ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 15 January 2016

മുഖപുസ്തകച്ചുമരുകൾ പറയിപ്പിച്ചത് .......

മുഖപുസ്തകച്ചുമരുകൾ പറയിപ്പിച്ചത് .......
രണ്ടു മൂന്നു ദിവസങ്ങളായി മുഖപുസ്തകം തുറന്നാൽ
ആർത്തവം ...മാസമുറ ....അശുദ്ധം ...ശുദ്ധം ...
ഇത്യാദി "അമ്മൂമ്മ " വിലക്കലുകൾ ഉണ്ടായിരുന്ന പദങ്ങൾ
ഘോരഘോരം ഹൃദയത്തെ നോക്കി പല്ലിളിക്കുന്നു !!
മല ചവിട്ടണോ വേണ്ടയോ എന്നതിനെക്കുറിച്ച്
പറയാൻ ഹൃദയം കൂട്ടാക്കുന്നില്ല .
ഭഗവാനെ കാണാൻ അമ്പലത്തിൽ പോയി തൊഴണം
എന്ന വിചാര വിശ്വാസവും ഹൃദയത്തിനില്ല !
"ദൈവമുണ്ട് " എന്ന പഴയൊരു പോസ്റ്റിൽ
അതിന്റെ കാര്യ കാരണ സഹിതം പറയപ്പെട്ടിട്ടുള്ളതിനാൽ
വീണ്ടും പറഞ്ഞു ബോറാക്കാനും ഹൃദയം ഒരുങ്ങുന്നില്ല !!
(ഹൃദയത്തിന്റെയൊരു കാര്യം !!)
സമത്വം ..ശാക്തീകരണം ഇത്തരം കഠിന പദങ്ങൾ
അവയുടെ പാട്ടിനു പൊയ്ക്കോട്ടെ .
ഇന്നലെ ഹൃദയം ഓർമ്മപ്പെട്ടി തുറന്നത്
പഴയൊരു ചിത്രം നോക്കാനാണ് ..
എട്ടാം ക്ലാസ്സിൽ അടുത്തിരുന്നു നുണ പറഞ്ഞ സുനിത
അച്ഛനുപേക്ഷിച്ചു അമ്മയും രണ്ടനിയത്തിമാരുമുള്ളവൾ ,
ഓലമെടയാനും കൂലിപ്പണിക്കും പോകുന്ന അമ്മ !
കുറച്ചു ദിവസത്തെ അവധിയെടുക്കലിനു ശേഷം
അവൾ ക്ലാസ്സിൽ വന്നു , തുടുത്ത മുഖത്തോടെ !
കാരണം ചോദിച്ച "എട്ടും പൊട്ടും " തിരിയാത്ത ഹൃദയത്തോട്
നാണം മാത്രം നിറച്ചു അവൾ പറഞ്ഞു ..
"അതേ ...വയസ്സറിയിച്ചു "
"അപ്പൊ ഇവൾക്കിതുവരെ ഇവൾടെ വയസ്സറിയില്ലാരുന്നോ " എന്ന ഹൃദയത്തിന്റെ മണ്ടൻ സംശയത്തിന്
പോടീ പട്ടീ ...പൊട്ടീന്നു അവൾ ചിരിച്ചു മറിഞ്ഞു !
അടുത്ത മാസം ഒന്നു രണ്ടു ദിവസങ്ങളിൽ
ഓടിത്തൊട്ടു കളിയ്ക്കോ
എന്തിന് അസംബ്ളിയിൽ മാർച്ചു ചെയ്തു വരാനോ
സുനിതയ്ക്ക് വയ്യ ...
കാരണം ..."തുടയിലെ നീറ്റൽ "
നനച്ചു നനച്ചു വടി പോലെയായ തുണി
അരയിലെ ചരടിൽ ഉറപ്പിച്ച് അവൾ പാട് പെട്ടു ..
