ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 November 2015

അതിഥി ദേവോ ഭവ :

പ്രവാസികൾക്കിടയിൽ അലിഖിതമായൊരു നിയമമുണ്ട് ....
സംഗതി ബാച്ചിലറായാലും ഫാമിലിയായാലും
അപ്രതീക്ഷിത സന്ദർശനങ്ങൾ പാടില്ല ....
വരും മുൻപ് ഒന്ന് വിളിക്കുക എന്ന ചടങ്ങ് ....!
കാരണം മറ്റൊന്നുമല്ല ,
എതവസ്ഥയിൽ , ഏതു രൂപത്തിൽ ,
ഏതു സാഹചര്യത്തിലാവും നമ്മളെന്ന്
പടച്ചോനു മാത്രമേ അറിയുള്ളൂ ....!!
പലരും നാട്ടിൽ പത്രാസിനു വല്യ വീടൊക്കെ വച്ചാലും
ഇവിടെ ഒറ്റമുറി ഫ്ളാറ്റിലാവും ....
(അന്യ നാട്ടീ വന്നു പത്രാസു കാണിക്കേണ്ട കാര്യമില്ലല്ലോ )
ചിലര് ഷെയറിംഗ് റൂമുകളിൽ നട്ടം തിരിയുകയാവും ...
ഇനി ബെഡ് സ്പെയ്സാണേൽ പെട്ടിയടക്കം
കട്ടിലിലാവും വയ്ക്കുക ....!!
വേഷവിധാനങ്ങൾ പറയുകയേ വേണ്ട ...
""മ്മടെ രെശ്മി മിൽമേല് പോണ പോലെ ദയനീയമല്ലെങ്കിലും
വീട്ടില് പലരും അൽപ വസ്ത്രധാരികളാണ് ..""
( ഗിഫ്റ്റ് ലാൻഡില് 10 ദിർഹത്തിനു കിട്ടണ
കുട്ടിപ്പാവാടേം .സ്ലീവ് ലെസ്സ് ടോപും...
നാട്ടിൽ ഇതു വല്ലോം ഇടാൻ പറ്റോ.. .)
അവധി ദിവസമാണേൽ
കുളിയും പല്ലുതേപ്പും പന്ത്രണ്ടു മണിയാവും ..
( നാട്ടിലൊക്കെ വിളിച്ചു പര പറഞ്ഞു സാ മട്ടിൽ
ജോലി തുടങ്ങണേയുണ്ടാവൂ )
നവദമ്പതിമാരാണേൽ ...( പ്രത്യേകിച്ച് വിസിറ്റുകാർ )
സൗകര്യപൂർവ്വം സ്നേഹിക്കാൻ കിട്ടണ ഒറ്റ ദിവസാണേ ....
""പ്രകടന "" പരമ്പര ""ക്ളൈമാക്സിൽ "" നിക്കുമ്പോഴാവും
ഡോർ ബെൽ ....!!!!!
അപ്പൊ പറഞ്ഞു വന്നത് ,
പ്രവാസികൾക്കിടയിലെ അലിഖിത നിയമം ...
സന്ദർശനത്തിനു മുൻപ് വിളിച്ചറിയിക്കുക ...
നാട്ടീന്നു വന്ന ചില ""സുഗുണന്മാർ""ക്കിതറിയില്ല
പ്രവാസികൾക്കിടയിലെ ചില "വല്യ പുള്ള്യോൾ ക്കും "
ഇതറിയില്ലാത്രേ !!!
അങ്ങനെ അപ്രതീക്ഷിത സന്ദർശനത്തിൽ ""പെട്ട് "" പോയ
കുടുംബ ബന്ധം തന്നെ തകർച്ചയുടെ വക്കിലായ
മൂന്നു കുടുംബങ്ങളുടെ കഥയാണ്‌
ഈലക്കം ""പൈങ്കിളിയിൽ "........
----------------------------------------------------------------
ഒന്നാം സാക്ഷ്യം :-
വൃത്തിയിലും ചിട്ടയിലും പേരുകേട്ട പ്രവാസി ഫാമിലി ..
വെള്ള ടൈൽസ് ഏതു നേരോം തുടച്ചു തുടച്ച് പള പളാന്ന് ....
പവിത്രതയോടെ ചെരുപ്പുകൾ റാക്കിനുള്ളിൽ ...
പത്രക്കടലാസുകൾക്ക് നിർദ്ദിഷ്ടയിടം ...
പെണ്ണുമ്പിള്ളയുടെ കലാബോധം തെളിഞ്ഞു കാണുന്ന
ഇന്റീരിയർ ....
അങ്ങനെ 2 bhk എന്ന കൂടാരത്തിൽ
നല്ലന്തസ്സായി കഴിയുമ്പോഴാണ് ....
ഒരു ശനിയാഴ്ച അപ്രതീക്ഷിതമായി ""മണി മുഴക്കം ""
""ഊട്ടറെക്കൂടി "" നോക്കുമ്പോ ഒരു സുഹൃത്തും ഫാമിലിയും ...
വെളുക്കെചിരിച്ചു കതകു തുറന്നു ...
ആനയിച്ചു ഹാളിലിരുത്തി ...
ഗൃഹനാഥൻ ആസനസ്ഥനായി നേരെ നോക്കുമ്പോഴുണ്ട്‌ ...
""ജോക്കിയുടെ പരസ്യം "" തുണി സ്റ്റാൻഡിൽ തൂങ്ങുന്നു ...!!!
പല നിറത്തിൽ , പല ഡിസൈനിൽ ,
പെണ്ണുമ്പിള്ള വകപൂവുള്ളത് , വരയുള്ളത്
ടെഡ്ഡി ബെയറുള്ളത് , ആംഗ്രി ബേഡുള്ളത് ....
മഞ്ഞ , ലാവണ്ടർ , പിങ്ക്‌ , പിസ്താ ഗ്രീൻ ...!!!
ആമ്പിള വക വീതിയുള്ള ബെൽറ്റുള്ളത് ,
ബോക്സർ ,സ്റ്റ്രൈപ്സ് ...
കറുപ്പ് , വെള്ള , നീല , ഗ്രേ ...
അവയിങ്ങനെ ""കാറ്റിലാടി പരിലസിക്കുന്നു ""
നാണിച്ചു പോയത് ഗൃഹനാഥയത്രേ ....
പൊടിക്കാറ്റു വരുത്തി വയ്ക്കുന്ന വിനയേ !!
""ബാല്ക്കെണീലിരുന്ന സ്റ്റാൻഡെടുത്ത് ഹാളിലല്ലാതെ
എന്റെ തലേല് വയ്ക്കോന്നു കണ്മുന കൊണ്ട് പെമ്പിള ""
""ഇവര് പോട്ടെടീ ഇന്നിവിടെ പള്ളിപ്പെരുന്നാള് നടക്കുംന്ന്
തുറുകണ്ണുരുട്ടി ആമ്പിള ""
എന്തായാലും അതിഥികൾ വേഗം സ്ഥലം കാലിയാക്കിയെന്ന്
അനുഭവ സാക്ഷ്യം ...
പിന്നെ , പോണ പോക്കിൽ ലിഫ്റ്റീന്നൊരു
അശരീരി കേട്ടത്രേ ...
""ന്നാലും നിങ്ങളെനിക്ക് പൂവൊള്ള ജട്ടി വാങ്ങിച്ചു
തന്നിട്ടില്ലല്ലോ .....""
---------------------------------------------------------------
രണ്ടാം സാക്ഷ്യം :-
ഒരു വെള്ള്യാഴ്ച ഉച്ചയ്ക്ക് ...ചട്ടീം കലോമെല്ലാം നിരത്തി വച്ച്
ചോറുണ്ണുന്ന കുടുംബം ....
ഗ്രോസ്സറീലെ പറ്റു പറഞ്ഞു കേൾപ്പിക്കുന്നതിനിടെ ""മണി മുഴക്കം ""
പെമ്പിള ചെന്ന് ""ഊട്ടറെ ക്കൂടി "" നോക്കി ..
ആളെ പിടികിട്ടിയില്ല ...
വല്ല എ സി സർവീസുകാരും സ്റ്റിക്കറൊട്ടിക്കാൻ
വന്നതാവുംന്നു കരുതി തിരിഞ്ഞു നടന്നു ...
വീണ്ടും മണി ...
ഇത്തവണ ആമ്പിള ചെന്നു ....
വകയിലെങ്ങാണ്ടോ ഏതോ വഴിക്കുള്ള മാമൻ ...
ഒന്നു ചമ്മി ചിരിച്ചു കതകു തുറന്നു ...
കൂറ ടോപ്പുമിട്ട് അലപ്പറ മുടിയുമായി പെമ്പിളേം പിള്ളാരും ..
വലിച്ചു വാരിയിട്ട കളിപ്പാട്ടക്കൂമ്പാരം ...
തറയിലാണേൽ കാലുവയ്ക്കാനിടമില്ല ....!!
ഒന്നും തട്ടി മുട്ടി പൊട്ടിക്കാതെ ഏച്ചു വച്ച് നടന്ന്
മാമൻ ആസനസ്ഥനായി ....
അഞ്ചു മിനിട്ടിരുന്നു ചായേം കുടിച്ചു സ്ഥലം വിട്ടു ..
ഫോണിലൂടെ പെമ്പിള വേവലാതിപ്പെട്ടു ...
""നാട്ടീ വിളിച്ച് എന്തോ പറയുവോ ആവോ ...""
-------------------------------------------------------------
മൂന്നാം സാക്ഷ്യം:-
""സാനിട്ടറിപ്പാഡോ മാനിയ ""----
ഓഫറിൽ ""മാസപ്പഞ്ഞി "" വാങ്ങിച്ചു കൂട്ടുകയാണ്
പെണ്ണുംമ്പിള്ളേടെ ഹോബി ....!!
ഫാഗ്യം ....കെട്ടിയോനു ""കോൺഡോമാനിയ "" ഇല്ല ....!!!
അങ്ങനെ പാക്കറ്റ് കണക്കിന് കവറുകൾ
""ചിറകുള്ളതും"" ""ചിറകില്ലാത്തതു " മായി
ഡൈനിങ്ങ്‌ ടേബിൾ എന്നോമനപ്പേരുള്ള
തടിമേശയിൽ വിരാജിച്ച ദിവസം .....
സന്ധ്യ കഴിഞ്ഞൊരു ""മണി മുഴക്കം ""
ഭർത്താവിന്റെ വകയിലോരനുജനും ഭാര്യയും ....
""സർപ്രൈസ് വിസിറ്റ് ""
ഡൈനിങ്ങ്‌ കസേരയിലിരുത്തി ചായിടാനോടിയപ്പോ
പെണ്ണുംമ്പിള്ളേടെ നെഞ്ചു കത്തി .....!!
"" ഇന്ന് രാത്രി പൂരപ്പാട്ടാണല്ലോ ഭഗോതീ ....""
മേശയ്ക്കരികിലെ അടക്കിച്ചിരി കേട്ട്
പെമ്പിളേടെ തലയില്ലാണത്രെ
ചായ തിളച്ചു തൂവിയത് ....!!!
എന്തായാലും ഇറങ്ങാൻ നേരം ലുലൂന്റെ വല്യ കവറിൽ
ഭാര്യയ്ക്ക് ആറു മാസത്തേയ്ക്കുള്ള ""പഞ്ഞി "" കൊടുത്തു വിട്ടു
പകരം വീട്ടി പെമ്പിള .....
( ഹോം ഗർഭക്കിറ്റിൽ ഇരട്ട വര വീഴാൻ
മൂന്നു മാസത്തെ വിസിറ്റെടുത്തു വന്നതാണത്രേ വിരുന്നുകാരന്റെ ""ഫാമിലി"" ....)
പോണ പോക്കിൽ അനിയന്റെ കാലിൽ
നനച്ചുണക്കിയെടുത്തു കസേരയിൽ ഇട്ടിരുന്ന
അടിപ്പാവാട വള്ളി കുരുങ്ങീന്നും
ഒരു പറച്ചിലുണ്ട് !!!!
അപ്പോ ന്താ കാര്യം ????
സന്ദർശിക്കാൻ മുട്ടുമ്പോ .....
വിളിച്ചേച്ചു വരണം .....
--------------------------------------------------------
അതിഥി ദേവോ ഭവ : എന്ന മര്യാദ അറിയാഞ്ഞിട്ടല്ല ...
പ്രവാസികൾ പലരും ചുരുങ്ങിയൊതുങ്ങി കഴിയുന്നവരാണ് ....
പലരുടെയും താമസവും ചുറ്റുപാടുകളുമൊക്കെ 
അതിഥികളിൽ അമ്പരപ്പുണ്ടാക്കിയേക്കും .....
പ്രത്യേകിച്ച് നാട്ടീന്നു വരുന്നവരിൽ ......
വരും മുൻപ് ഒന്നു വിളിച്ചാൽ
അതിഥികൾക്കും ആതിഥേയർക്കും
""തൊലി പൊളിയാതെ "" കണ്ടു പിരിയാം ...
നിറഞ്ഞ സന്തോഷത്തോടെ .....
പിൻകുറിപ്പ് : ഇന്നു മുതൽ അഞ്ചു ദിവസത്തേക്ക്
അവധിയാണ് .....
സന്ദർശിക്കാൻ ഉദ്ദേശമുള്ള പ്രിയ സുഹൃത്തുക്കൾ
പ്രത്യേകം വായിക്കുക ......
ഹാപ്പി ഹോളിഡേയ്സ് .........

