ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 15 January 2016

.മഴയോ ..മഴ ..

ന്റെ ഉസ്കൂള് ഇന്നാ തുറക്കണേ ....
ന്നാലും ഇത്രേം കരുതീല്ല ....
പുതുവർഷം മൂന്നാം ദിനം , ഒരു ഗൃഹാതുരതാത്തോന്നൽ ...
( അങ്ങനെയൊരു തോന്നൽ ..ഉണ്ടോ ആവോ ...???)
കാര്യംണ്ട് ...
മഴ ...ദുഫായില് ..മഴയോ ..മഴ ..
അങ്ങനെ കോരിച്ചൊരിയുന്ന മഴയൊന്നുമല്ലെങ്കിലും ....
മൊത്തത്തിൽ ഒരു മഴ ഫീൽ ....!!!
റോഡിൽ അവിടവിടെ മഴവെള്ളം കെട്ടിക്കിടക്കുന്നു ....
കുഞ്ഞൻ നേഴ്സറീല് പോണ വഴി
കാലു കൊണ്ട് ഒക്കെ ചവിട്ടിത്തെറിപ്പിച്ചു ...
ന്താന്നറിയില്ല ...ഹൃദയം പഴയ പതിനഞ്ചുകാരിയായി !!
പഴയ നീളൻ യൂണിഫോം പാവാട ഓർമ്മ വന്നു ...
അറ്റത്തെ ചെളിവെള്ളത്തുള്ളികൾ ...
ചെക്കന്മാരുടെ "വൃത്തികെട്ട " കമന്റ് പേടിച്ച്
മാറോടുപ്പിക്കാതെ ദൂരേയ്ക്ക് മാറ്റിപ്പിടിച്ച
പുസ്തകക്കെട്ട് .....
( അതത്ര വല്യ വൃത്തികേടൊന്നും അല്ലെന്നു മനസ്സിലായത്‌
അമ്മയായ ശേഷമാണ് ....)
മുടിതുമ്പ് നനച്ച വെള്ള ഉടുപ്പിന്റെ പിൻഭാഗം ...
മഴത്തുള്ളി തിളങ്ങിയ ചോന്ന ചാന്ത് ...
പടർന്ന പൊട്ടിലും കണ്മഷിയിലും
കളിയാക്കിച്ചിരിച്ച കൂട്ടുകാരിക്കുറുമ്പുകൾ ....
ക്ളാസ്സിൽ പിന്നിൽ നിരന്ന പല വർണ്ണക്കുടകൾ ...
വലിച്ചിറുക്കിയ നനഞ്ഞ പെറ്റിക്കോട്ടു വിറപ്പിച്ച ചുണ്ടുകൾ ...
( അന്നേരം ട്യൂഷൻ ക്ലാസ്സിൽ വരുന്ന ഗേൾസിലെ
രശ്മിയോടസൂയ ...മഴയത്ത് അവരെല്ലാം പാവാടയൂരി
പുറകിലെ ഡെസ്കിൽ ഉണക്കാനിടുമത്രേ ...ഹും ...
പെണ്ണുങ്ങൾ മാത്രമുള്ള സ്കൂളിൽ എന്തുമാവാല്ലോ ...)
അടുത്ത നിമിഷം അസ്സൂയയെ കള്ളക്കണ്ണാൽ
നുള്ളിയെടുത്ത് പറയാ പ്രണയവുമായി
മുൻബെഞ്ചിലെ പൊടിമീശക്കാരൻ ....
പുറകിൽ നിവർത്തി വച്ച കുടക്കമ്പിക്കുള്ളിൽ
പ്രണയ മഴയിൽ കുതിർന്നൊരു പേപ്പർ മടക്ക്‌ ...
അതിൽ ഇടത്തോട്ട് ചരിഞ്ഞ അക്ഷരത്തിൽ
ആദ്യത്തേതും അവസാനത്തേതുമായ
ആൺവരികൾ ...
"അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനി -
ക്കേതു സ്വർഗ്ഗം വിളിച്ചാലും ...
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു
പൊലിയുമ്പോഴാണെന്റെ സ്വർഗ്ഗം ....""...
കയ്യക്ഷരത്തിൽ നിന്ന് ആളെ ഹൃദയം കണ്ടെത്തി ...
പറയാ പ്രണയത്തിന്റെ ഓർമ്മയ്ക്ക്‌ ...
അതിന്നും കൗമാര രഹസ്യമായി തുടരുന്നു ...
എന്റെ പെണ്മഴക്കാലങ്ങൾ
എനിക്കു വേണ്ടി പെയ്തുനിറച്ച
പല സ്വകാര്യങ്ങളിൽ ഒന്ന്.. ...!!

2 comments:

  1. നല്ല എഴുത്ത്,നല്ല ഓർമ്മ......നാടിനെ അനുസ്മരിപ്പിക്കും മഴ ഇവിടെയും (ഷാർജ) ഉണ്ടായിരുന്നു.

    ReplyDelete
    Replies
    1. സന്തോഷം ..സ്നേഹം

      Delete