചു .
പക്ഷെ പുറംകാഴ്ചയിലേയ്ക്ക് കണ്ണ് മാറ്റാനാവാത്തവിധം അവളെന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞു .
കാരണം മെട്രോയുടെ കറുത്ത ജനാലയിലൂടെ അവളെന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു !
അവരുടെ സംസാരഭാഷയ്ക്കു ഹിന്ദിയോടു സാമ്യമുണ്ടായിരുന്നു .
"നീ വിശ്വസിക്കാത്തതെന്താ "എന്ന നാല്പതുകാരിയുടെ ചോദ്യത്തിനു
"വിശ്വാസങ്ങളാണിങ്ങനെയാക്കിയതെന്നു "അവളെന്റെ ജനാലക്കണ്ണിൽ നോക്കിപ്പറഞ്ഞു .
എന്റെ അസ്വസ്ഥതയിൽ അവൾ പുഞ്ചരിച്ചു .
കൈ പുറകിൽ കെട്ടി പിന്നോട്ട് ചാരിനിന്ന അവളോട് ചേർന്ന് നിൽക്കൂ പെണ്ണേയെന്നയാൾ !
അതിനവൾ പറഞ്ഞ തർക്കുത്തരത്തിനു നിറയെ മോതിരമിട്ട വിരലുകൾ മടക്കി അയാളെണ്ണി ....
പിന്നെയേതോ കണക്കുകൾ പറഞ്ഞു .
നിസ്സഹായതയിൽ മരിച്ചു മരവിച്ച കണ്ണുകളോടെ അവളെന്നെ പാളി നോക്കി .പിന്നെയയാളുടെ തടിച്ച ദേഹത്ത് ചേർന്ന് നിന്നു .
എന്റെ കണ്ണ് നിറഞ്ഞു .
ഇടയ്ക്കൊരു സ്റ്റേഷനിൽ അവരിറങ്ങാനൊരുങ്ങുമ്പോൾ അയാളുടെ തടിച്ച കൈപ്പത്തി അവളുടെ അരക്കെട്ടിൽ . .
ഇത്തവണ ഹൃദയം മരിച്ചവളുടെ കണ്ണിലെ മരവിപ്പെന്തെന്നറിഞ്ഞു !
ഇറങ്ങിപ്പോകുമ്പോൾ ഒടുക്കത്തെ നോട്ടത്തിൽ അവളെന്റെ സമാധാനം കട്ടെടുത്തു .
ഈ നഗരത്തിലെവിടെയോ അവളുണ്ടെന്ന ഓർമ്മ
എന്നിലെ പെണ്ണിനെ പൊള്ളിക്കുന്നു .
ചതിക്കപ്പെടലുകളുടെ മഹാസാക്ഷ്യങ്ങൾക്കൊപ്പം ഒന്നുകൂടി ചേർക്കപ്പെടുകയാവാം .
മരുഭൂമിച്ചൂടിൽ ഉടല് പൊള്ളി ,ജീവിതചൂടിലുയിരു പൊള്ളി
ഏതോ അഡ്ഡയിൽ അവളുണ്ടാവുമോ ?
ചുരുണ്ട രോമങ്ങളും നിറയെ മോതിരങ്ങളുമുള്ള തടിച്ചൊരു കൈപ്പത്തി പാതിരാവുകളിലെന്നെ ശ്വാസം മുട്ടിയ്ക്കുന്നു !
ഉറക്കം വെടിഞ്ഞ രാത്രിജാലകക്കാഴ്ചകളിൽ
തീവണ്ടിജാലകക്കറുപ്പിൽ തെളിഞ്ഞു കണ്ട മുഖം വീണ്ടുമെന്നോട് പറയുന്നു ,
"വിശ്വാസങ്ങളാണിങ്ങനെയാക്കിയത് "!!

പിടിയിൽ നാഗമുദ്രയുള്ള കള്ളത്താക്കോലാവുക നീ

ഇലവുമരം കാറ്റിലുലഞ്ഞ സന്ധ്യയിലാണ്
മെലിഞ്ഞ കൈത്തണ്ടയിലെ വിഷസ്പർശമാകുവാൻ നീയെന്നെമോഹിച്ചത് !
മരം പെയ്യുന്നതു കാത്തു
മണ്ണോടുടൽ ചേർത്തുറങ്ങുകയായിരുന്നു ഞാൻ .
കാത്തിരിപ്പിന്റെ ധ്യാനത്തിനിടയിൽ
തുറക്കപ്പെട്ട പളുങ്കു കണ്ണുകളിൽ
നിന്റെ കണ്ണീരുപ്പ് നീറ്റലിറ്റിച്ച നേരത്താണ്
കാട് പൂത്ത ഗന്ധത്തിലെനിക്കുടൽ പെരുത്തത് !
നിന്റെ കൈത്തണ്ടയിലെന്നെ-
യടയാളപ്പെടുത്തണമെന്നോർത്തു
നിന്നിലേക്കിഴയുമ്പോഴാണ്
പറിച്ചെടുക്കപ്പെട്ടവയുടെ വേദനയിലുയിരു പൊള്ളിയത് !
ഇനിയെങ്ങനെ നിന്നിൽ ഞാനടയാളപ്പെടും ?
നിന്റെ കൈത്തണ്ടയിലെ പച്ചഞരമ്പിൽ
എന്റെ കടും നീലപ്രണയം കലർത്തും ?

കാഴ്ചകൾ

ഒരു പകലിന്റെയിരുതലയ്ക്കൽ 
നമ്മുടെ കാഴ്ചകൾ മാറുന്നു ...
നീയവളുടേതും 
ഞാൻഎന്റേതുമാകുന്നു 💜

ആകാശക്കനവുകൾ

ഒറ്റച്ചിറകുള്ള ഹൃദയമാണെന്റേത് !
പറക്കാനാവില്ല ...പിടയ്ക്കുക മാത്രം .
നീ നീട്ടുന്നയാകാശത്തെ എങ്ങനെയാണത് കൈയ്യേൽക്കുക ?
നീയിവിടം വിട്ടേക്കുക ...
പറക്കാച്ചിറകു പിടഞ്ഞു തീരട്ടെ 💜

തൊടലുകൾ

നീയെന്നെത്തൊട്ടുവെന്നു നിന്റെ വാക്കുവരകളെന്നോട് പറയുന്നു .
തൊടലുകൾ തോന്നലുകളെന്നു ഞാൻ !
ഇവിടെയാരും ആരെയും തൊടുന്നില്ല.
ബോധ്യപ്പെടുത്തലുകളുടെ ആയുസ്സ് 
ബോധ്യമാകുന്ന നേരം വരെമാത്രം .
അതിനപ്പുറം നീയില്ല ....ഞാനും 💜

