ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 24 July 2016

ചുവപ്പിന്റെ വിഷാദസാക്ഷ്യം

പരീക്ഷാഹാളിനു പുറത്തു വെയിൽ ജ്വാലയ്‌ക്കൊപ്പം മരച്ചില്ലകളിൽ ചെന്തീ പടർന്നു.
മെയ് മുതൽക്കേ നിരത്തുകൾ ഗുൽമോഹർ പൂക്കൾ കൊണ്ടു നിറഞ്ഞിരുന്നു. അന്നേരം മുതൽ ഹൃദയം യാത്രകളിൽ രണ്ടേരണ്ടു പാട്ടുകൾ മാത്രം കേൾക്കുന്നു.
മെയ് മാസമേ.....
വാക പൂമരം ചൂടും......
ഗുൽമോഹർ കൊമ്പിലെ കനൽപ്പൂക്കളുടെ ചോപ്പു വെട്ടം ഹൃദയത്തെ ഇത്ര മേൽ വിഷാദാർദ്രമാക്കുന്നതെന്താണ്??
പറയാതെ വയ്യ,
ചുവപ്പ് എന്നും വിഷാദം മാത്രം തന്നു!
വർണ്ണശാസ്ത്രങ്ങളും നിറവിദഗ്ദ്ധരും പറയുന്നു ചുവപ്പിനെന്നും ഒന്നാം സ്ഥാനം.
കാരണം, ചുവപ്പ് ഊർജ്ജദായകം!
ഇഷ്ടനിറം ചോദിച്ചാൽ കുഞ്ഞന്റെ ഉത്തരം ചുവപ്പ്,
കാരണം ,റെഡ് നല്ല കളറാ.
ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇൻബോക്സ് സന്ദേശങ്ങളുടെ ആരംഭം,
''ചുവപ്പനഭിവാദ്യങ്ങൾ''!
ജീവിതത്തിലാദ്യമായി നീട്ടപ്പെട്ട റോസാപ്പൂവും ആശംസാകാർഡും ചുവപ്പ്!
ഒരു സന്ധ്യക്ക്‌ കരഞ്ഞു ചുവന്ന കണ്ണുകളിറുക്കിച്ചിമ്മി നോക്കി നിൽക്കുമ്പോൾ കണ്ടതും
അകന്നു പോയ തീവണ്ടിയുടെ ചുവന്ന വെട്ടം!
''സാക്ഷികൾ'' ജനിച്ചതും മുദ്രാവാക്യം വിളിച്ചതും മരണനക്ഷത്രങ്ങളായതും 'ചോര'ച്ചോപ്പിൽ!
അങ്ങനെയങ്ങനെ ചുവപ്പില്ലാതെ
എന്തു ജീവിതമെന്നു ചിലർ!
എങ്കിലും പറയാതെ വയ്യ,
ചുവപ്പെന്നും ഹൃദയത്തിന് വിഷാദം മാത്രം തന്നു!
ചുവപ്പിന്റെ ഒന്നാം വിഷാദസാക്ഷ്യം
---------------------------------------------------------
കാരമണമുള്ള കുമ്മായമടർന്ന നരച്ച ചുവരുകൾക്കുള്ളിൽ ഏഴര വെളുപ്പിന് പെൺപല്ലുകൾക്കിടയിൽ ഞെരിച്ചമർത്തപ്പെട്ടൊരമറൽ. അകമ്പടിയായി ''കുംഭീപാകനരകം'' താണ്ടിയെത്തിയ ചോരച്ചുവപ്പു ചായക്കൂട്ടിൽ മുങ്ങിയ പെൺകുഞ്ഞിക്കരച്ചിൽ. ചുവപ്പിന്റെ ആദ്യ വിഷാദ ഗാനം!
ചുവപ്പിന്റെ രണ്ടാം വിഷാദസാക്ഷ്യം
--------------------------------------------------------
വേനലവധിക്ക് ചോയിപ്പറമ്പിലെ കട്ടക്കാരയ്‌ക്കച്ചെടികൾക്കിടയിൽ നൂണ്ടിറങ്ങുമ്പോൾ കാലുതട്ടിയൊരു വഴുവഴുപ്പ്! ഭയന്നു പിന്നോട്ടു മാറുമ്പോൾ കണ്ടത് ചെമ്പൻ ശല്ക്കങ്ങൾക്കിടയിൽ പാറിയ ചെന്തീ! ഉച്ചവെയിലിനേക്കാൾ തീക്ഷ്ണതയുള്ള വിഷച്ചൂട് തട്ടി കരിഞ്ഞ കട്ടക്കാരയ്ക്കായിലക്കൂട്ടങ്ങൾ. രണ്ടും രണ്ടും നാലോ മറ്റൊരു രണ്ടോ എന്നു തോന്നിപ്പിച്ച