ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Saturday 15 August 2015

ചില മടി മോഹങ്ങൾ ....

ഹൃദയമങ്ങനെയാണ് ....
അവസരം കിട്ടിയാൽ
നല്ലസ്സലൊരു മടിയുടെ കരിമ്പടം പുതച്ചു
ചുരുണ്ട് കിടന്നു കളയും !!
( നേരെയങ്ങ് കിടക്കാൻ പറ്റിയില്ലെങ്കിൽ ഭാവനയിലെങ്കിലും ....)
ഇന്ന് രാവിലെ മുതൽ മടിച്ചു മടിച്ച് , അറച്ചറച്ച് നടപ്പാണ് ഹൃദയം !!
രണ്ടു ദിവസം മുൻപ് സൂപ്പർ മാർക്കറ്റിൽ
പൊടിപിടിച്ചിരുന്ന പുസ്തകക്കൂട്ടത്തിൽ പരതിയപ്പോൾ
ഒരു പുസ്തകം കിട്ടി !!
ഇന്നലെയത് വായിച്ചു കഴിഞ്ഞപ്പോൾ മുതലാണെന്നു തോന്നുന്നു ,
ഹൃദയം മടിയുടെ തൂക്കണാം കൂട് നെയ്യാൻ തുടങ്ങിയത് !!
കിളിക്കൂട്ടിൽ ചില തുന്നാരൻ കിളിച്ചിന്തകൾ ചിലയ്ക്കുന്നു .....
ജാതക പ്രകാരം 82 വയസ്സ് വരെ ഹൃദയമിങ്ങനെ
ഠപ്പ് ഠപ്പേന്നിടിക്കുമത്രേ ....
ചില നല്ല ""ജീവിത ക്രമങ്ങൾ " കൊണ്ട്
60 -62 റേഞ്ചിൽ ഠപ്പോന്നു നിന്നെയ്ക്കുമെന്ന്
"വ്യാകുല മാതാവായ "" ഹൃദയം !!
എന്തായാലും അത് മുഴുവൻ ഒരേമട്ടിൽ മുടി മുറിച്ചും
കൈമുട്ട് മറച്ച കുപ്പായമിട്ടും
കടുകു താളിച്ച എണ്ണ മുടിയിൽ തുടച്ചും
ജീവിച്ചു തീർക്കണോയെന്ന ചോദ്യ ചിഹ്നമാണ്
ആദ്യത്തെ കിളി ചിലയ്ക്കൽ !!
പിന്നെയെന്തു വേണമെന്ന മറു ചോദ്യത്തിന്
ഹൃദയം പുറത്തെടുത്തത് ചില മടി മോഹങ്ങൾ ....
രാവിലെ ഘടികാര സൂചി പ്രഭാത സവാരിക്കിറങ്ങാൻ നേരം
വയ്യാ വയ്യാന്ന മട്ടിൽ മുടി വാരിക്കെട്ടി
അടുക്കളയിലേക്കൊടുന്നതോർക്കാൻ വയ്യ ...
പൊളിച്ചു പൊളിച്ചൊടുവിൽ ,ഒന്നുമില്ലാതായിത്തീരുന്ന
ഉള്ളിത്തൊലിച്ചപ്പുകളെ നേരിടാൻ വയ്യ ...
നിറമോ എരിവോ കുറവെന്ന സംശയം
രണ്ടുമല്ലുപ്പെന്നു തീർക്കാൻ വയ്യ ....
അടുക്കളയെന്നോർക്കുമ്പോൾ
മടിച്ചിന്തയിൽ കുറുകിയിരുന്നൊരു തുന്നാരൻ കിളി ഹൃദയം
ഉണർന്നു പറന്നതൊരു വരാന്തയിലേക്ക്‌ ....!
""മൂട്ടിൽ "" വെയിലടിക്കും വരെ പുതച്ചുറങ്ങിയുണർന്ന് ,
വരാന്തയിലെ പഴയ ചാരുകസേരയിൽ ചടഞ്ഞിരുന്ന് ,
മുറ്റത്തു പാറിക്കളിച്ച വെയിൽത്തുമ്പിയുടെ കാലിൽ
കല്ലു കെട്ടിപ്പറത്തണം ..
പവിഴമല്ലിക്കൊമ്പിൽ കൊക്കുരുമ്മിക്കുറുകുന്ന അരിപ്രാവുകളെ
അലസമായ് നോക്കിയിരിക്കണം ...
മഞ്ഞരളിക്കൊമ്പത്തെ പച്ചക്കായുടെ തുഞ്ചത്ത്
ഊഞ്ഞാലാടി രസിക്കുന്ന പുളിയുറുമ്പിൻ കൂട്ടങ്ങളെ
കണ്ണ് കൊണ്ട് വരിതെറ്റിക്കണം ..!
കുക്കറിന്റെയൊച്ചയിലുലഞ്ഞ കിളിക്കൂട്ടിൽ നിന്ന്
പറന്നകന്ന മറ്റൊരു ഹൃദയച്ചിന്ത ...
ചില സങ്കൽപ്പങ്ങളെയുടച്ചു വാർക്കണം ...!
വെളുപ്പിനെയൊരു "വയറു വേദനച്ചുഴിയിൽ ""
കുനിഞ്ഞു നിന്ന് "കുളിച്ചു "" വിറയ്ക്കുമ്പോൾ
പായൽപ്പച്ചയുടെ നെഞ്ചിൽ വീണുടയുന്ന
വെള്ളത്തുള്ളിയുടെ അസ്വസ്ഥത ...
""ത്രി സന്ധ്യയ്ക്ക് "" മേലുകഴുകാനോടിയതിന്
അക്കരെ മുത്തശ്ശി വക ശകാരം ...
( ദേഹത്ത് കൂടാൻ ഗന്ധർവ്വനൊരു അവസരം
കൊടുക്കാമായിരുന്നു ....ധൈര്യം വന്നില്ല !!!)
""പുരുഷനാദ്യം "" എന്ന പഴമച്ചിന്തയിലുടക്കി
വിശന്ന വയറിന്റെ വിളിയിൽ കട്ടുതിന്ന
പാൽപ്പൊടി മധുരത്തിന്റെ ""കയ്പ്പ് ""...
ചേട്ടനായാൽ മീൻ വറുത്തത്‌ തിന്നാലോയെന്ന
കൂട്ടുകാരിച്ചിന്തയിൽ തെളിഞ്ഞ
കൊതിയുടെ മീന്മണം ...
കാലിന്മേൽ കാൽ കയറ്റി മുട്ട് വിറപ്പിച്ചതിന് ,
കട്ടിലിൽ ചാടിക്കയറിയിരുന്നു കാലാട്ടിയതിന് ,
മേശമേൽ കാൽപൊക്കി വച്ചു ചിരിച്ചതിന് ,
കാലടുപ്പിച്ച് കസേരയിലിരിക്കാഞ്ഞതിന് ,
അങ്ങനെയങ്ങനെ കാലിന്റെ നേർക്കുള്ള
കാടൻ -കാലൻ നോട്ടങ്ങൾ ....
പിന്നെ ,
പെണ്ണിന് പൊന്നുവേണമെന്ന അമ്മയാധി
കെട്ടുപ്രായം ഇരുപതെന്ന ബന്ധുമൊഴി
കെട്ടിയാലുടനെ കുട്ടിയെന്ന നാട്ടു നടപ്പ് ..
ഉടച്ചു വാർക്കണമൊക്കെയും ...!!
നിഷേധത്തിന്റെ കിളിയൊച്ചകൾക്കിടയിൽ കേട്ട
ചില മോഹക്കിളിക്കൊഞ്ചലുകൾ .....
കരിയില വീണു ചതഞ്ഞ ഇടവഴിയോരങ്ങളിൽ
ഗോട്ടി കളിച്ചു നടക്കണം ..
വേനലവധിക്ക് മുറ്റമടിവിദഗ്ദ്ധയാകാൻ നിക്കാതെ
മുറ്റത്തു ക്രിക്കറ്റ് പിച്ചുണ്ടാക്കണം ...
ചാറ്റൽ മഴയത്ത് , നനഞ്ഞു കുതിർന്ന ജാക്കറ്റിനു നേരെയുള്ള
ചുട്ടു കൂർത്ത നോട്ടങ്ങളില്ലാതെ
അലസമായി നടന്നു പോകണം ...
കൊയ്ത വയലിൽ സൂര്യൻ ചുവക്കും വരെ
പന്ത് കളിച്ചു തിമിർക്കണം ....
മണ്‍കയ്യാലപ്പൊത്തിനുള്ളിലെ ബീഡിക്കുറ്റിയെരിച്ചു
ചുമയ്ക്കണം ...
ത്രിസന്ധ്യയ്ക്ക്‌ ശിവന്റമ്പലത്തിലെ
ആൽത്തറച്ചുമരിൽ , "കാലാട്ടി"ക്കാറ്റു കൊള്ളണം ..
സായാഹ്നസവാരിക്കൊടുവിൽ ,
എണ്ണമെഴുക്കുബെഞ്ചിലിരുന്ന് കട്ടൻചായ ച്ചൂടിൽ
നാട്ടുവാർത്തകൾക്കു കാതോർക്കണം ...
ഉത്സവരാത്രിയിൽ പക്കാവട കൊറിച്ചു
തിക്കിത്തിരക്കി "നിവർന്നു "" നടക്കണം ...
കുക്കറിന്റെ മൂന്നാമത്തെയൊച്ചയിൽ
ആടിയുലഞ്ഞ തൂക്കണാം കിളിക്കൂടുവിട്ട്
കിളിച്ചിന്തകൾ പറന്നു മറഞ്ഞു ...!!
പിമ്പേ പറന്ന ഹൃദയത്തെ ""ചിറകരിഞ്ഞു ""കൂട്ടിലിടുമ്പോൾ
പിന്നിൽ കേട്ടതൊരു കുഞ്ഞിക്കിളിയൊച്ച .....
""അമ്മാ ....നിച്ചൊരു കുട്ടി ദോശ ...""!!!

