ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 31 December 2014

പുതുവത്സര ചിന്തകൾ ...

ഒരിത്തിരി കണ്ണീരുപ്പും ഒത്തിരി ചിരി മധുരവും കൂടിക്കലർന്ന്
പ്രിയ ഡിസംബറിന്റെ അവസാന മണിക്കൂറും കടന്നു പോകുന്നു....!!
പാതി തുറന്നിട്ട എന്റെ ജനലരികിൽ വന്നു നിന്ന്
ഡിസംബർ മഞ്ഞിനു വിട പറയാനൊരുങ്ങുമ്പോൾ 
മഴനൂലുകളുടെ ആരവം.....
കവിൾ നനച്ചത്‌ മഴയോ ...മിഴിനീരോ ??
പുറം ചുവരിലെ അരണ്ട വെളിച്ചത്തിൽ
മണ്ണിൽ പറന്നു പൊങ്ങുന്ന മഴപ്പാറ്റകൾ ....
മഴയിൽ കുതിർന്നേതോ പാതിരാപ്പൂമണം ...
മനസ്സിലെ ഡിസംബർ ഗന്ധങ്ങളിൽ ഒന്നു കൂടി .....
"ശ്ലാഘനീയം " എന്ന അച്ഛന്റെ ഒറ്റവാക്കു നല്കിയ
പിൻബലത്തിൽ തുടങ്ങിയ ഡയറിയെഴുത്ത് ....
1998 മുതലിങ്ങോട്ട്‌ എല്ലാ ഡിസംബർ 31 നും ചെയ്യുന്നത്
ഒരേയൊരു കാര്യം ....
ചിന്തിക്കുന്നത് ഒന്ന് മാത്രം....
പുതുവർഷ ഡയറിയുടെ ഒന്നാം താളിൽ
കുറിയ്ക്കേണ്ടതെന്ത്‌ ??
ഇത്തവണ ,
ഹൃദയം എന്നോടു പറയുന്ന കാര്യങ്ങൾ കുറിച്ചു വയ്ക്കാൻ
മുഴുവൻ താളുകളും മാറ്റി വച്ച് ,
ആദ്യ താളിൽ .....
വായിച്ച ....കേട്ടറിഞ്ഞ ....
ഹൃദയത്തിനു പ്രിയപ്പെട്ടതെന്നു തോന്നിയ വരികൾ
കുറിച്ചു വയ്ക്കണമത്രേ !!
ഡയറിക്കുറിപ്പുകളുടെ ഈ "കൗമാര "പ്രായത്തിൽ ( മഹത്തായ 17ാ൦ വർഷം )
കഴിഞ്ഞ തവണത്തെപ്പോലെ
പഴയ താളുകളിലൂടെ കടന്നു പോകാൻ ഹൃദയത്തിനു വയ്യ...
പഴയതിനെ പാട്ടിനു വിട്ടിട്ടു
പുതിയ വരികൾ തേടുന്ന തിരക്കിലാണ് ഹൃദയം....!!
(പഴയതെന്തും മടുക്കുമെന്നാണോ ?? ആർക്കറിയാം ??
നാളെ വീണ്ടും പഴമയുടെ ഗന്ധം തേടിച്ചെല്ലില്ലെന്ന് ആരു കണ്ടു !!)
എന്തായാലും ....
എല്ലാക്കൊല്ലത്തെയും പോലെ ,
ഡിസംബറിന്റെ ഈ 11 ാo മണിക്കൂറിൽ വായിച്ചു മറക്കാൻ
ഹൃദയമൊരു പുസ്തകം കണ്ടെത്തിക്കഴിഞ്ഞു...
"എന്റെ പ്രണയ കഥകൾ - വി .ആർ .സുധീഷ്‌ "
അതിലൊരു കഥവാക്ക് ....
ഹൃദയമതു കടം കൊണ്ടു ....
"ഒരു കടങ്കഥയും അതിനുത്തരവും
ജീവിതത്തിൽ ഓരോ മനുഷ്യനും
സ്വന്തമാക്കുന്നു .... "
അത് വായിച്ചു കഴിഞ്ഞതും
പുതുമ തേടിയ പഴഞ്ചൻ ഹൃദയം
അതിന്റെ ഉള്ളറ മുറിയിൽ , നീല വിരിയിട്ട ജാലകത്തിനരികിലെ
ഉണങ്ങിയ പനിനീർ ദലങ്ങൾ നിറച്ച മേശവലിപ്പിനുള്ളിൽ ,
പണ്ടെന്നോ കുറിച്ചിട്ടൊരു കടങ്കഥ
പൊടിതട്ടിയെടുക്കാൻ പോയിക്കഴിഞ്ഞു !!!
ഹൃദയത്തിനു മാത്രം സ്വന്തമായൊരു കടങ്കഥ !!
"പറഞ്ഞു പറഞ്ഞു മറന്നതും
മറന്നു മറന്നോർത്തതും
നിറഞ്ഞു നിറഞ്ഞൊഴിഞ്ഞതും
ഒഴിഞ്ഞൊഴിഞ്ഞകന്നതും
ഒന്ന്.....ഒന്നേയൊന്ന് ....."
എന്താത് ??? ഉത്തരമറിയ്വോ ????
ഈ പുതുവർഷത്തലേരാവിൽ ,
നിനക്കറിയാത്ത അതിന്റെയുത്തരം
ഇടനെഞ്ചിലൊളിപ്പിക്കുകയാണ്.. ഞാൻ ....

Tuesday 30 December 2014

ചില കുഞ്ഞു സങ്കടത്തുണ്ടുകൾ ............

ചില സങ്കടങ്ങൾ അങ്ങനെയാണ്.....
ആരോടും പറയാതെ ഹൃദയം ഏഴു താഴിട്ടു പൂട്ടി വയ്ക്കും....
പൂഴ്ത്തിവയ്ക്കും !!
(അതിന്റെ കയ്പ്പ് സ്വയം പൊരുതുവാനുള്ള ധൈര്യമാകുമെന്ന വിശ്വാസത്തോടെ ...)

വിയർത്തു വിളർത്ത പകലുകളിൽ
മെലിഞ്ഞ കൈത്തണ്ടകൾ ധൃതി പിടിച്ചു ജോലി ചെയ്യുമ്പോൾ ...
സങ്കടത്തിരമാല നെഞ്ചിലലയ്ക്കും ..!

