ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 5 February 2016

"എന്താടോ താൻ നന്നാവാത്തെ ....

ഹൃദയമെപ്പോഴും മറ്റുള്ളവരുടെ മുഖത്ത്
"ചിരി " മാത്രം തേടുന്നു ..
അത് അസാദ്ധ്യമെന്നറിഞ്ഞിട്ടും !
പ്രത്യേകിച്ച് ...ന്റെ കുട്ട്യോൾടെ ...
ഇന്നലെ ക്ളാസ്സിൽ കയറിച്ചെല്ലുമ്പോൾ
ഷാനുവിന്റെ മുഖത്തൊരു വാട്ടം (യഥാർത്ഥ പേരല്ല )!!
മലയാളം ഉപയോഗിക്കാൻ പാടില്ലെന്ന
നിയമം എപ്പോഴും തെറ്റിച്ച്
എന്റെ മറുപടി മലയാളത്തിലാക്കുന്ന ആളാണ്‌ കക്ഷി .
"പറ മിസ്സേന്നു " ദിവസം ഒരുപത്തു വട്ടമെങ്കിലും പറയുന്നവൻ
എന്റെ മുഖം വാടിയാൽ
"ന്നോട് പറ ...എന്താ മിസ്സിന് വിഷമം "
എന്ന് ഇടയ്ക്കിടെ ചോദിക്കുന്ന ഉണ്ടക്കണ്ണൻ !
ഹാജരെടുത്തു കഴിഞ്ഞപ്പോഴും ആൾക്ക് വല്യ മിണ്ടാട്ടമില്ല
എന്തുപറ്റിയെന്ന്
അടുത്തിരുന്ന വേന്ദ്രന്മാരോട് ചോദിച്ചപ്പോൾ മറുപടി ...
"ഓനുഗ്രൻ പണി കിട്ടീ മിസ്സേ "
ക്ലാസ്സുണ്ടായിരുന്നത് കൊണ്ട്
കൂടുതൽ ചോദിയ്ക്കാൻ നിന്നില്ല
ഇടയ്ക്ക് കിട്ടിയ ഇടവേളയിൽ പരീക്ഷാ ടൈം ടേബിൾ
കൊടുക്കാൻ ചെന്നപ്പോ കയ്യോടെ പിടികൂടി കാര്യമന്വേഷിച്ചു !
വിവരമറിഞ്ഞ ഹൃദയം
എട്ടുനിലയിൽ ഞെട്ടീന്നു പറഞ്ഞാ മതിയല്ലോ !!!
ചാറ്റിംഗ് വരുത്തുന്ന വിനകളേ !!!!
അതും പെങ്കുട്ട്യോള് വില്ലത്തിമാരാവാന്ന്വച്ചാ !!
വിശ്വസിക്കാൻ പ്രയാസാണേ ...
കഴിഞ്ഞ മാസം ചാറ്റ് റൂമിൽ കിട്ടിയ പെൺകുട്ടി ,
ലോക്കലാണത്രേ (എമിറാത്തി )
പാതി ഇന്ത്യൻ ആണെന്നും പറച്ചിലുണ്ട്
ചാറ്റിച്ചാറ്റി കാര്യങ്ങൾക്കൊപ്പം കരളും കൈമാറി ..
സൌകര്യായിട്ടു സംസാരിക്കാൻ
വാട്സ് ആപ്പില് കാണലായി
ഒരീസം ഓള് ചോയ്ച്ചൂത്രേ ,
"ഞാൻ നിന്നെക്കാണാൻ വരട്ടേന്ന് "
ഓൻ ഗമേല് പറഞ്ഞു ..."പിന്നെന്താ , വന്നോ "
ഓള് പറഞ്ഞു "വന്നാൽ നിന്റെ കൂടെ താമസിക്കണംന്ന്"
ഓൻ വീണ്ടും ഗമേല്
"എന്താ ചോയ്ക്കണ് ? ?ആവാല്ലോ ..എല്ലാരേം പരിചയപ്പെടുത്താം "
ഗുഡ് നൈറ്റ് പറഞ്ഞു തമാശ വിട്ട് ഉറങ്ങാൻ പോയി
പിറ്റേ ദിവസം സ്കൂളില് വരാൻ ആശാൻ റെഡിയാവുമ്പോ
ഒപ്പം വരണ കൂട്ടുകാരൻ ഓടിക്കിതച്ചു വരണു ...
