ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 27 November 2015

""വരും ...വരാതിരിക്കില്ല ...""

രാവിലെ ഫോണിലൂടെ സരസ്വതി മിസ്സിന്റെ
തമിഴ് കലർന്ന ഇംഗ്ലീഷ് ....
""കാഞ്ചീവരമാ ...വെയർ ഇട്ട് ""
മാമ്പഴ മഞ്ഞയിൽ പച്ചപ്പട്ടു കസവുള്ള കാഞ്ചീപുരം സാരി
മെത്തയിൽ നീണ്ടു നിവർന്നു കിടന്നു ....!
സാരിക്കിപ്പുറം കാലപ്പഴക്കം കൊണ്ട് പിഞ്ഞിയ
പച്ച ബ്ലൌസ് ചിരിച്ചു ....
ഒപ്പം ചിരിച്ച ഹൃദയം ,
കറുപ്പിൽ സ്വർണ്ണ വരകളുള്ള സാരി ചുറ്റി
ഓർമ്മക്കാടുകൾക്കിടയിലേക്ക് കയറിപ്പോയി ....!!
പതിനേഴു തികഞ്ഞു കൃത്യം രണ്ടാം മാസം വന്ന
കേരളപ്പിറവി ദിനം ...
സാരിയുടെ അഞ്ചു മുഴം മനോഹരമായി വെളിവാക്കുന്ന
സ്ത്രൈണതയിൽ
ചൂളിച്ചുരുങ്ങിയൊരു കൌമാരക്കാരി നടന്നു ....
കറുപ്പെന്ന ഇഷ്ടനിറത്തിന് അന്ന് പത്തരമാറ്റ് !!
ഓഡിറ്റോറിയത്തിനു പിറകിൽ
പ്രണയത്തിന്റെ ഈറൻ വയലറ്റ് പൂക്കളുടെ ഇടയിൽ
പടവിലിരുന്നു കറുത്ത സാരി ചിരിച്ചു ...
ഒപ്പം ചിരിച്ച പതിനെട്ടു കാരന്റെ പൊടിമീശയിൽ
സാരിയിലെ സ്വർണ്ണ നൂലു കുരുങ്ങി ....!!
ഹാഫ് സാരിയുടെ മെറൂണ്‍ നിറം കൊണ്ട് തന്ന സൗഹൃദം
ഉമയെന്ന പട്ടരുകുട്ടി ....
ഗ്രാമത്തും മുക്കിലവളുടെ വീട്ടിൽ
ഏതു നേരവും കേൾക്കുന്ന മഹാ ലക്ഷ്മീ സ്തവം ...
കടന്നു ചെല്ലുമ്പോഴൊക്കെയും
ഉഴുന്നിന്റെയും മഞ്ഞളിന്റെയും മണം
മൂക്കിൻതുമ്പ് പ്രണയിച്ചു പിടിച്ചെടുത്തു ....
തലങ്ങും വിലങ്ങും വരകളുള്ള മുഷിഞ്ഞ ചേലയിൽ
കാപ്പി പകർന്ന ഉമയുടെ അമ്മ ....
ഡിഗ്രി രണ്ടാം വര്ഷം പരീക്ഷയ്ക്ക് മുൻപ് ""തിരുമണം ""
വെങ്കിട്ടറാവൂസിലെ ചോന്ന പട്ടു ചേല ...
കുഴൽമിന്നി ...താലിക്കൂട്ടം .....
മഞ്ഞൾ തേയ്ക്കലും തെങ്ങയുരുട്ടലും ഊഞ്ഞാലാട്ടലുമൊക്കെയായി
ഹൃദയം കണ്ട ആദ്യത്തെ കല്യാണം ....
ഒടുവിൽ പടിയിറങ്ങിയ ഉമയെ നോക്കി കണ്ണുതുടച്ച്‌
ചിരിച്ചു ....""വല്ലാത്ത പുക ...കണ്ണ് നീറണു ...""
അന്നേരവും ഹൃദയം പോയത്
ഉമയുടെ ചോന്ന പട്ടുസാരിക്കു പുറകെ ...!!
നിയമം പഠിക്കാൻ ചേർന്ന വർഷം
ചാല മാർക്കെറ്റിൽ കറങ്ങിത്തിരിയുമ്പോൾ മുന്നില് ""ഉമ ""
ചുവന്ന ചേലത്തിളക്കമില്ല ...പകരം
വെളുത്ത പരുക്കൻ സാരി ....
ഒടുക്കം അവൾ കൂട്ടിച്ചേർത്തു ...
""കുട്ടികളില്ലാത്തത് നന്നായില്ലേടീ .....""
ഫോണ്‍ നമ്പർ കൈമാറി പച്ചക്കറി സഞ്ചി കൂട്ടിപ്പിടിച്ച്
അവൾ നടന്നകലുമ്പോൾ
ശൂന്യമായ പിൻകഴുത്തു നോക്കി നിന്ന ഹൃദയം
വെള്ള സാരിയെ ശപിച്ചു ....!!
മൂന്നു വർഷം ഒപ്പം പാട്ട് പഠിച്ച സംഗീത ....
ഒരിക്കൽ പാട്ടിനിടെ അവളെത്തേടി വന്ന ചിലർ ...
അവളുടെ ചേച്ചി മരിച്ചെന്ന പിറ്റേന്നത്തെ വാർത്ത ....