ആരോടാണൊന്നു പറയുകയെന്ന ചോദ്യവും
ആരോടും പറയാനില്ലെന്ന ഉത്തരവും
ഹൃദയത്തെ തിരത്തള്ളലേറ്റു വാങ്ങാനുതകുന്ന
കറുത്തു മിനുത്ത കരിങ്കല്ലാക്കും ...!

ചില സങ്കടങ്ങളിറക്കി വയ്ക്കാൻ
അമ്മച്ചൂടു ചുമടു താങ്ങിയാവും ..
മറ്റു ചിലത്,
നല്ല പാതി പങ്കിട്ടെടുക്കും ..
വേറെ ചിലത് ,
അമ്മക്കണ്ണീരു തുടയ്ക്കുന്ന കുഞ്ഞിക്കൈകൾക്കു സ്വന്തം ..
ഇനി ചിലത് ,
ഹൃദയത്തിൽ മാത്രമൊതുങ്ങും ..!
ഒടുവിലതു ഒതുക്കിയാലും ഒതുങ്ങാതെ
അടക്കിയാലും അടങ്ങാതെ
നെഞ്ചിനുള്ളിലലമുറയിട്ടൊരു സങ്കടക്കടലാകുന്നു..!!

"സ്ത്രീയായതിന്റെ ദൗർബല്യങ്ങൾ!!! " ...എന്നു നെടുവീർപ്പിടാതെ
ഒരു "സ്ത്രൈണ"ഹൃദയത്തിനെന്തു ചെയ്യാൻ കഴിയും ???

ആരോ പറഞ്ഞ് ഹൃദയമറിഞ്ഞു വച്ചൊരു കാര്യമുണ്ട്..
ഒരു ഗ്രേ മാറ്റർ - വൈറ്റ് മാറ്റർ ശാസ്ത്രം ..!!
അതിന്റെ വെട്ടത്തിൽ ,
അടുത്ത ജന്മമെങ്കിലും ഒരൽപ്പം ഗ്രേ മാറ്റർ
കൂടുതൽ കിട്ടിയെങ്കിലെന്ന്
ഹൃദയം വ്യാമോഹിക്കുന്നു ....!

ഇനിയുമൊരു "വികാര ജീവിയായി " തുടരാൻ
ഹൃദയത്തിനു താല്പര്യമില്ലത്രേ ...!!

അതുകൊണ്ടാവാം ....ഇടയ്ക്കിടെ ഹൃദയം
പണിക്കരു മാഷുടെ വരികൾ മൂളുന്നത്...!!

( ഓരോ ദിനവുമുറങ്ങാൻ കിടക്കുമ്പോൾ
ഒരു തുള്ളി കണ്ണിൽ നിറഞ്ഞു നില്ക്കും
ഓരോ ദിനവുമുണരാൻ ശ്രമിക്കുമ്പോൾ
ഒരു തുള്ളി കണ്ണിൽ നിറഞ്ഞു തൂവും
ഒരു ദിനം - നിറകണ്ണുമായുറങ്ങുന്നേരം
ഉണരാതെ പോകട്ടെയുണരാതെ .....!!!)

സങ്കടക്കുന്നിന്റെ ഉച്ചിയിലിരുന്ന്
ഇളം വെയിലുകൊണ്ട ഹൃദയം
താഴു തുറന്നു കാറ്റത്തു പറത്തിയ ചില
കുഞ്ഞു സങ്കടത്തുണ്ടുകൾ ......

തിരികെയേൽപ്പിക്കപ്പെട്ട... പഴയ
ചില പ്രേമലേഖനങ്ങൾ ....
ഒരിക്കലും സൂക്ഷിച്ചു വയ്ക്കപ്പെടാതെ പോയ
ചില സ്നേഹ-സ്വകാര്യ സംഭാഷണങ്ങൾ ...
പാലിക്കപ്പെടാതെ .. സൗകര്യപൂർവ്വം മറക്കപ്പെട്ട
ചില വാഗ്ദാനങ്ങൾ ....
എത്തിപ്പിടിക്കാൻ മെനക്കെടാതെ പോയ
ചില ചെറിയ - വലിയ ലക്ഷ്യങ്ങൾ ...
നീക്കി വയ്ക്കപ്പെടാതെ പോയ  സമ്പാദ്യങ്ങൾ  ...
നിറവേറാൻ മടി കാണിച്ചു മാറി നിന്ന ചില കടമകൾ ....!!

സങ്കടത്തുണ്ടുകൾക്ക് ഭാരം കൂടുന്നുവോ???
"സ്ത്രൈണത" വെടിഞ്ഞു ചാടിയെണീറ്റ്
"പൗരുഷമാർജ്ജിച്ച " ഹൃദയം ,
കനം കൂടിയ തുണ്ടുകളെ കുനു കുനാ കീറിയെറിഞ്ഞു ....!
പിന്നെ,
ഉച്ചവെയിൽച്ചൂടേറ്റു കരിയും മുൻപ്  കുന്നിറങ്ങി വന്ന്
സങ്കടമുറിയടച്ചു തഴുതിട്ട് ഏഴാം താഴിട്ടു പൂട്ടി,
താക്കോൽ ദൂരെയെറിഞ്ഞു കളഞ്ഞു !!!!

ആർക്കെങ്കിലുമറിയുമോ .....അതെവിടെയുണ്ടെന്ന് ????

വേറൊന്നിനുമല്ല ,
വെളിച്ചത്തിൽ തകർന്നു വീണ ചിലത്
ഇരുട്ടിൽ വീണ്ടെടുക്കാൻ
ഞാനാഗ്രഹിക്കുന്നു....!!

Tuesday 9 December 2014

ഒരു നുണക്കഥ

കുഞ്ഞുവച്ഛ സമ്മാനിച്ച ഒരലമാരപ്പുസ്തകം ....
അതിന്മേലാണ് കുഞ്ഞപ്പന്റെ ഇപ്പോഴത്തെ അഭ്യാസം !!

