ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 May 2016

അതിലും ഭേദം

ദീർഘനേരം നീണ്ടു നില്ക്കുന്ന ചില സംഭാഷണങ്ങളെ
ഹൃദയം വെറുക്കുന്നു ...
അതിലും ഭേദം
മൗനമുറഞ്ഞൊരു നോട്ടമാണ് !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില ആലിംഗനങ്ങളെ
ഹൃദയം വെറുക്കുന്നു ..
അതിലും നല്ലത്
ഹ്രസ്വവും ചടുലവുമായൊരു സ്പർശനമാണ്‌ !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില പൊട്ടിച്ചിരികളെ
ഹൃദയം വെറുക്കുന്നു ...
അതിലും നന്ന്
ആത്മാവ് കവരുന്നൊരു പുഞ്ചിരിയാണ് !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില സമാഗമങ്ങളെ
ഹൃദയം വെറുക്കുന്നു ...
അതിലും ഭേദം
കരളു പറിച്ചെടുത്തു കണ്ണ് നിറഞ്ഞൊരു വേർപിരിയലാണ് !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില സൗഹൃദങ്ങളെ
ഹൃദയം വെറുക്കുന്നു ...
അതിലും നല്ലത്
എന്നോ പിരിഞ്ഞ കാണാച്ചങ്ങാത്തമാണ് !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില ചുംബനങ്ങളെ
ഹൃദയം വെറുക്കുന്നു ...
അതിലും നന്ന്
സ്നേഹച്ചൂടുള്ളൊരു ചാവുചുംബനം തന്നെ !!!

2 comments:

  1. ചില നേരങ്ങളിൽ തോന്നുന്ന ഒരു ചിന്ത

    ReplyDelete