ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 March 2015

വെറുതേ .......!!!!

മുഖ പുസ്തകത്തിൽ കണ്ടൊരു കുറിപ്പിൽ നിന്നാണ്
ഹൃദയം വീണ്ടുമതോർത്തെടുത്തത് .....
ഇത് വിരഹത്തിന്റെ മാർച്ച്‌ !!

ആദ്യമോർത്തത് ആറ്റിങ്ങൽ ഗവ : കോളേജിലെ
ഓടിട്ട ക്ലാസ്സ്‌ മുറിയ്ക്ക് മുന്നിലെ നീളൻ വരാന്ത ....
കരിയിലകൾ വീണ പടവുകളിലൊന്നിൽ
കണങ്കാൽ മൂടിയ പാവാടയൊതുക്കിയിരിക്കുമ്പോൾ ആരോ പറഞ്ഞു ....
""ഒരു പാട്ടു പാടൂ ....""
നിന്നെക്കുറിച്ചുള്ള എന്റെയോർമ്മയുടെ
ആദ്യത്തെയും  അവസാനത്തെയും നിമിഷത്തിലേക്കു വേണ്ടി ....

എന്തുകൊണ്ടോ ഓർമ്മയിൽ വന്നത് മഴയിലെ വാർമുകിലേ ...
വെറുതേ മൂളാൻ തുടങ്ങുമ്പോൾ
എന്നും കേൾക്കാൻ കൊതിച്ചൊരു ശബ്ദം പിന്നിൽ നിന്നു കേട്ടു ...
""പാട്ടു പാടാൻ കണ്ട നേരം ...""

പാവാടത്തുമ്പിൽ തടഞ്ഞ പാഴില നുള്ളിക്കളയുമ്പോൾ
ഹൃദയത്തിലേക്കാരോ കാർക്കിച്ചു തുപ്പിയ പോലെ ....!!

വീണ്ടുമൊരു മാർച്ച്‌ ....
നീറമണ്‍കര  nss കോളേജ് വരാന്തയിലൂടെ
പടപടാ മിടിക്കുന്ന നെഞ്ചുമായി നടക്കുമ്പോൾ
അതിനെക്കാൾ വേഗത്തിൽ ഹൃദയം ചൊല്ലിത്തീർത്തതൊരു നൊവേന ...
ആവശ്യം ബി എ മലയാളം ക്ലാസ്സിൽ പ്രവേശനം ...

കൌണ്ടറിൽ നിന്ന് അഡ്മിഷൻ ഫോം വാങ്ങിത്തിരിയുമ്പോൾ മുന്നിൽ
""സുലേഖ ടീച്ചർ ""( അന്തരിച്ച ശ്രീ ജി .കാർത്തികേയന്റെ പത്നി )
ചേച്ചിക്കഥകളിൽ മാത്രം കേട്ടു പരിചയമുള്ള
എന്റെ പ്രിയ ടീച്ചർ .....
വെളുക്കെച്ചിരിച്ച മുഖത്തേക്ക് ആദ്യം കൗതുകക്കണ്ണുകളോടെ നോക്കിയ ടീച്ചർ
പിന്നെ ചിരിച്ചു ....(സ്വന്തം വിദ്യാർത്ഥിനിയെന്നു തെറ്റിദ്ധരിച്ചിട്ടാവും ...)
ആ ചിരിയിലലിഞ്ഞ ഹൃദയം പിന്നെയുമലിഞ്ഞതൊരു കണ്ണീരുപ്പിൽ ...!!

യാത്രച്ചെലവിന്റെ ""സാമ്പത്തിക ശാസ്ത്രം "'
 വീണ്ടും പഴയിടത്തു തന്നെ കൊണ്ടെത്തിച്ചു ....

""അമർത്യാസെന്നിന്റെ ""നേട്ടങ്ങളെക്കുറിച്ച്
താടിയിൽ മറുകുള്ള ലളിത ടീച്ചർ ആവർത്തിച്ചാവർത്തിച്ചുരുവിടുമ്പോഴും

ഡിമാന്റും സപ്ലൈയും വിവരിക്കുന്ന ഗ്രാഫുകൾ വരച്ചു
പ്രകാശൻ സാറിന്റെ കഷണ്ടിത്തല വിയർത്തപ്പോഴും

പിന്നിലെ ജനാലയിലൂടെ ഹൃദയം നീറമണ്‍കരയുടെയാകാശത്തിലെ
വെളുത്ത മേഘക്കൂട്ടങ്ങളെ തൊട്ടു തലോടി ....

ഒരു മാർച്ചിൽ പടിയിറങ്ങിയത്"" ട്യൂഷൻ ടീച്ചർ"" പണി തന്ന ""മണി""ക്കിലുക്കത്തോടെ ...
ലക്‌ഷ്യം ......കാര്യവട്ടത്തെ വിദൂര പഠന കേന്ദ്രം ....
കാരണം ...മലയാള സ്നേഹം ...

