ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 15 January 2016

--------ജമന്തികൾ ,സുഗന്ധികൾ ------

മരുഭൂമി മഴക്കാറിൽ ഹൃദയം പറഞ്ഞത് ...
--------------------------------------------------------------------------
ഇന്നലെ സ്കൂൾ ബസ്സിലിരുന്നു വായിക്കാൻ
ഇറങ്ങാൻ നേരത്തെ പതിവ് വെപ്രാളത്തിനിടയിലും
ഒരു പുസ്തകം ബാഗിലെടുത്തു വച്ചിരുന്നു ..!
പക്ഷെ മാനത്തെ മഴക്കാറ് കണ്ടു മോഹിച്ച ഹൃദയം
വായനയെ മാറ്റി വയ്ക്കാൻ തീരുമാനിച്ചു .
പുറത്തെ ജാലകക്കാഴ്ച്ചകളിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ
ഹൃദയം മൂളിയതൊരു പഴയ പാട്ട് ...
""ജമന്തിപ്പൂക്കൾ ...ജനുവരിയുടെ മുടി നിറയെ ...""
നായകൻ വിൻസെന്റൊ നസീറോ ??-ഓർമ്മയില്ല !
നോക്കുന്നിടത്തെല്ലാം ജമന്തി വിരിപ്പുകൾ ..
(ജമന്തീന്നു തന്നെയല്ലേ ??
അതോ ചെണ്ടുമല്ലിയോ ???
ഐറിഷ് വ്യക്തമാക്കുക ..@Irish Valsamma
മണ്ണുകാണാതെ അടുങ്ങിയടുങ്ങി
അവയങ്ങനെ മഴച്ചാറ്റലേറ്റു തിളങ്ങുന്നു ..!!
ജനുവരിയും ജമന്തിപ്പൂക്കളും പ്രണയികളാണോ ??
എന്തായാലും ,
ഇവിടത്തെ ചെടികൾ ---ചെടി നടലുകൾ
അമ്പരപ്പിക്കുന്നതാണ് !
ഇടയ്ക്കിടെ നിറം മാറുന്ന നിരത്തുകൾ !
തണുപ്പിന്റെയും ചൂടിന്റെയും ആവർത്തന വിരസത
ഹൃദയം അറിയാത്തത്
ഒരുപക്ഷേ , നിറങ്ങൾ തീർക്കുന്ന
ഈ വിസ്മയം കൊണ്ടാവാം !
ഇടയ്ക്ക് കോളാമ്പിപ്പൂക്കളായിരുന്നു നിരത്തുകളിൽ ..
ഇളം വയലറ്റ് നിറമുള്ള കോളാമ്പിപ്പൂക്കൾ
പിന്നെ പല നിറ ബോഗൈൻ വില്ലക്കുഞ്ഞന്മാർ ..
പിങ്ക് -വെള്ള സീനിയപ്പൂച്ചിരികൾ !
എന്റെ വിദ്യാലയത്തിൽ ഞാനാദ്യം പോയത്
ഷാബുച്ചേട്ടന്റെ പുസ്തകത്തിന്റെ
രണ്ടാം എഡിഷൻ പ്രകാശനച്ചടങ്ങിന് !
അന്നേ ആ അന്തരീക്ഷം ഹൃദയത്തിനു ""ക്ഷ "'പിടിച്ചു .
നിറയെ മരങ്ങൾ ,
വിശാലമായ സ്കൂൾ മുറ്റം
വരിയിട്ട വേപ്പുമരങ്ങളിൽ തട്ടി മുടി തലോടുന്ന കാറ്റ് !
ഒരറ്റത്ത് നിറയെ പൂക്കളുള്ള വെള്ള മന്ദാരം ..
അസംബ്ളി ഗ്രൌണ്ടിന്റെ അതിരുകളിൽ
