ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 18 August 2017

വിവർത്തനം

വിവർത്തനമെന്നാൽ മരണമെന്നുമാണ്  !

കീഴടങ്ങാത്ത ,മെരുങ്ങാത്തയുടലുകളെ
വിവർത്തനം ചെയ്യുക .

അടർന്നു മാറാത്തയോർമ്മകളെ
വിവർത്തനം ചെയ്യുക .

ചേക്കേറാക്കിളിയുടെ ചിറകുകളിലെ
സ്വപ്നങ്ങളെ വിവർത്തനം ചെയ്യുക

ഇലപ്പായയ്ക്കടിയിലെ സർപ്പശല്ക്കങ്ങളെ
വിവർത്തനം ചെയ്യുക .

നീന്താൻ മടിച്ച സ്വപ്നക്കടൽത്തിരകളെ
വിവർത്തനം ചെയ്യുക

ഒടുവിൽ നിന്നെ വിവർത്തനം ചെയ്യുവാൻ
എന്നെയനുവദിക്കുക .
നിന്റെ കവിതയിലെ വിഷം എനിക്ക് നൽകുക .

ഉടൽഗന്ധങ്ങൾ

സർപ്പങ്ങളങ്ങനെയുമുണ്ട് ,
വാടിയ ഇലഞ്ഞിപ്പൂ ഗന്ധമുള്ളവ ..
പർപ്പടകപ്പുല്ലിൽ തീപിടിക്കും മണമുള്ളവ ...
ഊറ്റിവാരിയുടച്ച മധുരക്കപ്പവാസനയുള്ളവ ...
അന്തിക്കാറ്റു കെടുത്തിയ പടിപ്പുരത്തിരി മണക്കുന്നവ ..

പക്ഷേ പെണ്ണുടൽ ഗന്ധമുള്ള സർപ്പമാണ് ഞാൻ !

പടംപൊഴിച്ചുയിർക്കുമ്പോഴൊക്കെയും
മാറിമറിയുന്ന ഉടൽഗന്ധങ്ങൾ .


വാസനിച്ചു വാസനിച്ചൊടുക്കം എന്റെ ഗന്ധങ്ങൾ
നിന്നെ അകപ്പെടുത്തുകയാണ് .

സർപ്പഗന്ധമേറ്റുവാങ്ങുകയെന്നാൽ
ഇന്ദ്രിയസൗഖ്യം നിലച്ചുപോവുകയെന്നുമാണ്  .
കാഴ്ചയ്‌ക്കൊപ്പം കേൾവിയും
വാക്കുകൾക്കൊപ്പം സ്പർശവും
ഒടുക്കം
അകപ്പെടുത്തിയ ഗന്ധം തന്നെയുമില്ലാതാവും .

രക്ഷപ്പെടാനുള്ള വാതിലുകൾ തുറന്നു കിടക്കട്ടെ !!

