ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 12 March 2014

പ്രവാസ പുരാണം

പ്രവാസം ഒരു വേദനയാണെന്ന് പ്രവാസിയായൊരു ചങ്ങാതി.......

അക്ഷരമൊന്നു മാറിയാൽ ....അതൊരു വേദന തന്നെയാണെന്ന്
ഹൃദയം തമാശ പറഞ്ഞു.......
എങ്കിലും ഇപ്പോൾ ഹൃദയത്തിനു സംശയം....
ചങ്ങാതി പറഞ്ഞതു നേരാണോ ???
ചോദ്യം പ്രവാസികളായ സുഹൃത്തുക്കളോടാണ് കേട്ടോ...

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പ്രവാസമെന്തെന്നറിഞ്ഞ ഹൃദയം
തല്ക്കാലം അതിനോടു വിട പറഞ്ഞിരിക്കുകയാണ് ....!!
കാരണമറിഞ്ഞ ചില സുഹൃത്തുക്കൾ ബാലിശമെന്നു കളിയാക്കി....

മുളകെന്തെന്നും എരിവെന്തെന്നും അറിയാത്ത പ്രായത്തിൽ,
പച്ചമുളകരച്ചു തേച്ച് .... നീറുന്ന ചുവന്ന കുഞ്ഞിചുണ്ടുകളുമായി
നിൽക്കുന്ന കുഞ്ഞനെ സങ്കല്പ്പിക്കാൻ പോലും ഹൃദയത്തിനു വയ്യ....!
(ദുബായിലെ ഒരു ഡേ കെയെറിൽ കുഞ്ഞു കുറുമ്പിനു കിട്ടിയ വലിയ ശിക്ഷ !!!)

പകരം.....
മാങ്ങയെറിഞ്ഞു വീഴ്ത്താനും ...
മഴയത്തും വെയിലത്തും മണ്ണിൽ കളിച്ചു തിമിർക്കാനും ...
കുയിലിനെ എതിർപാട്ടു പാടി ചൊടിപ്പിക്കാനും ...
മഞ്ചാടിക്കുരു പെറുക്കിക്കൂട്ടി കുടുക്കയിൽ സൂക്ഷിക്കാനും ...
പ്ലാവിലത്തൊപ്പിയും ഓലയ്ക്കാൽ വാച്ചുമണിഞ്ഞു
വെള്ളയ്ക്കാ വണ്ടിയുരുട്ടി നടക്കാനും ...
മകനെ പഠിപ്പിക്കുന്ന തിരക്കിലാണു ഹൃദയം....!

ഒരു കൊച്ചു വിരഹദു:ഖത്തിലും ,
പഴുത്ത വാളൻപുളി നുണഞ്ഞ് ,
കുനു കുനെയരിഞ്ഞ വിളഞ്ഞ പച്ച മാങ്ങയിൽ
ഉപ്പും വെളിച്ചെണ്ണയും കലർന്ന രസം നുകർന്നു ചിരിക്കുന്ന കുഞ്ഞനെക്കണ്ട് ...
കടന്നു പോയ പ്രവാസകാലത്തിന്റെ കയ്പ്പും മധുരവും വീണ്ടും രുചിച്ച്
ഹൃദയം സ്വയമാശ്വസിക്കുന്നു ....

ആദ്യ വിദേശയാത്രയിൽത്തന്നെ immigration അധികൃതരൊരു പണി തന്നു....
അതിൽ നിന്നു തലയൂരി വിമാനത്തിനകത്തെത്തിയപ്പോഴോ ...
അവിടെയും കിട്ടിയൊരെണ്ണം !!
ആശിച്ചു മോഹിച്ചു കാത്തിരുന്ന window സീറ്റിനു മറ്റൊരവകാശി !!
ഒപ്പം കയറിയ സന്മനസുള്ള ചേട്ടൻ രക്ഷകനായി...
തിരിച്ചു പിടിച്ച സീറ്റിൽ ഗമയിലിരിക്കുമ്പോൾ
മനസ്സ് നിറയെ കാണാൻ പോകുന്ന കാഴ്ചകളുടെ പ്രൗഢി ....