മുറിമീശയും ചുളിവുവീണ കവിളും മുടിയില്ലാത്തലയുമുള്ള
ബഷീറപ്പൂപ്പനെ കക്ഷിക്ക് "ക്ഷ "പിടിച്ചു.....
എങ്ങനെയൊളിപ്പിച്ചാലും കുഞ്ഞിക്കൈകൾ തപ്പിപ്പിടിച്ചു
വലിച്ചെടുക്കുന്നതോ ......."ശിങ്കിടി മുങ്കൻ "...

അത് തലതിരിച്ചു പിടിച്ചു മീശമാധവന്റെ
"കപ്പലു മയ്യത്തു "ഡയലോഗു "പോലെ ആശാനൊരു
പുസ്തകവായന തുടങ്ങും  .....
അപ്പോത്തന്നെ  തോറ്റു തൊപ്പിയിട്ട "അമ്മക്കുട്ടി "
കുഞ്ഞപ്പനെ നീട്ടി വിളിക്കും....
"എടാ ശിങ്കിടി മുങ്കാ ...."
എന്തോ......ന്നു മറുവിളി കേട്ട് കുഞ്ഞന്റെ കുട്ടിച്ചിരി.....!!

ഈയിടെയായി ചില കുഞ്ഞിച്ചോദ്യങ്ങൾക്കു മുന്നിൽ
"നുണയമ്മ " അന്തം വിട്ടു കുന്തം വിഴുങ്ങുന്നു....!!
ഉത്തരങ്ങളിലെ ഗമണ്ടൻ നുണകളോർത്ത്‌
"പൊറുക്കണേ ശിവനേ" യെന്ന്"ഉത്തരം " നോക്കി വിളിക്കുന്നു....

ചെമപ്പൻ കണ്ണുരുട്ടി ചെമ്പൂ വിറപ്പിച്ച്
ചെമ്പൻ പൂവൻ പുള്ളിപ്പിടയെ
ഓടിപ്പാഞ്ഞു കൊത്തിയമർത്തുമ്പോൾ
അതിശയക്കണ്ണ്‍ വിടർത്തി കുഞ്ഞൻ വക ചോദ്യം....

"അതെന്താമ്മാ ..."

പൂവനും പിടയും ആനകളിക്കുന്നുവെന്നു നുണയമ്മ ...!

കുഞ്ഞുണ്ണിയ്ക്ക് ഏറെയിഷ്ടമുള്ള അനിമൽ പ്ലാനെറ്റിൽ
രണ്ടാനകളുടെ കസർത്തു കണ്ട് ...
വീണ്ടും വന്നു പഴയ ചോദ്യം....

"അതെന്താമ്മാ ...??"

നുണച്ചിപ്പാറുവമ്മ പാട്ടുപാടി ....
"കൊക്കണാം വണ്ടീ ...."
കുഞ്ഞപ്പൻ ...ഹായ് ...എന്നു കൈകൊട്ടിച്ചിരിച്ചു ...!

നിറഞ്ഞ സദസ്സിൽ , അലങ്കരിച്ച വേദിയിൽ
സുന്ദരിച്ചേച്ചിയുടെ കഴുത്തിൽ ഒരങ്കിളിട്ട
സ്വർണ്ണത്താലിത്തിളക്കം കണ്ട്
കുഞ്ഞൂട്ടന്റെ കണ്ണു മഞ്ഞളിച്ചു ....

കൗതുകക്കണ്ണുയർത്തി വീണ്ടും ചോദ്യമെത്തി...
 'അമ്മാ ..എന്താത് ???'
ഇത്തവണ ഉത്തരമെളുപ്പം ...."കല്യാണം "

"കല്യാനം "എന്നു ആവർത്തിച്ചുരുവിട്ടു നടന്നു കുഞ്ഞൂഞ്ഞപ്പൻ ....!

മഞ്ചാടി 4 കാണുന്നതിനിടെ "കല്യാണക്കുഴപ്പം " തലപൊക്കി ...

"കല്യാണമോ അതെന്താ ?" എന്ന് ചോദിച്ച
മഞ്ചാടിയിലെ കടുവച്ചാർക്കൊപ്പം
കുഞ്ഞുണ്ണ്യാരും ചോദ്യക്കണ്ണെറിഞ്ഞു ...

"ആണും പെണ്ണും ഒന്നിച്ചു ജീവിക്കുന്നതാണു കല്യാണമെന്ന് "
കഥയിലെ അപ്പൂപ്പൻ കടുവക്കുട്ടനോടു പറഞ്ഞത്
കുഞ്ഞൂട്ടനു പിടിച്ചില്ല....
കഥയമ്മ പറയണം ഉത്തരം...
വലഞ്ഞൂല്ലോ ....

ഒടുവിൽ ,ഭിത്തിയിലെ കല്യാണഫോട്ടോ കാട്ടിപ്പറഞ്ഞു...
"ഇതാണ് കല്യാണം "
ഫോട്ടോ സൂക്ഷിച്ചു നോക്കി കുഞ്ഞൂസൻ
തറയിലുരുണ്ടു നെലോളിച്ചു ......

"ഫോട്ടയില് മോനില്ലേ....മോനെ ഇപ്പം കാണണേ ...."

വംശ വർദ്ധനവിന്റെ ശാസ്ത്രീയ പാഠങ്ങൾ
ബയോളജി മാഷ്‌ പഠിപ്പിയ്ക്കുമെന്ന ആശ്വാസത്തിൽ ....
ഒരുപക്ഷെ ...അതിനും മുൻപേ ...
ഒരാണായതു കൊണ്ടു മാത്രം ...
ചിലത് അവനു എളുപ്പത്തിൽ മനസ്സിലാകുമെന്ന ധാരണയിൽ
നുണയമ്മ ...മറ്റൊരുത്തരം തേടി....

( എട്ടാം ക്ലാസ്സിൽ ...ചെമ്പരത്തിപ്പൂവിന്റെ പരിചേഛദം
വരച്ചു പഠിച്ചപ്പോഴാണ് പെണ്ണായിരുന്നിട്ടു കൂടി ...
ചില വാക്കുകൾ ഹൃദയം ആദ്യമായി കേൾക്കുന്നത് ...

