ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 May 2016

നമുക്കെന്നും നമ്മളോട് മാത്രമാണിഷ്ടം ...

വെയിൽ ചായും മുൻപാണ് അവിടെയെത്തിയത് ..
മൊട്ടത്തലയൻ സെക്യൂരിറ്റി നിറഞ്ഞു ചിരിച്ചു ...
ഉള്ളിലേയ്ക്ക് കയറുമ്പോൾ നെഞ്ചിലൊരു പെരുമ്പറ കേൾക്കാമായിരുന്നു ,
മറ്റൊന്നുമല്ല ..ഈ നാട്ടിൽ ഇങ്ങനെയൊരനുഭവം ഇതാദ്യം !
അമാൽ ആശുപത്രിയുടെ ഉള്ളിലേയ്ക്ക് കയറുമ്പോൾ
വർഷങ്ങൾക്കപ്പുറം പോയിക്കണ്ട് നെഞ്ചു പൊട്ടിക്കരഞ്ഞിറങ്ങി വന്ന വേറൊരു
ആശുപത്രിക്കാഴ്ച യോർത്തു ...
മൂത്രമണം തങ്ങി നിന്ന വരാന്തയിലൂടെ നടക്കുമ്പോൾ
അഴികൾക്കിടയിലൂടെ യാചിക്കും മട്ടിൽ നീണ്ട ചില കൈകളും .
ഇവിടെ എന്താവും കാണാനിരിക്കുന്നതെന്ന ഭീതി വെറുതെയെന്ന്
ആ ഇടനാഴിയിലൂടെ നടന്നപ്പോൾ മനസ്സിലായി .
എതിരെ വന്ന ആശുപത്രി ജോലിക്കാരുടെ മുഖത്തെല്ലാം പുഞ്ചിരിയായിരുന്നു .
തികച്ചും ശാന്തമായ ഒരിടം.
എല്ലാറ്റിനും മേൽനോട്ടം വഹിച്ചു ഓടിനടന്ന
സിസ്റ്റർ ജെസ്സിയെ ആണ് ആദ്യം പരിചയപ്പെട്ടത്‌ .
പിന്നെ റോസമ്മ സിസ്റ്റർ .
വെറുതെ ചോദിച്ചു , നമ്മുടെ ആൾക്കാരെയൊക്കെ കാണുമ്പോൾ
അവർ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ
പുഞ്ചിരിച്ചു കൊണ്ട് റോസമ്മ സിസ്റ്റർ പറഞ്ഞു
അവർ പ്രശ്നക്കാരല്ല .
പിന്നെയും ചിലതൊക്കെ ചോദിച്ചറിഞ്ഞു .
അത്ഭുതപ്പെടുത്തുന്ന വിവരങ്ങൾ !
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ ഓരോരുത്തരായി എത്തി .
ആദ്യം വനിതാ അന്തേവാസികൾ ,
എല്ലാവരും അറബ് രാജ്യക്കാർ ..അവരുടെ പരമ്പരാഗത വേഷത്തിൽ .
നടന്നു വന്നു അനുസരണയോടെ മുന്നിൽ ചെന്നിരുന്നു
അവരുടെ ഭാവമറിയാൻ ഒരു വശത്ത് കസേരയിൽ ചെന്നിരിക്കുമ്പോൾ
അപ്രതീക്ഷിതമായി അക്കൂട്ടത്തിലെ മെലിഞ്ഞ കൈകൾ കൊട്ടി ..
നോക്കുമ്പോൾ കുഴിഞ്ഞ കണ്ണുകളിൽ നിറഞ്ഞ ചിരി ..
ആംഗ്യത്തിൽ നെറ്റിയിലേയ്ക്കു ചൂണ്ടി ...
"പൊട്ടിനെക്കുറിച്ചാണ് " ...
നെറ്റിയിലിരുന്ന ചുവന്ന പൊട്ട് ഇളക്കിയെടുത്തു കാട്ടുമ്പോൾ
അവൾ മുകളിലേയ്ക്ക് നോക്കി കൈകൊട്ടിച്ചിരിച്ചു .