അപ്പോഴേക്കും വന്നു ചില ഉപദേശികൾ !!!
(ഉപദേശം വഴി തെറ്റിക്കുന്ന പ്രായമാണേയ് ...)

നിയമം പഠിച്ചാൽ പേരിനൊപ്പം കിട്ടുന്ന ഒരു വാലിന്റെ ( അതോ തലയോ )ചിന്തയിൽ
ചഞ്ചല ഹൃദയം അങ്ങോട്ടു പാഞ്ഞു ....!
മലയാളം ""ബാർട്ടണ്‍ മല "" കടന്നു പറന്നു ...!!

മൂന്നു വർഷത്തിനിപ്പുറമൊരു മാർച്ചിൽ
ഇനി ""മലയാളം "" എന്ന് ഹൃദയം കൊതിച്ചപ്പോഴോ
അമ്മയൊരു ചോദ്യം വാക്യത്തിൽ പ്രയോഗിക്കാനെറിഞ്ഞു തന്നു ...
""സ്വന്തം കാലിൽ നിൽക്കുക ""!!!

അങ്ങനെയതിനുത്തരം കിട്ടിയപ്പോൾ
ജീവിതം മറ്റൊരു വഴിക്ക് തിരിഞ്ഞു നടന്നു കളഞ്ഞു !!!

ഇടയ്ക്ക് യൂണിവേഴ് സിറ്റി ലൈബ്രറിയിലെ
മലയാള മണമുള്ള അലമാരകൾക്കിടയിലൂടെ
പ്രിയ എഴുത്തുകാരുടെയും കവികളുടെയും ഗന്ധം നുകർന്നു നടക്കുമ്പോൾ
ചഞ്ചല ഹൃദയമോർക്കാറുണ്ട് .....
എന്നേയ്ക്കുമായി നഷ്ടപ്പെട്ടു പോയ (അതോ നഷ്ടപ്പെടുത്തിയതോ ????)
ചില ""മലയാള പാഠങ്ങൾ ""....
ഒപ്പം ,
ശാകുന്തളത്തിനു പുറകിൽ കുറിച്ച വരികൾ കണ്ടു പിടിച്ച്
""തനിക്കു വഴി മാറിപ്പോയോടോ ??"" എന്ന രാജേന്ദ്രൻ മാഷുടെ
കുസൃതിച്ചോദ്യവും ....!

അതെ , ചിലപ്പോഴങ്ങനെയാണ് ....
നടക്കാനാഗ്രഹിക്കുന്ന വഴികളിലൂടെ നാമൊരിക്കലും നടക്കാറില്ല ...
പകരം , ഒരിക്കലും നടക്കാൻ മോഹിക്കാത്ത വഴികൾ
വെറുതേ നടന്നു തീർക്കും .....
വെറുതേ .......!!!!

Sunday 29 March 2015

""Stay Unfair ...Stay Beautiful""

പുതുതായിക്കിട്ടിയ ചില ജീവിത നേരമ്പോക്കുകളിൽപ്പെട്ട്
ഹൃദയത്തിന് വഴി തെറ്റുന്നു ....!!
അതിനിടയിൽ മുഖപുസ്തകത്താളിലേയ്ക്കുള്ള വഴി മറന്നതിൽ
ഹൃദയത്തിനെ തെറ്റു പറയാനൊക്കുമോ ?

ഈ അടുത്ത ദിവസങ്ങളിലെ അനുഭവങ്ങളിൽ മുഖ പുസ്തകം പോയിട്ട്
സ്വന്തം മുഖം നോക്കാനുള്ള ആത്മവിശ്വാസം പോലും
ഹൃദയത്തിനു നഷ്ടമായിരിക്കുന്നു ....!

കാരണം , മുൻപ് സൂചിപ്പിച്ച "ജോലി "തന്നെ ...!

കുട്ടികളെ ചിരിപ്പിക്കുന്ന കാർട്ടൂണ്‍ പരമ്പരയുടെ പേരുപോലൊരു
"വേല തേടൽ "സൈറ്റ് ....
അതിനകത്ത് കയറിയാലോ ...          
മുതിർന്നവർ ചിരിച്ചു ചിരിച്ചു കരഞ്ഞു പോകുന്നതരം
പരസ്യങ്ങൾ !
ഒരു റിയാലിറ്റി ഷോ താരം പറഞ്ഞ പോലെ
""ഈശ്വരാ ...എനിക്കെന്തിനീ സൗന്ദര്യം തന്നു "" എന്ന്
ദുബായിൽ ആരെങ്കിലും ചോദിച്ചാൽ അപ്പോക്കിട്ടും ഉഗ്രനടി !!!
എന്തെന്നാൽ
ഇതു സുന്ദരിമാരുടെയും സൗന്ദര്യാസ്വാദകരുടെയും നഗരമാകുന്നു .....
(സൗന്ദര്യം എന്നത് കൊണ്ട് ഇവിടത്തുകാർ ഉദ്ദേശിക്കുന്നതെന്താണെന്നു
ഹൃദയത്തിനിപ്പോഴും പിടികിട്ടാക്കടങ്കഥ ...)