പെണ്‍കുട്ടികൾ പലതും അറിയുന്നതും പഠിക്കുന്നതും
വൈകി മാത്രമാണോ ??
ബയോളജി മാഷിന്റെ ദ്വയാർത്ഥ പ്രയോഗങ്ങളിൽ
ആണ്‍കുട്ടികൾ തലയറഞ്ഞു ചിരിച്ചതിന്റെ
കാരണം പിടികിട്ടിയത് എത്രയോ കാലങ്ങൾ കഴിഞ്ഞ് ...!!!!)

എന്തായാലും ,
കഥയമ്മ നെട്ടോട്ടത്തിലാണ് ....
പുതിയ പുതിയ നുണക്കഥകൾക്കായി ....

ഹൃദയത്തിന്റെ വ്യാകുലതയിത്രമാത്രം ...
ഒടുക്കം ....
കഥയെല്ലാം കഥയില്ലാക്കനവാകുമ്പോൾ
അമ്മയൊരു ഗമ ഗമണ്ടൻ നുണയാണെന്ന്
എന്റെ കുഞ്ഞു പറയാതിരിക്കട്ടെ......

Sunday 7 December 2014

ചുംബനം വരുത്തി വച്ചത് ....

ചില ചുംബന വിനകൾ....
ഒരുമ്മയിലെന്തിരിക്കുന്നു...?
ഒരുമ്മയിലെന്തൊക്കെയിരിക്കുന്നു !!!!!
ഇരിക്കുകയോ നിൽക്കുകയോ
നടക്കുകയോ കിടക്കുകയോ ചെയ്യട്ടെ...
പറഞ്ഞു വന്നത് മറ്റൊന്നുമല്ല...
ചില ചുംബന പ്രത്യാഘാതങ്ങളെക്കുറിച്ചാണ്...
ഇന്നത്തെ പത്രത്താളിലെ
പ്രധാന പേജിൽ കണ്ട
ചില ചിത്രങ്ങൾ ...
വഴിയരികിൽ പണ്ടു വായിനോക്കിയ
ബി ഗ്രേഡ് സിനിമാ പോസ്റ്റർ പോലെ...!
അതുകണ്ടു പ്രചോദനമുൾക്കൊണ്ട്
വിരഹ വിധുരയായൊരു ചേച്ചിയുടെ നെടുവീർപ്പ് ....
"കേട്ട്യോനടുത്തില്ലാതെ പോയല്ലോ...."
പല്ലില്ലാത്ത തൊണ്ണ് കാട്ടി അപ്പുറത്തെ
വല്യപ്പൻ ആരോടെന്നില്ലാതെ പറഞ്ഞു...
"ഓ അവളു പോയശേഷം ഉമ്മവയ്ക്കാനൊത്തിട്ടില്ല ..."
കറിയ്ക്കുപ്പു പോരേയെന്നു ശങ്കിച്ച്
കായ നുറുക്കുന്നതിനിടയിലൊരു
വീട്ടമ്മയുടെ ആശങ്ക...
"ദൈവമേ ,മോള് വൈകിട്ടു ക്ലാസ്സു കഴിഞ്ഞു വരുമ്പോൾ
ആരെങ്കിലും കയറി ചുംബിക്കുമോ?"
എന്നെത്തെയും പോലെ കക്കൂസിൽ
പത്രവുമായിക്കയറിയ ചേട്ടൻ
മണിക്കൂറൊന്ന് കഴിഞ്ഞിട്ടും
പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല...
ചന്തി ചുംബനത്തിലുടക്കിപ്പോയിരിക്കാം ....
"നമുക്കുമ്മ വച്ചു കളിക്കാമെന്നൊരു "തമാശ
അയലത്തെചെക്കനോട് പറഞ്ഞതിന്
പൊതിരെ തല്ലു കിട്ടിയൊരു പത്തുവയസ്സുകാരി
പത്രമെടുത്തു ചുടുചോറു പൊതിഞ്ഞു...!
ചന്തനേരത്തു പ്രൈവറ്റ് ബസ്സിൽ
തിക്കിത്തിരക്കിക്കയറിയ ഒരുവളോട്
മൂന്നിൽ മൂന്നുവട്ടം തോറ്റ കിളിപ്പയ്യൻ
ചോദിച്ചതൊരു ചുംബനം....!!
ചുംബനത്തിന്റെ "ബ " ഏതാടായെന്നു
പെണ്ണിന്റെ മറുചോദ്യം...
ഡ്രൈവർ ബായിയ്ക്കു കൊടുത്ത ഡബിൾ ബെല്ലിനൊപ്പം
അവനടിച്ചതൊരു ബ ബ്ബ ബ ബ്ബ...!
പത്രത്തിൽ വന്ന ചുംബന ഫോട്ടോയ്ക്കു
പിന്നാലെ പത്രമോഫീസിൽ കിട്ടിയതൊരു
വിവാഹഫോട്ടോ ...!!
വീട്ടുകാർ നടക്കാതെ മുടക്കിയൊരു പ്രേമവിവാഹം
ഇന്ന് 11 മണിയുടെ ശുഭ മുഹൂർത്തത്തിൽ നടന്നുവത്രേ....!!
തിരോന്തരം സെൻട്രൽ തീയേറ്ററിൽ
പടമോടാതെ തളർന്നിരുന്ന ചില ഇക്കിളി ഞരമ്പുകൾ
ചുംബനപ്പടം കാണാൻ (അതോ പടമെടുക്കാനോ ...?)
കൊച്ചിയിലേക്കു വണ്ടി കയറി പോലും....
അവരുടെ അച്ചിമാർ കാത്തിരിപ്പു തുടരട്ടെ.....
ഇതിനിടയിലെവിടെയോ കേട്ടൊരു
അടക്കം പറച്ചിൽ.....!
"എന്നാലും അവരുടെയൊക്കെയൊരു ഭാഗ്യമപ്പീ ....
ഇടിവണ്ടിയിലിടിച്ചിട്ടു കയറിയല്ലേ ഉമ്മ വച്ചത്...!!"
അങ്ങനെ ചുംബനത്തിനും കിട്ടി
പോലീസ് എസ്കോർട്ട് !!!
ഒരു എയർപോർട്ട് ചുംബനം കണ്ടു
ബോധം കേട്ട വല്യമ്മയെപ്പേടിച്ചു
വന്നിറങ്ങിയാലുടനെ ഭാര്യയെ
കണ്ണുകൾ കൊണ്ടു മാത്രം ചുംബിക്കുന്ന
അങ്ങേ വീട്ടിലെ പ്രവാസി ഭർത്താവ്,
ഇന്ന് വൈകുന്നേരത്തെ മടങ്ങിപ്പോക്കിൽ
വാതിൽക്കൽ നിന്ന കണ്ണീർച്ചുണ്ടിൽ മുത്തമിട്ടു...!!
(അടുത്ത് നിന്ന വല്യമ്മ പത്രമെടുത്തു വിയർപ്പാറ്റി ...!!)
ആകാശവാണി ഡൽഹി റിലേ മലയാളം വാർത്തയിൽ
നമ്മുടെ റീന ചേച്ചി ചുംബനമെന്നു വായിച്ച കേട്ട്
ആദ്യമായൊരു പരസ്ത്രീയെ ചുംബിക്കാൻ തോന്നി....
ചുംബനം വരുത്തി വയ്ക്കുന്ന ഓരോരോ വിനകളേ .....!!
പിൻകുറിപ്പ് -
ആരും അധികമോർക്കാത്തൊരു ചുംബനത്തെക്കുറിച്ച്...
ഈശ്വരന്റെ ചുംബനത്തെക്കുറിച്ച് ....
പ്രിയ എഴുത്തുകാരൻ പെരുമ്പടവത്തിന്റെ വിവരണം....
"പല മുഖങ്ങൾ മെനയുമ്പോഴാണ്‌ അതിലൊരെണ്ണം
അവനു പ്രിയപ്പെട്ടതായി തോന്നുന്നത് ....
ആ മുഖത്ത് അവൻ ചുംബിക്കും....
ഈശ്വരന്റെ ചുംബനമേൽക്കുന്നവൻ
നബിയാകും ...ക്രിസ്തുവാകും ....ബുദ്ധനാകും ....
മുഴുമിക്കാതെ വിട്ട തിരുരൂപങ്ങളാണ് നമ്മളൊക്കെ ...."