Wednesday 26 July 2017

പരീക്ഷാപ്പണി

രാവിലെ മുതൽ മഴയായിരുന്നു
പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാ ഡ്യൂട്ടിമറ്റൊരു സ്‌കൂളിൽ കിട്ടിയതിനെത്തുടർന്നു അവിടേയ്ക്കു പോകാനിറങ്ങി .
ഇന്ന് ഒരു SEND കുട്ടിയുടെ ഇൻവിജിലേറ്റർ ആയിട്ടായിരുന്നു ചുമതല .
(Special Education Needed and Disabled )
പരീക്ഷാ ഹാളിൽ ആരെയും നോക്കി കണ്ണുരുട്ടണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഹൃദയം .
കാരണം ഒരു കുട്ടി മാത്രം .
അവിടെ ചെല്ലുമ്പോ അവൾ നിറഞ്ഞ ചിരിയോടെ കാത്തിരിക്കുന്നു .
mam മലയാളി ആണോ എന്ന് ചോദിച്ചു പരിചയപ്പെട്ടു .
അവൾക്കു കാഴ്ചയ്ക്കു തകരാറുണ്ട് .
കണ്ണടയ്ക്കു പുറമെ കട്ടിയുള്ള ഒരു ലെൻസ് പിടിച്ചാണ് ചോദ്യപേപ്പർ വായിക്കുന്നത് .
വളരെ ബുദ്ധിമുട്ടി അവൾ വായിച്ചു തുടങ്ങി .
അവളുടെ ആത്മവിശ്വാസം ഉയർത്താൻ വെറുതെ പറഞ്ഞു
പരീക്ഷ എളുപ്പമായിരിക്കും പേടിക്കണ്ട .
അവൾ ചിരിച്ചു
പിന്നെ ബദ്ധപ്പെട്ടു വീണ്ടും വായിച്ചു .
ഞാൻ വായിച്ചു തരണോ എന്ന് ചോദിച്ചപ്പോൾ
വേണ്ട മാം .എന്ന് ആത്മവിശ്വാസത്തോടെയുള്ള മറുപടി .
രണ്ടു മണിക്കൂർ പരീക്ഷയിൽ
പരീക്ഷ അവസാനിക്കാൻ കൃത്യം അഞ്ചു മിനിറ്റ് അവശേഷിക്കുമ്പോൾ
കൊണ്ട് പോയ അഡിഷണൽ ഷീറ്റുകൾ ഒരെണ്ണം മാത്രം ബാക്കിയാക്കി അവൾ വടിവൊത്ത അക്ഷരങ്ങളിൽ എഴുതി നിർത്തി .
ഉത്തരങ്ങളെല്ലാം വീണ്ടും ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തി .
അത്തരം കുട്ടികൾക്ക് അനുവദിക്കാറുള്ള അധിക സമയം എടുത്തോളൂ എന്ന എന്റെ ഔദാര്യത്തിന്
നോ Mam .താങ്ക് യു .എന്ന് അവളെന്നെ ലജ്ജിപ്പിച്ചു .
നാളെ മറ്റൊരു കുട്ടിയ്ക്ക് വേണ്ടി ...