അസാമാന്യ വണ്ണമുള്ള വേറൊരുവൾ ...
അരികിലൂടെ പോകുമ്പോൾ സാരിത്തുമ്പിൽ പിടിച്ചു
തിരിച്ചും മറിച്ചും പരിശോധിച്ചു ..പിന്നെ അറബിയിൽ എന്തോ പറഞ്ഞു .
""മാഫി മാലൂം "" എന്ന് അറിയാവുന്ന അറബി പറഞ്ഞപ്പോൾ
നല്ല ആംഗലേയത്തിൽ നൈസ് എന്ന് മറുപടി ..
പുരുഷപ്രജകൾ എത്തിയത് പിന്നീടാണ് ...
സ്ത്രീകളെ പോലെ തന്നെ അവരും പരമ്പരാഗത വേഷം അണിഞ്ഞിരുന്നു .
പരിപാടി ആരംഭിച്ചു . ആദ്യം uae ദേശീയ ഗാനം ..
എഴുന്നേറ്റു നിൽക്കുമ്പോൾ കണ്ടു ,
മുൻ നിരയിൽ ഒരുവൻ ചുണ്ടനക്കുന്നു ..
ശ്രദ്ധിച്ചപ്പോൾ തോന്നി ..അത് മറ്റെന്തോ പ്രാർത്ഥനയാണ് ,
ഒരുപക്ഷെ മനസ്‌ കൈവിട്ടു പോയപ്പോഴും കൈവിടാതിരുന്നൊരു പ്രാര്ത്ഥന !
ദേശീയ ഗാനം കഴിഞ്ഞു റോസമ്മ സിസ്റ്ററുടെ സ്വാഗത പ്രസംഗം
അവരുടെ ഭാഷയിൽ അവരോടെന്തോക്കെയോ ചോദിച്ച് ,
അവരെ ചിരിപ്പിച്ച് ..സിസ്റ്റർ ചിരിച്ചു .
പിന്നെ അവരുടെ ചില പാട്ടുകളുടെ , കളികളുടെ ,
പ്രത്യേക ദിവസങ്ങളുടെ ഒക്കെ വീഡിയോ കാട്ടിത്തന്നു ..
വലിയ സ്ക്രീനിൽ ചിലരുടെ മുഖം തെളിയുമ്പോൾ
അവർ കൈയ്യടിച്ചു ..
അതിനിടയിൽ മനസിലാകാതെ പോയ ഒന്ന് ,
സ്ക്രീനിൽ ഒരു പുരുഷന്റെ മുഖം തെളിഞ്ഞപ്പോൾ
സ്ത്രീകൾക്കിടയിൽ നിന്നൊരാളുടെ നിലയ്ക്കാത്ത കൈയ്യടി ..
പിറകിലിരുന്ന മറ്റൊരുവൾ ചുണ്ടിൽ ചേർത്ത കൈവിരൽ !
വീ കെയർ അംഗങ്ങളുടെ പരിപാടിയിൽ ഹിന്ദി ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നു
ഗായിക ചില നമ്പറുകൾ പാടിയപ്പോൾ ,
പുരുഷന്മാരിൽ നിന്ന് ചിലർ എണീറ്റു വന്നു നൃത്തം ചെയ്തു ..
ഒരാളുടെ നൃത്തം ,സ്ത്രീകളെ നോക്കിയായിരുന്നു ..(ആദിമ ചോദനയ്ക്ക് മനസ്സ് ഒരു പ്രശ്നമല്ലല്ലോ )
ഉറക്കെ കൈകൊട്ടിയവൾ എന്നെ നോക്കിച്ചിരിച്ചു ..ഞാൻ തിരിച്ചും.
ആവേശം മൂത്ത് അയാൾ സ്ത്രീ അന്തേവാസികളുടെ അടുത്തേയ്ക്ക് വരാൻ തുടങ്ങിയതും
മേൽനോട്ടക്കാരൻ ജമാൽ വന്നു കൈയ്യോടെ കൂട്ടിക്കൊണ്ടു പോയി .
