ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 May 2016

ശിക്ഷിക്കേണ്ടത് മറ്റാരെയുമല്ല ...........

മിണ്ടാതിരിക്കുന്നത് മണ്ടത്തരമെന്ന് ,
മിണ്ടുന്നത് വങ്കത്തമെന്ന് സ്ത്രീഹൃദയം !
എങ്കിലും ചിലത് പറയാതെ വയ്യ !
"ക്രൂരം " എന്ന വാക്ക് ഒരു വാർത്തയ്ക്കു തലക്കെട്ടായി
കണ്ടപ്പോൾ മുതൽ
ഹൃദയം മൗനമവലംബിക്കാൻ നോക്കുന്നു ..
കുറച്ചേറെ നാൾ മുൻപ് ,
മുറവിളി -നിലവിളി കൂട്ടിയതല്ലേ
ഇനിയും ചർച്ചിക്കുന്നതെന്ത്‌ എന്നു ചിന്തയിലാഴുന്നു .
പക്ഷെ ചില പോസ്റ്റുകളിലെ ആത്മരോഷവും ഹാഷ് ടാഗ്
മുദ്രാവാക്യങ്ങളും കാണുമ്പോൾ പറയാതെ വയ്യ !
ചില പോസ്റ്റുകളിലെ സങ്കട സങ്കീർത്തനങ്ങളും
ശാക്തീകരണാഹ്വാനങ്ങളും വായിക്കുമ്പോൾ
പറയാതെ വയ്യ !
എല്ലാറ്റിനുമുപരി ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ
""സത്യം പറയുവാനുള്ള ശ്രമം "" കണ്ടില്ലെന്നു നടിക്കാനുമാവുന്നില്ല !
കരാട്ടെയും കളരിപ്പയറ്റും ശാക്തീകരണ അടവുകളും
മാത്രം മതിയോ ?
സ്വയം പൊരുതി സമൂഹത്തിൽ നിലനില്ക്കാൻ
ആഹ്വാനങ്ങൾ മതിയോ ?
ആണ്മക്കളുള്ള അച്ഛന്മാർക്ക് ,
സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന മാതൃക എന്തുകൊണ്ട് സ്വന്തം വീട്ടിൽ കാട്ടിക്കൊടുത്തുകൂടാ ??
ആൺകുഞ്ഞുങ്ങളുള്ള അമ്മമാർക്ക്
സ്ത്രീകളെ കാണേണ്ട കണ്ണേതെന്ന മട്ടിൽ
എന്തുകൊണ്ട് സ്വന്തം മക്കളുടെയുള്ളിൽ ഉൾക്കണ്ണായിക്കൂടാ ?
വാളും പരിചയും വാക്കുകൾ കൊണ്ട് സ്ത്രീകളുടെ കയ്യിൽ പിടിപ്പിക്കുന്നതിനേക്കാൾ ,
പൊരുതി ജീവിക്കാൻ അവളുടെ കാതിലോതി
നടക്കുന്നതിനേക്കാൾ ,
അതല്ലേ കൂടുതൽ എളുപ്പം ?
രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുടെ കയ്യിൽ
സ്വന്തം സൗകര്യത്തിനു വേണ്ടി
ആധുനിക രീതിയിലുള്ള " ആയുധ വലകൾ ""
പിടിപ്പിക്കുന്ന തിരക്കിൽ ,
ലൈംഗിക വിദ്യാഭ്യാസം മറന്നു പോകുന്നതാവാം .
അവൻ കാണുന്നതെന്ത് ? കേൾക്കുന്നതെന്ത് ? മനസ്സിലാക്കുന്നതെന്ത് ? എന്ന ചോദ്യത്തിന് ,
"ഓ ആർക്കാ അതൊക്കെ നോക്കാൻ നേരം
എന്റെ മോനെ എനിക്ക് വിശ്വാസമാണ് ""
എന്ന് ഒഴികഴിവ് പറയുമ്പോൾ ,
""ഇതൊക്കെ പഠിപ്പിക്കുന്നതെന്തിന് ?"" എന്ന് സാ മട്ടിൽ