Friday 27 November 2015

ഒരു സുഹൃത്തിന്റെ ഷെൽഫിൽ കണ്ട ""ഗീതാഞ്ജലി"" ഓർമ്മിപ്പിച്ചത് ......

വർഷങ്ങൾക്കു ശേഷം ...അഞ്ജലിയിൽ നിന്ന് ഗീതാഞ്ജലിയിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം ....
പഴയ സുഹൃത്തുക്കളോട് ....
ഗീതൂ , അഞ്ജൂ .ഗീതീ , അഞ്ജീ വിളികൾ
കുറച്ചു കാലത്തേയ്ക്ക് നിരോധിച്ചിരിക്കുന്നു ....
കുറച്ചു കഷ്ടപ്പെട്ട് നീട്ടി വിളിച്ചാട്ടെ ....
എണ്‍പതുകളുടെ മദ്ധ്യത്തിൽ ....( വർഷം പറയൂല്ലാ...പെണ്ണിന്റെ പ്രായം പറയാനും ചോദിക്കാനും പാടില്ലത്രേ ...)
റേഡിയോയിൽ ഡല്ഹി നിലയംവക ഗീതാഞ്ജലി ആലാപനം ഉണ്ടായിരുന്നു ...പ്രഭാതങ്ങളിൽ ...
അങ്ങനെ ഒരു ഓണക്കാലത്ത്
സാക്ഷാൽ ശ്രീ നാരായണഗുരു ഭൂജാതനായ
അതേ നക്ഷത്രനാൾ ..
അദ്ദേഹം ഭൂജതനായെന്നു പറയപ്പെടുന്ന
അതേ മുഹൂർത്തത്തിൽ
കാറിക്കരഞ്ഞു കൂവിവന്ന്
ആസ്പത്രി ച്ചുമരിലെ വെയിൽപ്പാളിയ്ക്ക്
മുഖംതിരിച്ചു കിടന്നൊരു ""തേൻ നിറക്കാരി ""
""നായരൂട്ടി "" ( ഓർക്കുക ...ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് )
( കറുപ്പിലും വെളുപ്പിലും
പെടാതെ മാറിനിന്ന ഈ തേനിന്റെ നിറമെന്താണാവോ )
റേഡിയോ കേട്ടിരുന്ന സുഹൃത്തിനോട്‌
വിവരം വിളിച്ചു പറഞ്ഞാനന്ദ പുളകിതനായ
പുതിയ അച്ഛൻ വേഷത്തോട്
പ്രിയ സുഹൃത്തിന്റെ നിർദ്ദേശം ...
പെണ്‍കുഞ്ഞെങ്കിൽ ...പേര് ...""ഗീതാഞ്ജലി ""
ഒരു പൊട്ടിച്ചിരിയിൽ ഞെട്ടിക്കരഞ്ഞ
തേൻ നിറക്കുഞ്ഞിനു ആ നിമിഷം
ചടങ്ങുകളില്ലാതെ പേരിടപ്പെട്ടു ....
ആസ്പതിക്കെട്ടിടത്തിന്റെ പനിച്ചുവരുകൾ സാക്ഷി ....
ചോരമണമുള്ള ഇരുമ്പു കട്ടിലുകൾ സാക്ഷി ...
ചുളിഞ്ഞ പച്ച വിരികളും ...
പേറ്റുനോവിന്റെ നഖമുനമൂർച്ചയിൽ
പിഞ്ഞിക്കരഞ്ഞ തലയിണക്കുട്ടികളും സാക്ഷി ....
അനേകമനേകം കുഞ്ഞുകരച്ചിലുകളുടെ
വാദ്യമേളത്തോടൊപ്പം
പേരിടീൽചടങ്ങ് ....
ഏതോ ക്ലാസ്സ്‌ മുറിയിൽ ശിഷ്യരെ അഭിസംബോധന
ചെയ്യുന്ന പാടവത്തിൽ
ആ പേര് ഉറക്കെയുച്ചരിക്കപ്പെട്ടു ....
ടീച്ചറമ്മയെ അതിശയിപ്പിച്ചു കൊണ്ട്
മുഴങ്ങുന്ന ഒച്ചയിൽ ഒപ്പം കേട്ടത് ....
""When I kiss your face to make you smile, my darling,
I surely understand what pleasure
streams from the sky in morning light,
and what delight that is
that is which the summer breeze brings to my body
---when I kiss you to make you smile.""
( നവജാത ശിശു അത് കേട്ടു പുളകിതയായെന്നും ..
കൈകാലിളക്കി ആനന്ദനൃത്തം ചവിട്ടിയെന്നും
പിന്നാമ്പുറ കഥകൾ .....)
പക്ഷേ ....
മഞ്ഞനോവിന്റെ ജനാലക്കണ്ണിൽ തട്ടി
കാറ്റു വെയിൽപ്പാളിയോടു പറഞ്ഞത് മറ്റൊന്ന് ...
""ഒരു പേരിലെന്തിരിക്കുന്നു ....""
( പേരില് പലതുമുണ്ടെന്ന കമന്റ് നിരോധിച്ചിരിക്കുന്നു ..
അങ്ങനെയെങ്ങാനും പറഞ്ഞാൽ...ഒന്ന് പോടാപ്പാ..) .
പിൻകുറിപ്പ് -ഒരു സുഹൃത്തിന്റെ ഷെൽഫിൽ കണ്ട ""ഗീതാഞ്ജലി"" ഓർമ്മിപ്പിച്ചത് ......

അദ്ധ്യാപക ദിനാശംസകൾ ...