അന്യനാട്ടിൽ ആദ്യ ചുവട് ....
ടാക്സിയിൽ നല്ലപാതിയോടൊപ്പം താമസ സ്ഥലത്തേക്ക് ....
സ്വപ്നം കണ്ട,
കടലിലേക്കു തുറക്കുന്ന ബാൽക്കെണിയുള്ള,
ഏഴാം നിലയിലെ Apartment ...

ഇപ്പൊ പൊളിഞ്ഞു വീഴുമെന്ന മട്ടിലുള്ള
ഒരു വലിയ കെട്ടിടത്തിനു മുന്നിൽ വണ്ടി നിന്നു ..
ലഗ്ഗേജും പൊക്കിയെടുത്തു മുന്നിൽ നടന്ന നല്ലപാതിയുടെ പിറകെ
അമ്പരന്ന ഹൃദയം വച്ചു പിടിച്ചു .....

കെട്ടിടത്തിനുള്ളിൽ കയറിയ പാടെ,
നല്ല ചൂടുള്ള പഴംപൊരി വായിലിട്ടു പറയുന്ന പോലെ ചില സംഭാഷണങ്ങൾ !!!
"അറബികളാണ്...."
മുന്നിൽ നിന്നൊരു പ്രസ്താവന...

"എയർ ഇന്ത്യ " എന്നും..."എയർ ഇന്ത്യ എക്സ്പ്രസ്സ്‌ " എന്നും വിളിപ്പേരുള്ള രണ്ടു ലിഫ്ടുകൾ !!
ആ പേരുകൾക്കു പിറകിലെ കാരണം പിടികിട്ടിയത്
ഒരു മാസത്തിനു ശേഷം ജോലിക്കു പോയിത്തുടങ്ങിയപ്പോഴാണ് ...
ഭാഗ്യമുണ്ടെങ്കിൽ മാത്രം...ലിഫ്ടിൽ കയറിയാൽ താഴെചെന്നിറങ്ങാം !!
രണ്ടും ഇടയ്ക്കു പണിമുടക്കും..
പോരാത്തതിനു ഫ്ലൈറ്റ് എയർ കട്ടിൽ വീഴുന്ന പോലെ കുലുക്കവും...!!!

എന്തായാലും "സ്വപ്ന ഭവനം " കൊള്ളാം ...
ഒരു മുറിയും..അടുക്കളയും...ടോയ് ലെറ്റും !!
(ചില പ്രവാസികൾ എന്തുകൊണ്ട് നാട്ടിൽ കൊട്ടാരം പണിയുന്നുവെന്ന ചോദ്യത്തിന് ഉത്തരം കിട്ടി..)

കടലിലേക്ക്‌ തുറക്കുന്ന ബാൽക്കെണിയിലേക്ക് ആകാംക്ഷയോടെ ചെന്ന
ഹൃദയത്തിനു കാണാൻ കഴിഞ്ഞത്,
കടലിന്റെ "ട" മാത്രമാണ്....കോർണിഷ് എന്ന് വിളിക്കപ്പെടുന്ന ആ സ്ഥലത്ത്
കടലൊന്നും കാണാനില്ല !!!
പകരം കായൽ പോലൊരെണ്ണം....
പിന്നെയൊരു ഗമണ്ടൻ പാർക്കും !
ഇതാണോ ഗൾഫിലെ കടൽ ??
ഹൃദയത്തിന്റെ ഭിത്തികളിൽ ശംഖുമുഖത്തെ
ആർത്തിരമ്പുന്ന പച്ചക്കടൽ ചായം തേച്ചു .....

കണ്ടത് കടലിന്റെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തൽ പിന്നിൽ നിന്നും.....

സ്വപ്നഭവനത്തിന്റെ മാസ വാടക ആറക്ക സംഖ്യ !!!
ഹൃദയം ഏതോ സിനിമയിലെ ഉർവശിയുടെ കഥാപാത്രത്തെ കൂട്ടുപിടിച്ചു
"ഫർണ്ണിച്ചർ ഇല്ലാത്ത വീട്..."
ഒരു കട്ടിലും ഭിത്തിയിലുറപ്പിച്ച അലമാരയുമായി പ്രവാസ ജീവിതം തുടങ്ങി....
പാത്രങ്ങൾ അത്യാവശ്യത്തിനു മാത്രം....
ഊണും കാപ്പിയുമെല്ലാം "തറ "ടിക്കറ്റിൽ ...
വിരുന്നുകാർക്കും "തറ" സീറ്റ്‌ ...
ഇത്ര ലളിതമായി ജീവിക്കാമെന്ന കണ്ടെത്തലിൽ ഹൃദയം പുളകം കൊണ്ടു ....