വളഞ്ഞു പുളഞ്ഞു നില്ക്കുന്ന ചെമ്പക ഭംഗികൾ ..
ഇളം നാമ്പു നീട്ടുന്ന മാവ് ..
ചോന്ന കായ്കൾ കാട്ടിക്കൊതിപ്പിച്ച പേരാൽ
മാതള നാരകക്കൊമ്പുകൾ നീട്ടിയ ,
ഓറഞ്ച് നിറപ്പൂചില്ലകൾ !!
ഇടയ്ക്കിടെ വള്ളി നീട്ടിച്ചിരിക്കുന്ന നക്ഷത്രവല്ലികൾ ..
കരിയിലകൾ വീണ വഴികൾ ..
മുകളിലെ വിശാലമായ നീലാകാശം ..
അങ്ങനെയങ്ങനെ മരുഭൂമിയെന്നതു മറന്നു
ഹൃദയത്തെ മോഹിപ്പിച്ച സ്ഥലം !!
ടീച്ചർ ജോലിക്കിറങ്ങുമ്പോ
കുട്ട്യോളും ആ സ്കൂളുമായിരുന്നു കിനാവിൽ ...
മികച്ച പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനമുള്ള
രാജ്യമാണെങ്കിൽ ,
പരമാവധി അതുപയോഗപ്പെടുത്തി ,
പാർക്കിംഗിനു വേണ്ടിയുള്ള ഓട്ടപ്പാച്ചിൽ
കുറയ്ക്കണമെന്നാണ് ഹൃദയത്തിന്റെ പക്ഷം !
(അല്ലാണ്ട് കാറെടുക്കാൻ കാശില്ലാന്നു പറയാമ്പറ്റുമോ ...
അഭിമാനം ...നം ..നം )
അങ്ങനെ ബസ് യാത്രകളിൽ ഹൃദയം കണ്ട ,
നട്ടു പിടിപ്പിക്കുകയും പറിച്ചു മാറ്റപ്പെടുകയും
ചെയ്യപ്പെടുന്ന ചെടികൾ ..
--------സന്തോഷങ്ങൾ ,സങ്കടങ്ങൾ ---
പിഴുതു മാറ്റപ്പെടാൻ അവയാഗ്രഹിച്ചില്ലെങ്കിലും
ഇവിടെയത് പതിവാണ് !
പലതും പലർക്കും പലപ്പോഴും
മാനസികോല്ലാസത്തിനു മാത്രം
ഉതകുന്നവയത്രെ !!!
ചെടികളുടെ ആത്മാവ് ,
വേരുപിടിക്കുന്നയാഴങ്ങളിലെ
തണുതണുപ്പിനോടുള്ള അനുരാഗം ,
മാനം നോക്കിയ പ്രതീക്ഷച്ചില്ലകൾ ,
ഇനിയും പൂക്കാനുള്ള ദാഹം,
ഇവയൊക്കെയാരറിയുന്നു !!!
വയലറ്റ് നിറ കോളാമ്പിപ്പൂക്കൾ
ജമന്തിച്ചിരിയ്ക്ക് വഴി മാറുന്നു .
ഈ ചിരിയും മായും .
ജീവിത തത്ത്വമെന്ന പോലെ !
ഒന്ന് പോകുമ്പോൾ മറ്റൊന്ന് !
(പക്ഷേ ഒന്ന് പറയാതെ വയ്യ ,
ഇത്രയും ഭംഗിയായി ഇവ ഈ മരുഭൂമിയിൽ
നട്ട് പിടിപ്പിക്കുന്നത് ...)
കാഴ്ചകളിൽ നിന്ന് മുഖം തിരിച്ച്
വായിക്കാനെടുത്തു വച്ച പുസ്തകം തപ്പി
പിന്നെ ,
തലക്കെട്ടു കണ്ട് തലകറങ്ങി
ഹൃദയം അന്തം വിട്ടു കുത്തിയിരുന്നു !!!!
--------ജമന്തികൾ ,സുഗന്ധികൾ ------
സന്തോഷ്‌ ഏച്ചിക്കാനം

No comments:

Post a Comment