മൂന്നാം ദിവസം മരണ വീട് സന്ദര്ശിച്ച ഹൃദയം
തറച്ചു നോക്കിയതൊരു കഴുക്കോലിൽ ...!!
ഉത്സവത്തിനു മാതൃസഹോദരൻ സമ്മാനിച്ച വയലറ്റ് പട്ടുസാരി ...
അതുടുത്ത് ഗമയിൽ നടന്ന ചേച്ചിയ്ക്കൊപ്പം സംഗീതയെ കണ്ടിരുന്നു ...
വളക്കടയ്ക്കുള്ളിൽ , പലഹാരക്കടയിൽ
ചില യുവ നോട്ടങ്ങളും കമന്റുകളും പിന്തുടർന്നത്‌
പിറ്റേന്നവൾ പങ്കുവച്ചു ....
വയലറ്റു പട്ടുസാരിയ്ക്കൊപ്പം കിട്ടിയ ""സമ്മാനത്തിന് ""
""അപമാനം "" എന്ന് മറ്റൊരു പേരു കൂടിയുണ്ടെന്ന കണ്ടെത്തലിനൊടുവിൽ
ചേച്ചിയുടെ കൈകൾ കുരുക്കിടാൻ പഠിച്ചു ...
കഴുത്തിലെ വയലറ്റ് ഞരമ്പുകൾ തുടിച്ചു ...
ഒടുക്കം , പെട്ടിക്കുള്ളിൽ ചേച്ചിയ്ക്കൊപ്പം
വയലറ്റ് സാരിയുമുറങ്ങി ....!!
ഹൃദയം വയലറ്റിനെ വെറുത്തു ....
ഇരുപതാം വയസ്സിൽ കഴുത്തിൽ വീണൊരു താലിച്ചരട് ...
പഴയ വിവാഹ ഫോട്ടോയിൽ പച്ചപ്പട്ടു സാരിയുടുത്തൊരു പെണ്ണ്
പുടവ കൊടുത്തവൻ കൂടെ രണ്ടു മക്കളെയും കൊടുത്തു
പടിയിറങ്ങിപ്പോയി ....
മൂത്തവൾ വളർന്നപ്പോൾ പെട്ടിയിലെ പട്ടുസാരി കണ്ടു കൊതിച്ചു ...
പച്ചപ്പട്ടു പാവാടയണിഞ്ഞു കണ്ണാടിയിൽ നോക്കിച്ചിരിച്ച
കുമാരിയെക്കണ്ട് അമ്മമനസ്സു ഭയന്നു ....
പെട്ടിയുടെ അടിയിൽ താഴംബൂവിട്ടു മടക്കി വച്ച
കല്യാണപ്പുടവയിൽ അഭയംതേടിവിറച്ച കൈകൾ .....
പിന്നെ , കഠിനാധ്വാനം മാത്രം കൈമുതലാക്കി
മക്കളെ ""നല്ലനില""യിലാക്കി
അമ്മ നെടുവീർപ്പിട്ടു ....
പെട്ടിയുടെ അടിയിൽ താഴംബൂ മണമുള്ള
ചന്ദന നിറത്തിൽ ചുവന്ന കരയുള്ള പുടവ ചുളുങ്ങി ....
""അമ്മയ്ക്കിനി ഇതെന്തിനാ ??""
ഇളയവളുടെ അലോസരത്തിനു മറുപടി ...
""ഞാൻ മരിയ്ക്കുമ്പോ ഇതോണ്ടെന്നെ മൂടണം ...""
ഹൃദയത്തിനുള്ളിൽ ചില്ലിട്ടു വച്ചൊരു
കല്യാണ ഫോട്ടോ വീണുടഞ്ഞു ....
അതിൽ മീശക്കാരനോട് ചേർന്ന്
ചന്ദനനിറപ്പുടവയുടുത്ത പെണ്‍കിടാവ് ചിരിച്ചു ....!!
ഹൃദയത്തിൽ ചന്ദനം മണത്തു .....!!
ഇസ്തിരി കൂട്ടിയ ഇക്കിളിയിൽ
ചുളിവുകൾ നിവർന്നു മഞ്ഞ പട്ടുസാരി തുടുത്തു ....
പിന്നെ ,നോക്കിനില്ക്കെ
മഞ്ഞയും പച്ചയും സ്വർണ്ണവുമായി
ഇഴകളൂർന്നു പടികടന്നു പോയി ....!!!
വാൽക്കഷണം : ഓർമ്മക്കാടുകളിറങ്ങുമ്പോൾ ഹൃദയം കണ്ടത് :::
കാത്തിരിപ്പിന്റെ തണുത്ത പടിയിൽ
ധ്യാനിച്ചിരിക്കുന്നൊരു പെണ്‍കിടാവ് ...
അവളുടെ ചെവിയിൽ മുഴങ്ങിയ കനമുള്ള വാക്കുകൾ ...
""ഞാൻ വരും ....ആകാശ നീലിമയിൽ നക്ഷത്രപ്പൊട്ടുള്ള
കല്യാണപ്പുടവയുമായി ....
ഞാൻ വരും ....""
നരച്ച ആകാശത്തിൽ എവിടെയോ തിളങ്ങിയൊരു നക്ഷത്രപ്പൊട്ടിനെ
അവളിന്നും തേടിക്കൊണ്ടിരിക്കുന്നു ........
""വരും ...വരാതിരിക്കില്ല ...""

No comments:

Post a Comment