കയറി വരുന്ന വഴി കണ്ട , മുറികൾ പോലെ തോന്നിപ്പിച്ചവ
ഇതുപോലുള്ള "സ്വപ്ന ഭവനങ്ങളാണെന്നു " പിന്നീട് തിരിച്ചറിഞ്ഞു.....

പൊളിഞ്ഞു തുടങ്ങിയ കെട്ടിടത്തിന്റെ ,
5 മുറികളും ഹാളുമുള്ള അപാർട്ട് മെന്റിലെ താമസക്കാർ "5 കുടുംബങ്ങൾ "!!
പ്രവാസ ജീവിതത്തിൽ അവരായിരുന്നു ഉറ്റവർ...

നീല ഞണ്ട് പാകം ചെയ്‌താൽ ചുവപ്പാകുമെന്നു സമാധാനിപ്പിച്ച ഷഹദിക്ക ...
നിസത്ത ഉണ്ടാക്കിയ മജ്ബൂസ് ....
അൻസിയുടെ ടയറു പത്തിരിയും കോഴി നിറച്ചതും...
അനിയുടെ സ്പെഷ്യൽ ബീഫ് ഉലർത്തിയത് ...
ഒക്കെ മനസ്സു നിറച്ച പ്രവാസ രുചികൾ !!!

പ്രവാസ ജീവിതത്തിലും പറ്റി ചില ഗമ ഗമണ്ടൻ മണ്ടത്തരങ്ങൾ....

ഒരിക്കൽ ലിഫ്റ്റ്‌ പണിമുടക്കി ഓഫീസിൽ എത്താൻ വൈകിയ നേരത്ത് ,
കണ്ട ടാക്സിയ്ക്കു കൈ കാണിച്ചു കയറുമ്പോൾ
അറബി വേഷത്തിലെ ഡ്രൈവറുടെ മഞ്ഞച്ചിരി...!
ഫോണിനപ്പുറം നല്ലപാതിയുടെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം!!
ABCDയെന്തെന്നറിയാത്ത അറബിയ്ക്കു
പോകേണ്ട വഴി പറഞ്ഞു കൊടുക്കാൻ പെട്ട പാട്....
അതിനിടയിൽ....
മേൽച്ചുണ്ടിനു മുകളിലെ കറുത്ത മറുകു ചൂണ്ടി അറബിയുടെ തമാശ...."beautiful !!"

അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിക്കുമ്പോൾ....
വൈകുന്നതിന്റെ കാരണം തിരക്കി ബോസ്സിന്റെ ഫോണ്‍....!
ഫോണ്‍ അറബിയ്ക്കു കൈമാറി ഹൃദയമൊരു ആശ്വാസനിശ്വാസമുതിർത്തു !!!!

ബോസ്സിനോടൊപ്പം ഭയന്നു വിറച്ച് ഓഫീസിലെത്തുമ്പോൾ ,
ഗൾഫിലെ ടാക്സി ഡ്രൈവർമാരുടെ ക്രൂരമായ കുസൃതികളുടെ കഥ കേട്ടറിഞ്ഞു....
സ്ത്രീകൾ എവിടെയും സുരക്ഷിതരല്ലെന്ന തിരിച്ചറിവിൽ,
മനസ്സുകൊണ്ട് മഹാദേവനൊരു 'ഭസ്മാഭിഷേകം'......!

പ്രവാസം നല്കിയ ചില വേറിട്ട കാഴ്ച്ചകളുമുണ്ട്..