പരകായപ്രവേശം

പറയാതെ വയ്യ!!!
ഹൃദയത്തിനു ചില ദുശ്ശീലങ്ങളുണ്ട് !
ചില നേരങ്ങളിൽ ആരോടും ഒന്നും മിണ്ടാതെ
അതൊരൊറ്റപ്പോക്കാണ് .....!
'പരകായപ്രവേശത്തിലേക്കൊരു പൂച്ചനടത്തം' !!
സമയമോ സന്ദർഭമോ നോക്കില്ല....
അതിന്റെ ഫലമോ ....
ഹൃദയത്തിനു കിട്ടുന്നതു കടുത്ത "മനോ "വേദന..
അതിരാവിലെ ,പുൽത്തലപ്പിനെ നോവിച്ച്
മഞ്ഞുതുള്ളി പറഞ്ഞൊരു സ്വകാര്യം കേട്ടു നാണിച്ച ചൂലു കൊണ്ട്
മുറ്റത്തെ കരിയിലകൾക്ക് ചിത കൂട്ടുമ്പോഴാണ്
പരകായ പ്രവേശത്തിലേക്ക് ഹൃദയം നടന്നു കയറിയത്....!
അപകടത്തിൽ പെട്ട പരിചയത്തിലുള്ള ഓട്ടോ ഡ്രൈവറും
അയാളുടെ എട്ടു മാസം ഗർഭിണിയായ ഭാര്യയും....!
അടുത്ത വീട്ടിലെ ചേച്ചി അയാളുടെ മരണത്തെപ്പറ്റിയും
ചികിത്സാച്ചെലവ് വരുത്തി വെച്ച വൻ ബാധ്യതയെപ്പറ്റിയും
വാതോരാതെ പ്രസംഗിച്ചതും
ഒടുവിൽ "കഷ്ടം " എന്ന് മൂക്കിൽ വിരൽ മുട്ടിച്ചതും കണ്ടപ്പോൾ
ഹൃദയത്തിനു സങ്കടം വന്നു പോയി....!
അപകടങ്ങളും ദുരന്തങ്ങളും അടുത്ത വീടിന്റെ
മതിൽക്കെട്ടുവരെ മാത്രമെന്ന
ചിലരുടെ സാമാന്യബോധത്തോടു സഹതപിച്ച്
ഹൃദയമൊരു പൂർണ്ണ ഗർഭിണിയായി അലമുറയിട്ടു....
കരഞ്ഞു കലങ്ങിയ കണ്ണുമായി
തിരികെവന്ന ഹൃദയത്തെ
വീണ്ടും പരകായ പ്രവേശമെന്ന "ബാധ" പിടികൂടി...!
ഇപ്രാവശ്യം പണി പറ്റിച്ചതു മനോരമയുടെ മുൻപേജ് ....
മനം മടുത്തു മനപ്പൂർവ്വം മുടക്കിയ പത്രപാരായണം
പുനരാരംഭിക്കാമെന്നേ കരുതിയുള്ളു...
(ഇ-പത്രങ്ങൾക്കു നന്ദി...ഇല്ലെങ്കിൽ സാമൂഹ്യജീവിതം മതിയാക്കി
മനസ്സു കാട് കയറിയേനെ ...)
അപ്പോഴുണ്ട്, ഒരു ചരുവം വെള്ളത്തിൽ
ശ്വാസം മുട്ടിപ്പിടഞ്ഞ ഒന്നരവയസ്സുകാരന്റെ
അമ്മയുടെ നെഞ്ചിൽക്കയറി കുത്തിയിരിക്കുന്നു ഹൃദയം...!!
കണ്ണീരു വറ്റിയ കണ്ണുകളുമായി ഒരറ്റത്തിരുന്ന ഹൃദയത്തെ
കീറിമുറിക്കാൻ പിന്നെയെത്തിയതൊരു c -സെക്ഷൻ കത്രിക...
അതിന്റെ മൂർച്ചയിൽ നിന്ന് രക്ഷപ്പെടാൻ
ഹൃദയം ഓടിക്കയറിയതോ ....
ഒരനാസ്ഥയുടെ ബാക്കിപത്രമായി ജീവനറ്റു കിടന്ന
ഭാര്യയുടെ അരികിൽ ,
ഭൂമിയുടെ വെളിച്ചം താങ്ങാനാവാതെ
കുഞ്ഞിക്കണ്ണുകൾ ഇറുകെയടച്ചു
കാറിക്കരഞ്ഞ പെണ്‍കുഞ്ഞിനെ ചേർത്തുപിടിച്ചു വിതുമ്പിയ
യുവാവിന്റെയുള്ളിലേക്ക്....!
അവിടെ മരിച്ചു മരവിച്ചിരുന്ന ഹൃദയത്തെ
തട്ടിയുണർത്തി പുറത്തെത്തിച്ചപ്പോഴാണ്
"പരകായപ്രവേശത്തിന്റെ "മറ്റൊരു സാധ്യത തെളിഞ്ഞത്....!
അങ്ങേ വീട്ടിലെ കറുമ്പൻ ചെക്കൻ
അതിനപ്പുറത്തെ കാട് കയറിയ പറമ്പിലെ
ഒറ്റനിലവീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ഭ്രാന്തത്തിയെ
ഉപദ്രവിച്ചു പോലും....!
കേട്ട പാതി കേൾക്കാത്ത പാതി...
ഹൃദയമൊരൊറ്റപ്പോക്ക് ...!
ഫലമോ?? തരിശുഭൂമിയിൽ
തറച്ചു കയറ്റപ്പെട്ട കുറ്റിമുനയുണ്ടാക്കിയ
മുറിവിൽ ഹൃദയത്തിനു നീറി .....
പോയപോലൊരു പൂച്ച നടത്തം നടന്ന്
ഹൃദയം തിരികെ വന്നു....
ഒക്കെ ശരി തന്നെ....
എന്നാലിതിനിടയിൽ നടക്കപ്പെടാതെ പോകുന്ന
ചില "പരകായ പ്രവേശങ്ങളുണ്ട് "...!
ബസ്സിൽ തിക്കിത്തിരക്കി ,കഷ്ടപ്പെട്ട് നേടിയ സീറ്റിൽ
കണ്ണടച്ചിരുട്ടാക്കിയിരിക്കുമ്പോൾ ,
നീണ്ട ക്യൂവിന്റെയിങ്ങേയറ്റത്തു നിന്നും
ചില പരിചയങ്ങളുടെ പേരിൽ മുന്നിലെത്തുമ്പോൾ,
ജോലിത്തിരക്കിൽ മറക്കപ്പെടുന്ന
കുഞ്ഞുകാര്യങ്ങൾക്കുവേണ്ടി വെറുതേ വഴക്കടിക്കുമ്പോൾ ,
എരിപൊരി പനിക്കുഞ്ഞുങ്ങൾക്കിടയിലൂടെ
"ചങ്ങാതി" വൈദ്യന്റെ മുറിയിലേക്ക് ആദ്യമിടിച്ചു കയറുമ്പോൾ,
അങ്ങനെയങ്ങനെ ഒരായിരം കാര്യങ്ങളിൽ ..ഹൃദയം
"പരകായ പ്രവേശത്തിന്റെ" അനന്ത സാദ്ധ്യതകൾ
കാണാറില്ല.....!!!
പകരം, അപ്പോഴൊക്കെയും ..
സ്വാർഥതക്കമ്പിളി പുതച്ച്‌
ഹൃദയമൊരു പൂച്ചയുറക്കത്തിലാണ് ...
ഇടയ്ക്കിടെ ...മുരണ്ടു , ചുരുണ്ടൊരു .."പൂച്ചയുറക്കം"... !!!