"ദേടാ ...ലവള് ..താഴെ "
"ആര് "
"അന്റെ ..fb ലൈന് "
"അള്ളോ" ന്നു വിളിച്ചതും കെട്ടിക്കൊണ്ടിരുന്ന ടൈ
കഴുത്തില് മുറുകീതും ഒപ്പമെന്ന് "ഗദ്ഗദ കുമാരൻ "!
അതിനിടെ ബാഗും തൂക്കി നിന്ന പെങ്കൊച്ചിനെ
സെക്യൂരിറ്റി പൊക്കീന്നും
"മ്മടെ ഷാനൂനെ തെരക്കി ഒരു പെങ്കൊച്ചു വന്നീണ്ട്ന്ന് "
ഉമ്മാനോട് ഫോൺ ചെയ്തു പറഞ്ഞൂന്നും
അവൻ വിക്കിവിക്കി പറഞ്ഞു ..
(ഒപ്പം അവൻ ടെറസ്സിൽ ഉപേക്ഷിച്ചു പോണ മദ്യക്കുപ്പികളെകുറിച്ചും "durex "നെക്കുറിച്ചും
പൊടിപ്പും തൊങ്ങലും വച്ച ഇല്ലാക്കഥകൾ
ആ മീശക്കാരൻ കൊശവൻ ഉമ്മയെ ധരിപ്പിച്ചൂത്രേ !!!
ടെറസ്സിൽ പോയിരുന്നു കോള കുടിക്കാറുണ്ടെന്ന്
ആശാൻ കുറ്റസമ്മതം നടത്തി )
എന്തായാലും കുടുങ്ങീന്നു പറഞ്ഞാൽ മതിയല്ലോ !
ധൃതിയിൽ ലിഫ്റ്റിൽ താഴേയ്ക്ക് പോയ അവന്റെ പിന്നാലെ
ഉമ്മ സംശയക്കണ്ണുമായി ചെന്നെന്നും
"ലവനും ലവളും " ഒന്നിച്ചു നിക്കണ കണ്ട്
തലകറങ്ങി വീണെന്നും കൂട്ടുകാരൻ താങ്ങീന്നും
പിന്നാമ്പുറകഥ ...
ഒടുക്കം ,
പെണ്ണിനേം വിളിച്ചോണ്ട് അടുത്തുള്ള ബസ് സ്റ്റോപ്പിൽ പോയി
നിന്ന് വിയർത്തു ചെക്കൻ .
സ്ഥലം ചോദിച്ചപ്പോൾ
"മംസാർ ..ഹംറിയ "ഇങ്ങനെ ചാടിക്കളിച്ചു
മലക്കം മറിഞ്ഞ പെങ്കൊച്ചിനോട്
"അള്ളാണെ ..അന്റെ കാലു ഞാമ്പിടിക്കാം "ന്ന്
ഓനൊരു നെലോളി പാസാക്കി !!
അതുവരെ "ഹോട്ടലീപ്പോവാം മുറിയെടുക്കാം "ന്ന്
സഹസ്രനാമം ചൊല്ലിയിരുന്ന പെണ്ണ്
കാലു പിടിത്തത്തിൽ തലയും കുത്തി വീണ്
ഹംറിയാ പാർക്കിനടുത്തെന്നു സ്ഥിരീകരിക്കുകയും
കയ്യിലഞ്ചു പൈസയും മൊബൈലിൽ ബാലൻസും ഇല്ലാതെ
അവനവളെ അനുഗമിക്കുകയും ചെയ്തു !!
പാർക്കിലെത്തിയപ്പോഴോ ...
"ന്റെ മിസ്സേ ..ഓളെന്നെക്കേറിയൊരു പിടിത്തം
ന്റള്ളോ ന്നു വിളിച്ചു ഞാനവിടിരുന്നു .."
(ഇത് പറയുമ്പോ അവന്റെ ഉണ്ടക്കണ്ണ് നിറഞ്ഞിരുന്നു !!!)
അറിയാവുന്ന ഹിന്ദീലും ഇംഗ്ലീഷിലും നീയെന്റെ പെങ്ങളെപ്പോലെയാ.
നേരെ വീട്ടിപോവാൻ പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു
"പക്കേങ്കില് ഓള് നല്ലോളാ
തിരിച്ചു വരാൻ ബസ്സ്‌ കാശ് തന്നു "വെന്ന് കണ്ണ് തുടച്ച് ആശാൻ !