എന്തായാലും ,
നടന്നു ജോലിതെണ്ടി മടുത്തപ്പോഴാണ്
ഇരുന്നൊന്നു തെണ്ടിയാലോന്നു ഹൃദയമോർത്തത് !
അങ്ങനെ ചില ജോലിപ്പരസ്യങ്ങൾ കണ്ടപ്പോൾ
ഹൃദയത്തിനു വിഷാദരോഗം ബാധിച്ചു ...!!!

എല്ലാറ്റിലും ഒരേ വാചകം ...

""must  be fair , good looking , attractive ,beautiful ....and presentable ""
(വെളുവെളുമ്പൻ  ഫിലിപ്പീനികളെക്കൊണ്ടു തോറ്റു ...)

ഈ പറഞ്ഞതിൽ നിന്നൊക്കെ ഉദ്യോഗാർഥി സുന്ദരിയായിരിക്കണം
എന്നാണ് സാരമെന്നു ഹൃദയത്തിനു പിടികിട്ടി ....
സ്ത്രൈണ ഹൃദയത്തിന്റെ ദൗർബല്യങ്ങൾ !!!!
ഉടനെ ഓടിച്ചെന്നു കണ്ണാടിനോക്കി ....
പുതിയ ചിലതു കണ്ടെത്തി നെടുവീർപ്പിടുകയും ചെയ്തു ...

മൂക്കിന്റെ അനാവശ്യ വലിപ്പം ...
താടിയുടെ നീളക്കുറവ്‌ ..
നെറ്റിയുടെ വീതി ...
ചില നേരങ്ങളിൽ ""സ്ഥാനം തെറ്റി "" നോക്കുന്ന കണ്ണുകൾ
പണ്ട് പത്താം ക്ലാസ്സിൽ പഠിച്ച "ചന്ദ്രക്കാറനെ "പ്പോലെ
""കർണ്ണങ്ങളെ എച്ചിലാക്കുന്ന വായ്‌ ""
ആകെ മൊത്തം ഒരു സൗന്ദര്യമില്ലായ്മ !!
എല്ലാറ്റിനും ഉപരി ....ഇരുണ്ട തൊലി
(ഭാഗ്യം ...""തൊലിക്കട്ടി " ഹൃദയം പരിശോധിച്ചില്ല )

ഒക്കെക്കഴിഞ്ഞപ്പോൾ ഹൃദയത്തിനു തോന്നിയത്
കൃഷ്ണമൂർത്തി പറഞ്ഞ പോലെ ""ആത്മാനുകമ്പ ""
പഴയൊരു വാചകത്തിലെ ""അശ്ലീലം"" തിരുത്തി,
""സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണെന്ന് ""
ഹൃദയം നെടുവീർപ്പിട്ടു ....

വേല വാഗ്ദാനം ചെയ്ത കമ്പനിയിൽ അപേക്ഷ അയക്കാൻ തോന്നിയില്ല ...
ഒരുപക്ഷെ ,ഇതുവരെ ഹൃദയം കണ്ടിരുന്ന സൗന്ദര്യം
""മൊയലാളി "" കണ്ടില്ലെങ്കിലോ ????

കണ്ണാടിയിൽ നിന്നു തിരിയുമ്പോൾ ഉറക്കച്ചടവുള്ള കണ്ണുകളോടെ
കുഞ്ഞൻ ചിരിക്കുന്നു ....
കുഞ്ഞു നെറ്റിയിലുമ്മ വച്ചു ചോദിച്ചു ...
""അമ്മ സുന്ദരിയാണോ വാവേ ???""
ഏതോ വലിയ തമാശ കേട്ട പോലെ അവനിക്കിളിപൂണ്ടു
ചിരിച്ചു ചെരിഞ്ഞു കിടന്നുറങ്ങി ...
ഹൃദയത്തിനു വീണ്ടും ആത്മാനുകമ്പ !!!

അതു മറികടക്കാൻ ഓടിവന്നു നിന്നതു
പങ്കുവയ്ക്കപ്പെട്ട പഴയൊരു മുഖപുസ്തക ചിത്രത്തിൽ ..!

നന്ദിതയുടെ വരിതെറ്റി ചിരിക്കുന്ന പല്ലുകളിൽ നോക്കി
ഹൃദയം വീണ്ടും വീണ്ടും പറഞ്ഞു ....

""Stay Unfair ...Stay Beautiful""

Wednesday 18 March 2015

ചില "ജീവിതനേരമ്പോക്കുകൾ "...!!

