ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 28 December 2020

#എന്റെരാവെഴുത്തുകൾ

 അവനവൻതുരുത്തിൽ ഒറ്റയാകുന്നവർക്ക് സംവദിക്കുവാനേറ്റവുമെളുപ്പം മരിച്ചുപോയവരോടാണ് .

നോക്കൂ ,
തികച്ചും അതിശയകരമായ സംഭാഷണശകലങ്ങൾ നിങ്ങൾക്ക് കൂട്ടിപ്പെറുക്കിവയ്ക്കുവാനായേക്കും .
രണ്ടുലോകങ്ങളിലിരുന്ന് കുനുകുനാ കീറിപ്പറത്തപ്പെട്ട കടലാസുതുണ്ടുകൾ പോലെ ഭാരമില്ലാത്ത വാക്കുതുണ്ടുകൾ !
ഏകാന്തതയുടെ ഇങ്ങേലോകത്തുനിന്ന് ആൾക്കൂട്ടത്തിന്റെ അങ്ങേലോകത്തേയ്ക്കുള്ള സംസാരനൂലുകൾ നിങ്ങളെയൊരു
ചിലന്തിവലയ്ക്കുള്ളിൽ അകപ്പെട്ടമാതിരി സംഭ്രമിപ്പിയ്ക്കും .
ഓരോ അണുവിലും ഏകാന്തത പേറുന്ന ഒരുവളുടെ മെലിഞ്ഞു നീണ്ട പിൻകഴുത്തിലെ തേൻനിറ മറുകിൽ
എന്നേയ്ക്കുമായി കുരുങ്ങിപ്പോയ ഒറ്റനീലരോമത്തെ അത് വിഭ്രമിപ്പിച്ചുയിർപ്പിക്കും !
കേൾക്കൂ ,
മരിച്ചവരോട് സംവദിക്കുക എളുപ്പമത്രേ !
നിങ്ങളെയവർ മുൻവിധിയോടെ സമീപിയ്ക്കില്ല ,
നിങ്ങൾ ഏതുതരക്കാരിയെന്തുപ്രകൃതക്കാരിയെന്ന്
മുള്ളുമുനച്ചുഴി തീർക്കില്ല ,
നിങ്ങൾ ഏതുജാതിക്കാരി എന്തുമാതിരിമട്ടുകാരിയെന്ന് സംശയക്കണ്ണു നീട്ടില്ല ,
കറുത്തവളോ വെളുത്തവളോ ഇരുനിറക്കാരിയോ
തടിച്ചിയോ എലുമ്പിയോയെന്നു മൂക്കു ചുളിക്കില്ല ,
എന്തിന് , നിങ്ങളാരെന്നുപോലും അടയാളപ്പെടുത്തേണ്ടതില്ല !
വാക്കു ചരടുകൾ കൊണ്ടുള്ള ഒരുപാവകളിയിലേർപ്പെടുവാൻ സ്വയം വെളിപ്പെടേണ്ടതില്ലെന്ന് അങ്ങേലോകത്തു നിന്നൊരു പൊട്ടിച്ചിരിപ്പേച്ചു കേൾക്കും .
അന്നേരം .....
അന്നേരം മരിച്ചവരുടെ ചിരിയ്ക്കു കുഞ്ഞുങ്ങളുടെ ചിരിയേക്കാൾ ഭംഗി തോന്നും .
അപ്പോഴേയ്ക്കും എന്നേയ്ക്കുമായി പിഴുതുമാറ്റപ്പെട്ടൊരു നീലരോമം കാറ്റിലപ്പൂപ്പൻതാടിത്തുണ്ടാകും !
പൊടുന്നനെയൊരു ഭാരമില്ലായ്മയിൽ നിങ്ങൾ
വാക്കുനൂലുകളുടെ അങ്ങേയറ്റത്തേയ്ക്കു നടന്നു തുടങ്ങും !
കേൾക്കൂ ,
ഭൂമിയിലൊറ്റയാകുന്നവർക്ക് സംവദിക്കുവാനേറ്റവുമെളുപ്പം മരിച്ചുപോയവരോടാണ് .💜

No comments:

Post a Comment