ഒൻപതാം ക്‌ളാസിൽ പാരാലിസിസ് വന്ന പെൺകുട്ടി .
കഴിഞ്ഞ ദിവസം അവൾക്കു വേണ്ടി ഡ്യൂട്ടി ചെയ്ത സഹപ്രവർത്തകയുടെ വാക്കുകൾ ഓർമ്മ വരുന്നു .
"'എന്താടാ ആത്മവിശ്വാസം .പെൺകുട്ടികളായാൽ ഇങ്ങനെ വേണം .''
സ്ക്രൈബ് എന്ന ആശ്രയം വേണ്ടെന്നു വച്ച പെൺകുട്ടികൾ . ആത്മവിശ്വാസം തെളിയുന്ന രണ്ടു മുഖങ്ങൾ .
എല്ലാമുണ്ടായിട്ടും ഒന്നും ചെയ്യാനില്ലാതെ കോപ്പിയടിയെയും കമ്പാർട്മെന്റിനെയും കുറിച്ച് മാത്രം ചിന്തിക്കുന്ന എന്റെ കുഞ്ഞുങ്ങളോട് ..
അച്ഛനമ്മമാരുടെ ദേഷ്യപ്പെടലുകൾ ചില നേരങ്ങളിൽ അവരുടെ നിരാശയുടെയും നിസ്സഹായതയുടെയും വെളിപ്പെടുത്തലുകളാണെന്നു മനസ്സിലാകാതെ
ഫുൾ കലിപ്പാണ് ബ്രോ എന്ന് പറയുന്ന എന്റെ മക്കളോട്
ഒറ്റ വാക്കിൽ ആത്മഹത്യയാണ് പ്രതികാരം എന്നു കണ്ടെത്തുന്ന എന്റെ കുട്ടികളോട്
തോൽവിയോ ജയമോ അല്ല
നിങ്ങൾ എന്താണെന്ന്, ആരാണെന്ന് സ്വയം തെളിയിക്കുകയാണ് വേണ്ടത് .
അതിലൂടെ ഏതു പ്രതിസന്ധിയിലും പതറാതെ നില്ക്കാനുള്ള ആർജ്ജവമുണ്ടാകട്ടെ .
നാളെ ..ആരെന്നും എന്തെന്നും ആർക്കറിയാം .
വാലറ്റം - ചില വാർത്തകളുണ്ടാക്കുന്ന ഞെട്ടൽ..
കോപ്പിയടിച്ചതിന് അധ്യാപകൻ വഴക്കു പറഞ്ഞതു കാരണം കുട്ടി ആത്മഹത്യ ചെയ്തു .
ഇന്നലെ ഷാർജയിൽ ഒരു മലയാളി പെൺകുട്ടി മരിച്ചു .
സത്യത്തിൽ എക്സാം ഡ്യൂട്ടി എന്ന് കേൾക്കുമ്പോഴേ ഭയമാണ് .
whats appൽ പ്രചരിക്കുന്ന ഒരു സന്ദേശം കൂടി ഒപ്പം ചേർക്കുന്നു .
""പരീക്ഷയ്ക്കിടയിൽ കോപ്പിയടിക്കുന്നതു കണ്ടു താക്കീതു ചെയ്യാൻ അടുത്തെത്തിയ അദ്ധ്യാപകൻ അഡിഷണൽ ഷീറ്റ് കൊടുത്തു പിന്തിരിഞ്ഞു .
എങ്ങാനും പേരെഴുതി വച്ച് ആത്മഹത്യ ചെയ്താലോ
വീട് , കുടുംബം കുഞ്ഞുങ്ങൾ "'.