''ജോലി തെണ്ടൽ " ഒരുതരത്തിൽ പറഞ്ഞാൽ "മഹനീയം " എന്ന്
വിശേഷിപ്പിക്കപ്പെടാവുന്നൊരു
കലാപരിപാടിയാകുന്നുവെന്ന് ഹൃദയം .....!!
പ്രത്യേകിച്ചും തികച്ചും അപരിചതമായൊരു വിദേശ നഗരത്തിൽ ,
പരിചിതരുടെ ചോദ്യങ്ങളെ നേരിട്ടുകൊണ്ട് ജോലി തെണ്ടുക....!!

"ഇവിടെയാരും സത്യം പറയില്ലെന്ന
"ഭർതൃസഹോദരിയുടെ കമൻറ് മറന്നിട്ടല്ല ,
സത്യം പറയാൻ ഹൃദയം ചിലപ്പോഴൊക്കെ
ആശിച്ചു പോകുന്നതു കൊണ്ട്  പറയാതെ വയ്യ..

നാട്ടിൽ കാണാൻ കിട്ടാത്ത മലയാളികളെയാണ്
ഗൾഫിൽ നമ്മൾ കാണുക .....(ഞാനുൾപ്പെടെ )
രാവിലെ മുതൽ പാതിരാ വരെ ജോലി ചെയ്താലും
മുഖത്തെ ഒട്ടിച്ച ചിരി മായാതെ സൂക്ഷിക്കുന്നവർ ....
മത്തി ജീവിത മത്സ്യമാക്കിയവർ ....
ചോറിനു കറിയൊന്നെന്ന മുദ്രാവാക്യം വിളിക്കുന്നവർ ....
ഒരു കുപ്പിക്കുള്ളിൽ ഒരു കടൽ കണ്ടെത്തുന്നവർ ....
മജ്ജയും മാംസവുമില്ലെന്നു നടിക്കാൻ പാടുപെടുന്ന   മനുഷ്യ ജീവികൾ ..
(പ്രകോപനപരമായ  ചില മുൻ - പിൻ  കാഴ്ചകൾക്കിടയിലും
 കണ്ടില്ലെന്നു നടിച്ച് എല്ലാം ആത്മഗതത്തിൽ ഒതുക്കാൻ
ഇവിടെ മലയാളിക്കറിയാം !! ...)
ഒരു മാസത്തെ ജോലിക്കൂലി  പിറന്നാളാഘോഷത്തിനു ചെലവിടുന്നവർ ....
എല്ലാം ""c c "'യിട്ടെടുക്കാൻ പഠിച്ചവർ ....!!
അതിനിടയിൽ കൊച്ചു കള്ളത്തരങ്ങൾ നമുക്കു കണ്ടില്ലെന്നു നടിക്കാം ...

ജോലി തെണ്ടലിന്റെ രണ്ടാം ദിനാന്ത്യക്കുറിപ്പാണിത് ....
തനിയെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ
ഹൃദയം കണ്ട ചിലത് .....
ഇവിടത്തെ ഭൂഗർഭറെയിൽപ്പാതാദൂരമളക്കൽ (മെട്രോ )
ആദ്യ പടി ....(ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗം )
ചുവപ്പും പച്ചയുമായി നീളുന്ന വരകളിൽ
വായിൽക്കൊള്ളാത്ത ചില അറബിപ്പേരുകൾ ..!
(ഇതിന്നലെക്കണ്ടൊരു പയ്യന്റെ കമൻറ് ..
കയറിയ സ്റ്റേഷന്റെ പേര് മറന്നെന്ന നിസ്സഹായത
അവൻ പങ്കു വച്ചു ...)
പല രാജ്യക്കാരായ ആണും പെണ്ണും നിറഞ്ഞ ട്രെയിൻ ....
എല്ലാവരെയും അന്തം വിട്ടു നോക്കുന്ന മറ്റൊരു സഹജീവി ...
(യാത്രാ ലക്‌ഷ്യം ജോലി തെണ്ടൽ തന്നെ ...)

മുന്നിലെ സീറ്റിൽ മാറിൽ ചമച്ച "ധ "കാരങ്ങളുമായി
നിവർന്നിരിക്കുന്ന സുന്ദരിമാർ ...(ധ കാരം - കടമെടുത്തൊരു പദ്മരാജൻ ചിന്ത )
രോമം പിഴുതു തിണർത്തു ചുവന്ന കാൽ വണ്ണകൾ വിറപ്പിച്ച്
അറിയാത്ത ഭാഷ ചിലച്ച അവരുടെ നേരെ നോക്കിയപ്പോൾ
ഒരു ദുപ്പട്ട കൊണ്ടു തല മറച്ച് ഓടി രക്ഷപ്പെട്ടാലോന്ന്
ഹൃദയത്തിനു തോന്നി ...!
പെട്ടു പോയില്ലേ ....രക്ഷയില്ലെന്നൊരു മറുചിന്തയിൽ
പുരികമുയർന്നു ....

