ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 7 August 2015

കാളി മുതൽ കമല വരെ .....

കുഞ്ഞന് കുളിക്കാൻ മടി !!
രണ്ട് ദിവസമായി കുളിക്കാൻ വിളിക്കുമ്പോ
ഇട്ടാവട്ടം മുറിയിൽ  വട്ടത്തിലോടി
അവനെന്നെ വട്ടം ചുറ്റിക്കുന്നു ....
ഒടുക്കം കഥയമ്മ മൂധേവീടെം മഹാലക്ഷ്മീടേംകഥ തുടങ്ങി !!

കഥയിൽ രസിച്ചു കളിച്ചു കുഞ്ഞപ്പൻ കുളിച്ചു ...
എന്നിട്ട് പുറം തോർത്താൻ നേരം അന്തരീക്ഷത്തിൽ
നോക്കി കൈ കാട്ടി ...
പിന്നൊരു ഡയലോഗും ...
""മൂതേവീടോട് വൈറ്റെയ്യാൻ പറഞ്ഞതാമ്മാ ..
പൊറത്തു കേറാൻ നിക്കണൂ ..."

കുളി കഴിഞ്ഞു മേല് തുടയ്ക്കുമ്പോ
ആദ്യം തുടച്ചിടത്ത് മൂധേവിയും  രണ്ടാമത്തിടത്ത്
മഹാലക്ഷ്മിയും കയറിയിരിക്കും !!
(കഥയും വിശ്വാസവും അങ്ങനെയത്രേ ...)

പുറം തുടച്ചു കുഞ്ഞുണ്ണി തിരിഞ്ഞു നിന്നു
""മൂതേവീ ...കേറിയാട്ടെ ...""
ഇനി മുഖം ...
മുഖത്ത് കയറിയ മഹാലക്ഷ്മിച്ചിരിയിൽ
കുഞ്ഞൻ പാതി മയങ്ങുമ്പോൾ
ചേർന്ന് കിടന്നു കഥയമ്മ ചില മൂധേവിക്കഥകളോർത്തു !!!

ഒന്നാം കഥ -

പതിനേഴിന്റെ പതിരില്ലാ സ്വപ്നം കണ്ടുറങ്ങുമ്പോൾ
""എണീക്കെടീ മൂധേവീന്ന് "" പുറകിൽ  കിട്ടിയോരടി നോവിൽ
കണ്ണും തിരുമ്മിയുണർന്ന് , തൂത്തു തളിച്ച്
പഴങ്കഞ്ഞിപ്പാത്രവും കൊണ്ട്
കശുവണ്ടി തല്ലാനിറങ്ങിയ പെണ്കിടാവ്  ...!!
ഒരു നട്ടുച്ച തിരിഞ്ഞ് , അടിവയറു  പുകച്ചിലിലവധി തേടി
പറങ്കിമാവിൻ  തോട്ടത്തിലൂടെ വീട്ടിലേക്കു നടന്നവൾ ....
മൂന്നാം ദിനം , അറ്റുപോയ കീഴ്ച്ചുണ്ടിനു താഴെ
ചോരപ്പൊട്ടു മറുകിട്ട് , ചെമ്പരത്തിചോപ്പു മുഖവുമായി
തോട്ടത്തിന്റെ താഴെത്തട്ടിലവൾ കിടന്നു !!

ഉറക്കത്തിൽ , ദിവസങ്ങളോളം കണ്ണും തിരുമ്മിയുണർന്നു
ചിരിച്ച മൂധേവിപ്പെണ്ണ്‍ ....
പാതിരാവിലേതോ ദുസ്വപ്ന മിഴിയിൽ
""ചിന്നമസ്തയായി "" അലറിച്ചിരിച്ചു !!

ചിന്നമസ്ത - സ്വന്തം ശിരസ്സറുത്തു കൈയ്യിലേന്തിയ നഗ്ന ദേവീരൂപം !!!

രണ്ടാം കഥ-

വേനലൊഴിവിന്റെ മൂന്നാമാഴ്ച്ച
മൊട്ടച്ചി സിന്ധുവിന്റെ വീട് ..
ചാണകത്തറയിലിരുന്ന് എളേതുങ്ങൾക്ക്
ചുട്ടചക്കക്കുരു നീട്ടുന്ന വരണ്ടു കറുത്ത കൈകൾ ...
""ഇത് വഴി പോയപ്പോ വെറുതെ കേറീതാന്നു ""
നുണ പറഞ്ഞ ഹൃദയം ,ഒരലർച്ചയിൽ ഞെട്ടി !!
""പാത്രം തേച്ചില്ലേടീ മൂധേവീ ""
ചിരി മങ്ങിയ അവളുടെ മുഖത്ത് നോക്കാതെ '
പിന്നെ വരാമെന്ന് ഹൃദയം....

