ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 7 December 2014

തൃക്കാർത്തിക വിശേഷങ്ങൾ

ഇന്ന് തൃക്കാർത്തിക .............
മഞ്ഞു വീണു തുടങ്ങിയ നേരത്താണ്
മുറ്റത്ത്‌ ചെരാതുകൾ നിരത്തിയത്....
രാജമല്ലിയ്ക്കപ്പുറത്തെ മഹാഗണിക്കൊമ്പിൽ
പുതുതായി കൂട് കൂട്ടിയ കാക്കച്ചി
ഇടയ്ക്കിടെ ഏറു കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.....
അവളുടെയാ നോട്ടം കണ്ട്
എള്ളെണ്ണയിൽ മുങ്ങി ,
തെളിയിക്കപ്പെടുന്ന നിമിഷവും കാത്തു കിടന്ന
ഒരു വെളു വെളുമ്പൻ "തിരിപ്പെണ്ണ്‍ "
ധൃതിയിൽ പ്രാർത്ഥനക്കണ്ണടച്ചു ...!!
കാർത്തികച്ചെരാതുകൾ കണ്ണു തുറന്നപ്പോഴേക്കും
ഹൃദയം ഓർമ്മക്കൂടിന്റെ വാതിൽ ചാരി....
ഓർമ്മയിലെ "കാർത്തികയ്ക്ക് " കാത്തുവെന്നു മറുപേര് ...!
മൂന്നു ബിയിലെ മുൻ ബെഞ്ചിന്റെയറ്റത്ത്‌
കണക്കുമായി മല്ലിട്ടിരുന്നപ്പോഴാണ്
ശിപായി മാമന്റെ വരവ്...
"കാർത്തികയെ H M വിളിക്കുന്നു......"
അവളുടെ ചാരക്കണ്ണുകൾ കൊളുത്തിയ
ചങ്ങലവട്ടയുടെ വെളിച്ചത്തിൽ
ഒരു ജോഡി പെണ്‍കണ്ണുകളുടെ അസൂയപ്പിടച്ചിൽ...
തിരികെ വന്നു പുസ്തകസഞ്ചിയെടുക്കുമ്പോൾ
"കാർത്തികക്കണ്ണുകളിൽ " കണ്ടതൊരു "കരിന്തിരി "~!!!
ദിവസങ്ങൾക്കു ശേഷം ക്ലാസ്സിലെത്തിയ കാത്തുവിന്റെ
എണ്ണ മെഴുക്കു പുരണ്ട യൂണിഫോമിന്റെ
പൊട്ടിയ ഹൂക്ക് പിൻ ചെയ്തുറപ്പിച്ച നേരത്ത് ....
അടക്കിയ ശബ്ദത്തിൽ അവൾ പറഞ്ഞു....
"കഴുത്തില് തുണി മുറുക്യാ
നമ്മള് ചാവണത് ശ്വാസം മുട്ടീട്ടാ....."
അച്ഛനില്ലാക്കുട്ടിയെന്ന മേൽവിലാസം
എന്നേയ്ക്കുമായി കെടുത്തിയത്
അവളുടെ കണ്ണിലെ "കാർത്തിക വെട്ടം..."!!
ചെറിയോത്തു താഴത്തെ ചന്ദ്രാമ്മയുടെ കണ്ണിലെ നിലവിളക്ക്.....
വീണയെന്ന "കാർത്തിക :നക്ഷത്രക്കാരി....
"കാർത്തിക നാളാ ...കീർത്തി കേൾക്കും...."
എന്നു സന്തോഷ ച്ചിരിയോടെയുള്ള അവരുടെ പതിവു പല്ലവി....
വീണ കേൾപ്പിച്ച "കീർത്തി"യിൽ ചന്ദ്രാമ്മ വീണു...!!
സ്വയം തെരഞ്ഞെടുത്ത ബസ്‌ ഡ്രൈവർ
"വണ്ടികൾ" പലതുമോടിച്ചു തെളിഞ്ഞവനാണെന്നും ...
അതിൽ പഞ്ചറായവയുണ്ടെന്നും ...
പാവം വീണയറിഞ്ഞില്ല ....!
അതുകൊണ്ടു തന്നെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ
പോറ്റുന്ന തിരക്കിലാണു "കാർത്തികക്കീർത്തി "!!
തിരുവനന്തപുരം - കൊല്ലം റൂട്ടിൽ
സ്ഥിരം ട്രെയിൻ യാത്രക്കാർക്കു മാത്രം സ്വന്തമായൊരു
"കാർത്തികക്കാഴ്ചയുണ്ട് ...."
കായലിനു കുറുകെ കടന്നു പോകുന്ന
തീവണ്ടിയുടെ ജാലകത്തിലൂടെയുള്ള
"തൃക്കാർത്തികച്ചിത്രം ...."!!
ആകാശം നിറയെ ഒരായിരം കാർത്തിക നക്ഷത്രങ്ങൾ .....
ദൂരെ ഭൂമിയിലെ നക്ഷത്രങ്ങളായി
വീടുകളിലെ കാർത്തിക വിളക്കുകൾ....
പുതിയൊരു കാർത്തികയോർമ്മ തേടി
ഹൃദയം കൂടു വിട്ടിറങ്ങുന്നു ....!!.
നാട്ടുവെളിച്ചം മങ്ങിയ ഇടവഴികൾ കടന്ന് ,
വീടുകളുടെ കണ്ണുകളിൽ തെളിഞ്ഞു കത്തിയ ചെരാതിന്റെ വെട്ടത്തിൽ ....
ഹൃദയം വെറുതെയലഞ്ഞു .....
ഭജനക്കുടിലുകളിലെ നെയ്മണവും കൊണ്ടു വന്ന കാറ്റിൽ ....
കാച്ചിലും ചേമ്പും കൂടിക്കലർന്ന പുഴുക്കിന്റെ സ്വാദു മണത്തിൽ ....
ഉരുകിയിറങ്ങുന്ന എള്ളെണ്ണയുടെ ഗന്ധത്തിൽ ......
അലഞ്ഞു തിരിഞ്ഞു വന്നു കയറുമ്പോൾ
കുഞ്ഞിക്കൈ നീട്ടിയ ഇളനീർ മധുരത്തിൽ
ഹൃദയമലിഞ്ഞു .....!!
ഇനി ....നിറയെ ഓർമ്മകളുമായി കാത്തിരിക്കാം....
അടുത്ത തൃക്കാർത്തികയ്ക്ക് ......

No comments:

Post a Comment