സങ്കടം പറയുമ്പോ അവൾടെ അമ്മ പറഞ്ഞു ,
പെണ്ണായി ജനിച്ചില്ലേ അനുഭവിക്ക് !!
എപ്പോഴോ മാസമുറ സംശയങ്ങൾ അമ്മയോട് ചോദിയ്ക്കാൻ ചെന്ന ഹൃദയം സുനിതക്കഥ പറഞ്ഞു ...
പിറ്റേന്ന് അമ്മ വകയൊരു പൊതി ..
"ഇത് സുനിതയ്ക്ക് കൊടുക്ക് "
ഉള്ളിൽ എന്താന്നറിയാൻ ഹൃദയത്തിന് ആകാംക്ഷ
സുനിതയോടൊപ്പം മൂത്രപ്പുരയുടെ വാതിൽപ്പിറകിൽ
അത് തുറന്നു നോക്കുമ്പോ
"ഭംഗിയുള്ള നീല പായ്ക്കറ്റ് കെയർ ഫ്രീ "
പേടിച്ചു വിറച്ച സുനിത അത് തിരികെത്തന്നു ,
പിറ്റേന്ന് വൈകിട്ട് ഒപ്പം അവളെക്കൂട്ടി ചെല്ലാൻ അമ്മ !
കൂടെ മടിച്ചു മടിച്ചു വന്ന അവളോട്‌
അമ്മ വക നിർദ്ദേശങ്ങൾ ..
പിന്നെ അവളുടെ കയ്യിലേൽപ്പിക്കപ്പെട്ട
അച്ഛന്റെ അലക്കിത്തേച്ച രണ്ടു വെളുത്തമുണ്ട് !
പിറ്റേന്ന് സ്കൂളിൽ വച്ച് അവൾ ചെവിയിൽ പറഞ്ഞു
"അത് നിന്റെയമ്മയല്ല ...എന്റെയാ ..."
ഒൻപതിൽ അമ്മയെനിക്കും തന്നു ചില നിർദ്ദേശങ്ങൾ
അപ്പോ ഹൃദയം സുനിത പറഞ്ഞതിന്റെ പൊരുൾ ഓർത്തെടുത്തു !
വർഷങ്ങൾക്കു ശേഷം
നവീന റ്റെക്സ്റ്റയിൽസിൽ ജോലിക്ക് കയറിയ സുനിത
അമ്മയെ കാണാൻ വന്നു ...
പുതിയ ഒരു MCR മുണ്ടും കൊണ്ട് !
പിന്നെ കണ്ണു നിറയെ സ്നേഹവും .
പഴയ ഓർമ്മചിത്രം തിരികെ ഭദ്രമായി വച്ച് പൂട്ടി
ഹൃദയം മറ്റൊരു വാർത്ത പൊടിതട്ടിയെടുത്തു
ഒരു ഫീച്ചർ ..
തമിഴ്നാട്ടിലെ ഒരു മനുഷ്യൻ
മാസമുറ നേരങ്ങളിൽ ഭാര്യയും അമ്മയും അനുഭവിക്കുന്ന
പെടാപ്പാടുകൾ കണ്ട്
കുറഞ്ഞ ചെലവിൽ സാനിട്ടറിപ്പാഡ്
കണ്ടു പിടിക്കാൻ തീരുമാനിച്ചു
അതിന് ആദ്യം വേണ്ടിയിരുന്നത്
ഉപയോഗിക്കപ്പെട്ട ഒരു പാഡ് ആയിരുന്നു .
അതിനു പുറകേ പോയി വീട്ടുകാരിൽ നിന്നും
നാട്ടുകാരിൽ നിന്നും അയാളനുഭവിച്ച പീഡനങ്ങൾ !!
ഇന്ന് സൗത്ത് ഇന്ത്യയിലെ പല ഉൾനാടൻ ഗ്രാമങ്ങളിലും
അയാൾ നിർമ്മിച്ച ചെലവു കുറഞ്ഞ പാഡുകൾ
എത്രയോ സ്ത്രീകൾക്ക് ഉപയോഗപ്പെടുന്നു !