ജയ ജയ ജയ ...ജയഹേ ....

ഹൃദയം ആദ്യമായി തെന്നി വീണു തലയിടിച്ചു മരിച്ച വാക്ക് ....
"'പാരതന്ത്ര്യം ""
ഒൻപതാം വയസ്സിൽ ഏതോ പത്രത്താളിൽ
ആരുടെയോ ലേഖനത്തിൽ നിന്നാണ്
ആ വാക്ക് ഹൃദയത്തെ ആദ്യമായി കുഴപ്പിച്ചത് !!
അതിന്റെയർത്ഥം തേടിപ്പോയ ഹൃദയം ചെന്ന് നിന്നത്
ചാരു കസേരയിൽ പാട്ട് കേട്ടു കിടന്ന അച്ഛന്റെയരികിൽ ....
എന്താച്ഛാ പാരതന്ത്ര്യംന്നു ചോദിക്കുമ്പോൾ ....
സിഗരറ്റു കറ പുരണ്ട പല്ലുകൾ വെളിവാക്കി
ഉറക്കെപ്പൊട്ടിച്ചിരിച്ച് അച്ഛൻ പാടി ....
""സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയേക്കാൾ ഭയാനകം ""
വായും പൊളിച്ചു നിൽക്കുമ്പോൾ അച്ഛൻ കൂട്ടിച്ചേർത്തു ...
""ശാരദ ടീച്ചറെ കല്യാണം കഴിച്ചപ്പോഴല്ലേ
യഥാർത്ഥ അർത്ഥം പിടികിട്ടിയത് .....""
അഴിയിട്ട വാതിലിനപ്പുറത്തു നിന്ന്
അമ്മയുടെ കൂർത്ത നോട്ടം നീണ്ടപ്പോൾ
ബാക്കി കേൾക്കാൻ നില്ക്കാതെ ഹൃദയമൊരോട്ടം വച്ചു കൊടുത്തു !!!
അപ്രത്തെ രാജിയോടൊപ്പം കൊത്തങ്കല്ല് കളിക്കുമ്പോൾ
കല്ലു മൂർച്ചയിൽ ഹൃദയത്തിൽ വീണ്ടും ആ വാക്ക് തറച്ചു .....!
അവളുടെ മറുപടി ...
""പാരയെന്താന്നറിയാം ...ഈ തന്ത്ര്യം ...അതെന്തരോ എന്തോ ...""
അവളുടെ നേരെ പുച്ഛച്ചിറി കോട്ടി ഹൃദയം ....
അതിന്റെയർഥം സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയെന്ന് ഹൃദയത്തിനറിയാം ...
പക്ഷേ , അന്നേ വരികൾക്കിടയിൽ വായിച്ചു ശീലിച്ച ഹൃദയം
അതിനുമപ്പുറത്തൊരർത്ഥം ആ വാക്കിനു കല്പ്പിച്ചു
കൊടുത്തു പോയി ...!!
അതാണല്ലോ പ്രശ്നം ....!!
എന്തൊക്കെയായാലും അന്ന് മുഴുവൻ
ആ വാക്കു സമ്മാനിച്ച നാല് വരിക്കവിത
ഹൃദയം മൂളി നടന്നു ....
രാത്രി അമ്മയോട് ചേർന്നു കിടക്കുമ്പോൾ
രാവിലെ കേട്ട അച്ഛൻ വക ഡയലോഗ് തിരുത്തിക്കുറിച്ചതൊരു
രണ്ടുവരിക്കവിതയിൽ ....
""ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ ....""
അന്ന് ഹൃദയമറിഞ്ഞത് ...
പാരതന്ത്ര്യവും ബന്ധനവും നിർവ്വചിച്ചൊരു ജീവിതക്കരാർ ....
രണ്ടു വർഷങ്ങൾക്കിപ്പുറം , ഒരു സ്വാതന്ത്ര്യ ദിനത്തിൽ
പുളിമൂട് ജംഗ്ഷനിൽ , പതിനൊന്നുകാരിയുടെ
സ്വാതന്ത്ര്യ ദിനപ്രസംഗം ...!
ഘോരഘോരം പ്രസംഗിച്ചവശയായി
ഒടുക്കം അവസാനിപ്പിക്കുമ്പോൾ
നാവിൻ തുമ്പത്ത് വന്നത് അതേ നാല് വരിക്കവിത ..!!
അതിനുമിപ്പുറം പാരതന്ത്ര്യത്തിന്റെ മുഖങ്ങൾ
പലതും ഹൃദയം കണ്ടു ....
പത്തിൽ , പഠിപ്പു നിർത്തിച്ച്
കെട്ടിച്ചയക്കപ്പെട്ട ""റാങ്കുകാരി "" ഷൈനി ...
പഠിപ്പിന്റെ പാരതന്ത്ര്യ മുഖം ...!
അദ്ധ്യാപനത്തിന്റെ മഹത്വം പഠിപ്പിച്ചിട്ടു
""പിജിയ്ക്കും റിസർച്ചിനുമൊക്കെപ്പോവാൻ നിവൃത്തിവേണ്ടേ
തിരിഞ്ഞു പഠിക്കെന്നാഹ്വാനം""
""നിവൃത്തികേടിന്റെ ""പാരതന്ത്ര്യ മുഖം !
