ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 31 January 2016

"നൻപൻ "

എല്ലാവർക്കും സ്വാർഥതയാണ് ...
ഹൃദയം പൊട്ടിത്തെറിച്ചു !!
കുഞ്ഞനോടൊപ്പം മിന്നാമിന്നിയിൽ
ഉറുമ്പിനു വഴി കാണിച്ചു കൊടുത്തുകൊണ്ടിരുന്ന നല്ലപാതി
അമ്പരന്നു നോക്കി !
പിന്നെ ,ഇതിടയ്ക്കിടെ കേൾക്കുന്നതല്ലേയെന്ന മട്ടിൽ
വഴി വളവുകളിൽ കണ്ണ് നട്ടു .
റൂം നടുങ്ങുമാറ് നരേഷ് അയ്യരും അസ്ലമും പാടിത്തുടങ്ങി
"ലൂസ് കൺട്രോൾ ...."
ഇന്നെന്താ ഡിപ്രഷൻ എന്ന നല്ലപാതിയുടെ സംശയത്തിന്
ഹൃദയത്തെ വേദനിപ്പിച്ച സ്വാർത്ഥതക്കഥ വച്ചു കാച്ചി
ഇടയ്ക്കിടെ കെട്ട്യോന്റെ പോക്കറ്റീന്ന്
ഹൃദയം കാശടിച്ചു മാറ്റും
അങ്ങനെയടിച്ചു മാറ്റിയ ഒരു അമ്പതു ദിർഹം
ഷോപ്പിൽ പോകാനിറങ്ങുമ്പോൾ നഷ്ടമായി !
അതിന്റെ ആലോചനയിൽ നടന്നു നടന്നു ബസ് മാറിക്കേറി
വേറെവിടെയോ എത്തി
"പറ്റി " എന്ന് പിടികിട്ടിയപ്പോ
അടുത്ത് കണ്ട സ്റ്റോപ്പിൽ ചാടിയിറങ്ങി .
ഇപ്പൊ ഇവിടെ വേഗം ഇരുട്ടാവും
ഇറങ്ങിയ പാടെ ആകാശത്തേക്ക് നോക്കിയപ്പോ
മേഘ പടത്തിൽ "സാത്താൻ " ചിരിക്കുന്നു .
(ഇതെന്ന് നിർത്തുന്നോ അന്നേ ഞാൻ നന്നാവുള്ളൂ )
കെട്ട്യോനെ വിളിച്ചു പറഞ്ഞാൽ ടെൻഷൻ അടിച്ചു
ജീവൻ കളയുമെന്ന് കരുതി
"കാർ മുതലാളിയായ " ഒരു സുഹൃത്തിനെ വിളിച്ചു .
അദ്ദേഹം വല്യ തെരക്കുള്ള പുള്ളി ആയിരുന്നൂന്ന്
തിരിച്ചറിയാത്തത് ഹൃദയത്തിന്റെ കുറ്റം
വഴിതെറ്റി നില്ക്കുകയാണെന്ന് പറഞ്ഞിട്ടും വല്യ ചിന്തയൊന്നും
മറുവശത്ത് കാണാനില്ല .
ഒടുക്കം -ഞാൻ മാനേജ് ചെയ്തോളാമെന്നു പറഞ്ഞ്
ഫോൺ വച്ചു .
ഹല്ല പിന്നെ !!
നേരം നന്നായിരുട്ടി ..ദോഹയിൽ വച്ച് കേട്ട ചില ദുബായ്
കഥകളോർമ്മ വന്നു ...
കാറുണ്ടായിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ആദ്യമായി
ആത്മാർഥമായി ആഗ്രഹിച്ചു പോയി !
ഒന്നു രണ്ടു ബലൂച്ചികൾ അവിടെ കൂടി നിന്നിരുന്നു
അവരുടെ നില്പ്പ് പന്തിയല്ലെന്ന് കണ്ട്
എങ്ങോട്ടെന്നില്ലാതെ നടന്നു
