ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Saturday 26 December 2020

കഴുത്തു ഞെരിക്കുമ്പോൾ സൂക്ഷിക്കുക തന്നെ വേണം.

 നോക്കൂ,

കഴുത്തു ഞെരിക്കുമ്പോൾ സൂക്ഷിക്കുക തന്നെ വേണം.
എപ്പോഴും നനവുള്ള കണ്ണുകളിലേയ്ക്ക് നോക്കരുത്.
കൈവിറച്ചറച്ചു പോയേക്കും.
ഇടതു ചെവിയ്ക്കു താഴെ നിന്ന് വിളർത്തു വെളുത്ത കഴുത്തിന്റെ ചെരുവിലേയ്ക്ക് നീളുന്ന,
വയലറ്റ് നിറത്തിലെ ഒറ്റ ഞരമ്പിൽ കണ്ണുടക്കരുത്.
"എന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കൂ ' എന്ന യാചനയുടെ തുടിപ്പ് കൈപിൻവലിക്കാൻ പ്രേരിപ്പിച്ചേക്കും.
ഒരു പേര്.. ഒരൊറ്റപ്പേരുച്ചരിച്ചു മിടിക്കുന്ന ഹൃദയതാളത്തിനു കാതു നൽകരുത്.
കൈക്കരുത്ത് ചോർന്ന് പിന്തിരിഞ്ഞു പോയേക്കും.
നോക്കൂ,
കൈവിരലുകൾ പൂവ് പോലെ മൃദുലവും മഞ്ഞുപോലെ തണുത്തതുമായിരിക്കണം.
ഇളം ചൂടുള്ള സ്നേഹം എത്ര കഠിനമായിരുന്നുവെന്ന് അന്നേരം
നിങ്ങൾ തിരിച്ചറിയും.
ആ നിമിഷത്തിൽ തന്നെ
"എന്തിനിത്ര വൈകി"യെന്ന്
നിങ്ങൾ സ്വയം പഴിക്കും.
നോക്കൂ,
മിനുത്ത കൺപീലികളുള്ള വിടർന്ന കണ്ണുകൾ തിരുമ്മിയടയ്ക്കുന്നത്
വസന്തകാലത്തു കൊഴിയുന്ന ഒരിലയനക്കം പോലെ സൗമ്യമാവണം.
ഒടുവിൽ
കനത്ത കൈത്തണ്ടയിൽ
മെലിഞ്ഞു നീണ്ട കൈവിരൽപ്പാടുകളിലൊന്നു പോലും അവശേഷിക്കുന്നില്ലെന്നുറപ്പാക്കണം
നഖങ്ങളാഴ്ന്നിറങ്ങിയ പൂമ്പാറ്റചിത്രങ്ങൾ
സമചിത്തതയോടെ മായ്ച്ചു കളയണം.
നോക്കൂ,
കഴുത്തു ഞെരിക്കുമ്പോൾ സൂക്ഷിക്കുക തന്നെ വേണം.

No comments:

Post a Comment