ഒരു കയ്യിൽ മസ്ക്കാരയും മറുകയ്യിൽ സ്റ്റിയറിങ്ങുമായി
ഈജിപ്ഷ്യൻ സുഹൃത്ത്‌ ഇമാന്റെ ഡ്രൈവിംഗ് !
അവൾ പകർന്ന കാവയും ടർക്കിഷ് കോഫിയും ...

ചൂളയുടെ ഭിത്തികളിൽ മൊരിഞ്ഞു വേവുന്ന പഠാണി റൊട്ടികൾ ...

സൂക്കിൽ ...ഗുളു ഗുളുയെന്നു ഹൂക്ക വലിക്കുന്ന ഖത്തറി സുന്ദരികൾ....

കൊടും തണുപ്പിൽ കീറപ്പുതപ്പുമായി ജോലി പ്രതീക്ഷിച്ചു
റോഡിൽ കുത്തിയിരിക്കുന്ന "പച്ചകളുടെ "പൂച്ചക്കണ്ണുകൾ ...

കർവാ ബസിന്റെ വിൻഡോ ഗ്ലാസ്സിലൂടെ അകലെ കാണുന്ന കൂറ്റൻ കെട്ടിടങ്ങൾ !!
അങ്ങനെ അനേകമനേകം പ്രവാസക്കാഴ്ചകൾ....

നാടു നഷ്ടമായ പ്രവാസിയ്ക്ക്
നാട്ടുകാരുടെ കണ്ണിൽ നേട്ടങ്ങൾ ഒത്തിരി !!!

കല്യാണം, പാലുകാച്ച് ,അടിയന്തിരം ....
ഇത്തരം ചടങ്ങുകൾ വഴിയുള്ള ധനനഷ്ടം ഒഴിവാക്കാം....

ഓണപ്പിരിവ് ,ഉത്സവപ്പിരിവ്, ഇതൊന്നും ബാധകമല്ല....

കഞ്ഞിയും ചമ്മന്തിയുമാണേലും (പാത്രം പൊക്കി നോക്കി "ഇന്നു മീനൊന്നും വച്ചില്ലേ ?" എന്നാരും ചോദിക്കില്ല).....

ഗ്യാസ് ബുക്ക്‌ ചെയ്യാനും മണ്ണെണ്ണ വാങ്ങാനും നെട്ടോട്ടമോടെണ്ട ....

പിന്നെ വല്ലപ്പോഴും ഭാര്യയും മക്കളുമായി നാട്ടിൽ വരുമ്പോൾ
നാട്ടുകാരുടെ സ്നേഹം വേണ്ടുവോളം...!!
(എപ്പോഴാ തിരിച്ചു പോകുന്നതെന്നാദ്യ ചോദ്യം ...)
പോരേ പൂരം???
പ്രവാസം വേദനയാണത്രേ ...വേദന !!

പ്രവാസിയ്ക്ക് സങ്കടപ്പെടാൻ നേരമില്ല....
ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ച സങ്കടങ്ങളിൽ മുക്കിക്കളയാൻ ആവുമോ??

പിന്നെ ഇടയ്ക്കിടെ നാടിന്റെ പച്ചപ്പ്‌ മാടി വിളിക്കുന്നതാണൊരു പ്രശ്നം...!!

"അന്നമാണുന്നം " എന്നറിയാവുന്നതു കൊണ്ടും...
നാട്ടിലെത്തുന്ന പ്രവാസി ഒരു ദരിദ്രവാസിയാകുമെന്നുറപ്പുള്ളതുകൊണ്ടും ,
ആ വിളി കേട്ടില്ലെന്നു നടിയ്ക്കുന്നു....

പ്രവാസി സുഹൃത്തുക്കൾക്ക് അനുകൂലിയ്ക്കുകയോ പ്രതികൂലിയ്ക്കുകയോ ചെയ്യാം....

ഹൃദയം പറയുന്നു.....
പ്രവാസം ഒരു വേദന തന്നെയാണ്....

ലേബർ ക്യാമ്പുകളിലും ബാച്ചിലർ റൂമുകളിലും
തിങ്ങിഞെരുങ്ങി ...നാട്ടിലെ പ്രിയപ്പെട്ടവരെയോർത്തു കഴിയുന്നവർക്ക് ....