സ്വർണ്ണ വെയിലിൽ വെള്ളിത്തിളക്കമാർന്നു ...ബുർജ് ഖലീഫ ...
ഫോണിൽ പടമെടുത്ത് .ഓള്ക്കയയ്ക്കാം ..ഓള് ഞെട്ടട്ടെന്നു " ചിരിയിൽ രണ്ടു പേർ !!
(മേൽപ്പറഞ്ഞ തെണ്ടൽ തൊഴിലാളികൾ ....)
ഇതിനിടയിൽ കടപ്പാടറിയിക്കേണ്ട മറ്റു രണ്ടുപേർ ...
തെണ്ടലിനു സാരഥ്യം വഹിച്ച ""ടാ...സ്കി""ക്കാർ ....
ആദ്യത്തെയാളോട് മുറി ഹിന്ദിയിൽ
ഇന്ത്യയിൽ നിന്നാണോ എന്ന ചോദ്യത്തിന് മറുപടി ....."പാകിസ്ഥാൻ "

എന്തുകൊണ്ടോ ...പണ്ടേ കാണാൻ കൊതിച്ച
വാഗാ അതിർത്തിയിലെ ബൂട്ടടികൾ ഹൃദയമോർത്തില്ല ...
പകരം അയാളുടെ 30 വർഷത്തെ ദുബായ്ക്കഥ കേട്ടിരുന്നു ....!!
രണ്ടാമൻ രാജ്യം പറഞ്ഞപ്പോ ഹൃദയം ഞെട്ടി ....."സുഡാൻ ""
പുറത്തെ കെട്ടിടക്കൂട്ടങ്ങളിലേക്ക് കണ്ണ് നട്ടിരിക്കുമ്പോൾ
റിയർ വ്യു മിററിൽ ഇടം കണ്ണ് കണ്ട അയാളുടെ നോട്ടം
ഹൃദയത്തെ അലോസരപ്പെടുത്തി ....
ഇറങ്ങാൻ നേരം ഇടത്തേ മേൽച്ചുണ്ടിനരികിലെ
കറുത്ത മറുകിന്റെ സൗന്ദര്യത്തെ അയാൾ പുകഴ്ത്തി  ..!!.
(സുഡാനികൾക്കു മറുകിത്ര പ്രിയമോ എന്നു
പഴയ ദോഹ അനുഭവ വെളിച്ചത്തിൽ സ്വയം ചോദിച്ച്
ഹൃദയം അശ്ലീലച്ചിറി കോട്ടി ....)

തിരികെയെത്തുമ്പോൾ തീക്ഷ്ണതയൊന്നു കുറഞ്ഞ
വെയിൽ വക്കിൽ മറ്റു ചില "തെണ്ടികളെ "ക്കൂടി കണ്ടു മുട്ടി ...
ദിനം തോറും അന്നത്തിനുള്ള ഉന്നം നോക്കി
വിമാനമിറങ്ങുന്ന പാവം യൗവ്വനങ്ങൾ ...

പിന്നെ ഡേ കെയറിൽ ഏങ്ങലലകൾക്കിടയിൽ നിന്ന്
കുഞ്ഞനെ വാരിയെടുത്ത് റൂമിലേക്ക്‌ .....!!

ഇന്നത്തെ സമ്പാദ്യം ഇത്രമാത്രം ....

ഒരേസമയം ചിരിപ്പിക്കുകയും കരയിക്കുകയും
ചിന്തിപ്പിക്കുകയും ചെയ്യുവാൻ
ഹൃദയം സ്വന്തമാക്കിയ
 ചില "ജീവിതനേരമ്പോക്കുകൾ "...!!

Wednesday 11 March 2015

നിലാവും മായും മുൻപേ .....

ഇന്നു ഞാനോർത്തു കൊണ്ടേയിരിക്കും .....
നിലാവു മായും വരെ ....!

അഴിച്ചിട്ടും അഴിയാത്ത ചില
ഗാഢാലിംഗനങ്ങളെ ക്കുറിച്ച് .....
അടച്ചിട്ടും അടയാത്ത ചില
ഒളികണ്‍ പാളികളെക്കുറിച്ച് .....
ചുംബിച്ചു ചുംബിച്ചിടറിച്ചുവന്ന  ചില
ചുണ്ടുകളെക്കുറിച്ച് .....

ഈ രാത്രി നിലാവു മായും വരേയ്ക്കും
ഞാനോർത്തു കൊണ്ടേയിരിക്കും ....!

നിലാവു മായും വരേയ്ക്കും
ഞാനോർത്തു  കൊണ്ടേയിരിക്കും ....