മൗനം

ഒച്ചപ്പാടുകളുടെ ലോകത്തു
മൗനമായൊഴുകുകയെന്നു നീ ....
ഒഴുക്കിലൊറ്റപ്പെട്ടവളുടെ
സംശയമിത്രമാത്രം 
ആരുടേതായിരുന്നു മൗനം ?
എന്റേതോ ? നിന്റേതോ ?💜

ഉടഞ്ഞ കണ്ണാടിക്കഷണങ്ങൾ

നെറ്റിയിലെ ചോന്ന പൊട്ടിനോട് അച്ഛന് വെറുപ്പായിരുന്നു ...
കണ്മഷി പടർത്തിയ നനവിനോട് മകനും .
അങ്ങനെയാണമ്മ ഉടഞ്ഞ കണ്ണാടിക്കഷണങ്ങൾ
തൂത്തുവാരിയെറിഞ്ഞു കളഞ്ഞത് !😑

അമ്മയോർമ്മകൾ

ച്ചവെയിൽസൂര്യനൊപ്പം ജനലരികിൽ
ഉരുകിയുരുകിത്തീരുമ്പോൾ ഉള്ളു തൊടാനൊരു തണുപ്പ് വേണം .
ജീവിതവെയിൽ കൊണ്ടുരുകുമ്പോഴും
രണ്ടു പെൺകുട്ടികൾ കരിഞ്ഞു വാടി വീണു പോകാതെ
എന്നും ചേർത്ത് പിടിച്ചു നടന്നൊരു തണുപ്പ്
മഴയെന്നാൽ സങ്കടക്കാലങ്ങളെന്നു ചോരുന്ന മുറികൾ പറഞ്ഞപ്പോഴും
പാത്രങ്ങൾ ചോറുവയ്ക്കാൻ മാത്രമല്ലെന്ന് 'അമ്മ .
ഇടിഞ്ഞു വീണ പഴയ മതിലരികിൽ താടിയ്ക്കു
കൈ കൊടുത്തു നിൽക്കുമ്പോഴും
ഇനിയിപ്പോ കതകു പൂട്ടാൻ മറന്നാലും സാരമില്ലല്ലോ എന്ന് 'അമ്മ
പതിനാറും എട്ടും വയസ്സുള്ള പെൺകുട്ടികളുടെ കൈയ്ക്ക് പിടിച്ചു
പെരുവഴിയറ്റത്തു തലയുയർത്തി നിന്ന 'അമ്മ
പാതിരാവിൽ അടച്ചുറപ്പില്ലാത്ത കതകിനു വെളിയിൽ
താളത്തിൽ തട്ടിയ വിരലുകളോട്
പെണ്ണിന് കൊടുങ്കാറ്റെന്നു പേരുണ്ടെന്ന്
അലറിപ്പറഞ്ഞ 'അമ്മ
പെൺകുട്ടികൾ വെള്ളം പോലെയായാൽ പോരാ
തീ പോലെ സ്വയം ജ്വലിക്കണമെന്നു ജീവിച്ചു കാണിച്ച 'അമ്മ
'അമ്മയ്ക്ക് അമ്മയാവാൻ മാത്രമല്ല
അച്ഛനാകാനും കഴിയുമെന്ന് കാട്ടിയ സ്കൂൾ റെക്കോർഡുകൾ .
മൂന്നു പെണ്ണുങ്ങൾ മാത്രമായിരിക്കുമ്പോഴുള്ള
അരക്ഷിതാവസ്ഥയെ മാത്രമേ സമൂഹത്തിനറിയൂ .
അങ്ങനെയായിരിക്കുന്നതിലുള്ള സ്വാതന്ത്ര്യത്തെ അറിയില്ല .
വിടാതെ കണ്ട മോഹൻലാൽ സിനിമകൾ..
കടൽത്തീരയാത്രകൾ..
ഉത്‌സവപ്പറമ്പുകൾ ..
ഞായർക്കടലകൾ ...
ടൈഗർ ബിസ്കറ്റോർമ്മകൾ
തട്ടുദോശരാവുകൾ ..
ഒരിക്കലും ഉമ്മ വച്ചിട്ടില്ലാത്ത
കെട്ടിപ്പിടിച്ചിട്ടില്ലാത്ത
മോളേ വിളിയുണ്ടാകാത്ത
അമ്മയോർമ്മകൾ
ഉമ്മയും ആലിംഗനവും വാക്കുസ്നേഹവും ഒന്നുമല്ല 'അമ്മ
'ഈ ഞാനല്ലാതെ മറ്റാരുമല്ല 'അമ്മ
ഓർക്കേണ്ട നേരത്തു മാത്രം
ജീവിതക്കയ്പ്പുകളോർക്കുകയെന്ന്
കയ്പ്പും മധുരമാക്കുന്നതെങ്ങനെയെന്ന്
നേരമല്ലാ നേരത്തു ഓരോന്നോർത്തിരിക്കുമ്പോൾ
അമ്മക്കുന്തം .

ഞാൻ

നിനക്കറിയുമോ ?
തുടക്കവും ഒടുക്കവുമൊരിടത്താവുന്നിടത്താണ് ഞാനും നീയും നിലനിന്നുപോന്നിരുന്നത് !
നമുക്കീമട്ടിലെങ്ങുമെത്തേണ്ട
സുദീർഘമായൊരു സംഭാഷണത്തിന്റെ അങ്ങേത്തലയ്ക്കൽ
നിന്നെയുപേക്ഷിച്ചൊടുങ്ങുകയാണ് ഞാൻ .
തുടക്കം നീയായിരുന്നു
ഒടുക്കം ഞാനും 💜