ഒന്നാം ക്ലാസ്സിൽ വായും പൊളിച്ചു ആദ്യത്തെ ബെഞ്ചിൽ ഇരിക്കുമ്പോ ....അടുത്ത കുട്ടിയുടെ സില്ക്ക് പാവാടയും മുത്ത്‌ വച്ച കമ്മലും ആയിരുന്നു കണ്ണിൽ .....ആ കാഴ്ച മറച്ചു കൊണ്ട് സീത ടീച്ചറുടെ ചിരിക്കുന്ന കണ്ണുകളും വെളു വെളുത്ത കൈകളും കയറി വന്നു.....ആ കൈയ്യിൽ ഒന്ന് തൊടാൻ അന്നൊക്കെ എത്ര കൊതിച്ചിട്ടു ണ്ട് .......
നാലാം ക്ലാസ്സിൽ മറിഞ്ഞു വീണു മുട്ട് പൊട്ടിയപ്പോ സീത ടീച്ചർ മടിയിൽ പിടിച്ചിരുത്തി കാല് തടവി തന്ന നിമിഷം ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു....
അഞ്ചാം ക്ലാസ്സിൽ വച്ച് ....എനിക്ക് ടീച്ചർ ആയാ മതിയെന്ന് പറഞ്ഞു കഴിഞ്ഞതും അനില ടീച്ചർ ചോദിച്ചു...
എന്തിനാ അത്?....
എന്നും ടീച്ചറിനെ പോലെ നിറങ്ങൾ ഉള്ള സാരിഉടുക്കാല്ലോ....
അന്നത്തെ അനില ടീച്ചറുടെ ചിരി ഇപ്പോഴും മനസ്സിൽ ഉണ്ട് ....
പൂതപ്പാട്ടിലെ അമ്മയെ ക്ലാസ്സിൽ അഭിനയിച്ചു കാണിക്കാൻ താണുവൻ സാറ് പറയുമ്പോ....ഇടശ്ശേരിയോടു പെരുത്തിഷ്ടം ........
ഹിസ്റ്ററി ക്ലാസ്സിൽ ബാക്ക് ബെഞ്ചിൽ വാളൻ പുളിയും പഞ്ചസാരയും തിന്നു തകർക്കുമ്പോൾ .....
കണ്ണാടിക്കിടയിലൂടെ ഉഴപ്പിചു നോക്കുന്ന
ഗീത ടീച്ചറെ ഇന്നും ചെറിയ പേടിയാണ്......
മറക്കാൻ കഴിയുന്നില്ല....അവരെ ആരെയും...
.അതിനൊരു അധ്യാപക ദിനത്തിന്റെ ആവശ്യമില്ല...
എങ്കിലും ...നമ്മുടെ കുട്ടികളിൽ എത്ര പേർക്ക് ഇത് പോലെ ഓർക്കുവാൻ കഴിയും???
നമ്മുടെ അദ്ധ്യാപകരിൽ എത്ര പേർക്ക് അതുപോലെയുള്ള ശിഷ്യർ ഉണ്ടാവും?????
വിദ്യാലയം രണ്ടാം വീടാണെന്നു നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ആളുണ്ടാവുമോ????
പാഠം പഠിക്കാനുള്ളത് മാത്രമല്ല...പഠിപ്പിക്കാനുള്ളതും കൂടിയാണ്......അല്ലേ???
പിൻകുറിപ്പ് : ജാതിയും മതവും നോക്കി ശിഷ്യരെ തരംതിരിക്കുന്ന അദ്ധ്യാപകരും കേരളത്തിലുണ്ടെന്ന തിരിച്ചറിവ് എന്നിൽ അധികം ഞെട്ടലുണ്ടാക്കിയില്ല ....
കാരണം ,
രാജ്യവും നിറവും നോക്കി കുഞ്ഞുങ്ങളെ തരംതിരിക്കുന്ന
അദ്ധ്യാപഹയന്മാർ ഇവിടെയുമുണ്ട് ....
( ഇന്ത്യൻ കുട്ടികളെ മാത്രം നന്നായി പഠിപ്പിച്ചാൽ മതിയെന്ന്
ഒരു വിദ്വാൻ ...
പച്ചകളുടെ അടുത്തോട്ടൊന്നും പോയേക്കല്ലേന്നു ഒരു ടീച്ചറമ്മ ...
ടീച്ചറുടെ ക്ളാസ്സിൽ ഇന്ത്യൻ പിള്ളേര് കുറവാല്ലേയെന്നു
സഹതപിച്ച മറ്റൊരു അദ്ധ്യാപഹച്ചി ....
പിന്നെ പുറത്തു പറയാനാവാത്ത ചില അഭിപ്രായ പ്രകടനങ്ങളും ...
ഒക്കെ ഒരു വക തന്നെ ....)
ഇറാനിയും പാകിസ്ഥാനിയും അഫ്ഗാനിയും നേപ്പാളിയുമൊക്കെയായി കുറച്ചധികം ""അന്യ "" രാജ്യക്കാർ
സ്കൂളിലുണ്ട് ....
""ഇന്ത്യൻ മിസ്സ്‌ "" കഴിഞ്ഞ മൂന്നാം തീയതി ക്ളാസ്സിൽ കയറിച്ചെല്ലുമ്പോൾ സ്വീകരിച്ചതൊരു പിറന്നാൾ ഗാനം ...
"" എങ്ങനെയറിഞ്ഞുവെന്ന് "" അത്ഭുതം കൂറുമ്പോൾ
പൂച്ചക്കണ്ണൻ ""പച്ചക്കുട്ടി "" സൽമാൻ പറഞ്ഞു ...
മിസ്സ്‌ മുൻപ് പറഞ്ഞിരുന്നു ഡേറ്റ് ഓഫ് ബർത്ത് ...!!
ഓർത്തുവച്ചു വാഴ്ത്താൻ മാത്രം ഇഷ്ടം അവർക്കുണ്ടെന്നറിയുമ്പോൾ ഹൃദയം മുൻപെന്നോ കിട്ടിയ
മറുപടി ഓർത്തെടുത്ത് ആഹ്ളാദിച്ചു .....
ഒരിക്കൽ അവരോടുവെറുതെ ചോദിച്ചു ...
""ഒരു പ്രോബ്ലം നിങ്ങൾക്ക് ഇവിടെ വച്ച് നേരിടേണ്ടി വന്നാൽ
അതാരോടാണ് നിങ്ങൾ ആദ്യം പറയുക?""
( പ്രതീക്ഷിച്ച ഉത്തരം അമ്മയെന്നോ അച്ഛനെന്നോ ..സുഹൃത്തെന്നോ ഒക്കെ...)
കിട്ടിയ മറുപടി ....
""മിസ്സിനോട് ""...
ഒന്നു ഞെട്ടിയ ഹൃദയം അവരുടെ വാക്കുകൾക്കു വീണ്ടും കാതോർത്തു ....
ഒരാൾ - എന്നെ നേപ്പാളിയെന്നു വിളിക്കാത്തത് മിസ്സ്‌ മാത്രാണ് ...
മറ്റൊരാൾ - നീ ഇറാനിയല്ല ഇഡിയറ്റ് ആണെന്ന് പറയാത്തത് മിസ്സാണ് ...
വേറൊരാൾ - എന്റെ രാജ്യത്തിനെക്കുറിച്ചു (അഫ്ഗാൻ )ഇവിടെ ആദ്യം പറഞ്ഞത് മിസ്സാണ് ...
ഇനിയൊരാൾ - മിസ്സിനെപ്പോലെ വേറെ ആരും ഞങ്ങളുടെ ചുമലിൽ കൈവയ്ക്കാറില്ല ....
ഒടുവിലൊരാൾ - മിസ്സിനെ ഞങ്ങൾക്ക് വിശ്വാസമാണ് ...ഇഷ്ടമാണ് ...""യു ആർ ദി മോസ്റ്റ്‌ ഫ്രണ്ട്ലിയെസ്റ്റ് ടീച്ചർ ഹിയർ ""
അവസാനം സൽമാൻ വക ചോദ്യം .....
why they are calling us ""പച്ച ""???
( പകച്ചു പോയീ എന്നിലെ അദ്ധ്യാപിക .....!!!)
ഹൃദയം പെട്ടെന്നൊരുത്തരം തപ്പിയെടുത്തു ...
പിന്നെ പറഞ്ഞു ...
Bcoz ...green is the most soothing color for eyes....
""പച്ചക്കുട്ടിയുടെ ""പൂച്ചക്കണ്ണുകൾ
ഒരു സന്തോഷച്ചിരിയിൽ വിടർന്നു ....
അതുകണ്ട് ഒരു ""അദ്ധ്യാപഹച്ചി ഹൃദയം "
ആശ്വാസച്ചിരി ചിരിച്ചു ....
മതവും ജാതിയും നിറവും രാജ്യവും
ഹൃദയങ്ങൾക്കിടയിൽ മതിലുകൾ തീർക്കാതിരിക്കട്ടെ ...!!
അദ്ധ്യാപക ദിനാശംസകൾ ...

ഹൃദയം നോവുന്നു ....വല്ലാതെ ....

