ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 May 2016

ആകാശവാണി , അനന്തപുരി എഫ് എം ...

ആകാശവാണി , അനന്തപുരി എഫ് എം ...
അഞ്ചു കിലോ ബാസ്സിട്ട ശ്രീകുമാർ സാറിന്റെ അനൗൻസ്മെന്റ് റേഡിയോയിലൂടെ ഒഴുകി വന്നതിനു പിന്നാലെയാണ്
ആകാശവാണി അവതാരകരെ തേടുന്നു എന്ന അറിയിപ്പ് വന്നത് !
പിറ്റേന്ന് ആകാശവാണി വഴുതക്കാട് ഓഫീസിൽ നിന്നിറങ്ങുമ്പോൾ
മനസ്സ് നിറയെ പ്രാർത്ഥന ..
ഓഡിഷന് വിളിച്ചതായുള്ള അറിയിപ്പ്
കയ്യിൽ കിട്ടുമ്പോൾ
നെഞ്ചിടിപ്പിന്‌ പെരുമ്പറത്താളം !!
നിശ്ചയിച്ച ദിവസം ഒടുക്കത്തെ ട്രാഫിക്കിൽ പെട്ട്
പറഞ്ഞതിലും അരമണിക്കൂർ വൈകി ഒടുവിലത്തെ ഉദ്യോഗാർഥിയായി
ആകാശവാണിയുടെ പടിച്ചവിട്ടുമ്പോൾ
പ്രതീക്ഷകളൊന്നും ബാക്കിയുണ്ടായിരുന്നില്ല .
മലയാളം വായിച്ചും പറഞ്ഞു തിരുത്തിയും വെട്ടിയും
പഠിപ്പിച്ച അച്ഛൻ പകർന്നു തന്ന ഭാഷാശുദ്ധി
മാത്രമായിരുന്നു കൈമുതൽ !
എന്തായാലും 918 ഭാഗ്യ നമ്പരായി ..
തെരഞ്ഞെടുക്കപ്പെട്ടു .
അരങ്ങേറ്റം കാഞ്ചിയോടു ജയൻ സാറിനൊപ്പം ..
മൂന്നു വർഷം ...
വാർത്തകൾ ..ഗാനങ്ങൾ ...സംവാദങ്ങൾ .
ജോലിയ്ക്കൊപ്പം പഠനവുമെന്നു വനിതയിൽ വന്ന ഫീച്ചറിൽ ഫോട്ടോഷൂട്ട്‌ ..
പടം പിടിച്ചത് ഇന്നത്തെ പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ ...അദ്ദേഹം പങ്കു വച്ച തമാശകൾ ..
ആളൊഴിഞ്ഞ സ്റ്റുഡിയോയിൽ രാത്രി പതിനൊന്നു മണിയ്ക്ക്
ശുഭരാത്രി ..ജയ്‌ ഹിന്ദ്‌ പറഞ്ഞു
പ്രക്ഷേപണം അവസാനിപ്പിക്കും മുൻപ്
ആകാശ വാണിയിലെ അപൂര്വ്വ ഗാനശേഖരത്തിൽ നിന്ന്
പ്രിയ ഗാനങ്ങൾ കേട്ടാസ്വദിച്ചു കഴിഞ്ഞുപോയ മണിക്കൂറുകൾ ...
ഒടുവിൽ ഒരു ഏപ്രിലിൽ പടിയിറക്കം !
മറ്റൊരു സ്റ്റുഡിയോ തണുപ്പിലേക്ക് ...
പരമ്പരാഗത അനൗൻസ്മെന്റ് രീതികൾ പാടേ മറന്ന് ,
ഒരു മിനിട്ടിനുള്ളിൽ പറഞ്ഞു തീർത്ത
ചെറിയ വലിയ കാര്യങ്ങൾ ..
ശോതൃ സംവാദങ്ങൾ .
മഴയത്തും വെയിലത്തും എന്ന് തുടങ്ങുന്ന
സ്റ്റേഷൻ ജിംഗിൾ കേൾക്കുന്ന പാടെ
സിരകളിൽ നിറയുന്ന ആവേശം ...
ഉന്മേഷ പൂർവ്വം അമർത്തപ്പെടുന്ന മൈക്ക് സ്വിച്ച് ..
തെളിയുന്ന "ON AIR "വെളിച്ചത്തിൽ എനർജി നിറച്ചൊരു "ഗുഡ് മോണിംഗ്" ..