ഹൃദയം പകുക്കപ്പെട്ടവർ

നമ്മളൊന്നിച്ചു കൊണ്ട ഉച്ചവെയിൽച്ചൂട്!
വിയർത്തു വിളർത്ത നിന്റെ മൂക്കിൻതുമ്പ്‌.
അതിൽ ചുണ്ടുതൊട്ടടുത്തൊരു തുള്ളി പറഞ്ഞു ...
ചവർപ്പ് ...വല്ലാത്ത ചവർപ്പ് .
ഇനിപ്പു ചവർപ്പായി മാറ്റിയ ആണ്ടുകളുടെ കരിയിലത്തുണ്ടുകൾക്കു മേലെ നടക്കുകയാണ് നാം .
ദൂരമിനിയുമേറെയുണ്ട് ,
നടന്നു തീർക്കാനെനിക്കും നിനക്കും .

ഉയിർത്തെഴുന്നേൽപ്പ് ...

ഉയിർത്തെഴുന്നേൽപ്പ് ...
അവരിൽ നിന്ന് നിന്നിലേക്ക് ,
നിന്നിൽ നിന്നെന്നിലേക്കും
എല്ലാവർക്കും ""കണ്ണ് ""കയ്യിലത്രേയെന്ന്
നഷ്ടമായിപ്പോകുന്ന കാഴ്ച പറയുന്നു
കയ്യിലെക്കണ്ണു നിറയില്ലെന്ന് നീ .
എല്ലാവർക്കും കേൾവി ""തല""യിലെന്നു
ചിതറിത്തെറിച്ചടഞ്ഞ ഒച്ച പറയുന്നു .
കേൾവിയിൽ ""തല "" തന്നെ ചെവിയേക്കാൾ കേമമെന്നു നീ .
എന്റെ രുചിയും ഗന്ധവും സ്പർശവും
നീ മറന്നു കളയും മുൻപ് തിരിഞ്ഞു നടക്കുകയാണ് ഞാൻ .
നടപ്പിനിടയിൽ ഓർമ്മപ്പൊള്ളലുകളിൽ കുമളിച്ചു പൊന്തിയ പഴയൊരു വാചകം
രണ്ടു സമാന്തര രേഖകളെ ഒരു ഛേദകം ഛേദിക്കുമ്പോൾ .....
ഒന്നുമില്ല ...ഒന്നുമോർക്കാനില്ലെന്ന് തലകുടഞ്ഞു ഹൃദയം പിന്തിരിയുന്നു .
എന്റെയടയാളങ്ങളോരോന്നും നിന്റെ ഹൃദയത്തിൽ നിന്നുമെടുത്തുമാറ്റപ്പെട്ടിരിക്കുന്നു .
എന്നേയ്ക്കുമായി .
നിന്നിലെ ഞാൻ മരിച്ചു പോയിരിക്കുന്നു .

