ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 28 December 2020

ആന ഡോക്ടർ -ജയമോഹൻ


ഈയടുത്ത കാലത്ത് ഒരാനയുടെ ദുരിതവും അതിനെത്തുടർന്നുണ്ടായ വാദപ്രതിവാദങ്ങളും മനഃപൂർവം മറന്നുകൊണ്ട് ഒരു വായനാനുഭവം കുറിയ്ക്കുകയാണ്.
"ആന കാടിന്റെ രാജാവാണ് എന്ന ഡയലോഗ് മകനോടൊപ്പമിരുന്നു ജംഗിൾ ബുക്ക്‌ കാണുമ്പോൾ മനസ്സിൽ പതിഞ്ഞതാണ്.
പണ്ടൊരു വയനാടൻ യാത്രയിൽ, പാതിരാവിൽ സുഹൃത്തിന്റെ ജീപ്പിൽ, മുളങ്കൂട്ടങ്ങൾക്കിടയിൽ മറ്റൊരു മുളങ്കാടാകുന്ന ഒറ്റയാനെ കാണാനിറങ്ങി നിരാശയോടെ തിരികെപ്പോകേണ്ടി വന്നിരുന്നു. കാട്ടിക്കുളത്തേയ്ക്കുള്ള ബസ് യാത്രയിൽ അടുത്തിരുന്ന, കാട്ടുതേൻ നിറമുള്ള സുന്ദരിപ്പെൺകുട്ടി തെക്കു നിന്ന് അവളുടെ നാട് കാണാൻ വന്ന എന്നോട് വിടർന്ന കണ്ണുകളോടെ പറഞ്ഞത് ആ ഒറ്റയാൻ കഥകളാണ്. ഇരുട്ടിൽ, മുളങ്കൂട്ടങ്ങൾക്കിടയിൽ നിന്ന് എപ്പോഴാണ് അവൻ പ്രത്യക്ഷപ്പെടുകയെന്നറിയാതെ ജീവനെടുത്തു കയ്യിൽ പിടിച്ചുള്ള അവരുടെ യാത്രകളെപ്പറ്റി !ചക്ക പഴുത്തു പാകമായാൽ ആ മണത്തിന്റെ പിൻപറ്റി കൂട്ടമായെത്തുന്ന ആനകൾ ! അവയുടെ വികൃതികൾ.. മനുഷ്യരുടെ ദുരിതങ്ങൾ !
നോക്കൂ, എപ്പോഴും മനുഷ്യരെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്നത് കൊണ്ടാവാം കാട് എന്നെ അക്കാലത്തൊന്നും അത്രയധികം മോഹിപ്പിച്ചിരുന്നില്ല. പക്ഷേ പിന്നീട് ജീവിതം മരുഭൂമിയിലായപ്പോൾ കാട് സ്വപ്നം കാണാൻ തുടങ്ങി. മൃഗസ്നേഹിയായ എന്റെ മകനോടൊപ്പമുള്ള നാഷണൽ ജോഗ്രഫിക്, അനിമൽ പ്ലാനറ്റ് യാത്രകൾ കാടിനോടുള്ള സ്നേഹം കൂട്ടി. സീമ ചേച്ചിയുടെ കാടിനെക്കുറിച്ചുള്ള കുറിപ്പ് വായിച്ചപ്പോൾ കാട് കാണാൻ മോഹം കൂടി. അങ്ങനെ കുറേ നാൾ കാത്തിരുന്നു നടത്തിയ ഒരു യാത്രയിൽ ഞങ്ങൾ തങ്ങിയ മരവീടിനു താഴെ ആനത്താരയാണെന്നും ചില പതിവുകാർ അതുവഴി പോക്കുണ്ടെന്നും കേട്ട് ഉറങ്ങാതെ നോക്കിയിരുന്നു. അപ്പോഴും ആന കബളിപ്പിച്ചു. അതേ യാത്രയിലാണ് കാട് എന്നെ എന്നേയ്ക്കുമായി കീഴ്പ്പെടുത്തിക്കളഞ്ഞത്. കാട് നമ്മളെ ധ്യാനത്തിലാഴ്ത്തും എന്ന ഡയറിക്കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ആ യാത്രയാണ്. നിശബ്‌ദതയിലേ കാടിനെ അറിയാനാവൂ എന്നെഴുതി വയ്ക്കുമ്പോൾ പിന്നീട് എന്റെ പ്രിയപ്പെട്ട സാഹിത്യകാരന്റെ പുസ്തകത്തിൽ ആ വരി കണ്ടെത്തുമെന്ന് തീരെ കരുതിയതേയില്ല.
ഒരു സൂപ്പർമാർക്കറ്റ് ഷെൽഫിൽ നിന്ന് ജയമോഹൻ എന്ന പേര് കണ്ടാണ് പുസ്തകം എടുത്തത്. പിന്നീട് ഡോക്ടർ കൃഷ്ണമൂർത്തിയെ തിരയലായി. അതിന്റെ ഭാഗമായി സംഘം കവിതകളിലേയ്ക്കും ബൈറണിലെയ്‌ക്കും പോയി. "Elephant man " എന്നറിയപ്പെട്ട, ഡോക്ടർ കെയെക്കുറിച്ചുള്ള വിഡിയോകൾ കുത്തിയിരുന്നു കണ്ടു. വേദന സഹിക്കുന്നതിൽ മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരത്തിൽ അത്ഭുതപ്പെട്ടു.
ജയമോഹന്റെ "ആന ഡോക്ടർ " വായിച്ചു മടക്കുമ്പോൾ മനുഷ്യനെന്ന എന്നിലെ അഹന്ത കാടു കയറിയൊടുങ്ങി. ജീർണ്ണതയിൽ നുരയ്ക്കുന്ന വെളുത്ത പുഴുക്കൾ, ഡോക്ടറുടെ കണ്ടെത്തൽ പോലെ പെരുവയറും ഉണ്ടക്കണ്ണുകളുമുള്ള കുഞ്ഞുങ്ങൾ തന്നെയെന്ന് തോന്നി. അവയോട് നാളിതുവരെ തോന്നിയിരുന്ന അറപ്പ് ഒറ്റ നിമിഷം കൊണ്ടില്ലാതായി.
കാടിന്റെ തണുപ്പും ആനച്ചൂരും എനിക്ക് മാത്രം തിരിച്ചറിയാനാവുന്നൊരു നിസ്സംഗതയും ഉള്ളിൽ നിറയുന്നു.
ഞാൻ അരനിമിഷം കൊണ്ട് പ്രപഞ്ചത്തിലെ കോടാനുകോടി ജീവകണങ്ങളിലൊരു തുള്ളിയാകുന്നു

No comments:

Post a Comment