ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 May 2016

ചുവരുകളാൽ പറയപ്പെട്ട ചില കഥത്തുണ്ടുകൾ

ഒന്പതാം ക്ലാസ്സിന്റെ ജനാലയ്ക്കപ്പുറം നിറയെ ഓറഞ്ചു പൂക്കൾ നിറഞ്ഞ മരത്തിന്റെ
ഇലകളിൽ കാറ്റ് പിടിച്ചപ്പോഴാണ് ഹൃദയമൊരു കുരുവിക്കരച്ചിൽകേട്ടത് !!
എത്തിനോക്കുമ്പോൾ എടുക്കാനാവാച്ചില്ല കൊക്കിലൊതുക്കി പറക്കാൻ നോക്കുന്നൊരു
വെളുവെളുമ്പൻ കുരുവിപ്പെണ്ണ് ..
""പെണ്ണേ , കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ "എന്ന് ഹൃദയം !
ഹൃദയം എന്നും അങ്ങനെയായിരുന്നു ,
എന്നും കൊക്കിലൊതുങ്ങിയതു മാത്രം കൊത്തി ശീലിച്ചു .
അതിനപ്പുറത്തേയ്ക്കൊരു നോട്ടമുണ്ടായാൽ
അതിനിപ്പുറം നോക്കി സമാധാനിച്ചു !
അമ്മപ്പറച്ചിലോർത്തു നെടുവീർപ്പിട്ടു ..
"നമുക്ക് താഴെയുള്ളവരെ നോക്കി ജീവിച്ചാൽ
ഇല്ലാത്തതിനെ ചൊല്ലി ദുഖിക്കണ്ട "
പക്ഷെ ചിലപ്പോഴെങ്കിലും മുകളിലേയ്ക്ക് നോക്കിയില്ലെങ്കിൽ ......
എന്ന് ഇടയ്ക്കിടെ ഹൃദയം പറയാതെ പറഞ്ഞു !
കാറ്റിൽ കിടുകിടുത്ത ജനൽപ്പാളി വീണ്ടും കുരുവിപ്പെണ്ണിലേക്ക് നോട്ടമയപ്പിച്ചു ,
കൊക്കിലോതുങ്ങാച്ചില്ല കൊത്തിയുടച്ചു പാതിച്ചില്ലയുമായി
സന്തോഷചിറകടിച്ചു പറക്കാൻ തുടങ്ങുന്നു അവൾ ...
ഒരു വീട് ...
ജീവികളായ ജീവികൾക്കൊക്കെ വേണം ...
ഓർമ്മ വച്ച നാളിലെല്ലാം ഹൃദയം ഒരു വീടിനുള്ളിൽ പറന്നു നടന്നു !
മുറ്റം നിറയെ മണൽ വിരിച്ച ,
നിറയെ ചെടികളും പൂക്കളുമുള്ള
മീനുകൾ ഓടിക്കളിച്ചു നടന്ന കുളങ്ങളുള്ള ,
പ്ലാവിൻ ചോട്ടിൽ കൃഷ്ണ പ്രതിമ കുഴൽ വിളിച്ചു നിന്ന വീട് !
കുട്ടിക്കരച്ചിലുകളും , പിണക്കവും
കളിപ്പാട്ടയൊച്ചയും ചിരിച്ചിലങ്കയൊച്ചകളും
എപ്പോഴും മുഴങ്ങിക്കേട്ട ,
വീടിനോട് ചേർന്ന നാലഞ്ചു ഷെഡുകൾ .
മണ്കൂന കൂട്ടിയും മണലിലെഴുതിയും
ഓടിക്കളിച്ച കുഞ്ഞുങ്ങൾ !
അഴിയിട്ട മുൻവരാന്തയിലെ നഴ്സറി ഓഫീസ് .
അടച്ചുറപ്പില്ലാത്ത രണ്ടു മുറികൾ ,ഒരു കുടുസ്സടുക്കള
ഒരു സ്വകാര്യതയുമില്ലാത്ത രണ്ടു ""പബ്ലിക്‌ ടോയ്ലറ്റുകൾ ""( നഴ്സറി / വീട്ടാവശ്യം )