തൃക്കാർത്തിക വിശേഷങ്ങൾ

ഇന്ന് തൃക്കാർത്തിക .............
മഞ്ഞു വീണു തുടങ്ങിയ നേരത്താണ്
മുറ്റത്ത്‌ ചെരാതുകൾ നിരത്തിയത്....
രാജമല്ലിയ്ക്കപ്പുറത്തെ മഹാഗണിക്കൊമ്പിൽ
പുതുതായി കൂട് കൂട്ടിയ കാക്കച്ചി
ഇടയ്ക്കിടെ ഏറു കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.....
അവളുടെയാ നോട്ടം കണ്ട്
എള്ളെണ്ണയിൽ മുങ്ങി ,
തെളിയിക്കപ്പെടുന്ന നിമിഷവും കാത്തു കിടന്ന
ഒരു വെളു വെളുമ്പൻ "തിരിപ്പെണ്ണ്‍ "
ധൃതിയിൽ പ്രാർത്ഥനക്കണ്ണടച്ചു ...!!
കാർത്തികച്ചെരാതുകൾ കണ്ണു തുറന്നപ്പോഴേക്കും
ഹൃദയം ഓർമ്മക്കൂടിന്റെ വാതിൽ ചാരി....
ഓർമ്മയിലെ "കാർത്തികയ്ക്ക് " കാത്തുവെന്നു മറുപേര് ...!
മൂന്നു ബിയിലെ മുൻ ബെഞ്ചിന്റെയറ്റത്ത്‌
കണക്കുമായി മല്ലിട്ടിരുന്നപ്പോഴാണ്
ശിപായി മാമന്റെ വരവ്...
"കാർത്തികയെ H M വിളിക്കുന്നു......"
അവളുടെ ചാരക്കണ്ണുകൾ കൊളുത്തിയ
ചങ്ങലവട്ടയുടെ വെളിച്ചത്തിൽ
ഒരു ജോഡി പെണ്‍കണ്ണുകളുടെ അസൂയപ്പിടച്ചിൽ...
തിരികെ വന്നു പുസ്തകസഞ്ചിയെടുക്കുമ്പോൾ
"കാർത്തികക്കണ്ണുകളിൽ " കണ്ടതൊരു "കരിന്തിരി "~!!!
ദിവസങ്ങൾക്കു ശേഷം ക്ലാസ്സിലെത്തിയ കാത്തുവിന്റെ
എണ്ണ മെഴുക്കു പുരണ്ട യൂണിഫോമിന്റെ
പൊട്ടിയ ഹൂക്ക് പിൻ ചെയ്തുറപ്പിച്ച നേരത്ത് ....
അടക്കിയ ശബ്ദത്തിൽ അവൾ പറഞ്ഞു....
"കഴുത്തില് തുണി മുറുക്യാ
നമ്മള് ചാവണത് ശ്വാസം മുട്ടീട്ടാ....."
അച്ഛനില്ലാക്കുട്ടിയെന്ന മേൽവിലാസം
എന്നേയ്ക്കുമായി കെടുത്തിയത്
അവളുടെ കണ്ണിലെ "കാർത്തിക വെട്ടം..."!!
ചെറിയോത്തു താഴത്തെ ചന്ദ്രാമ്മയുടെ കണ്ണിലെ നിലവിളക്ക്.....
വീണയെന്ന "കാർത്തിക :നക്ഷത്രക്കാരി....
"കാർത്തിക നാളാ ...കീർത്തി കേൾക്കും...."
എന്നു സന്തോഷ ച്ചിരിയോടെയുള്ള അവരുടെ പതിവു പല്ലവി....
വീണ കേൾപ്പിച്ച "കീർത്തി"യിൽ ചന്ദ്രാമ്മ വീണു...!!
സ്വയം തെരഞ്ഞെടുത്ത ബസ്‌ ഡ്രൈവർ
"വണ്ടികൾ" പലതുമോടിച്ചു തെളിഞ്ഞവനാണെന്നും ...
അതിൽ പഞ്ചറായവയുണ്ടെന്നും ...
പാവം വീണയറിഞ്ഞില്ല ....!
അതുകൊണ്ടു തന്നെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ
പോറ്റുന്ന തിരക്കിലാണു "കാർത്തികക്കീർത്തി "!!
തിരുവനന്തപുരം - കൊല്ലം റൂട്ടിൽ
സ്ഥിരം ട്രെയിൻ യാത്രക്കാർക്കു മാത്രം സ്വന്തമായൊരു