കാലിടറി നടന്നു കടന്ന പഴയ ചില പാതകളെക്കുറിച്ച് ...
വിരൽക്കുഞ്ഞന്റെ നെഞ്ചു കീറിയ
പാതയോരത്തെ മുൾപ്പടർപ്പുകളെക്കുറിച്ച് ....
ചെമ്പരത്തിച്ചോര പുരണ്ടു ചിരിച്ച
അങ്ങേക്കൊമ്പത്തെ പൂവിതളിനെക്കുറിച്ച് ...

ഞാനോർമ്മിച്ചു കൊണ്ടേയിരിക്കും ....
ഈ രാത്രി ,
നിലാവസ്തമിക്കും വരെ ...!

ഒരു വഴിയിൽത്തുടങ്ങിയിരുവഴിയിലവസാനിച്ച
ചില സമാഗമങ്ങളെക്കുറിച്ച് ....
പെരുവഴി വളവിൽ കൈമാറപ്പെട്ട
"നക്ഷത്രക്കൂട്ടങ്ങളോളം " ആശംസകളെക്കുറിച്ച് ......

ഞാനിനിയുമോർമ്മിച്ചു കൊണ്ടേയിരിക്കും ...
രാവിൽ .....നിലാവു മായും വരെ ...!

ഒരിക്കൽ നീട്ടി മറ്റൊരിക്കൽ പിൻവലിക്കപ്പെട്ട
വലതു കരത്തിന്റെ നനുനനുപ്പിനെക്കുറിച്ച് ....
ലംഘിക്കപ്പെട്ട വാഗ്ദാനങ്ങൾക്കും
വിലക്കപ്പെട്ട പ്രണയത്തിനുമിടയിൽ
മലക്കം മറിഞ്ഞു വീണ ചില അളവുകോലുകളെക്കുറിച്ച് ....

ഞാനോർത്തു കൊണ്ടേയിരിക്കും ....
രാത്രി , നിലാവു മറയും വരെ ....!

കാതടപ്പിക്കുന്ന തീവണ്ടിയൊച്ചയ്ക്കിടയിലെ
മുറിഞ്ഞ ചില ചിരിയലകളെക്കുറിച്ച് ....
ചിരിമാഞ്ഞ ചവർപ്പിലൊറ്റയ്ക്കു നടന്നു തീർത്ത
ദിക്കു കാണാ ദൂരങ്ങളെക്കുറിച്ച് ......

ഓർക്കുവാനിനിയുമുണ്ടേറെ ...
നിലാവിന്റെയീമറ തീർന്നാലൊരുപക്ഷേ
സ്മൃതിയിൽ നിന്നു മാഞ്ഞു പോയേക്കാവുന്നവ !!!
അതിനുമേറെമുൻപ് എനിക്കോർമ്മിച്ചു തീർക്കണം ...
അതിൽച്ചിലതു പൊടിതട്ടിയോർമ്മക്കൂട്ടിലടയ്ക്കണം ...

ഈ രാത്രി ,
നിലാവസ്തമിയ്ക്കുമ്പോൾ ,
ഓർക്കുവാൻ ...ഓർത്തോർത്തു മാറ്റുവാൻ ....
ഇനിയൊന്നും ബാക്കിയാവരുതത്രേ ....!!!

Sunday 8 March 2015

ആശംസകൾ ...എല്ലാ വനിതകൾക്കും

പ്രവാസജീവിതത്തിലെ മറ്റൊരു വനിതാ ദിനം...

തുടക്കം കണ്ണീരോടെ ....
കുഞ്ഞൻ ഇന്നാദ്യമായി അമ്മയെ വിട്ടു നിൽക്കുന്നു ...
അടഞ്ഞ കതകിനപ്പുറം കുഞ്ഞന്റെ വാടിയ മുഖം ....
ചുണ്ടിലൊട്ടിച്ച ചിരിയോടെ പടിയിറങ്ങുമ്പോൾ
രണ്ടു തുള്ളി കണ്ണീർ മുൻപേയിറങ്ങി .....

ഈ വനിതാ ദിനത്തിൽ എന്റെ ആശംസകൾ രണ്ടേ രണ്ടു പേർക്കു മാത്രം ....
( ഒരുപാടു വനിതകൾ ...സ്നേഹവും സഹനവും ആത്മത്യാഗവുമായി
ലോകമെമ്പാടുമുണ്ട് ...അത് വിസ്മരിക്കുന്നില്ല ....)
ഇത്  പറയാതെ വയ്യ .....