വളർന്നു വരുന്ന പെൺകുട്ടികളെക്കുറിച്ചോ
ഭാര്യയെക്കുറിച്ചോ യാതൊരനാവശ്യ ആധികളുമില്ലാതെ
ചാരുകസേരയിൽ ചാരിക്കിടന്നു ചിരിച്ച
താടിസാറച്ഛൻ !
ദാനപ്പെരുമയിൽ , ആ ഓട്ടക്കയ്യിൽ നിന്നും ഒഴുകിപ്പോയവയുടെ കൂട്ടത്തിൽ
അഴിയിട്ട വീടും ഒലിച്ചു പോയി
കാടാറുമാസം നാടാറുമാസം നടന്ന നഴ്സറിയുടമയുടെ
ഭാര്യയും പെൺ മക്കളും കൈവണ്ടിയിൽ തുണിക്കെട്ടുകളുമായി
ഒരു സുപ്രഭാതത്തിൽ വാടക വീട് തേടിയലഞ്ഞു !!
ടീച്ചറമ്മയുടെ മനോധൈര്യത്തിനു
പാമ്പൻ പാലത്തിനെക്കാൾ ഉറപ്പെന്ന്
ഹൃദയം തിരിച്ചറിഞ്ഞത് അന്നാണ് .
അതിൽപ്പിന്നെ വാടക വീടുകൾ പലത് !
ഒരു ചുവരും രണ്ടിലധികം കൊല്ലക്കാലം സ്വന്തമായില്ല .
അങ്ങനെയാണ് ചുവരുകളുടെ ഭാഷ ഹൃദയം പഠിച്ചത് !!
ഓരോ ചുവരിനും ഓരോ കഥകൾ പറയാനുണ്ടായിരുന്നു ..
പാതിരാവിൽ ഉറക്കം നഷ്ടമായി വായിച്ചു മടക്കിയ പുസ്തകം നോക്കിയിരിക്കുമ്പോൾ ,
ഒന്ന് മുരടനക്കി , ചുവരുകൾ കഥ തുടങ്ങുകയായി !
പ്രീ ഡിഗ്രിക്കാരിക്കുട്ടിയോടു വൈറ്റ് സിമന്റിൽ സുന്ദരനായ ചുവർ പറഞ്ഞതൊരെട്ടുകാലിക്കഥ :
കറുകറുമ്പൻ കാലുള്ള വെളുവെളുമ്പനെട്ടുകാലി
വെളുവെളുബൻ കാലുള്ള കറുകറുമ്പനെട്ടുകാലിയെ പ്രേമിച്ചു കെട്ടി .
വർഷങ്ങൾ അഞ്ചു കഴിഞ്ഞപ്പോഴേയ്ക്കും
എട്ടുകാലനു പിടികിട്ടി എട്ടുകാലിയ്ക്കു വെളുപ്പ്‌
പുറത്തു മാത്രം !!
കാലൊടിഞ്ഞിരപിടിയ്ക്കാനാവാതെ വലയുടെ മൂലയിൽ ചുരുണ്ട് കൂടിയ എട്ടുകാലന്റമ്മയെ
തലയ്ക്കടിച്ചു വീഴ്ത്തി
വലയലമാരിയിലെ പണ്ടവും പൈസയുമെടുത്ത്‌
വലത്തൊട്ടിലിൽ വലിയവായിലെ നിലവിളിച്ച
""കാലിക്കുഞ്ഞിനെ " തിരിഞ്ഞു നോക്കാതെ വെളുമ്പി പടിയിറങ്ങി !
മൂക്കത്ത് വിരൽ വച്ച പാവാടക്കാരിയെ നോക്കി ചുവർ വെളുക്കെച്ചിരിച്ചു .
രാത്രികളിൽ ,പലതവണ
അറസ്റ്റ് , പണിഷ്മെന്റ് , കൾപ്പബിൾ ഹോമിസൈഡ് , സൂയിസൈഡ് എന്നീ വാക്കുകൾ കേട്ട്
പരിഭ്രമിച്ചടർന്ന കുമ്മായച്ചുവർ പറഞ്ഞ കഥ :
പാലപ്പൂ മണത്ത രാത്രികളിൽ ,ചുമരിനോട് ചേർത്തിട്ട മേശയ്ക്കരികിലിരുന്നു