"കാർത്തികക്കാഴ്ചയുണ്ട് ...."
കായലിനു കുറുകെ കടന്നു പോകുന്ന
തീവണ്ടിയുടെ ജാലകത്തിലൂടെയുള്ള
"തൃക്കാർത്തികച്ചിത്രം ...."!!
ആകാശം നിറയെ ഒരായിരം കാർത്തിക നക്ഷത്രങ്ങൾ .....
ദൂരെ ഭൂമിയിലെ നക്ഷത്രങ്ങളായി
വീടുകളിലെ കാർത്തിക വിളക്കുകൾ....
പുതിയൊരു കാർത്തികയോർമ്മ തേടി
ഹൃദയം കൂടു വിട്ടിറങ്ങുന്നു ....!!.
നാട്ടുവെളിച്ചം മങ്ങിയ ഇടവഴികൾ കടന്ന് ,
വീടുകളുടെ കണ്ണുകളിൽ തെളിഞ്ഞു കത്തിയ ചെരാതിന്റെ വെട്ടത്തിൽ ....
ഹൃദയം വെറുതെയലഞ്ഞു .....
ഭജനക്കുടിലുകളിലെ നെയ്മണവും കൊണ്ടു വന്ന കാറ്റിൽ ....
കാച്ചിലും ചേമ്പും കൂടിക്കലർന്ന പുഴുക്കിന്റെ സ്വാദു മണത്തിൽ ....
ഉരുകിയിറങ്ങുന്ന എള്ളെണ്ണയുടെ ഗന്ധത്തിൽ ......
അലഞ്ഞു തിരിഞ്ഞു വന്നു കയറുമ്പോൾ
കുഞ്ഞിക്കൈ നീട്ടിയ ഇളനീർ മധുരത്തിൽ
ഹൃദയമലിഞ്ഞു .....!!
ഇനി ....നിറയെ ഓർമ്മകളുമായി കാത്തിരിക്കാം....
അടുത്ത തൃക്കാർത്തികയ്ക്ക് ......

ഇങ്ങനെയും ചില "മേഘപടങ്ങൾ "....

കൊതിച്ചു കൊതിച്ചിരുന്ന ചിലത് സ്വന്തമാക്കുമ്പോൾ
ലോകം പിടിച്ചടക്കിയ സന്തോഷം തോന്നാറില്ലേ??
ഇന്ന് അങ്ങനെയൊരു സന്തോഷത്തിലാണ് ഹൃദയം...!!

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുള്ളിലെ ബുക്ക്‌ സ്റ്റാളിൽ
വെറുതെയോരോന്നു പരതുമ്പോൾ ....ഒരു മുഖം ....!
എന്നും കണ്ണിമ ചിമ്മാതെ നോക്കിയിരുന്ന കണ്ണുകൾ ...
പി .പദ്മരാജൻ .....

ഒരു ചുവന്ന പനീർപുഷ്പ്പത്തിന്റെ പശ്ചാത്തലത്തിൽ ..."ലോല".....

അയ്യോ ....എന്ന വിളി കേട്ട് കടക്കാരൻ എട്ടു നിലയിൽ  ഞെട്ടി...!!!!
പുസ്തകം വാങ്ങി പുതുമണം നുകർന്നു നെഞ്ചോട്‌ ചേർത്തു ...
പിന്നെ "ലോല"യിലേയ്ക്ക് ....

"കുട്ടിക്കാലത്ത് മേഘങ്ങളിൽ രൂപങ്ങളെ കണ്ടെത്താൻ കഴിയുന്ന
മനുഷ്യരുടെ ജീവിതം ..വളരുമ്പോൾ ദുഃഖ പൂർണ്ണമാകാറുണ്ട് ...
പെണ്‍കുട്ടികളുടേതു വിശേഷിച്ചും ....."--------"പദ്മരാജൻ."

തെല്ലോരതിശയത്തോടെയും ഒപ്പം ഭയത്തോടെയുമാണ്‌
ആ വരികൾ വായിച്ചത്.....!!!!
കാരണം,
പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങളെ നോക്കിയിരിക്കാൻ
എന്നും ഇഷ്ടമായിരുന്നു.....!

തെളിഞ്ഞ പകലുകളിൽ ,
മേഘച്ചിത്രങ്ങൾ നോക്കി വെറുതേയിരിക്കാൻ
ഇന്നും ഇഷ്ടം......