അടുത്തിടെയൊരു നാൾ സിന്ധുവിനെക്കണ്ടു !!
ഓടി വന്നു കൈപിടിക്കുമ്പോൾ ഞരമ്പെഴുന്ന
കയ്യിലെ തണുപ്പ് ഹൃദയത്തെ മരവിപ്പിച്ചു ....
എന്തെങ്കിലും ചോദിക്കാനായും മുൻപ്
കുഞ്ഞന്റെ താടിയിലുമ്മ വച്ച് അവൾ പറഞ്ഞു ...
""അമ്മയ്ക്ക് ക്യാൻസറാടീ ...ഞാനേയുള്ളൂ നോക്കാൻ
അനിയനും അനിയത്തീം കല്യാണം കഴിച്ചു വേറെയാ ..""
വിവാഹിതയോ അമ്മയോ അല്ലെന്ന
നിരാശയോ സങ്കടമോ ഒന്നും മുഖത്ത് ഹൃദയം കണ്ടില്ല
പക്ഷേ , വിരൽത്തുമ്പിലെ തണുപ്പ് പലതും പറയാതെ പറഞ്ഞു !!

ഇന്നും ചില രാത്രികളിൽ ,
ഹൃദയമിടിപ്പ്കൂടുന്ന ദുസ്വപ്നങ്ങളിൽ
സിന്ധുവൊരു ""താര ""യായി പൊട്ടിച്ചിരിക്കാറുണ്ട്‌ !!

താര - സ്വന്തം ശൂന്യതയിൽ നിലനിന്നു
 മറ്റുള്ളവർക്ക്സംരക്ഷയേകുന്ന ദേവീ ഭാവം !!!

മൂന്നാം കഥ -

ചട്ടിയും കലവും ഉടഞ്ഞതിനൊപ്പം കെട്ടൊരു  നിലവിളിയിൽ
ഹൃദയം ആകാംക്ഷക്കണ്ണ് നീട്ടുമ്പോൾ കണ്ടത് ...
ചിതറിയ വെളുത്ത വറ്റുകൾക്കരികിൽ കൂടിയ കരിങ്കാക്കകളെ !!
നിലവിളിയുടെ ഉറവിടം രാധേച്ചിയായിരുന്നു ...
വെളുത്ത വയറിൽ കറുത്ത മറുകുള്ള രാധേച്ചി !!
കറുത്ത മറുക് കാട്ടി ആണുങ്ങളെ മദിപ്പിയ്ക്കുന്നുവെന്നത്
നിലവിളിക്ക്പിന്നാമ്പുറവും , പിന്നാമ്പുറത്തിനു കിട്ടിയ ചവിട്ട്
നിലവിളിക്കു പ്രചോദനവുമാകുന്നു ....
പിന്നെ ,
"എറങ്ങിപ്പോടീ മൂധേവീന്ന്" സുകുച്ചേട്ടന്റെ പഞ്ചു ഡയലോഗും !!
രണ്ടാഴ്ച കഴിഞ്ഞ് , കൃത്യമായിപ്പറഞ്ഞാൽ
പ്രണയിച്ചു കെട്ടി മൂന്ന് വർഷം തികയാൻ
മൂന്നു  ദിവസം ബാക്കിയുള്ളപ്പോൾ
ഒരു വയസ്സുകാരി കല്ലുവിനെ പാൽകുടിപ്പിച്ചുറക്കി
രാധേച്ചി കിണറ്റു വെള്ളം കുടിച്ചുണരാതുറങ്ങി !!
പായൽപ്പച്ച പുരണ്ട ചീർത്ത വയറിലപ്പോഴും
കറുത്ത മറുക് മിനുത്തു തിളങ്ങി ...

രണ്ടാം ദിവസം രാത്രി ,മൂന്നാം യാമത്തിനൊടുവിലാവണം
സ്വപ്നം മുറിച്ച ഉറക്കത്തിൽ രാധേച്ചി വന്നു ചിരിച്ചത് ....
അന്നേരമവർക്ക് ""മാതംഗീ ""രൂപമായിരുന്നു  ....