ഈ ജമാലിനെക്കുറിച്ച് പറയാതെ വയ്യ ,
പരിപാടിയിൽ ഉടനീളം അദ്ദേഹം അതാസ്വദിക്കുകയും അതേസമയം
പുരുഷന്മാരെ നിയന്ത്രിച്ചിരുത്തുകയും ചെയ്യുന്നത് കാണാമായിരുന്നു .
ഇടയ്ക്ക് മാജിക്കും ഭക്ഷണവുമൊക്കെ ആസ്വദിച്ച്
അവരിരുന്നു ..തികച്ചും നല്ല കുട്ടികളായി ..
ഒരുവൾ ഇടയ്ക്ക് ഓടിനടന്ന കുഞ്ഞുങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു .
വേറൊരുവൾ , വെറുതെ വായ തുറന്നു ചുറ്റും നോക്കി .
ഇടയ്ക്ക് കണ്ണുകൾ കൂട്ടി മുട്ടിയപ്പോൾ ഹൃദയം വച്ച് നീട്ടിയ ചിരിയ്ക്കു നേരെ
നിസ്സംഗതയോടെ അവൾ നോക്കിയിരുന്നു .
മെലിഞ്ഞ കൈകളുടെ ഉടമ ആദ്യാവസാനം മുകളിലേയ്ക്ക് മാത്രം നോക്കി
ചിരിച്ചു കൈകൊട്ടിയിരുന്നു ...
ഹാളിന്റെ മേൽത്തട്ടിൽ ഏതോ പ്രിയമുഖം മാത്രം കാണുന്നത് പോലെ .
ഒടുവിൽ ചില സമ്മാനങ്ങൾ കിട്ടിയപ്പോൾ പുരുഷന്മാർ
കവർ തുറന്നു നോക്കി തലയാട്ടിച്ചിരിച്ചു .
സ്ത്രീകളിൽ ഒരുവൾ അതിലെ പൌഡർ ടിൻ തുറന്നു
കൈവെള്ളയിൽ പൌഡർ കുടഞ്ഞിട്ടു മണത്തു നോക്കി ...
കവിളിൽ തുടച്ചു .
റോസമ്മ സിസ്റ്റർ എല്ലായിടത്തും ഓടിനടക്കുന്നുണ്ടായിരുന്നു ...
സ്നേഹത്തിന്റെ മാലാഖയമ്മ !
ഒരുവൻ വിരലുകളിൽ എന്തോ തിരയുന്നുണ്ടായിരുന്നു .
മറ്റൊരുവൻ തലയിലെ കെട്ട് ഇടയ്ക്കിടെ തപ്പി നോക്കി ഉറപ്പു വരുത്തി .
മുകളിൽ നോക്കി കൈകൊട്ടിയിരുന്നവൾ ഇറങ്ങാൻ നേരം
വീണ്ടും ആംഗ്യം കാട്ടി ..
"പൊട്ട് "
അവൾക്കു വേണ്ടി അത് വീണ്ടും ഇളക്കിയെടുത്തു തിരികെ വച്ചപ്പോൾ
തലയാട്ടിച്ചിരിച്ച് അവൾ നടന്നു പോയി ..
ഒന്ന് പറയാതെ വയ്യ ..
ഇങ്ങനെയൊരു സായാഹ്നം ..അതൊരു വല്ലാത്ത അനുഭവമായിരുന്നു
ചിലരുടെ മുന്നിൽ നമ്മളെത്ര ചെറുതാണ് എന്ന തിരിച്ചറിവ് ...
കിട്ടാത്ത വരങ്ങൾ ചോദിച്ചു അടഞ്ഞ
വിശ്വാസ വാതിലുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ
ഇനി ചോദിക്കേണ്ടതെന്തെന്നു
ഹൃദയത്തിന് വ്യക്തം
കാരണം
എന്തൊക്കെപ്പറഞ്ഞാലും
നമുക്കെന്നും നമ്മളോട് മാത്രമാണിഷ്ടം ...

No comments:

Post a Comment