യാത്രകളിൽ ,
മനപ്പൂർവ്വം തേടിപ്പിടിച്ചു ഇരിപ്പുറപ്പിയ്ക്കുന്ന
ജനലരികിലെ സീറ്റിൽ ....
വെറുതേ പുറത്തേയ്ക്കു നോക്കിയിരിക്കുമ്പോൾ
അറിയാതെയെങ്കിലും കണ്ണുകൾ തേടുന്നത്
മേഘരൂപമാർന്ന കിനാക്കളെ ....!!

ഹൃദയം കണ്ടെത്തിയ മേഘ"പട"ങ്ങളിൽ ചിലതിങ്ങനെ.....

സ്വപ്നം മധുരിച്ച യാമങ്ങളിലെപ്പോഴോ
ഊതിപ്പറത്തിയ അപ്പൂപ്പൻ താടിത്തുണ്ടുകളെ .....

കവിളത്തെ കാക്കപ്പുള്ളി തലോടി ,
നാണിച്ചിരുന്നൊരു പെണ്‍കിടാവിനെ...

വൈക്കോൽക്കൂനയ്ക്കു മുകളിൽ ചുരുണ്ടു മയങ്ങിയ
പൂച്ചക്കുഞ്ഞിന്റെ വെളുത്ത രോമക്കുപ്പായത്തെ ....

മഞ്ഞ വെയിൽത്താഴ്വാരത്ത് ,
വേരുകൾ ഭൂമിയിലാഴ്ത്തി ധ്യാനിച്ചു പന്തലിച്ച
പേരാൽ മുത്തശ്ശനെ .....
അതിന്റെ തുഞ്ചത്തെ തൂക്കണാംകുരുവിക്കൂടിനെ ...

വെളുവെളുത്ത ആട്ടിൻ പറ്റങ്ങൾക്കു നടുവിൽ നിന്ന്
ഉണ്ണീശോയെ നെഞ്ചോടു ചേർത്തു സാകൂതം നോക്കിയ കന്യാമ്മയെ....

അങ്ങനെയങ്ങനെ ...മേഘങ്ങൾക്കിടയിൽ മിഴികൾ  തിരഞ്ഞത്
രൂപങ്ങൾക്കൊപ്പം ...ചില രൂപക്കൂടുകളെയും !!

ഏതോ മഴക്കാലത്താണ്
ഉത്തരീയം കാറ്റിൽപ്പറത്തി ഉറിയിൽ വെണ്ണ തേടിയ
ഉണ്ണിക്കണ്ണനെ കണ്ടെത്തിയത് ...

അതിൽപ്പിന്നെ ,പാവമോളെ ദൂരെയെറിഞ്ഞു
പാവയുണ്ണിയെ തിരഞ്ഞു നടന്നു...
പിറന്നാളിന് ഒരാണ്‍പാവയെ വാങ്ങിത്തരാൻ ശഠിച്ചതും അപ്പോഴാണ്‌ ....
(നടക്കാതെ പോയ ആ മോഹം മനസ്സിന്റെ
 അബോധതലത്തിലുണർന്നിട്ടാവും ...ഗുരുവായൂരെ നടയ്ക്കൽ നിന്ന്
"ഒരുണ്ണിയെത്തരണേ "യെന്നു പറഞ്ഞത്....
ഉണ്ണിക്കണ്ണൻ പണി പറ്റിച്ചു കളഞ്ഞൂലോ ......)

തുടരെത്തുടരെ കണ്ട ഇങ്ങനെ ചില മേഘ  രൂപങ്ങൾ !!

എന്തായാലും ഒരു സുപ്രഭാതത്തിൽ കണ്ണുകൾ
മേഘചിത്രങ്ങൾ വരയ്ക്കാൻ വിസമ്മതിച്ചു...!
കാരണം ,
അന്നേ ദിവസം ഭൂമിശാസ്ത്രം പഠിപ്പിച്ച മാഷ്‌
മേഘങ്ങളെ തരംതിരിച്ചു കളഞ്ഞു...!

പിന്നെപ്പിന്നെ മേഘങ്ങൾ കാണുമ്പോഴേ ഓടിയൊളിക്കും....
"നിംബോ സ്ട്രാറ്റസ് "...എന്നൊക്കെ വായിൽക്കൊള്ളാത്ത
പേര് വിളിച്ചാൽ അവയെന്തു ചെയ്യും....

വീണ്ടും മിഴികൾ മാനം നോക്കിയത് കാലങ്ങൾക്കു ശേഷം...!!
അന്ന് കണ്ടത് വേറിട്ട ചില ചിത്രങ്ങൾ ...

മേൽമുണ്ടു മാറിയ ഈറൻ ചുമലുകളുടെ
നഗ്നസൗന്ദര്യം വെളിവാക്കി ,
നനവാർന്ന മുഖത്തോടെ തിരിഞ്ഞു നോക്കി നടന്നൊരു
യുവതിയെ ....

ജടയിറങ്ങി ,ആർത്തലച്ചു ...
വിരഹക്കണ്ണീരു പടർത്തിയൊഴുകിയ ശിവ ഗംഗയെ ....

മാറിൽ പിണച്ചു ചേർത്ത കൈകളുമായി
എന്റെ കണ്ണിലെ പ്രണയക്കരിങ്കടൽ കുടിച്ചു വറ്റിച്ച
മേഘരൂപനെ ...

മിഴികളുടെ മേഘയാത്ര ഇന്നും അനുസ്യൂതം തുടരുന്നു...
ഒരു വ്യത്യാസം മാത്രം...
"ഗിരിജയുടെ സ്വപ്ന"മെന്ന ചെറുകഥ വായിച്ച ശേഷം
മേഘങ്ങളെ പിന്തുടരുന്ന കൗതുകക്കണ്ണ് ...ഭയം കൊണ്ടു ചുവക്കുന്നു ....

ജീവിതത്തിൽ കടന്നു വന്നേയ്ക്കുമെന്നു പ്രിയ കഥാകാരൻ പറയുന്ന
ഇരുട്ടിലും  "സങ്കട"മഴയിലും ....
മേഘങ്ങൾക്കിടയിലെ എന്റെ കാൽപ്പാടുകൾ
ഞാനെങ്ങനെ കണ്ടെത്തും...???