രണ്ടു ദിവസം മുൻപ് ഉച്ചയ്ക്ക്
പതിവില്ലാതെ ഒരു ഫോണ്‍ കോൾ !
മോനെന്തു ചെയ്യുന്നുവെന്ന ചോദ്യത്തിനൊരു വിറയൽ ...
ഇതെന്തു പുതുമയെന്ന മറു ചോദ്യത്തിന്
ഒന്നുമില്ല . വെറുതെയെന്ന മറുവാക്ക് ....!
വൈകിട്ട് വന്നു കയറുമ്പോൾ മുഖത്തൊരു വാട്ടം ...
കാര്യമന്വേഷിച്ച ""സഹയോട് ""
ഇയാളിതൊന്നു നോക്കെന്നു പറഞ്ഞു
നല്ലപാതി കൈമാറിയ മൊബൈൽ ചിത്രം കണ്ടു
നിലവിളിച്ച ഹൃദയം ,
ഇപ്പോഴും ഏങ്ങൽക്കയത്തിൽ തന്നെ ..!!
എയ്ലാൻ കുർദി ....
മണ്ണിൽ മുഖം ചേർത്ത് ചുവന്ന ടീ ഷർട്ടിട്ട്
അവനങ്ങനെ കിടന്നു ....
കുഞ്ഞനിടയ്ക്കു കട്ടിലിൽ കമിഴ്ന്നു കിടക്കാറുള്ള പോലെ ....!!
രാത്രി ....
മുറിയിലെ അരണ്ട വെളിച്ചത്തിൽ
ഉറക്കമില്ലാത്തോരമ്മ കുഞ്ഞനോടു ചേർന്നു കിടന്നു ...
ഇടയ്ക്ക് അമ്മപ്പാൽമധുരമോർമ്മയിൽ
അവൻ നാവു നുണയുന്നുണ്ടായിരുന്നു ....!
അപ്പോഴെല്ലാം ,
നാവിൽച്ചുവച്ച ഉപ്പുതരിക്കയ്പ്പ്
ഹൃദയം നുണഞ്ഞിറക്കി ....!
കടൽക്കുളിരിൽ ചുവന്ന കുഞ്ഞു കൈപ്പത്തിയുയർത്തി
എയ്ലാൻ വീണ്ടും .....
കുഞ്ഞു വിരൽ പിടിച്ചു കര കയറ്റാൻ
ഒരർധബോധത്തിൽ കൈകൾ നീട്ടുമ്പോൾ
ഹൃദയമറിഞ്ഞത് ....
കടൽ നീലിമയുടെ മരണത്തണുപ്പ് ...!!
ആദ്യത്തെ ആയത്തിൽ കടൽപ്പരപ്പിലേയ്ക്കുയരുമ്പോൾ
എയ്ലാൻ കാതിൽ പറയുന്നുണ്ടായിരുന്നു .....
""ഡാഡി ...പ്ളീസ് ഡോണ്ട് ഡൈ ....""
കടൽച്ചുഴിയിൽ നിലതെറ്റി ഹൃദയം
ആഴങ്ങളിലേക്കു താണു പോകുമ്പോൾ ....
ആ ശബ്ദം നെഞ്ചിൻകൂട്ടിൽ മാറ്റൊലിക്കൊണ്ടു ....
ശ്വാസം മുട്ടിച്ച കടൽ ഗന്ധത്തിൽ
പാൽച്ചുണ്ടു മണക്കുമ്പോൾ ,
കടൽത്തിര നെഞ്ചിലൊഴുകി നടന്ന
അവന്റെ മുഖം കണ്ണിൽ തെളിഞ്ഞു ....!!
കടൽക്കൈകളിലാടി തീരത്തുറങ്ങിയ അവന്റെ മുഖം .....!
വീശിയടിച്ച ഉപ്പുകാറ്റിന്റെ സീൽക്കാരത്തിനുമപ്പുറം
ആർത്തലച്ച കടലൊച്ചയെ പിന്നിലാക്കി
ഹൃദയം അലമുറയിട്ടു ...
പിന്നെ ,
നുരഞ്ഞു പതഞ്ഞൊരു ഉപ്പുനീരായലിഞ്ഞു ..!!
എയ്ലാൻ ....എന്റെ കുഞ്ഞേ ..
ദി ഗാർഡിയൻ എന്ന ഓണ്‍ലൈൻ മാധ്യമം
ചിത്രത്തിന് മുകളിൽ കൊടുത്ത മുന്നറിയിപ്പിനുമപ്പുറം
നീയെന്റെ ഹൃദയത്തെ മരവിപ്പിച്ചു കഴിഞ്ഞു ..!
എത്രയോ കുഞ്ഞുങ്ങളെ
അറിയാതെ പോകുന്ന ദുരന്തങ്ങളെ
നിന്റെയുറക്കം നിരന്തരം ഓര്മ്മിപ്പിക്കുന്നു ...
ഈജിപ്ത്യൻ സുഹൃത്ത് ഒരിക്കൽ പറഞ്ഞ
മറ്റൊരു സിറിയൻ കുഞ്ഞിന്റെ കഥ ....
തീയും വെടിവയ്പ്പും പലായനവുമായി
ദുഷിച്ച തെരുവിലിറങ്ങാതെ
വീടിനുള്ളിൽ സ്വസ്ഥമായി പന്ത് കളിച്ചവൻ ...
ഇടയ്ക്കെപ്പോഴോ ജനാലയിലൂടെ പുറത്തേയ്ക്ക് തെറിച്ച പന്ത് ....
ആകാംക്ഷക്കണ്ണോടെ ജനാലയ്ക്കൽ ചെന്ന്
താഴേയ്ക്ക് നോക്കുമ്പോൾ ....
കുഞ്ഞുശിരസ്സു തുളച്ചു പാഞ്ഞതൊരു വെടിയുണ്ട ....!!!
ഇന്നും ഉൾക്കിടിലമുണ്ടാക്കുന്നോരോർമ്മപ്പൊള്ളൽ !!
തോക്കെന്നു കരുതി ക്യാമറയിലേയ്ക്കു നോക്കി
ഭീതിക്കൈകളുയർത്തി നിന്ന
സങ്കടത്തിന്റെ , ദൈന്യതയുടെ മറ്റൊരു പിഞ്ചു മുഖം ...
കലാപത്തെരുവിലൂടെ നഗ്നയായലറിക്കരഞ്ഞോടിയ
വേറൊരു കുഞ്ഞ് ....
ഉറക്കമില്ലായ്മയുടെ എണ്ണമറ്റ രാത്രികളിലൊന്നു കൂടി
കൊഴിഞ്ഞു വീഴുന്നു ....!
എന്നാണ് ഇതിനൊരവസാനം ??
എങ്ങനെയാണ് ഇതൊന്നു തീർന്നു കിട്ടുക ??
ആർക്കാണ് പരിഹാരം കണ്ടെത്താനാവുക ???
മുൻപൊരിക്കൽ പറഞ്ഞ പോലെ ...
സിറിയയുടെ രാഷ്ട്രീയ ഭൂപടമോ
അഭയം നല്കി അഭയാർഥികളായ
പാലസ്തീനികളുടെ ദൈന്യതയോ
അന്താരാഷ്‌ട്ര സിദ്ധാന്ത ചതുരംഗമോ
ഹൃദയത്തിനറിയില്ല ......
സ്വന്തം മണ്ണിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവന്റെ നിസ്സഹായത ....
സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമടക്കം
കൈയ്യിൽ കിട്ടിയത് കൊണ്ടോടി രക്ഷപ്പെടാൻ വെമ്പുന്ന
ജന്മങ്ങളുടെ ദൈന്യത !!!
ഇനിയും വേട്ടയാടപ്പെടാനിരിക്കുന്ന
കുഞ്ഞുങ്ങളുടെ കരച്ചിൽ ....
ഹൃദയം നോവുന്നു ....വല്ലാതെ ....

ശാർക്കര പൊന്നമ്മച്ചിയാണെ സത്യം !!!

അന്യരാജ്യത്ത് ,
ജോലിതെണ്ടി മടുത്ത ഹൃദയം ,
ഇപ്പൊ മറ്റൊരു അന്വേഷണത്തിലാണ് ....!!
പാർക്കാനൊരു വീട് ...യ്യോ ..അല്ലല്ല മുറി ....!
രാപകലുകൾ ഇടതടവില്ലാതെ കേൾക്കുന്ന
വിമാനത്തിന്റെ ഇരമ്പം വിട്ടു പോകാൻ
മനസ്സുണ്ടായിട്ടല്ല ...
സാഹയ്ഹ്നങ്ങളിൽ ജനാലചില്ലിലെ
മഞ്ഞയും നീലയും കലർന്ന വെയിൽപ്പൂക്കളെ
മറന്നിട്ടല്ല ....
ഓടുപാകിയ നിരത്തിൽ രാത്രികളിൽ
അത്താഴശേഷം നല്ലപാതിയുടെ കൈകോർത്തു
കവിതമൂളി മാനം കണ്ടു നടന്നു
കൊതി തീർന്നിട്ടല്ല ...
ഒറ്റമുറി വട്ടത്തിൽ കുഞ്ഞന്റെ പിറകെ
ഓടിത്തൊട്ടു കളിച്ചു
മടുത്തിട്ടല്ല ...
സന്ധ്യക്ക് ചുമർ ചാരിയൂതിക്കുടിച്ച
ചായക്കടുപ്പത്തിൽ വിയർത്ത തലമുടിക്കെട്ടിൽ നിന്ന്
പനിച്ചുമരു പകുത്ത എണ്ണ മെഴുക്കു
വെറുത്തിട്ടല്ല ....
ഒറ്റമുറിയുടെ മാസവില കൊടുത്തു
മുടിയാൻ വയാഞ്ഞിട്ട്‌ !!!
ഒരു ദിർഹം വിലയുള്ള സാധനം വാങ്ങുമ്പോഴും
തിടുക്കത്തിൽ പതിനെട്ടു കൊണ്ട് ഗുണിക്കുന്ന
ഹൃദയത്തിന്
അങ്ങനെയല്ലേ ചിന്തിക്കാനാവൂ ...!!!
(എച്ചിയെന്നും എച്ചി തന്നെ ...
നക്കി നായര് ...അങ്ങനെയുള്ള കമന്റുകൾക്ക് നിരോധനം )
എഴുപതിനായിരം ഇന്ത്യൻ ഉറുപ്പിക
ഒറ്റമുറിയ്ക്കെങ്ങന്യാ കൊടുക്ക്വാ !!!
(ഒരു വള്ളുവനാടൻ രോദനം )
ഇവിടെ ഭൂരിപക്ഷം പേരുടെയും അവസ്ഥ ഇതൊക്കെതന്നെയാണെന്ന് നല്ലപാതി !!
എന്തായാലും വീടുതെണ്ടൽ കർമ്മത്തിനു തറക്കല്ലിട്ടു .....
ഹൃദയം കണ്ട വീടുകൾ ...അല്ല ...മുറികൾ .....
1. മുൻസിപ്പാലിറ്റിയറിയാതെ വില്ലയോടു ചേർന്നൊരു
കാർഷെഡ് ....
ഉള്ളിൽ വിശാലമായ ഷോ റൂം ...
ഉമ്മറം , പിന്നാമ്പുറം , അടുക്കള , കക്കൂസ് , മുറി , കുളിമുറി ...
അമ്പമ്പോ ....
പാതിരാത്രി കറണ്ടും വെള്ളവുമില്ലാതെ കുഞ്ഞന്റെ കൈ പിടിച്ചിറങ്ങേണ്ടി വരുന്നതോർത്തപ്പോൾ
ടാറ്റാ പറഞ്ഞു പോന്നു ....!!!
2. പാർക്കിനടുത്തൊരു ഗല്ലി (ഊടുവഴി )
നടന്നു ചെന്ന് നിന്നതൊരു വില്ലയുടെ അറ്റത്ത്‌ ...
മുറി നോക്കാൻ കയറിയപ്പോൾ ......
ഒരു സുന്ദരി കണ്ണാടി നോക്കിമുടി കെട്ടുന്നു ...
വേറൊരുത്തി താഴെയിരുന്നു ശാപ്പിടുന്നു ...
ഇതും മേക്കപ്പോ എന്ന് തോന്നിക്കുന്ന മുഖങ്ങൾ ...
ഒരു ജിമ്മൻ ചമ്മി ച്ചിരിച്ച് അപ്പുറത്ത് ....
സംഗതി ഹോട്ടാണെന്ന് (കടപ്പാട് ...റേഡിയോ മിർച്ചി )
ആദ്യം പിടികിട്ടിയത് നല്ലപാതിയ്ക്ക് ...
ടാറ്റാ പറയാൻ പോലും നിന്നില്ല ...!!!
3. മൂന്ന് മലയാളികൾ ....
ഭാര്യമാർ ..വീട്ടമ്മമാർ ....
കുടുംബം , കുട്ടികൾ ..പ്രാരാബ്ധം ....
ഒക്കെക്കൊള്ളാം
പക്ഷെ അടുക്കളയിലേക്കു കാലെടുത്തു വച്ചപ്പോ
ഗൾഫുകാരുടെ സ്വന്തം പാറ്റ
ചാടിക്കളിയെടാ കൊച്ചുരാമാ സ്റ്റൈലിൽ
തിരുവാതിര കളിക്കുന്നു !!( ഡൽഹി കേരളാ സ്കൂൾ തിരുവാതിര തോറ്റുപോകും ...റെഫ : യു ട്യൂബ് )
ഇതിവർ കൃഷി ചെയ്തു കയറ്റുമതി നടത്തുന്നുണ്ടാവുമോ
എന്ന് ഹൃദയം സംശയിച്ചു പോയി ...!!
ഒരു പരസ്യത്തിൽ ,
""ROOM FOR KERALITE FAMILY ,
CONDITION NO SLEEPING FULL TIME ""
എന്നൊരു ""പച്ച"" അറിയാവുന്ന ആംഗലേയത്തിൽ എഴുതിയിരുന്നത് ഇതോണ്ടാവുമെന്നു ആത്മഗതം ...
രാത്രി , സ്വപ്നത്തിൽ കുഞ്ഞന്റെ വായിൽ
പാറ്റ കേറിഡാൻസ് ചെയ്യണ കണ്ടു നിലവിളിച്ചത്
മിച്ചം ...!!!
ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു എന്ന്
മറ്റൊരാത്മഗതത്തിൽ
ഹൃദയം വീടു കാണൽ തുടരുന്നു .....!
പിന്കുറിപ്പ് : അമ്പതും അറുപതും ലക്ഷം രൂപ
ചെലവാക്കി കടവും കടത്തിനുമേൽ കടവുമായി
നാട്ടിൽ വീടുവയ്ക്കുന്ന പ്രവാസിചങ്ങാതി മാരോട്
എന്തിനിത്രേം വല്യ വീടെന്ന മണ്ടൻ ചോദ്യം
ഹൃദയമിനി ചോദിക്കില്ല ....
ശാർക്കര പൊന്നമ്മച്ചിയാണെ സത്യം !!!