ഒറ്റപ്പെടലുകളുടെ ഒടുക്കത്തെ സാക്ഷ്യം

ഒറ്റപ്പെടലുകളുടെ ഒടുക്കത്തെ സാക്ഷ്യമാണ് ചില പെൺവീടുകൾ !
പായൽപ്പച്ച പടർന്ന ചവിട്ടു പടിയിലിരുന്ന്
അത് പടിയിറങ്ങിപ്പോയ കാലൊച്ചകൾക്കു കാതോർക്കും .
കുമ്മായമടർന്ന വെള്ളെഴുത്തു കണ്ണുകൾ പൂട്ടി
ള്ളക്കരച്ചിലിനൊപ്പം പടികയറിവന്ന
പെൺകുഞ്ഞിക്കൺ ചിമ്മലോർക്കും .
അടുക്കളപ്പുറത്തെങ്ങോ ചെന്നു
പുകയേറ്റൊലിച്ച മൂക്ക് വിടർത്തി
ഇല്ലാത്ത പെൺഗന്ധം ചുവരുകളിൽ തിരയും .
തുരുമ്പു തിന്ന കറിക്കത്തികളിൽ
പഴയടാപ്പിന്റെ വഴുക്കുപിടിയിൽ
ഓട്ടുപാത്രപിന്നാമ്പുറങ്ങളിൽ
പെൺവിരൽ വരകൾ പരതും .
ഉപ്പുപരൽ പെട്ടിയ്ക്കുള്ളിൽ
പുളിമാ ങ്ങാഭരണിയ്ക്കുള്ളിൽ
ബ്രിട്ടാനിയ ബിസ്കറ്റു ടിന്നിന്റെ
ചതുരവടിവാഴത്തിനുള്ളിൽ
ബാക്കി വച്ച് പോയ പെൺരുചിനീരുകൾ നുണയും !
ഒറ്റപ്പെടലുകളുടെ ഒടുക്കത്തെ സാക്ഷ്യമാണ്
ചില പെൺവീടുകൾ !
പൊട്ടിയ സിമന്റു തറയ്ക്കുള്ളിലിരുന്ന്
അത്
നൃത്തം ചെയ്ത പാദങ്ങളെയോർക്കും
കുളിമുറിക്കതകിന്റെ വിടവിലൂടെ
ഉടൽത്തുള്ളിയൊപ്പിയ മൂളിപ്പാട്ട് കേൾക്കും
പഴയോടിൻ കഷണത്തിൽ മാറാലക്കരിത്തേച്ചു
അത് വെളിച്ചത്തിന്റെ വട്ടക്കണ്ണുകളെ
കറുപ്പിക്കും .
ഉമ്മറച്ചുവരിലെ വിളക്കെണ്ണപ്പാടിൽ
പ്രാർത്ഥനപ്പരീക്ഷകളെഴുതും
തെക്കേമുറിയിലെ പലകപ്പുറത്തിരുന്നു
തീണ്ടാരിയാകാശം കാണും
പടിഞ്ഞാറൻ ജനൽക്കാറ്റു കൊണ്ട്
ത്രിസന്ധ്യക്ക്
നീണ്ട് ചുരുണ്ട മുടിയിഴകളൂതിപ്പറത്തും !
ഒറ്റപ്പെടലിന്റെ ഒടുക്കത്തെ സാക്ഷ്യമാണ്
ചില പെൺവീടുകൾ !
പാവാടയ്ക്കുള്ളിലെ വിയർത്ത വരികളെ
അത് മിടിക്കുന്ന വിരൽത്തുമ്പാൽ
തുറന്നു വായിക്കും
അയ കെട്ടിയ ചുവരിൽ ,തുണിയോരം ചാരി
കവിളിലെക്കൈപ്പാട് പൊത്തി
കരഞ്ഞുരുകും .
വസന്തത്തിനൊടുവിൽ
പിന്നാമ്പുറവാതിൽപ്പിന്നിൽ
വയലറ്റ് സാരിയിൽ വിരൽച്ചുറ്റി നാണിക്കും .
ആരവമൊഴിഞ്ഞൊരു പാതിരാക്കാലത്ത്
പെൺചുവർ വരച്ച കണ്ണീർ ഭൂപടം
മായ്ക്കുവാൻ മറന്നേക്കും .
വേനൽതുടക്കത്തിൽ
കണ്ണാടിയോടിന്റെ നരച്ചവെട്ടത്തിൽ
അതു ചുളിഞ്ഞ ചിലയോർമ്മകൾ നിവർത്തും .
ഒറ്റപ്പെടുത്തലുകളുടെ
ഒടുക്കത്തെ സാക്ഷ്യമാണ്
ചില പെൺവീടുകൾ !!💜

ചില തീരുമാനങ്ങൾ


ചില തീരുമാനങ്ങൾ തീർപ്പുകൽപ്പിക്കലുകളാണ്
ന്യായാന്യായച്ചോദ്യങ്ങൾക്കൊടുവിൽ
പഴുതുകളില്ലാതെ എഴുതപ്പെടുന്ന വിധിപത്രങ്ങൾ !
ചില തീരുമാനങ്ങൾ സാക്ഷിമൊഴികളാണ്
നമ്മൾ നമുക്കുവേണ്ടി ജീവിക്കുന്നുവെന്നതിന്റെ
നേർസാക്ഷ്യങ്ങൾ !
അതിൽ ചിലവ സങ്കടത്തൂവൽ പറിച്ചു മാറ്റുന്നതരം നീറ്റലുകളാവാം
ചിലവ സന്തോഷച്ചിരികളെ കൊത്തിയെടുത്തു പറക്കുന്നുണ്ടാവാം
മറ്റു ചിലതു ചിറകുകുഴയാപ്പറക്കലിന്റെ ധാർഷ്ട്യമാവാം
ഇനി ചിലവ ദൂരമാപിനികൾക്കിടയിലെ
കണക്കുകൂട്ടൽ വിശ്രമങ്ങളാവാം
മുൻപേ പറക്കുന്ന പക്ഷിയാവുകയെന്നത്
ചിലരുടെ നിയോഗമാണ്
മുൻപേയും പിൻപേയുമല്ലെങ്കിലും
ചിറകുകുഴയാതെ പറക്കുകയെന്നത്
എന്റെ നിയോഗം !
കാരണം തെരഞ്ഞെടുത്തിരിക്കുന്നത്
മരച്ചില്ലകളല്ല , നീലാകാശമാണ്
എങ്ങോട്ടും എവിടേക്കും ചിറകടിക്കാം
ഉയരാം ...താഴാം ....ചായാം ,ചരിയാം.
എന്തെന്നാൽ എന്റെയാകാശത്തെ ഞാൻ നെഞ്ചേറ്റിയിരിക്കുന്നു
കൈവിരലുകളിൽ എണ്ണിത്തീർത്ത അഞ്ചു ദിനങ്ങൾക്കിപ്പുറം
അനിവാര്യമായതു തീരുമാനിക്കപ്പെട്ടിരിക്കുന്നു
എന്റെ നീലാകാശം എന്നിലേക്കു തിരിച്ചെത്തിയിരിക്കുന്നു
ഒക്കെപ്പഴയതു തന്നെ ......ഞാനൊഴിച്ച് 🖤🖤

അത്രമേൽ പ്രിയമുള്ള ഒരുവളെയോർക്കുമ്പോൾ ......


