ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 26 July 2017

പരീക്ഷാപ്പണി

രാവിലെ മുതൽ മഴയായിരുന്നു
പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാ ഡ്യൂട്ടിമറ്റൊരു സ്‌കൂളിൽ കിട്ടിയതിനെത്തുടർന്നു അവിടേയ്ക്കു പോകാനിറങ്ങി .
ഇന്ന് ഒരു SEND കുട്ടിയുടെ ഇൻവിജിലേറ്റർ ആയിട്ടായിരുന്നു ചുമതല .
(Special Education Needed and Disabled )
പരീക്ഷാ ഹാളിൽ ആരെയും നോക്കി കണ്ണുരുട്ടണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഹൃദയം .
കാരണം ഒരു കുട്ടി മാത്രം .
അവിടെ ചെല്ലുമ്പോ അവൾ നിറഞ്ഞ ചിരിയോടെ കാത്തിരിക്കുന്നു .
mam മലയാളി ആണോ എന്ന് ചോദിച്ചു പരിചയപ്പെട്ടു .
അവൾക്കു കാഴ്ചയ്ക്കു തകരാറുണ്ട് .
കണ്ണടയ്ക്കു പുറമെ കട്ടിയുള്ള ഒരു ലെൻസ് പിടിച്ചാണ് ചോദ്യപേപ്പർ വായിക്കുന്നത് .
വളരെ ബുദ്ധിമുട്ടി അവൾ വായിച്ചു തുടങ്ങി .
അവളുടെ ആത്മവിശ്വാസം ഉയർത്താൻ വെറുതെ പറഞ്ഞു
പരീക്ഷ എളുപ്പമായിരിക്കും പേടിക്കണ്ട .
അവൾ ചിരിച്ചു
പിന്നെ ബദ്ധപ്പെട്ടു വീണ്ടും വായിച്ചു .
ഞാൻ വായിച്ചു തരണോ എന്ന് ചോദിച്ചപ്പോൾ
വേണ്ട മാം .എന്ന് ആത്മവിശ്വാസത്തോടെയുള്ള മറുപടി .
രണ്ടു മണിക്കൂർ പരീക്ഷയിൽ
പരീക്ഷ അവസാനിക്കാൻ കൃത്യം അഞ്ചു മിനിറ്റ് അവശേഷിക്കുമ്പോൾ
കൊണ്ട് പോയ അഡിഷണൽ ഷീറ്റുകൾ ഒരെണ്ണം മാത്രം ബാക്കിയാക്കി അവൾ വടിവൊത്ത അക്ഷരങ്ങളിൽ എഴുതി നിർത്തി .
ഉത്തരങ്ങളെല്ലാം വീണ്ടും ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തി .
അത്തരം കുട്ടികൾക്ക് അനുവദിക്കാറുള്ള അധിക സമയം എടുത്തോളൂ എന്ന എന്റെ ഔദാര്യത്തിന്
നോ Mam .താങ്ക് യു .എന്ന് അവളെന്നെ ലജ്ജിപ്പിച്ചു .
നാളെ മറ്റൊരു കുട്ടിയ്ക്ക് വേണ്ടി ...
ഒൻപതാം ക്‌ളാസിൽ പാരാലിസിസ് വന്ന പെൺകുട്ടി .
കഴിഞ്ഞ ദിവസം അവൾക്കു വേണ്ടി ഡ്യൂട്ടി ചെയ്ത സഹപ്രവർത്തകയുടെ വാക്കുകൾ ഓർമ്മ വരുന്നു .
"'എന്താടാ ആത്മവിശ്വാസം .പെൺകുട്ടികളായാൽ ഇങ്ങനെ വേണം .''
സ്ക്രൈബ് എന്ന ആശ്രയം വേണ്ടെന്നു വച്ച പെൺകുട്ടികൾ . ആത്മവിശ്വാസം തെളിയുന്ന രണ്ടു മുഖങ്ങൾ .
എല്ലാമുണ്ടായിട്ടും ഒന്നും ചെയ്യാനില്ലാതെ കോപ്പിയടിയെയും കമ്പാർട്മെന്റിനെയും കുറിച്ച് മാത്രം ചിന്തിക്കുന്ന എന്റെ കുഞ്ഞുങ്ങളോട് ..
അച്ഛനമ്മമാരുടെ ദേഷ്യപ്പെടലുകൾ ചില നേരങ്ങളിൽ അവരുടെ നിരാശയുടെയും നിസ്സഹായതയുടെയും വെളിപ്പെടുത്തലുകളാണെന്നു മനസ്സിലാകാതെ
ഫുൾ കലിപ്പാണ് ബ്രോ എന്ന് പറയുന്ന എന്റെ മക്കളോട്
ഒറ്റ വാക്കിൽ ആത്മഹത്യയാണ് പ്രതികാരം എന്നു കണ്ടെത്തുന്ന എന്റെ കുട്ടികളോട്
തോൽവിയോ ജയമോ അല്ല
നിങ്ങൾ എന്താണെന്ന്, ആരാണെന്ന് സ്വയം തെളിയിക്കുകയാണ് വേണ്ടത് .
അതിലൂടെ ഏതു പ്രതിസന്ധിയിലും പതറാതെ നില്ക്കാനുള്ള ആർജ്ജവമുണ്ടാകട്ടെ .
നാളെ ..ആരെന്നും എന്തെന്നും ആർക്കറിയാം .
വാലറ്റം - ചില വാർത്തകളുണ്ടാക്കുന്ന ഞെട്ടൽ..
കോപ്പിയടിച്ചതിന് അധ്യാപകൻ വഴക്കു പറഞ്ഞതു കാരണം കുട്ടി ആത്മഹത്യ ചെയ്തു .
ഇന്നലെ ഷാർജയിൽ ഒരു മലയാളി പെൺകുട്ടി മരിച്ചു .
സത്യത്തിൽ എക്സാം ഡ്യൂട്ടി എന്ന് കേൾക്കുമ്പോഴേ ഭയമാണ് .
whats appൽ പ്രചരിക്കുന്ന ഒരു സന്ദേശം കൂടി ഒപ്പം ചേർക്കുന്നു .
""പരീക്ഷയ്ക്കിടയിൽ കോപ്പിയടിക്കുന്നതു കണ്ടു താക്കീതു ചെയ്യാൻ അടുത്തെത്തിയ അദ്ധ്യാപകൻ അഡിഷണൽ ഷീറ്റ് കൊടുത്തു പിന്തിരിഞ്ഞു .
എങ്ങാനും പേരെഴുതി വച്ച് ആത്മഹത്യ ചെയ്താലോ
വീട് , കുടുംബം കുഞ്ഞുങ്ങൾ "'.

No comments:

Post a Comment