ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Tuesday 25 November 2014

മൗനമതിൽ

നമുക്കിടയിൽ നാമറിയാതെ തീർത്തൊരു മതിലുണ്ട്...!!
മൗനത്തിന്റെയൊരു വന്മതിൽ !!
നമ്മളറിയാതെ തന്നെ
അതൊന്നു തകർന്നു വീഴാൻ
ഹൃദയമാഗ്രഹിക്കുന്നു .....
കാരണം....
നിശബ്ദതയുടെ സംഗീതം
എന്റെ കാതുകൾക്കു താങ്ങുവാൻ വയ്യ!
ചില സംഭാഷണങ്ങൾ നടക്കുന്നത്
അഗ്നിപർവ്വത സ്ഫോടനം പോലെ....!
അതുവരെ മനസ്സിൽ തിളച്ചു കൊണ്ടിരുന്നതും
ഉരുകിയുരുകി കരളിനെയുരുക്കിയതും
ഉള്ളു പൊള്ളിച്ചു കനലായെരിഞ്ഞതും
ഒരൊറ്റ പൊട്ടിത്തെറിയിലൂടെ പുറത്തേക്ക് ....
ചില നേരങ്ങളിൽ ഹൃദയം പറയുന്നു...
നിന്റെ നെഞ്ചിലൊരു അഗ്നിപർവ്വതമാവുക !!
ചില സംസാര ശകലങ്ങൾ
മഞ്ഞുപാളികൾ പോലെ..!
മൗനമടർന്നു വീണ നിമിഷങ്ങളിൽ
മഞ്ഞുപോലുരുക്കാനൊരു മൂളൽ മതി..
ഒറ്റപ്പെടലിന്റെ ഇടനേരങ്ങളിൽ
നെഞ്ചിലെ നെരിപ്പോടിലേയ്ക്കൊരു മഞ്ഞു വീഴ്ച ...
ഹൃദയം പതിയെ പറയുന്നു...
നിന്റെ ചുണ്ടിലെ മഞ്ഞുതുള്ളിയാവുക...!!
ചില വാചകങ്ങൾക്ക്
കടലിനേക്കാൾ ആഴം....!
ഹൃദയത്തിന്റെ വിളർത്തു പൊടിഞ്ഞ ചുവരുകളെ
പ്രകമ്പനം കൊള്ളിച്ച്
ആഞ്ഞടിച്ചലറുന്നൊരു നീലക്കടൽ...
നുരഞ്ഞു പതഞ്ഞു തിരമാലകൾ
ഒന്നിനുപുറകെയൊന്നായ് മായ്ച്ചു കളഞ്ഞത്
എന്നിലെ അശാന്തിയുടെ കയ്പ്പിനെ....
അപ്പോഴൊക്കെയും ...ഹൃദയം പറയുന്നു...
നിന്റെ കണ്ണുകളിലൊരു കടലാവുക ..!!
ചില വാക്കുകൾക്ക്
പുതുമഴച്ചാറ്റലിന്റെ കുളിര് ..!!
പെയ്തു തോർന്ന നിമിഷങ്ങളിലെല്ലാം
മനസ്സിലൊരു "പുതുമഴഗന്ധം "...
നേർത്തു നനുത്ത മഴത്തുള്ളികൾ
"മിഴിത്തുള്ളികളായി " താഴേക്ക് .....
ഹൃദയം പറയാതെ പറയുന്നു.,....
നിന്റെയുടലിലൊരു മഴയായ് പെയ്യുക..!!
മൗനമതിലിന്റെ തകർന്ന മണ്‍കട്ടകളിൽ ചവിട്ടി
ഇനി നാം നടക്കുക...
ഇനിയുമിതുവഴി വരാനുള്ള
മറ്റാർക്കൊക്കെയോ വേണ്ടി
നമ്മുടെ കാൽപ്പാടുകൾ
ഇവിടെയുപേക്ഷിക്കുക ....