ഒരുവനെ ആത്മാവ് കൊണ്ടുതൊടുകയെന്നത് 
ലംഘിക്കപ്പെടാത്ത അതിരുകൾക്കുള്ളിൽ നിലനിൽക്കുകയെന്നുള്ളത്
എളുപ്പമേയല്ല !
ആത്മഹത്യയ്ക്കായി ആർജ്ജിച്ചെടുത്തതിന്റെ
പാതി ധൈര്യത്തിൽ
ഞാൻ ജീവിതം തെരഞ്ഞെടുക്കുകയാണ് .
അവളൊരു പേടിത്തൊണ്ടിയാണെന്നു നിങ്ങൾക്കു വ്യാഖ്യാനിക്കാം
കുറഞ്ഞ പക്ഷം
മരണത്തേക്കാൾ ജീവിതം തെരഞ്ഞെടുത്ത ധൈര്യശാലിയാണ് ഞാൻ !
എന്നിലേയ്ക്ക് പെയ്യാൻ ഒരു മഴയെയും ഞാനനുവദിക്കില്ല
എന്നിലേയ്ക്ക് ചായാൻ ഒരു മരത്തെയും ഞാനനുവദിക്കില്ല
ഒരു വസന്തത്തെയും ഞാനെന്നിലേയ്ക്ക് കടത്തിവിട്ടിട്ടില്ല
കരച്ചിലിന്റെ പുഴകളെയൊന്നും എന്നിൽ ലയിപ്പിച്ചിട്ടുമില്ല
ഒരു മരച്ചില്ലയിലേയ്ക്കും പടർന്നു കയറിയിട്ടില്ല
ഒരാകാശത്തിലേയ്ക്കും പറന്നു ചെന്നിട്ടുമില്ല .
എന്നിട്ടും ,
നിന്റെ പൂമ്പാറ്റച്ചിറകടിയിൽ
എന്റെയാത്മാവു വിറച്ചതെങ്ങനെ ?
ഇരപിടിയന്മാരെ ഭയപ്പെടുത്തുവാൻ
നീ വിടർത്തിയ പിൻചിറകു കണ്ണുകൾ
എന്റെ കാഴ്ചയെടുത്തു കളഞ്ഞിരിക്കാം
അതുമല്ലെങ്കിൽ
നിന്റെ ചിറകു കണ്ണുകളിൽ
ഞാനെന്നെക്കണ്ടിരിക്കാം
ജീവിച്ചിരിക്കുന്നുവെന്നു സ്വയം ബോധ്യപ്പെടുത്തുക
എളുപ്പമേയല്ല !!

എന്റെയോർമ്മകൾ

ഇന്നലെ രാത്രി മുഴുവൻ ഇവിടെ മഴയായിരുന്നു .
മഴയോട് അന്നും ഇന്നും പ്രണയമൊന്നും തോന്നിയിട്ടില്ല
മഴക്കാലങ്ങൾ പേടിക്കാലങ്ങളായിരുന്നതാവാം കാരണം .
പക്ഷെ ഇന്നലെ അമ്മവീട്ടിൽ രാത്രി മഴ കാണാൻ മരുഭൂമി കണ്ടു മടുത്ത കുഞ്ഞന്റെ ഉത്സാഹത്തിനൊപ്പമിരിക്കുമ്പോൾ
പടിയിൽ നീട്ടിവച്ച എന്റെ കാലിനു താഴെ ഒരു സുന്ദരൻ . 
നിയോൺ വെളിച്ചത്തിൽ അവന്റെ ഉടൽ ശല്ക്കങ്ങൾ വെള്ളിക്കൊലുസു പോലെ തിളങ്ങി .
ചാരനിറമെന്നു അനിയത്തിപ്പെണ്ണ് .
അല്ല വെള്ളി തന്നെയെന്ന് സർപ്പപ്രേമി .
ഒരു കുഞ്ഞു തലയനക്കി മഴവെള്ളം ചിതറിച്ചു ചെമ്പരത്തിക്കാടിനിടയിലേയ്ക്ക് അവനിഴഞ്ഞിറങ്ങി .
ഇത്തിരിക്കുഞ്ഞൻ പാമ്പിനെക്കണ്ടു ബാ അമ്മാ നമ്മക്ക് തൊടാമെന്നു മൃഗസ്നേഹിക്കുഞ്ഞൻ ഋഷി .
കൊച്ചിനെ ഓരോന്ന് പഠിപ്പിച്ചോളുമെന്നു അമ്മക്കുന്തം.
നാട് നാടെന്നു അന്യനാട്ടിൽ സ്വപ്നം കാണുമ്പോഴും
നാട് പിടിക്കുമ്പോഴേക്കും ശ്വാസം മുട്ടിക്കുന്ന ചിലതിൽ നിന്ന് ഇന്നലത്തെ ദിവസം വേറിട്ട് നിന്നു.
മഴതകർത്ത കൂട്ടിൽ ചിറകു കുതിർന്നു കുനിഞ്ഞിരുന്നു വിറച്ച പക്ഷിക്കുഞ്ഞായി
യാത്രയുടെ നാല് മണിക്കൂറുകൾക്കിടയിലെവിടെയോ ഹൃദയമുപേക്ഷിക്കപ്പെട്ടിരിക്കുന്നു .
ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്തവിധം എന്റെയോർമ്മകൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നു .🖤

