ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 9 December 2015

""ബോംബേന്നു വന്ന പാവക്കുട്ടി ""

ഇളം വെയിൽത്തുമ്പത്തെ ചിത്രശലഭങ്ങൾ
ചോന്ന ചിറകു നീർത്തി പറക്കാൻ തുടങ്ങുമ്പോഴാണ്
നഴ്സറീലെ രമടീച്ചർ ചിരിച്ചിറകിൽ വന്നത് ....
കയിലെ പൊതി നീട്ടി പറഞ്ഞു ....
""ചേട്ടൻ കൊണ്ട് വന്നതാ ""

ഏതോ ഹാങ്ങറിൽ തൂങ്ങിയ അക്ഷരങ്ങൾ ( അന്ന് ഹിന്ദിയെന്നാൽ അതായിരുന്നു )നിറഞ്ഞ
പത്രത്താളിൽ പൊതിഞ്ഞ സമ്മാനം തുറക്കുമ്പോൾ
കണ്ണുകൾ വിടർന്നു ....

ചോന്ന തടിയൻ പ്ലാസ്റ്റിക്‌ പാവക്കുട്ടി ....
നെഞ്ചിലെ തിളങ്ങുന്ന നീലപ്പൂവ് .....
തലയിൽ കിന്നരം വച്ച തൊപ്പി ....
തുടുത്ത കവിളുകൾ ....

ഹൃദയം അഭിമാനവിജൃംഭിതമായി ....
""ബോംബേന്നു വന്ന പാവക്കുട്ടി ""

ഊണിലും ഉറക്കത്തിലും ചോന്ന പാവക്കുട്ടിയെ
ഹൃദയം കൂടെക്കൂട്ടി ....
നിറം മങ്ങി ചെറുതായി പൊളിഞ്ഞു തുടങ്ങിയപ്പോ
വക്കുതട്ടി കൈമുറിയുമെന്നു ശാസിച്ച്
അമ്മയതു വാങ്ങി പഴയ ""ട്രങ്കിലിട്ടു ""...
പിന്നെയത് മറന്നു ...!!

പത്താം ക്ലാസ്സിന്റെ അവസാന പരീക്ഷയുടെയന്ന്
രാവിലെ അമ്മയാരോടോ പറഞ്ഞു കേട്ടു ,
""രമേടെ ഭർത്താവിന് വയ്യാത്രേ ""
ആ അവധിക്കാലത്തിനോടുവിൽത്തന്നെ
അമ്മ ""അനുശോചനത്തിനു ""പോയി ...!!

ബോംബേന്നു വന്ന പാവക്കുട്ടി
എന്റെ പച്ചട്രങ്കിന്റെ അടിയിൽ ചുളുങ്ങിച്ചുരുണ്ട് കിടന്നു ...

പ്രീഡിഗ്രിക്ക് പൊളിറ്റിക്സ് പരീക്ഷയുടെ പിറ്റേന്ന്
അമ്മയോടൊപ്പം ഗേറ്റിനരികിൽ നിൽക്കുമ്പോൾ
നഴ്സറിയിലെ പഴയ ആയമ്മ പറഞ്ഞു ...
""രമടീച്ചർക്കും സൂക്കട് ...മറ്റേതാ ...""
അമ്മയുടെ കണ്ണിൽ നടുക്കം ..
ഒന്നും പിടികിട്ടാതെ നില്ക്കുമ്പോ അമ്മ പറഞ്ഞു
""അയാൾടേന്നു കിട്ടിയതാവും ....എയിഡ്സ് ""
ഒരു മാരക രോഗം എന്നതിനപ്പുറം
അതിനെക്കുറിച്ച് ഹൃദയത്തിനറിയുമായിരുന്നില്ല !!

പരീക്ഷ തീർന്ന് പഴയ പുസ്തകങ്ങൾ വയ്ക്കാനിടം തേടുമ്പോൾ
പച്ചട്രങ്ക് കണ്ണിൽപ്പെട്ടു ....
പുറത്തേക്കു കുടഞ്ഞിട്ട സാധനങ്ങൾക്കിടയിൽ
ബോംബേന്നു വന്ന പാവക്കുട്ടി
നരച്ച ചോപ്പിൽ ""നശിച്ചു ""കിടന്നു ...!!

ബോംബെ ...ചോപ്പ് ...എയിഡ്സ് ...
പറഞ്ഞറിയിക്കാനാവാത്ത പാരസ്പര്യത്തിൽ
ആ വാക്കുകൾ ഹൃദയത്തിൽ കെട്ടു പിണഞ്ഞു വീണു !!
...................................................................................

എട്ടിൽ ഒപ്പം പഠിച്ച ജെറിന്റെ ചേച്ചി ...
ബോംബേല് താമസിക്കണ മൂന്നാമത്തെ അങ്കിള് വിളിച്ചു പറഞ്ഞു ,""ഇങ്ങു പോരെ ...ഇവിടിഷ്ടം പോലെ ജോലികിട്ടും ""

ബാന്ദ്രാന്നൊരു സ്ഥലപ്പേരും
ബോംബേലെ കടലിന്റെ ഭംഗീമൊക്കെ
ചെച്ചിയെഴുതിയ കത്ത് കാട്ടി ജെറിൻ വിവരിച്ചു ...
ഹൃദയം അസൂയക്കടലിൽ നീന്തി !!
ഒരു ചേച്ചിയില്ലല്ലോന്ന് ആതമഗതത്തിരയടിച്ചു ....