വീട്ടില് എത്തിയപ്പോ ഓൾടെ കാര്യം പറഞ്ഞു
പുകിലോട് പുകില്!
രാത്രി മൊബൈൽ ഓൺ ചെയ്തപ്പോ
പെങ്കൊച്ചിന്റെ സന്ദേശം .
I am@police station.They informed my parents.
മൊബൈൽ ഓഫാക്കി എവിടെയോ എറിഞ്ഞ്
പ്രണയപ്പനി പിടിച്ച കാമുകൻ പേടിപ്പനി പിടിച്ചു കിടപ്പായി !
അതിന്റെ രണ്ടാം ദിവസമാണ് വിഷാദ മൂകനായി
ആളെ ക്ലാസ്സിൽ കാണപ്പെട്ടത് ...
തോളത്തു തട്ടി തിരികെ ക്ലാസ്സിൽ കയറുമ്പോൾ
ഫീലിംഗ് ദയനീയം എന്ന മട്ടിൽ അവൻ വീണ്ടും പറഞ്ഞു ,
"ഒക്കെ പോട്ടെ മിസ്സേ
ഇപ്പം ഉസ്കൂളിൽക്കിറങ്ങുമ്പോ ഉമ്മാന്റെ വക ഡയലോഗുണ്ട്
സഹിക്കാമ്പറ്റൂല്ല ..
"ഇന്നേതു പെങ്കുട്ട്യാടാ അന്നെ നോക്കി ബര്വാ ????"
തീരെ നിഷ്കളങ്കമായി അവൻ തുടർന്നു ...
"ന്നെക്കണ്ടാ അങ്ങനെ തോന്ന്വോ ?? ഞാമ്പാവല്ലേ മിസ്സേ ??"
ഒരു സഹതാപച്ചിരിയിൽ മുഖം ചുളിച്ചു മറുപടി പറഞ്ഞു ..
"ഈ ചാറ്റിംഗ് നമുക്ക് പറ്റിയതല്ല
നീയിനി അധികം ചാറ്റ് റൂമിൽ വിലസണ്ട കേട്ടോ "
അപ്പൊ അതാ വരണൂ നിഷ്കളങ്കന്റെ ഉത്തരം !!!
"ഇല്ല മിസ്സേ ...നി മലയാളിക്കുട്ട്യോളോടെയുള്ളൂ ...."
ഹൃദയമൊരു പൊട്ടിച്ചിരിയിൽ വിങ്ങി ..
പിന്നെ മംഗലശ്ശേരി നീലകൺഠന്റെ തലയെടുപ്പ്
കടമെടുത്തു പറഞ്ഞു ...
"എന്താടോ താൻ നന്നാവാത്തെ ....
------------------------------------------------------------------------
വാലറ്റം :
പറയപ്പെടാതെയും അറിയപ്പെടാതെയും പോയ
പഴയ പ്രണയങ്ങൾക്ക് ....
സന്ദേശ വാഹകരായ കാറ്റിനെയും മേഘത്തെയും സാക്ഷിയാക്കി
കൈമാറപ്പെട്ട മൗന നൊമ്പരങ്ങൾക്ക് ....
പ്രണയ വിപ്ളവങ്ങൾ തീർത്ത ചങ്ങാതിമാർക്ക് ....
നേടുന്നത്ല്ല നഷ്ടപ്പെടുത്തുന്നതാണ് പ്രണയത്തെ
അനശ്വരമാക്കുന്നതെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച
കമിതാക്കൾക്ക് ....
പുതു തലമുറയുടെ പ്രണയം എത്രയോ വിഭിന്നമാണ്
എന്ന സത്യം ....
"മാംസ നിബദ്ധമാണ് രാഗം " എന്ന് ചില നേരങ്ങളിലെങ്കിലും
തോന്നിപ്പോകുന്നു ....
"എന്റെ പ്രണയം നിന്റെ പ്രണയം കൊണ്ടാണ് ജീവിക്കുന്നത്
നിനക്ക് ജീവനുള്ളിടത്തോളം അത് നിന്റെ കൈകളിലായിരിക്കും
എന്നെ വിടാതെ പിടിച്ചു കൊണ്ട് ..."---------പാബ്ളോ നെരൂദ