മെഴുകുതിരി വെട്ടത്തിൽ നിശാശലഭമെഴുതിയ പ്രണയ ലേഖനങ്ങൾ !
അവളുടെ ചിരിച്ചിറകടിയൊച്ചകൾ
ചോപ്പു ചിറകൻ കാമുക ശലഭം സമ്മാനിച്ച
പ്രണയപ്പാട്ടു മൊബൈൽ
ഇരുവശവും വട്ടമിട്ടു പറന്ന ശലഭ സല്ലാപങ്ങൾ
ഒടുക്കം , പാലപ്പൂ മണത്ത മറ്റൊരു രാത്രിയിൽ കേട്ട
മുളചീന്തിയെറിഞ്ഞ കരച്ചിൽ !
അന്ന് പാതിരാ കഴിഞ്ഞ നേരം മെഴുകുതിരി വെട്ടത്തിൽ
നിശാശലഭമെരിഞ്ഞു തീർന്നു ...
തെളിവ് ബാക്കി വയ്ക്കാതെ പറന്ന ചോപ്പു ചിറകനെ
സ്വപ്നം കണ്ട ശേഷമാണ്
IPC മടക്കി ഹൃദയം എവിഡൻസ് ആക്ട്‌ തുറന്നു വച്ച് പഠിച്ചത് !!
വിവാഹവേഷത്തിൽ നിലവിളക്കുമായി പടികയറുമ്പോഴാണ്
പച്ചച്ചുവരിന്റെ നാണം കണ്ടത് !!
കൃത്യം ഇരുപത്തേഴാം ദിനം ഭർത്താവ്
വിദേശത്തേയ്ക്ക് പറന്ന ശേഷമാണ്
പുത്തൻ ചുവർ നാണം വെടിഞ്ഞു മിണ്ടിത്തുടങ്ങിയത് ...
അവനു പറയാൻ കഥകളൊന്നും ഉണ്ടായിരുന്നില്ല ...
പകരം ഹൃദയം പറഞ്ഞ കഥകൾ കണ്ണിമചിമ്മാതെ കേട്ടിരുന്നു !
ചിലനേരങ്ങളിൽ നെഞ്ചോട്‌ ചേർത്തു നിർത്തി
കണ്ണീരേറ്റു വാങ്ങി
അതിൽപ്പിന്നെ ,
എവിടുന്നോ സംഘടിപ്പിച്ച താരാപഥസ്റ്റിക്കറൊട്ടിച്ചു വച്ച്
ഹൃദയം ചുവരിലൊരാകാശം തീർത്തു ...
മഴ പെയ്ത രാവുകളിൽ വിളക്കണച്ചു കിടക്കയിൽ കിടന്ന്
മുകളിൽ മിന്നിയ നക്ഷത്രചുമരിനോട് കഥ പറഞ്ഞു രസിച്ചു !
സ്വപ്ന -സങ്കല്പ്പ -സങ്കട -നിരാശ ക്കഥകൾ ...
ഇന്ന് ഹൃദയം മിണ്ടുന്നത് മരുഭൂമിച്ചുവരുകളോട്!
കഴിഞ്ഞ കുറേക്കാലങ്ങളായി കഥകൾ കേട്ടും പറഞ്ഞും ....
ഈ ചന്ദന നിറച്ചുവർ കൂടെയുണ്ട് .
നാളെ സ്വപ്നം കാണുന്ന നാലുചുവരുകൾ സ്വന്തമായാൽ ,
ഹൃദയക്കൊതി ഇത്രമാത്രം ...
ഇനി വരാനിരിക്കുന്ന തലമുറയിൽ ആരെങ്കിലുമൊരാൾക്ക്
ചുവർഭാഷയറിയട്ടെ ...
ചുമരുകളോട് മാത്രം പറയപ്പെട്ട
ചില 'പെൺ സ്വകാര്യ ച്ചിന്തകൾ "
അങ്ങനെ പങ്കുവയ്ക്കപ്പെടട്ടെ ...
മേഘങ്ങൾക്കിടയിൽ പറന്നു നടന്നോരാത്മാവ്
അതുകേട്ടുയിർക്കട്ടെ !!!

1 comment:

  1. ഒൻപതാം ക്ലാസ് മുതൽ മണവാട്ടി ആയത് വരെയുള്ള കഥകൾ ചുമരുകൾ നന്നായി പറഞ്ഞു.

    ReplyDelete