ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 31 January 2016

ക്രിമിനോളജി

വർഷങ്ങൾക്കു മുൻപ് ...
കൃത്യമായി പറഞ്ഞാൽ പത്തു വർഷം മുൻപ് ...
തലസ്ഥാന നഗരിയിലെ സർക്കാർ നിയമ കലാലയം .
ക്രിമിനോളജിയിൽ മനോജ്‌ കൃഷ്ണൻ സാറ്
( മാക്രി എന്ന് ശത്രുക്കൾ വിളിക്കുന്ന )
കത്തിക്കയറുമ്പോഴാണ്‌
മുണ്ടുധാരികളായ താടിക്കാരുടെ സംഘം
സിരകളിൽ വിപ്ലവവുമായി
മുദ്രാവാക്യം വിളിച്ചു കയറി വന്നത് ...
"നമ്മക്ക് വീട്ടിപ്പോവാം ...സമരമാ "
കൂട്ടുകരിപ്പേടി കാതിൽ പറഞ്ഞു !
വരാന്തയുടെ അറ്റം പറ്റി സമരക്കാരുടെ മുന്നിൽ പെടാതെ
പ്രിൻസിപ്പാളിന്റെ ക്യാബിൻ കടന്നു പോകുമ്പോൾ
അപ്രതീക്ഷിതമായി ഇരുചേരിയിൽ
മുദ്രാവാക്യം വിളിച്ചു വന്ന ഖദറും -ചുവപ്പും
പരസ്പരം "ഉപ്പു നോക്കാൻ " തുടങ്ങി
( ഉപ്പു നോക്കുക എന്നാ പ്രയോഗം - കടപ്പാട് കല്പ്പന ചേച്ചി )
ഭയന്ന് വിറച്ച ഹൃദയം കൂട്ടുകാരിക്കൈ പിടിച്ചോടി
നീളൻ വരാന്ത കടക്കാനൊരുങ്ങുമ്പോൾ
മാഫിയാ ശശി ശിഷ്യപ്പെടുന്ന വിധം
ഫൈറ്റ് സീൻ മുന്നിൽ !
കരളെടുത്തു കയ്യിൽ പിടിച്ചോടി
മുന്നിൽ കണ്ട വാതിൽ തള്ളിത്തുറന്ന് കയറി ..
പ്രിൻസിപ്പാൾ കട്ടിക്കണ്ണടയുയർത്തി നോക്കിയപ്പോഴാണ്
"സ്ഥലകാല ബോധം " വന്നത് !!
"അടി ...അവിടെ "
എന്നൊരു വിധം പറഞ്ഞൊപ്പിച്ചപ്പോൾ
ഇപ്പോഴത്തെ "നിയമപാലകരുടെ നിസ്സംഗത "
വാക്യത്തിൽ പ്രയോഗിക്കും മട്ടിൽ
അദ്ദേഹം എഴുത്തു കുത്തു തുടർന്നു ..!
പുറത്തിറങ്ങാൻ ഭയം ..അകത്തു നില്ക്കാനും വയ്യ
ആകപ്പാടെ ,
നല്ല ചൂട് പഴം പൊരി വായിലേക്കിട്ട അവസ്ഥ !
കൊതി മൂത്ത് തുപ്പാനും വയ്യ
പോള്ളീട്ടിറക്കാനും വയ്യ !
പെട്ടെന്ന് ഹാഫ് ഡോറ് തുറന്ന് ഒരുത്തൻ ചാടി വീണു
വീഴ്ചയുടെ ആയത്തിൽ റൂമിലെ സ്ക്രീനും ഞാനും
ലവ് സീൻ കളിച്ചു .
( തട്ടിയുടെ മേലേയ്ക്കു തട്ടി മറിഞ്ഞു വീണൂന്ന് )
വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന മട്ടിൽ
തട്ടിപ്പുറത്തൂന്നു തട്ടിപ്പിടഞ്ഞെണീക്കാൻ വയ്യാതെ
കിടന്ന കിടപ്പിൽ , ആദ്യമായി
"അരിപ്പയണ്ടർ വെയർ " കണ്ടു
തുള ...തുളയോ തുള ...
( കണ്ടത് പിന്നാമ്പുറം ...ഉമ്മറം കാണും മുൻപ് ചാടി എണീറ്റു )
ഹാഫ് ഡോർ തുറന്നു വന്നവൻ
മുണ്ടിന്റെ അഭാവത്തിൽ ചമ്മി നിന്നു
"ഓ യെവൻ അണ്ടർ വെയർ ഇട്ടിട്ടുണ്ടോയെന്ന
അതിശയമട്ടിൽ
കണ്ണാടിക്കിടയിലൂടെ നോക്കി
പ്രിൻസി വക ഡയലോഗ്
" ഗോ ഔട്ട്‌ "
അങ്ങനെയൊരു മനുഷ്യ ജീവി അവിടെയുണ്ടെന്ന തിരിച്ചറിവിൽ
പുറത്തേക്കു നടക്കാനൊരുങ്ങിയ ഹൃദയം
തറഞ്ഞു നിന്നു പോയി !!
വെള്ളിതിളക്കമുള്ള വടി വാളിന്റെ പിന്നിൽ
കറുത്തിരുണ്ട കയ്യും മൊട്ടത്തലയും റൂമിന് മുന്നിൽ !
"അരിപ്പയണ്ടർ വെയർ " മേശയ്ക്കു പിന്നിലൊളിച്ചു ..