ദുപ്പട്ടത്തുമ്പാൽ കുരുക്കിടുമ്പോൾ ഞരമ്പ്‌ തെറ്റരുത് ...തെറ്റിയാൽ ....ഓർമ്മ പോകും ....

ഇന്നലെ രാത്രി നടക്കാനിറങ്ങുമ്പോൾ
ഇടാൻ മറന്ന ""ഉത്തരീയ""മെടുക്കാൻ
തിരികെക്കയറിയ ഹൃദയം വെറുതെയോർത്തത്
പണ്ട് റേഡിയോ പരിപാടിയിൽ വിളിച്ച ഒരുചേച്ചിയുടെ
വാക്കുകൾ ......
"" രാവിലെ നടക്കാനിറങ്ങാൻ നിവൃത്തിയില്ല
പോണ വഴിയിലൊരു ചായക്കട ..അവിടത്തെ അമ്മച്ചി ....
കാണുമ്പോഴേ തെറി വിളി തുടങ്ങും ...
""ഓരോ അവളുമാര് നെഞ്ചും തള്ളിപ്പിടിച്ചോണ്ടിറങ്ങും
ആണുങ്ങളെ വളയ്ക്കാൻ ....""
ഇങ്ങനെ തുടക്കം ....
ഒടുക്കം കാലടിച്ചൊടിക്കുമെന്ന് ഭീഷണി ...""
ചേച്ചി റൂട്ട് മാറ്റി ...
വാഹനമില്ലാത്തൊരു റോഡു തേടി വലഞ്ഞു ...
ഹൃദ്രോഗിയാണ്‌ ....ശ്വാസം മുട്ടുമുണ്ട് ...
അധികം പൊടിയടിക്കാൻ പാടില്ല ...
നടക്കാനിറങ്ങുമ്പോ കൈവീശി നടക്കണമെന്ന് ഡോക്ടർ ...
അസൗകര്യം കാരണം ഷാൾ ഒഴിവാക്കും ...
അതാണ്‌ നമ്മുടെ അമ്മച്ചിയുടെ
സ്വൈര്യം കെടുത്തുന്നത് ....!!!!
മൂടിപ്പുതച്ചു തിരികെയിറങ്ങുമ്പോൾ
മരുഭൂമി ചൂടിൽ വിയർത്തു വിളർത്ത ഹൃദയം
കഞ്ഞീം കറീം വയ്ക്കാനോടി ...!!!
വേലിപത്തലൊടിച്ചു വീടുകെട്ടി
ചിരട്ടയിൽ മണ്‍ ചോറ് വിളമ്പുമ്പോൾ
ശ്യാമുണ്ണിയച്ഛൻ പറഞ്ഞു ...
""ടീ , അമ്മയ്ക്ക് സാരി വേണം ....""
അവനോടിയൊപ്പിച്ചെടുത്ത മഞ്ഞ ദുപ്പട്ട
പാവാടയിൽ ചുറ്റി അന്ന് ഗമയിൽ നില്ക്കുമ്പോഴോർത്തില്ല
ദുപ്പട്ടയെന്ന രണ്ടു മീറ്ററിന്
അർത്ഥങ്ങൾ പലതെന്ന് !!!
പതിമൂന്നാം വയസ്സിൽ പെറ്റിക്കോട്ട് പിടിച്ചു വലിച്ചു മടുത്ത്
കണ്ണാടി നോക്കി സ്വയം ശപിക്കുമ്പോൾ
""കുമാരീ ഹൃദയം "" ചോദിച്ചു ....
ശെ ...ഇതെന്താ ഇങ്ങനെ??
ഒപ്പം പഠിച്ച ലേഖ അർത്ഥം വച്ച് ചിരിച്ചപ്പോൾ
അവളുടെ ശംഖു കഴുത്തു പിടിച്ചു ഞെരിക്കാൻ
തോന്നിപ്പോയി ഹൃദയത്തിന് ...!!
ഒടുക്കം ,
വെള്ള പെറ്റിക്കോട്ടു ചോപ്പിച്ചു പാവാടയും കടന്നു
ബെഞ്ചിലെത്തി നിന്ന പ്രായം
അവളുടെ മെറൂണ്‍ ഷാൾ ഒപ്പിയെടുത്തയന്നാണ്
ഹൃദയം പശ്ചാത്താപ വിവശയായത് !!!
പിന്നെ ,
യുണിഫോം ദുപ്പട്ടയുടെ മെറൂണ്‍ നിറഭേദങ്ങൾ
പഴയ സ്കൂൾ ഫോട്ടോയിൽ നിരന്നിരുന്നു ചിരിച്ചു ....!
കോളേജിൽ നീല പട്ടുപാവാടയണിയാൻ കൊതിച്ച
ഓണക്കാലത്ത്
പട്ടിന്റെ ഭംഗി ചോർത്തി നെഞ്ചോട്‌ ചേർത്ത് പിടിച്ച
കടും നീല ഫയൽ !!
മരച്ചോട്ടിലെ ""കരിനീല "" ആണ്‍നോട്ടങ്ങൾ ....
""നീല "" മാത്രം തുപ്പിയ കമന്റുകൾ ....!!
അതിൽപ്പിന്നെ പാവാടയും ഫയലും
അലമാരയ്ക്കുള്ളിൽ പൊടിപിടിച്ചു മരിച്ചു ...!
""ഫോർത്ത് എസ്റ്റേറ്റ്‌ ""എന്നെഴുതിയ വാതിൽപ്പാളിയ്ക്കിടയിൽ
കുടുങ്ങിയ സന്ദീപിന്റെ ചെറുവിരൽ ....
നഖമുനയിലെ ചോരച്ചെമപ്പു തുടച്ചെടുത്ത
വെളുത്ത പരുക്കൻ ദുപ്പട്ട ....
ഗുൽമോഹറിന്റെ പ്രണയച്ചോപ്പിനു താഴെ
അവനുറങ്ങിക്കിടക്കുമ്പോൾ
നോക്കി നിന്ന് കണ്ണ് തുടച്ചതും
അതേ വെളുത്ത പരുക്കൻ ദുപ്പട്ട !!!
പീഡന പർവ്വത്തിനൊടുവിൽ കലങ്ങിയ കണ്ണുമായി
കോടതി വരാന്തയിൽ റീനു ....
ഒരു മാസം മുൻപ് , ദുപ്പട്ടക്കുരുക്ക് മുദ്ര വച്ച
കഴുത്തിലൂടെ വിയർപ്പു ചാലിട്ടൊഴുകി ....
മങ്ങിയ പിങ്ക് ദുപ്പട്ടയിൽ ചുറ്റിയഴിഞ്ഞ
അവളുടെ നീണ്ട വിരലുകൾ ....
(പെണ്ണു കണ്ട ദിവസത്തെ പോലെ ...)
മുറിയ്ക്കുള്ളിൽ വാദപ്രതിവാദ ഘോഷം ....
ഒക്കെക്കഴിഞ്ഞിറങ്ങുമ്പോൾ
പിങ്ക്നിറ ദുപ്പട്ടതുമ്പ് മായ്ച്ച
ചുവന്ന സിന്ദൂരത്തരികൾ ...!!
കോടതി മുറ്റത്തെ മന്ദാരക്കൊമ്പത്ത്
ഓറഞ്ചു സൂര്യൻ ചിരിച്ചു ....!!
റോഡുവക്കിൽ കുരിശടിയ്ക്ക് മുന്നിൽ
പൊന്തയിലൊരു തുണിക്കെട്ട് ....!!
ഒരു വയലറ്റ് ദുപ്പട്ട ....!
അനക്കമറിഞ്ഞു ചിലർ എത്തി നോക്കുമ്പോൾ
ദുപ്പട്ടത്തൊങ്ങൽ വായിൽത്തിരുകി
""വയലറ്റ് മുഖ ""ക്കുഞ്ഞ് !!!
കുഞ്ഞു വയലറ്റ് ഞരമ്പുകൾ കഴുത്തിൽ
തുടിതുടിച്ചു .....
പിന്നെ ,
അമ്മത്തൊട്ടിൽച്ചൂടിൽ വയലറ്റു പുതപ്പിനുള്ളിൽ
അവൾ ചിരിച്ചുറങ്ങി .....!!
ഓർമ്മപ്പൊള്ളലുകളിൽ വെന്ത ഹൃദയം
മുറിയ്ക്കുള്ളിലേയ്ക്ക് തിരികെയോടിക്കയറി !!!
കഴുത്തു ചുറ്റി പറ്റിക്കൂടിയിരുന്ന ബ്രൌണ്‍ ദുപ്പട്ട
നിലത്തു വീണു നിലവിളിച്ചു ....!!
നടന്നു നീങ്ങുമ്പോൾ വഴിയരികിൽ
പല്ലുകുത്തി നിന്ന പച്ചയുടെ ""പച്ച "" നോട്ടം ...
തിരിഞ്ഞു നിന്ന് നോക്കുമ്പോൾ
അസ്വസ്ഥതയോടെ പിൻവലിക്കപ്പെട്ട
അയാളുടെ കണ്ണുകൾ !!
പൊടുന്നനെ വീശിയടിച്ച കാറ്റിൽ
ഹൃദയമൊന്നു പൊട്ടിച്ചിരിച്ചു ...
പിന്നെ , ഇരുകൈകളും വീശി നടപ്പ് തുടർന്നു ....!!!
പിൻകുറിപ്പ് :
വിജനമായ പാളത്തിനരികിലെ കുറ്റിക്കാടുകൾക്കിടയിൽ
ഉറുമ്പരിച്ചൊരു കീഴ്ച്ചുണ്ടിനൊപ്പം
തൊട്ടാവാടി മുള്ളിൽ കുടുങ്ങിക്കിടന്നത്
ചോന്ന ദുപ്പട്ടയിലെ നക്ഷത്രത്തുണ്ട് !!!
ഒടുക്കം ,
ചുണ്ടേത് ? തുണ്ടേത് ?
എന്ന ചോദ്യം ബാക്കി .....!!!!