Stillness Speaks

"റൂമി കറങ്ങിക്കൊണ്ടേയിരുന്നു
നിങ്ങൾ ആസനസ്ഥരാകുന്നതോടെ നിങ്ങൾക്കൊരാസ്ഥാനമുണ്ടാവുകയും ആസനമുണ്ടാവുകയും ജനങ്ങളെ നിങ്ങൾ കേടുവരുത്തുകയും ചെയ്യും .
ദർവിഷുകൾ അലഞ്ഞുകൊണ്ടേയിരിക്കുന്നതിന്റെ കാരണം അതാണ് .
കറങ്ങിക്കൊണ്ടേയിരിക്കുമ്പോളുണ്ടാകുന്ന സ്റ്റിൽനെസ്സ്..
സ്റ്റിൽനെസ്സ് സ്പീക്ക്സ് !""- ഷഹ്ബാ
എന്റെ മാധ്യമ ജീവിതത്തിലെ ആകെയുള്ള ചില സമ്പാദ്യങ്ങൾ ചില നല്ല ഓർമ്മകളാണ് .
ഒരു ക്യാമറയിലും ഒപ്പിയെടുക്കപ്പെടാത്ത ചിത്രങ്ങൾ.
( അന്നൊന്നും പബ്ലിസിറ്റി സ്റ്റണ്ട് എന്തെന്ന് അറിയുമായിരുന്നില്ല
ഫോട്ടോകളൊന്നും എടുത്തു വച്ചിരുന്നുമില്ല )
അങ്ങനെ ഒരു ഇഷ്ടഗാന അഭിമുഖത്തിലാണ്
കറുത്ത പരുത്തി ഷർട്ട് മുട്ടറ്റം ചുരുട്ടിക്കയറ്റി
ചുരുണ്ട മുടി അലസമായിട്ട് ഒരാൾ കയറി വന്നത് .
ഷഹബാസ് അമൻ എന്ന ഔപചാരിക വിളി വേണമെന്നില്ല ജാനകി ,ഷഹ്ബാ എന്ന് വിളിച്ചോളൂ എന്ന് കണ്ണിൽ നോക്കി പറയുമ്പോൾ എത്രയോ കാലമായി അടുപ്പമുള്ളൊരാളോട് അടുത്തിരുന്നു സംസാരിക്കുന്ന പോലെയായിരുന്നു .
ഒരുപക്ഷെ ആൾ മറന്നു പോയിരിക്കാം .
ഒരിക്കലും പിന്നീട് പരിചയം പുതുക്കാനോ സന്ദേശങ്ങളയച്ചു ബുദ്ധിമുട്ടിക്കാനോ തോന്നിയിട്ടില്ല .
(അതെന്നും എല്ലാവരോടും അങ്ങനെതന്നെയായിരുന്നു )
ഇന്നും ഏകാന്തതയിൽ കേൾക്കുന്നത് ആ പാട്ടുകളാണ്.
അജ്‌മീർ ഒരു സ്വപ്നമാണ് . .
ഏതോ കാലത്തിൽ എന്നോ കണ്ട സ്വപ്നം .
റൂമിയെ വായിച്ചു തുടങ്ങിയത് പത്താം തരത്തിലെ വേനലവധിയ്ക്കാണ് .
അന്ന് എഴുതി വച്ച വരികൾ ഇപ്പോഴും പഴയ ഡയറിയിലുണ്ട് .
പക്ഷേ ഇപ്പോൾ റൂമിയെ വായിക്കുമ്പോൾ മുകളിലെഴുതിയ വരികൾ കൂടി ഒപ്പം ചേർത്തു വയ്ക്കപ്പെടുന്നു .
എന്റെ സ്വപ്നങ്ങളിൽ റൂമി കറങ്ങിക്കൊണ്ടേയിരിക്കുന്നു
തനൗറയുടെ വെളുത്ത ചുഴികൾക്കൊപ്പം
കൈകൾ പിണച്ചു വച്ച് സത്യത്തിലേക്കുള്ള പുനർജ്ജനിയുടെ കറുത്ത ഹിർക്കയൂർന്നിറങ്ങുന്നു .
വെളുത്ത വട്ടത്തിൽ എന്റെ നീല ഞരമ്പുകൾ വട്ടം പിണഞ്ഞു ചുറ്റുന്നു ..
പിണച്ചു വച്ച വലം കൈ ആകാശത്തിലേക്കുയരുന്നു .
ഇടതു കൈ ഭൂമിയിലേയ്ക്ക് ചായുന്നു .
വലത്തു നിന്നിടത്തേയ്ക്ക് എന്റെ ഹൃദയം ചുറ്റി റൂമി കറങ്ങിക്കൊണ്ടേയിരിക്കുന്നു .
I choose to love you in silence ...
For in Silence
I find no Rejection...
I choose to love you in Loneliness...
For in Loneliness
No one Owns you
But me...
I choose to adore you
from a Distance
For distance will shield me
from Pain...
I choose to kiss in the wind
For the wind is gentler than
My lips...
I choose to hold you in
My dreams..
For in my dreams
You have No End..
- Rumi