ഓർമ്മയിലെ പാലപ്പൂ മണം


മാസാന്ത്യങ്ങളിലെ കുഞ്ഞനുമൊത്തുള്ള 
"അമ്മവീട് "യാത്രകൾ സമ്മാനിക്കുന്നത്
 ചെറിയ സങ്കടങ്ങളും വലിയ സന്തോഷങ്ങളുമാണ് !
ഇത്തവണ സന്ധ്യ കഴിഞ്ഞ നേരത്ത് 
സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ എതിരേറ്റത് ,
ഹൃദയം കൊതിച്ചു കൊതിച്ചിരുന്നൊരു ഗന്ധം!!
കാത്തു കാത്തിരുന്ന ആ സുഗന്ധത്തിനൊടുവിൽ
ഹൃദയം മൂളിയതു പ്രിയ കവിയുടെവരികൾ .....
"അകലെപ്പാലകൾ പൂവിടും ഗന്ധം...
അരികിലാരുടെ സ്നേഹ സുഗന്ധം ?
ഹൃദയ നീഢത്തിനുള്ളിലെപ്പക്ഷി
പഴയൊരോർമ്മയെക്കൊഞ്ചി വിളിപ്പൂ...."
ഓർമ്മയുടെ അങ്ങേയറ്റത്തെക്കൊമ്പിൽ വിടർന്ന പൂവിന്
പാലപ്പൂമണം !!
അടിമുടി പൂത്തൊരു പാല മരം ആദ്യമായിക്കണ്ടത്
ഡിസംബർ മഞ്ഞിന്റെ കുളിരു വീണ സന്ധ്യയിൽ !
അന്നത്തെയാ പത്തു വയസ്സുകാരി
പാലയുടെ സൗന്ദര്യം കണ്ടതു "യക്ഷിക്കണ്ണുകളിലൂടെ ...."
അരപ്പാവാടക്കാരി മുഴുപ്പാവാടയിലെത്തിയപ്പോൾ
പാലപ്പൂ മണത്തിനൊപ്പം ഒഴുകിയെത്തിയത്
ചില ഗന്ധർവ്വ സ്വപ്‌നങ്ങൾ...!!
സ്വപ്നാടനത്തിന്റെ തുടർച്ചകളിൽ
എവിടെനിന്നോ കിട്ടിയ വെളിപാട്....
"ഗന്ധർവ്വനിഷ്ടം നീല നിറം...!!"
അമ്മയുടെ പ്രിയപ്പെട്ടൊരു സാരി
(വെള്ളയിൽ നീല പൂക്കളുള്ളത് )
വാശിപിടിച്ചു വെട്ടിച്ചു പാവാട
തയ്പ്പിച്ചുടുത്തത് "ഗന്ധർവ്വനു"വേണ്ടി മാത്രം....!
കൗമാര വിഹ്വലതകൾ ഭ്രമിപ്പിച്ചൊരു രാത്രിയിൽ ,
ആകാശനീലിമയിൽ നക്ഷത്രപ്പുള്ളികളുള്ള
പട്ടു പാവാടയണിഞ്ഞ് ,
ഓടുമേഞ്ഞ പഴയ "അമ്മവീടിന്റെ "
പാതിച്ചുവരുള്ള വരാന്തയുടെയറ്റത്തെ
ജനലഴികളിൽ പിടിച്ച് ...നേർത്ത നിലാവിൽ
പൂത്തുലഞ്ഞ പാലയുടെ ഗന്ധർവ്വ സൗന്ദര്യം നോക്കി
എത്രയോ നേരം ഹൃദയം കാത്തിരുന്നു...!!
(കാതോർത്തിരുന്ന ഗന്ധർവ്വ സ്വരത്തിനു പകരം കേട്ടത്
അമ്മമ്മയുടെ ശകാരം...."ഈ പെണ്ണിനു നട്ട പ്രാന്താണോ?")
അമ്മയുടെ പേരിൽ ഓഹരി വയ്ക്കപ്പെട്ട
പതിനഞ്ചു സെന്റിന്റെയോരത്ത്
ഗന്ധർവ്വ രൂപമാർന്ന പാലമരം കൂടിയുണ്ടെന്ന കണ്ടെത്തൽ ....
അതു തന്ന സന്തോഷം..!
അച്ഛന്റെ പ്രകൃതി സ്നേഹമറിയുന്നത്‌ കൊണ്ട്
അതൊരിക്കലും മുറിക്കപ്പെടില്ലെന്നു തീർച്ചയായിരുന്നു ....
പിന്നെ ബാധ്യതകൾ ഞെരുക്കിയ
കുടുംബത്തിന്റെ ശ്വാസം മുട്ടൽ അവസാനിപ്പിക്കാൻ
പതിനഞ്ചു സെന്റും പാലയും കൈമാറ്റം ചെയ്യപ്പെട്ടു...!
സ്റ്റേഷനരികിലെ വലിയ പാലമരം നിറയെ
വെളുത്ത കുഞ്ഞു പൂക്കൾ !
ഹൃദയം കീഴടക്കിയ സുഗന്ധം..
കുഞ്ഞന്റെ കൈ പിടിച്ചു അമ്മയോടൊപ്പം വീട്ടിലേക്കു നടക്കുമ്പോൾ
വെറുതേ ചോദിച്ചതാണ്...
"നമ്മടോടത്തെ പാലയിലും നിറയെ പൂക്കളുണ്ടോ അമ്മാ ???
മോനു പാലപ്പൂ അടുത്തു കണ്ടിട്ടില്ല ..ഇന്നവനു കാട്ടിക്കൊടുക്കണം ...."
യാതൊരു ഭാവഭേദവുമില്ലാതെ അമ്മ പറഞ്ഞു...
"ഓ ...അപ്രത്തെ രാജന് ആസ്മ കൂടുമെന്നു പറഞ്ഞു
കഴിഞ്ഞാഴ്ച അതു മുറിച്ചു...."
മനസ്സിൽ പൂത്തുലഞ്ഞു നിന്നൊരേഴിലം പാല
ഒരു മിന്നലിന്റെ വെള്ളി വെളിച്ചത്തിൽ കരിഞ്ഞുണങ്ങി...
വാടിയ മുഖത്തോടെ വീട്ടിലേക്കു കയറുമ്പോൾ
പാല നിന്നിടത്തെ ശൂന്യതയിലേക്ക്
അറിയാതെ കണ്ണുകൾ പരതി .....
രാത്രി,പുതിയ വീടിന്റെ വരാന്തയിൽ
ദൂരെയൊരു അയ്യപ്പൻ പാട്ടീണത്തിനു കാതോർത്ത്
വെറുതേയിരിക്കുമ്പോൾ ..
ഓർമ്മയിലൊരു നീലപ്പട്ടു പാവടയുലഞ്ഞു !!
അന്നേരം.... പാട്ടിനും മേലെ
വൃശ്ചികക്കുളിരിനൊപ്പം ഹൃദയം വിറച്ചത് .....
നഷ്ടമായ ഗന്ധർവ്വ സൗന്ദര്യവും പേറി വന്നൊരു
പാലപ്പൂ വാസനയിൽ...!!!