മിനിഞ്ഞാന്നു സന്ധ്യയ്ക്ക്  എന്റെ അടുക്കളപ്പാതിയിലേക്ക്
മറ്റേതോ അടുക്കള മണവുമായി വന്ന ആന്ധ്രാക്കാരി ....
ഒരു മണിക്കൂർ നേരം കൊണ്ട് തീർക്കേണ്ട ജോലികളുടെ
ലിസ്റ്റുമായി മാഡം ഫോണിൽ .....!!
പാചകത്തിനിടെ പുറം കൈകൊണ്ടു തുടച്ചെറിയപ്പെടുന്ന
കണ്ണീരിനു ഉപ്പു രസം മാത്രമല്ല ....മനസ്സ് പൊള്ളിക്കുന്ന ചൂടുമുണ്ടെന്ന്
ഹൃദയം പറഞ്ഞു .....

അറിയാവുന്ന ഹിന്ദിയിൽ നടത്തിയ സംഭാഷണത്തിനൊടുവിൽ
ഹൃദയത്തിനു പൊള്ളി .....വല്ലാതെ ....

10 വർഷമായി അവർ ദുബായിലെത്തിയിട്ട്‌ ....
3 പെണ്മക്കൾ ....മൂന്നാമത്തെ കുഞ്ഞിനു 3 മാസം തികഞ്ഞപ്പോൾ
വിമാനം കയറ്റിയത് ഭർത്താവ് ...!!
നാട്ടിൽ പാലു കിട്ടാതെ കുഞ്ഞിപ്പെണ്ണ്‍ വലിയ വായിലേ
കരയുമ്പോഴാവണം ..അവർക്കു നെഞ്ചു വിങ്ങി വേദനിച്ചിരുന്നത് ...!
കൊണ്ടു വന്ന ഭർത്താവ് ഒരു വർഷത്തിനുള്ളിൽ മടങ്ങി ...
അപ്പോഴേക്കും ആരുടെയൊക്കെയോ അടുക്കളയിൽ
ഒന്നുമറിയാത്തൊരു ആന്ധ്രാക്കാരി പുകഞ്ഞു തുടങ്ങിയിരുന്നു ....

കഴിഞ്ഞ ആഴ്ച രണ്ടാമത്തെ  മകളുടെ കല്യാണം ...
കിട്ടിയതും കൂട്ടിയതുമൊക്കെയായി
കിട്ടാവുന്നത് മുഴുവൻ നാട്ടിലേക്കയച്ചു .....
കല്യാണം കൂടാൻ സ്പോണ്‍സർ സമ്മതിച്ചില്ല ...
ഇവിടെ ഉദ്യോഗത്തിനയച്ച ഭർത്താവ് നാട്ടിൽ
ഭാര്യ അയയ്ക്കുന്ന കാശെടുത്ത് വെള്ളമടിച്ചു
തിന്നു മദിച്ചുറങ്ങുന്നു .....
പോരാഞ്ഞിട്ട് ഇളയ മകൾക്ക് അമ്മ വല്ലപാടും
വാങ്ങിച്ചയയ്ക്കുന്ന സമ്മാനപ്പൊതികൾ
മാർക്കറ്റിൽ വിറ്റു കാശാക്കുന്നു ......!

എന്തു ചെയ്യാൻ ...തല വിധി ....എന്ന വാചകത്തിൽ
സംഭാഷണമവസാനിച്ചു ....!!

പൊള്ളിയടർന്ന ഹൃദയം വീണ്ടും വീണ്ടും
നിസ്സഹായതയിലുരുകി ....!!

ഇന്നലെ വൈകിട്ട്  പൊടിക്കാറ്റിന്റെ മറയിൽ
പാർക്കിലെ ബെഞ്ചിൽ അടുത്തിരുന്ന പെണ്ണ് .....
മണ്ണിൽ കളിച്ചു തിമിർക്കുന്ന കുഞ്ഞനൊപ്പം
അവളുടെ മകൻ .....
അവധി ദിവസത്തിന്റെ ആശ്വാസം എത്ര വലുതാണെന്ന്
അവളുടെ തിളങ്ങിയ മുഖം പറഞ്ഞു തന്നു ....

ജീവിത കഥകൾ ഇഷ്ടമുള്ള ഹൃദയം നാണമില്ലാതെ
അവളെ തോണ്ടി .....
ഒന്നു മടിച്ച് ...തുടങ്ങി വച്ചൊരു പെണ്‍ കഥ ....!
അതിൽ ആത്മകഥാംശം ഹൃദയത്തിനു തോന്നിയതെങ്ങനെയെന്നറിയില്ല ....!

പ്രവാസിയായ പുരുഷന്മാർ ഒപ്പം കുടുംബത്തെയും കൊണ്ടു വരുന്നു...
അത് കൊണ്ടു പണ്ടത്തെ പ്രവാസികളുടെ കഷ്ടപ്പാടൊന്നും
പുതു തലമുറ പ്രവാസികൾക്കില്ലത്രേ ....
ഇതു പണ്ടാരോ ഹൃദയത്തോട് പറഞ്ഞതാണ്‌ .....