""വരും ...വരാതിരിക്കില്ല ...""

രാവിലെ ഫോണിലൂടെ സരസ്വതി മിസ്സിന്റെ
തമിഴ് കലർന്ന ഇംഗ്ലീഷ് ....
""കാഞ്ചീവരമാ ...വെയർ ഇട്ട് ""
മാമ്പഴ മഞ്ഞയിൽ പച്ചപ്പട്ടു കസവുള്ള കാഞ്ചീപുരം സാരി
മെത്തയിൽ നീണ്ടു നിവർന്നു കിടന്നു ....!
സാരിക്കിപ്പുറം കാലപ്പഴക്കം കൊണ്ട് പിഞ്ഞിയ
പച്ച ബ്ലൌസ് ചിരിച്ചു ....
ഒപ്പം ചിരിച്ച ഹൃദയം ,
കറുപ്പിൽ സ്വർണ്ണ വരകളുള്ള സാരി ചുറ്റി
ഓർമ്മക്കാടുകൾക്കിടയിലേക്ക് കയറിപ്പോയി ....!!
പതിനേഴു തികഞ്ഞു കൃത്യം രണ്ടാം മാസം വന്ന
കേരളപ്പിറവി ദിനം ...
സാരിയുടെ അഞ്ചു മുഴം മനോഹരമായി വെളിവാക്കുന്ന
സ്ത്രൈണതയിൽ
ചൂളിച്ചുരുങ്ങിയൊരു കൌമാരക്കാരി നടന്നു ....
കറുപ്പെന്ന ഇഷ്ടനിറത്തിന് അന്ന് പത്തരമാറ്റ് !!
ഓഡിറ്റോറിയത്തിനു പിറകിൽ
പ്രണയത്തിന്റെ ഈറൻ വയലറ്റ് പൂക്കളുടെ ഇടയിൽ
പടവിലിരുന്നു കറുത്ത സാരി ചിരിച്ചു ...
ഒപ്പം ചിരിച്ച പതിനെട്ടു കാരന്റെ പൊടിമീശയിൽ
സാരിയിലെ സ്വർണ്ണ നൂലു കുരുങ്ങി ....!!
ഹാഫ് സാരിയുടെ മെറൂണ്‍ നിറം കൊണ്ട് തന്ന സൗഹൃദം
ഉമയെന്ന പട്ടരുകുട്ടി ....
ഗ്രാമത്തും മുക്കിലവളുടെ വീട്ടിൽ
ഏതു നേരവും കേൾക്കുന്ന മഹാ ലക്ഷ്മീ സ്തവം ...
കടന്നു ചെല്ലുമ്പോഴൊക്കെയും
ഉഴുന്നിന്റെയും മഞ്ഞളിന്റെയും മണം
മൂക്കിൻതുമ്പ് പ്രണയിച്ചു പിടിച്ചെടുത്തു ....
തലങ്ങും വിലങ്ങും വരകളുള്ള മുഷിഞ്ഞ ചേലയിൽ
കാപ്പി പകർന്ന ഉമയുടെ അമ്മ ....
ഡിഗ്രി രണ്ടാം വര്ഷം പരീക്ഷയ്ക്ക് മുൻപ് ""തിരുമണം ""
വെങ്കിട്ടറാവൂസിലെ ചോന്ന പട്ടു ചേല ...
കുഴൽമിന്നി ...താലിക്കൂട്ടം .....
മഞ്ഞൾ തേയ്ക്കലും തെങ്ങയുരുട്ടലും ഊഞ്ഞാലാട്ടലുമൊക്കെയായി
ഹൃദയം കണ്ട ആദ്യത്തെ കല്യാണം ....
ഒടുവിൽ പടിയിറങ്ങിയ ഉമയെ നോക്കി കണ്ണുതുടച്ച്‌
ചിരിച്ചു ....""വല്ലാത്ത പുക ...കണ്ണ് നീറണു ...""
അന്നേരവും ഹൃദയം പോയത്
ഉമയുടെ ചോന്ന പട്ടുസാരിക്കു പുറകെ ...!!
നിയമം പഠിക്കാൻ ചേർന്ന വർഷം
ചാല മാർക്കെറ്റിൽ കറങ്ങിത്തിരിയുമ്പോൾ മുന്നില് ""ഉമ ""
ചുവന്ന ചേലത്തിളക്കമില്ല ...പകരം
വെളുത്ത പരുക്കൻ സാരി ....
ഒടുക്കം അവൾ കൂട്ടിച്ചേർത്തു ...
""കുട്ടികളില്ലാത്തത് നന്നായില്ലേടീ .....""
ഫോണ്‍ നമ്പർ കൈമാറി പച്ചക്കറി സഞ്ചി കൂട്ടിപ്പിടിച്ച്
അവൾ നടന്നകലുമ്പോൾ
ശൂന്യമായ പിൻകഴുത്തു നോക്കി നിന്ന ഹൃദയം
വെള്ള സാരിയെ ശപിച്ചു ....!!
മൂന്നു വർഷം ഒപ്പം പാട്ട് പഠിച്ച സംഗീത ....
ഒരിക്കൽ പാട്ടിനിടെ അവളെത്തേടി വന്ന ചിലർ ...
അവളുടെ ചേച്ചി മരിച്ചെന്ന പിറ്റേന്നത്തെ വാർത്ത ....
മൂന്നാം ദിവസം മരണ വീട് സന്ദര്ശിച്ച ഹൃദയം
തറച്ചു നോക്കിയതൊരു കഴുക്കോലിൽ ...!!
ഉത്സവത്തിനു മാതൃസഹോദരൻ സമ്മാനിച്ച വയലറ്റ് പട്ടുസാരി ...
അതുടുത്ത് ഗമയിൽ നടന്ന ചേച്ചിയ്ക്കൊപ്പം സംഗീതയെ കണ്ടിരുന്നു ...
വളക്കടയ്ക്കുള്ളിൽ , പലഹാരക്കടയിൽ
ചില യുവ നോട്ടങ്ങളും കമന്റുകളും പിന്തുടർന്നത്‌
പിറ്റേന്നവൾ പങ്കുവച്ചു ....
വയലറ്റു പട്ടുസാരിയ്ക്കൊപ്പം കിട്ടിയ ""സമ്മാനത്തിന് ""
""അപമാനം "" എന്ന് മറ്റൊരു പേരു കൂടിയുണ്ടെന്ന കണ്ടെത്തലിനൊടുവിൽ
ചേച്ചിയുടെ കൈകൾ കുരുക്കിടാൻ പഠിച്ചു ...
കഴുത്തിലെ വയലറ്റ് ഞരമ്പുകൾ തുടിച്ചു ...
ഒടുക്കം , പെട്ടിക്കുള്ളിൽ ചേച്ചിയ്ക്കൊപ്പം
വയലറ്റ് സാരിയുമുറങ്ങി ....!!
ഹൃദയം വയലറ്റിനെ വെറുത്തു ....
ഇരുപതാം വയസ്സിൽ കഴുത്തിൽ വീണൊരു താലിച്ചരട് ...
പഴയ വിവാഹ ഫോട്ടോയിൽ പച്ചപ്പട്ടു സാരിയുടുത്തൊരു പെണ്ണ്
പുടവ കൊടുത്തവൻ കൂടെ രണ്ടു മക്കളെയും കൊടുത്തു
പടിയിറങ്ങിപ്പോയി ....
മൂത്തവൾ വളർന്നപ്പോൾ പെട്ടിയിലെ പട്ടുസാരി കണ്ടു കൊതിച്ചു ...
പച്ചപ്പട്ടു പാവാടയണിഞ്ഞു കണ്ണാടിയിൽ നോക്കിച്ചിരിച്ച
കുമാരിയെക്കണ്ട് അമ്മമനസ്സു ഭയന്നു ....
പെട്ടിയുടെ അടിയിൽ താഴംബൂവിട്ടു മടക്കി വച്ച
കല്യാണപ്പുടവയിൽ അഭയംതേടിവിറച്ച കൈകൾ .....
പിന്നെ , കഠിനാധ്വാനം മാത്രം കൈമുതലാക്കി
മക്കളെ ""നല്ലനില""യിലാക്കി
അമ്മ നെടുവീർപ്പിട്ടു ....
പെട്ടിയുടെ അടിയിൽ താഴംബൂ മണമുള്ള
ചന്ദന നിറത്തിൽ ചുവന്ന കരയുള്ള പുടവ ചുളുങ്ങി ....
""അമ്മയ്ക്കിനി ഇതെന്തിനാ ??""
ഇളയവളുടെ അലോസരത്തിനു മറുപടി ...
""ഞാൻ മരിയ്ക്കുമ്പോ ഇതോണ്ടെന്നെ മൂടണം ...""
ഹൃദയത്തിനുള്ളിൽ ചില്ലിട്ടു വച്ചൊരു
കല്യാണ ഫോട്ടോ വീണുടഞ്ഞു ....
അതിൽ മീശക്കാരനോട് ചേർന്ന്
ചന്ദനനിറപ്പുടവയുടുത്ത പെണ്‍കിടാവ് ചിരിച്ചു ....!!
ഹൃദയത്തിൽ ചന്ദനം മണത്തു .....!!
ഇസ്തിരി കൂട്ടിയ ഇക്കിളിയിൽ
ചുളിവുകൾ നിവർന്നു മഞ്ഞ പട്ടുസാരി തുടുത്തു ....
പിന്നെ ,നോക്കിനില്ക്കെ
മഞ്ഞയും പച്ചയും സ്വർണ്ണവുമായി
ഇഴകളൂർന്നു പടികടന്നു പോയി ....!!!
വാൽക്കഷണം : ഓർമ്മക്കാടുകളിറങ്ങുമ്പോൾ ഹൃദയം കണ്ടത് :::
കാത്തിരിപ്പിന്റെ തണുത്ത പടിയിൽ
ധ്യാനിച്ചിരിക്കുന്നൊരു പെണ്‍കിടാവ് ...
അവളുടെ ചെവിയിൽ മുഴങ്ങിയ കനമുള്ള വാക്കുകൾ ...
""ഞാൻ വരും ....ആകാശ നീലിമയിൽ നക്ഷത്രപ്പൊട്ടുള്ള
കല്യാണപ്പുടവയുമായി ....
ഞാൻ വരും ....""
നരച്ച ആകാശത്തിൽ എവിടെയോ തിളങ്ങിയൊരു നക്ഷത്രപ്പൊട്ടിനെ
അവളിന്നും തേടിക്കൊണ്ടിരിക്കുന്നു ........
""വരും ...വരാതിരിക്കില്ല ...""