ചില ഓർമ്മച്ചിത്രങ്ങൾ

പടിയിറങ്ങി ദിവസങ്ങൾക്കിപ്പുറവും
teacher please come back . ..we miss you എന്ന് മെസ്സഞ്ചറിൽ വരുന്ന സന്ദേശങ്ങളും ചിത്രങ്ങളും തരുന്നൊരു സന്തോഷമുണ്ട്
ഒരദ്ധ്യാപികയെന്ന നിലയിൽ തീർത്തും പരാജയമായിരുന്നില്ലെന്ന ആശ്വാസം 😍
ഞായറാഴ്ച പന്ത്രണ്ടാം ക്‌ളാസ്സിന്റെ വാതിൽ തുറന്നു കയറുമ്പോൾ മുറിയിൽ ഇരുട്ടായിരുന്നു 
പൊടുന്നനെ തെളിഞ്ഞ ലൈറ്റിൽ കൈകൊട്ടി പാട്ടുപാടി എന്റെ കുഞ്ഞുങ്ങൾ
ആരുടെ പിറന്നാളാണ് എന്ന എന്റെ അതിശയചോദ്യത്തിനു
മിസ്സിന്റെ എന്ന് മറുപടി !
മനോഹരമായൊരു കേക്ക് മേശമേൽ ,
ക്ലാസ് ടീച്ചർ സഹീർ സാറിനൊപ്പം കേക്ക് മുറിച്ചു എല്ലാവരും കഴിച്ചു
അസ്‌റാൻ ഭംഗിയുള്ള ഒരു ലേഡീസ് ബാഗുമായി വന്നു കണ്ണ് നിറച്ചു മുന്നിൽ നിന്നു അവനൊരു ഷേക്ക് ഹാൻഡിനു കൈ നീട്ടി
എന്തു കൊണ്ടോ സങ്കടം തോന്നി
come ..hug me എന്ന് കെട്ടിപ്പിടിച്ചു
ഉണ്ടക്കണ്ണൻ ഖാദിം പിന്നിൽ നിന്ന് കരഞ്ഞു
മനോഹരമായൊരു വാച്ച് കൈയ്ക്കുള്ളിൽ വച്ച് തന്നു
എന്തിനാണ് ഇവരൊക്കെ കരയുന്നതെന്നു സങ്കടം തിങ്ങിയ തൊണ്ടയിൽ കരച്ചിൽ കെട്ടി നിർത്തി ഞാനെന്നോടു തന്നെ ചോദിച്ചു .
മിസ് പ്ളീസ് ബി ഹിയർ എന്ന് അസുഖക്കുട്ടി മന്നാൻ മുഖമുയർത്താതെ പറഞ്ഞു
അവനു വേണ്ടി മാനേജ്മെന്റിനോട് ശക്തിയുക്തം വാദിച്ചത് ,
അതിന്റെ അധികാരത്തിൽ മാർക്ക് കുറഞ്ഞപ്പോൾ നീ എന്റെ ഉത്തരവാദിത്തമാണ് എന്ന് ദേഷ്യപ്പെട്ടത് ഒക്കെയോർത്തു പശ്ചാത്തപിച്ചു .😐
ഒപ്പം നിന്നപ്പോൾ ഒരിക്കൽപ്പോലുമറിഞ്ഞിരുന്നില്ല
അവരുടെ പ്രശ്നങ്ങൾ എന്നോട് മാത്രമാണ് പറഞ്ഞിരുന്നതെന്ന് !
എല്ലാ ടീച്ചർമാരെയും പോലെ എന്ന ചിന്തയിൽ നിന്ന് വേറിട്ടൊരാൾ എന്ന സന്തോഷം ഇപ്പോഴുമുണ്ട് .
രാജ്യാതിർത്തിയ്ക്കപ്പുറത്തു നിന്ന് കിട്ടിയ കുഞ്ഞുങ്ങൾ പഠിപ്പിച്ച ചില പാഠങ്ങളുണ്ട് .
അവയാണ് മുപ്പത്തഞ്ചാം വയസിൽ എന്ത് സ്വപ്നങ്ങളെന്ന എന്റെ മുൻവിധി തിരുത്തിയത് .
ഏറ്റവും നല്ലതു മാത്രം തെരഞ്ഞെടുത്തു സങ്കടപ്പെടുത്തിയ ഓർമ്മകളെ അവിടെയാ മതിൽക്കെട്ടിനുള്ളിൽ ഉപേക്ഷിച്ചു മടങ്ങിയിരിക്കുന്നു
ഇനിജീവിതം പഠിപ്പിച്ചേക്കാവുന്ന പാഠങ്ങൾക്കായി
മുഴുവൻ സമയ വിദ്യാർത്ഥിനിയായി
പഠനകാലം തുടങ്ങുന്നു .
എന്നേയ്ക്കുമായി ഹൃദയത്തിൽ ചില്ലിട്ടു വയ്ക്കപ്പെട്ട ചില ഓർമ്മച്ചിത്രങ്ങൾ ഒപ്പം കൊണ്ടു പോന്നിരിക്കുന്നു🖤🖤

ഹൃദയത്തെ വിഡ്ഢിയാക്കുക എളുപ്പമാണ്

മരുഭൂമി മുറിയിൽ ജനാലയ്ക്കരികിലെ തിളയ്ക്കുന്ന സൂര്യനോട് കലഹിച്ചു മുഖം വീർപ്പിച്ചിരുന്ന ഒരഞ്ചു വയസ്സുകാരൻ ....
ലാപ്ടോപ്പിലും ടീവി സ്ക്രീനിലും നാടു കണ്ട് സങ്കടപ്പെട്ടിരുന്ന അവനു വേണ്ടി ഒരു പാതിരാവിൽ തീരുമാനിച്ചുറപ്പിക്കപ്പെട്ട ഒന്നിന്റെ ഭാഗമായാണ് എന്റെ ഊരുതെണ്ടലും ചേർക്കപ്പെട്ടത് !
ഇന്നലെ രാത്രി ഇടിവെട്ടിപ്പെയ്ത തുലാമഴയ്‌ക്കൊപ്പം
പട പട പട പട കേൾക്കുന്നു 
ഇടിയുടെ ശബ്ദം കേൾക്കുന്നു
മാനത്തച്ഛൻ പത്തായത്തിൽ തേങ്ങ പെറുക്കിയിടുന്നല്ലോ ന്നു
കഥയമ്മയും കുഞ്ഞനും നീട്ടിപ്പാടി 😄
നടക്കുവാനിരിക്കുന്ന ഒരുപാടൊരുപാട്
നന്മകൾക്ക് വേണ്ടി
ചില വേർപാടുകൾ സഹിക്കാവുന്നതേയുള്ളൂ
എന്ന് തോന്നുന്നു
ചിലതൊക്കെ ത്യാഗം എന്ന വാക്കിലൊതുക്കുമ്പോഴാവണം
വിഷാദം രോഗമായി പിടിമുറുക്കുന്നത്
ആരും ആർക്കു വേണ്ടിയും ത്യാഗം ചെയ്യുന്നില്ല
ഒക്കെയും അവനവനു വേണ്ടിത്തന്നെയാണെന്ന്
കരുതിയാൽ എത്രയെളുപ്പം
നമ്മളൊന്നിച്ചു കൊണ്ട വെയിലുകൾ
നമ്മളെ നനച്ച തിരയില്ലാക്കടപ്പുറങ്ങൾ
നമ്മൾ പങ്കു വച്ച അടുക്കളപ്പാതികൾ
നമ്മളുരുക്കിയ ജ്യൂസ് വേൾഡ് മഞ്ഞുകൾ
നമ്മൾ നടന്ന പാതയോരങ്ങൾ
അങ്ങനെ നമ്മൾ . ..എന്നതിൽ നിന്ന്
ഞങ്ങളും നീയും
എന്ന് തിരുത്തിയെഴുതപ്പെട്ടെങ്കിലും
എന്നേയ്ക്കുമായി നിലച്ചു പോയെന്നു കരുതിയവ
വീണ്ടെടുക്കപ്പെടുകയെന്ന ലക്‌ഷ്യം
എന്റെ വിഷാദമെടുത്തു കളഞ്ഞിരിക്കുന്നു
എന്റെ യാത്രകൾക്ക്
എന്റെ സ്വപ്നങ്ങൾക്ക്
നീ പകരം വയ്ക്കുന്നത്
നമ്മളൊന്നിച്ചെന്ന മോഹമാണ് 😐
കേൾക്കൂ
ഹൃദയത്തെ വിഡ്ഢിയാക്കുക എളുപ്പമാണ് 😶
അങ്ങനെയല്ലേ ?

