ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 26 July 2017

മുറിപ്പെടാത്തതായി ഒരു ഹൃദയവും അവശേഷിക്കുന്നില്ല

ഓർമ്മത്തെരുവിലെ ശബ്ദചിത്രങ്ങൾ .
ഉച്ചത്തിൽ സംസാരിക്കുന്നവരുടെ ലോകത്താണ് ഹൃദയം .
കാതുകളിൽ ഒരു മുഴക്കം മാത്രം .
കേൾവിയുടെ പേടകം നിറയെ ചില പഴഞ്ചൻ ഓർമ്മയൊച്ചകളാണ് .
വെളുപ്പിനെ കരിയടുപ്പു പുകച്ചു കണ്ണുകളുമായി കുളിമുറിയിൽ കയറുമ്പോൾ പശ്ചാത്തലമായി കേട്ട "പ്രഭാതഭേരി "
വിരസവിഷാദ സായാഹ്നങ്ങളിൽ മണൽക്കൂനക്കസേരയിലെ വായനകൾക്കു പിന്നിൽ കേട്ട വയലാർക്കവിതകൾ
പ്രൈവറ്റ് ബസ്സിൽ കമ്പിയ്ക്കും കിളിയ്ക്കുമിടയിൽ
തൂങ്ങി നിന്നാടുമ്പോൾ സിനിമാപ്പാട്ടു പകർന്ന രംഗഗീതം
ഇടയിലെപ്പോഴോ താളബോധം നഷ്ടമായ മനസ്സിന്റെ തിരിച്ചു വരവിൽ കേട്ട രബീന്ദ്ര ഗീതങ്ങൾ ..എക്‌ലാ ചോലോ രേ ...
പാതിരാവിൽ വിവിധ് ഭാരതി സ്റ്റുഡിയോയിലെ ഏകാന്തതയിൽ പേർത്തും പേർത്തും കേട്ട
എന്റെ മൺവീണയിൽ..
ഓർമ്മയൊച്ചകൾക്കെല്ലാം എന്നും പതിഞ്ഞ താളമായിരുന്നു .
താളം മുറുകിത്തുടങ്ങിയൊരു കാലത്തു ഈണമില്ലാതെ കുറയൊച്ചകൾ ഒപ്പം കൂടി .
ഒക്കെയും പെണ്ണൊച്ചകൾ !
അതിൽ ചിലത് ..
രാവേറെ വൈകി തമ്പാനൂര് നിന്നുള്ള പാലക്കാട് സൂപ്പർ ഫാസ്റ്റിൽ ലേഡീസ് സീറ്റിന്റെയോരം ചേർന്ന് നിന്നയാളുടെ
കാമമൊലിച്ചിറങ്ങിയ പെൺ ചുരിദാററ്റം .
പകയും സങ്കടവും കണ്ണിൽ നിറച്ചു അവളെന്നെ നോക്കിയ നോട്ടം .
ആയിരം വാക്കുകളുടെ ശക്തിയിൽ അവളുടെയലറൽ
(ഒപ്പം എന്റെയും ).
പെണ്ണൊച്ചയുടെ രൗദ്ര മുഖം .
പഴവങ്ങാടി ഗണേശന് മുന്നിൽ കിഴക്കേക്കോട്ട ബസ്സ്റ്റാൻഡിൽ വല്ലാത്ത നേരത്തു വല്ലാതെ കണ്ട ചിരി .
സ്ഥിരം യാത്രക്കാരിയെന്ന പരിചയത്തിന്റെയടുപ്പം .
"എന്റടുത്തിരിക്കണ്ട കൊച്ചേയെന്ന " താക്കീത് .
കൂട്ടിക്കൊടുത്ത അനിയന്റെ ചങ്കുറപ്പിന്റെ കഥ .
കഥയൊടുക്കം കേട്ട ചേച്ചിയൊച്ച .
"മടുത്തു "
പെണ്ണൊച്ചയുടെ മരവിച്ച മുഖം .
സ്വകാര്യ സ്ഥാപനത്തിലെ ക്ലാർക്ക് പണിക്കിടയിൽ
ഇടയ്ക്കിടെ എത്തുന്ന ചൂട് കട്ടൻ ചായ .
അത് നീട്ടുന്ന വെളുത്ത കൈത്തണ്ടയ്ക്ക് പിന്നിലെ ചിരിച്ച മുഖം .
ഒരു ദിവസം ചിരിമുഖം കറുത്ത് പല്ലു ഞെരിച്ചു .
ഒരു രണ്ടു വർഷം കൂടി കാക്കാതെ വയസ്സറിയിച്ച മകളെ ശപിച്ചു .
പെണ്ണാവുന്നതു പാപമെന്ന് വീണ്ടും വീണ്ടും പറഞ്ഞു കരഞ്ഞു .
എണ്ണിച്ചുട്ട ശമ്പളക്കാരി - പ്രാരാബ്ധക്കാരിയതുകേട്ടു നിസ്സഹായയായി .
മിച്ചം പിടിച്ച ചിട്ടിക്കാശു കൊണ്ടൊരു ബാങ്ക് അക്കൗണ്ട് .
"സിംഹ കൂട്ടായ്മയിലെ " പേരെടുത്ത സിങ്കം മേലധികാരി കനിഞ്ഞു .
പെണ്ണ് പഠിക്കട്ടെഎന്നായി ഒടുക്കത്തെയൊച്ച .
പെണ്ണൊച്ചയുടെ പ്രതീക്ഷാ മുഖം .
മുറുകിയ താളങ്ങൾക്കൊടുവിൽ ഹൃദയം ഒച്ചകൾക്കു കാതു കൊടുക്കാതെയായി .കാരണം അപ്പോഴേയ്ക്കും ചുറ്റിനും ഉച്ചത്തിലുള്ള ശബ്ദങ്ങൾ മാത്രം മുഴങ്ങി .
അതിനിടയിലെപ്പോഴോ കേൾക്കാതെയായ എന്റെ ഹൃദയതാളത്തിനു കാതോർക്കുകയാണ് ഞാൻ .
നിങ്ങളതു കേട്ടുവോ ?
മഴയുടെ ശേഷിപ്പായി ഇലത്തുമ്പിലിറ്റിയ ജലതാളം പോലെയൊന്ന് !
വരാനിരിക്കുന്ന പെരുമഴക്കാലത്തിനു മുൻപ്
അതിന്റെയൊച്ച വീണ്ടെടുക്കണമെനിയ്ക്ക് .
തിരികെ വീണ്ടും നെഞ്ചിൻകൂട്ടിലടയ്ക്കണം .
പിന്നെയൊരു പേമാരിയായി പെയ്യണം .

No comments:

Post a Comment