വിവരക്കേട് ഒരു കുറ്റമല്ലല്ലോ ....

ഇന്നലെ ഉച്ചയ്ക്ക് ഉസ്ക്കൂളില് ചെല്ലുമ്പം മ്മടെ പതിനൊന്നാം ക്ളാസ്സുകാര് ...ദേണ്ടിരിക്കുന്നു എന്തോ കളഞ്ഞ അണ്ണാമ്മാരെപ്പോലെ .....
പരീക്ഷ തീർന്നുള്ള ഇരിപ്പായോണ്ട് അറിയാണ്ട് ചോയ്ച്ചു ...
ന്താടെ ...പൊട്ട്വോ .....
ഒരു ദീർഘ നിശ്വാസം വിട്ടു ഒരുവൻ പറഞ്ഞു ...
മൊത്തത്തിൽ പൊട്ടിയിരിക്ക്യാ മിസ്സേ ....
ലവനെ പൊക്കി .....
""ദൈവമേ കോപ്പിയടിച്ചു പിടിച്ചതാവും ...""
ന്നിട്ട് .....
ന്നിട്ടെന്താ ...പാരന്റ്സിനെ വരാമ്പറഞ്ഞു ....
""യ്യോ...ങ്ങളെന്തിനാ ഈ ലാസ്റ്റ് ദിവസം കോപ്പിയടിക്കാൻ പോയെ??? ...""( വല്ലാത്തൊരു ചോദ്യം ...അസംബന്ധം ...മ്ളേഛം ..ല്ലേ ..)
.
""ആര് ..എപ്പോ ...കോപ്പിയടിച്ചു ....
മിസ്സിനെക്കൊണ്ട് തോറ്റു ....
ഇത് സംഗതി വേറെയാ ...""
മറ്റേതു പിടിച്ചു ...മറ്റേ ബുക്ക്‌ .....!!!
ലവനാ കൊണ്ട് വന്നെ ...നീപ്പോ ന്താ ചെയ്യാ ...
മിസ്സിന് ഹെൽപ്പെയ്യാൻ പറ്റോ ???
നാട്ടീപ്പോയപ്പോ ഒരു രസത്തിന് വാങ്ങീതാ ...
പണിയായല്ലോ ......
അവനെ ഒന്നുരുട്ടി നോക്കി അകത്തേയ്ക്ക് കയറുമ്പോ ഓർത്തു ...
ഈ പതിനേഴും പതിനെട്ടും വയസ്സുള്ള പിള്ളാരുടെ കയ്യീന്ന്
""കൊച്ചു പുസ്തകം "" പിടിക്കാൻ പോണ മാഷമ്മാരെ
ന്താ പറയ്യാ ....
അല്ല ...ഇവരെല്ലാം ഈ പ്രായം കഴിഞ്ഞിട്ടു തന്നല്ലേ വന്നെ .....!!!
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
പന്ത്രണ്ടാം ക്ളാസ്സിലെ ...സമദ് ....
ഉച്ചയ്ക്ക് കാണുമ്പോ താടിക്ക് കയ്യും കൊടുത്തിരിക്കുന്നു ....!!
ന്താ പ്രശ്നം ???
ആകാംക്ഷവിവശ ഹൃദയം ചോദിച്ചു പോയി ....
ഉടൻ വന്നു മറുപടി ....
ഓ ..എല്ലാം പോയി മിസ്സേ ....
യ്യോ ...ഹൃദയം ഞെട്ടി ...!!!
അമ്പരന്നു നിക്കുമ്പോ അവൻ പറയണൂ ...
""ആദ്യം സണ്ണി ചേടത്തി ...ഇപ്പം രശ്മി ചേച്ചി ...
തോല്ക്കാൻ ചന്തുവിന്റെ ജന്മം ഇനിയും ബാക്കി ....
ഇവിടല്ലേലും വല്യ പാടാ മിസ്സിനറിയാല്ലോ ...
ആകെ മൊത്തം നിരോധനം ....
ഇപ്പം ഫേസ് ബുക്കൊക്കെ നോക്കാൻ പോലും തോന്നണില്ല ...
പുതിയ ""പടങ്ങളൊന്നും "" വരില്ലാല്ലോ .....
അവന്മാരുടെയൊരു ""വല്യതന്ത ""!!!!""
ചിരിക്കണോ കരയണോന്നറിയാതെ നിക്കുമ്പോ ഓർത്തു ...
എന്തു പ്രശ്നോം പറഞ്ഞോളാൻ പറഞ്ഞപ്പോ
ഇതൊരു വല്യ പ്രശ്നമാവുംന്ന് അറിഞ്ഞില്ലല്ലോന്ന് .....!!!
ന്തായാലും അവന്റെ തോളത്തു തട്ടി സൌഹൃദഹൃദയം പറഞ്ഞു ...
""തളരരുത് മക്കളെ ...തളരരുത് ...""( തന്നോളം വളർന്നാൽ താനെന്നു വിളിക്കണംന്ന ചൊല്ലിനു കടപ്പാട് .....)
xxxxxxxxxxxxxxxxxxxx
ഇതിനൊക്കെയിടയിൽ ......
ഒരു സന്ദേശം .....
പത്താം ക്ലാസ്സുകാരന്റെ .....
അപ്രതീക്ഷിതമായിരുന്നു അത് .....
""പ്രിയപ്പെട്ട മിസ്സിന് ,
എന്റെ അമ്മയെയും മിസ്സിനെയും പോലെ ഉള്ളവരുണ്ടെങ്കിൽ
എനിക്ക് വയ്യായ്കയും സങ്കടങ്ങളും പ്രശ്നമല്ല ...""
( kidney transplantation കഴിഞ്ഞ കുട്ടി ....
ക്ലാസ്സിൽ അവൻ ഒരക്ഷരം മിണ്ടാറില്ലായിരുന്നു ....
കഴിഞ്ഞ കുറച്ചു നാളുകളായി അവൻ ഏറ്റവും നന്നായി പ്രതികരിക്കുന്ന കുട്ടിയാണ് .....
ഒരു തോളത്തു തട്ടലിനും ....ഒരു ചെറിയ അഭിനന്ദനത്തിനും ...
വെറുതെയൊന്നു ചേർത്തു പിടിക്കലിനും ....അത്രയും ചെയ്യാനായെങ്കിൽ ....
ന്താ പറയ്യാ ....ല്ലേ ....)
പിൻകുറിപ്പ് - കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ക്ളാസ്സിൽ പോകാനിറങ്ങുമ്പോൾ ചൂട് സഹിക്കാൻ വയ്യാഞ്ഞ്
പതിവിനു വിപരീതമായി ഓവർ കോട്ട് തുറന്നിട്ടു ...
ഈ ചുരിദാർ എന്ന് പറയണ നീളൻ കുപ്പായത്തിനും
അതിന്റെ ഉത്തരീയത്തിനും മോളിലാണേ ഈ ഓവർ കോട്ട് !!!
മുതിർന്നരണ്ടാൺ കുട്ടികളുള്ള ഒരു അദ്ധ്യാപഹച്ചി വക
താക്കീത് ......
""ചെക്കമ്മാരുടെ മുന്നിലെക്കാ പോണത് ....
മറക്കണ്ടാട്ടോ ....""
നിപ്പോ ..ന്താ പറയാ .....
ഒന്നൂല്ല്യാ ..അത്ര തന്നെ ......
വിവരക്കേട് ഒരു കുറ്റമല്ലല്ലോ ....
ആണോ .....?????