എന്റെയടയാളങ്ങൾ

വാർധക്യത്തിന് ഒരു പ്രത്യേക മണമാണ്
ഇർഫാൻ ഖാൻ ലഞ്ച് ബോക്സിൽ പറഞ്ഞ പോലെ
ചില തിരിച്ചറിവുകൾ നൽകുന്ന മണം .
ഇന്നുച്ചനേരത്തു
ഇരുണ്ട ആകാശത്തിനു കീഴെ
മഴയ്ക്ക് കാതോർത്തു നിൽക്കുമ്പോൾ
അടുത്തുനിന്നു ചിരിച്ച അമ്മൂമ്മമണം .
കശുമാവുകളതിരിട്ട വഴിയിലൂടെ
കിതച്ചോടിയ ലൈൻ ബസിന്റെ പെയിന്റിളകിത്തുടങ്ങിയ സീറ്റിലിരുന്നു
ഞാനെന്നെ വീണ്ടും വീണ്ടും മണത്തു നോക്കി
നാല്പാമരാദിയിൽ മഞ്ഞച്ച ഉള്ളം കൈച്ചുളിവുകളിൽ
വിരലുകളമർത്തിത്തേച്ചു
പിന്നെയും പിന്നെയും മണത്തു .
അറ്റം പിളർന്ന് കൊഴിഞ്ഞു തുടങ്ങിയ മുടിയിഴകളിലേയ്ക്ക്
വെയിൽ കറുപ്പിച്ച മേൽച്ചുണ്ടിന്റെയരികിലെ
കുഞ്ഞു കാക്കപ്പുള്ളിയിലേയ്ക്ക്
ഇടതു കവിളിലെ തേൻ നിറ മറുകിലേയ്ക്ക്
പച്ചഞരമ്പോടിയ മെലിഞ്ഞ കൈത്തണ്ടയിലേക്ക്
മഴയ്ക്ക് മുൻപ് വീശിയ കാറ്റിൽ
വാർദ്ധക്യത്തിന്റെ മണരിച്ചിറങ്ങുന്നുവോയെന്ന്
ധൃതിപ്പെട്ടു പരിശോധിച്ചു .
നൂലിഴപൊട്ടിയ ദുപ്പട്ടത്തുമ്പുവലിച്ചു മുഖമമർത്തിത്തുടച്ചുറപ്പിച്ചു
ഇല്ല ,ഇപ്പോൾ എനിക്കതേ ഗന്ധമാണ് !
നിന്നെ മടുപ്പിച്ച ഗന്ധം .
പിന്കഴുത്തുമ്മകൾക്കിടയിലുരസിയ
നിന്റെ മീശമുള്ളുകൾ വിരസതയോടെ പറഞ്ഞ മണം
അന്ന് മുതൽക്കാണ്
വാടിയ ഇലഞ്ഞിപ്പൂക്കളെ ഞാൻ വെറുത്തത് .
അങ്ങനെയാണ് രോമകൂപങ്ങളപ്പാടെ പിഴുതു
ഞനെന്റെ ഗന്ധമെടുത്തു കളഞ്ഞത്
രാവു തോറും പടം പൊഴിച്ചു വിയർത്തത്
നോക്കൂ ഇപ്പോഴാവട്ടെ
പിൻകഴുത്തിൽ തേച്ചു പിടിപ്പിക്കപ്പെട്ട
ഉന്മാദത്തിന്റെ ചന്ദനഗന്ധം
എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു
എന്റെയടയാളങ്ങൾ വീണ്ടെടുക്കുകയാണ് ഞാൻ
നീഏൽപ്പിച്ചു പോയ
നിന്റെ അടയാളഗന്ധങ്ങൾ കയ്യേൽക്കുക
ഇനിയൊരിക്കലും മടുപ്പിന്റെ ഗന്ധമായി എന്നിലടയാളപ്പെടാതിരിക്കുക .
എന്തെന്നാൽ
പടംപൊഴിച്ചുയിർത്തു
മറ്റൊരുവളായിമണക്കുന്ന കല
എന്നേയ്ക്കുമായി ഞാൻ മറന്നു പോയിരിക്കുന്നു
വാടിയ ഇലഞ്ഞിപ്പൂക്കൾ തേടി
എന്റെ പിൻചുമൽ ശലഭം ചിറകു നീർത്തിപ്പറക്കാൻ തുടങ്ങുന്നു 🖤

എന്നേയ്ക്കുമായി 🖤

അത്രമേൽ പ്രിയമുള്ളവരെന്നു നമ്മൾ കരുതുന്നവർ 
തിരികെയും അങ്ങനെത്തന്നെയാവണമെന്നു ശഠിക്കുന്നത് വെറുതെയാണെന്ന് 
ഒറ്റപ്പെടൽ തുരുത്തുകളിൽ 
ആകാശം നോക്കിയിരിക്കുമ്പോഴാണ് മനസ്സിലാവുക 
എന്റെയും നിന്റെയും ആകാശച്ചേർച്ചകൾക്കിടയ്ക്കു 
ഞാനൊരതിരു കെട്ടുകയാണ്
എന്നേയ്ക്കുമായി 🖤