അതെന്തായാലും ....
കുടുംബത്തെ ഒപ്പം കൂട്ടുമ്പോൾ മറ്റു ചിലത് കൈവിട്ടു പോകുന്നുവെന്ന്
ബെഞ്ചിന്റെയോരത്തിരുന്ന ഇളം വെയിൽക്കണ്ണുകൾ പറഞ്ഞു ....

നാട്ടിൽ ഒരു വീട് ....
കുറച്ചു സമ്പാദ്യം ...
കുഞ്ഞുങ്ങൾക്ക്‌ നല്ലൊരു അന്തരീക്ഷം ...
അച്ഛനമ്മമാർക്ക് കിട്ടേണ്ട പരിചരണം ....

അതിനൊക്കെയപ്പുറം ....
ജനിച്ചു 90 തികയാത്ത കുഞ്ഞിനെ
ഡേ കെയർ സംരക്ഷണത്തിൽ വിടേണ്ടി വരുമ്പോഴുള്ള
മാനസിക സംഘർഷം ....

ഇതൊന്നും വേണ്ട നാട്ടിൽ  നിന്നാൽ മതിയെന്നു കരുതിയാലോ ...
നല്ല പ്രായത്തിലേ നഷ്ടപ്പെട്ടു പോകുന്ന ദാമ്പത്യം .....!!

ചെകുത്താനും കടലിനുമിടയിലെന്ന പോലെ കഴിഞ്ഞു പോയ
ദിവസങ്ങളെക്കുറിച്ചു സംസാരിക്കാൻ മടിച്ച ചുണ്ടുകൾ
നിർത്താതെ പറഞ്ഞു ....

ഹൃദയമോർത്തു ....
നമ്മളെ കേൾക്കാൻ ഒരാളുണ്ടാവുന്നത്
എത്ര വലിയ കാര്യമാണ് .....
ചില നേരങ്ങളിൽ ...പറയുക ലളിതമാണ് ....
ശ്രോതാവാകുക കഠിനവും ....

ഇടയ്ക്ക് കാറ്റിന്റെ മറവിൽ
ദുപ്പട്ടത്തുമ്പു ചുരുട്ടിയ കൈവിരലുകളിൽ  കണ്ണീർത്തുള്ളികൾ ....

ചിരിയോടെ യാത്ര പറഞ്ഞ് കുഞ്ഞനെയും കൊണ്ടു
തിരികെ നടക്കുമ്പോൾ കണ്ടു ....
പാതയോരത്ത് കുഞ്ഞിന്റെ വായിൽ
അരിമണി നിറയ്ക്കുന്ന കുരുവിപ്പെണ്ണ്‍ .....

കേട്ട കാര്യങ്ങൾ ഹൃദയം വെറുതെ റീ വൈൻഡ്‌ ചെയ്തു ....

"ബേബി സിറ്റിംഗ് ന്റെ" അടഞ്ഞ വാതിലിനപ്പുറം കേട്ട
കുഞ്ഞു നിലവിളിയിലലിഞ്ഞ അമ്മക്കരച്ചിൽ ....
തിരക്ക് പിടിച്ച ഓഫീസ് ജോലിക്കിടയിൽ
വിങ്ങി വേദനിച്ച നെഞ്ചുമായി ബാത്ത്റൂമിലേക്കോടുന്ന
അമ്മ മനസ്സ് ......
വാഷ് ബേസിനിൽ ഒഴുകിയിറങ്ങുന്ന കണ്ണീരുപ്പു കലർന്ന
പാൽമധുരം .....

ഗുരുവായൂർക്കാരി അമ്മയുടെ ഉപസംഹാര വാക്കുകൾ
ഇത്ര മാത്രം .....
""പലരും പറയാറുണ്ട് ..എഴുതിയതു വായിച്ചിട്ടുമുണ്ട് ....
കുഞ്ഞുങ്ങളെ ഡേ കെയറിൽ നടതള്ളുന്ന അമ്മ മാരെപ്പറ്റി ...
പറയുന്നവരും എഴുതുന്നവരും
ആരുമറിയാതെ പിഴിഞ്ഞു കളയുന്ന പാൽത്തുള്ളികളിലെ ഉപ്പു രസമോ
ഒപ്പം കല്ലാക്കപ്പെടുന്ന മനസ്സിലെ എരിവോ അറിയുന്നില്ലല്ലോ ....."

ആ വാക്കുകൾക്കു നേരെ മുഖം തിരിച്ച ഹൃദയം
പതിയെ നടക്കുകയാണ് .....കുഞ്ഞന്റെ കൈ പിടിച്ച് ....!
കിട്ടാവുന്നതിൽ വച്ചേറ്റവും നല്ല ഡേ കെയർ തേടി.......

അതിനിടയിൽ ആശംസ പറയാൻ മറക്കുന്നില്ല .....
ആശംസകൾ ....എല്ലാ വനിതകൾക്കും .....