ചില കല്യാണ ചിന്തകൾ ........

ചില കല്യാണ ചിന്തകൾ ........

ഇന്നലെ നല്ലോരവധി ദിവസം ....
ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോന്ന്
ഹൃദയം ചിന്തിച്ചു പോയി ........!!
രവി പിള്ളയുടെ മകളുടെ കഴുത്തിലെ വജ്രാഭരണങ്ങൾകണ്ടു
കണ്ണിന്റെ ""റെറ്റിനയ്ക്കൊരു "നീറ്റൽ ...............
വെറുതെ ഫോട്ടോകളിൽ നോക്കിയിരിക്കുമ്പോൾ
ഹൃദയമല്ലേ ആള്
താഴിട്ടു പൂട്ടിയ ഓർമ്മപ്പെട്ടി പണിപ്പെട്ടു തുറന്ന് ,
പൊടിപിടിച്ചൊരു പഴയ കല്യാണ ആൽബം
പൊടിതട്ടിയെടുത്തു....

""വസുധ "- അയല്പക്കത്തെ വീട്ടില് വാടകയ്ക്ക് വന്ന
ചേച്ചിയുടെ പേര് ....ഭംഗിയുള്ള പേര് ........
കല്യാണ പ്രായമെത്തിയ ചേച്ചി ( നാട്ടുകാരുടെ ഭാഷയിൽ )
അച്ഛനും അമ്മയുമില്ല ...
കൂടെയുള്ളത് ചേട്ടനും ഭാര്യയും ...
ചിറ്റമ്മയുടെ കൂടെ താമസിച്ചിരുന്ന ചേച്ചിയെ
കുഞ്ഞിനെ നോക്കാനാളില്ലാത്തതു കൊണ്ട്
കൂടെ കൂട്ടിയ ചേട്ടന്റെ "സന്മനസ്സ് ""

പൊതുവെ "" തരള ഹൃദയയായ "" എന്റെ ടീച്ചറമ്മ
പരിചയക്കാർ പറഞ്ഞ നല്ല ആലോചനകൾ
ചേട്ടനോട് പറഞ്ഞു ....
""ഒരു തണുപ്പൻ മട്ട് ""
ചേട്ടത്തി പിന്നെ മുഖത്തു നോക്കാതെയായി ...
""സാറമ്മ ""യിനി കല്യാണമൊന്നും കൊണ്ട് വരല്ലേന്നു
വസുധ വക അപേക്ഷ ...
കല്യാണം നടക്കുന്നില്ലെന്ന് അയല്പക്കം നിരങ്ങിപ്പറയുന്നുവെന്നു
അവൾക്കു നേരെ ചേട്ടത്തി വക ആക്ഷേപം .....

ഒടുക്കം ,
ചേട്ടന് ട്രാൻസ്ഫർ ...
ചേട്ടത്തി സ്വന്തം വീട്ടിലേക്കു കെട്ടു കെട്ടി ...
വസുധയ്ക്ക് പോകാനിടമില്ല ...
ഒടുവിൽ ""നഴ്സറി യിൽ "" ഒരു കൊച്ചു ജോലി കൊടുത്ത്
താടി സാറും ടീച്ചറമ്മയും അവളെ കൂടെക്കൂട്ടി ....
മാസ ശമ്പളത്തിൽ മിച്ചം വന്നത് ചേർത്ത്
ചിട്ടി കൂടി ഒരു മാലയും നേർത്തൊരു ജലജ വളയും
വസുധയൊരുക്കി ....

ഒരു സന്ധ്യയ്ക്ക് ഗുരുക്കന്മാരെ കാണാൻ വന്ന പഴയ ശിഷ്യൻ
കല്യാണം നടക്കാത്ത കഥകൾ പറഞ്ഞതു കേട്ട്
ജാതകവും നാളും നോക്കാതെയൊന്നിച്ച
സാറച്ഛനും ടീച്ചറമ്മയും വസുധയെ നോക്കി ...
സമ്മതമെന്ന കണ്മുന വാക്കിൽ രജിസ്റ്റെർ ചെയ്യപ്പെട്ട കല്യാണം ...
കല്യാണം കൂടാൻ വന്ന ചേട്ടൻ ചിറികോട്ടി ...
ചെക്കനു പ്രായം വസുധയെക്കാൾ 7 വയസ്സ് കൂടുതൽ ...!!!!
എന്തായാലും കല്യാണ ഫോട്ടോയിൽ വസുധ
നിറഞ്ഞു ചിരിച്ചു തുടുത്തു നിന്നു .....
ചിരി മായാതെ ഇന്നും ടീച്ചറമ്മയെ കാണാൻ വരുന്നു ....!!

xxxxxxxxxxxxxxxxxxxxxxxx ........................

അറബിക്കല്യാണം എന്ന വാക്ക്
അപരിചിതമായിരുന്ന കാലം .....
( തെക്കൻ കേരളത്തിൽ ഇന്നും അതത്ര പരിചിതമല്ല )
ഒപ്പം പഠിച്ച സീനത്ത് കൊണ്ടോട്ടിയിലെ
എളാപ്പാന്റെ വീട്ടില് അവധി പാർക്കാൻ പോയി ....
തിരികെ വന്നത് വീട്ടിലിടാൻ അവൾ കൊണ്ടു പോയ
പഴയ സ്കൂൾ യൂണിഫോം ....
ആറാമതുണ്ടായ അവളുടെ അനിയത്തി
അക്കൊല്ലം ഒന്നാം തരത്തിൽ ചേർന്നിരുന്നു !!!

കല്യാണം കഴിഞ്ഞു ഏഴാം നാൾ
അവളും പുയ്യാപ്ളയും ""മൈസൂർ ക്ക് "" പോയി ....
കൃത്യം നാലാം മാസം ,
മൂന്നുമാസം ""വയറ്റുകണ്ണിയായി ""
വെളുത്തു തുടുത്ത സീനത്ത്
കറുത്ത് കരിഞ്ഞു തിരിച്ചെത്തി ....!!

ആറാമത്തെ അനിയത്തി എട്ടാം തരത്തിൽ ചേരുമ്പോൾ
സീനത്തിന്റെ ""പാത്തുമ്മ "" ഒന്നാം ക്ളാസ്സിലിരുന്നു കരഞ്ഞു ....

മൈലാഞ്ചി മണമുള്ള സീനത്തിന്റെ കൈവെള്ളയിൽ
വിമ്മും സർഫും സുഗന്ധം പരത്തി ...
പാത്തുമ്മ കേട്ട വാപ്പച്ചികഥയിൽ ,
പഴയൊരു കല്യാണ ഫോട്ടോയിൽ ,
""വൃന്ദാവനത്തിലെ "" പൂക്കൾക്കു നടുവിലിരുന്ന്
അറബിയെക്കാൾ സുന്ദരനായ ""മൈസൂർ മാരൻ ""
പുഞ്ചിരിച്ചു .....!!!

x ----------------------------------x -------------------------------------

ആൽബം മറിയുമ്പോൾ പിന്നെയുമെത്രയൊ
കല്യാണച്ചിത്രങ്ങൾ .....
ആളും ആരവവും കൊട്ടും കുരവയും
ഫ്ളാഷ് മിന്നലുകളും കല്യാണ സിനിമയും
ഒക്കെയായി തകർത്തു നടത്തി
ഒടുക്കം തകർന്നു വീണവ .....

കുയിൽക്കുരവയും വെയിൽക്ക്യാമറയുമായി
ആൾക്കൂട്ടമൊഴിഞ്ഞു ഒറ്റപ്പൂമാലക്കരുത്തിൽ
ചില "'ജന്മാന്തര ബന്ധങ്ങൾ ""....

ഓർമ്മപ്പെട്ടിയിൽ ആൽബം വച്ചു പൂട്ടി
ഹൃദയം എവിടെയോ വായിച്ചതാവർത്തിച്ചു ....

""വിശ്വാസങ്ങളുടെ വീര്യം ശ്വസിച്ചു കൊണ്ടാണ്
നാം ജീവിക്കുന്നത് ........
പ്രകൃതിയും പുരുഷനും ചേരുന്നതൊരു വിശ്വാസ ബലത്തിൽ ...
ഇണയുടെ കൂർത്ത കൊമ്പിൽ കണ്മുനയുരസുന്ന
പേടമാനിന്റെ വിശ്വാസം .....
എനിക്കു നീയും നിനക്കു ഞാനുമെന്ന വിശ്വാസം ....
വിശ്വാസത്തിന്റെ ശൃംഖലകൾ നുറുങ്ങാതിരിക്കട്ടെ ....""