ഒന്നിച്ചു ജീവിക്കാനുള്ള കൊതി കൊണ്ട്
ഭാര്യയെയും മക്കളെയും ഒപ്പം കൂട്ടി
കടവും കടത്തിന് മേൽ കടവുമായി
രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ പാട് പെടുന്നവർക്ക് ....

മക്കൾക്കൊരു നല്ല ജീവിതത്തിനായി
അറബി വീടുകളിൽ അടിമപ്പണി ചെയ്യുന്ന അമ്മമാർക്ക് ...

നല്ല പ്രായം മുഴുവൻ ജോലി ചെയ്ത്
കിട്ടിയ സമ്പാദ്യം നാട്ടിലയച്ച്‌ ...ഒരു പിടി രോഗങ്ങളുമായി
ഇപ്പോഴും ഗൾഫിലെ ചൂടിനോടു മല്ലിടുന്നവർക്ക് ...

മൂന്നു നേരവും കുബ്ബൂസ് കഴിച്ചു വിശപ്പടക്കി
അമ്മയുണ്ടാക്കുന്ന ചൂടു ദോശയും ചമ്മന്തിയും സ്വപ്നം കാണുന്നവർക്ക് ....

അവർക്കു പ്രവാസം നൊമ്പരമാണ്.....!!

എങ്കിലും എല്ലാം മറന്നു ചിരിച്ച് ,
തീരത്തടുക്കുന്ന ദിവസവും കാത്തിരിക്കുന്ന
പ്രവാസ ഹൃദയങ്ങൾക്കൊപ്പം ഹൃദയം ഏറ്റു പറയുന്നു.....

...."മാഫി മുഷ്കില .."...."കല്ലീ വല്ലീ"
 

ചില ഗവേഷണങ്ങൾ

രണ്ടു ദിവസമായി ഞാനൊരു ഗവേഷണത്തിലായിരുന്നു ...
"പ്ലാപ്പിൽ "...."മുന്നി " .....
ഈ രണ്ടു വാക്കുകളുടെയും അർത്ഥം കണ്ടെത്തുവാനായിരുന്നു അത് .
ഒടുവിൽ ഹൃദയം വിജയിച്ചു .
എപ്പോഴോ പറഞ്ഞു കൊടുത്തൊരു കഥയിലെ
പുള്ളിത്താറാവാണ് ..."പ്ലാപ്പിൽ "
"മുന്നി " ...മുയലും ...

എന്റെ ഒന്നര വയസ്സുകാരൻ കുഞ്ഞൻ
ഊണിലും ഉറക്കത്തിലും കരയുന്നത്
ആ വാക്കുകൾ പറഞ്ഞാണ് ...!
അവനു വീണ്ടും ആ കഥ കേൾക്കണം .
അർത്ഥം ഗ്രഹിക്കാൻ ഹൃദയം പെട്ടൊരു പാട് !!

ഒടുവിൽ കഥ കേട്ട കുഞ്ഞൻ ഗുടു ഗുടുവെന്നു ചിരിച്ചു ..
അവനൊപ്പം ഹൃദയവും ചിരിച്ചു ....
"എന്റെ കുഞ്ഞൂഞ്ഞപ്പാ "!!

ചിലപ്പോഴെല്ലാം ഹൃദയം പരാജയപ്പെട്ടു പോകുന്നു !
ചില വാക്കുകളുടെ, വാചകങ്ങളുടെ ...
അർത്ഥം ഗ്രഹിക്കാൻ അതിനാവുന്നില്ല ...
ഇനിയതു പിടികിട്ടിക്കഴിഞ്ഞാലോ ,
അതംഗീകരിക്കാൻ ഹൃദയം കൂട്ടാക്കുന്നുമില്ല ...

കുട്ടിക്കാലത്ത് "തലേലെഴുത്ത് " എന്ന വാക്കിന്റെ അർത്ഥം
ഹൃദയത്തെ ഒരുപാട് കുഴക്കിയിട്ടുണ്ട് ....
അർത്ഥം കണ്ടുപിടിച്ചെത്തിയപ്പോഴേയ്ക്കും
"തലേലെഴുത്ത് " തന്നെ മാറിപ്പോയി...!
പിന്നെ , ഏതോ പടത്തിൽ
തലേലെഴുത്തിന്റെ ജഗതി വാക്യം കേട്ട്
 തലയറഞ്ഞു ചിരിച്ചു....