"അന്നവിചാരത്തിൽ " നൈറ്റ്‌ ഡ്യൂട്ടിക്കൊടുവിൽ
പാതിരാത്രി ബസ്സിൽ ,""ധൈര്യം തെളിയിച്ചു"" ഭയന്നിരുന്ന്
ഒരുവിധം വീട് പിടിക്കുമ്പോൾ
കതകു തുറന്ന ""ഹൌസ് ഓണറുടെ "" കുറ്റപ്പെടുത്തിയ നീളൻ നോട്ടം ...
സഞ്ചാരത്തിന്റെ പാരതന്ത്ര്യ മുഖം ...!!
""ജാതിയിൽ കുറഞ്ഞവനെ പ്രേമിച്ചാലെന്താ തെറ്റെന്ന്
""ഉറക്കെ"" ചിന്തിച്ചതിന് ,
നായർ പുരാണം മുഴുവൻ ഹൃദിസ്ഥമാക്കാൻ
വിധിക്കപ്പെട്ട ഹൃദയം ...
ചിന്തയുടെ പാരതന്ത്ര്യ മുഖം ...!!
ഒരേ ക്ലാസ്സിൽ ഒന്നിച്ചു പഠിക്കുന്ന ആണും പെണ്ണും
സംസാരിച്ചാൽ ....അതാരോഗ്യത്തിനു ഹാനികരം ...
സംസാരത്തിന്റെ പാരതന്ത്ര്യ മുഖം !
പഠിപ്പുള്ളവനെ മതിയെനിക്കെന്നു പറഞ്ഞ ചങ്ങാതിയ്ക്ക്‌
പത്തിൽ മൂന്നാംതരമെഴുതി വീണ പണക്കാരൻ വരൻ ....
പണത്തിനു മീതെ പറക്കാത്ത പരുന്തു റാഞ്ചിയതൊരു പെണ്‍കനവ്‌ ..!!
ഗോതമ്പ് പൊടി പറ്റിയ മുടിയിൽ ""കണ്മഷി "" തുടച്ചു
പണച്ചാക്ക് മില്ലുടമയ്ക്കൊപ്പം അരി പൊടിയ്ക്കുന്നു
എന്റെ പഴയ ചങ്ങാതി ....!!!
അഭിപ്രായത്തിന്റെ പാരതന്ത്ര്യ മുഖം ...!
ഒക്കെയും കണ്ടിറങ്ങിയ ഹൃദയം
പഴയ സംശയം മറന്നു ...
പാരതന്ത്ര്യമെന്നയൊറ്റവാക്കിന്റെ മൂർച്ചയിൽ
തലതല്ലിക്കരഞ്ഞ അടുത്ത ഫ്ലാറ്റിലെ
ഇന്തോനേഷ്യൻ യുവതി ...
രണ്ടു ദിവസം മുൻപ് മരിച്ച അവളുടെ അമ്മയുടെ ഫോട്ടോ ...
ഒന്നും പറയാൻ ശേഷിയില്ലാതെ മടങ്ങിയ ഹൃദയം
കണ്ണീരു കൊണ്ടൊരു ബലി തർപ്പണം നടത്തി ...
ഒരിക്കലും കാണാത്ത ഒരമ്മയ്ക്ക് !!!
ഈ സ്വാതന്ത്ര്യ ദിനത്തിൽ ,
പാരതന്ത്ര്യക്കഥകൾ വിട്ട്
ഹൃദയം പഴയതു ചിലതോർക്കുന്നു ....
ഓർമ്മയുടെ വെട്ടത്തിൽ ,കുഞ്ഞനെ പഠിപ്പിച്ചതൊരു
പഴയ പാട്ട് ....
""ഇന്ത്യയെന്റെ രാജ്യം
എന്റെ സ്വന്ത രാജ്യം
ഇന്ത്യയെന്റെ ജീവനേക്കാൾ
ജീവനായ രാജ്യം ""
ഒപ്പം , അസംബ്ലിച്ചൂടിൽ കൈകൾ നീട്ടിയൊരു
കൗമാരക്കാരി പറഞ്ഞു ...
"" ഇന്ത്യ എന്റെ രാജ്യമാണ് ..എല്ലാ ഇന്ത്യാക്കാരും
എന്റെ സഹോദരീ സഹോദരൻമാരാണ് .....""
ദേശീയ ഗാന മത്സരത്തിൽ ,
അഭിമാനപൂർവ്വമുയർന്ന ശിരസ്സുകളിലൊന്നു പാടി ...
""ജന ഗണ മന ....""
തൂവെള്ള വസ്ത്രമണിഞ്ഞു ചുവടുവച്ചൊരു
പെണ്‍കിടാവ് റഹ്മാനോടൊപ്പം നീട്ടിപ്പാടി ...
""മാ തുച്ഛെ സലാം ....""
ഏഴാം കടലിനിപ്പുറം ഓർമ്മയുടെ ഇത്തിരി വെട്ടം
ദേശസ്നേഹത്തിന്റെ സൂര്യ തേജസ്സാവുന്നു .....!!!
ഇന്നലെ പാക് സ്വാതന്ത്ര്യ ദിനത്തിൽ
പാകിസ്ഥാൻ സിന്ദാബാദ് എന്നാർത്തു വിളിച്ചു
നടന്നു പോയ പച്ചകൾ ....
അവരെക്കാൾ ആയിരം മടങ്ങുച്ചത്തിൽ
അമ്മമടിച്ചൂടോർമ്മയിൽ
""പ്രവാസി ""ഹൃദയമാർത്തു വിളിച്ചു ...
""ഭാരത് മാതാ കീ ജയ്‌ ...""
""വന്ദേ മാതരം ""
(പാശ്ചാത്തലത്തിൽ കുഞ്ഞുണ്ണിയൊച്ച ..
ജയ ജയ ജയ ...ജയഹേ ....)