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി-വായനാനുഭവം

പാലിയിലെഴുതപ്പെട്ട മഹാവംശത്തെക്കുറിച്ചോ
ചോളാധിപത്യം ഭയന്ന് റൂഹുണയിലേക്ക് പലായനം ചെയ്ത മഹീന്ദനെന്ന "സിംഹത്തെക്കുറിച്ചോ "
വംഗദേശം വിട്ടു സ്വതന്ത്രയായി ജീവിക്കാൻ മഗധയിലേക്കുള്ളയാത്രയ്ക്കിടയിൽ സിംഹത്താൽ അപഹരിക്കപ്പെട്ടു ( ആധുനിക ചരിത്രകാരന്മാർ പറയുന്ന സിംഹസമാനനായ ഒരു പുരുഷൻ ) ലങ്കയിലെത്തിപ്പെട്ട സുപ്പാദേവിയുടെ വംശപരമ്പരയെക്കുറിച്ചോ
എന്തിനു ഈഴപ്പോരാട്ടം എന്നാലെന്തെന്നു പോലും അറിയാത്ത ,
തമിഴ്‌പുലികളെന്നു വായിച്ചു മാത്രം പരിചയമുള്ള ഞാൻ 
നൂറു ഡിഗ്രി പനിച്ചൂടിലും കുത്തിയിരുന്ന് ചേര-ചോള -പാണ്ഡ്യ ചരിത്രവുംകാന്തള്ളൂർ യുദ്ധവും തിരുപ്പാവൈയുമൊക്കെ നെറ്റിൽ തിരഞ്ഞു പ്രിന്റെടുത്തു വായിച്ചു ഫയൽ ചെയ്യണമെങ്കിൽ
ടി ഡി രാമകൃഷ്ണനെന്ന എഴുത്തുകാരന്റെ ഭാഷയുടെ , അവതരണത്തിന്റെ ശക്തി എത്രമാത്രമായിരിക്കുമെന്നു ഊഹിക്കാനാവുന്നതേയുള്ളൂ .
"ഡോ .രജനി തിരണഗാമയ്ക്ക്" സമർപ്പിച്ചു തുടങ്ങുമ്പോൾ ആരാണ് ഈ പെൺകുട്ടിയെന്നോ എന്താണ് നോവലിന്റെ ഇതിവൃത്തമെന്നോ ഹൃദയം ആശങ്കപ്പെട്ടില്ല .
തിരുവന്തപുരത്തുകാരിയായ എനിക്ക് കാസറഗോഡേയ്ക്കു പോകുന്നതിന്റെ പകുതി ദൂരമേ ജാഫ്‌നയിലേയ്ക്ക് യാത്ര ചെയ്യേണ്ടതുള്ളൂ എന്ന തിരിച്ചറിവ് എഴുത്തുകാരന്റെകുറിപ്പിൽ നിന്നാണ് കിട്ടിയത് .
ഒരു കടലിന്റെ ദൂരത്തിനുമപ്പുറം സിലോണിലേക്കുള്ള എന്റെ യാത്രകൾ എം ടിയുടെ കഥകളിലൂടെ മാത്രമായിരുന്നു .
നിന്റെ ദേഹവടിവ് ശ്രീലങ്കൻ തമിഴ് പെൺകുട്ടികളെ ഓർമ്മിപ്പിക്കുന്നുവെന്നു ഭർത്താവു പറഞ്ഞപ്പോഴൊക്കെയും ലങ്കയോടുള്ള എന്തിനെന്നറിയാത്ത പുച്ഛം വെളിവാക്കി മുഖം കോട്ടി നടന്നിരുന്നു .
വ്യക്തിപരമായി പറഞ്ഞാൽ ലങ്കയിലെ തമിഴ് പെൺകുട്ടികളേക്കാൾ ആയിരം മടങ്ങു പ്രിവിലേജുകൾ അനുഭവിച്ചു ജീവിച്ചവളെന്ന അഹങ്കാരം ,
വംശവിദ്വേഷതീവ്രത അനുഭവിക്കാത്തവൾ അത്തരം കഥകളോട് കാട്ടുന്ന നിസ്സംഗത
ഇതൊക്കെയായിരുന്നു ഉള്ളിൽ .
ഒരുപക്ഷെ തെക്കേമുനമ്പിനു തൊട്ടടുത്ത് കിടക്കുന്ന ഒരു ചെറിയ രാജ്യത്തു എന്ത് നടന്നാൽ എനിക്കെന്താ എന്ന നിസ്സംഗതാനയമാവാം .
അതുമല്ലെങ്കിൽ എന്റെ മതിനപ്പുറം നടക്കുന്ന കാര്യങ്ങളിൽ എനിക്കെന്തു കാര്യമെന്ന മലയാളി മനോഭാവവുമാവാം .
എന്തായാലും സിംഹളദേശം എനിക്കൊരു വിഷയമേ ആയിരുന്നില്ല ,
ദേവനായകിയെ വായിക്കും വരെ .
ഒരു നോവൽ അല്ലെങ്കിൽ കഥ
അന്വേഷണാത്മക ആഖ്യാനം കൊണ്ട് വായനക്കാരെ രസിപ്പിക്കുക സ്വാഭാവികമായിരിക്കാം .
പക്ഷെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുടെ എൺപത്തിയൊൻപതാം പേജിൽ നോ മോർ ടിയേഴ്സ് സിസ്റ്റർ എന്ന അദ്ധ്യായം വായിച്ച ഉടൻ യു ട്യൂബിൽ വീഡിയോ തേടിപ്പോകുകയും രജനി തിരണഗാമ എന്ന മനുഷ്യാവകാശപ്രവർത്തകയുടെ ചരിത്രം തപ്പിയെടുക്കുകയും ചെയ്യുകയെന്നത് എഴുത്തുകാരൻ വായനക്കാരിയിൽ ചെലുത്തുന്ന അസ്വാഭാവിക സ്വാധീനം കൊണ്ട് മാത്രമാണ് .
(രജനി തിരണഗാമയെ അറിയാത്തവർക്കായി ലിങ്ക് താഴെയുണ്ട്)
ജ്ഞാനസരസ്വതിയെ ,
കാന്തള്ളൂർ റാണിയെ ,
രാജരാജചോളന്റെ കാന്ത മാദേവിയാരെ ,
സുഗന്ധിയെ ,അഥവാ ആണ്ടാൾ ദേവനായകിയെ വായിച്ചുകൊണ്ടേയിരിക്കുന്നു 🖤

ഒരു ചില്ല

അത്രമേലുണങ്ങിയ 
ഒരു ചില്ലയുണ്ട് 
നിന്റെ വിരൽത്തുമ്പിലകളാൽ മാത്രം പച്ചയാവുന്നത് 🖤

മിന്നാമിനുങ്ങുകൾ

രാത്രിയിലേക്ക് തുറന്നു വച്ച ജാലകത്തിലൂടെ 
വെളിച്ചമായാണ് നീ പറന്നിറങ്ങിയത് 
മിന്നാമിനുങ്ങുകൾക്കു പകലുകളില്ലെന്നു 
സത്യമായും ഞാനറിഞ്ഞിരുന്നില്ല 🖤

പീലിത്തുണ്ടുകൾ

പൂമ്പാറ്റകൾക്കു കൺപീലികളില്ലെന്നു നീ !
നിന്നിലേക്ക്‌ മാത്രമുള്ള പറക്കലുകൾക്കിടയിൽ
നിന്റെ കൈത്തണ്ടയിൽ കൊഴിഞ്ഞുവീണ
എന്റെ പീലിത്തുണ്ടുകൾ നീയെന്തു ചെയ്തു ?