(ആസനത്തിൽ വരച്ച കോലുകൊണ്ട്
എന്തായാലും തലയിൽ വരയ്ക്കണ്ട ശിവനേയെന്ന്
ഹൃദയത്തിന്റെ ആത്മഗതം....!)

കൗമാരത്തിൽ ..."പൈങ്കിളി പ്രേമം "
എന്ന വാക്കാണ്‌ ഹൃദയത്തെ കുഴപ്പിച്ചത് ....

(വിഗ്രഹിച്ചാൽ പൈങ്കിളിയുടെ പ്രേമം എന്നല്ലേ ?
അതോ പൈങ്കിളി പോലുള്ള പ്രേമം എന്നോ?)

കത്തുകളിലൂടെയും കാർഡുകളിലൂടെയും
പറന്നു നടന്ന പ്രേമപ്പൈങ്കിളി
നേരമിരുട്ടും മുൻപ് കൂട്ടിലേക്കു പറന്നു പോയി ...!
അതോടെ അതിന്റെ ശരിക്കുള്ള അർത്ഥം
ഹൃദയം കണ്ടെത്തി ....

എന്നാൽ ഹൃദയം അർത്ഥമറിയാതെ കുരുങ്ങിപ്പോയത്
ഒരു സുപ്രഭാതത്തിൽ കേട്ട വാചകത്തിനുമുന്നിലാണ് ....
"സ്വന്തം കാലിൽ നിൽക്കണം ..."

തുന്നലഴിഞ്ഞു തേഞ്ഞ ചെരുപ്പുവാറിനുള്ളിൽ
ഞെങ്ങിഞെരുങ്ങിയ കാലടികളിലേക്കെത്തി നോക്കി
ഹൃദയം ആശ്ചര്യപ്പെട്ടു ....
"അപ്പോ ഇത്രയും നാൾ നിന്നതും നടന്നതുമൊന്നും
സ്വന്തം കാലിലല്ലേ .....??"

പക്ഷേ , ഒട്ടും താമസിയാതെ ,കുഴക്കിയ വാചകമെടുത്ത്
ഹൃദയം വാക്യത്തിൽ പ്രയോഗിച്ചു കളിച്ചു.....
ആദ്യ ശമ്പളം കയ്യിൽ  വാങ്ങി മടങ്ങുമ്പോൾ
സ്റ്റാച്യുവിലെ ബാറ്റാ ഷോറൂമിലെ
സുമുഖനായ സെയിൽസ്മാനെ നോക്കി
ഹൃദയവും കാലുകളും വെളുവെളുക്കനെയൊരു
"സ്വാശ്രയച്ചിരിയും" പാസ്സാക്കി !!

അർത്ഥമറിയാത്ത വാക്കുകളും
അർത്ഥഗർഭമായ മൂളലുകളും
ഇന്നും ഹൃദയത്തെ വലയ്ക്കാറുണ്ട് ....

ഒരു വ്യത്യാസം മാത്രം....
പണ്ടത്തെപ്പോലെ അവയുടെയെല്ലാം അർത്ഥം തേടി
അലയാനാവുന്നില്ല ...!

എങ്കിലും ഹൃദയത്തിൽ തറയ്ക്കുന്ന ചിലത് ...
അതിനു പിറകേ പോകാതെ പറ്റുമോ?

പറഞ്ഞു കഴിഞ്ഞില്ല ...അതിനു മുൻപേ
ഗവേഷകയമ്മയുടെ നിഘണ്ടുവിലേക്ക്
കുഞ്ഞന്റെ വക പുതിയൊരു വാക്ക് ....

"ജോഞ്ച് "

കേട്ട പാതി  കേൾക്കാത്ത പാതി ,
കുഞ്ഞിക്കൈ ചൂണ്ടി വിതുമ്പുന്ന കുഞ്ഞൂഞ്ഞപ്പനെ സമാധാനിപ്പിക്കാൻ
ഹൃദയമെണീറ്റു പോയിക്കഴിഞ്ഞു .......