Friday 7 August 2015

കാളി മുതൽ കമല വരെ .....

കുഞ്ഞന് കുളിക്കാൻ മടി !!
രണ്ട് ദിവസമായി കുളിക്കാൻ വിളിക്കുമ്പോ
ഇട്ടാവട്ടം മുറിയിൽ  വട്ടത്തിലോടി
അവനെന്നെ വട്ടം ചുറ്റിക്കുന്നു ....
ഒടുക്കം കഥയമ്മ മൂധേവീടെം മഹാലക്ഷ്മീടേംകഥ തുടങ്ങി !!

കഥയിൽ രസിച്ചു കളിച്ചു കുഞ്ഞപ്പൻ കുളിച്ചു ...
എന്നിട്ട് പുറം തോർത്താൻ നേരം അന്തരീക്ഷത്തിൽ
നോക്കി കൈ കാട്ടി ...
പിന്നൊരു ഡയലോഗും ...
""മൂതേവീടോട് വൈറ്റെയ്യാൻ പറഞ്ഞതാമ്മാ ..
പൊറത്തു കേറാൻ നിക്കണൂ ..."

കുളി കഴിഞ്ഞു മേല് തുടയ്ക്കുമ്പോ
ആദ്യം തുടച്ചിടത്ത് മൂധേവിയും  രണ്ടാമത്തിടത്ത്
മഹാലക്ഷ്മിയും കയറിയിരിക്കും !!
(കഥയും വിശ്വാസവും അങ്ങനെയത്രേ ...)

പുറം തുടച്ചു കുഞ്ഞുണ്ണി തിരിഞ്ഞു നിന്നു
""മൂതേവീ ...കേറിയാട്ടെ ...""
ഇനി മുഖം ...
മുഖത്ത് കയറിയ മഹാലക്ഷ്മിച്ചിരിയിൽ
കുഞ്ഞൻ പാതി മയങ്ങുമ്പോൾ
ചേർന്ന് കിടന്നു കഥയമ്മ ചില മൂധേവിക്കഥകളോർത്തു !!!

ഒന്നാം കഥ -

പതിനേഴിന്റെ പതിരില്ലാ സ്വപ്നം കണ്ടുറങ്ങുമ്പോൾ
""എണീക്കെടീ മൂധേവീന്ന് "" പുറകിൽ  കിട്ടിയോരടി നോവിൽ
കണ്ണും തിരുമ്മിയുണർന്ന് , തൂത്തു തളിച്ച്
പഴങ്കഞ്ഞിപ്പാത്രവും കൊണ്ട്
കശുവണ്ടി തല്ലാനിറങ്ങിയ പെണ്കിടാവ്  ...!!
ഒരു നട്ടുച്ച തിരിഞ്ഞ് , അടിവയറു  പുകച്ചിലിലവധി തേടി
പറങ്കിമാവിൻ  തോട്ടത്തിലൂടെ വീട്ടിലേക്കു നടന്നവൾ ....
മൂന്നാം ദിനം , അറ്റുപോയ കീഴ്ച്ചുണ്ടിനു താഴെ
ചോരപ്പൊട്ടു മറുകിട്ട് , ചെമ്പരത്തിചോപ്പു മുഖവുമായി
തോട്ടത്തിന്റെ താഴെത്തട്ടിലവൾ കിടന്നു !!

ഉറക്കത്തിൽ , ദിവസങ്ങളോളം കണ്ണും തിരുമ്മിയുണർന്നു
ചിരിച്ച മൂധേവിപ്പെണ്ണ്‍ ....
പാതിരാവിലേതോ ദുസ്വപ്ന മിഴിയിൽ
""ചിന്നമസ്തയായി "" അലറിച്ചിരിച്ചു !!

ചിന്നമസ്ത - സ്വന്തം ശിരസ്സറുത്തു കൈയ്യിലേന്തിയ നഗ്ന ദേവീരൂപം !!!

രണ്ടാം കഥ-

വേനലൊഴിവിന്റെ മൂന്നാമാഴ്ച്ച
മൊട്ടച്ചി സിന്ധുവിന്റെ വീട് ..
ചാണകത്തറയിലിരുന്ന് എളേതുങ്ങൾക്ക്
ചുട്ടചക്കക്കുരു നീട്ടുന്ന വരണ്ടു കറുത്ത കൈകൾ ...
""ഇത് വഴി പോയപ്പോ വെറുതെ കേറീതാന്നു ""
നുണ പറഞ്ഞ ഹൃദയം ,ഒരലർച്ചയിൽ ഞെട്ടി !!
""പാത്രം തേച്ചില്ലേടീ മൂധേവീ ""
ചിരി മങ്ങിയ അവളുടെ മുഖത്ത് നോക്കാതെ '
പിന്നെ വരാമെന്ന് ഹൃദയം....

അടുത്തിടെയൊരു നാൾ സിന്ധുവിനെക്കണ്ടു !!
ഓടി വന്നു കൈപിടിക്കുമ്പോൾ ഞരമ്പെഴുന്ന
കയ്യിലെ തണുപ്പ് ഹൃദയത്തെ മരവിപ്പിച്ചു ....
എന്തെങ്കിലും ചോദിക്കാനായും മുൻപ്
കുഞ്ഞന്റെ താടിയിലുമ്മ വച്ച് അവൾ പറഞ്ഞു ...
""അമ്മയ്ക്ക് ക്യാൻസറാടീ ...ഞാനേയുള്ളൂ നോക്കാൻ
അനിയനും അനിയത്തീം കല്യാണം കഴിച്ചു വേറെയാ ..""
വിവാഹിതയോ അമ്മയോ അല്ലെന്ന
നിരാശയോ സങ്കടമോ ഒന്നും മുഖത്ത് ഹൃദയം കണ്ടില്ല
പക്ഷേ , വിരൽത്തുമ്പിലെ തണുപ്പ് പലതും പറയാതെ പറഞ്ഞു !!