മാതംഗി - മരതകപ്പച്ച നിറമുള്ളവൾ ...ഉച്ഛിഷ്ട ചണ്ഡാലിനിയെന്നു
വിളിപ്പേരുള്ളവൾ !!

നാലാം കഥ -
പതിനാറു തികഞ്ഞ രണ്ടാംമാസം ...
കല്യാണ രാത്രി , അടുക്കളപ്പാത്രങ്ങളോട് മല്ലിട്ട്
നവ വധുവിരുന്നു മുഷിഞ്ഞു ...
നാളെപ്പോരെയെന്നക്ഷമ കാട്ടിയ വരനോട്
അമ്മ മറുപടി ...."തേയ്ക്കട്ടെ ...മൂധേവി ""
പറഞ്ഞു വച്ച പൊന്നിൽ രണ്ടു പവൻ  കുറഞ്ഞ കുറ്റത്തിന്
രണ്ടു മണിക്കൂർ പാത്രം തേച്ച പെണ്കുട്ടി ..
യൂണിവേഴ്സിടി ലൈബ്രറി വരാന്തയിലിരുന്ന്
"ഒഴിഞ്ഞ'' കഴുത്തുമായി കഥ പറയുമ്പോൾ
ഷീനയുടെ കണ്ണിലെയാശ്വാസം ഹൃദയത്തിനു നെടുവീർപ്പായി !!

അന്ന് രാത്രി ,സ്വപ്നം മണത്ത യാമങ്ങളിലെപ്പോഴോ
ഉൾക്കണ്ണിലവൾ നിറഞ്ഞു ചിരിച്ചു ...
അവൾക്കു "ത്രിപുര സുന്ദരീ രൂപം ""

ത്രിപുര സുന്ദരി - പതിനാറിന്റെ സൗന്ദര്യവും
 സോദാസിയെന്നു വിളിപ്പേരുമുള്ളവൾ !

അഞ്ചാം കഥ -
കോടതി വരാന്തയ്ക്ക് പുറത്തൊരാൾക്കൂട്ടം ....
""സെബാസ്റ്റ്യനെ കാണാനാ "" ..സഹവക്കീൽ പറഞ്ഞു ...
പേര് കേട്ടതും ഹൃദയം നടുങ്ങി ...
എട്ടാമത്തെ പെണ്കുഞ്ഞിനെ ഉയർത്തിയെറിഞ്ഞ കംസരൂപം ...
എട്ടിന് പകരം ഏഴെന്ന വ്യത്യാസം മാത്രം !!
പ്രജ്ഞയിൽ ഏഴു കുഞ്ഞുങ്ങളൊരുമിച്ചു നിലവിളിച്ചു ....
മാറ്റൊലി പോലെ , വരാന്തയുടെയങ്ങേയറ്റത്ത് മറ്റൊരലർച്ച ...
മുടിയുലച്ചോടിയടുക്കുന്നോരമ്മ ...
കടപ്പുറത്തുറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയുടെയമ്മ !!

രാത്രി മുഴുവൻ ദുസ്വപ്ന ഘോഷയാത്രയിൽ
ഹൃദയമുറക്കെ നിലവിളിച്ചു ...
അതിൽ , ഉറക്കെച്ചിരിച്ചതൊരു സ്ത്രീ രൂപം ...
അമ്മയ്ക്ക് കാളീ രൂപം ...

കാളി - സർവ്വ സംഹാരിണി !!!

ആറാം കഥ -

ഇടയ്ക്കിടെ ലീവെടുത്തു മടുത്ത മകനും കുടുംബവും
ഒടുവിലൊരു  ലോംഗ് ലീവെടുത്തു ...
അമ്മയെയും കൊണ്ടൊരു വിനോദയാത്ര ...!
യാത്രയ്ക്കൊടുവിൽ ""ആശ്രയയുടെ ""വാതിൽക്കൽ അമ്മ നിന്നു ...
""അച്ഛനില്ലാതെ ഒറ്റയ്ക്കെങ്ങനെ നിൽക്കുമമ്മ "യെന്ന് മകൻ ...
"മൂധേവിത്തള്ള കാരണം എത്രയാ ടിക്കറ്റിനു കൊടുക്കണേ""ന്നു
മരുമകൾ ഫോണിൽ ....!
തിരികെ കാറോടിക്കുമ്പോൾ റിയർവ്യൂ മിററിൽ മകൻ
കണ്ടതൊരു "കമലാ രൂപം "
പതിവ് ദുസ്വപ്നത്തിൽ ഹൃദയം കണ്ടത്
മരുമകളുടെ ""ബഗളാ മുഖീ "വേഷം ...