മുറിപ്പെടാത്തതായി ഒരു ഹൃദയവും അവശേഷിക്കുന്നില്ല

ഓർമ്മത്തെരുവിലെ ശബ്ദചിത്രങ്ങൾ .
ഉച്ചത്തിൽ സംസാരിക്കുന്നവരുടെ ലോകത്താണ് ഹൃദയം .
കാതുകളിൽ ഒരു മുഴക്കം മാത്രം .
കേൾവിയുടെ പേടകം നിറയെ ചില പഴഞ്ചൻ ഓർമ്മയൊച്ചകളാണ് .
വെളുപ്പിനെ കരിയടുപ്പു പുകച്ചു കണ്ണുകളുമായി കുളിമുറിയിൽ കയറുമ്പോൾ പശ്ചാത്തലമായി കേട്ട "പ്രഭാതഭേരി "
വിരസവിഷാദ സായാഹ്നങ്ങളിൽ മണൽക്കൂനക്കസേരയിലെ വായനകൾക്കു പിന്നിൽ കേട്ട വയലാർക്കവിതകൾ
പ്രൈവറ്റ് ബസ്സിൽ കമ്പിയ്ക്കും കിളിയ്ക്കുമിടയിൽ
തൂങ്ങി നിന്നാടുമ്പോൾ സിനിമാപ്പാട്ടു പകർന്ന രംഗഗീതം
ഇടയിലെപ്പോഴോ താളബോധം നഷ്ടമായ മനസ്സിന്റെ തിരിച്ചു വരവിൽ കേട്ട രബീന്ദ്ര ഗീതങ്ങൾ ..എക്‌ലാ ചോലോ രേ ...
പാതിരാവിൽ വിവിധ് ഭാരതി സ്റ്റുഡിയോയിലെ ഏകാന്തതയിൽ പേർത്തും പേർത്തും കേട്ട
എന്റെ മൺവീണയിൽ..
ഓർമ്മയൊച്ചകൾക്കെല്ലാം എന്നും പതിഞ്ഞ താളമായിരുന്നു .
താളം മുറുകിത്തുടങ്ങിയൊരു കാലത്തു ഈണമില്ലാതെ കുറയൊച്ചകൾ ഒപ്പം കൂടി .
ഒക്കെയും പെണ്ണൊച്ചകൾ !
അതിൽ ചിലത് ..
രാവേറെ വൈകി തമ്പാനൂര് നിന്നുള്ള പാലക്കാട് സൂപ്പർ ഫാസ്റ്റിൽ ലേഡീസ് സീറ്റിന്റെയോരം ചേർന്ന് നിന്നയാളുടെ
കാമമൊലിച്ചിറങ്ങിയ പെൺ ചുരിദാററ്റം .
പകയും സങ്കടവും കണ്ണിൽ നിറച്ചു അവളെന്നെ നോക്കിയ നോട്ടം .
ആയിരം വാക്കുകളുടെ ശക്തിയിൽ അവളുടെയലറൽ
(ഒപ്പം എന്റെയും ).
പെണ്ണൊച്ചയുടെ രൗദ്ര മുഖം .
പഴവങ്ങാടി ഗണേശന് മുന്നിൽ കിഴക്കേക്കോട്ട ബസ്സ്റ്റാൻഡിൽ വല്ലാത്ത നേരത്തു വല്ലാതെ കണ്ട ചിരി .
സ്ഥിരം യാത്രക്കാരിയെന്ന പരിചയത്തിന്റെയടുപ്പം .
"എന്റടുത്തിരിക്കണ്ട കൊച്ചേയെന്ന " താക്കീത് .
കൂട്ടിക്കൊടുത്ത അനിയന്റെ ചങ്കുറപ്പിന്റെ കഥ .
കഥയൊടുക്കം കേട്ട ചേച്ചിയൊച്ച .
"മടുത്തു "
പെണ്ണൊച്ചയുടെ മരവിച്ച മുഖം .
സ്വകാര്യ സ്ഥാപനത്തിലെ ക്ലാർക്ക് പണിക്കിടയിൽ
ഇടയ്ക്കിടെ എത്തുന്ന ചൂട് കട്ടൻ ചായ .
അത് നീട്ടുന്ന വെളുത്ത കൈത്തണ്ടയ്ക്ക് പിന്നിലെ ചിരിച്ച മുഖം .
ഒരു ദിവസം ചിരിമുഖം കറുത്ത് പല്ലു ഞെരിച്ചു .
ഒരു രണ്ടു വർഷം കൂടി കാക്കാതെ വയസ്സറിയിച്ച മകളെ ശപിച്ചു .
പെണ്ണാവുന്നതു പാപമെന്ന് വീണ്ടും വീണ്ടും പറഞ്ഞു കരഞ്ഞു .
എണ്ണിച്ചുട്ട ശമ്പളക്കാരി - പ്രാരാബ്ധക്കാരിയതുകേട്ടു നിസ്സഹായയായി .
മിച്ചം പിടിച്ച ചിട്ടിക്കാശു കൊണ്ടൊരു ബാങ്ക് അക്കൗണ്ട് .
"സിംഹ കൂട്ടായ്മയിലെ " പേരെടുത്ത സിങ്കം മേലധികാരി കനിഞ്ഞു .
പെണ്ണ് പഠിക്കട്ടെഎന്നായി ഒടുക്കത്തെയൊച്ച .
പെണ്ണൊച്ചയുടെ പ്രതീക്ഷാ മുഖം .
മുറുകിയ താളങ്ങൾക്കൊടുവിൽ ഹൃദയം ഒച്ചകൾക്കു കാതു കൊടുക്കാതെയായി .കാരണം അപ്പോഴേയ്ക്കും ചുറ്റിനും ഉച്ചത്തിലുള്ള ശബ്ദങ്ങൾ മാത്രം മുഴങ്ങി .
അതിനിടയിലെപ്പോഴോ കേൾക്കാതെയായ എന്റെ ഹൃദയതാളത്തിനു കാതോർക്കുകയാണ് ഞാൻ .
നിങ്ങളതു കേട്ടുവോ ?
മഴയുടെ ശേഷിപ്പായി ഇലത്തുമ്പിലിറ്റിയ ജലതാളം പോലെയൊന്ന് !
വരാനിരിക്കുന്ന പെരുമഴക്കാലത്തിനു മുൻപ്
അതിന്റെയൊച്ച വീണ്ടെടുക്കണമെനിയ്ക്ക് .
തിരികെ വീണ്ടും നെഞ്ചിൻകൂട്ടിലടയ്ക്കണം .
പിന്നെയൊരു പേമാരിയായി പെയ്യണം .