ഇന്നും ചില രാത്രികളിൽ ,
ഹൃദയമിടിപ്പ്കൂടുന്ന ദുസ്വപ്നങ്ങളിൽ
സിന്ധുവൊരു ""താര ""യായി പൊട്ടിച്ചിരിക്കാറുണ്ട്‌ !!

താര - സ്വന്തം ശൂന്യതയിൽ നിലനിന്നു
 മറ്റുള്ളവർക്ക്സംരക്ഷയേകുന്ന ദേവീ ഭാവം !!!

മൂന്നാം കഥ -

ചട്ടിയും കലവും ഉടഞ്ഞതിനൊപ്പം കെട്ടൊരു  നിലവിളിയിൽ
ഹൃദയം ആകാംക്ഷക്കണ്ണ് നീട്ടുമ്പോൾ കണ്ടത് ...
ചിതറിയ വെളുത്ത വറ്റുകൾക്കരികിൽ കൂടിയ കരിങ്കാക്കകളെ !!
നിലവിളിയുടെ ഉറവിടം രാധേച്ചിയായിരുന്നു ...
വെളുത്ത വയറിൽ കറുത്ത മറുകുള്ള രാധേച്ചി !!
കറുത്ത മറുക് കാട്ടി ആണുങ്ങളെ മദിപ്പിയ്ക്കുന്നുവെന്നത്
നിലവിളിക്ക്പിന്നാമ്പുറവും , പിന്നാമ്പുറത്തിനു കിട്ടിയ ചവിട്ട്
നിലവിളിക്കു പ്രചോദനവുമാകുന്നു ....
പിന്നെ ,
"എറങ്ങിപ്പോടീ മൂധേവീന്ന്" സുകുച്ചേട്ടന്റെ പഞ്ചു ഡയലോഗും !!
രണ്ടാഴ്ച കഴിഞ്ഞ് , കൃത്യമായിപ്പറഞ്ഞാൽ
പ്രണയിച്ചു കെട്ടി മൂന്ന് വർഷം തികയാൻ
മൂന്നു  ദിവസം ബാക്കിയുള്ളപ്പോൾ
ഒരു വയസ്സുകാരി കല്ലുവിനെ പാൽകുടിപ്പിച്ചുറക്കി
രാധേച്ചി കിണറ്റു വെള്ളം കുടിച്ചുണരാതുറങ്ങി !!
പായൽപ്പച്ച പുരണ്ട ചീർത്ത വയറിലപ്പോഴും
കറുത്ത മറുക് മിനുത്തു തിളങ്ങി ...

രണ്ടാം ദിവസം രാത്രി ,മൂന്നാം യാമത്തിനൊടുവിലാവണം
സ്വപ്നം മുറിച്ച ഉറക്കത്തിൽ രാധേച്ചി വന്നു ചിരിച്ചത് ....
അന്നേരമവർക്ക് ""മാതംഗീ ""രൂപമായിരുന്നു  ....

മാതംഗി - മരതകപ്പച്ച നിറമുള്ളവൾ ...ഉച്ഛിഷ്ട ചണ്ഡാലിനിയെന്നു
വിളിപ്പേരുള്ളവൾ !!

നാലാം കഥ -
പതിനാറു തികഞ്ഞ രണ്ടാംമാസം ...
കല്യാണ രാത്രി , അടുക്കളപ്പാത്രങ്ങളോട് മല്ലിട്ട്
നവ വധുവിരുന്നു മുഷിഞ്ഞു ...
നാളെപ്പോരെയെന്നക്ഷമ കാട്ടിയ വരനോട്
അമ്മ മറുപടി ...."തേയ്ക്കട്ടെ ...മൂധേവി ""
പറഞ്ഞു വച്ച പൊന്നിൽ രണ്ടു പവൻ  കുറഞ്ഞ കുറ്റത്തിന്
രണ്ടു മണിക്കൂർ പാത്രം തേച്ച പെണ്കുട്ടി ..
യൂണിവേഴ്സിടി ലൈബ്രറി വരാന്തയിലിരുന്ന്
"ഒഴിഞ്ഞ'' കഴുത്തുമായി കഥ പറയുമ്പോൾ
ഷീനയുടെ കണ്ണിലെയാശ്വാസം ഹൃദയത്തിനു നെടുവീർപ്പായി !!

അന്ന് രാത്രി ,സ്വപ്നം മണത്ത യാമങ്ങളിലെപ്പോഴോ
ഉൾക്കണ്ണിലവൾ നിറഞ്ഞു ചിരിച്ചു ...
അവൾക്കു "ത്രിപുര സുന്ദരീ രൂപം ""

ത്രിപുര സുന്ദരി - പതിനാറിന്റെ സൗന്ദര്യവും
 സോദാസിയെന്നു വിളിപ്പേരുമുള്ളവൾ !

അഞ്ചാം കഥ -
കോടതി വരാന്തയ്ക്ക് പുറത്തൊരാൾക്കൂട്ടം ....
""സെബാസ്റ്റ്യനെ കാണാനാ "" ..സഹവക്കീൽ പറഞ്ഞു ...
പേര് കേട്ടതും ഹൃദയം നടുങ്ങി ...
എട്ടാമത്തെ പെണ്കുഞ്ഞിനെ ഉയർത്തിയെറിഞ്ഞ കംസരൂപം ...
എട്ടിന് പകരം ഏഴെന്ന വ്യത്യാസം മാത്രം !!
പ്രജ്ഞയിൽ ഏഴു കുഞ്ഞുങ്ങളൊരുമിച്ചു നിലവിളിച്ചു ....
മാറ്റൊലി പോലെ , വരാന്തയുടെയങ്ങേയറ്റത്ത് മറ്റൊരലർച്ച ...
മുടിയുലച്ചോടിയടുക്കുന്നോരമ്മ ...
കടപ്പുറത്തുറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയുടെയമ്മ !!

രാത്രി മുഴുവൻ ദുസ്വപ്ന ഘോഷയാത്രയിൽ
ഹൃദയമുറക്കെ നിലവിളിച്ചു ...
അതിൽ , ഉറക്കെച്ചിരിച്ചതൊരു സ്ത്രീ രൂപം ...
അമ്മയ്ക്ക് കാളീ രൂപം ...

കാളി - സർവ്വ സംഹാരിണി !!!

ആറാം കഥ -

ഇടയ്ക്കിടെ ലീവെടുത്തു മടുത്ത മകനും കുടുംബവും
ഒടുവിലൊരു  ലോംഗ് ലീവെടുത്തു ...
അമ്മയെയും കൊണ്ടൊരു വിനോദയാത്ര ...!
യാത്രയ്ക്കൊടുവിൽ ""ആശ്രയയുടെ ""വാതിൽക്കൽ അമ്മ നിന്നു ...
""അച്ഛനില്ലാതെ ഒറ്റയ്ക്കെങ്ങനെ നിൽക്കുമമ്മ "യെന്ന് മകൻ ...
"മൂധേവിത്തള്ള കാരണം എത്രയാ ടിക്കറ്റിനു കൊടുക്കണേ""ന്നു
മരുമകൾ ഫോണിൽ ....!
തിരികെ കാറോടിക്കുമ്പോൾ റിയർവ്യൂ മിററിൽ മകൻ
കണ്ടതൊരു "കമലാ രൂപം "
പതിവ് ദുസ്വപ്നത്തിൽ ഹൃദയം കണ്ടത്
മരുമകളുടെ ""ബഗളാ മുഖീ "വേഷം ...