ഡോർ വലിച്ചു തുറന്ന് അകത്തേയ്ക്ക് കടക്കാനൊരുങ്ങിയ
അവന്റെ പിറകെ ഘന ഗംഭീര ശബ്ദം ..
IPC സെക്ഷനുകൾ ഓരോന്നായി കീറി മുറിച്ചു പഠിപ്പിച്ച ,
Insanity യുടെ സാമൂഹ്യ തലങ്ങൾ ബോധ്യപ്പെടുത്തിയ
അശ്ലീലത്തിന്റെയും അതിശയോക്തിയുടെയും
കൂട്ടുപിടിക്കാതെ
സെക്ഷൻ 375 വിശദീകരിച്ചു തന്ന ,
മനപ്പൂർവ്വമല്ലാത്ത നരഹത്യയുടെ
വിവിധ ശിക്ഷാ വശങ്ങൾ കാട്ടിത്തന്ന
"Criminals are made, not born"
എന്ന് ആവർത്തിച്ചു പറയുന്ന
നിയമ ഗുരു ...അജയകുമാർ സാർ
അക്രമിയ്ക്ക് ഗുരുവും "ഗുരുത്വവും " ഇല്ലല്ലോ !!
എങ്കിലും അദ്ദേഹത്തിന് നേരെ തിരിഞ്ഞ മൊട്ടത്തല
ഒരു നിമിഷം ഒന്ന് നിന്നു
വടിവാൾ വിയർത്തു മുഷിഞ്ഞ ഷർട്ടിന്റെ പിന്നിൽ
മുഖമൊളിപ്പിച്ചു കയറിപ്പോയി
കൈ വീശി ,
"സോറി സാർ " എന്ന് കണ്ണ് കൊണ്ട് ക്ഷമാപണം നടത്തി
അവൻ നടന്നു പോയി !!
പേടിച്ചു നിന്ന ഞങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു
"വക്കീലാവണ്ടേടോ ..
നാളെ കൊലപാതകം വാദിക്കേണ്ടവരല്ലേ
ഇതൊക്കെ ട്രെയിനിംഗ് ന്റെ ഭാഗം ...
വീട്ടിൽ പൊയ്ക്കോ "
ഈ രംഗം ഇന്നായിരുന്നെങ്കിലെന്ന്
ചിന്തിച്ച മാത്രയിൽ ഹൃദയം ഞെട്ടി !!
പിന്നെ ,
മാധ്യമങ്ങളിൽ നിറഞ്ഞ തല്ലു രംഗങ്ങളിൽ വിലപിച്ചു ..
പ്രസ്ഥാനത്തെ വളർത്താൻ ചങ്കും ചോരയും കൊടുത്തവരെ
ഓർത്തു സഹതപിച്ചു ...
ഒരുളുപ്പുമില്ലാതെ പിന്നിൽ നിന്ന് തള്ളി
വീരനായ ,
"പിതാവിന് ജനിക്കാത്തവനേ ..."
ടി .പി ശ്രീനിവാസന്റെ യോഗ്യതയും അനുഭവ സമ്പത്തും
ഒരുപക്ഷേ ,
അദ്ദേഹം ആരെന്നു പോലും
അറിയില്ലായിരിക്കും നിനക്ക് ..
പക്ഷെ പ്രായത്തെ മാനിയ്ക്കുക തന്നെ വേണമായിരുന്നു .
പിന്നിൽ നിന്ന് അടിച്ചു വീഴ്ത്തി ആളാവുക
ക്രിമിനൽ ചിന്താഗതി ഉള്ളവർക്കും അത് പരിപോഷിപ്പിക്കുന്നവർക്കും
വല്യ കാര്യമായിരിക്കും
പക്ഷേ ,
കാണുന്നവർക്ക് അത് അറപ്പും വെറുപ്പും മാത്രമേയുണ്ടാക്കുള്ളൂ ..
കണ്ട ദൃശ്യത്തിൽ നിന്ന് ,
അതുണ്ടാക്കിയ വേദനയിലും അമർഷത്തിലും
നിന്ന് മുഖം തിരിച്ച്
ഹൃദയം പഴയ നിയമ പഠന ക്ളാസ്സിലേക്ക്‌ കയറിപ്പോയി ...
പിന്നെ പലയാവർത്തി ഇങ്ങനെ ഉരുവിട്ടു
""There are Crimes of Passion and Crimes of Logic.
The boundary between them is not clearly defined ."

3 comments:

  1. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ . ഇതൊന്നും ഇല്ലാത്തവർ ഇങ്ങനെ ചെയ്തില്ലെന്ക്കിലെ അതിശയം ഒള്ളു .... എഴുത്ത് മനോഹരം .

    ReplyDelete
  2. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ . ഇതൊന്നും ഇല്ലാത്തവർ ഇങ്ങനെ ചെയ്തില്ലെന്ക്കിലെ അതിശയം ഒള്ളു .... എഴുത്ത് മനോഹരം .

    ReplyDelete