കമല - അനുഗ്രഹ വർഷിണി
ബഗളാമുഖി - കൊക്കിന്റെ കഴുത്തുള്ള , തിന്മയുടെ പ്രതിരൂപമായ ദേവി !!!

ഏഴാം കഥ - ഒടുക്കത്തെ കഥ

അപ്രതീക്ഷിതമായി കിട്ടിയ വയറു വേദനയ്ക്കൊടുവിൽ
സ്മിതയുടെ കണ്ണിലിരുട്ടു കയറി !!
അകമ്പടിയായി തറയിലെ ചോരപ്പാട് ...
അവളുടെ ഫോണൊച്ചയിൽ ഹൃദയം പരിഭ്രമിച്ചു ..
പിന്നെ എടുപിടീന്നു വണ്ടി വിളിച്ചോടി ...
ആശുപത്രീന്നിറങ്ങുമ്പോൾ ബെഡ്റെസ്റ്റിന്റെ ദൈന്യതയിൽ
അവളുടെ കണ്ണ് നിറഞ്ഞു ....
രാത്രിയേറെ വൈകി വന്ന ഫോണിന്റെയങ്ങേത്തലയ്ക്കൽ
അവളാർത്തു കരഞ്ഞു ...
ഭർത്താവിന്റെയമ്മൂമ്മ വക ഡയലോഗ് ..
""അവടെ ചേട്ടനും ചേച്ചിക്കും പെമ്പിള്ളാരാ ..
ഇത് പെണ്ണാണെങ്കി കലങ്ങിപ്പോണേന്നു
 ഞാൻ നേർന്നാരുന്നു...മൂധേവി  "
ഫോണ്കട്ടു ചെയ്തു തലവേദനച്ചുറ്റിലുഴറുമ്പോൾ
ഹൃദയം കണ്ടതൊരു ""ധൂമാവതീ രൂപം ""

ധൂമാവതി - മരണ ദേവത ..ചൂലേന്തിയ വൃദ്ധാ രൂപം .

ഉറക്കത്തിലൊന്നു ചുമച്ചു കുഞ്ഞൻ തിരിഞ്ഞു കിടന്നു ...
കാളി മുതൽ കമല വരെയെണ്ണം പറഞ്ഞ ഹൃദയം
""ജ്യേഷ്ഠ ""യെന്ന മൂധേവിയെ സ്നേഹിയ്ക്കുന്നുവത്രേ ...!!
ഒരിക്കൽ എല്ലാവരാലുമാരാധിക്കപ്പെട്ട്
മറ്റൊരിക്കൽ ഏവരാലുമധിക്ഷേപിക്കപ്പെട്ട ദേവി ....!
അന്തിത്തിരിവയ്ക്കുമ്പോൾ തീപ്പട്ടിക്കൊള്ളിവെട്ടത്തിൽ
കബളിപ്പിയ്ക്കപ്പെട്ടു പുറത്തു നില്ക്കാൻ വിധിക്കപ്പെട്ടവൾ ..
ചിങ്ങത്തലേന്ന് മുറത്തിലാവാഹിക്കപ്പെട്ടു
പറമ്പിന്റെ മൂലയിലെറിയപ്പെടുന്നവൾ ....
ചേട്ടയെന്നും പൊട്ടിയെന്നും വിളിപ്പേര് ...

ഇന്നലെ സന്ധ്യയ്ക്കു കുളിച്ചു തുവർത്തുമ്പോൾ
പതിവിനു വിപരീതമായി ആദ്യം
മുഖമമർത്തിത്തുടച്ചു ....
പിന്നെ , ഹൃദയം ഉറക്കെച്ചിരിച്ചു പറഞ്ഞു ...

""കാണാമറയത്തെ ജ്യേഷ്ഠാ ഭഗവതീ ...

സ്വാഗതമീ "ശ്രീ "മുഖത്തേയ്ക്ക് ....!!

No comments:

Post a Comment