കറുത്ത പളുങ്കുഗോട്ടിക്കണ്ണുകൾ. ഹൃദയത്തെ മയക്കിയൊരു സീൽക്കാരത്തോടെ അവ ചുറ്റിപ്പിണഞ്ഞു. പെരുവിരൽത്തരിപ്പിൽ തറഞ്ഞുപോയ കാലുകൾ വലിച്ചൂരിയോടി. കട്ടക്കാരയ്ക്കാമുള്ളുകൊണ്ടു ഉടലാകെ നീറി. കടുംചോപ്പുവിഷാദം മുറിവായിൽ നിന്നൊഴുകി. കിണറ്റുവക്കിൽ കാൽമുറിവുകൾ കഴുകുംനേരം കണ്ടു, പുള്ളിപ്പാവാടയിൽ ചോപ്പുവൃത്തങ്ങൾ! കാൽവണ്ണയിലെ ചുവന്ന കല്ലുകൾ നിലയ്ക്കാത്തൊരുറവയായി ചാലിടുന്നു. ഭയം കഠിനവിഷാദത്തിനു കീഴടങ്ങി. പെണ്ണുടൽ മാനംകാണാമയിൽപ്പീലിയായ ഏഴു ദിനരാത്രങ്ങൾ! വിഷാദഭരിത ഡയറിക്കുറിപ്പുകൾ!
ചുവപ്പിന്റെ മൂന്നാം വിഷാദസാക്ഷ്യം
-------------------------------------------------------------
അനിവാര്യമെന്നു പറയപ്പെടുന്ന അപഹരണത്തിന്റെ പ്രതീകാത്മക സിന്ദൂരത്തിനും ചോപ്പുനിറം! ആകാശനീലിമയിൽ പൂക്കൾ തുന്നിച്ചേർത്ത കിടക്കവിരിയിലെ വെളുത്ത ലില്ലിപ്പൂക്കൾ രാവുവെളുത്തപ്പോൾ ചുവന്ന വാകപ്പൂക്കളായി പരിവർത്തനം ചെയ്യപ്പെട്ടു. എന്നേയ്‌ക്കുമായി നഷ്ടപെട്ട ''കർണകവച''ത്തെയോർത്തു ഹൃദയം വിഷാദച്ചുഴിയിലമർന്നു!
വിഷാദസാക്ഷ്യങ്ങൾ ആവർത്തിക്കപ്പെടുന്നു.
ഒടുക്കത്തെ സാക്ഷ്യം
---------------------------------
നെഞ്ചത്തു കൈവച്ച്‌ തലയ്ക്കൽ തിരിവച്ച് വിളറിവെളുത്തു വെറുംനിലത്ത് നീണ്ടുനിവർന്ന് മരവിച്ചു കിടക്കുമ്പോൾ , മൂടപ്പെട്ടേയ്ക്കാവുന്ന മന്ത്രകോടി ശവക്കച്ചയ്ക്കും ചോപ്പുനിറം.
മരിച്ചവളുടെ രക്തംവലിഞ്ഞ സിരകളിൽ എന്നേയ്ക്കുമായി പതിയ്ക്കപ്പെട്ടേക്കാവുന്ന വിഷാദമുദ്ര!
ഒടുവിലെ സാക്ഷ്യമെങ്കിലും ഹൃദയത്തിനു തിരുത്തിക്കുറിയ്ക്കണമത്രെ!
അമാവാസിരാത്രിക്കറുപ്പിൽ വെള്ളിനക്ഷത്രങ്ങൾ മിന്നുന്നൊരു ചേല തിരയുകയാണു ഞാൻ.
അതിൽ ,
മരിച്ചവളുടെ കാഴ്ചകളുണ്ട്,
വെള്ളിത്തിളക്കമാർന്ന ചിന്തകളുണ്ട് ,
കറുത്തിരുണ്ടുപെയ്ത മഴകളിൽ
ഒറ്റപ്പെട്ടുപോയ ചില ഭീതികളുണ്ട്,
കീൽക്കറുപ്പുള്ള ചില ഓർമ്മകളുണ്ട് ,
അവൾ, നക്ഷത്ര'ക്കണ്മണി'യ്ക്കുള്ളിലാക്കി സൂക്ഷിച്ച കിനാക്കളുണ്ട് ,
ചുരുളൻമുടിക്കറുപ്പിലൊളിച്ച അനുരാഗമുഖമുണ്ട്,
നിലാവുവറ്റിക്കറുത്ത അനുഭവക്കയ്പ്പുകളിലും
കണ്ണുചിമ്മിക്കത്തിയ കൈയ്യെത്താദൂരത്തെ സ്നേഹതാരങ്ങളുണ്ട്!
അമാവാസിരാത്രിക്കറുപ്പിൽ മിന്നുന്ന വെള്ളിനക്ഷത്രങ്ങളുള്ള ചേല തിരയുകയാണു ഞാൻ!
തിരുത്തിക്കുറിക്കണം, ഒടുവിലെ സാക്ഷ്യമെങ്കിലും!

No comments:

Post a Comment