കമല - അനുഗ്രഹ വർഷിണി
ബഗളാമുഖി - കൊക്കിന്റെ കഴുത്തുള്ള , തിന്മയുടെ പ്രതിരൂപമായ ദേവി !!!

ഏഴാം കഥ - ഒടുക്കത്തെ കഥ

അപ്രതീക്ഷിതമായി കിട്ടിയ വയറു വേദനയ്ക്കൊടുവിൽ
സ്മിതയുടെ കണ്ണിലിരുട്ടു കയറി !!
അകമ്പടിയായി തറയിലെ ചോരപ്പാട് ...
അവളുടെ ഫോണൊച്ചയിൽ ഹൃദയം പരിഭ്രമിച്ചു ..
പിന്നെ എടുപിടീന്നു വണ്ടി വിളിച്ചോടി ...
ആശുപത്രീന്നിറങ്ങുമ്പോൾ ബെഡ്റെസ്റ്റിന്റെ ദൈന്യതയിൽ
അവളുടെ കണ്ണ് നിറഞ്ഞു ....
രാത്രിയേറെ വൈകി വന്ന ഫോണിന്റെയങ്ങേത്തലയ്ക്കൽ
അവളാർത്തു കരഞ്ഞു ...
ഭർത്താവിന്റെയമ്മൂമ്മ വക ഡയലോഗ് ..
""അവടെ ചേട്ടനും ചേച്ചിക്കും പെമ്പിള്ളാരാ ..
ഇത് പെണ്ണാണെങ്കി കലങ്ങിപ്പോണേന്നു
 ഞാൻ നേർന്നാരുന്നു...മൂധേവി  "
ഫോണ്കട്ടു ചെയ്തു തലവേദനച്ചുറ്റിലുഴറുമ്പോൾ
ഹൃദയം കണ്ടതൊരു ""ധൂമാവതീ രൂപം ""

ധൂമാവതി - മരണ ദേവത ..ചൂലേന്തിയ വൃദ്ധാ രൂപം .

ഉറക്കത്തിലൊന്നു ചുമച്ചു കുഞ്ഞൻ തിരിഞ്ഞു കിടന്നു ...
കാളി മുതൽ കമല വരെയെണ്ണം പറഞ്ഞ ഹൃദയം
""ജ്യേഷ്ഠ ""യെന്ന മൂധേവിയെ സ്നേഹിയ്ക്കുന്നുവത്രേ ...!!
ഒരിക്കൽ എല്ലാവരാലുമാരാധിക്കപ്പെട്ട്
മറ്റൊരിക്കൽ ഏവരാലുമധിക്ഷേപിക്കപ്പെട്ട ദേവി ....!
അന്തിത്തിരിവയ്ക്കുമ്പോൾ തീപ്പട്ടിക്കൊള്ളിവെട്ടത്തിൽ
കബളിപ്പിയ്ക്കപ്പെട്ടു പുറത്തു നില്ക്കാൻ വിധിക്കപ്പെട്ടവൾ ..
ചിങ്ങത്തലേന്ന് മുറത്തിലാവാഹിക്കപ്പെട്ടു
പറമ്പിന്റെ മൂലയിലെറിയപ്പെടുന്നവൾ ....
ചേട്ടയെന്നും പൊട്ടിയെന്നും വിളിപ്പേര് ...

ഇന്നലെ സന്ധ്യയ്ക്കു കുളിച്ചു തുവർത്തുമ്പോൾ
പതിവിനു വിപരീതമായി ആദ്യം
മുഖമമർത്തിത്തുടച്ചു ....
പിന്നെ , ഹൃദയം ഉറക്കെച്ചിരിച്ചു പറഞ്ഞു ...

""കാണാമറയത്തെ ജ്യേഷ്ഠാ ഭഗവതീ ...

സ്വാഗതമീ "ശ്രീ "മുഖത്തേയ്ക്ക് ....!!

