ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 18 August 2017

വിവർത്തനം

വിവർത്തനമെന്നാൽ മരണമെന്നുമാണ്  !

കീഴടങ്ങാത്ത ,മെരുങ്ങാത്തയുടലുകളെ
വിവർത്തനം ചെയ്യുക .

അടർന്നു മാറാത്തയോർമ്മകളെ
വിവർത്തനം ചെയ്യുക .

ചേക്കേറാക്കിളിയുടെ ചിറകുകളിലെ
സ്വപ്നങ്ങളെ വിവർത്തനം ചെയ്യുക

ഇലപ്പായയ്ക്കടിയിലെ സർപ്പശല്ക്കങ്ങളെ
വിവർത്തനം ചെയ്യുക .

നീന്താൻ മടിച്ച സ്വപ്നക്കടൽത്തിരകളെ
വിവർത്തനം ചെയ്യുക

ഒടുവിൽ നിന്നെ വിവർത്തനം ചെയ്യുവാൻ
എന്നെയനുവദിക്കുക .
നിന്റെ കവിതയിലെ വിഷം എനിക്ക് നൽകുക .

ഉടൽഗന്ധങ്ങൾ

സർപ്പങ്ങളങ്ങനെയുമുണ്ട് ,
വാടിയ ഇലഞ്ഞിപ്പൂ ഗന്ധമുള്ളവ ..
പർപ്പടകപ്പുല്ലിൽ തീപിടിക്കും മണമുള്ളവ ...
ഊറ്റിവാരിയുടച്ച മധുരക്കപ്പവാസനയുള്ളവ ...
അന്തിക്കാറ്റു കെടുത്തിയ പടിപ്പുരത്തിരി മണക്കുന്നവ ..

പക്ഷേ പെണ്ണുടൽ ഗന്ധമുള്ള സർപ്പമാണ് ഞാൻ !

പടംപൊഴിച്ചുയിർക്കുമ്പോഴൊക്കെയും
മാറിമറിയുന്ന ഉടൽഗന്ധങ്ങൾ .


വാസനിച്ചു വാസനിച്ചൊടുക്കം എന്റെ ഗന്ധങ്ങൾ
നിന്നെ അകപ്പെടുത്തുകയാണ് .

സർപ്പഗന്ധമേറ്റുവാങ്ങുകയെന്നാൽ
ഇന്ദ്രിയസൗഖ്യം നിലച്ചുപോവുകയെന്നുമാണ്  .
കാഴ്ചയ്‌ക്കൊപ്പം കേൾവിയും
വാക്കുകൾക്കൊപ്പം സ്പർശവും
ഒടുക്കം
അകപ്പെടുത്തിയ ഗന്ധം തന്നെയുമില്ലാതാവും .

രക്ഷപ്പെടാനുള്ള വാതിലുകൾ തുറന്നു കിടക്കട്ടെ !!