പറഞ്ഞു മാറുമ്പോൾ ,
പരീക്ഷണോത്സുകനായി അവനിറങ്ങാൻ സാധ്യതയുള്ള
മേഖലകൾ കൂടി മറന്നു പോകുന്നു !!
നമുക്ക് നേരം തീരെയില്ലല്ലോ !!!
ഒറ്റപ്പെട്ടു പോയൊരു പെണ്ണിനെ കണ്ടാൽ
""എങ്ങനെ അവളെ സുരക്ഷിതമായി വീട്ടിലെത്തിക്കാം ""
എന്നാലോചിക്കും മുൻപ്
""എങ്ങനെ അവളെ ഉപയോഗിക്കാം "" എന്നാലോചിക്കുന്ന രീതിയിലേയ്ക്ക്
എങ്ങനെയാണ് ചിന്തകൾ മാറിപ്പോകുന്നത് ??
സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ
പലപ്പോഴും ബലാത്സംഗ ശ്രമങ്ങൾ തന്നെയാണ് !
അറയ്ക്കുന്ന അത്തരം വാക്കുകൾ പ്രയോഗിക്കാൻ മാത്രം
നെഗറ്റിവിറ്റി നമ്മുടെ പുരുഷന്മാർക്ക് എങ്ങനെ വരുന്നു ?
മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ തേടുന്ന ചിലരാവട്ടെ ,
""അതേതു"" രീതിയിൽ നടന്നു എന്ന വർണ്ണനകളിൽ മാത്രം തത്പരരാണ് ...
പിന്നെ അതെടുത്തു ആത്മരോഷം കലർത്തി
മുഖപുസ്തകത്തിലിട്ടലക്കുന്നു !!
ഒരു ""കൊച്ചുപുസ്തകത്തിന്റെ "" ലാഘവത്തിൽ
പത്രത്തിൽ വന്ന വിവരണം അതേപടി പോസ്ടുന്നവരുമുണ്ട് !
സഹോദരന്മാരേ / അനിയന്മാരേ ,
നിങ്ങൾ അവളെ വീണ്ടും വീണ്ടും കൊല്ലുകയാണ്
വാക്കുകളുടെ വായ്ത്തല കൊണ്ട് !
നിങ്ങൾക്കെതിരെയാണ് IPC മുന്നൂറ്റിയെഴുപത്തിയാറാം വകുപ്പ്
പ്രയോഗിക്കേണ്ടത് ...
( പരമാവധി പഴുതുകളുള്ള , സുഖചികിത്സാ വകുപ്പ് )
ദയവു ചെയ്തു ചർച്ചിച്ചു ചർച്ചിച്ച് വിഷയം നീട്ടാതെ
സ്വന്തം വീട്ടിൽ നിന്ന് തുടങ്ങൂ ,
സ്വയം തുടങ്ങൂ .
പെണ്മക്കൾക്കു സ്വയരക്ഷാ മാർഗ്ഗം ഉപദേശിക്കുന്നതിനൊപ്പം
ആണ്മക്കൾക്ക് ""സാമൂഹ്യ വിദ്യാഭാസം " നല്കുക ...
അല്ലാത്തപക്ഷം ,
നാം ശിക്ഷിക്കേണ്ടത് മറ്റാരെയുമല്ല ............
Like
Comment

1 comment:

  1. എവിടെ നിന്നും തുടങ്ങണം എന്നത് തന്നെയാണ് പ്രശ്നം. കണ്ടും കെട്ടും വളരുന്നത്‌ മുഴുവൻ ഇത്തരം കാര്യങ്ങൾ. നേതാക്കളും സെലിബ്രിറ്റി കളും ചെയ്യുമ്പോൾ ആഘോഷിക്കുന്നു. അത് കണ്ടു അത്തരത്തിൽ എത്താൻ ആഗ്രഹിക്കുന്നു. അതാണ്‌ പ്രധാന കാര്യം. പിന്നെ സ്വയം അബലയാനെന്ന സ്ത്രീയുടെ വിശ്വാസവും. എന്തിനുമുള്ള ഈ എക്സ്ക്യുസ് മറ്റൊരു കാരണമാകുന്നു.

    ReplyDelete