Sunday 2 August 2015

സൗഹൃദത്തിന്റെ ആണ്‍ രുചികൾ

മുഖ പുസ്തകം തുറന്നപ്പോൾ കണ്ട സന്ദേശങ്ങളാണ് പറഞ്ഞത് ....
ഇന്ന് സൗഹൃദ ദിനമത്രേ ....!!
അച്ഛനും അമ്മയ്ക്കും വരെ ദിനങ്ങൾ പതിച്ചു കൊടുത്തിരിക്കുന്ന
കാലമാണ് ...
അപ്പൊപ്പിന്നെ ചങ്കു പറിച്ചു തരുന്ന സുഹൃത്തുക്കൾക്കും വേണ്ടേ ഒരു ദിനം ....
ഇത്തരം ദിനങ്ങളെ ധാർമ്മികക്കണ്ണോടെ നോക്കുന്ന
ഹൃദയം സ്വയം ആശ്വസിച്ചു ...
ചായക്കടച്ചായ (വീട്ടുചായ കടുപ്പം കൂട്ടിയിട്ടത് )
ഊതിയാറ്റിക്കുടിക്കുന്നതിനിടയിൽ
സൗഹൃദക്കണക്കെടുക്കാൻ പോയ ഹൃദയം മടങ്ങി വന്നത്
ചായച്ചൂടിൽ പൊള്ളിയ നാവിനു ചില പഴയ രുചികളുമായാണ് !!!
ജീവിതത്തിലെന്നുമോർക്കാനുതകുന്ന ചില കൂട്ടു രുചികൾ ...
ആണ്‍ ചങ്ങാത്തങ്ങൾ ....
( പണ്ടെഴുതിയ സൗഹൃദത്തിന്റെ പെണ്‍ ഗന്ധം റീ പോസ്റ്റിയാൽ
മതിയായിരുന്നു ....പക്ഷ ഭേദമാവില്ലേ ...)
രണ്ടാം ക്ലാസ്സോർമ്മയിൽ , പടനിലം l p s ലെ പുളിമരം പടർന്നു പന്തലിച്ചു .....
ചില്ല നിറഞ്ഞു തൂങ്ങുന്ന വാളൻ പുളിക്കൂടുകൾ ...
താഴെക്കിടന്നു കിട്ടുന്ന പുളിരുചികൾ
നേരത്തെയെത്തുന്ന ചേച്ചിമാർ ബാക്കി വച്ചതു മാത്രം !!
ഒരിക്കൽ വായും പൊളിച്ചു മരച്ചില്ലയിൽ നോക്കി നിൽക്കുമ്പോൾ
പുറകിൽ നിന്ന് വന്നൊരു കല്ലേറു കൊണ്ട്
നാലഞ്ചെണ്ണം പടപടേന്ന് താഴെ ....
ബബ്ബാബ്ബാ ന്നു പൊട്ടിച്ചിരിച്ച് സന്തോഷ്‌ !
എടുത്തോന്ന് കൈ മുദ്ര കാട്ടി അവൻ നടന്നു പോയി ...
എപ്പോഴും ഓണത്തിന് വരുന്ന പിറന്നാളിനെ പഴിച്ച ഹൃദയം
അക്കുറി സന്തോഷിച്ചു ...
ചതയത്തിന്റന്നു രാവിലെ തുറക്കാത്ത റേഷൻ കടയ്ക്കു മുന്നിൽ
പ്രതീക്ഷയോടെ നിന്ന സന്തോഷിനോട്
കടയവധിയെന്നു കൈയ്യാംഗ്യം കാട്ടുമ്പോൾ
വാടിയ ചിരിയോടെ അവൻ നടന്നകന്നു
ഉച്ചയ്ക്ക് അമ്മയോട് പറഞ്ഞു ചോറും കറികളും പായസവും
പാത്രത്തിലാക്കി ,
എരുമക്കാവിന്റടുത്തുള്ള അവന്റെ വീട്ടിൽ ചെല്ലുമ്പോൾ
കപ്പയും കാന്താരി മുളകുമായി മല്ലിടുന്ന സന്തോഷ്‌ !
പിറന്നാളിന്റെ കൈമുദ്രയറിയാതെ
പാത്രം അവന്റെയമ്മയ്ക്കു കൈമാറുമ്പോൾ
"സന്തോഷക്കണ്ണുകൾ " പറഞ്ഞ ആശംസ ഇന്നും നെഞ്ചിലുണ്ട് !!!
പുളിയേറും പുളിങ്കുരു വറുക്കലുമായി പങ്കുവച്ച സൗഹൃദം ....
നാലാം ക്ലാസ്സിൽ പഠിത്തം നിർത്തിപ്പോയ
വാളൻ പുളിയോർമ്മ !!
ഓട്ടോഗ്രാഫിലെ ചേരൻ സ്റ്റൈലിൽ പഴയ കൂട്ടുകാരെയെല്ലാം
കല്യാണം ക്ഷണിക്കാൻ ഹൃദയം കരുതിയിരുന്നു ....
കല്യാണക്കത്തു വാങ്ങി മടങ്ങും വഴി പ്രെസ്സിനരികിലെ കടയിൽ
അരിച്ചാക്കു ചുമന്നിറക്കിയ പുഞ്ചിരി മുഖം !!
വിയർത്ത നെറ്റി തുടച്ച്‌ അടുത്ത് വരാതെ അവൻ മാറി നിന്നു !
ചെന്നു കയ്യിൽ പിടിക്കുമ്പോൾ കൈ വിടുവിച്ചു
പകച്ചു ചുറ്റും നോക്കി ....
അറിയാത്ത കൈ മുദ്രയിൽ ആദ്യത്തെ കത്ത് നിനക്കാണെന്നു
പറയുമ്പോൾ
പണ്ട് കണ്ട അതെ സന്തോഷക്കണ്ണുകൾ !!
നാവിൽ തുടിച്ച വാളൻപുളി രുചിയിൽ കവിൾത്തടം ചുളിഞ്ഞു !!!
അഞ്ചാം ക്ലാസ്സോർമ്മയിൽ വേനലവധിയിലെ സൈക്കിൾ ചക്രമുരുണ്ടു !!
കട്ടെടുത്ത രണ്ടു രൂപയിൽ സൈക്കിൾ പഠിത്തം ..
പഠിപ്പിച്ച കൂട്ടുകാരൻ മനോജ്‌ ....
അവനു പല്ലിമുട്ടായി രുചി !!
ഉരുണ്ടു വീണു മുട്ടു മുറിഞ്ഞപ്പോഴൊക്കെയും
നിക്കറിന്റെ പോക്കറ്റിൽ പരതി
അവൻ നീട്ടിയ പല്ലിമുട്ടായി ....
പ്രൈസ് മുട്ടായി വാങ്ങുമ്പോഴെല്ലം ഭാഗ്യദേവത കടാക്ഷിച്ചത്
അവനെ മാത്രം !
ഉള്ളിലൊളിഞ്ഞിരുന്ന 10 പൈസ 20 പൈസ തുട്ടുകൾ
നാവിൻ തുമ്പിൽ വച്ച് അവൻ കൊതിപ്പിച്ചു ...
ഒടുക്കം , ഹൃദയമൊരു പിണക്കക്കാരിക്കുട്ടിയായപ്പോൾ
നാവിൽ പൈസ രുചി വരുമ്പോഴേ
"ഇതിനു നല്ല രുചി നീയെടുത്തോ"ന്നു നീട്ടപ്പെട്ട മുട്ടായിബാക്കി !
യാതോരുളുപ്പുമില്ലാതെ അത് വാങ്ങി നുണയുമ്പോൾ
പകരാനിടയുള്ള മഹാ രോഗത്തെക്കുറിച്ചോ
കീടാണു വെന്ന കൊലകൊമ്പൻ രാക്ഷസനെക്കുറിച്ചോ
ഹൃദയമോർത്തില്ല ,