അടുത്ത ബസ് സ്റ്റോപ്പിൽ ( RTA ക്ക് നന്ദി )
ഒരു ആഫ്രിക്കൻ പൗരൻ ഇരുന്നിരുന്നിരുന്നു
(ദോഹയിലെ "സുഡാൻ" അനുഭവം കൊണ്ട്
വഴി ചോദിക്കാൻ ധൈര്യം വന്നില്ല)
മുഖത്തെ ടെൻഷൻ കണ്ടാവണം
അയളിങ്ങോട്ടു ചോദിച്ചു
എവിടെയ്ക്കാണെന്ന് !
പരിശുദ്ധാത്മാവിനെ മനസ്സില് ധ്യാനിച്ച്
കാര്യം പറഞ്ഞു .
ആദ്യം പുള്ളി മെട്രോ ബസ് സ്റ്റേഷനിലെക്കുള്ള
ബസ് നമ്പർ പറഞ്ഞു തന്നു .
ബസ് വന്നപ്പോൾ ആൾ ഒപ്പം കയറി
(ഈശോ ..മറിയം ...ഔസേപ്പേ )
എന്തായാലും പാം ദെയ്റ മെട്രോ സ്റ്റേഷനിൽ ഒപ്പമിറങ്ങി
കൈവീശി അയാൾ നടന്നു പോയി ..
കണ്ണിൽ നിന്ന് മായാത്ത ആ "മഞ്ഞച്ചിരി" വെട്ടത്തിൽ
ഗ്രീൻ ലൈൻ പിടിച്ചു വീടെത്തുമ്പോൾ
ഹൃദയം പറഞ്ഞു
"ദൈവമുണ്ട് "
വന്നു കയറിയ ഉടനെയാണ് സ്വാർത്ഥത പൊട്ടിത്തെറി
ഹൃദയം നടത്തിയത് !!
എന്തായാലും നല്ലപാതിക്ക് നന്ദി ,
"കുമ്പസാരം കേട്ട് കൂമ്പിനിട്ടിടിക്കാത്തതിന് ".
(പുള്ളി ക്ഷമയുടെ നിറകുടമാകുന്നു
ഹൃദയം അത് തട്ടിപ്പൊട്ടിക്കാൻ നടക്കുന്ന കള്ളിപ്പൂച്ചയും )
എല്ലാം കേട്ടു കഴിഞ്ഞു ഒരു കൂർത്ത നോട്ടം നോക്കി
അദ്ദേഹം ക്ലൈമാക്സ്‌ ഡയലോഗ് കാച്ചി
"സ്വാർത്ഥത കാട്ടുന്നതിന്
എല്ലാവര്ക്കും അവരവരുടേതായ
കാരണങ്ങളുണ്ട് അഞ്ജൂ
ഈ എനിക്കും ഇയാൾക്കും അതുണ്ട് "
പുതിയ വെളിപ്പെടുത്തലിൽ അന്തം വിട്ടു ഹൃദയം
ആ ഗൗരവ മുഖത്ത് നോക്കി നിന്നു .
പിന്നെ ചോദിച്ചു .
"എന്നാ പറ എന്താ താങ്കളുടെ സ്വാർത്ഥത ??"
ഉടൻ വന്നു റെഡി മണി ഉത്തരം
"ഇയാൾടെ പേരിനു പുറകിലുള്ള
"രജീഷ് "
അതാണ്‌ എന്റെ സ്വാർത്ഥത "
ഇങ്ങേരെന്നെക്കൊണ്ട് വീണ്ടും പ്രേമിപ്പിക്കും
എന്ന് പറഞ്ഞ ഹൃദയം
നരേഷ് അയ്യരുടെ വായടച്ചു പൊട്ടിച്ചിരിച്ചു .....
വാൽക്കുത്ത് :
അന്യദേശത്തു വഴി തെറ്റി നിന്ന കുഞ്ഞാട്
വീട്ടിലെത്തിയോന്നു പോലും ഒന്ന് വിളിച്ചു ചോദിക്കാത്ത
സൌഹൃദത്തിന് ,
"നൻപൻ " എന്നാൽ നമ്പാവുന്നവനാവണം എന്ന
തിരിച്ചറിവുണ്ടാക്കിത്തന്നതിന് ,
റൊമ്പ നൻട്രി 

No comments:

Post a Comment