അപ്പച്ചൻ മരിച്ചപ്പോ ജെറിനും അമ്മച്ചിയും
ബോംബെയ്ക്ക് ബാഗ് കെട്ടി ...
നിരത്തിൽ പറക്കുന്ന പ്രാവിൻ കൂട്ടങ്ങളെക്കുറിച്ചും
ബീച്ചിലെ താണു പോകുന്ന ചോന്ന സൂര്യനെക്കുറിച്ചും
ഒരിക്കൽ ...ഒരൊറ്റത്തവണ
അവൾ കത്തെഴുതി ....
പിന്നെ ഹൃദയം ജെറിനെ മറന്നു ....!!
പുതിയ കൂട്ടുകൾ തേടി ....

മാനം ചോർന്നൊലിച്ചൊരു ദിവസം
ജയന്തി ജനത എക്സ്പ്രെസ്സിന്റെ ലേഡീസ് കോച്ചിൽ
മഴച്ചാറ്റലേറ്റ് ജെറിൻ !!
തിളങ്ങുന്ന നീലച്ചുരിദാറിൽ
അപ്പർ ബർത്തിലുറങ്ങുന്ന ചേച്ചി ...
ഏതോ സ്ഥലം വിൽപ്പനയുടെ കാര്യം പറഞ്ഞ്
അവൾ വിളറിചിരിച്ചു ...
ഇടയ്ക്ക് പഠനത്തിന്റെ കാര്യം ചോദിച്ചപ്പോൾ
പേടിയോടെ ചേച്ചിയുടെ ചോപ്പിച്ച ചുണ്ടിലേക്ക്‌ നോക്കി !!

ഇറങ്ങാൻ നേരം തണുത്ത വിരൽത്തുമ്പ്‌
കൈത്തണ്ടയിലമർത്തി അവൾ പറഞ്ഞു ...
""ആദ്യൊക്കെ നോവും ...പിന്നതൊരു ശീലാവുമ്പോ
ഒന്നുമറിയില്ല ....ഒന്നും ....""

അന്നേരമവൾക്ക് ,
ബോംബേന്നു വന്ന പാവക്കുട്ടിയുടെ ചോന്ന മുഖം !!!

..........................................................................................
ഉച്ചതിരിഞ്ഞ നേരത്ത്
വെയിൽത്തുമ്പിക്കു പിന്നാലെ
ഇടവഴിയിലോടിക്കളിച്ചൊരു ആറുവയസ്സുകാരി !!

ഉച്ചമയക്കം കഴിഞ്ഞു അമ്മ വിളിക്കുമ്പോ അവളില്ല !!
മഞ്ഞഫ്രോക്കിന്റെ ചോന്ന ഫ്രില്ല്
വഴിയോരത്ത് പറന്നു നടന്നു !
അന്വേഷണങ്ങൾ ...പരാതികൾ ...
തെരുവോരങ്ങളിൽ പതിയ്ക്കപ്പെട്ട നോട്ടീസുകൾ ...
ആറേഴു മാസങ്ങൾ കഴിഞ്ഞു ബോംബേന്നു നാട്ടിൽ വന്ന
കെട്ടിടം പണിക്കാരന് കിട്ടിയ
പലചരക്കു കടയിലെ പഞ്ചസാരപ്പൊതിയിലെ
""കണ്ടു മറന്ന മുഖം "

അന്ധേരി വെസ്റ്റ് പോലീസ് സ്റ്റേഷനിലിരുന്നു കരഞ്ഞ
അച്ഛനും അമ്മയും ....
പുതുതായി പണിയപ്പെട്ട ഫ്ളാറ്റ് സമുച്ചയത്തിനു പിന്നിലെ
ചേരിയിൽ ,
നീല ബക്കറ്റു തൂക്കി ആറുവയസ്സുകാരി !!
കറുത്ത് കരിവാളിച്ച കണ്ണുകൾ ..
കുഴിഞ്ഞൊട്ടിയ കവിളത്തെ പൊള്ളൽ പാട് ..
കീഴ്ച്ചുണ്ടോരത്ത് പല്ലിറുമ്മിക്കരിഞ്ഞ
കുഞ്ഞു ചന്ദ്രക്കല ....
നീണ്ട ലഹളയ്ക്ക് ശേഷം ,
സ്റ്റേഷനുള്ളിലെ മുറിയിൽ
അച്ഛനമ്മമാരെ അവളാദ്യം പകച്ചു നോക്കി ...
പിന്നെ പുറത്തേക്കു വരാത്തൊരു
നിലവിളിക്ക്‌ വാ തുറന്നു ....!!

അന്നേരമവൾക്കും ,
ബോംബേന്നു വന്ന പാവക്കുട്ടിയുടെ ചോന്ന മുഖം !!

............................................................................................
രാത്രികളിൽ ...പകലുകളിൽ ...
നിർത്താതെയുള്ള പെൺ കരച്ചിലുകളിൽ
പാവക്കുട്ടി ചിരിച്ചു ...
ചോന്ന മുഖം കാട്ടി ..
നീലപ്പൂവ് കാട്ടി ....

അങ്ങനെയാണ് ,
ഹൃദയം തീരുമാനിച്ചത് ...
പച്ചട്രങ്കിന്റെ തുരുമ്പിച്ച കൊളുത്തു തുറന്ന്
ബോംബേന്നു വന്ന പാവക്കുട്ടിയെ
കരിയിലക്കൂട്ടത്തിലിട്ടു ഉമി കുടഞ്ഞു
തീവെച്ചുരുക്കിക്കളയാൻ ....!!

ഉരുകട്ടെ ....
പാവക്കുട്ടികൾ ....ഉരുകിയുരുകത്തീരട്ടെ ....!!