പകരം , കിട്ടിയ പത്തു പൈസയ്ക്ക് വീണ്ടും മുട്ടായി
വാങ്ങി നുണഞ്ഞു ...!!
ആറാം ക്ലാസ്സിൽ സ്കൂളു മാറിപ്പോയി പല്ലി മുട്ടായി മധുരം !!!
എട്ടിലും ഒമ്പതിലും ഹൃദയത്തിനു മേൽ
ചാര പ്രവൃത്തിക്കുറ്റമാരോപിക്കപ്പെട്ടു !!
കാരണം ഒപ്പം പഠിച്ചത് അമ്മയുടെ ശിഷ്യന്മാർ !
ഒരു വ്യവസ്ഥയില്ലാ സൌഹൃദത്തിനാരും മുതിർന്നില്ല !!!
പത്തിൽ ,
ന്യൂട്ടന് ആപ്പിൾ മരത്തിന്റെ കീഴിൽ പോയിരിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ
അങ്ങേരു തെങ്ങിൻ ചോട്ടിലെങ്ങാനും ഇരുന്നിരുന്നിരുന്നെങ്കിൽൽ ൽ ......
ഈക്കണ്ട സമവാക്യ കുന്ത്രാണ്ടങ്ങൾ പഠിക്കേണ്ടായിരുന്നൂന്ന്
ജയൻ സ്റ്റൈലിൽ പറഞ്ഞു നടന്ന കാലത്ത്
അമ്മയേർപ്പാടാക്കിയ ഫിസിക്സ്‌ ട്യൂഷൻ ....
ആകെയുള്ള രസം ,
ബോയ്സിലെ വിനീത്‌ കൊണ്ടു വരുന്ന പാവയ്ക്കാ കൊണ്ടാട്ടം ..
പിന്നെ ടീച്ചറുടെ വീട്ടിലെ പേരയ്ക്കാ പൊട്ടിക്കൽ ...
ആ നേരത്താണ് ,
ഗേൾസിലെ ധന്യയോടുള്ള ഇഷ്ടം അവൻ പറഞ്ഞത് ...
നീ ലെറ്റർ കൊടുക്കെടാ ഞാൻ റെക്കമെന്റ് ചെയ്യാംന്നു
തിരിച്ചു ഉറപ്പു കൊടുത്തത് ,
ധന്യേടപ്രത്തിരിക്കുന്ന ഉണ്ടക്കണ്ണി ഷൈനിയും കൊള്ളാമെന്നു
നിർദ്ദേശിച്ചത് ..
അവള് വേണ്ട അവളെ രതീഷ്‌ നോട്ടമിട്ടെന്നു അവൻ ചിരിച്ചത്
ചോപ്പു കുറിയിട്ട രതീഷിനെയും അവളെയും ചേർത്ത് നിർത്തി
കല്യാണ ഫോട്ടോയെടുത്തു ഹൃദയം അസൂയിച്ചത് ....
അങ്ങനെയൊരുച്ച നേരത്താണ്
പേരയ്ക്കാ പൊട്ടിക്കാനെടുത്ത തോട്ട പൊട്ടി കൈ മുറിഞ്ഞത്
വിനീതിന്റെ ഉമിനീരിനു പാവയ്ക്കാകയ്പ്പാണെന്ന്
വിരൽത്തുമ്പ് തിരിച്ചറിഞ്ഞത് !!
ഇന്നും അവനൊരു കയ്പ്പോർമ്മ ....
അവനില്ലാത്ത ലോകത്ത് അവനെയോർക്കുമ്പോൾ
നാവിൽ എണ്ണയിൽ മൊരിഞ്ഞ
പാവയ്ക്കാത്തുണ്ടിന്റെ ചവർപ്പ് !!
പ്രീ -ഡിഗ്രി , ഡിഗ്രി ....
പ്രണയപ്പനിപകർന്നാൽ സൗഹൃദ ക്കാഴ്ച മങ്ങുമെന്ന്
അനുഭവം പഠിപ്പിച്ചു !!
പത്രപവർത്തനം തലയ്ക്കു പിടിച്ച കാലത്ത് ...
പ്രസ്സ് ക്ലബിലെ ചങ്ങാതിമാർ ...
മനോരമയിലെ ജയിംസ്
അമൃതയിലെ കൃഷ്ണകുമാർ ..
സന്ദീപ്‌ ....രൂപേഷ്‌ ....
അതിൽ സന്ദീപിന് കട്ടൻചായ രുചി ...!
തിരോന്തരം നഗരത്തിൽ വാർത്ത‍ തേടി അലഞ്ഞു നടന്നതിനൊടുവിലൊക്കെയും
സെക്രട്ടറിയെറ്റിനടുത്തെ ചായക്കടബെഞ്ചിൽ ഞങ്ങളിരുന്നു ...
കട്ടൻ ചായ ഗ്ലാസു കൈമാറുമ്പോളെല്ലാം അവനോർമ്മിപ്പിച്ചു
ചൂടുണ്ട് .....
ചൂടൻ ചർച്ചകൾക്കൊടുവിൽ
നീയാര് ജ്വലിക്കുന്ന സ്ത്രീ മുഖമോ എന്ന് കളിയാക്കി
നെറ്റിയിൽ വീണു കിടന്ന മുടിയൊതുക്കിച്ചിരിച്ചു അവൻ ..
ഇരുപത്തിമൂന്നാം വയസ്സിൽ , വിധവയായ പെണ്‍കുട്ടിയെ
ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യം പറഞ്ഞപ്പോഴും
അവനതേ ചിരി ചിരിച്ചു ...
ഒരാഴ്ച കഴിഞ്ഞു കാലം തെറ്റി വന്ന നെഞ്ചുവേദനയിൽ
ഉണരാതുറങ്ങിക്കിടക്കുമ്പോഴും അവന്റെ ചുണ്ടിലെ ചിരി
ഹൃദയം കണ്ടു ....
ഇന്നും ചൂടു കട്ടൻ ചായ കയ്യിലെടുക്കുമ്പോൾ
അവൻ പറയുന്നത് ഹൃദയം കേൾക്കാറുണ്ട് ....
""ചൂടുണ്ട് ""!!!
പിന്നീടിങ്ങോട്ട്‌ ,
കുറച്ചേറെ സൗഹൃദ രുചികൾ ഹൃദയമറിഞ്ഞു ..
എന്നാലും
നെഞ്ചിൽ തങ്ങിയ സൗഹൃദ വറ്റുകളെക്കുറിച്ചെഴുതാൻ
തോന്നിയതുകൊണ്ടിത്രയും .. ...
ഈ സൗഹൃദ ദിനത്തിൽ ,
എന്റെ പ്രിയ ആണ്‍ ചങ്ങാത്തങ്ങളോട് പറയുവാനിത്ര മാത്രം ....
നന്ദി ,
സൂക്ഷിച്ചു വയ്ക്കപ്പെട്ട രഹസ്യങ്ങൾക്ക് ....
പാലിക്കപ്പെട്ട വാഗ്ദാനങ്ങൾക്ക് ....
കൈമാറിയ പുസ്തക ശേഖരങ്ങൾക്ക്‌ ....
ഓർത്തുവച്ചയക്കപ്പെട്ട പിറന്നാൾ സന്ദേശങ്ങൾക്ക് ...
പകർന്നു തന്ന ചില തിരിച്ചറിവുകൾക്ക്‌ ....
പ്രതിസന്ധിയിലോതിയ നല്ല വാക്കുകൾക്ക് ....
നീട്ടപ്പെട്ട സഹായ ഹസ്തങ്ങൾക്ക് ...
സൌഹൃദപ്പച്ചപ്പിൽ , അരുതാത്തോന്നലുകളുടെ
ഉണക്കനാരുകളുണ്ടാകാതിരുന്നതിന് ..
ഇങ്ങനെയും പുരുഷന്മാരുണ്ടെന്ന ഓർമ്മപ്പെടുത്തലിന് ....
ഹൃദയം നിറഞ്ഞ നന്ദി .....