ചില "ലേഡീസ് നേരം " തമാശകൾ
"ബാൽക്കെണി " ടിക്കെറ്റിൽ കണ്ട സിനിമകൾ ...സിനിമാക്കാർ ..
കടന്നു പോയ നാല് വർഷം ..
കണ്ടു മുട്ടിയ പ്രമുഖർ ...താരങ്ങൾ ..
അക്കൂട്ടത്തിൽ ഹൃദയത്തിൽ ചേർത്ത് വച്ച ചിലർ
താര ജാഡകളില്ലാതെ തോളത്തു കൈവച്ചു പങ്കുവയ്ക്കപ്പെട്ട വിശേഷങ്ങൾ ..
എപ്പോ വിളിച്ചാലും വിനയം മാത്രം നിറച്ചു സംസാരിച്ചവർ .
റെക്കോർഡിംഗ് റൂമിൽ ചിരിച്ചു കളിച്ചിരുന്ന
സംവിധായകർ ...
ഏഴു വർഷത്തെ റേഡിയോ അനുഭവങ്ങൾ !
മാതൃഭൂമിയുടെ ഭാഗമായിരുന്നത് ,
ആകാശവാണിയുടെ ഇടനാഴികളിൽ
മിടിക്കുന്ന ഹൃദയത്തോടെ നടന്നു പോയിരുന്നത്
ഈ ജന്മത്തിലെന്നു വിശ്വസിക്കാൻ വയ്യ ..
ഏതോ യുഗത്തിൽ ,ഏതോ ജന്മത്തിൽ കഴിഞ്ഞതെന്ന് കരുതുന്നത് വീണ്ടും ഹൃദയം ഓർത്തെടുക്കുന്നു ...
അല്ലെങ്കിൽ എല്ലാ ഏപ്രിലും അതോർമ്മപ്പെടുത്തുന്നു ...
ഓർമ്മകളിൽ ചില പാഠങ്ങളുമുണ്ട് ..
റേഡിയോ പഠിപ്പിച്ച പാഠങ്ങൾ !
എന്ത് ,എങ്ങനെ ,എപ്പോൾ പറയണമെന്ന്
അവഗണിക്കപ്പെടേണ്ടതെന്തെന്ന്
സങ്കടം ചിരിയാക്കി മാറ്റുന്നതെങ്ങനെയെന്ന്
നോവാതെ നോവിക്കുന്നതെങ്ങനെയെന്ന്
കണ്ണിൽ നോക്കി സംസാരിക്കണമെന്ന്
മറ്റുള്ളവർക്ക് മുന്നില് സ്വയം അവതരിപ്പിക്കേണ്ട രീതിയെന്തെന്ന്
ഒരു കളവു സത്യമാകാനും സത്യം കളവാകാനും
നേരമധികം വേണ്ടെന്ന്
പിന്നിൽ നിന്ന് കുത്തി മുന്നിൽ നിന്ന് താങ്ങുന്നതെങ്ങനെയെന്ന് ,
അങ്ങനെയങ്ങനെ അതിൽ ചിലത് ...!!
ഇനിയും പഠിക്കാൻ ഹൃദയം കൂട്ടാക്കാത്ത
നിലനില്പ്പിന്റെ മറ്റൊരു പാഠവുമുണ്ട് ,
"self marketing " എന്ന ഗമണ്ടൻ പാഠം !
ആ തന്ത്രം പ്രയോഗിച്ചു മുന്നേറിയവരും
പ്രയോഗിക്കനറിയാതെ പിന്മാറിയവരുമുണ്ട് ..
പിന്മാറിയവരിൽ ഒരാളെന്ന് പറയേണ്ടി വരുമ്പോഴും
തെല്ലും ഖേദമില്ല !
എന്തൊക്കെയായാലും ശബ്ദ മുഖരിതമായ ആ ലോകം
ഈ ജന്മത്തിൽ സ്വന്തമായിരുന്നു എന്ന് പറയുമ്പോൾ
അഭിമാനം ...തെല്ലഹന്തയും ..
എന്റെ റേഡിയോ ചങ്ങാതിമാർക്ക് ,
ഓർമ്മകളുള്ളിടത്തോളം നിങ്ങളോരോരുത്തരും
എന്നിൽ ജീവിക്കും
നിറയെ ഓർമ്മപ്പോറലുകളും ഓർമ്മച്ചിത്രങ്ങളുമുള്ള
എന്റെയീ പഴഞ്ചൻ ഓർമ്മപ്പെട്ടിയിൽ !!

No comments:

Post a Comment