വെള്ളം കിട്ടാൻ കിലോ മീറ്ററുകൾ നടക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിൽ
ശരിയായ ശൗചാലയങ്ങൾ ഇല്ലാത്ത ഗ്രാമങ്ങളിൽ
മാസമുറ സമയത്ത് സ്ത്രീകൾ
എങ്ങനെ കഴിഞ്ഞു കൂടുന്നു വെന്ന് ,
അവർക്ക് എന്ത് സൗകര്യം ചെയ്തു കൊടുക്കാമെന്ന്
ആരെങ്കിലും "ചർച്ചിച്ചിരുന്നെങ്കിൽ "...
,
ശരീരം ശുദ്ധിയാക്കാനുള്ള അവകാശവും അടിസ്ഥാന അവകാശമാണെന്ന്
ആയിരവും പതിനായിരവും ഫോളോവേഴ്സുള്ള സുഹൃത്തുക്കൾ
വാദിച്ചിരുന്നെങ്കിൽ ... ,
മാസമുറ നേരത്തെ ശുചിയില്ലായ്മ കൊണ്ട് അണുബാധയിൽ
വലയുന്ന സ്ത്രീകൾ ജീവിക്കുന്ന "ആർഷ ഭാരതമാണ് "
നമ്മുടേതെന്നു ചിന്തിച്ചിരുന്നെങ്കിൽ ...
സമത്വവും ശാക്തീകരണവും ഒക്കെ നല്ലത് ..
അതിനിറങ്ങും മുൻപ് ,
സ്ത്രീയാവാൻ സ്ത്രീയ്ക്കു മാത്രമേ കഴിയൂ എന്നും
സമത്വം എന്ന ചിന്ത ആദ്യം ഓരോ സ്ത്രീയുടെയും മനസ്സിൽ ഉദിക്കണമെന്നും
ഹൃദയത്തിനു തോന്നുന്നു !!
വാൽക്കഷണം - (മാസമുറ സമയത്ത് ചാക്കിൽ
വെറും നിലത്തു പലകപ്പുറത്ത്‌
തല വച്ചു കിടന്ന് മൂന്നു നാലു ദിവസം മാറിക്കിടന്നുറക്കമിളയ്ക്കേണ്ടി വന്ന
സ്ത്രീകൾ ഇന്നും കേരളത്തിലുണ്ട് ...
അത്രയും ഇല്ലെങ്കിലും ഇന്നും "തീണ്ടാരി " ഒരാചാരമായി
നിലനില്ക്കുന്ന കുടുംബങ്ങളും ഉണ്ട് ..
പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ
വരുത്തിയ മാറ്റങ്ങളും ഉണ്ട് ..
ഒക്കെക്കൊള്ളാം ..
പക്ഷേ ഏതോ ഒരു മുഖപുസ്തക കമന്റിൽ
ഒരു പെൺ കുട്ടി സ്വന്തം "കാലിന്റെടേല് "വച്ചൊരു പ്ളക്കാർഡ് കണ്ട് ഹൃദയം ഞെട്ടി ...
(പഴഞ്ചൻ ഹൃദയമല്ലേ ഷെമി ...)
അതിലെ വാചകം ...
"ദൈവമേ എന്റെ കാലിന്റെടേലേയ്ക്ക് നോക്കണ്ട "
അയ്യപ്പന്റെ വിഷണ്ണ മുഖം ഹൃദയത്തിലേയ്ക്ക് വന്നു ..
ഹൃദയം വാശിയിൽ പറഞ്ഞു
അങ്ങനെ തന്നെ വേണം ...ആ പാവം മാളികപ്പുറത്തിന് ആശ കൊടുത്തു പറ്റിച്ചില്ലേ )

No comments:

Post a Comment