കാതോർത്താൽ കേൾക്കാവുന്നത്

ചിന്തകളങ്ങനെയാണ്
ചിലനേരങ്ങളിൽ തീരെ കനം കുറഞ്ഞ പഞ്ഞിത്തുണ്ടു മേഘങ്ങളായി പറന്നു പറന്നകന്നു പോകും .
ചിലപ്പോൾ എന്റെ മിഴിയാകാശത്തിൽ ഉരുണ്ടുരുണ്ടുതിർന്നു പെയ്യും
ഇനിയൊരിക്കൽ മന്തു കാലുകളുമായി നടന്നു വന്നു ഓർമ്മപ്പറമ്പിൽ തീകാഞ്ഞിരിക്കും
വേറൊരിക്കൽ നെഞ്ചിൻകൂട്ടിലുരുട്ടിക്കയറ്റിയ കല്ലുഭാരമായുറഞ്ഞിരിക്കും .
ഒടുവിൽ പൊളിച്ചു കൂട്ടിയ ഊതനിറത്തുണ്ടുകൾ പോലെ
ഒന്നുമാവാതെ എങ്ങുമെത്താതെ ചിതറിത്തെറിക്കും .
ചിന്തകളുടെ ഭ്രാന്തുകളും ഭ്രാന്തിന്റെ ചിന്തകളും തമ്മിലുള്ള ദൂരം എന്റെയിമയനക്കം മാത്രമാകുന്നു .
നിന്റെ കൈത്തണ്ടയിൽ കൊഴിഞ്ഞു വീണ കൺപീലികൾക്കു പറയാൻ
കഥകളൊരുപാടുണ്ട് ..ഒരുപാട് .
ചുണ്ടു ചേർത്ത് ഊതിയകറ്റും മുൻപ് കാതോർക്കുക .
നിനക്കു കേൾക്കാം .

നുണകളുണ്ടാവുന്നത്

നമ്മളിലൊരാൾ പറയുന്നത് കളവാണ് .
എന്റെ നുണ നിനക്ക് നേരും - തിരിച്ചും - ആയിരിക്കുന്നിടത്തോളം കാലം
നമ്മളീ നുണ നുണയും .
പാതിരാപ്പേക്കിനാവിലലറിയെണീറ്റു നീയുച്ചരിച്ചതെന്റെ 
പേരല്ലെന്നു നീയും
പകൽപ്പാതിയുറക്കത്തിൽ പിറുപിറുത്ത് വെറുത്തതു നിന്റെ പേരല്ലെന്നു ഞാനും
നമ്മൾ നേരു പറയുന്നു
ജാലകവക്കിൽ വാക്കുമുറിഞ്ഞു പുറംതിരിഞ്ഞത്
അവഗണനയുടെ ജനൽക്കാഴ്ചയല്ലെന്നു ഞാനും
കാഴ്ചകൾ മടുത്തിട്ടല്ല കേൾവിപ്പടിയടച്ചതെന്നു നീയും
നമ്മൾ നേരു മാത്രം പറയുന്നു .
വിളർത്ത പകലുകളിൽ കനവുകണ്ടടിയുന്ന
തീരങ്ങൾ കണ്ടെടുത്തത്
നിന്റെ ശംഖുമനസ്സെന്നു ഞാനും
ശംഖിനുള്ളിൽ അലയടിച്ചാർത്ത കടലൊച്ച
എന്റെ ഹൃദയതാളമെന്നു നീയും
നമ്മൾ പറയുന്നത് നേരാണ് .
നെഞ്ചു നീറ്റുന്ന നേരിന്റെ നുണനോവുകൾ