അമ്പമ്പോ ചില പെണ്ണുങ്ങൾ

അമ്പമ്പോ ചില പെണ്ണുങ്ങൾ 😍
ചില പെൺപകൽക്കിനാവുകളുണ്ട്
ഊണിനും ചായയ്ക്കുമിടയിലെ ഇത്തിരിനേരത്തിനുള്ളിൽ
മുറ്റത്തെ അയക്കോലിൽ ചാഞ്ഞവെയിൽവെട്ടത്തിലോ- ടിപ്പോയിത്തൂങ്ങിയാടുന്നവ
ചില പെൺകണ്ണിമകളുണ്ട്
തൊണ്ടക്കുഴിക്കിണറാഴങ്ങളിൽ
മുങ്ങിത്താഴുമ്പോഴും
കൺപീലിമഴച്ചിരിയാകുന്നവ
ചില പെൺ നെടുവീർപ്പുകളുണ്ട്
അടുപ്പിലെക്കനലിനും കരുവാളിച്ച ചുണ്ടിനുമിടയിൽ
പൊട്ടിത്തെറിച്ചു പിടഞ്ഞു കത്തുന്നവ
ചില പെൺ വ്യാകരണങ്ങളുണ്ട്
ലോപസന്ധിയുടെ കുരിശു ചിഹ്നത്തിൽ
സ്വയം കുടുങ്ങി കുരുക്കിട്ടു ചാകുന്നവ
ചില പെണ്ണൊച്ചകളുണ്ട്
ഒച്ചവെച്ചൊച്ചവച്ചൊടുക്കം
നേർത്ത കരച്ചിൽത്താളത്തിൽ
നിശബ്ദതയ്ക്കു കൂട്ട് പോകുന്നവ
ചില പെൺകണക്കുകളുണ്ട്
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും
അടയാളങ്ങളുടെ വാൾമുനമുറിവിൽ
ശൂന്യശിഷ്ടസമവാക്യങ്ങൾ കണ്ടെത്തുന്നവ
ചില പെൺഹൃദയങ്ങളുണ്ട്
ഇതെന്റെയെന്റെയെന്നുള്ളിലാർക്കുമ്പോഴും
അതുനിന്റേതെന്ന്..നിന്റേതു മാത്രമെന്ന് ആവർത്തിച്ചടിവരയിട്ടുറപ്പിക്കുന്നവ !!
അമ്പമ്പോ ..😍.അമ്പരപ്പിക്കുന്ന പെണ്ണുങ്ങൾ🖤

കുളിമുറിച്ചുവരുകൾ സാക്ഷ്യപ്പെടുന്നത് !

കുളിമുറിച്ചുവരുകൾ സാക്ഷ്യപ്പെടുന്നത് !
ദിനങ്ങളെന്നും വലതുകാൽ വച്ച് കയറുന്നതു
കുളിമുറിത്തറയിലേക്കത്രേ !
എട്ടുകാലി വലയിൽപ്പെട്ട
ഏഴരവെളുപ്പുകളുടെ വലപ്പശിമകളെ
വലംകൈ ജലധാരയ് ക്കൊ പ്പമൊഴുക്കിക്കളയുക
കുളിമുറിനെഞ്ചിലേക്കാണ് .
ഇരുട്ടിലേക്ക് മാത്രം കണ്ണുമിഴിക്കുന്ന
ഇടതുനെഞ്ചിലെ തേൻ നിറമറുകിനെ
വരഞ്ഞ വിരലുകൾ തൊട്ടുനോക്കുന്നതും
കുളിമുറിച്ചുവർ ചേർന്നാണ് .
വയർമടക്കു ചവിട്ടുപടികളെ,
പടിയ്ക്കുതാഴത്തെ വെളുത്ത രോമത്തെ ,
നീട്ടിക്കുറുക്കിയ പേറ്റു മുറിവിനെ
കണ്ടെത്തിനോവുന്നതും കുളിമുറിക്കണ്ണിലാണ് !
അലക്കുകല്ലുരസലുകളിൽ
കൈനഖം തേഞ്ഞരഞ്ഞതും
വിരലറ്റങ്ങൾ സോപ്പുകുമിളപ്പൊട്ടലുകളായതും
കുളിമുറിച്ചുവരിനുള്ളിലാണ് .
പെണ്ണോർമ്മക്കണ്ണുനിറഞ്ഞു
പഴയചില മൈലാഞ്ചി നോവുകൾ
അരഞ്ഞുതീർന്നു ചോക്കുന്നത്
കുളിമുറിമാറിലെ ഒറ്റക്കൽകറുപ്പിലാണ് .
കറുത്തകുപ്പായക്കുടുക്കിനുള്ളിൽ
പ്രണയാക്ഷരനീലിമ വിയർപ്പു പടർത്തി മായ്ച്ചു
നിരാശച്ചിറി കോട്ടിയതും
"ഞാനില്ലെന്ന " യൊറ്റവാക്ക്‌
തൊണ്ട മുറിച്ചു കരഞ്ഞലഞ്ഞതും
കൈത്തണ്ടയിലൊരു ചോന്ന പോറലായതും
കുളിമുറിച്ചുവരിന്റെ പനി വെളിച്ചത്തിലാണ് !
പെണ്ണത്തം ചോപ്പുനദിയായൊഴുകിയതും
അമ്മപ്പാലുറുമ്പരിച്ചുറഞ്ഞതും
കുളിമുറിക്കതകിന്റെമാത്രം കാഴ്ചകൾ .
അങ്ങനെയങ്ങനെയങ്ങനെ
ഒടുവിലെയവശേഷിപ്പുകളും
ഒരുതുള്ളിക്കണ്ണീരും പുതച്ച് ,
ഒടുക്കത്തെക്കുളിയിൽ ചന്ദനം മണത്തെന്നും
ഒരുവളുടെയാത്മാവ് തുമ്പിച്ചിറകേറിപ്പോയെന്നും 
കുളിമുറിത്തണുപ്പ് സാക്ഷ്യപ്പെടുത്തുന്നവത്രെ !